TMJ
searchnav-menu
post-thumbnail

Outlook

പണ്ഡിറ്റ് കറുപ്പൻ, ഒരോർമപ്പെടുത്തൽ

27 May 2023   |   3 min Read
മിസ്‌രിയ ചന്ദ്രോത്ത്

ല്ലാവരും നമ്മൾ മനുഷ്യന്മാരല്ലാതെ
മാടും മരവുമല്ല;
വല്ലായ്മ പോക്കുക, ശാസ്ത്രീയമാം ജാതി
ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണേ!
ഒരു നല്ല ജാതിയതു ജ്ഞാനപ്പെണ്ണേ
                 
                 -ജാതിക്കുമ്മി

പത്താമത് പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം സുരേഷ് ഗോപിക്ക് എന്ന വാർത്ത പൊതുമണ്ഡലത്തിൽ എരിഞ്ഞു കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയുടെ സാമൂഹിക, സാംസ്‌കാരിക, സേവന രംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് പണ്ഡിറ്റ് കറുപ്പൻ വിചാരവേദി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്‌കാരം നൽകുന്നത്. ഒരു വിചാരവും ഇല്ലാത്ത തീരുമാനം ആയിപ്പോയില്ലെ ഇതെന്നാണ് വീണ്ടുവിചാരമുള്ള, പണ്ഡിറ്റ് കറുപ്പൻ ആരാണ്, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പരിസരം എന്താണ് എന്നൊക്കെ അറിവുള്ളവർ പറയുന്നത്. ജീവിതകാലം മുഴുവൻ ജാതിക്കെതിരേയും സവർണതയ്‌ക്കെതിരേയും പോരാടിയ ഒരു സാമൂഹിക പരിഷ്‌കർത്താവിനെ പരിഹസിക്കുന്നതിന് തുല്യമല്ലേ ഇത് എന്നാണ് ഉയർന്നു വരുന്ന ചോദ്യം. ചോദ്യത്തിന്റെ ഉത്തരം പറയാതെ തന്നെ വ്യക്തമാണ്. 

പണ്ഡിറ്റ് കറുപ്പൻ മുന്നോട്ടുവച്ച എല്ലാ രാഷ്ട്രീയ ലക്ഷ്യങ്ങളേയും എങ്ങനെ റദ്ദ് ചെയ്യും എന്നതിന് ഉദാഹരണമാണ് പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം ബിജെപിയുടെ മുൻ രാജ്യസഭാംഗമായ സുരേഷ് ഗോപി എന്ന, അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി ജനിക്കണം എന്ന് പ്രാർത്ഥിക്കുന്ന ഒരാൾക്ക് നൽകുന്നത്. കേരള എബ്രഹാം ലിങ്കൺ എന്നറിയപ്പെട്ട, തന്റെ 19-ാമത്തെ വയസിൽ ജാതിവ്യവസ്ഥിതിക്കെതിരെയുള്ള മലയാളത്തിലെ ആദ്യത്തെ കൃതിയായ 'ജാതിക്കുമ്മി' രചിച്ച മനുഷ്യനാണ് പണ്ഡിറ്റ് കറുപ്പൻ എന്ന് ഓർമിക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണ്. അതായത് ആരാണ് സുരേഷ് ഗോപി എന്നല്ല ആരാണ് പണ്ഡിറ്റ് കറുപ്പൻ എന്നാണ് പറഞ്ഞുകൊണ്ടേ ഇരിക്കേണ്ടത്. അത് നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കാൻ അനുവദിക്കാതിരിക്കാനുള്ള ശ്രമം കൂടിയാണ്. 


സുരേഷ് ഗോപി | Photo: Instagram
1885 ൽ കൊച്ചിയിലെ ചേരാനല്ലൂരിലെ ഒരു അരയ സമുദായത്തിൽ ജനിച്ച ശങ്കരനാണ് പിന്നീട് പണ്ഡിറ്റ് കറുപ്പൻ എന്നും കേരള എബ്രഹാം ലിങ്കൺ എന്നും കവിതിലകൻ എന്നും വിധ്വാൻ എന്നുമൊക്കെ അറിയപ്പെട്ട കൊച്ചി നാട്ടുരാജ്യത്തെ ആദ്യത്തെ സാമൂഹ്യ പരിഷ്‌കർത്താവായ പണ്ഡിറ്റ് കറുപ്പൻ. സാഹിത്യത്തിലൂടെ സാമൂഹ്യ പരിഷ്‌കരണം നടത്തിയ ഒരു നവോത്ഥാന നായകൻ ആയിരുന്നു അദ്ദേഹം. 'സോസ്ത്രമന്താരം' ആണ് ആദ്യത്തെ കവിത. അതിന് ശേഷം പന്ത്രണ്ടാം വയസിൽ എഴുതിയ 'ലങ്കാമർദനം'  അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു സാഹിത്യ ഇടപെടൽ ആയിരുന്നു.'ജാതിക്കുമ്മി' കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കും അയിത്തത്തിനും എതിരെയുള്ള ആദ്യത്തെ ജനകീയ സാമൂഹ്യ വിപ്ലവ കൃതിയാണത്. കുമാരനാശാന്റെ 'ദുരവസ്ഥ' ഇറങ്ങുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപാണ് ജാതിക്കുമ്മി എഴുതുന്നത് എന്നോർക്കണം. അക്കാലത്തു ജാതിക്കുമ്മിയിലെ വരികൾ സ്ത്രീകൾ കുമ്മിയടിച്ചു പാടുകയും സന്ധ്യാ നാമമായി ചൊല്ലുകയും ചെയ്യുന്നത്ര ജനകീയമായിരുന്നു. അദ്ദേഹത്തിന്റെ 'ബാലകലേശം' കേരളത്തിലെ ആദ്യത്തെ ദളിത് നാടകവും ആദ്യത്തെ സാമൂഹ്യപരിഷ്‌കരണ നാടകവും കൂടിയാണ്. അൻപത്തിമൂന്നാമത്തെ വയസിൽ മരണപ്പെടുന്നതിന് മുൻപേ തന്നെ മലയാള സാഹിത്യത്തിന് പണ്ഡിറ്റ് കറുപ്പൻ നൽകിയ സംഭാവന ഇന്നും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

സ്ത്രീവിരുദ്ധതയ്ക്കും അന്ധവിശ്വാസത്തിനും എതിരെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് സഭകൾ എന്ന പേരിൽ അദ്ദേഹം തുടങ്ങിയ കമ്മ്യൂണിറ്റി ഹെൽപ് ഗ്രൂപ്‌സ്. കുടുംബശ്രീയുടെ ആദ്യകാല രൂപം എന്നൊക്കെ പറയാവുന്ന തരത്തിൽ കൊടുങ്ങല്ലൂരിൽ ആരംഭിച്ച കല്യാണദായനി സഭ, ഇടകൊച്ചിയിലെ ജ്ഞാനോദയസഭ, തേവരയിലെ സുധർമസൂര്യോദയ സഭ, വടക്കൻ പറവൂരിലെ പ്രബോധനചന്ദ്രോദയ സഭ, എങ്ങണ്ടിയൂരിലെ അരയവംശോദ്ധാരിണി സഭ, കുമ്പളത്തെ സന്മാർഗ പ്രദീപ സഭ തുടങ്ങി വൈക്കത്തും കൊല്ലത്തു വേലുക്കുട്ടി അരയനുമായി ചേർന്നും അദ്ദേഹം സഭകൾ രൂപീകരിച്ചു. ഇതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി തന്നെ അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലങ്ങളുടെ വലുപ്പം വെളിപ്പെടുത്തുന്നതാണ്. 1925 ൽ രൂപീകൃതമായ ആദ്യത്തെ കൊച്ചി നിയമസഭയിൽ അദ്ദേഹം നോമിനേറ്റഡ് മെമ്പർ ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രമേയം തന്നെ അരികുവത്കരിക്കപ്പെട്ട പുലയ സമുദായ ഉന്നമനത്തിനു വേണ്ടിയായിരുന്നു. അതിനു പതിറ്റാണ്ടുകൾക്ക് മുമ്പാണ് (1909) ചരിത്ര പ്രസിദ്ധമായ കായൽ സമ്മേളനം നടക്കുന്നത്. കേരള നവോത്ഥാന ചരിത്രത്തിൽ ആദ്യമായി മറ്റു സമുദായങ്ങൾക്കു വേണ്ടി സംഘടന രൂപീകരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നവോത്ഥാന നായകൻ കൂടിയാണ് പണ്ഡിറ്റ് കറുപ്പൻ. പുലയ സമുദായങ്ങങ്ങൾക്ക് കൂടിച്ചേരാൻ കരയിൽ ഒരിടത്തും സാധ്യമാവാത്ത ഒരു സമയത്തു കായലിൽ വള്ളങ്ങൾ കൂട്ടിച്ചേർത്ത ഒരു പ്ലാറ്റ്‌ഫോമിൽ സംഘടന രൂപീകരണത്തിനുള്ള ആലോചനയോഗം തുടങ്ങുന്നതിനു മുൻകൈ എടുത്തതും പണ്ഡിറ്റ് കറുപ്പനാണ്.


പണ്ഡിറ്റ് കറുപ്പൻ | Photo: Wiki Commons
'പശുക്കളെ അടിച്ചെന്നാൽ ഉടമസ്ഥർ തടുത്തിടും.
പുലയരെ അടിച്ചെന്നാൽ ഒരുവനില്ല.
തോട്ടിലേക്കിറങ്ങിയാൽ കല്ലേറ് കൊള്ളും
റോട്ടിലിറങ്ങിയാൽ തല്ലുകൊള്ളും'

കായൽ സമ്മേളനം എന്ന സംഘടനയുടെ ആലോചനായോഗത്തിന് ആമുഖമായിട്ടാണ് പണ്ഡിറ്റ് കറുപ്പൻ ഈ കവിത ചൊല്ലിയത്. പിന്നീട് അതുതന്നെ മഹാരാജാവിനു നിവേദനമായി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് അഖില കൊച്ചി പുലയ മഹാസഭ രൂപീകൃതമായി. ഈ സംഘടന അക്ഷരാർത്ഥത്തിൽ കൊച്ചി രാജ്യത്തെ പുലയവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാരംഭ പ്രസ്ഥാനവും കൂടിയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിമോചനം സാധ്യമാകൂ എന്ന നവോത്ഥാന മൂല്യം ഉയർത്തിപിടിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥ മനുഷ്യരെ തരം തിരിച്ച കാലത്ത് ''ധിക്കാരമല്ലയോ ജാതി'' എന്ന് വിരൽ ചൂണ്ടിയ, വിമോചനസാക്ഷാത്കാരത്തിന് വേണ്ടി പോരാടിയ മനുഷ്യൻ.  

അന്ധവിശ്വാസങ്ങൾക്കെതിരെ അദ്ദേഹം എഴുതിയ 'ആചാരഭൂഷണം' എന്ന കൃതിയെ പറ്റിയെങ്കിലും വിശദീകരിക്കുവാൻ, വർഗീയ രാഷ്ട്രീയ വിശ്വാസങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന സുരേഷ് ഗോപിക്ക് ഈ അവാർഡ് നൽകാൻ തീരുമാനിച്ച പണ്ഡിറ്റ് കറുപ്പൻ വിചാരവേദി എന്ന സംഘടന ബാധ്യസ്ഥരാണ്. മഹാരാജാവിന്റെ ഉദ്യാനവിരുന്നിൽ നിയമസഭാ മെമ്പർ ആയിരുന്നിട്ട് കൂടി ക്ഷണിക്കപ്പെടാത്തതിൽ 'ഉദ്യാനവിരുന്ന് അഥവാ ഒരു ധീവര ബാലന്റെ വിലാപം' എന്നൊരു മഹത്തായ കൃതി എഴുതിയ പണ്ഡിറ്റ് കറുപ്പൻ ഈ സത്യാനന്തരകാലത്ത് കവിത ചാട്ടവാറാക്കി ഈ അവാർഡ് കമ്മിറ്റിയെയും ബ്രാഹ്‌മണ്യത്തിന്റെ പൂജാവാഹകരായ പ്രസ്ഥാനത്തേയും അതിന്റെ പതാകവാഹകനായ സുരേഷ്ഗോപിക്കെതിരെയും ആഞ്ഞടിക്കുമായിരിക്കും എന്ന് എന്തുകൊണ്ടാണ് സാനുമാഷിന് അറിയാതെ പോകുന്നത് എന്നതും ആലോചിക്കേണ്ട കാര്യമാണ്.


#outlook
Leave a comment