
പൊളിറ്റിക്കൽ ഹിന്ദുവിൻ്റെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്
ബി.ജെ.പി പ്രവർത്തകരിൽ ഊർജ്ജമായി കത്തുന്ന ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ സൂചികയാക്കിയാൽ പഞ്ചായത്ത് ഫലങ്ങളിൽ ബി.ജെ.പിയുടെ സാന്നിധ്യം വലുതായിരുക്കും. അത് കേരള സമൂഹത്തിന്റെ ധ്രുവീകരണത്തിന് വഴിവെക്കുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്ത് വന്നവരാണ് പതിനൊന്ന് നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പിയെ ഒന്നാമതാക്കിയത്. പിന്നെ ‘ഹിന്ദു കോൺഗ്രസു’കാരുടെ വോട്ടുകളും. സംഘ പരിവാർ നടത്തുന്ന ഹിന്ദുത്വവൽക്കരണ ഫലമാണ് ഈ മാറ്റം. ഇടത് കുടുംബങ്ങളിൽ പോലും ഇത് സംഭവിച്ചു. അവരുടെ ഹിന്ദു ബോധത്തെ സംഘപരിവാർ ഹിന്ദുത്വയാക്കി മാറ്റി. നിഷ്കളങ്ക ഹിന്ദുവിന്റെ ദൗർബല്യങ്ങളായ ശബരിമലയും ഗുരുവായൂരും മറ്റും തെരഞ്ഞെടുപ്പിൽ സജീവമാകുന്നത് അതിന്റെ ഭാഗമാണ്. അങ്ങനെ ശരാശരി ഹിന്ദുവിനെ പൊളിറ്റിക്കൽ ഹിന്ദുവാക്കി. ഈ പ്രതിഭാസത്തിനൊപ്പം മുസ്ലീം-ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ഏകോപിച്ചതാണ് ലോകസഭയിൽ യുഡിഎഫ് തൂത്തുവാരലിന് വഴിവെച്ചത്. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന പൊളിറ്റിക്കൽ ഹിന്ദുവിന്റെ ഇടപെടൽ കൊണ്ടാണ് ഈ ത്രിതല തെരഞ്ഞെടുപ്പ് ശ്രദ്ധേയമാവുന്നത്. ത്രികോണ സ്വഭാവത്തിലേക്ക് മാറിയ കേരള രാഷ്ട്രീയത്തിൽ പൊളിറ്റിക്കൽ ഹിന്ദു വേരോടിയതിൻ്റെ ആഴം ഈ തെരഞ്ഞെടുപ്പിൽ നമുക്കറിയാം.
ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ തിരുനാവായയിലെ ഭാരതപ്പുഴയിൽ നടക്കാൻ പോകുന്ന ഒരു സംഭവം കേരളത്തിലെ പൊതുസമൂഹത്തിന്റെ മനസ്സിൽ ഇതേവരെ ഗൗരവത്തിൽ പതിഞ്ഞിട്ടില്ല- കേരള കുംഭമേള. നാവാ മുകുന്ദ ക്ഷേത്രത്തിന് മുന്നിലെ മണൽപ്പരപ്പിലാണ് വടക്കേ ഇന്ത്യയിൽ പ്രയാഗിലെ ത്രിവേണി സംഗമത്തിലും ഹരിദ്വാറിലും ഉജ്ജയയനിയിലും പന്തീരാണ്ട് തോറും നടക്കുന്ന കുഭമേളയുടെ കേരള എഡിഷൻ സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ പ്രയാഗജുന അഖാഡ ആണ് സംഘാടകർ. സാക്ഷാൽ ശ്രീശങ്കരാചാര്യരാണ് ജുന അഖാഡയുടെ സ്ഥാപകനത്രെ. സനാതന ധർമ്മം പ്രചരിപ്പിക്കാനാണ് ആദിശങ്കരൻ ജുന അഖാഡ സ്ഥാപിച്ചതും കുംഭമേള ആരംഭിച്ചതും എന്നാണ് ഐതിഹ്യം. ഈ അഖാഡയുടെ ഇപ്പോഴത്തെ തലവൻ അഥവാ മഹാമണ്ഡലേശ്വർ കേരളീയനാണ്-സ്വാമി ആനന്ദവനം ഭാരതി. തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ചെയ്ത ചാലക്കുടിക്കാരൻ പി.സലിൽ കഴിഞ്ഞ കുഭമേളക്കാലത്താണ് മഹാമണ്ഡലേശ്വർ ആയതും സ്വാമി ആനന്ദവനം എന്ന പേര് സ്വീകരിച്ചതും. പൂർവ്വാശ്രമത്തിൽ അദ്ദേഹം പെട്രോൾ ഒഴിച്ച പന്തം പോലെ ആളിക്കത്തുന്ന എസ്.എഫ്.ഐ നേതാവ് ആയിരുന്നു. ചാലക്കുടിയിലോ ഇരിങ്ങാലക്കുടയിലോ നിന്ന് ഒരു സി.പി.ഐ(എം) എം.എൽ.എയും നേതാവുമൊക്കെ ആകാനിടയുള്ള ആൾ! വേറെയും ചില മുൻ വിപ്ലവത്തീപ്പന്തങ്ങൾ കഴിഞ്ഞ കുഭമേളയിൽ ആത്മീയ മാർഗ്ഗം സ്വീകരിച്ച് ഹിന്ദുത്വ പാത പുൽകിയിട്ടുണ്ട്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഉത്തരേന്ത്യയിൽ എവിടെയോ നടക്കുന്ന കുംഭമേള കേരളത്തിൽ ഒരു ചലനവും മുൻകാലങ്ങളിൽ ഉണ്ടാക്കിയിട്ടില്ല. ഈ മേളകൾ മലയാളിക്ക് കേട്ടുകേൾവി മാത്രമായിരുന്നു. ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ കഴിഞ്ഞ മേള തിവ്ര വിപണനം ചെയ്തതിന്റെ ഫലമായി ലോകമാകെ അതങ്ങ് വ്യാപിച്ചു. ഹിന്ദുത്വരാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനുള്ള മികച്ച വഴിയായാണ് സംഘപരിവാർ പ്രയാഗ കുംഭമേളയെ മാർക്കറ്റ് ചെയ്തത്. രൗദ്രഹിന്ദുത്വത്തിന്റെ പ്രകടനവേദിയായി മാറിയ പ്രയാഗ കുംഭമേളക്ക് വിപ്ലവകേരളത്തിൽ നിന്ന് വൻ ഒഴുക്കായിരുന്നു. സർവ്വകലാശാലാ അധ്യാപകരും അഭ്യസ്തവിദ്യരും ബുദ്ധിജീവികളുമടക്കം ഒരുപാട് ആളുകൾ മേളക്ക് പോയി. കേരളീയനായ ആന്ദന്ദവനം മഹാമണ്ഡലേശ്വർ ആയപ്പോൾ കേരളത്തിൽ ഒരു കുംഭമേള പ്രതീക്ഷിച്ചതാണ്. പെരിയാറിൻ്റെ തീരത്ത് ആദിശങ്കരൻ ജനിച്ചകാലടിയിൽ അത് നടക്കും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്തിനെയും ഉൾക്കൊള്ളുന്ന ഭാരതപ്പുഴയാണ് പക്ഷെ, അതിന് തെരഞ്ഞെടുത്തത്. മാമാങ്കം നടന്നത് നാവായിലാണല്ലോ.
ആദിശങ്കരൻ ജനിച്ചത് കേരളത്തിലാണെങ്കിലും അദ്ദേഹം മലയാളികൾക്കിടയിൽ തീർത്തും അപരിചിതനാണ്. മലയാളിക്ക് പരിചയം രണ്ടാം ശങ്കരനോടാണ്-ഇ.എം.ശങ്കരനോട്; അടുപ്പവും. ‘ഈയെമ്മെസ്’ എന്ന സംജ്ഞയിൽ അദ്ദേഹത്തെ ഉൾക്കൊണ്ട മലയാളി അദ്ദേഹം പ്രചരിപ്പിച്ച ദർശനത്തെയും ഏറ്റെടുത്തു. ഇക്കാലമത്രയും കേരളം ആ ദർശനത്തിന് ഇരുപുറവും നിന്നാണ് എതിർത്തും അനുകൂലിച്ചും രാഷ്ട്രീയ, സാമൂഹ്യ ചർച്ചകൾ നടത്തിയത്. സീനിൽ എവിടെയും ആദിശങ്കരൻ ഉണ്ടായിരുന്നേയില്ല. രണ്ടാംശങ്കരനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിറഞ്ഞുനിന്നു. അങ്ങനെ ചുവന്ന ആ കേരളത്തിലാണ് ഇരുപത്തൊന്ന് ദിവസം ഹിന്ദുത്വയുടെ തീ തുപ്പുന്ന കുഭമേള നടക്കുന്നത്- എല്ലാ അർഥത്തിലും കേരളത്തിന്റെ സാമൂഹികമനസ്സിൽ ആദിശങ്കരന്റെ പുനഃപ്രതിഷ്ഠയാണിത്. അതായത് ഈ മണ്ണിൽ പാകി പരുവമാക്കിയ ഹിന്ദുത്വയുടെ വിത്തിന് തടമെടുപ്പും ഊന്ന് കെട്ടും.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
കുംഭമേളക്ക് പിന്നാലെ കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കും. ഇപ്പോൾ നടക്കുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വാർത്തകേരളത്തിന്റെ ഇതിവൃത്തം കുംഭമേളയാകും. ഇക്കുറിയത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളത്തിന്റെ മനസ്സിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേരുകൾ എത്രമാത്രം വ്യാപിച്ചിട്ടുണ്ട് എന്നതിന്റെ അളവെടുപ്പാണ്. കേരളമനസ്സ് ഹിന്ദുത്വവൽക്കരണവുമായി എത്രമാത്രം, എങ്ങനെയൊക്കെ പൊരുത്തപ്പെട്ടുക്കൊണ്ടിരിക്കുന്നു എന്നതിന്റെ പാഠങ്ങൾ ഇതിൽ അറിയാം.
ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായി ഇക്കുറിയത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയത്തിൽ നിന്ന് ഹിന്ദുത്വയെ മാറ്റിനിർത്താനാവില്ല എന്നതിന് ദ്യഷ്ടാന്തങ്ങൾ നിരവധിയുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തട്ട് പ്രവർത്തകർ സംസ്ഥാന വ്യാപകമായി മെയ്യും കയ്യും മറന്ന് സജീവമായ കേരളത്തിലെ ആദ്യത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണിത്. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഉണ്ടായ വോട്ട് ഷെയർ വർധനയും അതേ തുടർന്ന് സംഘം അനുഭവിച്ച വിജയോന്മാദത്തിന്റെ ലഹരി, ഇവിടെയും ചിലത് സംഭവിപ്പിക്കാമെന്ന വിശ്വാസം സംഘപരിവാറിൽ സൃഷ്ടിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് 2025ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കാണേണ്ടത്. ആ തലത്തിൽ കേരളത്തിൽ ബി.ജെ.പി രാഷ്ട്രീയത്തിന്റെ ആസിഡ് ടെസ്റ്റാണ് ഇപ്പോൾ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആത്മവിശ്വാസത്തിലാണ്-ഇതോടെ തങ്ങൾ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയാകുമെന്നതിൽ അവർക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസത്തിന്റെ അടിസ്ഥാനം തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം മാത്രമല്ല, 2024ലെ ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ കൂടിയാണ്. സുരേഷ് ഗോപിയുടെ വിജയം യാദൃശ്ചികമെന്ന് കരുതിയാൽ പോലും ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളുടെ തോത് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തിൽ അവർക്ക് പോലും അവിശ്വസനീയമാണ്. രാഷ്ട്രീയ പ്രബുദ്ധതക്ക് പ്രഖ്യാതമായ കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് കൂടി എന്നതിനേക്കാൾ പതിനൊന്ന് അസംബ്ലി സീറ്റുകളിൽ ബി.ജെ.പി വോട്ടെണ്ണെത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് സംഘ പരിവാർ ക്യാമ്പുകളെ പോലും വിസ്മയിപ്പിച്ചതാണ്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, നേമം, കാട്ടാക്കട, മണലൂർ, ഒല്ലൂർ, പുതുക്കാട്, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട എന്നീ അസംബ്ലി മണ്ഡലങ്ങളിലാണ് ബി.ജെ.പി ഒന്നാമതായത്. ഇവ മിക്കതും ചെമ്മണ്ഡലങ്ങളാണ്. സ്വാഭാവികമായും ബിജെപിയുടെ നിയമസഭ സ്വപ്നങ്ങൾക്ക് ചിറക് മുളക്കും. ചെങ്കോട്ടകളായ ആലത്തൂർ, ആലപ്പുഴ ലോകസഭ മണ്ഡലങ്ങളിൽ 11 ശതമാനം വീതം വോട്ടുകളാണ് ബി.ജെ.പിക്ക് കരസ്ഥമാക്കാനായത്! തൃശൂർ (37.18%), തിരുവനന്തപുരം(35.5), ആറ്റിങ്ങൽ(31.6)എന്ന് ലോകസഭ മണ്ഡലങ്ങളിൽ കിട്ടിയ വോട്ടെണ്ണവും ബി.ജെ.പിയെ കുളിര് കോരിക്കും. ഒരു വോട്ട് വസന്തം തന്നെ. എസ്.എൻ.ഡി.പി ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള പാർട്ടിയായ ബി.ഡി.ജെ.എസ് ഉൾപ്പെട്ട ദേശീയ ജനാധിപത്യ മുന്നണിക്ക് 2019ൽ കിട്ടിയ 15.64 ശതമാനം വോട്ട് 2024ൽ 19.23 ശതമാനമായാണ് കൂടിയത്. ബി.ജെ.പിക്ക് മാത്രമായി 2019ലെ 13ൽ നിന്നും 16.68 ശതമാനമായാണ് 2024ൽ വോട്ട് വർധിച്ചത്. ഇപ്പഴങ്കഥയിൽ നിന്ന് ബി.ജെ.പിയുടെ വ്യാപനത്തിന്റെ തോത് വ്യക്തമാകും.
മൂന്നാം മോദി ഗവൺമെന്റിന്റെ കാലമായതോടെ ബി.ജെ.പിയുടെ, ആഭ്യന്തര മന്ത്രി അമിത് ഷായുടെ ടാർജറ്റ് മേഖലയാണ് കേരളം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ തൃശൂർ അദ്ദേഹം ലക്ഷ്യമിട്ട മണ്ഡലമായിരുന്നു. പണവും അധികാരവും ഉപയോഗിച്ച് അത് നേടി. ഒന്നുമില്ലായ്മയിൽ നിന്ന് സൃഷ്ടിച്ച ആ ഒറ്റയൊന്ന് കേരളത്തിലെ ബി.ജെ.പ്പിയിൽ ഉണ്ടാക്കിയ ആർമാദവും ആവേശവുമാണ് ഇക്കുറി ബി.ജെ.പിയെ ത്രിതല തെരഞ്ഞെടുപ്പിന് സജ്ജമാക്കിയ ഊർജ്ജം. അതുകൊണ്ടാകാം, വളരെ നേരത്തെ ഈ തെരഞ്ഞെടുപ്പിന് ഒരുങ്ങിയത് ബി.ജെ.പിയാണ്. എല്ലാ വാർഡുകളിലും തെരഞ്ഞെടുപ്പ് ഓഫീസുകൾ സജ്ജീകരിച്ച് വർണ്ണശബളമായി അലങ്കരിച്ച് തെരഞ്ഞെടുപ്പാഘോഷം അവർ നേരത്തേ തുടങ്ങി. ഒന്നിനും ഒരു പഞ്ഞവുമില്ലാത്ത നിലയിലാണ് കാര്യങ്ങൾ നീക്കുന്നത്. ഒരു വാർഡിൽ പത്ത് പ്രവർത്തകരേ ഉള്ളൂ എങ്കിലും അതിന് നൂറിന്റെ പൊലിമ കൊടുക്കലാണ് അവരുടെ തന്ത്രം. സ്ലിപ്പ് കൊടുക്കാൻ പോകുന്നതെല്ലാം ആൾക്കൂട്ടമായാണ്. ആവുന്നത്ര അമ്പലങ്ങളെ ചുറ്റിപ്പറ്റിയാണ് ഓരോ വാർഡിലും ബി.ജെ.പി സ്ഥാനാർഥികളുടെ വോട്ട് പിടുത്തം. മണ്ഡലകാലമായതിനാൽ അത് വളരെ സൗകര്യപ്രദവുമാണ്. പ്രാദേശിക തലത്തിലുള്ള വ്യക്തി ബന്ധങ്ങൾ പ്രയോജനപ്പെടുത്തി ഹിന്ദുത്വകാര്യങ്ങളിലേക്ക് കൊണ്ടുവന്ന് മോദിയുടെ വികസനസമീപനം രാജ്യത്ത് ഉണ്ടാക്കുന്ന മാറ്റങ്ങളിൽ വിസ്മയിപ്പിച്ച് നടത്തുന്ന പ്രചാരണമാണ് പൊതുവേ ബി.ജെ.പി അനുവർത്തിക്കുന്ന പ്രചാരണ ശൈലി. സ്ത്രീകളിൽ ഹിന്ദുത്വത്തിന് നല്ല വിപണിയുണ്ടത്രെ. അത് പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. എല്ലാ സാധ്യതകളും മുതലാക്കുക എന്നതാണ് അവരുടെ തന്ത്രം. ബി.ജെ.പി കേരളത്തിൽ ഒരു ശക്തിയാണ് എന്ന് വരുത്തേണ്ടത് ഈ തെരഞ്ഞെടുപ്പിൽ അവരുടെ സംസ്ഥാന നേതൃത്വത്തിന്റെ ബാധ്യതയാണ്. ലോകസഭാ വോട്ട് വർധന യാദൃശ്ചികമല്ല ആസൂത്രിതവും ക്രമാനുഗതവും നിലനിൽക്കുന്നതുമാണെന്ന് മോഷാ ദ്വന്ദത്തെ കേരള ബിജെപിക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇപ്പോൾ കൈയിലുള്ള 15 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും ഏറ്റക്കുറച്ചിലുകളോടെയെങ്കിലും നിലനിർത്തുകയും ലോക സഭാ ഫലങ്ങളുടെ ആനുപാതിക വർദ്ധന ത്രിതല പഞ്ചായത്ത് സീറ്റുകളുടെയും വോട്ട് ഷെയറിൻ്റേയും കാര്യത്തിൽ ഉണ്ടാക്കുനതിനപ്പുറം ബി.ജെ.പി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത് അസംബ്ലി തെരഞ്ഞെടുപ്പിൻ്റെ അന്തരീക്ഷം ഉണ്ടാക്കുകയാണ്. ലോകസഭ തെരഞ്ഞെടുപ്പിൽ പതിനൊന്ന് അസംബ്ലി സീറ്റുകളിലെ ഒന്നാം സ്ഥാനം സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്. നാളെയൊരു എം.എൽ.എ ആകാനുള്ള സാധ്യതയായി നിൽക്കുന്ന വോട്ട് കണക്കുകൾ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾക്ക് വലിയ പ്രലോഭനമാണ്. ആ അർഥത്തിൽ മുൻകാല ത്രിതല തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പി സംവിധാനങ്ങൾ ചലിക്കുന്നുണ്ട്.
ബിജെ.പി സ്ഥാനാർഥികളുടെ ഇത്തവണത്തെ ഒരു മെച്ചം ഇതേവരെ അവർക്കുണ്ടായിരുന്ന അസ്പൃശ്യത നീങ്ങി എന്നതാണ്. അവർ ബി.ജെ.പി എന്ന നിലയിൽ സ്വീകരിക്കപ്പെടുന്നുണ്ട്. മോദി പരിവേഷത്തിൻ്റെ വികിരണം അവർക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിൽ. അവർക്ക് പറയാനുള്ളത് പ്രധാനമന്ത്രി മോദിയുടെ വികസനം തന്നെയാണ്. തിരുവനന്തപുരത്ത് ഒളിമ്പിക്സ് നടത്തുമെന്നും പ്രാദേശിക വികസന പദ്ധതികൾ കൊണ്ടുവരുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ പൊയ്യാണെന്ന് വോട്ടർമാർക്കറിയാമെങ്കിലും എന്തെങ്കിലും മോദി ചെയ്യും എന്നൊരു ധാരണ ബി.ജെ.പി സൃഷ്ടിക്കുന്നുണ്ട്. അതിന്റെയൊക്കെ അടിസ്ഥാന ഘടകമായി പ്രവർത്തിക്കുന്നത് ഹിന്ദുത്വ എന്ന ഘടകമാണ്. നെറ്റിയിൽ കുറിയും കൈയിൽ രാഖിയുമായ വോട്ടർമാരെ കാണാനിറങ്ങുന്ന ബി.ജെ.പി പ്രവർത്തകർ ഒരു പ്രത്യേകതരം ആശയവിനിമയമാണ് അവരുമായി നടത്തുന്നത്. അതാണ് ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തുരുപ്പ് ചീട്ട്. രണ്ടാം ശങ്കരനിൽ നിന്നും ആദിശങ്കരനിലേക്കുള്ള മലയാളിയുടെ മടങ്ങിപ്പോക്കിന്റെ വേഗം തീരുമാനിക്കുന്ന രാഷ്ട്രീയ മത്സരമാണിത്.


