
പാക്-സൗദി പ്രതിരോധ സഖ്യം: ഇന്ത്യക്ക് ഭീഷണിയോ
എൻഡ് ഓഫ് ഹിസ്റ്ററി എഴുതിയ ഫ്രാൻസിസ് ഫുകുയാമ ഏവർക്കും സുപരിചിതനാണ്. പണ്ഡിത വ്യവസായത്തിൽ എത്തുന്നതിന് മുൻപുള്ള പൂർവാശ്രമത്തിൽ അദ്ദേഹം ഇസ്ലാമാബദിലെ അമേരിക്കൻ എംബസിയിൽ ഉദ്യോഗസ്ഥനായിരുന്നു. അഫ്ഗാനിസ്ഥാനിൽ കടന്നുകയറിയ സോവിയറ്റ് യൂണിയന് എതിരെ ഇസ്ലാമിക ജിഹാദ് ആസൂത്രണം ചെയ്ത പ്രമുഖരിൽ ഒരാൾ. സുൾഫിക്കർ അലി ഭൂട്ടോയെ പുറത്താക്കിയത് വഴി ആളും അർത്ഥവും എത്തിക്കാമെന്ന് ജനറൽ സിയക്ക് ബുദ്ധി ഉപദേശിച്ചത് ഫുകുയാമ ആയിരുന്നുവെന്ന് വിഖ്യാത എഴുത്തുകാരനായ തരിഖ് അലി ദി ക്ലാഷ് ഓഫ് ഫണ്ടമെന്റലിസംസ് എന്ന തന്റെ കൃതിയിൽ രേഖപെടുത്തുന്നു. പാകിസ്താനും, സൗദി അറേബ്യയും തമ്മിൽ ഒരു പ്രതിരോധ കരാറിൽ ഒപ്പുവച്ചുവെന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് ഈ ഫുകുയാമ ചരിതം ഓർമ്മയിൽ വന്നത്. അതായത് പാകിസ്ഥാനും, സൗദിയും തമ്മിലുള്ള ബന്ധം ഇന്നും, ഇന്നലെയും തുടങ്ങിയത് അല്ല. അതിന്റെ ചിട്ടവട്ടങ്ങൾ നിർണ്ണയിക്കുന്നതിൽ പ്രത്യക്ഷമായും, പരോക്ഷമായും അമേരിക്ക വഹിക്കുന്ന പങ്കും പുതിയതല്ല. പാകിസ്താൻ, സൗദി ബന്ധത്തിലെ ഈ പുതിയ അധ്യായം ഇന്ത്യ എങ്ങനെ കാണുന്നു, എന്താണ് അതിന്റെ ആഗോള വിവക്ഷകൾ തുടങ്ങിയ വിഷയങ്ങൾ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുന്ന വിഷയമാണ്.
ദോഹയിലെ ഇസ്രായേൽ അക്രമണത്തെ തുടർന്ന് അറബ് രാജ്യങ്ങളുടെ ഇടയിൽ വലിയ രീതിയിൽ ആശങ്ക പടർന്നിരുന്നു. അറബ് രാഷ്ട്രങ്ങളെ എപ്പോൾ വേണമെങ്കിലും ഇസ്രായേൽ അക്രമിച്ചേക്കാമെന്നുള്ള പ്രതീതി പശ്ചിമേഷ്യയിൽ പടർന്നിരുന്നു. ഇതിന്റെ പിന്നോടിയെന്നോണം സൗദിയും പാകിസ്താനും തമ്മിലുള്ള പ്രതിരോധ കരാറിൽ ഒപ്പ് വയ്‌ക്കുകയുണ്ടായി. കരാർ പ്രകാരം ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ആക്രമണം ഇരുകക്ഷികൾക്കുമെതിരെ ഉള്ളതായി കണക്കാക്കി പ്രതിരോധം തീർക്കുമെന്നതാണ്. ഇരുവരും തമ്മിലുള്ള തന്ത്രപരമായ ബന്ധം കാലപ്പഴക്കമുള്ളതാണെങ്കിലും ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്നുള്ള ഈ നീക്കം രാജ്യാന്തര രാഷ്ട്രീയത്തിൽ ഗൗരവമുള്ളതാണ്. ആണവായുധം കൈവശമുള്ള രാജ്യമെന്ന നിലയ്ക്ക് പാകിസ്താന്റെ ഈ നീക്കം ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനവുമാണ്. ഈ പുതിയ കരാറിലൂടെ ഇരുരാജ്യങ്ങളും പ്രതിരോധ മേഖലയിലെ സഹകരണവും, സാങ്കേതിക വിദ്യയുടെ കൈമാറ്റവും, അതോടൊപ്പം ആയുധ നിർമ്മാണത്തിലെ പങ്കാളിത്തവും ഉറപ്പ് വരുത്തുന്നതാണ് എന്ന് ഇസ്ലാമാബാദിലെ സൗദി എംബസിയുടെ മീഡിയ അറ്റാഷെ അഭിപ്രായപ്പെട്ടു. മാത്രമല്ല സൗദിയുടെ വിദേശ നയത്തിൽ ഇത്തരത്തിലൊരു Strategic Mutual Defence Agreement(SMDA) മുൻ കാലങ്ങളിൽ ഉണ്ടായിട്ടുമില്ല. അമേരിക്കൻ പ്രതിരോധ സഹായത്തെ ആശ്രയിച്ചിരുന്ന സൗദിയുടെ ഈ നീക്കം അമേരിക്കയോടുള്ള വിശ്വാസത്തിൽ വന്ന തകർച്ചയായി കരുതാം എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
സൗദിയും പാകിസ്താനും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. പാകിസ്താനെ ഒരു രാജ്യമെന്ന നിലയിൽ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിൽ ഒന്ന് സൗദി അറേബ്യ ആയിരുന്നു. തുടർന്ന് 1951ൽ ഇരുവരും സൗഹൃദ ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു എന്നതാണ് ചരിത്രം. അറുപതുകളുടെ തുടക്കം മുതൽ പാകിസ്താൻ മിലിറ്ററി ഉപദേഷ്ടാക്കളെയും പട്ടാള ട്രെയ്നർമാരെയും സൗദിയിലേക്ക് അയക്കുകയും സൗദിയുടെ സായുധ സേനയ്ക്ക് പരിശീലനം നൽകി പ്രൊഫഷണലൈസ് ചെയ്യാൻ വേണ്ട സഹായം നൽകുകയും ചെയ്തിരുന്നു.
എൺപതുകളിൽ സിയാ ഉൾ ഹക്ക് പാകിസ്താനി പ്രസിഡന്റായ കാലത്താണ് ഈ ബന്ധം കൂടുതൽ ശക്തമാവുന്നത്. അഫ്‌ഘാനി ജിഹാദ് പൊട്ടിപ്പുറപ്പെട്ട ആ ഘട്ടത്തിൽ അമേരിക്കയുടെ അടുത്ത ആശ്രിതരായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവുകയും ചെയുന്ന സാഹചര്യം ഉണ്ടായി. ഇസ്ലാമിക്ക് സമൂഹം വിശുദ്ധ സ്ഥലമായി കാണുന്ന മെക്ക-മദീനയിൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ആർമി ട്രൂപ്പുകളെ സ്ഥാപിച്ചുകൊണ്ട് പാകിസ്താൻ പ്രതിരോധ സഹായം നൽകിയപ്പോൾ, പാകിസ്താൻ സാമ്പത്തികമായി ഞെരുക്കം നേരിട്ട എല്ലാ സമയത്തും സൗദി സഹായഹസ്തവുമായി എത്തിയിട്ടുണ്ട് എന്നത് ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.
സിയ ഉൾ ഹഖ് | PHOTO: WIKI COMMONS
ഇന്ത്യയെ എങ്ങനെ ബാധിക്കും
സൗദി-പാക് പ്രതിരോധ കരാർ ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നതും ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യേണ്ട വിഷയമാണ്. എന്നാൽ ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടത് ഇന്ത്യയും സൗദിയും തമ്മിൽ പല വിധത്തിൽ ഉള്ള തന്ത്രപരമായ പങ്കാളിത്തം ഉണ്ടെന്നും, ഈ ബന്ധം അടുത്ത കാലത്ത് കൂടുതൽ ആഴമുള്ളതാവുകയും ചെയ്തിട്ടുണ്ടെന്നുമാണ്. 1947 മുതൽ ഇതുവരെ നാല് ഇന്ത്യൻ പ്രധാന മന്ത്രിമാർ മാത്രമാണ് സൗദി സന്ദർശനം നടത്തിയിട്ടുള്ളത്. അതിൽ തന്നെ നരേന്ദ്ര മോഡിയാണ് ഏറ്റവും കൂടുതൽ സൗദി സന്ദർശനം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയും. മോഡിയുടെ 3 തവണത്തെ സൗദി സന്ദർശനവും, ഈ വർഷം സൗദി കിരീടാവകാശിയായുള്ള മുഹമ്മദ് ബിൻ സൽമാൻ അൽ സഊദ് എന്ന എംബിഎസു(MBS)മായുള്ള കൂടിക്കാഴ്ചയും ഈ ബന്ധം കൂടുതൽ ഊട്ടി ഉറപ്പിച്ചിട്ടുണ്ട് എന്ന വേണം മനസിലാക്കാൻ. അതുകൊണ്ട് തന്നെ സുരക്ഷാ തലത്തിൽ സൗദി-പാക് സംയുക്ത പ്രതിരോധ കരാർ പ്രത്യക്ഷത്തിൽ ഇന്ത്യയെ ബാധിക്കില്ല എന്ന് വേണം കരുതാൻ. ഇരുകക്ഷികളും പ്രതിരോധ-വ്യോമയാന മേഖലയിൽ ഒട്ടനേകം കരാറുകളും ഈ കഴിഞ്ഞ ഏപ്രിൽ 22ന് നടന്ന കൂടിക്കാഴ്ചയിൽ ഒപ്പുവയ്ക്കുകയുണ്ടായി. ഇന്ത്യ-പാക് സംഘർഷം മെയ് മാസത്തിൽ ഉടലെടുത്തപ്പോൾ സൗദി സ്വീകരിച്ച നിലപാടും ഈ ഒരു കാഴ്ചപ്പാടിന് കാരണമായേക്കാം. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം നിലവിലുള്ള കരാർ സംയുക്ത പ്രതിരോധ കരാർ ആണെന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ-പാക് സംഘർഷം ആവർത്തിച്ചാൽ സൗദി എങ്ങനെ പ്രതികരിക്കും എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ(IMEC) ഈ മാറിയ സാഹചര്യം എങ്ങനെ ബാധിക്കും എന്നത് ഇന്ത്യയെ സംമ്പന്ധിച്ച് ചിന്തിക്കേണ്ട കാര്യമാണ്. സൗദി ഇതിൽ നിന്നും പിന്മാറുമോ എന്നതാണ് ചോദ്യ ചിഹ്നം. 2023ൽ ആണ് IMEC ആരംഭിക്കുന്നത്. മെച്ചപ്പെട്ട സമയത്ത് കുറഞ്ഞ ചിലവിൽ വ്യാപാരം നടത്താനും സപ്ലൈ ചെയിൻ കൂടുതൽ ശക്തമാക്കുന്നതിനുമാണ് IMEC ആരംഭിച്ചത്. അമേരിക്ക നേതൃത്വം നൽകുന്ന IMEC അതിന്റെ ആരംഭഘട്ടത്തിൽ ആണെങ്കിലും കേവലമൊരു പ്രതിരോധ കരാറിന്റെ പേരിൽ സൗദി ഇതിൽ നിന്നും പിന്മാറാനുള്ള സാധ്യത നന്നേ കുറവാണ്. എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ പ്രതിരോധ കരാറാണ് കൂടുതൽ പ്രയോജനകരമാവുകയെങ്കിൽ സ്ഥിതി മറിച്ചാവാം. അതിൽ പ്രധാനമായും കാണേണ്ടത് ആഗോള തലത്തിൽ അമേരിക്കയ്ക്ക് നഷ്ടപ്പെടുന്ന സ്വാധീനം സൗദി തിരിച്ചറിയുകയൂയും, ചൈനയ്ക്ക് സൗദിക്കുമേലുള്ള സ്വാധീനവും വച്ചുകൊണ്ട് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവിൽ (BRI) പങ്കാളിയായ സൗദി BRIക്ക് കൂടുതൽ ഊന്നൽ നൽകിയാൽ IMEC പ്രതിസന്ധിയിലാവും. മാത്രമല്ല IMEC പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന ഒരു കാര്യം ഇസ്രായേലുമായുള്ള ബന്ധം സുദൃഢമാക്കാനാണ്. എന്നാൽ ചൈനയുടെ മധ്യസ്ഥതയിൽ ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും, പശ്ചിമേഷ്യ മൊത്തമായി ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഇത്തരമൊരു നീക്കത്തിന് സൗദി പൂർണ്ണമായും കൂടെ നിൽക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. പാകിസ്താനുമായി കൂടുതൽ അടുത്ത മിലിറ്ററി സഹകരണം ഉറപ്പാക്കുന്നതിനും സൗദി ഒരുപക്ഷെ BRIയുമായി കൂടുതൽ സഹകരിച്ചേക്കാം. അങ്ങനെ വന്നാൽ ഇന്ത്യയുൾപ്പെടെ IMEC പങ്കുകാരായ രാജ്യങ്ങൾക്ക് തിരിച്ചടിയാവാം. കൂടാതെ പുതിയ കരാറിലൂടെ പാകിസ്താന്റെ പ്രതിരോധ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഫണ്ടിംഗ് സൗദിയിൽ നിന്ന് ഉണ്ടാവും എന്നത് അവിതർക്കിതമായ സത്യമാണ്. ഇത് പാകിസ്താനെ കൂടുതൽ ശക്തമാക്കാനും സാധ്യതയുണ്ട്.
ഐഎംഇസി | PHOTO: THE DIPLOMAT
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇതെല്ലം ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വേണ്ട രീതിയിൽ ഇടപെട്ടാൽ പരിഹരിക്കപ്പെടാവുന്നതാണ്. നിലവിലെ ഇന്ത്യ-സൗദി ബന്ധവും അതിന്റെ ചരിത്രപരമായ പശ്ചാത്തലവും കണക്കിലെടുത്താൽ മേൽപ്പറഞ്ഞ പ്രശ്നങ്ങളൊക്കെ ഒരു വട്ടമേശയ്ക്കപ്പുറമിരുന്ന് ചർച്ച ചെയ്ത് തീർക്കാവുന്നതാണ്. ഇന്ത്യ-ചൈന ബന്ധം മെല്ലെയാണെങ്കിലും സാധാരണമാകുന്നതും ഇന്ത്യക്ക് ഈ കാര്യത്തിൽ ഗുണം ചെയ്തേക്കാം. ഗൾഫ് രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തവും ഉഭയകക്ഷി വ്യാപാരവും വർധിപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്ക് സൗദി-പാക് കരാറിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ നേരിടാവുന്നതാണ്.


