ചൂടുപിടിച്ച് പാലക്കാട്
(ഭാഗം പത്തൊമ്പത്)
ഇടതുപക്ഷ കോട്ടയെന്ന് അറിയപ്പെടുന്ന പാലക്കാട് മണ്ഡലത്തില്‍ കഴിഞ്ഞതവണ (2019 ല്‍) യുഡിഎഫ് നേടിയ അപ്രതീക്ഷിത വിജയത്തിന് ശേഷം ഇക്കുറിയും കടുത്ത പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് എംപി വി കെ ശ്രീകണ്ഠനും സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറുമാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
പാലക്കാടന്‍ ചുരം വഴിയാണ് ബിജെപിക്ക് കേരളത്തിലേക്കുള്ള വഴിയൊരുക്കുക എന്നാണ് ബിജെപി നേതൃത്വം ആദ്യകാലങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ബിജെപി ക്ക് പാലക്കാട് ഇത്തവണയും കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനാവില്ല എന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാന ഘട്ടത്തില്‍ പാലക്കാട് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എങ്കിലും മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ബിജെപി ക്ക് ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ് പാലക്കാട്. പാലക്കാട്ടെ ബിജെപി യുടെ അവസാന വാക്കായ സി കൃഷ്ണകുമാര്‍ തന്നെയാണ് ഇത്തവണത്തെയും ബിജെപി സ്ഥാനാര്‍ത്ഥി എന്നതും മോദിയുടെ സന്ദര്‍ശനവും ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 21.4% വോട്ട് വിഹിതം നേടാന്‍ സി കൃഷ്ണകുമാറിന് കഴിഞ്ഞിട്ടുണ്ട്.
സി കൃഷ്ണകുമാര്‍ | PHOTO: FACEBOOK
ഇടതുപക്ഷത്തിന് വേണ്ടി സിപിഎം ന്റെ കരുത്തുറ്റ നേതാക്കളായ എകെജി യും നായനാരും വി എസ് അച്യുതനന്ദനുമെല്ലാം മത്സരിച്ച് വിജയിച്ച ചരിത്രം പാലക്കാടിനുണ്ട്. എന്നാല്‍, ശക്തമായ ഇടത് അടിത്തറയുള്ള പാലക്കാട് മണ്ഡലത്തിലാണ് ഡിസിസി ജില്ലാ പ്രസിഡന്റായിരുന്ന വി കെ ശ്രീകണ്ഠന്റെ കഴിഞ്ഞ തവണത്തെ 11,941 വോട്ടിന്റെ വിജയം. തന്റെ വിജയം കേവലം പൊതു ട്രെന്‍ഡിന്റെ ഭാഗമല്ലെന്നും പാലക്കാട് അത്ര വലിയ ഇടതുകോട്ടയല്ലെന്നും തെളിയിക്കാന്‍ കൂടിയാണ് ശ്രീകണ്ഠന്റെ ഇത്തവണത്തെ പോരാട്ടം. മണ്ഡലത്തില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ച ശ്രീകണ്ഠന് കഴിഞ്ഞ തവണത്തെക്കാള്‍ ഒരു പൊളിറ്റിക്കല്‍ എഡ്ജ് ഇത്തവണ പാലക്കാട് ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 2019 ല്‍ സംസ്ഥാനത്തെങ്ങും വീശിയടിച്ച യുഡിഎഫ് അനുകൂല തരംഗത്തിലും കേവലം 11,941 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ശ്രീകണ്ഠന് നേടാനായത് എന്ന യാഥാര്‍ത്ഥ്യവും, കഴിഞ്ഞ തവണ ഉണ്ടായിരുന്ന സിപിഐ (എം) ലെ വിഭാഗീയത ഇത്തവണ പൂര്‍ണമായും ഇല്ലാതായതും, പോളിറ്റ് ബ്യൂറോ മെമ്പര്‍ മത്സരിക്കാനെത്തുന്നതും ഇടതുപക്ഷത്തിന് ആവേശം നല്‍കുന്ന ഘടകങ്ങളാണ്.
പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പാലക്കാട് ലോക്‌സഭ മണ്ഡലം. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ എന്നീ നാല് സീറ്റുകളില്‍ വിജയിച്ചിരിക്കുന്നത് എല്‍ഡിഎഫാണ്. പാലക്കാട്, മണ്ണാര്‍ക്കാട് എന്നീ രണ്ട് സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഈ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ മാത്രം ഇടതുപക്ഷത്തിന് 44.30 % വോട്ട് വിഹിതത്തോടെ 85,214 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. യുഡിഎഫിനാകട്ടെ ഇവിടെ നിന്നും 33.60 % വോട്ടുവിഹിതം മാത്രമേ സമാഹരിക്കാനായുള്ളൂ. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടിങ് പാറ്റേണ്‍ പരിശോധിക്കുമ്പോള്‍ പാലക്കാട് മണ്ഡലത്തിലും മണ്ണാര്‍ക്കാട് മണ്ഡലത്തിലും മാത്രമാണ് യുഡിഎഫിന് ലീഡ് നേടാനായത്. ആ കൂറ്റന്‍ ലീഡ് കാരണമാണ് വി കെ ശ്രീകണ്ഠന്‍ വിജയിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയായ മണ്ണാര്‍ക്കാട് ഇത്തവണയും പാലക്കാട് ലോക്സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകും.
വി കെ ശ്രീകണ്ഠന്‍ | PHOTO: FACEBOOK
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തന പരിചയമുള്ള പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍ ഇക്കുറി മത്സരരംഗത്തുള്ളത് തന്നെ ഇടതുപക്ഷത്തുനിന്നുള്ള പാര്‍ലമെന്റിലെ നിര്‍ണായക സാന്നിധ്യമാകുവാന്‍ തന്നെയാണ്. 1989 ല്‍ എസ്എഫ്‌ഐ നേതാവായിരിക്കുന്ന സമയത്താണ് എ വിജയരാഘവന്‍ ആദ്യമായി പാലക്കാട് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അന്ന് കോണ്‍ഗ്രസ് നേതാവ് വിഎസ് വിജയരാഘവനെ തോല്‍പ്പിച്ചു. അതിനുശേഷം നടന്ന 1991 ലെ തെരഞ്ഞെടുപ്പില്‍ വി എസ് വിജയരാഘവനോട് തന്നെ അദ്ദേഹം പരാജയപ്പെട്ടു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം എസ്എഫ്ഐ നേതൃസ്ഥാനത്ത് നിന്നും വളര്‍ന്ന് പാര്‍ട്ടിയുടെ ഏറ്റവും വലിയ ഘടകമായ പോളിറ്റ് ബ്യൂറോ അംഗമായിട്ടാണ് ഇക്കുറി വിജയരാഘവന്റെ പാലക്കാട്ടേക്കുള്ള വരവ്. പാലക്കാടുള്ള പാര്‍ട്ടി സംഘടന ശക്തിയെ പൂര്‍ണമായും ചലിപ്പിക്കാന്‍ തക്ക നേതൃശേഷിയുള്ള നേതാവ് കൂടിയാണ് അദ്ദേഹം. സമസ്തയുമായുള്ള മുസ്ലിം ലീഗിന്റെ ഭിന്നത അത്ര ലളിതമായി വിശദീകരിക്കുവാന്‍ ഇനിയും സാധിച്ചിട്ടില്ലാത്ത സ്ഥിതിക്ക് പാലക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ പോലെ ഒരു ന്യൂനപക്ഷ വോട്ടിന്റെ ഒഴുക്ക് യുഡിഎഫിലേക്ക് ഉണ്ടാവില്ല എന്നുള്ള വിലയിരുത്തലുകളും ഇടതുപക്ഷത്തിന് ആശ്വാസമേകുന്നതാണ്.
പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങളില്‍ നിരാശാജനകമായ റിപ്പോര്‍ട്ടുകളാണ് ശ്രീകണ്ഠനുള്ളതെങ്കിലും മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് തവണയും നിറഞ്ഞുനിന്ന, പാലക്കാട്ടെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്ന ഒരു ജനകീയ നേതാവാണ് അദ്ദേഹം. ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ശ്രീകണ്ഠന് കഴിഞ്ഞിട്ടില്ല എന്നുള്ളതും ഒരു പരിമിതി തന്നെയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥുമായുള്ള പ്രശ്നങ്ങള്‍ സജീവമായി തന്നെ ജില്ലയിലുണ്ട്. അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ആലത്തൂര്‍ മണ്ഡലത്തിലാണെങ്കിലും ഡിസിസി പ്രസിഡന്റ് എന്ന നിലയിലും മുന്‍ എംഎല്‍എ എന്ന നിലയിലും അദ്ദേഹത്തിന്റെ ജില്ലയിലെ സ്വാധീനം വലുതാണ്. അത് ഏതൊക്കെ നിലയില്‍ ശ്രീകണ്ഠന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അറിയണം.
എ വിജയരാഘവന്‍ | PHOTO: FACEBOOK
ബിജെപിയുടെ സംസ്ഥാന നേതൃത്വം ഉള്‍പ്പെടെ ഉറ്റുനോക്കുന്നതും യുഡിഎഫ് വിജയിച്ച് കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്നതുമായ മണ്ഡലമാണ് വടകര. ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നിയമസഭയില്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഷാഫി പറമ്പിലിന്റെ വിജയം. ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ ആയിരുന്നു 2021 നിയമസഭയില്‍ ഷാഫിയുടെ എതിരാളി. ഷാഫിയുടെ വടകരയിലെ വിജയവും പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമാണ് ബിജെപി കാണുന്ന കേരളത്തിലെ അടുത്ത സുവര്‍ണാവസരം. പഞ്ചായത്തിലും നഗരസഭയിലും നിയമസഭയിലും ലോക്സഭയിലും പാലക്കാട് നിന്നും മത്സരിച്ച് വോട്ട് വിഹിതം വര്‍ധിപ്പിച്ചിട്ടുള്ള സി കൃഷ്ണകുമാറോ അദ്ദേഹത്തിന്റെ ഭാര്യയോ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ചര്‍ച്ചകള്‍ പാലക്കാട് നടന്നുവരുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ ബിജെപിയുടെ അക്കൗണ്ട് നിയമസഭയില്‍ തുറക്കുക എന്നാണ് ഷാഫിയുടെ വിജയം ആഗ്രഹിക്കുന്ന ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം.
ഗ്രാമീണ വോട്ടര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള ഈ മണ്ഡലത്തില്‍ കാര്‍ഷിക പ്രശ്നങ്ങളും പെന്‍ഷന്‍ വിതരണത്തിലെ പ്രശ്നങ്ങളും നെല്‍ സംഭരണത്തില്‍ സംഭവിച്ച താളപ്പിഴകളും തുടങ്ങി നിത്യ ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും ഇത്തവണ പ്രചാരണത്തില്‍ മുഖ്യ വിഷയങ്ങളായിരുന്നു. കഞ്ചിക്കോട് കേന്ദ്രീകരിച്ചുള്ള വ്യാവസായിക പ്രശ്നങ്ങളും, കാലാകാലങ്ങളായുള്ള കഞ്ചിക്കോട് കോച്ച് ഫാക്ടറിയെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളും, പാലക്കാട് നടന്ന SDPI - BJP സംഘര്‍ഷങ്ങളും തുടങ്ങി എല്ലാ വിഷയങ്ങളും മണ്ഡലത്തിലെ ചൂടിനെ വെല്ലുന്ന വിഷയങ്ങളാണ്.
(തുടരും)