ജനകീയതയുടെ സൗമ്യ മുഖം
ജനങ്ങള്ക്കിടയിലല്ലാതെ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സാധിക്കില്ലായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പറ്റി എല്ലാവരും പറയുന്ന ഒന്നാണിത്. തുടര്‍ച്ചയായി 12 തവണ കേരള നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചതും അദ്ദേഹത്തിന്റെ ജനപിന്തുണയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി ജയിക്കുകയെന്ന അപൂര്‍വമായ ഈ നേട്ടം ഉമ്മന്‍ ചാണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. ദീര്‍ഘകാലം നിയമസഭാ സാമാജികരായവര്‍ പലരും ഉണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഒരേ മണ്ഡലത്തില്‍ നിന്നുള്ള തുടര്‍ച്ചയായുള്ള വിജയം അവകാശപ്പെടാനില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനയായ കേരള സ്റ്റുഡന്റ്സ് യൂണിയന്റെ (കെഎസ്യു) പ്രവര്‍ത്തകനായാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കെഎസ്‌യു -വില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് വഴി കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ വളര്‍ച്ച കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്റെ ഭാഗമാണ്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഏതാണ്ട് ഒറ്റ കക്ഷിയെന്ന നിലയില്‍ അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ്സിനുള്ളില്‍ നടന്ന ആശയപരവും സംഘടനാപരവുമായ മാറ്റങ്ങളെ പ്രതിനിധാനം ചെയ്ത തലമുറയിലെ സുപ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു ഉമ്മന്‍ ചാണ്ടി. വിമോചന സമരമായിരുന്നു കോണ്‍ഗ്രസ്സിലെ തലമുറ മാറ്റത്തിന്റെ ചാലകശക്തി. വിമോചന സമരം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സ്ഥാപിച്ചെടുത്ത യാഥാസ്ഥിതിക വീക്ഷണങ്ങള്‍ രാഷ്ട്രീയാധികാരത്തിന്റെ മേഖലയില്‍ ലബ്ധപ്രതിഷ്ഠ നേടുന്നത് കോണ്‍ഗ്രസ്സിലെ ഈ പുതുതലമുറ നേതാക്കളിലൂടെ ആയിരുന്നു. അവരില്‍ പ്രധാനി ആയിരുന്നു ഉമ്മന്‍ ചാണ്ടി.
PHOTO: PTI
കെ എസ് യു , യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അവസരം 1970 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കി. അഞ്ച് പേര്‍ക്കായിരിന്നു അങ്ങനെ അവസരം ലഭിച്ചത്. അതില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. 1970 സെപ്റ്റംബര്‍ 17 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു. പിന്നീടുള്ളത് തുടര്‍ച്ചയായ വിജയങ്ങള്‍ മാത്രം. പുതുപ്പള്ളിക്കാര്‍ കുഞ്ഞൂഞ്ഞിനെ ഒരിക്കലും കൈവിട്ടില്ല. രാഷ്ട്രീയ കേരളത്തിന്റെ അതിഥി മന്ദിരമായി അദ്ദേഹത്തിന്റെ വസതി. പുതുപ്പള്ളിയിലും തിരുവനന്തപുരത്തും. അദ്ദേഹത്തിന്റെ വസതികളില്‍ ഒരിക്കലും ആളൊഴിഞ്ഞിരുന്നില്ല.
2004 ല്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ഉമ്മന്‍ ചാണ്ടി തൊഴിലും, ധനവകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. രണ്ടു തവണയായി ഏഴു വര്‍ഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്. പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ നെടുംതൂണായിരുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. കെ കരുണാകരന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ യുഡിഎഫ് രാഷ്ട്രീയത്തെ നിലനിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ച വ്യക്തി ഉമ്മന്‍ ചാണ്ടിയാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ നിലപാട് വ്യത്യസ്തവും നിര്‍ണായകവും ആയിരുന്നു. ഘടകകക്ഷികളുമായുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളെ രമ്യതയില്‍ പരിഹരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അഭിപ്രായങ്ങള്‍ കേള്‍ക്കാനും സ്വീകരിക്കാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. യുഡിഎഫ് സംവിധാനം വന്നതുമുതല്‍ അതിന്റെ മുഖമായി ഉമ്മന്‍ ചാണ്ടിയുണ്ട്്. ഐക്യജനാധിപത്യ മുന്നണി ഭരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും സംവിധാനം കെട്ടുറപ്പോടെ മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതില്‍ നേതൃത്വപരമായി അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണെന്ന് പറയാം. മുന്നിലും പിന്നിലുമായി വന്ന പല നേതാക്കളും രാജ്യ സഭയിലേക്കും ലോകസഭയിലേക്കും പോയപ്പോള്‍ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു.
വാക്കിന് വിലയില്ല എന്നത് പല രാഷ്ട്രീയ നേതാക്കളും കേള്‍ക്കുന്ന പഴിയാണ്. പരമാവധി വാക്കു പാലിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ആരെങ്കിലും ഒരു നിവേദനവുമായി ചെന്നാല്‍ എന്തെങ്കിലും വഴിയുള്ള കാര്യമാണെങ്കില്‍ ഉമ്മന്‍ ചാണ്ടി അതില്‍ ഇടപെട്ട് പ്രശ്നപരിഹാരം നടത്തുമായിരുന്നു. ഏത് നിവേദനവും കിട്ടിയാലുടന്‍ ഒന്നുരണ്ട് ചോദ്യങ്ങള്‍ ചോദിച്ച് അതിന്റെ ഉള്ളടക്കം മനസിലാക്കാൻ കഴിവുള്ളതിനാല്‍ മുന്നില്‍ വരുന്ന നല്ലൊരു ശതമാനം പ്രശ്നങ്ങള്‍ക്കും പെട്ടെന്നു പരിഹാരമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നവെന്ന് വിഡി സതീശന്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
PHOTO: WIKI COMMONS
ജനസമ്പര്‍ക്ക പരിപാടിയില്‍ അത് വ്യക്തമായതുമാണ്. 2004 ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു തവണയും 2011 ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 3 തവണയുമാണ് ആദ്ദേഹം ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. പതിനെട്ടു മണിക്കൂറുകള്‍ വരെ തുടര്‍ച്ചയായി ജനമധ്യത്തില്‍ നിന്ന് പ്രശ്ന പരിഹാരം നടത്താനുള്ള ശ്രമം അദ്ദേഹം കാണിച്ചിരുന്നു. ഭരണസംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ ബോധ്യമായിരുന്നു ജനസമ്പര്‍ക്ക പരിപാടിയുടെ അടിത്തറ. ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതുജനസേവനത്തിനുള്ള ബഹുമതി ലഭിച്ചിരുന്നു.
കിട്ടുന്നത് കഴിക്കുക, സാധിക്കുമ്പോള്‍ ഉറങ്ങുക, അക്ഷോഭ്യനായി പ്രവര്‍ത്തിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കണ്ണൂരില്‍ വച്ച് കല്ലേറില്‍ നെറ്റി പൊട്ടിയ സംഭവം വളരെ രാഷ്ട്രീയ പക്വതയോടെ കൈകാര്യം ചെയ്യുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഈ രീതിയായിരുന്നു. അണികളോട് സംയമനം പാലിക്കാനും ഹര്‍ത്താൽ നടത്താതിരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആക്രോശങ്ങളോ അലറിവിളികളോ ഇല്ലാതെ പക്വതയോടെ തീരുമാനങ്ങളെടുക്കാന്‍ എന്നും ശ്രദ്ധിച്ച ഉമ്മന്‍ ചാണ്ടിയെന്ന നേതാവ് വിടപറഞ്ഞിരിക്കുകയാണ്. ഏതു പ്രശ്നവും രമ്യമായി പരിഹരിക്കാന്‍ ബദ്ധശ്രദ്ധനായിരുന്ന നേതാവിന് ആദരപൂര്‍വ്വം വിട...