സാധാരണക്കാരൻ, അസാധാരണ നടൻ
''ബെള്ളം കുടിക്കാന്‍ പോലും നേരല്ലാതെ ഇവ്ട്ത്തെ മരമില്ലില് മരം പുടിയ്ക്കുമ്പം ആ മിഷ്യന്റെ മേലങ്ങ് കെടന്നാലോന്ന് വരെ ഞമ്മള് ചെലപ്പം ചിന്തിച്ചിറ്റ്ണ്ട്...അപ്പളും വൈയ്ന്നേരം നാടകം കളിയ്ക്കാലോ എന്ന ഒറ്റ ആസ്വാസത്തിലാ ജീവിച്ചത്...''. കല്ലായിയിലെ മരമില്ലുകളുടെ മണമുള്ള തെരുവോരത്തെ കടയില്‍ നിന്ന് കോഴിക്കോടന്‍ സര്‍ബത്ത് നുണഞ്ഞുകൊണ്ട് സാക്ഷാല്‍ മാമുക്കോയ പല്ല് മുഴുവന്‍ ദൃശ്യമാക്കിക്കൊണ്ടുള്ള തന്റെ സ്വതസിദ്ധമായ ചിരിചിരിച്ചു. സമീപത്തെ മരമില്ലുകളില്‍ നിന്നുയരുന്ന ശബ്ദങ്ങളിലേറി അദ്ദേഹം വര്‍ഷങ്ങള്‍ക്കപ്പുറത്തെ പൊള്ളുന്ന ഓര്‍മകളിലേക്ക് പോയി. ജോലി ചെയ്യുന്ന പത്രത്തിലെ സണ്‍ഡേ കോളത്തിലേക്കായി ഒരു ആര്‍ട്ടിക്കിള്‍ തരപ്പെടുത്താന്‍ ഇക്കയുടെ പുറകെ കൂടിയതാണ് ഞാന്‍. തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളിലൂടെയുള്ള പ്രയാണങ്ങളില്‍ ശ്വാസംമുട്ടിയപ്പോഴും കലയെന്ന ജീവശ്വാസത്തില്‍ പിടിച്ചുനിന്ന തന്റെ ഇത്രയും കാലത്തെ ജീവിതസരണി ആ ഒറ്റ വാചകത്തിലൂടെ പ്രതിഫലിപ്പിക്കാന്‍ മാമുക്കോയയ്ക്ക് സാധിച്ചിരുന്നു.'' അല്ലാ മോനിപ്പം സിനിമ്യൊക്ക നിര്‍ത്ത്യോ...?" സംവിധായകന്‍ ഹരിഹരന്‍ സാറിന്റെ ശിഷ്യനായി ചില സിനിമാ സെറ്റുകളില്‍ വച്ച് കണ്ടുപരിചയപ്പെട്ട ബന്ധത്തിന് തുരുമ്പെടുത്തിട്ടില്ലെന്ന തിരിച്ചറിവ്, കുടിച്ചുകൊണ്ടിരിക്കുന്ന സര്‍ബത്തിനേക്കാള്‍ മാധുര്യമേകി.
കലയാണ് ജീവിതമെന്ന് തീരുമാനിച്ചുറപ്പിച്ചിറങ്ങിയാല്‍ എന്ത് തിരിച്ചടികളുണ്ടായാലും അതില്‍ പിടിച്ചുനില്‍ക്കണമെന്നതാണ് തന്റെ തത്ത്വശാസ്ത്രമെന്ന് മഹാനായ ആ നടന്‍ പലവട്ടം ഉപദേശിച്ചിരുന്നു. ''നാടകത്തിലഭിനയിക്കാന്‍ എറങ്ങ്മ്പം സില്‍മ്യൊന്നും മനസ്സിലേല്ലായിരുന്നു... പിന്ന്യൊക്കെ ഒരു നിസീബ് കൊണ്ട് ഞമ്മള് ഇന്നലേലെത്തി... എന്ത്വന്ന ആയാലും ഞമ്മള് കലയില്‍ തന്നെ തൊടര്വെന്ന് തീര്മാനിച്ചിരുന്നു...''. കോഴിക്കോട് എംഎം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തിലഭിനയിക്കാന്‍ വെമ്പല്‍കൊണ്ട കുഞ്ഞു മാമുവിന്റെ അതേ ആവേശത്തോടെ അതു പറയുമ്പോള്‍ കല്ലായിപ്പുഴയെ തഴുകിയെത്തിയ തണുത്ത കാറ്റ് അദ്ദേഹത്തെ തഴുകി കടന്നുപോയി.
മാമുക്കോയ | Photo: Instagram
ഞൊടിയിടെ എന്റെ ഓര്‍മകള്‍ ചെന്നൈയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നു. 1999 ല്‍ ഹരിഹരന്‍ സാറിന്റെ പ്രേംപൂജാരിയുടെ ചിത്രീകരണം നടക്കുന്നത് കാണാന്‍ പോയതായിരുന്നു ഞാന്‍. ചിത്രത്തില്‍ കര്‍ക്കശക്കാരനായ സംഗീത സംവിധായകനായ തിലകന്റെ കഥാപാത്രത്തിന്റെ വീട്ടുവേലക്കാരന്റെ വേഷമായിരുന്നു മാമുക്കോയയ്ക്ക്. സിനിമാ അഭിനയമോഹിയായ അയാള്‍ ചാന്‍സ് തേടി ഇടയ്ക്കിടെ തിലകന്റെ വീട്ടില്‍ നിന്ന് മുങ്ങുന്നത് പതിവാണ്. വേഷമൊന്നും ലഭിക്കാതെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇളിഞ്ഞ മുഖത്തോടെ തിരിച്ചെത്തുമ്പോള്‍ തിലകന്റെ കഥാപാത്രം പരിഹസിക്കുകയും കയര്‍ക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. മരമില്ലില്‍ ജോലിയെടുക്കുമ്പോള്‍ നാടകം അഭിനയിക്കാന്‍ പോയി വൈകിയെത്തിയാല്‍ മില്ല് മുതലാളിമാരുടെ വായിലിരിക്കുന്നത് കേട്ട നീറുന്ന ഓര്‍മ പ്രേംപൂജാരിയിലെ കഥാപാത്രമേകിയെന്ന് ആ സെറ്റിലിരുന്ന് അദ്ദേഹം പങ്കുവച്ചിരുന്നു. ''എങ്ങനേലും മൂപ്പരെ കൂട കയറിപ്പറ്റിക്കോ കയ്ച്ചിലാകും...'' സെറ്റിലിരിക്കുന്ന ഹരിഹരന്‍ സാര്‍ കേള്‍ക്കുന്നില്ലെന്നുറപ്പുവരുത്തി ഒരു സ്വകാര്യം പോലെയാണ് മാമുക്ക എന്നെ ഉപദേശിച്ചത്.
''അള്ളാന്റെ പഹയാ അവസാനം കേറിപ്പറ്റില്ലേ... നന്നായി... ഇനി വിടാണ്ട് പുടിച്ചോ...'' പത്ത് വര്‍ഷങ്ങള്‍ക്കുശേഷം 2019 ല്‍ ഹരിഹരന്‍ സാറിന്റെ ഇതിഹാസ സിനിമ, കേരള വര്‍മ പഴശ്ശിരാജയില്‍ സഹസംവിധായകന്റെ കുപ്പായമിട്ടെത്തിയ എന്നെ കണ്ട മാമുക്കോയയുടെ പ്രതികരണമിതായിരുന്നു. അതിലെ ശ്രദ്ധേയമായ അത്താന്‍ ഗുരുക്കള്‍ എന്ന കഥാപാത്രത്തിന്റെ വേഷമിട്ട് അദ്ദേഹം എന്റെ പുറത്തുതട്ടി ചിരിച്ചു. തലശ്ശേരിയിലെ പ്രസിദ്ധമായ മാളിയേക്കല്‍ തറവാടിന്റെ മുറ്റത്തിരുന്നുള്ള ആ തട്ടല്‍, മഹാനായ ആ കലാകാരന്റെ അനുഗ്രമായി ഞാന്‍ അനുഭവിച്ചു.
മാമുക്കോയ | Photo: Instagram
മാമുക്കോയ എന്ന നാട്യങ്ങളില്ലാത്ത മനുഷ്യസ്നേഹിയെ അടുത്തറിയാന്‍ പഴശ്ശിരാജ ദിനങ്ങള്‍ ഏറെ അവസരമൊരുക്കി. ഒരു ദിവസം രാത്രി ചിത്രീകരണം കഴിഞ്ഞ് സ്‌ക്രിപ്റ്റ് ബോക്സുമായി വണ്ടികാത്ത് ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ പൊടുന്നനെ ഒരു കാര്‍ ഞങ്ങള്‍ക്കരികില്‍ വന്ന് നിന്നു. ''കേറിക്കോളി... ബാക്കിലിഷ്ടംപോലെ സ്ഥലണ്ടല്ലോ...'' വിന്‍ഡോഗ്ലാസ് താഴ്ത്തി മാമുക്കോയയുടെ സ്നേഹക്ഷണം. മുമ്പില്‍ കാലിയായ വണ്ടികളില്‍ കടന്നുപോയ മറ്റു താരങ്ങള്‍ പ്രകടിപ്പിക്കാത്ത മനുഷ്യത്വം ഈ നിഷ്‌കളങ്കനായ കോഴിക്കോട്ടുകാരനില്‍ നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞ മുഹൂര്‍ത്തം. നാടകത്തിലഭിനയിക്കാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കിലോമീറ്ററുകളോളം നടന്ന് കാല്‍കുഴഞ്ഞ പഴയകാലം ആ യാത്രയില്‍ അദ്ദേഹം പങ്കുവച്ചപ്പോള്‍ ഞങ്ങള്‍ സഹസംവിധായകന്മാര്‍ക്ക് അതൊരു പ്രചോദനമായി.
പിന്നീട് 2013 ല്‍ പുറത്തിറങ്ങിയ എംടി ഹരിഹരന്‍ ചിത്രമായ 'ഏഴാമത്തെ വരവില്‍' നാഗു എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാനും മാമുക്കോയ എത്തിയിരുന്നു. ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു സാധിച്ചിരുന്നില്ല. എന്നാല്‍, ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഒരുദിവസം പോയപ്പോള്‍ നാഗുവിനെ കണ്ടു. ''തൊടര്‍ച്യായി വര്‍ക്ക് ചെയ്താലേ രക്ഷപ്പെടൂ'' എന്നെ ചേര്‍ത്ത് നിര്‍ത്തി മാമുക്ക ഉപദേശിച്ചു. അച്ഛന് സുഖമില്ലാത്തതിനാലാണ് വരാത്തതെന്ന് പറഞ്ഞപ്പോള്‍ കുടുംബത്തെയും ശ്രദ്ധിക്കണമെന്ന് തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി അദ്ദേഹം നിര്‍ദേശിച്ചു.
മാമുക്കോയ | Photo : Instagram
അന്ന് അദ്ദേഹവുമൊത്ത് സെല്‍ഫിയെടുത്തപ്പോള്‍ ആദ്യമായി മാമുക്കയ്‌ക്കൊപ്പം ഫോട്ടോയെടുത്ത നിമിഷം ഓര്‍മ വന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോട് ടാഗോര്‍ ഹാളില്‍ ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക്ക് അക്കാദമിയുടെ പ്രൗഢമായ സംഗീത പരിപാടിക്കിടെ മാമുക്കോയയെ ആദ്യമായി കണ്ട ആവേശത്തില്‍ ഓടി അടുത്തെത്തുകയായിരുന്നു. ''ദാസേട്ടനൊക്കെ ഉള്ളപ്പം ഞമ്മളെ കൂട്യെന്ത് ഫോട്ടോ...? '' ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം എളിമയോടെ പറഞ്ഞു. ഒഴിഞ്ഞുമാറാനൊരുങ്ങിയെങ്കിലും നിറഞ്ഞചിരിയോടെ ഇക്ക ഫോട്ടോയ്ക്ക് പോസ് ചെയ്തു.
തന്റെ പിന്നില്‍ വന്ന താരങ്ങള്‍ പോലും കാരവാന്‍ സംസ്‌കാരത്തിലേക്ക് ചേക്കേറിയിട്ടും മലയാള സിനിമയില്‍ സാധാരണക്കാരനായി ജീവിച്ച ഏറ്റവും ഒടുവിലത്തെ അഭിനേതാവായിരിക്കും മാമുക്കോയ. സിനിമയിലെ അവിഭാജ്യഘടകമായ കാലത്തുപോലും സഹായികളോ അനുചരസംഘമോ ഇല്ലാതെയായിരുന്നു അദ്ദേഹം സെറ്റുകളിലെത്തിയിരുന്നത്. ഇത്തരം ആര്‍ഭാടങ്ങളില്‍ അഭിരമിക്കാതെ തന്നില്‍ അര്‍പ്പിതമായ അഭിനയമെന്ന ദൈവസിദ്ധമായ കഴിവിലും കര്‍മത്തിലും മാത്രം ഏകാഗ്രതയോടെ ശ്രദ്ധിച്ച കലാജീവിതത്തിനുടമയായിരുന്നു ഈ കോഴിക്കോട്ടുകാരന്‍. നാലുപതിറ്റാണ്ടിലേറെക്കാലം സ്വതസിദ്ധമായ ശൈലിയില്‍ മലയാള സിനിമയില്‍ വാണ മാമുക്കോയ, താരത്തിന്റെ കെട്ടുകാഴ്ചകളില്‍ മതിഭ്രമംകൊണ്ട് മനുഷ്യനെ മറന്ന് പെരുമാറിയിരുന്നില്ല. മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് ജീവിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം മണ്ണിന്റെ മണവും കോഴിക്കോടിന്റെ നന്മയും നാട്ടുമൊഴികളുംകൊണ്ട് അനുഗ്രഹീതരായിരുന്നു.
വടക്കുനോക്കിയന്ത്രം സിനിമയിലെ രംഗം
നാടോടിക്കാറ്റിലെ ഗഫൂര്‍, റാംജിറാവുവിലെ ഹംസക്കോയ, ഗജകേസരിയോഗത്തിലെ രാഘവന്‍ നായര്‍, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ജമാല്‍, തലയണ മന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്തിരി, ഗസലിലെ മൊല്ലാക്ക, വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഫര്‍, ചന്ദ്രലേഖയിലെ ബീരാന്‍, പെരുമഴക്കാലത്തിലെ അബ്ദു തുടങ്ങി 450 ല്‍ അധികം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവനേകിയ മാമുക്കോയയുടെ ഏറ്റവും ജീവസുറ്റ കഥാപാത്രം മാമുക്കോയ എന്ന വ്യക്തി തന്നെയാണ്.
സിനിമയുടെ ഉന്നതങ്ങളിലേക്കുയര്‍ന്നിട്ടും യാതൊരു വേര്‍തിരിവുകളുമില്ലാതെ സാധാരണക്കാരനായ ഒരു കോഴിക്കോട്ടുകാരനായി ഏവരെയും മനുഷ്യരായി സ്നേഹിച്ച മഹാനായ കലാകാരന്‍. ആ ഒരു ഹൃദയവിശാലത കൈമുതലായതിനാലാണ് സിനിമാതാരത്തിന്റെ ജാഡയില്ലാതെ അരീക്കോട് വന്ന് മീന്‍ വാങ്ങാനും കോഴിക്കോട്ടെ പെട്ടിക്കടയില്‍ നിന്ന് സര്‍ബത്ത് കുടിക്കാനും ടൗണ്‍ഹാളിലെ ചില പരിപാടികളില്‍ സദസ്യനായിരുന്ന് ആസ്വദിക്കാനും മാമുക്കോയയ്ക്ക് സാധിച്ചത്.
കോഴിക്കോട്ടെ ടൗണ്‍ഹാളില്‍ പ്രിയപ്പെട്ടവരോട് അന്ത്യയാത്ര പറയാനായി കിടക്കുമ്പോഴും മനുഷ്യത്വം തുള്ളിത്തുളുമ്പിയ ആ അതുല്യമായ ചിരിയുടെ ലാഞ്ചന ആ മുഖത്തുണ്ടായിരുന്നു. കോഴിക്കോടന്‍ ബിരിയാണി, കോഴിക്കോടന്‍ ഹല്‍വ, തുടങ്ങിയവപോലെ പകരം വയ്ക്കാനില്ലാത്ത സ്നേഹമായിരുന്നു കോഴിക്കോടിന്റെ സ്വന്തം മാമുക്കോയ...