TMJ
searchnav-menu
post-thumbnail

Outlook

ഒരു മേളകൊണ്ട് പുതുക്കാനാവില്ല നമ്മുടെ സിനിമാസ്വാദനം  

12 Dec 2023   |   7 min Read
പി കെ സുരേന്ദ്രന്‍

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഇരുപത്തിയെട്ടാമത് ചലച്ചിത്രമേളയാണ്. നമ്മുടെ മേളകള്‍ കേരളത്തിലെ സിനിമാപ്രേമികളില്‍ വലിയ ആവേശം കൊണ്ടുവന്നു എന്നത് സത്യമാണ്. മേള കാര്‍ണ്ണിവല്‍ ആവുന്നു എന്നതിലല്ല എന്റെ പരാതി. മറിച്ച് മേളയുടെ നിലവാരത്തിലാണ്. അത് ശരാശരി നിലവാരത്തില്‍ ഉള്ളതാണ്, വലിയ ഭാഗം പ്രേക്ഷകരുടെ ആസ്വാദനതലവും അതുപോലെത്തന്നെ. മേളയുടെ സൃഷ്ടികളായ ധാരാളം സംവിധായകര്‍ ഇന്ന് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മേളയിലെ സ്ത്രീ പങ്കാളിത്തം ശ്ലാഘനീയമാണ്. മേള പ്രചോദിപ്പിച്ച സ്ത്രീകളും ഇന്ന് സിനിമാ സംവിധാന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ ആസ്വാദന ബോധം വലിയ രീതിയില്‍ മാറിയിരുന്നെങ്കില്‍ മലയാളത്തില്‍ വളരെ വ്യത്യസ്തങ്ങളായ സിനിമകള്‍ ഉണ്ടാവേണ്ടതല്ലേ? പകരം, ശരാശരിയോ അതിലും താഴെ ഉള്ളതോ ആയ, അല്ലെങ്കില്‍ നിലവിലുള്ളതില്‍ നിന്ന് ചെറിയ രീതിയില്‍ വ്യത്യസ്തമായ സിനിമകളെ നാം മഹത്തായ സിനിമകള്‍ എന്ന രീതിയില്‍ ആഘോഷിക്കുകയാണ്. (വ്യത്യാസം വലിയ രീതിയില്‍  ആവേണ്ടേ? മലയാളിയുടെ വിഭാവനം ചെയ്യാനുള്ള സ്‌കെയില്‍ വളരെ ചെറിയതാണ് എന്ന് തോന്നുന്നു. ഈ സ്‌കെയിലിനെ തകര്‍ത്ത് സ്വയത്തെ നിരന്തരം നവീകരിക്കുന്നതിലൂടെ മാധ്യമത്തെയും പുതുക്കുക എന്നതായിരിക്കണം ഒരു പുതിയ സംവിധായകന്റെ / സംവിധായികയുടെ വെല്ലുവിളി. അപ്പോഴാണ് മഹത്തായ സിനിമകള്‍ ഉണ്ടാവുക). നമ്മള്‍ രാഷ്ട്രീയ സിനിമയുണ്ടാക്കുന്നത് ഹോളിവുഡ് സങ്കേതങ്ങള്‍ ഉപയോഗിച്ചാണ്, യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനം എന്ന രീതിയിലാണ്. ഇതിനെ ഗൊദാര്‍ദ് ബൂര്‍ഷ്വാ സങ്കേതം എന്ന് വിശേഷിപ്പിച്ചു. നിലവിലുള്ള സ്ത്രീ മാതൃകകളെ വെല്ലുവിളിക്കുന്നു എന്ന രീതിയില്‍ സ്ത്രീകള്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍ ബദല്‍ സിനിമയിലെ പ്രധാന വിഷയമായ പുരുഷ നോട്ടത്തെ പോലും അഭിസംബോധന ചെയ്യുന്നില്ല.

എഴുപതുകളിലെ 'സംവദിക്കാത്ത' ആര്‍ട്ട് സിനിമകള്‍ക്കും ജനപ്രിയ സിനിമകള്‍ക്കും ഇടയില്‍ ഒരു പാലം പണിത് എല്ലാവര്‍ക്കും 'മനസ്സിലാവുന്ന' സിനിമകള്‍ എന്ന രീതിയില്‍ ജന്മംകൊണ്ട ഇടനില സിനിമകളുടെ ഡിജിറ്റല്‍ വാലാണ് ഇന്നത്തെ ഭൂരിഭാഗം സിനിമകളും.  ഇന്‍സ്റ്റന്റ് കമ്യൂണിക്കേഷന്റെ ലോകത്തില്‍ കലയില്‍ സന്നിഗ്ദ്ധാവസ്ഥയ്ക്ക് (Ambiguity) സ്ഥാനമില്ലാതായിരിക്കുന്നു. കലയെക്കുറിച്ച് അതി ഗംഭീരമായ ആശയങ്ങള്‍- ധ്വനി, ന്യായ സിദ്ധാന്തം- നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് നാം കലയെ ഇന്‍ഫോര്‍മേഷനായി കാണുന്നത്. നമ്മുടെ സര്‍ക്കാര്‍ സിനിമയെ Information and Broadcasting Ministry-
യുടെ കീഴിലാണ് ചേര്‍ത്തിരിക്കുന്നത്. നമുക്ക് എല്ലാം എന്റര്‍ടൈന്‍ ചെയ്യുന്നതായിരിക്കണം. കല രസിപ്പിക്കുന്നതുതന്നെ ആയിരിക്കണം. എന്നാല്‍, അത് ഏതു വിധത്തില്‍ ആയിരിക്കണം എന്നതാണ് വിഷയം. രസത്തെക്കുറിച്ച് വലിയ സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്.

ഇരുപത്തിയെട്ടാമത് ചലച്ചിത്രമേള | PHOTO: FACEBOOK
സിനിമയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ അടിമുടി മാറിയ ഒരു കാലത്താണ് നമ്മുടെ മേള അരങ്ങേറുന്നത്. സിനിമ ഡിജിറ്റലായി എന്നതുകൊണ്ട് മാത്രമല്ല, വ്യത്യസ്ത മാധ്യമങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന അതിരുകള്‍ മാഞ്ഞുപോവുകയും വിവിധ കലാരൂപങ്ങള്‍ തമ്മിലുള്ള സങ്കലനവും സംയോഗവും സിനിമയില്‍ സംഭവിക്കുകയും ചെയ്യുന്നു. അതായത്,  ഓരോ വ്യവസ്ഥയുടെയും അതിരുകള്‍ ലംഘിക്കപ്പെടുകയും, ഒന്ന് മറ്റൊന്നില്‍ കൂടുവെക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു സൃഷ്ടി സിനിമയാണോ ചിത്രമാണോ ശില്‍പ്പമാണോ പ്രകടനമാണോ ഇന്‍സ്റ്റലേഷനാണോ എന്ന് വേര്‍തിരിക്കാന്‍ പറ്റില്ല. സിനിമ സങ്കരമായിരിക്കുന്നു എന്നര്‍ത്ഥം. മാത്രവുമല്ല, നിര്‍മ്മിത ബുദ്ധി സിനിമയുണ്ടാക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ഇത്തരം സിനിമകള്‍ നമ്മുടെ മേളയില്‍ സ്ഥാനം കണ്ടെത്തുന്നില്ല. (അതിന് പല കാരണങ്ങളും ഉണ്ടാവാം. ക്യൂറേറ്റര്‍മാരും മാനേജര്‍മാരുമാണ് ഇന്ന് മേളകളെ നിയന്ത്രിക്കുന്നത്). നമ്മുടെ മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഭൂരിഭാഗം സിനിമകളും ശരാശരിയോ അതിലും താണ നിലവാരം ഉള്ളതോ ആണ്. പ്രത്യേക രീതിയിലുള്ള റിയലിസമുള്ള, യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനാത്മകതയില്‍ വിശ്വസിക്കുന്ന ആഖ്യാന സിനിമകളാണ് നമുക്ക് ഇപ്പോഴും പഥ്യം.

ഇന്ന് ശ്ലഥമായ രീതിയിലാണ് ആശയവിനിമയം നടക്കുന്നത്. മൊബൈലില്‍ ദൃശ്യങ്ങളുണ്ട്, ശബ്ദമുണ്ട്, ടെക്സ്റ്റ് ഉണ്ട്. നാം ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. ഇന്ന് വലിയൊരു ഭാഗം ജനങ്ങള്‍ സിനിമ കാണുന്നത് കമ്പ്യൂട്ടറിലും മൊബൈലിലുമാണ്. ഇവിടെ സിനിമാക്കാഴ്ച്ച ശ്ലഥമാണ്, വീട്ടില്‍ ഇരുന്നും, കിടന്നും, യാത്രചെയ്തും, തോന്നുമ്പോള്‍ പോസ് ചെയ്തും, ഓണാക്കിയും ഓഫാക്കിയുമുള്ള കാഴ്ച. എന്നാല്‍ നമുക്ക് ഈ രീതിയിലുള്ള സിനിമകളെ ഉള്‍ക്കൊള്ളാനാവുന്നില്ല. അതുകൊണ്ടാണ് കൃഷ്‌ണേന്ദു കലേഷിന്റെ 'പ്രാപ്പെട' എന്ന സിനിമയെ നാം മനസ്സിലാവാത്ത സിനിമ എന്നൊക്കെ വിമര്‍ശിച്ചത്. അരവിന്ദന്റെയും മണി കൗളിന്റെയും സിനിമകളെ അക്കാലത്ത് സമാന രീതിയില്‍ - ബുദ്ധിജീവി സിനിമ, സംവദിക്കാത്ത സിനിമ എന്ന് നാം വിമര്‍ശിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന  വിപിന്‍ വിജയിന്റെ 'ചിത്രസൂത്രം' എന്ന സിനിമയേയും നാം ഇതേ രീതിയില്‍ വിമര്‍ശിക്കുകയുണ്ടായി. ഈ സിനിമകള്‍ക്കിടയിലൂടെ നിരവധി വര്‍ഷങ്ങള്‍ ഒഴുകിപ്പോയെങ്കിലും അസാമ്പ്രദായികമായ ഇത്തരം സിനിമകളെ വിമര്‍ശിക്കാന്‍ നമുക്ക് പുതിയ വാക്കുകള്‍ കണ്ടെത്താനായില്ല.

പ്രാപ്പെട | PHOTO: FACEBOOK
കേരളീയര്‍ പൊതുവെ യാഥാസ്ഥിതികരായതുകൊണ്ടാണ് ലോക കലാരംഗത്ത് നടക്കുന്ന വമ്പിച്ച മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്. മലയാളിയുടെ കടല്‍കടന്നു പോക്കിന് വലിയ ചരിത്രമുണ്ടെങ്കിലും, പല രാജ്യങ്ങളില്‍, പല അവസ്ഥകളില്‍, പല സംസ്‌കാരങ്ങളില്‍ ജീവിച്ചുവെങ്കിലും നാം അകമേ മാറിയില്ല. ലോകത്തു നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും നമുക്ക് അറിയാമെങ്കിലും, ഏറ്റവും പുതിയ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ത്ഥരാണെങ്കിലും, ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവരാണെങ്കിലും, സാഹിത്യം ധാരാളമായി വായിക്കുകയും, സിനിമ ധാരാളമായി കാണുകയും ചെയ്യുന്നവരാണെങ്കിലും നാം അകത്ത് യാഥാസ്ഥിതികരാണ്. പുത്തന്‍ കലാ പ്രവണതകളെ ഉള്‍ക്കൊള്ളുന്നതില്‍ പ്രത്യേകിച്ചും. അതുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ ബിനാലെ കണ്ടപ്പോള്‍ നാം പകച്ചതും, ഇപ്പോള്‍ പകയ്ക്കുന്നതും, ഇതൊക്കെ കലയാണോ എന്ന് അത്ഭുതപ്പെട്ടതും. ചലച്ചിത്ര മേളകളില്‍ നമ്മുടെ 'ആര്‍ട്ട്' സിനിമാ സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്ന സിനിമകള്‍ കാണുമ്പോള്‍ (അത് അപൂര്‍വ്വമാണ്) നാം അസ്വസ്ഥരാവുന്നതും ബഹളംവെക്കുന്നതും കൂവുന്നതും അതുകൊണ്ടാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ജനാധിപത്യ മര്യാദപോലും പാലിക്കുന്നില്ല. ചിലര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പുറത്തേക്ക് പോവുകയല്ലേ വേണ്ടത്? അതേസിനിമ ഇഷ്ടപ്പെട്ട് കാണുന്ന മറ്റുള്ളവരെ സിനിമ കാണാന്‍ അനുവദിക്കുകയല്ലേ വേണ്ടത്?

നമ്മുടെ സിനിമാക്കാഴ്ചയില്‍ ഫിലിം സൊസൈറ്റികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ നിലവിലുള്ള ആര്‍ട്ട് സിനിമാ സങ്കല്‍പ്പങ്ങളെപ്പോലും അട്ടിമറിക്കുന്ന സിനിമകള്‍ നാം വേണ്ട രീതിയില്‍  പ്രദര്‍ശിപ്പിക്കുകയോ, ആസ്വദിക്കുകയോ, ചര്‍ച്ചചെയ്യുകയോ ചെയ്തില്ല. മണി കൗള്‍, കുമാര്‍ സഹാനി, അരവിന്ദന്‍ എന്നിവരെ അക്കാലത്ത് നാം കാര്യമറിയാതെ വിമര്‍ശിച്ചു. ഇതില്‍ ഇടതുവലത് മേഖലകളില്‍ ഉള്ളവരും, കലാ-സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഉണ്ടായിരുന്നു. കൂട്ടത്തില്‍ സത്യജിത് റായിയും ഉണ്ട്. മണി കൗളിന്റെ 'ദുവിധ' എന്ന സിനിമയെ 'വിനാശകരമായ വിളര്‍ച്ചയുള്ള ഒരു സൃഷ്ടി'യായാണ് റായ് കണ്ടത്. മാത്രവുമല്ല, കൗളിന്റെ സിനിമാ സങ്കല്പങ്ങള്‍ അദ്ദേഹത്തെ രോഗക്കിടക്കയിലേക്ക് എത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സിനിമാ ഭാഷയുടെ നിലനില്‍പ്പിനുള്ള ഭീഷണി' എന്നാണ് അദ്ദേഹം സഹാനിയുടെ 'മായാ ദര്‍പ്പണ്‍' എന്ന സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ജനങ്ങളോട്  'സംവദിക്കുന്നതില്‍' പരാജയപ്പെടുന്ന സിനിമകളെ പൊതുപണത്തിന്റെ  പാഴ്ചിലവായി പലരും കണ്ടു.
 
ദുവിധ | PHOTO: WIKI COMMONS
'കടുപ്പമുള്ള' സിനിമകള്‍ ഭൂരിപക്ഷം ഫിലിം സൊസൈറ്റി പ്രേക്ഷകര്‍ക്കും കീറാമുട്ടിയായിരുന്നു. ഗൊദാര്‍ദിന്റെ ഒരു സിനിമയില്‍ ക്ലാപ്പ് ബോര്‍ഡും ചിത്രീകരണത്തിന് ഉപയോഗിച്ച മൈക്കും കാണിച്ചതും, ഓസു എലിപ്സ്സിസ് ഉപയോഗിച്ചതും അവര്‍ക്ക് സിനിമ അറിയില്ല എന്ന രീതിയില്‍പ്പോലും എനിക്ക് അറിയാവുന്ന ഫിലിം സൊസൈറ്റി പ്രേക്ഷകന്‍ വ്യാഖ്യാനിച്ചു. ഒരു ഭാഗത്ത്  ഗൊദാര്‍ദ്, താര്‍ക്കോവസ്‌കി, ബേലാ താര്‍ എന്നിവരെക്കുറിച്ച് സംസാരിക്കുകയും മറുഭാഗത്ത് വളരെ സാമ്പ്രദായിക രീതിയിലുള്ള സിനിമകളെ അതിന്റെ ഉള്ളടക്കത്തിലെ രാഷ്ട്രീയം മാത്രം കാരണം പുകഴ്ത്തുന്ന ഫിലിം സൊസൈറ്റികളും ഉണ്ട്. അപ്പോള്‍, നമ്മുടെ സിനിമാസ്വാദനത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് വരുന്നു. അപ്പോള്‍, ഒരു മേളകൊണ്ട് നവീകരിക്കാവുന്നതല്ല മലയാളിയുടെ ആസ്വാദനബോധം. കലയോടുള്ള, പ്രത്യേകിച്ച് ദൃശ്യകലകളോടുള്ള നമ്മുടെ സമീപനം പഴഞ്ചനാണ്. സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന മീഡിയോക്രിറ്റി മാറാതെ കാര്യമായൊന്നും സംഭവിക്കില്ല.

സിനിമ കേരളത്തിലെ സിലബസ്സില്‍ ഇടം നേടി എന്നത് ശ്ലാഘനീയമാണ്. എന്നാല്‍ പൊതുവെ ഭാഷാദ്ധ്യാപകരാണ് സിനിമ പഠിപ്പിക്കുന്നത്. അവര്‍ ഭൂരിഭാഗവും ഭാഷയുടെ, സാഹിത്യത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമ പഠിപ്പിക്കുന്നത്. അത് പലപ്പോഴും ഉള്ളടക്കത്തെ അടിസ്ഥാനമാക്കി, സിനിമ ആരെക്കുറിച്ച്, എന്തു പറയുന്നു എന്ന രീതിയില്‍ സാംസ്‌കാരിക പഠനത്തിന്റെ രൂപത്തിലാണ് പഠിപ്പിക്കുന്നത്. സിനിമ സ്ത്രീ വിരുദ്ധമാണോ, ദളിത്, ആദിവാസി വിരുദ്ധമാണോ, മുസ്ലിം വിരുദ്ധമാണോ, ട്രാന്‍സ് വിരുദ്ധമാണോ എന്ന രീതിയിലും പോളിറ്റിക്കല്‍ കറക്റ്റ്‌നസ്സിന്റെ അടിസ്ഥാനത്തിലുമാണ്. അല്ലാതെ സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ല. ഉദാഹരണത്തിന് പ്രശസ്ത സിനിമാ സൈദ്ധാന്തികയായ ലോറാ മല്‍വിയും അവരുടെ സിനിമാ സൈദ്ധാന്തികനായ ഭര്‍ത്താവ് പീറ്റര്‍ വോളനും ചേര്‍ന്ന് സംവിധാനം ചെയ്ത 'Riddles of the Spinx' എന്ന സിനിമ കോളേജ് തലത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. സംവിധായകരുടെ കൗണ്ടര്‍ സിനിമാ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സംവിധാനം ചെയ്ത ഈ സിനിമയെ എങ്ങിനെയാണ് ഈ വിഷയത്തില്‍ ഗ്രാഹ്യമില്ലാത്ത ഭാഷാ അദ്ധ്യാപകനോ, അദ്ധ്യാപികയോ പഠിപ്പിക്കുക? അപ്പോള്‍ സിനിമാ പഠനം സിലബസ്സില്‍ ചേര്‍ത്തതുകൊണ്ടുമാത്രം കാര്യമില്ല, കുട്ടികളെ അത് വേണ്ട രീതിയില്‍ പഠിപ്പിക്കുകയും വേണം. (കേരളത്തില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഗവേഷണം നടത്തുന്നത് സിനിമയിലാണ്. എന്നാല്‍ ഇതൊക്കെയും മുകളില്‍ സൂചിപ്പിച്ച രീതിയില്‍ സാംസ്‌കാരിക പഠനങ്ങളാണ്).

PHOTO: FACEBOOK
തുറന്ന മനസ്സുള്ള ഒരു കുട്ടി സിനിമയുടെ കാര്യത്തില്‍ കണ്ടീഷന്‍ ചെയ്യപ്പെടുകയാണ്. അവര്‍ കാണുന്ന സിനിമകളൊക്കെയും സാമ്പ്രദായിക ശൈലിയില്‍ ഉള്ളവയാണ്. ഈ കുട്ടി വായിക്കുന്ന സിനിമാ നിരൂപണങ്ങള്‍ പൊതുവെ സിനിമയുടെ ഉള്ളടക്കത്തെയും പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സിനെയും അടിസ്ഥാനമാക്കിയാണ്. ഈ പശ്ചാത്തലത്തില്‍ ഈ കുട്ടി സംവിധാനം ചെയ്യുന്ന സിനിമയും അതുപോലെ ആവുന്നതില്‍ അത്ഭുതമില്ല. ഈ അവസ്ഥയെ മറികടന്ന് സ്വയം അന്വേഷണത്തിലൂടെ സിനിമയുടെ പുതിയ സാധ്യതകളെ കണ്ടെത്താന്‍ എത്രപേര്‍ തയ്യാറാവും എന്നതാണ് വിഷയം. സിനിമ ഒരു ജോലി മാത്രവും, സിനിമയുടെ ഗ്ലാമറും അനുബന്ധങ്ങളും മാത്രം പ്രധാനമാവുന്ന സാഹചര്യത്തില്‍ മാധ്യമത്തിന്റെ നവീകരണം മുതലായ കാര്യങ്ങള്‍ക്ക്  എവിടെ പ്രസക്തി?

ഞാന്‍ സംസാരിച്ച പല പുതിയകാല സംവിധായകര്‍ക്കും യാഥാര്‍ഥ്യം, പ്രതിനിധാനം, സിനിമ എന്ന വിഷയത്തെക്കുറിച്ച് ധാരണയില്ല. അതുപോലെ മൊണ്ടാഷിന്റെ അടിസ്ഥാനമെന്താണ് എന്നും അറിയില്ല. സിനിമയുടെ ചരിത്രത്തെക്കുറിച്ചും, സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും ധാരണയില്ലാത്തതുകൊണ്ടായിരിക്കാം ഇതൊക്കെ സംഭവിക്കുന്നത്. അതുകൊണ്ടാണ് ഒരാള്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക്  സിനിമയുടെ ചരിത്രത്തില്‍ എന്ത് സ്ഥാനമാണ് ഉള്ളത് എന്ന് സ്വയത്തിന് അറിയാന്‍ കഴിയാത്തത്. അതിന് ആരും ശ്രമിക്കുന്നുണ്ടാവില്ല, കാരണം ഒരാള്‍ ഉണ്ടാക്കുന്ന സിനിമ അയാളെ സംബന്ധിച്ച് മഹത്തരമാണല്ലോ. മറ്റൊന്ന്, അര്‍ത്ഥവത്തായ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ പഴയ തലമുറയിലെ ചില ആര്‍ട്ട് സിനിമാക്കാരെ പോലെ പുതിയ തലമുറയിലെ സംവിധായകര്‍ക്കും സാധിക്കുന്നില്ല. പകരം അവര്‍ അസഹിഷ്ണുക്കളാവുകയാണ്. ഒരു യുവനിരൂപകന്‍ എന്നോട് പറഞ്ഞത്  ''മാഷ് പറയുന്ന രീതിയിലുള്ള സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും കാര്യമായി വായിച്ചിട്ടില്ല'' എന്നാണ്.

REPRESENTATIVE IMAGE | WIKI COMMONS
മേളയിലേക്ക് തിരിച്ചു വന്നാല്‍, ഓപ്പണ്‍ ഫോറം അനുഷ്ഠാനം മാത്രമാണ്. ഓപ്പണ്‍ ഫോറത്തില്‍ മാത്രമല്ല, മറ്റു വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന വേദികളിലും പങ്കാളിത്തം വളരെ കുറവ്. കഴിഞ്ഞ മേളയില്‍ ഇതിഹാസതുല്യനായ ബേലാ താറിന്റെ ഇന്‍-കോണ്‍വര്‍സേഷന്‍ പരിപാടിയിലും ഹാളില്‍ പകുതിപോലും പ്രേക്ഷകര്‍ ഉണ്ടായിരുന്നില്ല എന്നാണ് ഒരു ദൃക്‌സാക്ഷി പറഞ്ഞത്. (ഈ അവസരത്തില്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ). അതുപോലെത്തന്നെയാണ് നാം ആഘോഷിക്കുന്ന സിനിമകളുടെ സംവിധായകരുമായുള്ള മുഖാമുഖത്തിലും സംഭവിക്കുന്നത്. ഇതിനര്‍ത്ഥം, മേളയില്‍ പങ്കെടുക്കുക, സിനിമകള്‍ കാണുക എന്നതുമാത്രമാണ് ഭൂരിപക്ഷത്തിന്റെയും ലക്ഷ്യം.  മറ്റൊന്ന്, ഓപ്പന്‍ ഫോറത്തില്‍ എല്ലാ മേളകളിലും ഏതാണ്ട് ഒരേ വിഷയം തന്നെയാണ് ചര്‍ച്ചചെയ്യുന്നത് സ്വത്രന്ത്ര സിനിമ, സിനിമയും സമൂഹവും, സിനിമയും രാഷ്ട്രീയവും, പ്രൊപ്പഗണ്ട സിനിമ, സിനിമയിലെ ജാതി, സിനിമയിലെ സ്ത്രീ വിരുദ്ധത എന്നീ വിഷയങ്ങള്‍.

ഇത്തവണത്തെ ഐ.എഫ്.എഫ്.കെയില്‍  'മിഡ്‌നൈറ്റ് സിനിമ' എന്നൊരു വിഭാഗം ഉണ്ടെന്നറിഞ്ഞതില്‍ വലിയ സന്തോഷം. 1950-കളില്‍ അമേരിക്കന്‍ ടിവിയില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് 'മിഡ്‌നൈറ്റ് സിനിമ'.  ചില പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷനുകള്‍ രാത്രി വൈകിയുള്ള സ്ലോട്ടുകളില്‍ കുറഞ്ഞ ചിലവില്‍  നിര്‍മ്മിക്കപ്പെട്ട ഴോണര്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. അണ്ടര്‍ഗ്രൗണ്ട് സിനിമ, അവാംഗ് ഗാര്‍ഡ് സിനിമ മുതലായ പ്രസ്ഥാനങ്ങളുടെ ഭാഗമായി 'മിഡ്‌നൈറ്റ് സിനിമ'കളെ കാണാം. ഒരു സിനിമാറ്റിക് പ്രതിഭാസമെന്ന നിലയില്‍, 1970-കളുടെ തുടക്കത്തില്‍ ഏതാനും നഗര കേന്ദ്രങ്ങളില്‍, ഓഫ് ബീറ്റ് സിനിമകള്‍ നട്ടപ്പാതിരായ്ക്ക് പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഒരു പഠിതാവിന്റെ അഭിപ്രായത്തില്‍ അമേരിക്കന്‍ അണ്ടര്‍ഗ്രൗണ്ട് സിനിമയിലെ പ്രശസ്തനായ കെന്നത്ത് ആംഗറിന്റെ  ' Invocation of My Demon Brother'  എന്ന സിനിമ എല്‍ജിന്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതോടെ ടിവിക്ക് വെളിയില്‍ 'മിഡ്‌നൈറ്റ് സിനിമ' ഉദ്ഘാടനം ചെയ്യപ്പെട്ടു. എന്നാല്‍, 1970 ഡിസംബറില്‍ എല്‍ജിനില്‍ പ്രദര്‍ശിപ്പിച്ച അലജാന്‍ഡ്രോ ജൊഡോറോവസ്‌കിയുടെ സര്‍റിയലിസ്റ്റ് സിനിമയായ 'എല്‍ ടോപ്പോ'യാണ്  'മിഡ്‌നൈറ്റ് സിനിമാ' പ്രസ്ഥാനത്തെ ജ്വലിപ്പിക്കുന്നതായി പൊതുവെ അംഗീകരിക്കപ്പെട്ട സിനിമ. പിന്നീട് ഈ പ്രസ്ഥാനം വ്യാപിച്ചു. മെയിന്‍സ്ട്രീമില്‍ നിന്നും സാമ്പ്രദായിക ആര്‍ട്ട് സിനിമയില്‍ നിന്നും അടിമുടി മാറിയ ഈ സിനിമകളുടെ പ്രദര്‍ശനത്തിലൂടെ കള്‍ട്ട് സിനിമാ പ്രേക്ഷകരെ സൃഷ്ടിക്കുക, ആവര്‍ത്തിച്ചുള്ള കാണല്‍  പ്രോത്സാഹിപ്പിക്കുക, ചര്‍ച്ചകള്‍ നടത്തുക, ഇവയിലൂടെ കൗണ്ടര്‍ കള്‍ച്ചര്‍ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ അനുരണനങ്ങള്‍ മറ്റു പല രാജ്യങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. കേരളത്തിലെ മേളയില്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന വാര്‍ണര്‍ ബ്രദേര്‍സ് വിതരണം ചെയ്ത The Exorcist എന്ന സിനിമ പുറത്തിറങ്ങിയ വര്‍ഷം ക്രിസ്മസ് വാരത്തില്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായിരുന്നു. വന്‍ ജനക്കൂട്ടം സിനിമ കാണാന്‍ എത്തിയതോടെ പ്രദര്‍ശനം 366 സ്‌ക്രീന്‍ വൈഡ് റിലീസിലേക്ക് വേഗത്തില്‍ വികസിപ്പിക്കാന്‍ സ്റ്റുഡിയോ നിര്‍ബന്ധിതരായി.  സിനിമയുടെ ആദ്യ റിലീസില്‍ സിനിമ 105 വാരം ഓടിയത്രേ!  1979-ല്‍  ഈ സിനിമ 70mm ല്‍ റീ-റിലീസ് ചെയ്യുകയുണ്ടായി.  ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം, ഈ രീതിയിലുള്ള ഒരു സിനിമയാണോ ഒരു പ്രതി സംസ്‌കാരം ലക്ഷ്യമാക്കി ആരംഭിച്ച 'മിഡ്‌നൈറ്റ് ' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടത്?  മാത്രവുമല്ല, ഈ സിനിമ യൂട്യൂബില്‍ ലഭ്യമാണ്. പൊതുവേദിയില്‍ ലഭ്യമല്ലാത്ത കലാമൂല്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുക എന്നതല്ലേ  കേരളത്തിലെ  മേളയുടെയും ലക്ഷ്യം?  

IMAGE: FACEBOOK
ഇന്ന്  ഭൂരിപക്ഷം മലയാളികളും ആശയങ്ങളെ, ബൗദ്ധികതയെ ഒരു കുറ്റമായി കാണുന്നു, ബൗദ്ധികതയെ ഒരു ഭാരമായി കാണുന്നു. സിനിമയും  മറ്റു കലകളും ആസ്വദിക്കാന്‍ ബുദ്ധി ആവശ്യമില്ല എന്ന രീതിയിലാണ് നമ്മുടെ സമീപനം. കെ.ജി. ജോര്‍ജിന്റെ സിനിമകള്‍ മഹത്തരമാവുന്നത് അവ ബൗദ്ധികതയുടെ 'ഭാരം' ചുമക്കുന്നില്ല എന്നതാണത്രേ.  സിനിമയുടെ കാര്യമെടുത്താല്‍, കേരളത്തിലെ മേളയില്‍   ആദരിക്കപ്പെട്ട, രാഷ്ട്രീയ സിനിമയുടെ അപ്പോസ്തലന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൊദാര്‍ദിന്റെ സിനിമകളിലെ തത്വചിന്തയെ, പരാമര്‍ശങ്ങളെ ഒഴിവാക്കി നാം എങ്ങിനെ ആസ്വദിക്കും? ഒരു മാര്‍ക്‌സിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൊദാര്‍ദിന്റെ സിനിമകളില്‍ എന്ന പോലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി നാം കണ്ട ബേലാ താറിന്റെ സിനിമകളിലും ബൗദ്ധികതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ന് നാം ഇന്‍ഫോര്‍മേഷന്‍ ഭുജിച്ച് ജീവിക്കുന്നവരാണ്. മനനം എന്നൊരു പ്രക്രിയ ഇല്ലാതായിരിക്കുന്നു. ഈ ഇന്‍ഫോര്‍മേഷന്റെ അടിസ്ഥാനത്തിലാണ് നാം ചര്‍ച്ചകള്‍ നടത്തുന്നത്. ഇതൊക്കെക്കൊണ്ടാണ് നമ്മുടെ സിനിമയില്‍ പുതിയ ആശയങ്ങള്‍ കടന്നുവരാത്തത്. അതുകൊണ്ടുതന്നെ സിനിമയുടെ ആവിഷ്‌കാരത്തിലും രൂപത്തിലും പുതിയ ആശയങ്ങള്‍ കടന്നുവരുന്നില്ല. ഡിജിറ്റലിന്റെ വരവോടെ സാങ്കേതിക വിദ്യ യഥേഷ്ടം ലഭ്യമായി എന്നതിനാല്‍ എല്ലാവരും സിനിമാ സംവിധായകരാവുന്നു. സിനിമയിലെ ഈ ജനാധിപത്യം വലിയ കാര്യം തന്നെ. എന്നാല്‍, സാങ്കേതികത എന്ന ടൂള്‍ ലഭ്യമായതുകൊണ്ട് മാത്രം നല്ല സിനിമയുണ്ടാവില്ലല്ലോ. സിനിമയെ സംബന്ധിക്കുന്ന ആഴത്തിലുള്ള ചിന്തയും സര്‍ഗ്ഗാത്മകതയും ഒപ്പം വേണം.

 

#outlook
Leave a comment