TMJ
searchnav-menu
post-thumbnail

Outlook

നമ്മുടെ കപട ശാസ്ത്ര ബോധം

06 Apr 2023   |   3 min Read
കെ ബാബു ജോസഫ്

ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വമ്പിച്ച പുരോഗതി അവകാശപ്പെടുന്നുണ്ടെങ്കിലും, നമ്മുടെ ശാസ്ത്ര ബോധം വളരെ പരിമിതമാണ്. ഇവിടെ ചില മുന്‍നിര ശാസ്ത്രജ്ഞര്‍ പോലും റോക്കറ്റ് വിക്ഷേപണം, അണുവിസ്‌ഫോടനം തുടങ്ങിയ പ്രധാനപ്പെട്ട പരീക്ഷണങ്ങളുടെ വിജയം പ്രകൃത്യാതീത ശക്തികളെ ആശ്രയിക്കുന്നുവെന്ന് വിശ്വസിക്കുന്നു. ശാസ്ത്രബോധം പൗരരുടെ ചുമതലയാണെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും, നെഹ്രുവിനുശേഷം ഏതെങ്കിലും നേതാവ് ഇതേപ്പറ്റി ജനങ്ങളെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ടോ? ശാസ്ത്രത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ ഇവിടെ ആരും തയ്യാറല്ല!

എന്താണ് ശാസ്ത്ര ബോധം? പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രകാശിപ്പിക്കപ്പെടുന്ന അറിവാണ് ശാസ്ത്രം അല്ലെങ്കില്‍ സയന്‍സ്. ദര്‍ശനം അല്ലെങ്കില്‍ തത്വചിന്ത ശാസ്ത്രമല്ല. പുരാതന ഭാരതത്തില്‍ ദര്‍ശനത്തിനു പുറമെ, ഗണിതം, ജ്യോതിശാസ്ത്രം, രസതന്ത്രം, ലോഹവിദ്യ, വൈദ്യം തുടങ്ങിയ ശാഖകള്‍ ശാസ്ത്രമായിത്തന്നെ വികസിപ്പിക്കപ്പെട്ടു. എന്നാല്‍ മതങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള ബാന്ധവത്തിന്റെ ഫലമായി, ജ്യോതിഷം, മന്ത്രവാദം, ആഭിചാരം തുടങ്ങിയവ ഇന്നും  പ്രചാരമുള്ള ചില വ്യാജശാസ്ത്ര മേഖലകളാണ്. ഇവയ്‌ക്കെതിരെ ശബ്ദിച്ചാല്‍, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരെപ്പോലെ ജീവഹാനിപോലും ഉണ്ടാകാം. ആഭിചാരക്രിയകളിലൂടെ ധനസമ്പാദനം, ഇഷ്ടകാര്യലബ്ധി, ശത്രുസംഹാരം, ദോഷപരിഹാരം തുടങ്ങിയവ സാധിക്കുമെന്നാണ് കേരളത്തില്‍ പോലും ധാരാളം ആളുകള്‍ വിശ്വസിക്കുന്നത്. ഇത്തരം വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ സിനിമ, സീരിയല്‍ കലാരംഗങ്ങളും തയ്യാറാണ്.

നവോത്ഥാനത്തിന്റെ ഫലമായിട്ടാണ് യൂറോപ്പില്‍ ശാസ്ത്ര പഠനത്തിന് പ്രാധാന്യം കൈവന്നത്. പ്രകൃതിയുടെ പുസ്തകം ഗണിതത്തിന്റെ ഭാഷയില്‍ രചിക്കപ്പെട്ടിരിക്കുന്നുവെന്ന് ഗലീലിയോ പറഞ്ഞത്, പ്രകൃതിയില്‍ ശാസ്ത്രത്തിനും യുക്തിക്കുമുള്ള പ്രാധാന്യത്തിന് അടിവരയിടുന്നു. വിശ്വാസമല്ല പ്രകൃതിയെ ഭരിക്കുന്നതെന്നാണിതിന്റെ വ്യാഖ്യാനം ശാസ്ത്രത്തിന്റെ മൗലിക പ്രാധാന്യം തിരിച്ചറിഞ്ഞാല്‍ മാത്രമെ ഇന്ത്യയില്‍ നവോത്ഥാനം ആരംഭിച്ചു എന്ന് പറയാന്‍ കഴിയൂ. ജനാധിപത്യവും സാമൂഹ്യ നീതിയും യാഥാര്‍ത്ഥ്യമാകുന്നതിന് മനുഷ്യരുടെ ജനിതകാടിസ്ഥാനത്തിലുള്ള തുല്യത അംഗീകരിക്കപ്പെടണം. ചാതുര്‍വര്‍ണ്യവ്യവസ്ഥ ശാസ്ത്രീയ സത്യങ്ങള്‍ക്കപ്പുറമാണെന്ന സങ്കല്പം ഇപ്പോഴും സമൂഹത്തില്‍ കുടികൊള്ളുന്നു. അതുപോലെ, ഭിന്ന മതാനുയായികള്‍ എല്ലാ അര്‍ത്ഥത്തിലും സമാനരാണെന്ന് സമ്മതിക്കാന്‍ കൂട്ടാക്കാത്തവര്‍ ധാരാളമുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനം ജാതിശുദ്ധിയെപ്പറ്റിയുള്ള വികല ധാരണകളാണ്. വിവാഹത്തിന്റെ കാര്യത്തില്‍ ജാതി ബോധം സൃഷ്ടിക്കുന്ന ദുര്‍ഘടങ്ങള്‍ നമുക്ക് സുപരിചിതമാണ്.


Representaional Image | Flickr

വേറെയും ഒട്ടേറെ പ്രശ്‌നങ്ങളുടെ ഉറവിടം അശാസ്ത്രീയമായ ജാതി സങ്കല്പമാണ്. സവര്‍ണര്‍-അവര്‍ണര്‍ എന്നുള്ള വിഭജനം തന്നെ ശാസ്ത്രവിരുദ്ധമാണ്. ഭരണഘടന ജനങ്ങളുടെ തുല്യതയെ ഒരു മൗലിക വസ്തുതയായി പ്രഖ്യാപിച്ചെങ്കിലും അതിപ്പോഴും പ്രയോഗത്തില്‍ വന്നിട്ടില്ല. ഒമ്പതുവയസ്സുള്ള ഒരു അവര്‍ണപ്പെണ്‍കുട്ടി സവര്‍ണ അധ്യാപികയുടെ വെള്ളമെടുത്തു കുടിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടത് അടുത്ത കാലത്താണ്. കുപ്രസിദ്ധമായ കെവിന്‍ വധക്കേസ് സമൂഹത്തില്‍ നടമാടുന്ന അശാസ്ത്രീയ സങ്കല്പങ്ങളുടെ സ്വാധീനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇലന്തൂരില്‍ നടന്ന നരബലികള്‍ പണം ഉണ്ടാക്കുന്നതിന് ഏതു മാര്‍ഗവും അവലംബിക്കാമെന്ന് ചിലര്‍ക്കുള്ള ധാരണയെ സൂചിപ്പിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നരബലി അപൂര്‍വമല്ല. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് സിദ്ധിച്ചിട്ടില്ല എന്നതാണ് സത്യം.

രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള പല നടപടികളും സാമൂഹ്യനീതിയെന്ന ശാസ്ത്രീയ കാഴ്ചപ്പാടിന് കടകവിരുദ്ധമാണ്. സാമൂഹിക അസമത്വത്തെ ചെറുക്കുന്നതിനാണ് പട്ടിക വിഭാഗങ്ങള്‍ക്കായി ഭരണഘടനയില്‍ സംവരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ പരിഷ്‌കാരത്തെ പിന്തള്ളുന്ന സാമ്പത്തിക സംവരണം പോലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഭാരതീയ ദര്‍ശനത്തിന് ലോകമൊട്ടാകെ വമ്പിച്ച താല്പര്യം സൃഷ്ടിക്കപ്പെട്ടത് അദ്വൈത സിദ്ധാന്തത്തിന്റെയും ബുദ്ധ-ജൈന സിദ്ധാന്തങ്ങളുടെയും പ്രചാരത്തോടെയാണ്. അദ്വൈതം ശാസ്ത്രീയമായി ഒരു ഒന്നാംകിട തത്വചിന്തയാണ്. ഏകീകരണമാണല്ലോ ഭൗതിക ശാസ്ത്രത്തിന്റെയും പ്രഖ്യാപിത പ്രവണത. എന്നാല്‍ മതവും രാഷ്ട്രീയവും വിശ്വാസത്തിന്റെ പേരുപറഞ്ഞ് സമൂഹത്തില്‍ വിഭജനങ്ങള്‍ ഉണ്ടാക്കുകയാണിന്ന് ചെയ്യുന്നത്. അദ്വൈതത്തില്‍ നിന്നെത്രയോ അകലെയാണ് നമ്മള്‍!

ചരിത്രത്തെ വളച്ചൊടിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാട് അശാസ്ത്രീയമാണ്. അയ്യായിരമോ അതിലധികമോ വര്‍ഷം മുമ്പ് ഭാരതത്തില്‍ കൂറ്റന്‍ കപ്പലുകള്‍, വിമാനങ്ങള്‍, റോക്കറ്റുകള്‍ തുടങ്ങിയവ നിര്‍മിക്കുകയും ഗ്രഹാന്തരയാത്രയ്ക്കു പോലും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്ര വണിക്കുകളുണ്ടിവിടെ. ഇല്ലാത്തതുണ്ടെന്നു ഭാവിച്ചാല്‍ പൊല്ലാത്തതു വരുമെന്ന ചൊല്ല് ഓര്‍മ വരുന്നു.


Photo: PTI

ശാസ്ത്രവും മതവും തമ്മിലുള്ള സംഘര്‍ഷത്തിനൊരു മുഖ്യകാരണം വിശുദ്ധ ഗ്രന്ഥങ്ങളെന്ന് കരുതപ്പെടുന്ന പുരാണകൃതികള്‍ അടിസ്ഥാനപരമായി അല്പം ചരിത്രവും ഒത്തിരി ഭാവനയും കൂട്ടിച്ചേര്‍ത്തു നിര്‍മിച്ചതാണ് എന്ന് അംഗീകരിക്കാനുള്ള വിമുഖതയാണ്. അവയിലെ ഓരോ വാക്കും പൂര്‍ണ സത്യമാണെന്ന ശാഠ്യം നമ്മെ മുന്‍നിര ശാസ്ത്രത്തില്‍ നിന്ന് അകറ്റും. അര്‍ത്ഥശൂന്യമായ ആചാരങ്ങളും വിശ്വാസങ്ങളും എല്ലാ മതങ്ങളിലും സംസ്‌കാരങ്ങളിലും അടിഞ്ഞുകൂടിയിട്ടുണ്ട്.

ജ്യോതിഷത്തിന്റെ കാര്യമെടുക്കുക. ഗ്രഹനിലയെ ആശ്രയിച്ചാണ് മനുഷ്യന്റെ ഭാവി നിര്‍ണയിക്കപ്പെടുക എന്നത് മതനിരപേക്ഷമായ, ഒരബദ്ധവിശ്വാസമാണ്. ശാസ്ത്രീയ തെളിവുകളില്ലാത്ത ഒരു ഭാവനാമേഖല എന്ന് ഇതിനെ വിശേഷിപ്പിക്കാം. വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് മുഹൂര്‍ത്തം നിശ്ചയിക്കുന്നതും പില്ക്കാല അനുഭവങ്ങളുമായി ബന്ധമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. അനുദിനം വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചന നിരക്കു തന്നെ ഇതിന് സാക്ഷ്യമാണ്‌.

പണ്ട് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ജാതിയുടെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് ഒരു പരിധി വരെ ഇപ്പോഴും പ്രസക്തമാണ്. ജാതിയുടെ ഭ്രാന്താലയം എന്നതിനു പകരം യാഥാസ്ഥിതികതയുടെ ഭ്രാന്താലയമെന്ന വിശേഷണമാണ് കേരളത്തിന് ഇപ്പോള്‍ കൂടുതല്‍ ചേരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു സമ്പൂര്‍ണ നിയമം പാസ്സാക്കുന്നതിന് നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. വിശ്വാസ പ്രേരിതമായ ഹീന പ്രവൃത്തികള്‍ ഇപ്പോഴും തുടരുന്ന മലയാളികള്‍ വെറും കാപാലിക ജനത എന്ന വിശേഷണത്തിനാണ് അര്‍ഹര്‍.

ആധുനികത ബാഹ്യമോടിയിലല്ല, വിശ്വാസങ്ങളിലും മനോഭാവങ്ങളിലും ആണ് പ്രതിഫലിക്കേണ്ടത്. വിമര്‍ശനത്തെ പോസിറ്റീവായി എടുക്കുന്ന സമീപനം നമ്മുടെ സമൂഹത്തില്‍ നിന്ന് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും അല്ല, ചിന്തിച്ചതിനും പറഞ്ഞതിനും പ്രചരിപ്പിച്ചതിനുമാണ് ശിക്ഷ. സഹിഷ്ണുത ഇല്ലാത്ത ജനതയായി നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ആള്‍ക്കൂട്ടക്കൊലപാതകവും, സദാചാര പോലീസിംഗും നമ്മളെ ലോകത്തിനു മുന്നില്‍ അപഹാസ്യരാക്കി നിര്‍ത്തുന്നു. ഇത് നാശത്തിന്റെ വഴിയാണ്. ശാസ്ത്രീയ മുന്നേറ്റം നമുക്കൊരു മോഹസ്വപ്നമായി അവശേഷിക്കുമോ? വിദ്യാഭ്യാസ നിലവാരം കുറഞ്ഞുപോയതിന് ഒരു പ്രധാന കാരണം നമ്മുടെ ശാസ്ത്ര വിരുദ്ധമനോഭാവമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന രാജ്യങ്ങളില്‍ ശാസ്ത്രസാങ്കേതിക പുരോഗതിയും പിന്നാക്കം പോകുന്നു എന്നത് പ്രകടമായ പരമാര്‍ത്ഥമാണ്.

പഴയതിലേക്ക് തിരിച്ചു പോവുക എന്ന ചില നേതാക്കളുടെ ആഹ്വാനത്തെ കണ്ണുമടച്ച് അനുസരിച്ചാല്‍ രാജ്യം തന്നെ അപകടത്തിലാവും. സത്യസന്ധമായ ശാസ്ത്രബോധത്തിന്റെ അഭാവം നമ്മെ പിന്നോട്ടടിക്കും. ശരിയായ ശാസ്ത്രബോധത്തിന് യുക്തി മതിയാവില്ല, തെളിവാണ് എല്ലാറ്റിന്റെയും അടിസ്ഥാനമെന്ന വിശ്വാസം വേണം. തെളിവ് പൂര്‍ണമാകണമെങ്കില്‍, സത്യാപന വിധേയമായ പ്രവചനങ്ങളും അനിവാര്യമാണ്. ശാസ്ത്രത്തിന് പകരം വയ്ക്കാന്‍ ശാസ്ത്രമല്ലാതെ മറ്റൊന്നുമില്ല.

#outlook
Leave a comment