പ്രതിപക്ഷ ഐക്യം; പ്രഖ്യാപനത്തിനും പ്രായോഗികതയ്ക്കും ഇടയിലെ പ്രതിസന്ധി
പതിനഞ്ച് പാർട്ടികൾ പട്നയിൽ ഒത്തുകൂടി. പാർലമെന്റിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും 2014 ൽ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഇത്രയധികം പ്രതിപക്ഷ പാർട്ടികൾ ഒത്തു ചേർന്നതും സർക്കാരിനെതിരെ യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതും. സർക്കാരിനെതിരെയുള്ള ഐക്യം എന്നത് പ്രഖ്യാപനത്തിനപ്പുറം പ്രായോഗികതലത്തിലേക്ക് മാറ്റാൻ ഇവർക്ക് കഴിയുമോ? കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിപക്ഷത്തെ പ്രമുഖർ ഐക്യകൂട്ടായ്മ നടത്തിയത്. പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നു. പ്ടനയിലെ അന്തരീക്ഷം ആവേശമുണ്ടാക്കുന്നതുമായിരുന്നു. എന്നാൽ അത് അവസാനിച്ചത് തുടക്കത്തിലെ ആവേശത്തോടെ ആയിരുന്നില്ല. സംയുക്ത വാർത്തസമ്മേളനത്തിൽ നിന്ന് എഎപി നേതാക്കളായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിട്ടു നിന്നു. ആ ഒത്തുചേരൽ കഴിഞ്ഞ് പിന്നിടുന്ന ഓരോ ദിവസവും ആവേശം കുറയുകയും നേതാക്കൾക്കിടയിൽ ഭിന്നത വർധിക്കുകയുമാണ്. കെജ്രിവാൾ മാത്രമല്ല ഇപ്പോൾ സഖ്യത്തിന്റെ ഭാവിയിൽ സംശയം പ്രകടിപ്പിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കോൺഗ്രസും ഇടത് പാർട്ടികളുമായി പ്രാദേശിക സംഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് രണ്ടാമത് ആലോചിക്കുന്നുവെന്ന സൂചന നൽകി തുടങ്ങി. അല്ലെങ്കിൽ സഖ്യം അത്ര എളുപ്പം സാധ്യമല്ലെന്ന സന്ദേശം നൽകി തുടങ്ങി.
പ്രായോഗിക പ്രതിസന്ധി
പതിനഞ്ച് പാർട്ടികളാണ് പട്നയിൽ ഒത്തു ചേർന്നതെങ്കിലും ആംആദ്മി, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് പേപ്പറിലെ സഖ്യം പ്രായോഗികമാക്കുമ്പോൾ വലിയ വെല്ലുവിളി നേരിടുക. സഖ്യത്തിലെ മറ്റ് പ്രമുഖ പ്രതിപക്ഷ കക്ഷികളായ നിതീഷ് കുമാറിന്റെ ജെഡിയു, ലാലു പ്രസാദിന്റെ ആർജെഡി, ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന, ശരത് പവാറിന്റെ എൻസിപി, എം.കെ. സ്റ്റാലിന്റെ ഡിഎംകെ തുടങ്ങിയ കക്ഷികൾക്കൊന്നും പ്രതിപക്ഷ ഐക്യം പ്രതിസന്ധിയോ വെല്ലുവിളിയോ അല്ല. ഒരു സംസ്ഥാനത്ത് മാത്രം വേരുളള പാർട്ടികളോ അവിടെയുള്ള സഖ്യത്തെ നയിക്കുന്ന പാർട്ടികളോ ആണ് ഇവയെല്ലാം. മഹാരാഷ്ട്രയിൽ വേരുള്ള പാർട്ടികളാണ് എൻസിപിയും ശിവസേയുമെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ സഖ്യമായി മത്സരിച്ച ഇരുവർക്കും ലോക്സഭ തിരഞ്ഞെടുപ്പോ അതിനുള്ള സീറ്റ് വിഭജനമോ പ്രതിസന്ധിയേയല്ല. മഹരാഷ്ട്രയിൽ ഇവർക്കൊപ്പം സഖ്യത്തിന്റെ ഭാഗമായിട്ടുള്ള കോൺഗ്രസ് പാർട്ടിക്ക് പക്ഷെ അങ്ങനെയല്ല. നിയമസഭ തിരഞ്ഞെടുപ്പിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ ഒരു വിട്ടുവീഴ്ച്ക്കും നേതൃത്വം തയ്യാറായേക്കില്ല.
കോൺഗ്രസിന് വേരുള്ള മറ്റ് സംസ്ഥാനങ്ങളിലെ കഥയും ഇതു തന്നെയാകും. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ജെഡിഎസ് എത്താതിരുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് തന്നെ കർണാടകത്തിലെ ഈ സാഹചര്യം കണക്കിലെടുത്താണ്. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടും ബിജെപിയോടും തോറ്റ് തുന്നം പാടിയ ജെഡിഎസ് ലോക്സഭ തിരഞ്ഞെടുപ്പിൽ വിലപേശലിന് കളമൊരുക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വമ്പൻ വിജയം കർണാടകത്തിൽ ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോക്സഭ തിരഞ്ഞെടുപ്പിൽ വിലപേശലിന് തയ്യാറാകുമെന്ന് ജെഡിഎസ് കണക്ക് കൂട്ടുന്നു. ബിജെപി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാമെന്ന് തിരിച്ചറിഞ്ഞാൽ കോൺഗ്രസിനും അയയേണ്ടി വരും. പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തിയിട്ട് ജെഡിഎസ് കാത്തിരിക്കുന്നത് ഈ പ്രായോഗിക രാഷ്ട്രീയ സഹചര്യത്തിനായിട്ടാണ്.
എം കെ സ്റ്റാലിൻ | PHOTO: PTI
ദക്ഷിണേന്ത്യയിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരേ മനസ്സോടെ കൈകോർക്കുന്ന സംസ്ഥാനം തമിഴ്നാടായിരിക്കും. ഡിഎംകെയാണ് സഖ്യത്തെ നയിക്കുന്നത് എന്നതുകൊണ്ട് തന്നെ പ്രതിപക്ഷ ഐക്യമെന്ന മേനി പറഞ്ഞ് കോൺഗ്രസ് പാർട്ടി പോലും അവർ വിട്ടുകൊടുക്കുന്ന സീറ്റുകളിൽ മത്സരിച്ച് ഒപ്പം കൂടും. ഡിഎംകെയുടെ വോട്ട് ഇല്ലെങ്കിൽ അതുപോലും ലഭിക്കില്ല എന്നത് തന്നെ കാരണം. അവിടെ ബിജെപിയുടെ ഗതിയും ഇത് തന്നെ. ഡൽഹിയിലെ അധികാരമുപയോഗിച്ച് അണ്ണാ ഡിഎംകെയോട് വലിയ വിലപേശലുകൾ നടത്താമെങ്കിലും ജയിച്ചു കയറണമെങ്കിൽ അവരുടെ ഔദാര്യം ധാരാളം വേണ്ടി വരും. തെലങ്കാനയാകും ദക്ഷിണേന്ത്യയിൽ പ്രതിപക്ഷ സഖ്യത്തിന് ഏറ്റവും വലിയ വെല്ലുവിളി. തെലങ്കാന ഭരിക്കുന്ന ബിആർഎസും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പ്രതിപക്ഷസഖ്യത്തിന് ഒപ്പമില്ല. അവർ ബിജെപി സഖ്യത്തിനും പുറത്താണ്. ബിജെപിക്കെതിരെ മുന്നണിയുണ്ടാക്കാൻ വളരെ നേരത്തെ ഇറങ്ങി പുറപ്പെട്ട നേതാവാണ് ചന്ദ്രശേഖര റാവു. തെലങ്കാനയിൽ ബിജെപിയെക്കാൾ ചന്ദ്രശേഖര റാവുവിന് വെല്ലുവിളി ഉയർത്തുന്നത് കോൺഗ്രസാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഈ ഏറ്റുമുട്ടൽ പൂർവ്വാധികം ശക്തി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷസഖ്യ പ്രായോഗിക വെല്ലുവിളി തെലങ്കാനയിൽ നേരിടുന്നത് ബിആർഎസും കോൺഗ്രസും മാത്രമല്ല. സിപിഎമ്മുമുണ്ട് അക്കൂട്ടത്തിൽ. തെലങ്കാനയിൽ കോൺഗ്രസിനേയും ബിജെപിയേയും ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള ചന്ദ്രശേഖര റാവുവിനൊപ്പമാണ് സിപിഎം. നിലവിലെ സഖ്യം തുടർന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സഖ്യത്തിനൊപ്പവും തെലങ്കാനയിൽ ബിആർഎസിനൊപ്പം നിൽക്കേണ്ടി വരും സിപിഎമ്മിന്.
ചന്ദ്രശേഖര റാവു | PHOTO: PTI
നിലവിൽ എൻഡിഎ പക്ഷത്തുള്ള വൈഎസ്ആർ കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും പുതിയ മാറ്റത്തിന് തയ്യാറാകുമെന്ന സൂചനകളില്ല. അതുകൊണ്ട് തന്നെ ദേശീയതലത്തിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായുള്ള പോരാട്ടത്തിനാകും ആന്ധ്ര സാക്ഷ്യം വഹിക്കുക. അതേസമയം ഉത്തരേന്ത്യയിൽ ഇതാകില്ല സ്ഥിതി. ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിൽ പ്രായോഗിക പ്രതിസന്ധി അതിരൂക്ഷമാകും. ആംആദ്മി പാർട്ടിയുമായി കോൺഗ്രസ് തുടരുന്ന തൊട്ടുകൂടായ്മയാകും ഡൽഹിയിലും പഞ്ചാബിലും പ്രതിസന്ധിക്കുള്ള പ്രധാന കാരണം. ഡൽഹിയിൽ ആകെ ഏഴു സീറ്റുകൾ മാത്രമേയുള്ളു. കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ തൃകോണ മത്സരമാകും ഡൽഹിയെ കാത്തിരിക്കുന്നത്. ഡൽഹിയിൽ ഏറ്റുമുട്ടിയിട്ട് പക്ഷെ പഞ്ചാബിൽ ആംആദ്മിയുമായി കൈകോർക്കാൻ സാധിക്കില്ല. മുൻമുഖ്യമന്ത്രി അമരീന്ദർ സിങ് പാർട്ടി വിട്ടതിനെ തുടർന്നുണ്ടായ വീഴ്ചയിൽ നിന്ന് ഇനിയും കരകയറാൻ സാധിക്കാത്ത കോൺഗ്രസിന് തൃകോണ മത്സരമുണ്ടായാൽ 20 സീറ്റുകളിലും നില പരുങ്ങലിലാകും.
ഡൽഹി സർക്കാരിന്, ഉദ്ദ്യോഗസ്ഥരിലും നിയമം നടപ്പാക്കലിലും സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ട് വന്ന ഡൽഹി ഓർഡിനൻസ് പാർലമെന്റിൽ ബില്ലായി വരുമ്പോൾ ഒറ്റക്കെട്ടായി എതിർക്കണമന്നതാണ് പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമാവാൻ അരവിന്ദ് കെജ്രിവാളിന്റെ ഏക ഉപാധി. ഇത് അംഗീകരിച്ചാൽ പ്രതിപക്ഷസഖ്യത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എത്തുന്നതിനെ പോലും അരവിന്ദ് കെജ്രിവാൾ എതിർക്കില്ലായിരുന്നു. പ്രതിപക്ഷസഖ്യത്തിലെ മുഴുവൻ പാർട്ടികളും കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിന് എതിരാണെങ്കിലും കോൺഗ്രസ് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണ്. ഡൽഹി ഘടകത്തിന്റെ എതിർപ്പും പഞ്ചാബിലേറ്റ തിരിച്ചടിയിലെ അരിശവും തന്നെ കാരണം. ഈ അരിശവും അജണ്ഡയും കോൺഗ്രസ് മാറ്റിവച്ചിരുന്നെങ്കിൽ പ്രതിപക്ഷസഖ്യത്തിന്റെ ആദ്യയോഗത്തിലെ ഏക കല്ലുകടി ഉണ്ടാകില്ലായിരുന്നു.
പ്രിയങ്ക ഗാന്ധി | PHOTO: PTI
മധ്യപ്രദേശും, രാജസ്ഥാനുമുൾപ്പടെ കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന വടക്കേന്ത്യയിലെ വലുതും ചെറുതുമായ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ഏകപക്ഷീയ നിലപാടുകൾ പ്രതിസന്ധിയുണ്ടാക്കില്ല. പക്ഷെ പ്രാദേശിക പാർട്ടികൾക്ക് ശക്തിയുള്ള ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. ഇതിൽ ഏറ്റവും പ്രധാനം ഉത്തർപ്രദേശാകും. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി കടുത്ത വിലപേശൽ നടത്തും. മുൻകാലങ്ങളിൽ വിലപേശലിനെന്നല്ല പ്രാഥമിക ചർച്ചയ്ക്ക് പോലും തയ്യാറാകാതെ നിലമെച്ചപ്പെടുത്തുമെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചത് മറക്കാറായിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി പോലും ഈ ആലോചനയ്ക്കൊപ്പമായിരുന്നു. നില മെച്ചപ്പെടുത്തിയില്ലെന്ന് മാത്രമല്ല ഏറെ പരിതാപകരമായി അവിടെ കോൺഗ്രസിന്റെ അവസ്ഥ. ഇത്തവണ ഉത്തർപ്രദേശിൽ കോൺഗ്രസ് മുൻ നിലപാട് തന്നെ സ്വീകരിച്ചാൽ അത് അവിടെ മാത്രമല്ല രാജ്യത്താകെ പ്രതിപക്ഷസഖ്യം പ്രതിസന്ധിയിലാകും. ബിഹാറിൽ നിതീഷിനും ലാലുവിനും പിന്നിലാണ് കോൺഗ്രസിന്റെ സ്ഥാനം. അതുകൊണ്ട് അവിടെ വലിയ വിലപേശകലുകൾക്ക് കോൺഗ്രസിന് അവസരം ലഭിക്കില്ല. മഹാരാഷ്ട്രയിലെ സ്ഥിതിയും ഇതു തന്നെ. അവിടെ ശിവസേനയും, എൻസിപിയും പറയുന്നിടത്ത് കോൺഗ്രസിന് നിൽക്കേണ്ടി വരും. ബംഗാളിൽ കോൺഗ്രസ് മാത്രമല്ല ഇടത് സഖ്യവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരും. അല്ലാത്തപക്ഷം മമത ബാനർജി സഖ്യത്തിനൊപ്പം ചേരില്ല. പട്നയിലെ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പിന്നാലെ പ്രാദേശിക വിഷയമുയർത്തി ആദ്യം പരസ്യ പ്രതിഷേധമുയർത്തിയതും മമത തന്നെ. കോൺഗ്രസിനേയും ഇടത് പാർട്ടികളേയും മമത പരസ്യമായി വിമർശിച്ചു. ഇവർ പ്രാദേശിക തലത്തിൽ സ്വീകരിക്കുന്ന നടപടികളും നയങ്ങളും സഖ്യത്തിന് ഗുണകരമാകില്ലെന്ന മുന്നറിയിപ്പാണ് മമത നൽകുന്നത്.
മോദി വിരുദ്ധത കൊണ്ട് മാത്രം നില നിൽക്കുമോ
മോദി വിരുദ്ധത കൊണ്ട് മാത്രം പ്രതിപക്ഷ സഖ്യം നില നിൽക്കുമോ? സഖ്യ ആലോചനകൾ തുടങ്ങിയപ്പോൾ തന്നെ ഉയർന്ന ചോദ്യമാണിത്. പ്രതിപക്ഷ സഖ്യത്തിലെ പ്രധാന പാർട്ടികളൊന്നും ഇതുവരെ ഈ ചോദ്യത്തിന് മറുപടി നൽകിയിട്ടുമില്ല. പ്രതിപക്ഷസഖ്യം യാഥാർത്ഥ്യമാവാൻ പ്രാദേശികവും ദേശീയവുമായ പ്രായോഗിക പ്രതിസന്ധികൾ ഏറെയാണ്. മോദി വിരുദ്ധത കൊണ്ട് മാത്രം ഇത് പരിഹരിക്കാനാകില്ല. മോദി വിരുദ്ധതയുടെ പേരിൽ സമാന ചിന്താഗതിക്കാരായ പാർട്ടികളെ ഒരു മേശയ്ക്ക് ചുറ്റും എത്തിക്കാനാകും. പക്ഷെ അതിന് ശേഷമുണ്ടാകുന്നത് അവരവരുടെ നിലനിൽപിന്റെ വിലപേശലുകളാകും. സഖ്യത്തിലെ വലിയകക്ഷിയാകാനുള്ള ശ്രമം മുതൽ ദേശീയ പദവി നിലനിറുത്താനുള്ള ആലോചനകൾ വരെ ഓരോ പാർട്ടിയും നടത്തും. ഇതിനുള്ള തന്ത്രങ്ങളും മെനയും. നിലനിൽപ് അപകടത്തിലാകുമെന്നതിനാൽ ഇത്തരം പല അജണ്ഡകളും മാറ്റി വയ്ക്കുക എളുപ്പവുമാകില്ല. ലോക്സഭയിലെ 543 സീറ്റിൽ 360ളം സീറ്റുകളിലാണ് പ്രതിപക്ഷം കൈകോർത്താൽ മത്സരം കടുക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ശക്തമായ സർക്കാർ വിരുദ്ധ തരംഗം ഇത്തവണ ബിജെപിക്ക് നേരിടേണ്ടി വരും. അത് അവർക്കും ബോധ്യമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷസഖ്യം യാഥാർത്ഥ്യമായാൽ അധികാരം തിരിച്ചു പിടിക്കാൻ മോദി അമിത് ഷാ സംഘത്തിന് നന്നായി വിയർക്കേണ്ടി വരും. ഫോട്ടോയ്ക്ക് വേണ്ടിയുള്ള ഒത്തുചേരലാണ് പട്നയിൽ നടന്നതെന്ന് പരിഹസിച്ച് പ്രതിപക്ഷസഖ്യ ശ്രമങ്ങളെ തളളികളയുന്നുണ്ടെങ്കിലും ഈ സഖ്യം യാഥാർത്ഥ്യമാകാതിരിക്കാൻ ഇഡി മുതൽ സിഡി വരെ ഈ സർവസന്നാഹ സംവിധാനങ്ങളും വരും ദിവസങ്ങളിൽ കളത്തിലിറങ്ങുമെന്ന കാര്യത്തിൽ സംശയം വേണ്ട.
നിധീഷ് കുമാർ | PHOTO: PTI
പ്രതിപക്ഷസഖ്യം രണ്ടാം ഭാഗം
പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ യോഗം ഊഷ്മളമായിരുന്നു. ആദ്യ യോഗമായത് കൊണ്ടും ആ യോഗം വിളിച്ചു ചേർത്തത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആയത് കൊണ്ടും ലാലു പ്രസാദിനെ പോലെ വളരെ മുതിർന്ന എല്ലവർക്കും സ്വീകാര്യനായ നേതാക്കളാണ് യോഗ നടപടികൾ നിയന്ത്രിച്ചത് എന്നത് കൊണ്ടും ആ യോഗം ഊഷ്മളമായി തന്നെ അവസാനിക്കുകയും ചെയ്തു. ആദ്യയോഗം സഖ്യം നേരിടുന്ന പ്രായോഗിക പ്രതിസന്ധികളിലേക്ക് കടന്നില്ല എന്നതും ഊഷ്മളതയ്ക്ക് കുറവുണ്ടാകാതിരുന്നതിന് കാരണമാവുകയും ചെയ്തു. അടുത്ത യോഗം ജൂലായ് പത്തിനോ പന്ത്രണ്ടിനോ ചേരും. ഈ യോഗം കോൺഗ്രസിന്റെ അധ്യക്ഷതയിലാകും നടക്കുക. അവിടെ എല്ലാ പ്രാദേശിക പാർട്ടികളും അവരുടെ പ്രായോഗിക പ്രതിസന്ധികളും ആവശ്യങ്ങളും മുന്നോട്ട് വയ്ക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. നിതീഷ് കുമാർ വിളിച്ച യോഗത്തിൽ കാണിച്ച സൗമനസ്യം കോൺഗ്രസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന യോഗത്തിൽ ഉണ്ടാകാനിടയില്ല. കോൺഗ്രസുമായിട്ടാണ് ഇതിൽ ഭൂരിപക്ഷം പ്രാദേശിക പാർട്ടികൾക്കും വിലപേശേണ്ടത്. കേന്ദ്രസർക്കാരിന്റെ ഡൽഹി ഓർഡിനൻസിനെതിരെ നടപടി വേണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യത്തിൽ ആദ്യയോഗത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജ്ജുന ഖർഗേയും മൗനം പാലിച്ചു. പക്ഷെ കോൺഗ്രസ് നേതൃത്വം ഏറ്റെടുത്ത് നടത്തുന്ന പ്രതിപക്ഷേ ഐക്യയോഗത്തിൽ അതേ മൗനം തുടരാൻ അവർക്കാകില്ല. ഇങ്ങനെ തീരുമാനം എടുക്കേണ്ടതും വിട്ടുവീഴ്ച ചെയ്യേണ്ടുതും തർക്കിച്ച് നേരിടേണ്ടതുമായ പല വിഷയങ്ങളും അജണ്ഡകളും അടുത്ത യോഗത്തിൽ വരും. മോദി വിരുദ്ധത കൊണ്ട് മാത്രം ഇത്തരം പ്രതിസന്ധികൾ മറികടക്കാനാകില്ല. അവിടെ രാഷ്ട്രീയ നയസമീപനം വേണ്ടി വരും. അസാമാന്യമായ രാഷ്ട്രീയ മെയ് വഴക്കം കാണിക്കേണ്ടി വരും. അതിസമർത്ഥമായ വിലപേശലുകൾ നടത്തേണ്ടി വരും. അതിന് ഇപ്പോൾ സാധിച്ചില്ലെങ്കിൽ, അതിന് ഇപ്പോൾ തയ്യാറായില്ലെങ്കിൽ ഇനിയൊരു അവസരം തന്നെ ലഭിക്കുമോയെന്ന് പറയാനുമാകില്ല.