TMJ
searchnav-menu
post-thumbnail

Outlook

ശ്രീനാരായണന്‍ തുറന്ന മാര്‍ഗം

02 Sep 2023   |   3 min Read
ഡോ. ടി എസ് ശ്യാംകുമാര്‍

രിത്രത്തില്‍ മഹത്തായ പരിവര്‍ത്തനം നിര്‍വഹിച്ച മഹാമനീഷികളെ അനുസ്മരിക്കുന്നതിലൂടെ പുതിയ കാലത്ത് നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള വെളിച്ചവും ഊര്‍ജവും സ്വാംശീകരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. അത്തരത്തില്‍ നമ്മുടെ കാലത്തെ അതുല്യമായ വഴിവിളക്കാണ് നാരായണ ഗുരു. ഗുരുവിന്റെ ദര്‍ശനങ്ങള്‍ നാമജപംപോലെ ആവര്‍ത്തിക്കാനല്ല, മറിച്ച് രാഷ്ട്രീയ സാമൂഹിക വിമോചനത്തിനുള്ള ഊര്‍ജ്ജസ്രോതസായി ഗുരുചിന്തനകളെ തിരിച്ചറിയുക എന്നതും പ്രധാനമാണ്.

ഗുരുവിന്റെ സാമൂഹിക ദര്‍ശനം

ഇന്ത്യന്‍ സമൂഹത്തില്‍ സാമൂഹ്യ സമത്വം കൈവരിക്കണമെങ്കില്‍ ജാതി മേല്‍ക്കോയ്മ തകരണം. ഇന്ത്യയിലെ അടിത്തട്ട് സമൂഹങ്ങളുടെ സാമൂഹ്യ തുല്യതയ്‌ക്കെതിരായി എവിടെ തിരിഞ്ഞാലും ജാതി ബ്രാഹ്‌മണ്യം വിഘാതമായി ഭവിക്കുന്നു. ഈ ജാതി ബ്രാഹ്‌മണ്യത്തെ തകര്‍ക്കാതെ അടിത്തട്ട് ജനതയുടെ സാമൂഹ്യ രാഷ്ട്രീയ വിമോചനം സാധ്യമാവുകയില്ല. ഇക്കാര്യം ചരിത്രപരമായിത്തന്നെ അഗാധമായി ഗുരു തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവിന്റെ ജ്ഞാനബോധമാണ് ഗുരുവിനെ അരുവിപ്പുറം പ്രതിഷ്ഠയിലേക്ക് നയിച്ചത്. ബ്രാഹ്‌മണ്യം അതിന്റെ ഹിംസാ മേല്‍ക്കോയ്മ നിലനിര്‍ത്തിയിരുന്നത് ക്ഷേത്രാനുഷ്ഠാനങ്ങളിലൂടെയായിരുന്നു. ബ്രാഹ്‌മണ്യം 'വിശുദ്ധമായി' ചരിത്രത്തില്‍ തുടര്‍ന്നതിന് കാരണവും മറ്റൊന്നല്ല. അയിത്തവും തൊട്ടുകൂടായ്മയും വിശുദ്ധവത്കരിക്കപ്പെട്ടതും സര്‍വരാലും പാലിക്കപ്പെടാന്‍ നിര്‍ബന്ധിതമായതിനും ബ്രാഹ്‌മണ്യ ക്ഷേത്രാനുഷ്ഠാനങ്ങളാണ് ആധാരമായത്. ഗുരു അരുവിപ്പുറത്ത് ആരംഭിച്ച പ്രതിഷ്ഠാ വിപ്ലവം ബ്രാഹ്‌മണ്യത്തിന്റെ തൊട്ടുകൂടായ്മാ വ്യവസ്ഥയുടെയും മേല്‍ക്കീഴ് ഹിംസയുടെയും സാമൂഹ്യ ക്രമങ്ങളെ വിമര്‍ശവിധേയമാക്കി. അടിത്തട്ട് ജനതയുടെ സമ്പത്ത് ബ്രാഹ്‌മണ്യ ക്ഷേത്ര സങ്കേതങ്ങളിലേക്ക് ഒഴുകുന്നതിനും ബ്രാഹ്‌മണ്യത്തിന്റെ അടിമയായി കീഴോര്‍ സമൂഹങ്ങള്‍ മാറിത്തീര്‍ന്നതിനും ബ്രാഹ്‌മണ്യാനുഷ്ഠാനങ്ങള്‍ നിര്‍ണായകമായി. സ്വന്തമായി ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതിലൂടെ കീഴോര്‍ സമൂഹങ്ങള്‍ക്ക് അന്തസ്സും ആത്മാഭിമാനവുമുള്ള ഒരു ജീവിതം ഗുരു പകര്‍ന്നുനല്‍കി. ബ്രാഹ്‌മണ്യത്തിന്റെ പാദദാസ ആശയങ്ങളില്‍ നിന്നും അതിന്റെ കെട്ടുചങ്ങലകളില്‍ നിന്നും 'അടിമ സമൂഹങ്ങള്‍' വിമോചിക്കപ്പെടണമെങ്കില്‍ അതിനൊരു വിമോചനപരമായ സാമൂഹ്യ അടിത്തറ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഗുരു മനസ്സിലാക്കി. ആ അടിത്തറയായിരുന്നു അരുവിപ്പുറം. 

പ്രതിഷ്ഠാ വിപ്ലവങ്ങള്‍ മാത്രമല്ല, തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ദാര്‍ശനിക അടിത്തറയും ഗുരു നിര്‍മിച്ചു. ശങ്കരാദ്വൈതത്തിന്റെ 'ജ്ഞാന ഹിംസയെ' വിമര്‍ശനാത്മകമായി മറികടന്നുകൊണ്ട്, 'മനുഷ്യാണം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ' എന്ന കാരുണ്യത്തില്‍ ചാലിച്ചെഴുതിയ സൂക്തി മുക്തികള്‍കൊണ്ട് ഗുരു പുതിയ ലോകവീക്ഷണം സാധ്യമാക്കി.

PHOTO: WIKI COMMONS
ഗുരുവിന്റെ സാമ്പത്തിക ദര്‍ശനം 

നാരായണ ഗുരുവിനെ കേവലം ആത്മീയ ആചാര്യനായി സ്ഥാപിക്കാനുള്ള അതി യത്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗുരുവിനെ നവോത്ഥാന നായകനായി സ്ഥാനപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവര്‍ ഗുരുവിന്റെ സാമ്പത്തിക ദര്‍ശനങ്ങളെ ആഴത്തില്‍ മനസ്സിലാക്കാത്തവരാണ്. ഇത്തരക്കാര്‍ സംവരണ വിരോധികളാണെന്നതും ശ്രദ്ധേയമാണ്. വ്യവസായംകൊണ്ട് അഭിവൃദ്ധി നേടാനും സംഘടിച്ച് ശക്തരാകാനും ആഹ്വാനം ചെയ്തതിലൂടെ അടിത്തട്ട് സമുദായങ്ങള്‍ ശക്തിപ്പെടണമെങ്കില്‍ അതിന്റെ സാമ്പത്തിക ആധാരം സുദൃഢമായിരിക്കണമെന്ന ബോധ്യമാണ് ഗുരു പ്രകടിപ്പിച്ചത്. ഇന്ത്യയിലെ മറ്റ് സന്യാസിമാര്‍ ആത്മീയ അഭയത്തെപ്പറ്റി മാത്രം സംസാരിച്ചുകൊണ്ടിരുന്ന കാലത്താണ് ഗുരു വിമോചനാത്മകമായ സാമ്പത്തിക ദര്‍ശനം ആവിഷ്‌കരിച്ചത്. വ്യവസായം ചെയ്യണമെന്ന ഗുരുവിന്റെ ആഹ്വാനം മറ്റൊരു ഇന്ത്യന്‍ സന്യാസിയില്‍ കാണാന്‍ കഴിയില്ല എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. സി. കേശവനോട് ലോ (Law ) പഠിക്കണമെന്ന് ഉപദേശിച്ച ഗുരുവില്‍ കേവലമായ ആദ്ധ്യാത്മിക തൃഷ്ണയല്ല കുടികൊണ്ടിരുന്നത്. സഹോദരന്‍ അയ്യപ്പനും കുമാരനാശാനും ആധുനിക വിദ്യാഭ്യാസം സിദ്ധിക്കാന്‍ പ്രോത്സാഹനം നല്‍കിയ ഗുരു ഇത്തരം പ്രതിഭാശാലികളിലൂടെ സമുദായത്തിന്റെ വിമോചനമാണ് സ്വപ്നം കണ്ടത്. സ്വന്തമായി ക്ഷേത്രങ്ങളും സ്ഥാപനങ്ങളും സൃഷ്ടിച്ച ഗുരു, സമുദായത്തിന്റെ ധനം സമുദായത്തിന്റെ ഉന്നമനാര്‍ത്ഥം പ്രയോഗിക്കപ്പെടണമെന്ന ദൃഷ്ടാന്തം പകര്‍ന്നു. അടിത്തട്ട് സമുദായങ്ങളുടെ ധനം ബ്രാഹ്‌മണ്യ പൗരോഹിത്യത്തെ തടിച്ച് കൊഴുപ്പിക്കുന്ന ഒന്നായിത്തീരാന്‍ പാടില്ലെന്ന സാമ്പത്തിക ദര്‍ശനം അതില്‍ അന്തര്‍ലീനമായിരുന്നു. 

അതുല്യനായ ഗുരു 

ഗുരുദേവനെ ശങ്കരന്റെയും ബുദ്ധന്റെയും ആര്‍ഷ ഭാരത ഋഷികളുടെയും പിന്‍ഗാമിയായി സ്ഥാനപ്പെടുത്തുന്ന വ്യത്യസ്ത ആഖ്യാനങ്ങള്‍ നിലവിലുണ്ട്. ഇതില്‍ ശങ്കരന്റെയും ആര്‍ഷ ഋഷി പരമ്പരയുടെയും പിന്‍ഗാമിയാക്കുന്നതിലൂടെ ഗുരുവിനെ ബ്രാഹ്‌മണ്യത്തിന്റെ വക്താവാക്കാനാണ് ചിലര്‍ യത്നിക്കുന്നത്. 'ശങ്കരനും തെറ്റുപറ്റി' എന്നും 'നമുക്ക് സന്യാസം നല്‍കിയത് ബ്രിട്ടീഷുകാരാണ്' എന്നും വിമര്‍ശപരമായി പ്രസ്താവിച്ചതിലൂടെ ഗുരു ബ്രാഹ്‌മണ്യ പാരമ്പര്യത്തെ സമ്പൂര്‍ണമായി തിരസ്‌കരിച്ചു. മറ്റൊന്ന് നാരായണ ഗുരുവില്‍ ബുദ്ധനെ കണ്ടെത്തുന്ന പരിശ്രമങ്ങളാണ്. ഈ വായന ഗുരുവിനെ ചരിത്രപരമായി മനസ്സിലാക്കാത്ത സങ്കുചിത സ്ഥാനപ്പെടുത്തലാണ്. ബുദ്ധന്റെ കാലത്തെ സാമൂഹ്യ പ്രശ്‌നങ്ങളല്ല ഗുരു നേരിട്ടത്. ബുദ്ധനില്‍ നിറഞ്ഞ കാരുണ്യവും അനുകമ്പയും ഗുരുവിലും അലയടിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ നാരായണ ഗുരു ബുദ്ധനില്‍ നിന്ന് വ്യതിരിക്തമായ സാമൂഹ്യ രാഷ്ട്രീയ സന്ദര്‍ഭത്തിന്റെ സൃഷ്ടിയാണ്. ശങ്കരന്റെ അദ്വൈത സിദ്ധാന്തം അടിത്തട്ട് സമൂഹങ്ങള്‍ക്ക് യാതൊരുവിധ സാമ്പത്തിക സാമൂഹ്യ വിമോചന ആശയങ്ങളും പകര്‍ന്നുനല്‍കുന്നില്ല എന്ന് മാത്രമല്ല, കീഴോര്‍ ജനതയുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനത്തെ തടയുന്നതാണ് ശങ്കരന്റെ ചാതുര്‍വര്‍ണ്യത്തില്‍ നിലയുറപ്പിച്ച അദ്വൈതം.

'നിത്യം വാഴണം വാഴണം സുഖം' എന്ന ഗുരുവിന്റെ ദൈവദശകത്തിലെ പ്രാര്‍ത്ഥന ഭൂമിയില്‍ സുഖമായി അടിത്തട്ട് ജനത കഴിയണം എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. ഇത്തരമൊരു സാമ്പത്തിക വിമോചന ദര്‍ശനം ശങ്കരനും മറ്റും ഉണ്ടായിരുന്നില്ല. ഗുരുവിനെ സാമൂഹ്യ വിമോചനത്തിന്റെ വഴിവിളക്കായി തിരിച്ചറിയുന്നതിന് പകരം ഗുരുവിനെ സങ്കുചിതമായി സ്ഥാനപ്പെടുത്തുന്ന ശ്രമങ്ങള്‍ക്കെതിരായാണ് സഹോദരന്‍ അയ്യപ്പന്‍ 'ശ്രീനാരായണന്‍ തുറന്ന മാര്‍ഗം ശ്രീനാരായണനെ കൊണ്ട് അടച്ച് കളയരുത്' എന്ന് ഓര്‍മിപ്പിച്ചത്. അതുകൊണ്ടുതന്നെ പ്രാതിനിധ്യ സാഹോദര്യ ജനായത്തത്തെ ശക്തിപ്പെടുത്തുന്ന ശ്രീനാരായണന്‍ തുറന്ന മാര്‍ഗത്തെ അടച്ച് കളയാതാരിക്കാന്‍ നാം ജാഗരൂകരാകേണ്ടതുണ്ട്.


#outlook
Leave a comment