
പഹല്‍ഗാം:'ഇടയന്മാരുടെ താഴ്‌വര'യിലെ ചോരപ്പാടുകള്‍
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ വെടിവെപ്പില്‍ 26 പേര്‍ മരിച്ചതായാണ് വിവരം. ബൈസരന്‍ താഴ്വരയിലെ പുല്‍മേടില്‍ കുതിര സവാരി നടത്തുകയായിരുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് തീവ്രവാദികള്‍ ക്രൂരമായി ആക്രമണം അഴിച്ച് വിട്ടത്. 2019 ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികവാഹന വ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടക്കുരിതിയാണ് പഹല്‍ഗാമിലുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. 2019 ഓഗസ്റ്റില്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-വകുപ്പ് റദ്ദാക്കിയതിന് ശേഷം രൂപം കൊണ്ട ഒന്നാണ് ടിആര്‍എഫ് അഥവാ ദി റെസിസ്റ്റന്‍സ് ഫ്രണ്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തോയ്ബ എന്ന ഭീകര സംഘടനയുടെ ഒരു ഉപസംഘടനയാണ് ഇതെന്നും കരുതപ്പെടുന്നു.
ഇടയന്മാരുടെ താഴ്‌വര
ശ്രീനഗറില്‍ നിന്ന് അറുപത് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ അനന്തനാഗ് കഴിഞ്ഞാല്‍ റോഡിനു കുറുകെ 'ഇടയന്മാരുടെ താഴ്‌വരയായ പഹല്‍ഗാമിലേക്ക് സ്വാഗതം' എന്നെഴുതിയ വലിയ ബോര്‍ഡ് കാണാം. പ്രാദേശിക ഭാഷയില്‍ 'പഹല്‍' എന്നാല്‍ 'ഇടയന്മാര്‍' എന്നും 'ഗാം' എന്നാല്‍ 'ഗ്രാമം' എന്നുമാണ്. സമുദ്രനിരപ്പില്‍ നിന്ന് 2,200 മീററര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് പഹല്‍ഗാം. പൈന്‍മരങ്ങളും കോണിഫെറസ് വാനനിരകളും, പച്ചപ്പും മഞ്ഞും നിറഞ്ഞ താഴ്‌വാരങ്ങളും വന്‍മതില്‍ തീര്‍ത്തിരിക്കുന്ന മലനിരകളും വളഞ്ഞുപുളഞ്ഞൊഴുകുന്ന ലിഡ്ഡര്‍ നദിയും പഹല്‍ഗാമിനെ മനോഹരമാക്കുന്നു.
കശ്മീരില്‍ ഏറ്റവും താഴെത്തട്ടിലുള്ള ജീവിതം നയിക്കുന്നവര്‍ ആണ് പഹല്‍ഗാം നിവാസികള്‍. ഇവരില്‍ ഏറിയ പങ്കും നാടോടിജീവിതം നയിക്കുന്നവരാണ്. വളരെ പ്രാചീനമെന്നു തോന്നുംവിധം ഉരുളന്‍കല്ലും ചെളിയുംകൊണ്ട് തീര്‍ത്ത ചെറുകുടിലുകളില്‍ വസിക്കുന്നവര്‍. ഇന്ത്യയിലെ സ്വര്‍ഗ്ഗഭൂമി എന്ന് വിശേഷിപ്പിക്കാവുന്ന കശ്മീരിലെ ഗ്രാമീണജീവിതം നമ്മുടെ ചിന്തകള്‍ക്കപ്പുറമാണെന്നതിനു പഹല്‍ഗാം സാക്ഷ്യം പറയും. ബൈസരന്‍ താഴ്വര ഈ പ്രദേശത്തെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. 'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നാണ് പ്രകൃതി സൗന്ദര്യത്തിന്റെ വശ്യത ഒളിപ്പിച്ചിരിക്കുന്ന ബൈസരന്‍ താഴ്വര അറിയപ്പെടുന്നത്.
പഹല്‍ഗാം | PHOTO: WIKI COMMONS
മഞ്ഞുമൂടിയ പര്‍വതനിരകള്‍, ഇടതൂര്‍ന്ന ദേവദാരു വനങ്ങള്‍, വിശാലമായ പുല്‍മേടുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട താഴ്വര. പ്രകൃതിയുടെ ശാന്തിയും സാഹസികതയും തേടുന്ന ആയിരക്കണക്കിന് സന്ദര്‍ശകരെ ഇവിടം എല്ലാ വര്‍ഷവും ആകര്‍ഷിക്കുന്നു. സര്‍ക്കാര്‍ വെബ്സൈറ്റ് പ്രകാരം 2023ല്‍ ആകെ 14,32,439 വിനോദസഞ്ചാരികള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചു. എന്തുകൊണ്ടാണ് ഇത്രയും നിഷ്ട്ടൂരമായ ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വര തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരവും നിര്‍ഭാഗ്യവശാല്‍ പഹല്‍ഗാമിന്റെ ഭൂപ്രദേശത്തിന്റെ പ്രത്യേകതയാണ്.
പ്രകൃതി ഒരുക്കിയിരിക്കുന്ന സ്വഭാവികമായ ശാന്തതയും സൗന്ദര്യവും കൊണ്ട് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ബൈസരന്‍ വാലി പക്ഷെ വെടിയൊച്ചകളും, ചോരയും, കണ്ണീരും കൊണ്ട് നിറഞ്ഞു. അശാന്തി തളംകെട്ടി നില്‍ക്കുന്ന കാശ്മീരി ജനതയുടെ ജീവിതം പ്രമേയമാക്കിയ 'അയാം നോട്ട് ദ റിവര്‍ ഝലം' എന്ന കശ്മീരി/ഹിന്ദി ചിത്രം ആണ് ഈ അവസരത്തില്‍ ഓര്‍മ വരുന്നത്. കാശ്മീര്‍ എങ്ങനെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെും ഇടമായി മാറുന്നു എന്ന അന്വേഷണം കൂടിയാണ്, എഴുത്തുകാരനും സംവിധായകനുമായ പ്രഭാഷ് ചന്ദ്ര ഒരുക്കിയ ഈ ചിത്രം. 'Beauty and violence are no strangers' എന്ന അപ്രിയ സത്യമാണ് പ്രസ്തുത ചിത്രത്തിന്റെ കാതല്‍. ഇന്നലെ വരെ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെയും, ഒരു രാജ്യത്തിന്റെ തന്നെയാകെയും സ്വര്‍ഗഭൂമി ആയിരുന്ന ഒരിടം രാവിരുട്ടി വെളുക്കുമ്പോള്‍ മനുഷ്യവിരുദ്ധതയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു.
'ദ റെസിസ്റ്റന്‍സ് ഫ്രണ്ട്' കാശ്മീര്‍ താഴ്‌വരയിലെ ന്യൂ-ജെന്‍ തീവ്രവാദ സംഘം
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നിട്ടുള്ള 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' The Resistance Front (TRF) ലഷ്‌കര്‍ ഇ-തൊയ്ബയുടെ (എല്‍ഇടി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭീകരസംഘടനയാണ്. പാക്കിസ്ഥാന്‍ ഭീകരന്‍ ഹാഫിസ് സയീദ് ആണ് ഈ സംഘടന രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഇതൊരു ഓണ്‍ലൈന്‍ സംഘടനയായാണ് രൂപീകരിക്കുന്നത്. മാധ്യമ വാര്‍ത്തകള്‍ പ്രകാരം കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന സമൂഹ മാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗിക്കുന്നു. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം, എക്സ് എന്നിവ ഉപയോഗിച്ച് കൊണ്ട് ഇന്ത്യ വിരുദ്ധ പ്രൊപഗാണ്ട വാര്‍ത്തകളും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ലിങ്കുകളും അതുപോലെ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള വഴികളും ഇവര്‍ തേടുന്നു. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു തദ്ദേശീയ കശ്മീരി പ്രതിരോധ പ്രസ്ഥാനമായിട്ടാണ് ടിആര്‍എഫ് സ്വയം പ്രഖ്യാപിക്കുന്നു. 2023 ജനുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആര്‍എഫിനെയും അനുബന്ധ ഗ്രൂപ്പുകളെയും നിരോധിച്ചിരുന്നു.
ബൈസരന്‍ താഴ്വര | PHOTO: WIKI COMMONS
ഓണ്‍ലൈന്‍ സംഘടനയില്‍ നിന്നാണ് ആള്‍ബലം കൂടിയൊരു തീവ്രവാദ ഗ്രൂപ്പായി ടിആര്‍എഫ് മാറിയതെന്ന ക്രൂര യാഥാര്‍ഥ്യം ജനാധിപത്യ ഇന്ത്യയെ ഏറെ ഭയപ്പെടുത്താന്‍ പോന്നത് ആണ്. ഷെയ്ഖ് സജ്ജദ് ഗുല്‍ ആണ് സംഘടനയുടെ നിലവിലെ കമാന്റര്‍. മുഹമ്മദ് അബ്ബാസ് ഷെയ്ഖ്, സാജിത് ജട്ട്, സലിം റഹ്മാനി എന്നിവരും ടിആര്‍എഫിന്റെ നേതൃത്വനിരയിലുള്ള ഭീകരരാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജമ്മു കശ്മീരില്‍ ഇതിനു മുമ്പും പലവിധ ആക്രമണങ്ങള്‍ ടിആര്‍എഫ് നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ മുതല്‍ സുരക്ഷ സേനയെയും രാഷ്ട്രീയ നേതാക്കളെയും വരെ അവര്‍ ലക്ഷ്യം വച്ചിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പാക് സഹായം കിട്ടുന്നുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
പാക് ചാര സംഘടനയായ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ്(ഐഎസ്ഐ) കശ്മീര്‍ താഴ്വരയില്‍ അശാന്തി നിലനിര്‍ത്താന്‍ ടിആര്‍എഫിനെ ഉപയോഗിക്കുന്നു. 2022ലെ കണക്കുകള്‍ പ്രകാരം ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട 172 തീവ്രവാദികളില്‍ 108 പേര്‍ ടിആര്‍എഫുമായി ബന്ധപ്പെട്ടവരായിരുന്നു. 100 പുതിയ തീവ്രവാദികളില്‍ 74 പേര്‍ ഈ സംഘടനയില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടതാണെന്നാണ് മറ്റൊരു വിവരം. ടിആര്‍എഫ് ഉള്‍പ്പെട്ട അവസാനത്തെ പ്രധാന ഭീകരാക്രമണം ഗണ്ടര്‍ബാല്‍ ഭീകരാക്രമണമായിരുന്നു. വടക്കന്‍ കശ്മീരിലെ ഒരു നിര്‍മ്മാണ സ്ഥലത്ത് ഏഴ് പേരാണ് വെടിയേറ്റു മരിച്ചത്. 2024 ഒക്ടോബര്‍ 20-ന് ഗാന്‍ഡര്‍ബലില്‍ നടന്ന ഇസഡ്-മോര്‍ ടണല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് അടുത്തിടെ ഏറ്റെടുത്തിരുന്നു. ടിആര്‍എഫ് ഇതുവരെ നടത്തിയതില്‍ ഏറ്റവും തീവ്രമേറിയ ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. കശ്മീരിലെത്തുന്ന പ്രദേശവാസികളല്ലാത്ത വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും തങ്ങള്‍ ആക്രമിക്കുമെന്ന് ടിആര്‍എഫ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
വിശ്വാസിയും ഭീകരവാദിയും
'പൊളിറ്റിക്കല്‍ ഇസ്ലാം' ഇന്ന് കേരളത്തില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. രാഷ്ട്രീയ ആധിപത്യത്തില്‍ കൂടി ലോകത്തെ മുഴുവന്‍ ഇസ്ലാം മത വിശ്വാസത്തിനു കീഴില്‍ കൊണ്ടുവരിക എന്ന വര്‍ഗ്ഗീയ ലക്ഷ്യമാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മുഖ്യ ലക്ഷ്യം. സാമ്രാജ്യത്ത ശക്തികളുടെ പിന്തുണ ഉണ്ടായിരുന്നു എങ്കിലും സാംസ്‌കാരികമായി ഉയര്‍ന്നു നിന്നിരുന്ന ഇറാനും, പാകിസ്ഥാനും, സിറിയയും, പോലെ അനേകം ഭൂപ്രദേശങ്ങള്‍ ഇസ്ലാമീക രാജ്യങ്ങള്‍ ആയതോടെ അവിടങ്ങളില്‍ വന്ന മാറ്റത്തിനു ഉദ്ദാഹരണമാണ് പൊളിറ്റിക്കല്‍ ഇസ്ലാം എന്ന അധിനിവേശ ആശയം.
REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യയില്‍ പക്ഷെ സ്ഥിതി വ്യത്യസ്തമാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിനു ഇവിടെ വലിയ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ വിഷലിപ്തമായ ആശയങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് അവരെ അകറ്റി നിര്‍ത്താനുള്ള രാഷ്ട്രീയ ജാഗ്രത ഇതര മുസ്ലിം സമുദായ സംഘടനകള്‍ പ്രകടിപ്പിച്ചിരുന്നു. അങ്ങനെയുള്ള രാഷ്ട്രീയ ജാഗ്രതയുടെ ക്ലാസിക് ഉദാഹരണത്തിനും
പഹല്‍ഗാം സാക്ഷിയായി. ഒരു ഭീകരവാദിയും, മതവിശ്വാസിയും തമ്മിലെ വ്യത്യാസം അടയാളപ്പെടുത്തുന്ന രണ്ടു സംഭവങ്ങള്‍ അവിടെ കാണാനിടയായി. അതില്‍ ആദ്യത്തേത് സയിദ് ആദില്‍ ഹുസൈന്‍ ഷാ എന്ന പഹല്‍ഗാമിലെ കുതിര സവാരിക്കാരന്റെ ഇടപെടല്‍ ആണ്. പഹല്‍ഗാമില്‍ നിന്നും സഞ്ചാരിയേയും കയറ്റി ബൈസാരന്‍ പുല്‍മേട്ടിലെത്തിയ ആദില്‍ പൈന്‍ മരക്കുട്ടങ്ങള്‍ക്കിടയില്‍ നിന്നും പാഞ്ഞു വന്ന ഭീകരര്‍ പേരു ചോദിച്ച് വെറുതേ വിട്ടപ്പോള്‍ ഓടി മറയാതെ സഞ്ചാരിക്കെതിരെ അവര്‍ വെടിയുതിര്‍ക്കാന്‍ മുതിര്‍ന്നപ്പോള്‍ റൈഫിള്‍ തട്ടിത്തെറിപ്പിക്കുകയും, പ്രകോപിതരായ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. സയിദ് ആദില്‍ ഹുസൈന്‍ ഷാ ഒരു മുസ്ലീമായിരുന്നുവെങ്കില്‍ അയാള്‍ക്കെതിരെ ഉന്നം പിടിച്ചയാള്‍ ഒരു ഭീകരവാദി ആയിരുന്നു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഞ്ജു നാഥ റാവുവിന്റെ ഭാര്യ പല്ലവിയുടെ വാക്കുകളാണ് രണ്ടാമത്തെ ഉദാഹരണം. 'എന്റെ കണ്‍മുന്നില്‍ വെച്ചാണ് തീവ്രവാദികള്‍ എന്റെ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നത്. ആ സമയത്ത് സൈനികരാരും അവിടെ ഉണ്ടായിരുന്നില്ല. വെടിയൊച്ച കേട്ട് മൂന്ന് കാശ്മീരി പുരുഷന്മാര്‍ ഓടിയെത്തി. ബിസ്മില്ലാഹ് ബിസ്മില്ലാഹ് എന്ന് വിളിച്ചുകൊണ്ട് എന്നേയും മകനെയും രക്ഷിച്ചു. അവര്‍ എന്റെ സഹോദരന്മാരെപ്പോലെയാണ്.' ഒരാളെ കൊല്ലുന്നത് മനുഷ്യരാശിയെ കൊല്ലുന്നതിനു തുല്യമാണെന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രവൃത്തികള്‍. ആരാണ് യഥാര്‍ത്ഥ വിശ്വാസി എന്നും ആരാണ് ഭീകരവാദി എന്നും ലോകത്തിനു വെളിപ്പെടുത്തുന്ന പ്രവര്‍ത്തികള്‍.
ഇന്ത്യന്‍ ഭരണകൂടവും കാശ്മീര്‍ ജനതയും
അര്‍ജന്റീനയിലെ എഴുത്തുകാരനായിരുന്ന Humberto Costantini-യുടെ 'ഫ്രാന്‍സിസ്‌കോ സാഗ്ടിസിന്റെ നീണ്ട രാത്രി' എന്നൊരു നോവലുണ്ട്. 1970 -കളില്‍ അര്‍ജന്റീനയില്‍ നിലനിന്ന ഏകാധിപത്യഭരണത്തിന്റെ നൃശംസതയുടെ ആവിഷ്‌കാരമായ ഈ കൃതിയുടെ അവസാനത്തെ അധ്യായം ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഒരു റിപ്പോര്‍ട്ടാണ്. 19 വയസ്സുമുതല്‍ 41 വയസ്സുവരെയുള്ള 13 വ്യക്തികളുടെ പേരുകള്‍ മാത്രമടങ്ങുന്ന ഒരധ്യായം. വിദ്യാര്‍ഥിയും, കവിയും, അധ്യാപകനും, വക്കീലും, തൊഴിലാളിയും 1976 മാര്‍ച്ചിനും 1977 ജൂലൈ മാസങ്ങള്‍ക്കുമിടയില്‍ അര്‍ജന്റീനയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തശേഷം അപ്രത്യക്ഷരായവരാണ്. അക്കാലയളവില്‍ അര്‍ജന്റീനയില്‍ അപ്രത്യക്ഷരായവര്‍ 30,000 പേരാണ്. ഭരണകൂടഭീകരതയുടെ നടുക്കുന്ന ഈ ചരിത്രം കഥയും കവിതയും ചലച്ചിത്രവും ഓര്‍മകളും ഇനിയും അവസാനിക്കാത്ത പ്രതിഷേധങ്ങളുമായി അര്‍ജന്റീനയിലെയും ലാറ്റിനമേരിക്കയുടെയും പൊതുമണ്ഡലത്തില്‍ അണയാത്ത കനലായി നിരന്തരം പ്രത്യക്ഷപ്പെടുന്നു. ഇതൊരു അര്‍ജന്റീനയുടെ മാത്രം ചരിത്രമല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ നടമാടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടുകളില്‍ സ്ഥിരം സാന്നിധ്യമാണ്.
REPRESENTATIVE IMAGE | WIKI COMMONS
നദിക്കരയിലെ വൃക്ഷം കണ്ണീരുപോലെ ഇലകള്‍ പൊഴിക്കുന്നു എന്നും അത് തീരത്ത് വീണ്ടും വീണ്ടും കണ്ണീര് പരത്തുന്നുവെന്നും ഒരു കവിതയില്‍ അഡോണിസ് പറയുന്നു. കശ്മീര്‍ താഴ്‌വരയിലും നിരപരാധികളുടെ കണ്ണീരും, രക്തവും നിരന്തരം വീഴുന്നു.
ഇന്ത്യക്കും പാകിസ്താനുമിടയില്‍ ജീവിതം നഷ്ടപ്പെട്ട താഴ്‌വരയാണ് കാശ്മീര്‍. ഈ രണ്ടു രാജ്യങ്ങളിലെയും ആയുധ സമൃദ്ധി ബാക്കിയാക്കുന്ന നിസ്സഹായതയുടെ ഭൂമിശാസ്ത്രം. അതിവൈകാരികതയില്‍ ഊന്നി കൊണ്ട് നടത്തുന്ന പ്രതികരണങ്ങളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല കാശ്മീര്‍. ശരിയായ പരിശോധനയും വിവേകത്തോടയുള്ള പരിഹാരങ്ങളും ഉണ്ടായില്ലെങ്കില്‍ നിരപരാധികളുടെ ചോര ഇനിയും വീഴുമെന്ന ആശങ്കകള്‍ ബാക്കിയാവും.കാശ്മീരിന് സൈനിക പരിഹാരമല്ല, രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്ന വസ്തുതയിലേക്ക് ഇന്ത്യന്‍ ഭരണകൂടവും പ്രതിപക്ഷങ്ങളും യോജിച്ചു കണ്‍തുറക്കുകയാണ് വേണ്ടത്.
മത ഭീകരവാദികളെ ഒറ്റപ്പെടുത്തുന്നതിനൊപ്പം ഒരു ജനതയെ ഒന്നാകെ അന്യവല്‍ക്കരിക്കുന്ന നയങ്ങളും തീരുമാനങ്ങളും ഭരണകൂടത്തിന്റെ നടത്തിപ്പുകാരില്‍ നിന്നും ഉണ്ടാവരുത്. പഹല്‍ഗാമില്‍ ചിന്തിയ നിരപരാധികളുടെ ചോരയും കണ്ണീരും അത് ആവശ്യപ്പെടുന്നു.


