TMJ
searchnav-menu
post-thumbnail

Outlook

വെള്ളത്തിൽ മീനെന്ന പോലെ ഞങ്ങളുടെ ഇന്നച്ചൻ

28 Mar 2023   |   4 min Read
രേണു രാമനാഥ്

ഴുപത്തഞ്ചു വർഷത്തെ ജീവിതവും, അമ്പതോളം വർഷത്തെ സിനിമാജീവിതവും അവസാനിപ്പിച്ച് ഇന്നസെന്റ് എന്ന ഒറ്റപ്പേരിലറിയപ്പെട്ടിരുന്ന ആ മഹാനടൻ നമുക്കിടയിൽ നിന്ന് മാഞ്ഞുപോകുമ്പോൾ ബാക്കിയാവുന്നത് വെള്ളിത്തിരയിൽ മാത്രമല്ല, നാട്ടിലും നാട്ടുവഴികളിലും അദ്ദേഹം വിതറിയിട്ടുപോയ ജീവിതത്തിന്റെ നുറുങ്ങുകളാണ്.

എനിക്ക് ഇന്നസെന്റ് എന്ന സിനിമാനടനെ അറിയില്ലായിരുന്നു. അറിയാമായിരുന്നത് സിനിമാനടനായിത്തീർന്ന ഇന്നസെന്റിനെയായിരുന്നു. ചലച്ചിത്രരംഗത്തെ ഞാനറിയുന്നതു തന്നെ ഇന്നസെന്റിന്റെയും അതിനു മുമ്പ് സംവിധായകൻ എം മോഹന്റെയും, അതിനും മുമ്പ് ഗായകൻ പി. ജയചന്ദ്രന്റെയുമെല്ലാം പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു ലോകമെന്ന നിലയ്ക്കായിരുന്നു. ഇരിങ്ങാലക്കുടയിൽ വളർന്ന കെ വി രാമനാഥൻ മാഷിന്റെ മകൾക്ക് അങ്ങനെയാവാതെ നിവൃത്തിയില്ലായിരുന്നല്ലോ.

ഇന്നസെന്റിനെ ഞാൻ ആദ്യമായി കണ്ടതെന്നാണെന്ന് ഇരിങ്ങാലക്കുടയിൽ വളർന്ന എന്റെ പല സമപ്രായക്കാരേയും പോലെ, എനിക്കോർമ്മയില്ല. ഞങ്ങൾക്ക് ഓർമ്മവെയ്ക്കും മുമ്പ് ഇന്നസെന്റ് ഞങ്ങളെയൊക്കെ കണ്ടിട്ടുണ്ടാകും, എടുത്തു നടന്നിട്ടുണ്ടാകും. ഞങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഞങ്ങളുടെ മാതാപിതാക്കളുടെ ഉൽക്കണ്ഠകൾ പങ്കുവെച്ചു കൊണ്ട് കണ്ടുനിന്നിട്ടുണ്ടാകും. വിവാഹങ്ങളിൽ പങ്കെടുത്തിട്ടുണ്ടാകും. ജീവിതപ്രതിസന്ധികളിൽ ഓടിയെത്തിയിട്ടുണ്ടാകും. ചേർത്തുനിർത്തിയിട്ടുണ്ടാകും. ഇത് എന്നെ സംബന്ധിച്ചു മാത്രമല്ല, ഇരിങ്ങാലക്കുടയിലെ അനേകരെ സംബന്ധിച്ചുള്ള യാഥാർത്ഥ്യമാണ്. ഞങ്ങൾക്ക് ഇന്നസെന്റ് സിനിമാനടനായിരുന്നില്ല. സ്‌നേഹവാനായ നാട്ടുകാരൻ. എന്ത് പ്രശ്‌നമുണ്ടായാലും സമീപിക്കാനൊരാൾ. ഇന്നസെന്റിനെ സംബന്ധിച്ചും, ഒരു ചലച്ചിത്രനടന്റെ പൊതുജനസമ്പർക്കോപാധിയായിരുന്നില്ല ഈ സാമൂഹ്യബന്ധങ്ങൾ. രാഷ്ട്രീയക്കാരന്റേതുമായിരുന്നില്ല. വെള്ളത്തിൽ മീനെന്ന പോലെ സ്വന്തം നാട്ടുകാർക്കിടയിൽ മാത്രം ജീവിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു സാധാരണക്കാരന്റെ രീതികൾ മാത്രമായിരുന്നു.



എഴുപതുകളുടെ ആദ്യപകുതിയിൽ, 'നൃത്തശാല,' ഫുട്‌ബോൾ ചാമ്പ്യൻ,' 'ജീസസ്' രാമു കാര്യാട്ടിന്റെ 'നെല്ല്' തുടങ്ങിയ ചിത്രങ്ങളിൽ കൊച്ചുകൊച്ചു റോളുകളിൽ തലകാണിച്ച ഇന്നസെന്റ് നടനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത് ഇരിങ്ങാലക്കുടക്കാരനായ സംവിധായകൻ എം. മോഹന്റെ ചിത്രങ്ങളിലൂടെയാണ്. 1978-ൽ ഇറങ്ങിയ മോഹന്റെ 'രണ്ടു പെൺകുട്ടികൾ', 'കൊച്ചു കൊച്ചു തെറ്റുകൾ,' 'വിടപറയും മുമ്പേ' തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു ഇന്നസെന്റ് എന്ന നടൻ ഉദിച്ചുയർന്നു തുടങ്ങിയത്. എൺപതുകളുടെ ആദ്യപകുതിയിൽ ചലച്ചിത്രനിർമ്മാതാവെന്ന നിലയിലാണു ഇന്നസെന്റ് പ്രവർത്തിച്ചത്. പിന്നീട് ആ പണി പൂർണ്ണമായും നിർത്തി മുഴുവൻ സമയവും അഭിനയത്തിൽ കേന്ദ്രീകരിക്കുകയായിരുന്നു. ആ കാലഘട്ടങ്ങളിലെ സംഭവവികാസങ്ങളൊക്കെ വീട്ടിലെ സ്വീകരണമുറിയിലിരുന്ന് അച്ഛനോടു പറയുന്ന ഇന്നസെന്റിനെ ഓർമ്മയുണ്ട്. ഇന്നസെന്റ് പറഞ്ഞ ഇന്നസെന്റ് കഥകളേക്കാൾ ഞങ്ങൾ കേട്ടിട്ടുള്ളത് അച്ഛൻ പറഞ്ഞ ഇന്നസെന്റ് കഥകളാണ്. ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായിരുന്ന സമയത്ത്, അത്യാവശ്യം ഗുരുതരമായ ഒരാക്‌സിഡന്റ് പറ്റി ഇന്നസെന്റ് കിടപ്പിലായി. സന്ദർശിക്കാൻ ചെന്ന അച്ഛനെ സ്വന്തം അമ്മയ്ക്ക് ഇന്നസെന്റ് പരിചയപ്പെടുത്തിയത് ഇങ്ങനെയാണു - 'അമ്മേ, ഇത് നമ്മുടെ സെൻസിലാവോസിന്റെ മാഷാ...'' സെൻസിലാവോസ് ഇന്നസെന്റിന്റെ അനിയൻ. അമ്മ ചോദിച്ചു - 'അതെന്താടാ, അപ്പോ നിന്റെ മാഷല്ലെ?' ക്ലാസിക്ക് മറുപടിയായിരുന്നു ഇന്നസെന്റിന്റേത്. ''അതിനു ഞാൻ മാഷ്‌ടെ ക്ലാസു വരെ എത്തീട്ടുണ്ടെങ്കിലല്ലേ!''

ഇന്നസെന്റിന്റെ പ്രശസ്തമായ എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസകാലത്തിനിടയിൽ നാഷണൽ സ്‌കൂളിൽ ചെലവിട്ടത് ഏഴാം ക്ലാസ് വരെ മാത്രമായിരുന്നു. അച്ഛനാണെങ്കിൽ ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നല്ലോ. അപ്പോൾപ്പിന്നെ സാങ്കേതികമായി അച്ഛന്റെ ശിഷ്യനാണെന്നവകാശപ്പെടാനാവില്ലല്ലോ. സാങ്കേതികമായി അച്ഛൻ പഠിപ്പിച്ചിട്ടില്ലെങ്കിലും, രാമനാഥൻ മാഷുടെ ശിഷ്യന്മാരിൽ ഒരാളായിട്ടാണു ഇന്നസെന്റ് സ്വയം കണക്കാക്കിയിരുന്നത്, അച്ഛൻ തിരിച്ചുമതെ. ശിഷ്യത്വം പലവഴിക്കാകാമല്ലോ.

അച്ഛന്റെ ശിഷ്യന്മാർക്കും അടുത്ത സുഹൃത്തുക്കൾക്കുമൊക്കെ പല ഡിഗ്രിയിലുള്ള 'അമ്മാമൻ - അങ്കിൾ - മാമ' തുടങ്ങിയ വിളിപ്പേരുകൾ കൊടുക്കുന്നതിൽ വിദഗ്ദ്ധയായിരുന്നു ഞാൻ കുട്ടിക്കാലത്ത്.   പക്ഷെ, ഇന്നസെന്റിനെ ഒരിക്കലും മാമൻ എന്നോ അങ്കിൾ എന്നോ വിളിച്ചിട്ടേയില്ല.  ഇന്നസെന്റ് എന്ന പേരിന്റെ കൂടെ അത്തരം അലങ്കാരങ്ങളൊന്നും ചേരാത്തതുകൊണ്ടായിരിക്കാം. ഇന്നസെന്റേട്ടൻ എന്നാണു ഇരിങ്ങാലക്കുടക്കാർ അധികവും വിളിക്കാറുള്ളത്. സ്വകാര്യസംഭാഷണങ്ങളിൽ പരാമർശിക്കുമ്പോൾ 'ഇന്നച്ചൻ' എന്നും.



ഇന്നസെന്റ് ഫലിതങ്ങൾ വേദികൾക്കു വേണ്ടി കെട്ടിച്ചമയ്ക്കപ്പെടുന്നവയല്ല, സ്വാഭാവികമായി പൊട്ടിവിരിയുന്നവയാണെന്ന് കേട്ടറിഞ്ഞവരാണു ഞങ്ങളൊക്കെ. അനിയത്തി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്തൊരിക്കൽ, വീട്ടിൽ വന്നിരുന്നുള്ള വെടിവട്ടത്തിനിടയിൽ അതിലേ ചാടിക്കളിച്ചിരുന്ന അവളെ ഇന്നസെന്റ് തന്റെ ചെരിഞ്ഞ നോട്ടം നോക്കി. ''അല്ലാ, നീയിപ്പോ എത്രാം ക്ലാസിലായി?'' എന്നു ചോദിച്ചു. 'എട്ടിൽ,' എന്ന് മറുപടി കേട്ടതും വന്നു ഉപദേശം.'' അതേയ്, മതി, മതി, നിർത്തിക്കോ. എട്ടാം ക്ലാസ് ധാരാളം. അത്ര പഠിച്ചാ മതി. അതിലുമപ്പുറം പോയാ ശര്യാവില്ല!''

വർഷങ്ങൾക്കു ശേഷം ഹയർ സെക്കണ്ടറി അദ്ധ്യാപികയായ അവൾ കൂത്തുപറമ്പിൽ നിന്ന് തൃശൂർ ജില്ലയിലേക്ക് സ്ഥലം മാറ്റത്തിനുള്ള അപേക്ഷയുടെ കടലാസുകൾ ശരിയാക്കുന്നതിനിടയിൽ എംപിയുടെ കത്തുകിട്ടാനായി ചെന്നപ്പോൾ, പഴയ എട്ടാം ക്ലാസ് കഥ നിർദ്ദയം ഓർമ്മിപ്പിച്ചു എം പി. ''നിന്നോടന്ന് ഞാൻ പറഞ്ഞതല്ലേ, എട്ടിൽ പഠിപ്പ് നിർത്തിക്കോളാൻ! പറഞ്ഞത് കേട്ടോ? എന്നിട്ടിപ്പോ എന്തായി?
എട്ടാം ക്ലാസ് പാസാവാത്ത എന്റെ ഒരൊപ്പിനു വേണ്ടി കാത്തുകെട്ടി നിക്കണ്ടി വന്നില്യേ? ഇതാ പറയണത് മൂത്തോരു പറഞ്ഞാ കേക്കണം ന്ന് !''

കഥകൾ ഒരുപാടുണ്ട്. സിനിമാതാരമായ ഇന്നസെന്റിനെപ്പറ്റിയോ, രാഷ്ട്രീയനേതാവായ ഇന്നസെന്റിനെപ്പറ്റിയോ അല്ല. കുടുംബ സുഹൃത്തായ ഇന്നസെന്റിനെപ്പറ്റി. സിനിമയിലൊക്കെ കേറി അത്യാവശ്യം കാശുണ്ടാക്കിത്തുടങ്ങിയപ്പോൾ ഇന്നസെന്റ് ഒരു കാറു വാങ്ങിച്ചു. മാരുതി കാറുകൾ ഹരമായി വന്നുതുടങ്ങിയ കാലമായിരുന്നു അത്. പുതിയ കാറിൽ വീട്ടിൽ വന്നിറങ്ങിയ ഇന്നസെന്റ് അച്ഛനോടു പറഞ്ഞു. ''മാഷേ, ചോന്ന മാരുതി കാറു വാങ്ങണ്ടാന്ന് വെച്ചു. വെള്ളയാ വാങ്ങീത്. ചോപ്പ് മാരുതി കാറു വാങ്ങിച്ചാ, ഒരുമാതിരി പുത്തൻപണക്കാരുടെ പോലെ തോന്നും. അല്ലാ, മ്മളു പുത്തൻ പണക്കാരനാണല്ലോ!"

ഹിന്ദുവിൽ റിപ്പോർട്ടറായി കൊച്ചിയിലെത്തിയ ശേഷമാണു സിനിമാക്കാരനായ ഇന്നസെന്റിനെ ശരിക്കു കണ്ടുതുടങ്ങുന്നത്. അക്കാലത്തായിരുന്നു ‘AMMA’  യുടെയും  ‘MACTA ’യുടെയുമൊക്കെ രൂപീകരണവും മലയാള ചലച്ചിത്രരംഗത്തെ രൂക്ഷമായ വഴക്കുകളും പോർവിളികളുമൊക്കെ സംഭവിച്ചുകൊണ്ടിരുന്നത്. അതൊക്കെ എന്റെ ‘ബീറ്റാ’യിരുന്നു.  അന്ന് സിനിമാലോകത്ത് കൊടുമ്പിരിക്കൊണ്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ എന്റെ സ്ഥിരം ‘സോഴ്സ്’ ആയിരുന്നു അമ്മയുടെ പ്രസിഡണ്ടായിരുന്ന ഇന്നസെന്റ്. ‘രേണുവാണു വിളിക്കുന്നത് , എവിടെയാണു? ഇന്ന വിഷയം സംസാരിക്കാനുണ്ട്, കാണാൻ പറ്റുമോ?’ എന്ന് ചോദിച്ചാലുടൻ മറുപടി വരും. “ഞാൻ ഫോണിൽ പറഞ്ഞുതരാം. നീയിപ്പോ ഇങ്ങോട്ടൊന്നും വന്ന് ബുദ്ധിമുട്ടണ്ട.” എന്നെ സിനിമാസെറ്റിലേക്ക്  വരുത്താതിരിക്കാൻ ഇന്നസെന്റ് പ്രത്യേകം ശ്രദ്ധിക്കുകയായിരുന്നോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ‘മാഷ് ടെ മകൾ’ അങ്ങനെ സിനിമാസെറ്റിലൊന്നും കയറിയിറങ്ങണ്ടാ എന്ന തനി ഇരിങ്ങാലക്കുടക്കാരന്റ് യാഥാസ്ഥിതികബോധമായിരുന്നിരിക്കാം.  സ്വതേ തലതിരിഞ്ഞ റെബൽ ആയിരുന്നിട്ടും, എന്തുകൊണ്ടോ അതിനെ ചോദ്യം ചെയ്യാൻ അന്ന് നിന്നിരുന്നില്ല.  



ചലച്ചിത്രരംഗത്ത് ഇന്നസെന്റും  കൂട്ടരും എടുത്ത പല നിലപാടുകളോടും കടുത്ത വിയോജിപ്പുണ്ടായിട്ടുണ്ട്. അത് പ്രകടിപ്പിക്കുകയും നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഒരിക്കൽപ്പോലും നേരിട്ട് വാഗ്വാദങ്ങളോ ഏറ്റുമുട്ടലുകളോ ഉണ്ടായിട്ടില്ലായിരുന്നു. പലപ്പോഴും, ഇന്നസെന്റിന്റെ നിലപാടുകളെയും പ്രസ്താവനകളെയും ചൊല്ലി അച്ഛനോടും അമ്മയോടും വാഗ്വാദം നടത്തിയിട്ടുണ്ടെന്നു മാത്രം.  ‘നിങ്ങളുടെ സ്വന്തം ആളല്ലേ ? വിളിച്ച് ചോദിച്ചു കൂടെ, ഇമ്മാതിരി വർത്തമാനമൊക്കെ പറയാമോയെന്ന് !’ എന്നൊക്കെ ഒച്ചയിട്ടിട്ടുണ്ട് വീട്ടിൽ.  സമാധാനപ്രിയനായ രാമനാഥൻ മാഷ് ചോദിക്കാനൊന്നും നിന്നിട്ടുണ്ടാവില്ല എന്നത് വേറെ കാര്യം. അച്ഛനെ സംബന്ധിച്ച്, ഇരിങ്ങാലക്കുടയിലെ ആദ്യകാല കമ്യൂണിസ്റ്റുകളിൽ ഒരാളായിരുന്ന, അതും ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് കമ്യൂണിസ്റ്റായ, തെക്കേത്തല വറീതിന്റെ മകനായിരുന്നു ഇന്നസെന്റ് എല്ലാക്കാലത്തും.  

പഠനം എട്ടാം ക്ലാസ് വരെ മാത്രമെങ്കിലും വളരെ കുശാഗ്രബുദ്ധി തന്നെയായിരുന്നു ഇന്നസെന്റ് എന്ന് അടുത്തിടപഴകിയിട്ടുള്ളവർക്കൊക്കെ അറിയാം.  'AMMA’ എന്ന സംഘടനയുടെ രൂപീകരണം മലയാളചലച്ചിത്ര രംഗത്തെ എങ്ങനെയൊക്കെ മാറ്റിമറിച്ചുവെന്നു നിരീക്ഷിച്ചിട്ടുള്ളവർക്കറിയാം ആ കുശാഗ്രബുദ്ധിയുടെ രീതികൾ. പൊതുവെ സിനിമാക്കാരുടെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്യാത്ത മലയാളികൾ ചാലക്കുടീയിൽ നിന്ന് ഇന്നസെന്റിനെ തെരഞ്ഞെടുക്കുന്നത് സി പി എം സ്വതന്ത്രൻ എന്ന രാഷ്ട്രീയമേൽ വിലാസത്തിൽ തന്നെയായിരുന്നു.  എം പിയായിരുന്ന സമയത്ത്, പാർട്ടിയൂടെയും മുന്നണിയുടെയും ചട്ടക്കൂടു മനസ്സിലാക്കി പ്രവർത്തിക്കാനും, നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കു വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്യാനും ശ്രദ്ധിച്ച പൊതുപ്രവർത്തകൻ കൂടിയായിരുന്നു.

2016 ഫെബ്രുവരി 11-നു രാത്രി. ഭാരത് രംഗ് മഹോത്സവിലെ സെമിനാറിൽ പങ്കെടുക്കാൻ പോയ ഞാൻ മടക്കയാത്രയ്ക്കായി എയർപോർട്ടിൽ ഒരു മണിക്കൂറോളം വൈകിയ എയർ ഇന്ത്യ വിമാനത്തിനായി കാത്തിരിക്കുമ്പോഴാണു ഇന്നസെന്റിനെ കണ്ടത്. എന്നെ കണ്ടതും അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു. എയിം സിലെ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്നു അപ്പോൾ. രാജന്റെ രോഗവിവരങ്ങളൊക്കെ അന്വേഷിച്ചു. ചുറ്റും കൂടിയവരോട് നർമ്മസംഭാഷണങ്ങൾ നടത്തി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപികയായ രത്നാ പണിക്കരും, ഭർത്താവും കൂടെയുണ്ടായിരുന്നു അവിടെ.

ആ യാത്രയ്ക്കൊടുവിൽ ഞാൻ നാട്ടിലെത്തുമ്പോഴേക്കും, രാജൻ പോയിക്കഴിഞ്ഞിരുന്നു. പിറ്റേന്ന് വീട്ടിലെത്തിയ ജനാവലിയ്ക്കിടയിലൂടെ ഓടിപ്പിടഞ്ഞെത്തിയ ഇന്നസെന്റ് നടുക്കം മാറാത്ത മുഖത്തോടെ എന്നോടു ചോദിച്ചു: "ഇന്നലെ നമ്മൾ എയർപോർട്ടിൽ സംസാരിച്ചിരിക്കുമ്പോൾ..."  ആ സമയം ഇന്നസെന്റിന്റെ മുഖത്ത് ചിരിയില്ലായിരുന്നു.

എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും അച്ഛനുമായി പങ്കുവെയ്ക്കാനെത്തുന്ന, എന്തുണ്ടായാലും ഓടിയെത്തുന്ന കുടുംബസുഹൃത്തിനെയാണു അച്ഛനുമമ്മയ്ക്കും, എനിക്കും അനിയത്തിക്കും, അജയനും, അനന്തുവിനും നഷ്ടമായിരിക്കുന്നത്. ആലീസ് ചേച്ചിയുടെയും സോണറ്റിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു...

നാട്ടിലെ 'കാരണവന്മാർ' ഓരോരുത്തരായി പോവുകയാണു. ചന്ദ്രമാമ നേരത്തെ പോയി. ഇപ്പോഴിതാ ഇങ്ങേരും. കുറച്ചു കാലം കൂടി നമ്മളോടൊപ്പം ഉണ്ടാവാമായിരുന്ന ആൾക്കാരായിരുന്നു...






#Innocent
Leave a comment