TMJ
searchnav-menu
post-thumbnail

Outlook

പൗരിയും ലാഭാര്‍ത്ഥിയും; ഇന്ത്യന്‍ നവ ക്ഷേമരാഷ്ട്രത്തെപറ്റി ചില ചിന്തകള്‍

21 Feb 2024   |   15 min Read
യാമിനി അയ്യര്‍

ലഘുസംഗ്രഹം
സാമ്പത്തികവളര്‍ച്ചയുടെ ഗുണഫലങ്ങള്‍ നിഷേധിക്കപ്പെടുന്ന പൗരര്‍ക്ക് നഷ്ടപരിഹാരമായി ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറുന്ന നവ ക്ഷേമരാഷ്ട്രവ്യവസ്ഥ (new welfarism) തിരഞ്ഞെടുപ്പുകളില്‍ ഫലപ്രദമാകുന്നുണ്ട്. ദരിദ്രരുടെ അവകാശനിര്‍വഹണത്തില്‍ അധിഷ്ഠിതമല്ലാത്ത, വ്യക്തികേന്ദ്രിത ഭരണനേതൃത്വവുമായി (personality-centric leadership) നേരിട്ടുണ്ടാകുന്ന ബന്ധത്തിലൂടെ സ്ഥാപിക്കുന്ന ടെക്‌നോ-പാട്രിമോണിയലിസം (techno- patrimonialism) എന്ന അധികാരവ്യവസ്ഥയാണിത്.


ഹിന്ദിമേഖയിലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നിര്‍ണായക വിജയം നേടിയിരുന്നു.   വളരെ സൂക്ഷ്മതയോടെ ബിജെപി ബ്രാന്‍ഡ് ചെയ്ത ക്ഷേമപദ്ധതികള്‍ ഈ വിജയത്തിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ബിജെപി തേച്ചുമിനുക്കിയെടുത്ത ഈ നവ ക്ഷേമരാഷ്ട്രവ്യവസ്ഥയ്ക്ക് ഇപ്പോള്‍ പുതിയ കുറെ അനുയായികളുമുണ്ട്. ബിജെപിയെ നേരിടാന്‍ ക്ഷേമപദ്ധതികള്‍ പ്രധാന ആയുധമാക്കിക്കൊണ്ട് കോണ്‍ഗ്രസ് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന തത്വം പ്രകടമായിരുന്നു. പണം നേരിട്ട് കൈമാറുന്ന 'ക്ഷേമ ഗ്യാരണ്ടികള്‍' മുതല്‍ വില കുറച്ചുനല്‍കുന്ന പാചകവാതകം, സൗജന്യ റേഷന്‍കിറ്റുകള്‍, സൗജന്യ വൈദ്യുതി, സൗജന്യ മൊബൈല്‍ ഫോണുകള്‍ തുടങ്ങി വ്യാപകമായി പരസ്യപ്പെടുത്തിയ വാഗ്ദാനങ്ങള്‍കൊണ്ട് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. അങ്ങനെ, തെലങ്കാനയില്‍ ഭാരത രാഷ്ട്ര സമിതി (ബിആര്‍എസ്) മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ക്ക് പകരം കോണ്‍ഗ്രസിന്റെ ക്ഷേമപദ്ധതികളെ ജനങ്ങള്‍ സ്വീകരിച്ചെങ്കിലും, ഹിന്ദിഹൃദയഭൂമിയില്‍ ബിജെപിയുടെ ക്ഷേമമാതൃകയോടായിരുന്നു അവരുടെ പ്രതിപത്തി.

തിരഞ്ഞെടുപ്പുവിധികള്‍ക്കപ്പുറം മത്സരാധിഷ്ഠിത ക്ഷേമരാഷ്ട്രവ്യവസ്ഥയുടെ (competitive welfarism) ഈ നവമാതൃകയ്ക്ക് ശോഭനമായ ഭാവിയും, ഇന്ത്യന്‍ രാഷ്ട്രീയരംഗത്തില്‍ ഉന്നതസ്ഥാനവുമാണ് കൈവന്നിട്ടുള്ളതെന്നത് നിസ്സംശയം പറയാം. ക്ഷേമരാഷ്ട്രവ്യവസ്ഥയുടെ സമാനതകളില്ലാത്ത ഒരു രൂപമാണിത്. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ അവശ്യ പൊതു സേവനങ്ങളെപ്പറ്റി (public services) അത് തിരഞ്ഞെടുപ്പുവേളയില്‍ മൗനംപാലിക്കുകയും, പൈസയും സാധനങ്ങളും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറുന്ന Direct Benefit Transfer (DBT) സങ്കേതങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു.

സാമ്പത്തികവളര്‍ച്ചയുടെ ഗുണഫലങ്ങളേറെയും സമൂഹത്തിലെ ഒരുശതമാനം മേല്‍ത്തട്ടുകാരിലേക്ക് അടിഞ്ഞുകൂടുന്ന ഇന്ത്യ പോലെയൊരു രാജ്യത്ത് മത്സരാധിഷ്ഠിത ക്ഷേമരാഷ്ട്രവ്യവസ്ഥ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. (1980 നും 2010 നുമിടയില്‍ ഇന്ത്യയിലെ ഒരുശതമാനം മേല്‍ത്തട്ടുകാരിലേക്ക് ഒഴുകിയ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ (GDP) തോതില്‍ 10 ശതമാനത്തില്‍ നിന്നും 22% വര്‍ദ്ധനയുണ്ടായി. ഇതേ കാലാവധിയില്‍ ഏഴ് ശതമാനത്തില്‍ നിന്നും 13% ആയിരുന്നു ചൈനയില്‍ ഇതിന്റെ വളര്‍ച്ച). ഇത് നാം എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ക്ഷേമരാഷ്ട്രവ്യവസ്ഥയുടെ ആകൃതിയെയും, പ്രകൃതിയെയും പറ്റിയുള്ള ചോദ്യങ്ങളുയര്‍ത്തുന്നതിനോടൊപ്പം നമ്മുടെ ജനാധിപത്യക്രമത്തിന്റെ സ്വഭാവം, ഭരണഘടനാപരിരക്ഷകളുടെയും പൗരാവകാശങ്ങളുടെയും ശക്തിപ്പെടുത്തല്‍ തുടങ്ങിയവയെപ്പറ്റിയുള്ള വിചിന്തനത്തിനും അവസരമൊരുക്കുന്നു.

പക്ഷെ ഈ മത്സരാധിഷ്ഠിത ക്ഷേമരാഷ്ട്രവ്യവസ്ഥയുടെ സ്വഭാവത്തെയും, രൂപത്തെയും പറ്റി നിലനില്‍ക്കുന്ന പൊതുചര്‍ച്ചകള്‍ക്ക് ന്യൂനതകളേറെയാണ്. ഖജനാവ് വെളുപ്പിക്കുന്ന, ഏതുവിധേനെയും വിജയിക്കുക എന്ന സ്വാര്‍ത്ഥലക്ഷ്യത്തിലൂന്നിയ ഇലക്ഷന്‍ തന്ത്രമായി ക്ഷേമവാഗ്ദാനങ്ങളെ തള്ളിക്കളയുന്ന പ്രവണതയാണ് ഏറെയും. ഒന്നുകില്‍ ക്ഷേമപദ്ധതി, അല്ലെങ്കില്‍ വോട്ടാകര്‍ഷിക്കുന്ന സൗജന്യങ്ങള്‍ ('റേവ്ഡി') എന്നിങ്ങനെ രണ്ടു കൃത്രിമ ദ്വന്ദ്വങ്ങളിലാണ് ഈ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെടുന്നത്.

ഇത്തരം ലളിതയുക്തികള്‍ക്കപ്പുറം ഈ ലേഖനം മുന്നോട്ടുവെക്കുന്ന വാദമിതാണ്: സാമൂഹ്യപൗരത്വം (social citizenship) പോഷിപ്പിക്കുക, ഐക്യദാര്‍ഢ്യം വളര്‍ത്തുക തുടങ്ങിയ വിമോചനസ്വഭാവമുള്ള ലക്ഷ്യങ്ങളെല്ലാംതന്നെ ഉരിഞ്ഞുമാറ്റുന്ന ഒരു ടെക്‌നോ- പാട്രിമോണിയല്‍ (techno-patrimonial)1 ക്ഷേമരാഷ്ട്രവ്യവസ്ഥയിലേക്ക് ഇന്ത്യ നടന്നടുത്തുകൊണ്ടിരിക്കുകയാണ്. അധികാരങ്ങള്‍ ചോദിച്ചുവാങ്ങുന്ന അവകാശസംവാഹക വ്യക്തിത്വങ്ങളായ (claim-making, rights-bearing actors), ചടുലമായ ഒരു പൗരസമൂഹമല്ല ഈ ക്ഷേമരാഷ്ട്ര ഭാവനയില്‍. പകരം ഭരണകൂട ഔദാര്യത്തിന് പാത്രമായ, നിഷ്‌ക്രിയരായ 'ലാഭാര്‍ത്ഥി'കളായി അവരെ വാര്‍ത്തെടുക്കുകയാണ് ചെയ്യുന്നത്. നേതാവിന് ദൈവത്വം കല്പിച്ചുകൊണ്ടും, ക്ഷേമവാഗ്ദാനങ്ങളിലൂടെ വോട്ടര്‍മാരുടെ പരിധികവിഞ്ഞ കൂറ് നേടിയെടുത്തും അധികാരനിര്‍മ്മിതി നടത്തുന്ന നവ ക്ഷേമരാഷ്ട്രവ്യവസ്ഥ വര്‍ത്തമാനകാലരാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. നമ്മുടെ രാഷ്ട്രീയത്തിന്റെ സ്വഭാവം ഗ്രഹിക്കുന്നതിനും, ഇന്ത്യ ഇന്നഭിമുഖീകരിക്കുന്ന ജനാധിപത്യ വെല്ലുവിളി (അല്ലെങ്കില്‍ പ്രതിസന്ധി) അപഗ്രഥിക്കുന്നതിനും നവ ക്ഷേമരാഷ്ട്ര വ്യവസ്ഥയുടെ ബലതന്ത്രത്തെ വിശകലന വിധേയമാക്കേണ്ടതുണ്ട്.

ഒരു മോഹഭംഗത്തിന്റെ കഥ

ടെക്‌നോ-പാട്രിമോണിയലിസത്തെ അതാവിര്‍ഭവിച്ച സാമൂഹ്യ-സാമ്പത്തിക, അധികാര പശ്ചാത്തലത്തില്‍ സ്ഥാപിച്ചുകൊണ്ടേ നവ ക്ഷേമരാഷ്ട്ര വ്യവസ്ഥയെയും, അതിനിപ്പോള്‍ ലഭിക്കുന്ന പൊതുസമ്മതിയെയും മനസ്സിലാക്കാന്‍ സാധിക്കൂ. ആദ്യം അതിന്റെ സാമ്പത്തികവശം പരിശോധിക്കാം. ഏറ്റവും ത്വരിതമായ വളര്‍ച്ച കൈവരിക്കുന്ന വിപണി, ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തി തുടങ്ങിയ ഗീര്‍വ്വാണങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ വളര്‍ച്ചാമാതൃക രാജ്യത്തെ ഒട്ടുമിക്ക ജനങ്ങള്‍ക്കും വേണ്ട അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടക്കാന്‍ നമ്മുടെ രാഷ്ട്രീയവ്യവസ്ഥയ്ക്ക് കഴിയില്ല.

ഇതിപ്പോഴത്തെ മാത്രം കാര്യമല്ല. ഇന്ത്യന്‍ സമ്പദ്ഘടനയുടെ പരിവര്‍ത്തനം 1991 മുതല്‍ മന്ദഗതിയിലും, അസാധാരണമായുമാണ് നടക്കുന്നത്. അവിദഗ്ധതൊഴിലാളികളുടെ (low- skilled labour) ബാഹുല്യമുണ്ടായിട്ടും നാം സ്വീകരിച്ച സാമ്പത്തിക വളര്‍ച്ചാമാതൃക ഈ തൊഴിലാളികളെ ആശ്രയിച്ചുനില്‍ക്കുന്ന ഉത്പാദനരംഗത്തെ അവഗണിച്ചു. പകരം അതിനേക്കാള്‍ തുലോം ചെറിയ, വിദഗ്ധതൊഴിലാളികള്‍ (high-skilled labour) ആവശ്യമായ സേവനരംഗത്തെ ആശ്രയിച്ചാണ് നമ്മുടെ സമ്പദ് വ്യവസ്ഥ മുന്നേറുന്നത്. തത്ഫലമായി, ഈയിടെ പ്രസിദ്ധീകരിച്ച State of Working India റിപ്പോര്‍ട്ട് (2023) സമര്‍ത്ഥിക്കുന്നതുപോലെ, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും തൊഴിലവസര നിര്‍മ്മാണവും (job creation) തമ്മില്‍ ഏകദേശം ഒരു ബന്ധവും പുലര്‍ത്തുന്നില്ല എന്ന് മാത്രമല്ല, ഒരല്പം പ്രതികൂലവളര്‍ച്ചയാണ് (negative relationship) തമ്മിലുള്ളതും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വളര്‍ച്ചാനിരക്ക് കൂടിയ വര്‍ഷങ്ങളില്‍ തൊഴില്‍ വര്‍ദ്ധന കുറവായിരുന്നു.

Basole (2022) ന്റെ പഠനം ഈ പ്രക്രിയയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്: മിക്ക വികസിത, സമ്പന്നരാഷ്ട്രങ്ങളിലുമെന്നപോലെ സാമ്പത്തികവളര്‍ച്ച ഇന്ത്യയില്‍ അതിന്റെ ഉച്ചസ്ഥായിലെത്തിയ വര്‍ഷങ്ങളില്‍ കാര്‍ഷികമേഖലയില്‍ നിന്നും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കുണ്ടായെങ്കിലും, പുതുതായുണ്ടായ കാര്‍ഷികേതര തൊഴിലവസരങ്ങള്‍ മിക്കതും തുച്ഛവേതനമുള്ള അനൗപചാരിക കെട്ടിടനിര്‍മാണ മേഖലയിലാണ്. അതിനാല്‍ത്തന്നെ സാമ്പത്തിക വളര്‍ച്ച ഒരു വലിയ ജനസമൂഹത്തെ പട്ടിണിയില്‍ നിന്നും കരകയറ്റിയെങ്കിലും, രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ (2022 ലെ കണക്ക് പ്രകാരം) World Bank വിശേഷിപ്പിക്കുന്നതുപോലെ 'vulnerable population' അഥവാ പരിമിത ദാരിദ്ര്യ (moderate poverty) അവസ്ഥയിലാണ് ജീവിക്കുന്നത്. അതായത് അവര്‍ തിരികെ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാന്‍ ഒരു സാമ്പത്തികാഘാതം മാത്രം മതി.

Make in India പോലുള്ള മുദ്രാവാക്യങ്ങളിലൂടെ ഇന്ത്യ വികസിതരാജ്യങ്ങള്‍ക്കൊപ്പം ഉത്പാദനമേഖല ഓടിപ്പിടിക്കുമെന്ന് രാഷ്ട്രീയക്കാരും നയവിദഗ്ധരും പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും, ആ ലക്ഷ്യമൊരു കിട്ടാക്കനിയായി തുടരുകയാണ്. ഇത്തരം മുദ്രാവാക്യങ്ങള്‍ക്കപ്പുറം, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഘടനാപരമായ ഈ പരിമിതിയോടുള്ള രാഷ്ട്രീയ പ്രതികരണത്തില്‍ സാമ്പത്തികവളര്‍ച്ചയെ സംബന്ധിച്ച ഒരിച്ഛാഭംഗം പ്രകടമാണ്. ഇലക്ഷന്‍ വാചാടോപത്തിലും, രാഷ്ട്രീയകക്ഷികളുടെ വിശേഷപ്പെട്ട ക്ഷേമവാഗ്ദാനങ്ങളിലും തെളിഞ്ഞുകാണുന്ന അതേ മോഹനിരാസം.

ഈ യാഥാര്‍ത്ഥ്യബോധമാണ് Rathin Roy (2019) എന്ന സാമ്പത്തികശാസ്ത്രജ്ഞന്‍ നഷ്ടംനികത്തല്‍ യുക്തി (compensatory logic) എന്ന് വിശേഷിപ്പിക്കുന്ന ക്ഷേമപദ്ധതികളിലേക്ക് ഭരണകൂടത്തെ കൊണ്ടെത്തിക്കുന്നത്. ഈ നഷ്ടംനികത്തല്‍ യുക്തി ക്ഷേമനയത്തെ തൊഴില്‍വിപണിയുടെ ചലനതന്ത്രങ്ങളില്‍നിന്നും വിച്ഛേദിപ്പിക്കാന്‍ ഊര്‍ജ്ജിതമായി ശ്രമിക്കുന്നു. അതായത്, ദരിദ്രരെ സാമ്പത്തികോല്‍പാദന പ്രക്രിയയില്‍ ഉള്‍പ്പെടുത്തുക (productive inclusion), പൊതുവിഭവങ്ങള്‍ public & merit goods ആയി വിതരണം ചെയ്തുകൊണ്ട് സാമ്പത്തിക ഉന്നമനത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ പൊതുധനവ്യയത്തെ (public spending) വിന്യസിപ്പിക്കുന്നതിന് പകരം, ദരിദ്രര്‍ക്ക് 'നഷ്ടപരിഹാര'മായി പൈസയും, സാധനങ്ങളും കൈമാറുക എന്ന സമീപനമാണ് സ്വീകരിക്കുന്നത്.

PHOTO: PTI
ഇന്ത്യ ഇപ്പോള്‍ പിന്തുടരുന്ന ക്ഷേമരാഷ്ട്രവ്യവസ്ഥ, തൊഴിലാളിമുന്നേറ്റങ്ങളില്‍ നിന്നും ആരംഭിച്ച, തൊഴിലാളിവര്‍ഗ്ഗവും മൂലധനവും തമ്മിലുള്ള വിലപേശലിലൂടെ രൂപപ്പെട്ട, സ്‌കാന്‍ഡിനേവിയന്‍ സോഷ്യല്‍-ഡെമോക്രാറ്റിക് മാതൃകയല്ല. Means-test ലൂടെ തിട്ടപ്പെടുത്തിയ തുച്ഛമായ ആനുകൂല്യങ്ങള്‍ അനുവദിച്ചിരുന്ന, അതേസമയം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയിരുന്ന യാഥാസ്ഥിതിക Anglo-Saxon മാതൃകയുമല്ല. ഇന്ത്യ ഇന്നെത്തിച്ചേര്‍ന്നിരിക്കുന്ന വികസനഘട്ടം പരിഗണിക്കുമ്പോള്‍, മേല്‍പ്പറഞ്ഞ നഷ്ടപരിഹാര യുക്തിയും (compensatory logic), കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഉത്പാദനാധിഷ്ഠിത ക്ഷേമരാഷ്ട്ര വ്യവസ്ഥയും (productivist welfare regime) തമ്മില്‍ കാര്യമായ അന്തരമുണ്ട്. സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന ഭാഗമായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഉത്പാദനശേഷി (productive capability) വര്‍ദ്ധിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ കിഴക്കന്‍ ഏഷ്യന്‍ ഭരണകൂടങ്ങള്‍ മനുഷ്യ മൂലധനത്തില്‍ (human capital) - അതായത് ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കാര്യമായ നിക്ഷേപങ്ങള്‍ നടത്താന്‍ ശ്രമിച്ചിരുന്നു. Decommodification (market-dependence ല്‍ നിന്നുമുള്ള സംരക്ഷണം) എന്നതിനേക്കാള്‍ സമ്പദ് വ്യവസ്ഥയിലെ പങ്കാളിത്തമായിരുന്നു ഈ രാജ്യങ്ങളില്‍ ക്ഷേമരാഷ്ട്ര നയത്തെ രൂപപ്പെടുത്തിയ ചാലകശക്തി.

തൊഴില്‍ വിപണിയുടെ (labour market) ഘടനാപരമായ സവിശേഷതകളോട് പ്രതികരിക്കുക എന്നത് ഈ നഷ്ടപരിഹാര യുക്തിയുടെ മുന്‍ഗണനയല്ലാത്തതിനാല്‍ മനുഷ്യമൂലധനത്തില്‍ നിക്ഷേപം നടത്താനോ, തൊഴിലാളികളുടെ വിലപേശല്‍ശക്തിയെ (bargaining power) വര്‍ദ്ധിപ്പിച്ചു തൊഴില്‍ വര്‍ഗ്ഗത്തിന്റെ സ്വാതന്ത്ര്യം ഉറപ്പിക്കുവാനോ അത് മിനക്കെടുകയില്ല. പകരം, പൊതുധനം (public finances) പൗരന്മാര്‍ക്ക് നഷ്ടപരിഹാരമായി കൈമാറുന്ന തരം ധനകാര്യനയത്തെ സൃഷ്ടിക്കാനേ ശ്രമിക്കൂ. തന്മൂലം ക്ഷേമപദ്ധതികള്‍ക്ക് 'സൗജന്യങ്ങള്‍'  (freebies), ധനദുര്‍വിനിയോഗം എന്നീ പഴികള്‍ കേള്‍ക്കേണ്ടി വരുന്നു.

ഏറ്റവും പ്രധാനമായി, നഷ്ടപരിഹാരയുക്തി ക്ഷേമവ്യവഹാരത്തെ വിഭവങ്ങളുടെ പുനര്‍വിതരണം, ഐക്യദാര്‍ഢ്യം എന്നീ വിഷയങ്ങളുമായി ഘടിപ്പിക്കുന്നതില്‍ നിന്നും തടയുന്നു. സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു മത്സരാധിഷ്ഠിത ജനാധിപത്യത്തില്‍, സമ്മതിദായകരുടെ ആവശ്യങ്ങളോട് പ്രതികരിക്കേണ്ടി വരുന്ന രാഷ്ട്രീയനേതാക്കന്മാരെ സംബന്ധിച്ചിടത്തോളം നഷ്ടപരിഹാര യുക്തി ആകര്‍ഷകമായ ഒരു ബദലാണ്.

ഇനി രണ്ടാമതായി നാം പരിഗണിക്കുന്നത് ഭരണകൂടത്തിന് അതിന്റെ നയങ്ങള്‍ നിറവേറ്റുന്നതിനും, ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ശേഷിയാണ് (state capacity). ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ (public goods) ലഭ്യമാക്കി കൊടുക്കുന്നതില്‍ ഭരണകൂടത്തിന്റെ പ്രാപ്തിക്കുറവ്, അഴിമതി, ഉദാസീനത തുടങ്ങിയ കാര്യങ്ങള്‍ പരക്കെ അംഗീകരിക്കപ്പെട്ടവയാണ്. എന്നാല്‍ ഫലപ്രദമായ ഒരു ഭരണസംവിധാനം വികസിപ്പിക്കുക, ക്ഷേമരാഷ്ട്രം നിര്‍മ്മിക്കുക എന്നീ ലക്ഷ്യങ്ങളെ ഈ യാഥാര്‍ത്ഥ്യം എത്രമാത്രം തടസ്സപ്പെടുത്തുന്നു എന്നുള്ള കാര്യം അധികം പറഞ്ഞുകേള്‍ക്കാറില്ല.

കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ ഇടത്തരം മുതല്‍ ഉയര്‍ന്ന അളവില്‍ വരെ (moderate to high) സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തിയ, അതേസമയം അസമത്വം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, പുരോഗമന നികുതിയിലൂടെ (progressive taxation) വിഭവപുനര്‍വിതരണം സാധ്യമാക്കുക എന്ന ആശയം ക്ഷേമരാഷ്ട്രവ്യവഹാരത്തില്‍ ഉള്‍പ്പെടുത്തുവാനുള്ള പൊതുചര്‍ച്ചയോ, രാഷ്ട്രീയ അഭിവാഞ്ഛയോ കാണുന്നില്ലെന്നുള്ളത് കൗതുകകരമായ ഒരു വസ്തുതയാണ്. ഏതാനും വര്‍ഷം മുമ്പ് നികുതിയുടെ സ്വഭാവത്തിലുള്ള മാറ്റം എങ്ങനെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയം പ്രതിപാദിക്കുന്ന ഒരു പ്രബന്ധം Lant Pritchett മായി ചേര്‍ന്ന് ഞാന്‍ എഴുതിയിരുന്നു (Pritchett and Aiyar 2015). നികുതിയുടെ രൂപം 'കപ്പ'ത്തില്‍ (ഒരു പ്രദേശത്തെ നാടുവാഴി തന്റെ പ്രജകളില്‍ നിന്നും ഈടാക്കുന്ന നികുതി) നിന്നും, ഒരു പരിഷ്‌കൃതജീവിതാവസ്ഥയ്ക്ക് (civilisation) - അതായത് ഗുണമേന്മയേറിയ പൊതുസേവനങ്ങള്‍ക്ക് (public services) - നല്‍കുന്ന 'വില'യായി (price) രൂപാന്തരപ്പെടുമ്പോഴാണ് വികസനം സാദ്ധ്യമാകുക എന്നായിരുന്നു വാദം. പരിഷ്‌കൃതജീവിതത്തിന് നല്‍കുന്ന ന്യായമായ വിലയാണ് നികുതി എന്ന ധാരണയിലേക്ക് സമൂഹങ്ങള്‍ എത്തിച്ചേരുമ്പോള്‍ നികുതിയടയ്ക്കാനുള്ള ജനങ്ങളുടെ 'സന്നദ്ധത'യും വളരും.

ഇന്ത്യയില്‍ പൊതു സേവനങ്ങളുടെ (public services) ഗുണനിലവാരത്തകര്‍ച്ച നികുതിയടയ്ക്കാനുള്ള സന്നദ്ധതയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. പൊതുഭാവനയിലാവട്ടെ, നിത്യജീവിതത്തിലാവട്ടെ, പരിഷ്‌കൃതസൗകര്യങ്ങള്‍ക്ക് വേണ്ടിയടയ്ക്കുന്ന വില എന്നതിനേക്കാള്‍ കപ്പമായാണ് നികുതി ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. പൊതുസേവനങ്ങളുടെ ഗുണനിലവാരത്തകര്‍ച്ചയുടെ ഫലമായി പൗരര്‍ അഭിവൃദ്ധി പ്രാപിച്ചു നികുതിദായകരുടെ നിലയിലേക്കുയരുമ്പോള്‍ അവര്‍ പൊതുസേവനങ്ങള്‍ വേണ്ടെന്ന് വെച്ച് സ്വകാര്യമേഖലയെ തിരഞ്ഞെടുക്കുന്നു.

ഇത് വരുമാനമുള്ള വിഭാഗങ്ങളിലെ ആദ്യ അഞ്ച് ശതമാനം തൊട്ട് 10 ശതമാനം വരെയുള്ളവരുടെ മാത്രം കാര്യമല്ല. ഉദാഹരണത്തിന്, ഉപഭോക്തൃഗണത്തിലെ ഏറ്റവും താഴേ തട്ടിലുള്ള കുടുംബങ്ങളില്‍ പോലും (കോവിഡിന് മുമ്പ്) മിതമായ നിരക്കില്‍ ലഭ്യമായ സ്വകാര്യ വിദ്യാഭ്യാസത്തിന് ആവശ്യക്കാരേറെയാണ്. നയരൂപീകരണപക്ഷത്തുനിന്ന് നോക്കുമ്പോള്‍ നികുതി കപ്പമാകുന്ന അവസ്ഥ പുരോഗമന നികുതി നയങ്ങളെ ചെറുക്കുന്ന ഒരു വരേണ്യ വ്യവഹാരത്തിന് സാധൂകരണമാകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ നികുതിവ്യവസ്ഥ പരോക്ഷ നികുതിയെ വല്ലാതെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. വിഭവപുനര്‍വിതരണത്തിന് സര്‍ക്കാരിനെ പ്രാപ്തമാക്കാന്‍ ശേഷിയുള്ള പുരോഗമന നികുതിയെ സംബന്ധിച്ച ചര്‍ച്ചക്ക് യാതൊരു അഭിവാഞ്ഛയും പൊതുതലത്തില്‍ കാണുന്നില്ല.

ഇതിന് രണ്ട് പരിണിതഫലങ്ങളാണുള്ളത്. ഒന്ന്, പൊതുസേവനങ്ങളുടെ (public services) സ്വകാര്യവല്‍ക്കരണം സാമൂഹ്യ ഐക്യദാര്‍ഢ്യവും, സംഘാടനവും ക്ഷയിപ്പിക്കുന്ന വിധത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നു. ധനികവര്‍ഗം പൊതുസേവനങ്ങള്‍ സ്വകാര്യമേഖലയില്‍ തേടുമ്പോള്‍ മെച്ചപ്പെട്ട പൊതു സേവനങ്ങള്‍ക്ക് വേണ്ടി ആവശ്യമുയര്‍ത്താനോ, പണം ചിലവഴിക്കാനോ ഉള്ള വരേണ്യവര്‍ഗ്ഗത്തിന്റെ സന്നദ്ധതയും കുറയുന്നു. അതിനാല്‍ത്തന്നെ, പൊതുധനം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കപ്പെടുമ്പോള്‍ അത് ഭരണകൂടം അവശ്യം നിറവേറ്റേണ്ടുന്ന ചുമതല എന്നതിനേക്കാള്‍ രാഷ്ട്രീയ തന്ത്രമായോ, ഖജനാവ് വെളുപ്പിക്കുന്ന ഏര്‍പ്പാടായോ ആണ് അവതരിപ്പിക്കപ്പെടുന്നത്.

ഇന്ന് ഒരു സാര്‍വത്രിക സാമൂഹ്യനയത്തിനേക്കാള്‍ പ്രത്യേകജനവിഭാഗങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന നേരിട്ടുള്ള കൈമാറ്റങ്ങള്‍ക്ക് (targeted transfers), പ്രത്യേകിച്ചും പണം കൈമാറ്റത്തിലൂടെ അടിസ്ഥാനാവശ്യങ്ങളുടെ സ്വകാര്യനിര്‍വ്വഹണത്തിനാണ് (market provisioning of public goods) മുന്‍തൂക്കം കൊടുക്കുന്നത്. ഇത്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ public & merit goods ല്‍ മുതല്‍മുടക്കുന്നതിനേക്കാള്‍ പൊതുധനമുപയോഗിച്ചു കക്കൂസ്, പാചകവാതകം, വീട്, മൊബൈല്‍ ഫോണ്‍, പണനിക്ഷേപം (cash transfers) തുടങ്ങിയ സ്വകാര്യ സേവനങ്ങള്‍ (private goods) ലഭ്യമാക്കുക എന്ന സമീപനത്തിന് സാധൂകരണം നല്‍കുന്നു. പണനിക്ഷേപം (cash transfers) ഭരണകൂടത്തിന്റെ അതിപ്രസരത്തെ പരിമിതപ്പെടുത്തുമെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രാപ്തിക്കുറവ്, അഴിമതി തുടങ്ങിയവയെ ഫലപ്രദമായി മറികടക്കുമെന്നുമാണ് വാദം. സര്‍ക്കാര്‍, പൊതുസംവിധാനങ്ങളില്‍ മുതല്‍മുടക്കുന്നതിന് പകരം ഇപ്പോള്‍ ആരോഗ്യവും വിദ്യാഭ്യാസവും വരെ പണനിക്ഷേപത്തിലൂടെ ഗുണഭോക്താക്കളുടെ പക്കലെത്തിക്കുകയാണ്. അതായത് സര്‍ക്കാര്‍ സ്‌കൂളുകളും, ആരോഗ്യകേന്ദ്രങ്ങളും നടത്തുന്നതിന് പകരം പാഠപുസ്തകങ്ങള്‍ക്കുള്ള പൈസയും, സ്‌കോളര്‍ഷിപ്പും നേരിട്ട് വിതരണം ചെയ്യുന്ന സമ്പ്രദായം.

ഇന്ത്യ കൈവരിച്ചിരിക്കുന്ന സാങ്കേതിക നൈപുണ്യം ഭരണകൂടത്തിന്റെ പല അടരുകളെയും ഭേദിക്കാനുള്ള കെല്പ്പുണ്ടാക്കിയിട്ടുണ്ട്. ഭരണകൂടസംവിധാനങ്ങളിലൂടെ അവശ്യസേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പ്രക്രിയയില്‍ ജനിക്കാവുന്ന സങ്കീര്‍ണ്ണതകളെക്കാള്‍ കാര്യക്ഷമതയ്ക്കാണ് (efficiency) ഇച്ഛാഭംഗം നേരിട്ട നമ്മുടെ ഭരണനേതൃത്വം വില കല്പിക്കുന്നത്. യാതൊരതിര്‍വരമ്പുകളുമില്ലാതെ പൊതു ഖജനാവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്കര്‍ഹയായ പൗരി എന്ന, സാങ്കേതിക വിദ്യയും, ഡിജിറ്റല്‍ വിപ്ലവവും സാദ്ധ്യമാക്കിയ ആകര്‍ഷകമായ ഭാവന, അവരെ സംബന്ധിച്ചിടത്തോളം ഒരു ആവേശപൂര്‍ണ്ണമായ ബദലാണ്.

PHOTO: PTI
ഇത് മനസ്സിലാക്കാന്‍ ഇന്ത്യയുടെ തകര്‍ന്ന പൊതുസംവിധാനങ്ങളെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിക്കുന്ന Digital Public Infrastructure പദ്ധതിക്ക് നല്‍കുന്ന മുന്‍ഗണന ശ്രദ്ധിച്ചാല്‍ മതി. ഒരുവശത്തു മുഖ്യമായും സാങ്കേതികവിദ്യയാല്‍ പ്രവര്‍ത്തിക്കുന്ന ഒരു ബൃഹദ് സര്‍ക്കാര്‍ ക്ഷേമവിതരണ വ്യവസ്ഥയുടെ യുക്തിയായി ധനച്ചോര്‍ച്ച തടയുക, ക്ഷേമപദ്ധതികളുടെ വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തിയൊഴിവാക്കുക, ഭരണസംവിധാനങ്ങളിലെ ഇടനിലക്കാരെ നീക്കംചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. മറുവശത്തു ഈ സാങ്കേതികവ്യവസ്ഥയുടെ മേന്മയായി ഉയര്‍ത്തിക്കാട്ടുന്നത് അതിന് മേല്‍നോട്ടത്തിലൂടെയും, നിരീക്ഷണത്തിലൂടെയും (monitoring & surveillance) അന്യായം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശേഷിയാണ്. GPS mapping, ഏതാണ്ട് എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും വിതരണം നിരീക്ഷിക്കുന്ന മൊബൈല്‍ ആപ്പുകള്‍, ഡാറ്റാ ഡാഷ്‌ബോര്‍ഡുകള്‍, biometric നിരീക്ഷണ സംവിധാനങ്ങള്‍, താഴേത്തട്ടില്‍ പദ്ധതി നടപ്പില്‍വരുത്തുന്ന പ്രക്രിയയുടെ മേല്‍നോട്ടം നടത്തുന്ന command & control സെന്ററുകള്‍, സര്‍വോപരി ആധാര്‍ അധിഷ്ഠിത പണമിടപാട് സംവിധാനം ഇവയെല്ലാം രാജ്യമെമ്പാടും ഭരണനിര്‍വ്വഹണത്തിന്റെ തിളക്കമാര്‍ന്ന ഉപകരണങ്ങള്‍ ആയിത്തീര്‍ന്നിരിക്കുന്നു.

അപ്പോള്‍, ഇന്ത്യയുടെ സാങ്കേതികശേഷികള്‍ രാജ്യനിര്‍മ്മാണ (state building) യത്‌നവുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്, ഭരണശേഷിയുടെ ദുര്‍ബലതകള്‍ക്ക് ഒരു പ്രതിവിധിയെന്ന സാധൂകരണത്തോടെ. ഒരു 'ആടിയുലയുന്ന ഭരണകൂട'ത്താല്‍ (flailing state)2 ഞെരുക്കപ്പെട്ടിരുന്ന സാങ്കേതിക-പൂര്‍വ്വ (pre-technological) ഇന്ത്യയില്‍നിന്നും കാതങ്ങള്‍ അകലെയാണ് ഇന്നത്തെ ആധുനിക ഡിജിറ്റല്‍ ഭരണകൂടം (digi-state) എന്ന് ചിത്രീകരിക്കുകയാണ് ഇതിന്റെ  രാഷ്ട്രീയോദ്ദേശ്യം. ജി-20 അദ്ധ്യക്ഷ പദവിയുടെ സമയത്തു Digital Public Infrastructure നെ ഇന്ത്യന്‍ മാതൃകയായും, ലോകത്തിന് തന്നെയുള്ള സാങ്കേതിക-ഭരണനിര്‍വ്വഹണ പ്രതിവിധിയായും അവതരിപ്പിച്ചിരുന്നതില്‍ ഇതിന്റെ സൂചനകളുണ്ടായിരുന്നു. ഈ കാഴ്ചപ്പാടില്‍ സര്‍ക്കാരിനെ പിടിമുറുക്കിയിട്ടുള്ള സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങളില്‍ നിന്നും ഭരണപ്രക്രിയയെ മോചിപ്പിക്കുന്ന ഒരു value-neutral ഉപകരണമാണ് സാങ്കേതികവിദ്യ.

സങ്കീര്‍ണ്ണമായ കൊടുക്കല്‍  വാങ്ങലുകളും, സംഘര്‍ഷഭരിതമായ അവകാശവാദങ്ങളും ക്ഷേമവിതരണത്തിന്റെ രാഷ്ട്രീയത്തില്‍ അന്തര്‍ലീനമാണ്. ഈ പ്രശ്‌നങ്ങളെ മറികടക്കുന്ന സംവിധാനങ്ങള്‍ നിര്‍മ്മിക്കുക വഴി സേവനവിതരണത്തെ depoliticise ചെയ്യാന്‍ സാങ്കേതികവിദ്യയ്ക്ക് ശേഷിയുണ്ട്. ഈ പരിപ്രേക്ഷ്യത്തില്‍ രാഷ്ട്രീയമാണ് പ്രശ്‌നത്തിന്റെ മൂലകാരണം (ഉദാഹരണത്തിന് Mehta (2013) കാണുക). 'കാര്യക്ഷമത'യും (efficiency), ഭരണകൂട അടരുകളെ ഭേദിക്കാനുള്ള ശേഷിയും വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യ, ഭരണകൂടത്തിന്റെ മര്‍മ്മപ്രധാനമായ ചുമതലകളെ രാഷ്ട്രീയത്തില്‍ നിന്നും പൊതിഞ്ഞുപിടിക്കാന്‍ ഉചിതമായ ഉപകരണമാണ്. വ്യക്തിവിവരങ്ങള്‍ പ്രാമാണീകരിക്കപ്പെടേണ്ട (authenticate), മായ്ച്ചുകളയപ്പെടേണ്ട (delete), ആവര്‍ത്തിക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യപ്പെടേണ്ട (de-duplicate) ഗുണഭോക്താവായാണ് പൗരി ഡാറ്റാബേസില്‍ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ സേവനങ്ങള്‍ക്കായി അവകാശവാദങ്ങളുയര്‍ത്തുന്ന, അധികൃതരോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഭരണനിര്‍വ്വഹണ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കുന്ന സഹകാരിയായി അവള്‍ ഒരിക്കലും വീക്ഷിക്കപ്പെടുന്നില്ല.

അവകാശാധിഷ്ഠിത പദ്ധതി

ഇന്നത്തെ പരിതഃസ്ഥിതി രണ്ടായിരമാണ്ടിന്റെ ആദ്യദശകങ്ങളിലെ ക്ഷേമവ്യവഹാരങ്ങളില്‍ പ്രബലമായിരുന്ന രാജ്യനിര്‍മ്മാണ (state building) പദ്ധതിയുടെ നേര്‍വിപരീതമാണ്. അന്നത്തെ രാജ്യനിര്‍മ്മാണ പ്രക്രിയയില്‍ സജീവപങ്കാളിത്തമുള്ള ഒരു പൗരസമൂഹത്തെ അണിനിരത്താനുള്ള ശ്രമമുണ്ടായിരുന്നു. അടിസ്ഥാന ആനുകൂല്യാര്‍ഹതകള്‍ (basic entitlements) നിയമപരിധിയില്‍ കൊണ്ടുവന്ന് അതിനുള്ള വഴിയൊരുക്കി. ഭരണനിര്‍വ്വഹണത്തില്‍ സജീവപങ്കാളികളാകുന്ന പൗരര്‍ക്ക് അവകാശവാദങ്ങളുന്നയിക്കാനും, ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാനും, ഭരണപ്രക്രിയയില്‍ സുതാര്യത (accountability) ആവശ്യപ്പെടാനും അത് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും ഇടങ്ങളൊരുക്കുന്ന സംവിധാനങ്ങളുള്ള, അവകാശാധിഷ്ഠിത നിയമനിര്‍മ്മാണമായിരുന്നു ഇത്. ജനങ്ങള്‍ക്ക് ഭരണത്തിലുള്ള അസംതൃപ്തിയെ ഒരുമിച്ചുകൊണ്ടുവന്ന് സാമൂഹിക കരാര്‍ (social contract) പുനര്‍വിഭാവനം ചെയ്യുക എന്ന അഭിലാഷത്തോടെ പൗരസമൂഹവും, സാമൂഹ്യപ്രസ്ഥാനങ്ങളും നയിച്ച ഒരു രാജ്യനിര്‍മ്മാണ പദ്ധതിയായിരുന്നു ഇത്. സാമൂഹ്യാവകാശങ്ങള്‍ വിപുലീകരിച്ചുകൊണ്ട്, പൗരത്വത്തെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ കാംക്ഷിക്കുക എന്ന മൂല്യതത്വം (normative principle) ഈ പദ്ധതിയുടെ അടിസ്ഥാനമായിരുന്നു.

സാമൂഹ്യ അവകാശങ്ങളെ സാക്ഷാത്കരിക്കുക തീര്‍ച്ചയായും സങ്കീര്‍ണ്ണത നിറഞ്ഞ പ്രക്രിയയാണ്. അവകാശാധിഷ്ഠിത ക്ഷേമപദ്ധതിയെ മഥിക്കുന്ന ചോദ്യങ്ങളാണ് പ്രവര്‍ത്തനനിര്‍വ്വഹണം (enforceability), സാര്‍വ്വത്രികത (universality), ചിലവ് (affordability), സര്‍വ്വോപരി പൗരന്മാരുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ ഭരണകൂടത്തിനുള്ള ശേഷി (state capacity) തുടങ്ങിയവ. ഭിന്നതാല്‍പര്യങ്ങളെ കൈകാര്യം ചെയ്യാനും, പൗരന്മാരുടെ അവകാശവാദങ്ങളോട് സംവേദനക്ഷമത പുലര്‍ത്താനും രാഷ്ട്രീയം ആവശ്യമായി വരുന്നു. കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു ഈ നിയമനിര്‍മ്മാണങ്ങള്‍ നടന്നിരുന്നതെങ്കിലും അവകാശാധിഷ്ഠിത ക്ഷേമപദ്ധതിക്ക് തുച്ഛമായ രാഷ്ട്രീയ ഉടമസ്ഥതയും (political ownership), സമ്മതിയുമേ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നുള്ളൂ.

തല്‍ഫലമായി, അവകാശാധിഷ്ഠിത പദ്ധതിയുടെ സാക്ഷാത്കാരം പാതിവെന്ത ഒരുദ്യമമായി അവശേഷിച്ചു. സാങ്കേതികവിദ്യ സാദ്ധ്യമാക്കുന്ന കാര്യക്ഷമത (efficiency) 2010 കളോടെ യാഥാര്‍ത്ഥ്യമായപ്പോള്‍ അവകാശാധിഷ്ഠിത മുന്നേറ്റങ്ങളോടുള്ള അനുഭാവം മാറി ഒരു പുതിയ വ്യവസ്ഥയ്ക്ക് വഴിവെച്ചു. ഭരണകൂടത്തെ മറികടക്കുന്ന തരത്തില്‍ മുകളില്‍ നിന്ന് താഴേക്ക് എന്ന നിലയില്‍ സാങ്കേതികവിദ്യയെ വിന്യസിപ്പിച്ചുകൊണ്ടുള്ള ക്ഷേമവിതരണ വ്യവസ്ഥ നിലവില്‍ വന്നു. ഈ പശ്ചാത്തലത്തിലാണ് സാങ്കേതികവിദ്യ രാജ്യനിര്‍മ്മാണവുമായി (state building) ചേര്‍ത്തുവായിക്കപ്പെടാന്‍ തുടങ്ങിയതും, അതുവഴി പൊതുസമ്മതി നേടിയതും.

അങ്ങനെ നോക്കുമ്പോള്‍ സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ ക്ഷേമവിതരണ വ്യവസ്ഥയുടെ ഉദയം രണ്ടുതരം ഇച്ഛാഭംഗങ്ങളില്‍ നിന്നാണെന്ന് കാണാം: ഒന്ന്, എല്ലാ പൗരന്മാര്‍ക്കും സാമ്പത്തികാവസരങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം. രണ്ട് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശേഷി (state capacity) സംബന്ധിച്ച അസംതൃപ്തി. ഈ രണ്ട് ഘടകങ്ങളും ഒന്നുചേര്‍ന്ന് നവ ക്ഷേമവ്യവസ്ഥയ്ക്ക് ഒരു വിശാല സാമൂഹ്യ സമ്മിതി നേടിക്കൊടുക്കുന്ന പശ്ചാത്തലം സൃഷ്ടിച്ചു.

PHOTO: PTI
പൗരി vs ലാഭാര്‍ത്ഥി

ഈ ഭാഗം തുടങ്ങുന്നതിന് മുമ്പായി ഒരു വിശദീകരണം ഉണ്ട്. ഇന്ത്യയെ പോലൊരു ഫെഡറല്‍ സംവിധാനത്തില്‍ ഏക മാതൃകയിലുള്ള ക്ഷേമവ്യവസ്ഥ കാണാന്‍ സാധിക്കില്ല. സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്ത സാമൂഹ്യ-രാഷ്ട്രീയ ദിശകള്‍ ആരോഗ്യവും വിദ്യാഭ്യാസവുമടക്കം വ്യത്യസ്ത മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പലതരം ക്ഷേമ സമീപനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. വര്‍ത്തമാനകാല ക്ഷേമവ്യവസ്ഥയുടെ പ്രധാന ഘടകങ്ങളെ സംബന്ധിച്ചു ഉടലെടുത്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സമ്മതി (political consensus) മനസ്സിലാക്കാന്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്ന ക്ഷേമപദ്ധതികളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. അതേസമയം ഓരോ സംസ്ഥാനങ്ങളും മുന്‍ഗണന കൊടുക്കുന്ന മേഖല അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയപന്ഥാവുകളെ ആശ്രയിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യയില്‍ ആധിപത്യം നേടിയിരിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയെന്നനിലയ്ക്ക് ബിജെപിയുടെ ക്ഷേമ സമീപനത്തെയാണ് ഈ ലേഖനത്തില്‍ പ്രധാനമായും പഠനവിധേയമാക്കുന്നത്. അതേസമയം ഇവിടെ പരാമര്‍ശിക്കുന്ന പ്രവണതകള്‍ പാര്‍ട്ടി-സംസ്ഥാനഭേദമെന്യേ സാമാന്യവല്‍ക്കരിക്കാവുന്നതാണ്.

സാമൂഹ്യ കരാര്‍ (social contract) പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ക്ഷേമരാഷ്ട്ര വ്യവസ്ഥയ്ക്ക് മൂന്ന് സവിശേഷതകളുണ്ട്: ഒന്ന്, അവകാശസംവാഹകരായ പൗരരോടുള്ള (rights-bearing citizens) ഭരണകൂടത്തിന്റെ ഉത്തരവാദിത്തം എന്ന നിലയില്‍ നിന്നും രാഷ്ട്രത്തോടുള്ള കടമകള്‍ നിര്‍വ്വഹിക്കാന്‍ ബാദ്ധ്യസ്ഥപ്പെട്ട പൗരിയുടെ വ്യക്തിപരമായ ഉദ്യമമായി ക്ഷേമത്തെ മാറ്റി സ്ഥാപിക്കാനുള്ള അവധാനപൂര്‍വ്വമായ ശ്രമമാണ്. 'തങ്ങളുടെ സ്വന്തം ശേഷിയുപയോഗിച്ചു ദാരിദ്ര്യത്തോട് പടവെട്ടാന്‍ ദരിദ്രരെ ശാക്തീകരിക്കേണ്ടതുണ്ട്', അധികാരത്തില്‍ വന്ന ആദ്യ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം ഈ വീക്ഷണം കൂടുതല്‍ വിശദമാക്കി: 'ഇരുപത്തിനാല് മണിക്കൂറും വൈദ്യുതി വിതരണമുറപ്പാക്കാന്‍ ശ്രമിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയാണ്, പക്ഷെ കഴിയുന്ന അത്രയും യൂണിറ്റ് വൈദ്യുതി ലാഭിക്കേണ്ടത് ഒരു പൗരന്റെ കടമയാണ്. എല്ലാ കൃഷിനിലങ്ങളിലും ജലവിതരണം സാദ്ധ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്, പക്ഷെ നമുക്ക് ജലം മിതമായി ചെലവഴിച്ചുകൊണ്ട് മുന്നേറാം എന്ന ശബ്ദം എന്റെ എല്ലാ കൃഷിനിലങ്ങളിലും നിന്നും ഉയരണം.' സമാനമായി, ആഭ്യന്തരമന്ത്രി അമിത് ഷാ ശാക്തീകരണത്തിന് ഒരു പ്രത്യേക നിര്‍വ്വചനമാണ് നല്‍കിയിരിക്കുന്നത്. 'ഞങ്ങള്‍ പാചകവാതക കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്, ബില്ലടക്കേണ്ട ഉത്തരവാദിത്തം അവര്‍ ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നു. ഞങ്ങള്‍ കക്കൂസുകള്‍ നിര്‍മ്മിച്ചുകൊടുത്തിട്ടുണ്ട് അത് സൂക്ഷിക്കേണ്ടത് അവര്‍ തന്നെയാണ് അവരുടെ ജീവിതനിലവാരമുയര്‍ത്തുക എന്നതാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത് - ഇതാണ് ശാക്തീകരണം.'

സാമൂഹ്യാവകാശങ്ങള്‍ വളര്‍ത്തുക, പൗരത്വം അതിന്റെ പരിപൂര്‍ണ്ണ അര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കുക എന്നിവ ഈ ക്ഷേമവീക്ഷണത്തിന്റെ പരിധിയിലില്ല. പകരം പരിമിതമായ ഒരു കൂട്ടം മൂര്‍ത്ത വസ്തുവകകള്‍ (tangible assets) ജനങ്ങള്‍ക്ക് കൈമാറുന്നിടത്തു അതവസാനിക്കുന്നു. 'സുഗമമായ ജീവിതം' (ease of living) നല്‍കാനുള്ള ഭരണകൂട ഉത്തരവാദിത്തത്തിന്റെയും, ഈ 'സൗഖ്യ'ത്തെ (ease) പരമാവധി ഉപയോഗപ്പെടുത്തി വിപണിയിലൂടെ തങ്ങളുടെ സുസ്ഥിതിയും, ശാക്തീകരണവും ഉറപ്പാക്കാനുള്ള കടമാബദ്ധരായ പൗരരുടെ സന്നദ്ധതയും തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെയാണ് ശാക്തീകരണം നേടുന്നത്.

ഇപ്പോഴത്തെ ക്ഷേമസങ്കല്പങ്ങളെയും, രാജ്യനിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ദാനം (dole), ആനുകൂല്യാര്‍ഹത (entitlement) തുടങ്ങിയ മുന്‍കാല ക്ഷേമസമീപനങ്ങളില്‍ നിന്നും നേര്‍വിപരീതമായി, ഉത്പതിഷ്ണുത്വത്തിന്റെയും, പുരോഗതിയുടെയും വ്യവഹാരങ്ങളില്‍ സ്ഥാപിച്ചുകൊണ്ട് അടിയുറപ്പിക്കുന്നു. പൗരന്മാരുടെ കടമകളെയും, കര്‍ത്തവ്യങ്ങളെയും ഉയര്‍ത്തിക്കാട്ടി, ഒരു കൂട്ടായ, പുരോഗമനപരമായ രാഷ്ട്രനിര്‍മ്മാണ പദ്ധതിയില്‍ അണിചേരുവാന്‍ ആവശ്യപ്പെടുന്ന വീക്ഷണമാണിത്. അവകാശത്തിന്റെ ഭാഷ, പുരോഗതിയുടെ ഭാഷയ്ക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു. 'സുഗമമായ ജീവിത'ത്താലും, രാഷ്ട്രനിര്‍മ്മാണത്തിനുതകുന്ന നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്താലും (Direct Benefit Transfers) ശാക്തീകരിക്കപ്പെട്ട ഒരു വികസിത, ഉത്കര്‍ഷേച്ഛു ഇന്ത്യയുടെ ഭാവനയ്ക്ക്, വഴിമാറിക്കൊടുത്തിരിക്കുന്നു. പക്ഷെ പൗരരുടെ കടമകള്‍ക്ക് ഊന്നല്‍ നല്‍കുകയും, അവര്‍ക്കുള്ള അവകാശങ്ങളെപ്പറ്റി നിശ്ശബ്ദമാവുകയും ചെയ്യുന്ന ചട്ടക്കൂടില്‍ ക്ഷേമം ഒരു ധാര്‍മ്മിക ഉത്തരവാദിത്തത്തേക്കാള്‍ ഭരണകൂട ഔദാര്യമായിത്തീരുകയാണ്.

രണ്ടാമതായി, ക്ഷേമത്തെ അവകാശങ്ങളില്‍ നിന്നും വിച്ഛേദിക്കുമ്പോള്‍, 'ലാഭാര്‍ത്ഥി' വര്‍ഗ്ഗമെന്ന പുതിയൊരു രാഷ്ട്രീയ നിര്‍മ്മിതി (political category) രൂപപ്പെടുകയും, അതുവഴി ഭരണകൂടവും, സമൂഹവും തമ്മിലുള്ള ബന്ധം ഉടച്ചുവാര്‍ക്കപ്പെടുകയും ചെയ്യുന്നു. ലാഭാര്‍ത്ഥി വര്‍ഗ്ഗം എന്ന വിഭാഗം രാഷ്ട്രീയനേതാക്കന്മാര്‍ക്ക് ജാതി, വര്‍ഗ്ഗം, പ്രദേശം എന്നീ സാമ്പ്രദായിക രാഷ്ട്രീയ സംഘാടന യുക്തികളെ മറികടക്കാനും, ആനുകൂല്യങ്ങളുടെ ഗുണഭോക്താവ് (beneficiary) എന്ന നിര്‍മ്മിതിയിലൂടെ പുതിയൊരുതരം സംഘാടനഭാവുകത്വം സ്ഥാപിക്കാനും സഹായിക്കുന്നു. ബിജെപി വളരെ വ്യക്തമായി (അതേസമയം വളരെ ഫലപ്രദമായ) ഉയര്‍ത്തിക്കാട്ടിയ 'സ്ത്രീ'വോട്ടര്‍ ഇതിനൊരുദാഹരണമാണ്. ബിഹാറിലെ ജനതാദള്‍ (യുണൈറ്റഡ്), പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളിലെ ചില നേതാക്കന്മാര്‍ സമാനതന്ത്രം പയറ്റിനോക്കി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും വനിതാ വോട്ടര്‍മാരുടെ ഉന്നമനത്തിനായി കുറെ ക്ഷേമ ഉറപ്പുകളും, പണം നിക്ഷേപങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

അമിത് ഷാ | PHOTO: WIKI COMMONS
ക്ഷേമ സംഘാടനത്തിന്റെ ഈ പുതിയ പതിപ്പ് രണ്ട് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു: വോട്ടര്‍മാരെ 'ആനുകൂല്യ ഗുണഭോക്താക്ക'ളായി നിര്‍വ്വചിക്കുകയും, സംഘടിപ്പിക്കുകയും ചെയ്യുക വഴി ക്ഷേമവ്യവഹാരത്തെ അവകാശസമരങ്ങളില്‍ നിന്നും വിടുവിക്കുക. ഇങ്ങനെ, അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്ന ജീവസ്സുറ്റ പൗരര്‍ക്ക് പകരം, ഭരണകൂടഔദാര്യം കനിഞ്ഞുകിട്ടുന്ന അചേതന വസ്തുക്കളായി അവരെ മാറ്റിപ്പണിയുക.

രണ്ടാമത്തെ ലക്ഷ്യം രാഷ്ട്രീയ കക്ഷികള്‍ക്ക് ഓരോ സമ്മതിദായകനുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുവാന്‍ ഇടമുണ്ടാക്കുക. ഭരണകൂട വിഭവങ്ങള്‍ക്കുമേല്‍ നടത്തുന്ന കൂട്ടായ, താല്പര്യാധിഷ്ഠിത (interest-based) അവകാശസമരങ്ങളെ ക്ഷയിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇന്ന് രാഷ്ട്രീയകക്ഷികള്‍ പിന്തുടരുന്ന സംഘാടന അടവുകളില്‍ വളരെ സൂക്ഷ്മമായ, എന്നാല്‍ നിര്‍ണ്ണായകമായ, മാറ്റം ദൃശ്യമാണ്. ജാതിമതാടിസ്ഥാനത്തില്‍ മാത്രമുണ്ടായിരുന്ന സംഘാടനശൈലിയില്‍ നിന്നും ജാതിമതവൈവിധ്യങ്ങള്‍ക്കതീതരായ ആനുകൂല്യ ഗുണഭോക്താക്കള്‍  - ലാഭാര്‍ത്ഥി വര്‍ഗ്ഗം - അടങ്ങിയ ഒരു സാമൂഹ്യ അടിത്തറയെ അണിനിരത്തുന്ന തന്ത്രമാണ് അവര്‍ കൈക്കൊള്ളുന്നത്. ഒരേസമയം മുന്നാക്ക സംവരണം (മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 ശതമാനം പേര്‍ക്കുള്ള സംവരണം) നടപ്പിലാക്കാനും, അതിനൊപ്പം ദളിത് വോട്ടുകള്‍ നിലനിര്‍ത്താനും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധിച്ചു എന്ന വസ്തുത ഇതിനൊരു ദൃഷ്ടാന്തമാണ്. ജാതി സെന്‍സസ് എന്ന ആവശ്യത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കിയ ജാത്യാടിസ്ഥാനത്തിലുള്ള മുന്നേറ്റങ്ങളെ ഫലപ്രദമായി നിര്‍വീര്യമാക്കാന്‍  ലാഭാര്‍ത്ഥി വിഭാഗത്തിന് കഴിഞ്ഞു എന്നാണ് ഹിന്ദി മേഖലയില്‍ ബിജെപി കൈവരിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ സൂചിപ്പിക്കുന്നത്.

ലാഭാര്‍ത്ഥി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാനുപയോഗിക്കുന്ന തന്ത്രങ്ങള്‍ നവ ക്ഷേമരാഷ്ട്രവ്യവസ്ഥയുടെ മൂന്നാമത്തെ സവിശേഷത വെളിപ്പെടുത്തുന്നു. ഇന്ന് 'കാര്യക്ഷമതയുള്ള ഭരണം'  (efficient governance) എന്ന വ്യവഹാരത്തോടൊപ്പം തന്നെ പാര്‍ട്ടി നേതൃത്വവും വോട്ടര്‍മാരും തമ്മില്‍ അതിസൂക്ഷ്മമായി നിര്‍മ്മിക്കപ്പെടുന്ന ഒരു വൈകാരികബന്ധവും ലാഭാര്‍ത്ഥി വിഭാഗത്തെ സംഘടിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

ബിജെപി ദൃഷ്ടാന്തവല്‍ക്കരിക്കുന്ന പാര്‍ട്ടി നേതൃകേന്ദ്രീകൃതമായ, വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ താക്കോല്‍ ഈ വൈകാരികകണ്ണിയാണ്. പാര്‍ട്ടി നേതാവിനെ ദൈവതുല്യനാക്കിക്കൊണ്ട് നേതാവും വോട്ടറും തമ്മില്‍ നിര്‍മ്മിക്കപ്പെടുന്ന നേരിട്ടുള്ള ബന്ധത്തിലൂടെയാണ് ഇന്ന് രാഷ്ട്രീയാധികാര നിര്‍മ്മിതി നടക്കുന്നത്. തന്നെ ഏക രക്ഷാധികാരിയും, അന്നദാതാവുമായി (patron and provider) സ്വയം പ്രതിഷ്ഠിച്ചു, പകരം വോട്ടര്‍മാരുടെ കൂറും, സമ്പൂര്‍ണ്ണ വിശ്വാസവും ആവശ്യപ്പെടുകയും ചെയ്ത് ധാര്‍മ്മിക സമ്മതി നേടാനാണ് നവ ക്ഷേമ വ്യവസ്ഥയില്‍ രാഷ്ട്രീയ നേതാവ് ശ്രമിക്കുന്നത്. പാര്‍ട്ടി നേതാവിന് ദിവ്യത്വം കല്പിച്ചുകൊണ്ട് സ്ഥാപിക്കപ്പെടുന്ന ഈ രാഷ്ട്രീയത്തെയാണ് Neelanjan Sircar 'വിശ്വാസത്തിന്റെ രാഷ്ട്രീയം' (politics of vishwas) എന്ന് വിളിക്കുന്നത്.

ഇതാണ് ബിജെപി പിന്‍പറ്റുന്ന പുതിയ രാഷ്ട്രീയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഈ രാഷ്ട്രീയം, മോദിയെ ക്ഷേമം വിതരണം ചെയ്യാന്‍ കെല്പുള്ള ഏക രക്ഷാധികാരിയും അന്നദാതാവുമായി ചിത്രീകരിക്കുന്നു. അപ്പോള്‍, എല്ലാ ക്ഷേമ പദ്ധതികളും വിതരണം ചെയ്യുമ്പോള്‍, പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചു ബ്രാന്‍ഡ് ചെയ്യുന്നത് ആകസ്മികമല്ല. മറ്റുള്ള രാഷ്ട്രീയ കക്ഷികളും ഇതേ അടവ് പയറ്റാന്‍ തുടങ്ങി എന്ന് ഇപ്പോഴത്തെ ഇലക്ഷന്‍ പ്രചാരണത്തില്‍ നിന്നും മനസ്സിലാക്കാം.

വോട്ടര്‍മാര്‍ ക്ഷേമവിതരണം ഒരു രാഷ്ട്രീയ നേതൃവ്യക്തിയുടെ - ഇവിടെ സാക്ഷാല്‍ നരേന്ദ്ര മോദിയുടെ തന്നെ - നേട്ടമായി വ്യാഖ്യാനിക്കുന്നതായി നിരവധി സര്‍വേകള്‍ കാണിക്കുന്നു. ഈ തന്ത്രം തിരഞ്ഞെടുപ്പുകളില്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇതില്‍ നിന്നും അനുമാനിക്കാം. മുന്‍ ദേശീയ തിരഞ്ഞെടുപ്പുകളില്‍ ക്ഷേമവിതരണം സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടമായി വോട്ടര്‍മാര്‍ കരുതിയിരുന്നെങ്കിലും 2019 ലെ പൊതു തിരഞ്ഞെടുപ്പ് മുതല്‍ പദ്ധതികളുടെ ക്രെഡിറ്റ് മോദിക്കും, കേന്ദ്രസര്‍ക്കാരിനും നല്‍കാനുള്ള പ്രവണതയില്‍ കാര്യമായ വര്‍ദ്ധനയുണ്ടായി എന്ന് CSDS-Lokniti സര്‍വേകള്‍ കാണിക്കുന്നു. സമാനപ്രവണത സംസ്ഥാന സര്‍ക്കാര്‍ തലത്തിലും നിലനില്‍ക്കുന്നു. 2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ CSDS-Lokniti സര്‍വേ കാണിക്കുന്നത്, ബിജെപിക്ക് വോട്ടു ചെയ്യുന്നവരിലേറെയും സൗജന്യ റേഷന്‍, PM-Kisan, Awas യോജനകളുടെ ഗുണഭോക്താക്കള്‍ ആകാന്‍ സാദ്ധ്യതയുണ്ടായിരുന്നുവെന്നാണ്. 2022 ലെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിലും ഇതേ സംഗതി കാണാന്‍ സാധിച്ചു.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇത് ബിജെപിയുടെ മാത്രം സവിശേഷതയല്ല എന്നുള്ളതാണ്. ക്ഷേമപദ്ധതികളെ ഒരു നേതാവിന്റെ നേട്ടമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ മറ്റു രാഷ്ട്രീയ കക്ഷികളും നടത്തുന്നുണ്ട്. ഉദാഹരണത്തിന് 2021 ല്‍ പശ്ചിമ ബംഗാളില്‍ ഹിന്ദു, മുസ്ലിം എന്നയടിസ്ഥാനത്തില്‍ ഏകീകരിക്കപ്പെടുന്ന വോട്ടുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമാകുന്നത് തടയാന്‍ മമതാ ബാനര്‍ജിക്ക് കഴിഞ്ഞത് പ്രത്യേക ലിംഗവിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള ആഹ്വാനങ്ങളും, ക്ഷേമ പദ്ധതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു നീക്കത്തിലൂടെയായിരുന്നു. ഉദാഹരണത്തിന്, മധ്യവര്‍ഗ്ഗവിഭാഗത്തിലെ താഴ്തട്ടുകാരായ സ്ത്രീകളിലും, ദരിദ്ര സ്ത്രീകളിലും 50 ശതമാനത്തിലേറെപ്പേര്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതായി CSDS പഠനം വെളിപ്പെടുത്തുന്നു.

PHOTO: TWITTER
ടെക്‌നോ-പാട്രിമോണിയലിസം

സാങ്കേതികവിദ്യയുപയോഗിച്ച് നേരിട്ട് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ (Direct Benefit Transfer) ഈ വൈകാരിക രാഷ്ട്രീയത്തിന് നിലമൊരുക്കുകയും ഊര്‍ജ്ജം പകരുകയും ചെയ്യുന്നു. പ്രാദേശിക ഇടനിലക്കാരുടെ പല അടരുകളെയും ഭേദിച്ച് നേരിട്ട് വോട്ടര്‍മാരിലേക്കെത്തുന്നതിലൂടെ അവരുമായുള്ള ബന്ധം തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ നേതാക്കന്മാര്‍ക്ക് അവസരമൊരുങ്ങുന്നു. നേരിട്ടുള്ള ആനുകൂല്യ വിതരണത്തിന് (DBT) ചിതറിക്കിടക്കുന്ന പൊതുസംവിധാനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങളെക്കാള്‍ മൂല്യം കൈവരുന്നതും, ക്ഷേമപദ്ധതികളുടെ ബ്രാന്‍ഡിങ്ങില്‍ പ്രത്യക്ഷപ്പെടുന്ന ഏക ബിംബം പാര്‍ട്ടി നേതാവിന്റേതാകുന്നതും ഇക്കാരണത്താലാണ്.

ഈ സാങ്കേതികവിദ്യാ സംവിധാനങ്ങളിലൂടെയും, അതിനോട് ബന്ധപ്പെട്ട നിരീക്ഷണ സങ്കേതങ്ങളിലൂടെയും ആര്‍ജ്ജിച്ചെടുക്കുന്ന 'കാര്യക്ഷമത'യെപ്പറ്റി നിരന്തരം പൗരരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ബിജെപി ഈ പദ്ധതികളുടെ സമ്മതി നിലനിര്‍ത്താനും അതിന്റെയാഴം കൂട്ടാനും ശ്രമിക്കുന്നു. കൃത്രിമ ഗുണഭോക്താക്കളെ (ghost beneficiaries) നീക്കം ചെയ്തും, ചോര്‍ച്ചകള്‍ തടഞ്ഞും നേടിയ 'ലാഭ'ക്കണക്ക് DBT വെബ്‌സൈറ്റ് പ്രത്യേകം എടുത്തുപറയുന്നുണ്ട്. ബയോമെട്രിക് സാങ്കേതികവിദ്യ, GPS mapping, ഡാറ്റ ഡാഷ്‌ബോര്‍ഡുകള്‍ തുടങ്ങിയവയിലൂടെ നടത്തുന്ന മേല്‍നോട്ട-നിരീക്ഷണങ്ങള്‍, പദ്ധതികള്‍ നടപ്പാക്കുന്നതിലെ, പ്രത്യേകിച്ചും സംസ്ഥാനതലത്തിലെ പദ്ധതി നിര്‍വ്വഹണങ്ങളിലെ ഉദാസീനത, അനീതികള്‍, അഴിമതി തുടങ്ങിയവ കണ്ടുപിടിക്കാന്‍ പറ്റിയ ആയുധങ്ങളായാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി നടത്തുന്ന സമ്പര്‍ക്കങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തുന്ന യോഗങ്ങളുടെ ചിത്രങ്ങള്‍, പ്രഗതി തുടങ്ങിയ സംവിധാനങ്ങള്‍ വഴി പദ്ധതികളുടെ പുരോഗമനം നിരീക്ഷിക്കുന്ന പ്രക്രിയ ഇവയെല്ലാം പരക്കെ പ്രസിദ്ധപ്പെടുത്തുന്നു. ഈ പ്രവൃത്തികളിലൂടെ സാങ്കേതികവിദ്യ സാദ്ധ്യമാക്കുന്ന കാര്യക്ഷമതയുടെ അപദാനങ്ങള്‍ (value proposition) ഊന്നിപ്പറയുന്നതിനൊപ്പം, പ്രധാനമന്ത്രിയെ സമര്‍ത്ഥനായ, വിശ്വാസയോഗ്യനായ ഒരു നേതാവായി, പൗരര്‍ക്കുവേണ്ടി അക്ഷീണനായി യത്‌നിക്കുന്ന അന്നദാതാവായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.

ഇതാണ് സാങ്കേതിക-പിതൃഉദാരത (techno-patrimonialism). ഇന്ത്യന്‍ ക്ഷേമ രാഷ്ട്രീയത്തിന് ഇത് പുത്തരിയല്ല. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, അതിന് മുന്‍പ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇവരൊക്കെ ഈ രാഷ്ട്രീയ മാതൃക ഒരു കലയായി വികസിപ്പിച്ചവരാണ്. പക്ഷെ ഈ ചരിത്രസന്ദര്‍ഭത്തിന്റെ പ്രത്യേകത അത് അസാധാരണമായ ഒരു ആശയവിനിമയ വിന്യാസവുമായി സന്ധിചേര്‍ന്ന്, രാഷ്ട്രീയനേതാവിനെ ദൈവതുല്യനാക്കുന്ന, സാങ്കേതികവിദ്യാബദ്ധമായ ക്ഷേമ രാഷ്ട്രീയം ആണെന്നുള്ളതാണ്. ഈ പ്രവണതയ്ക്ക് ഒരു ദേശീയസ്വഭാവവും കൈവന്നിട്ടുണ്ട്. ഇന്ന് ഈ രാഷ്ട്രീയം സ്വാധീനിക്കാത്ത രാഷ്ട്രീയ കക്ഷികള്‍ വിരളമാണ്. പക്ഷെ നരേന്ദ്ര മോദി എന്ന ബിംബത്തിലൂടെ ബിജെപി പിന്തുടര്‍ന്ന രാഷ്ട്രീയമാണ് ടെക്‌നോ-പാട്രിമോണിയലിസത്തെ തേച്ചുമിനുക്കിയതും, തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടങ്ങള്‍ കൊയ്തതും.

സാങ്കേതിക-പിതൃ-ഉദാര ക്ഷേമ വ്യവസ്ഥ (techno-patrimonial welfare) വ്യാപകമായ ആഗോളസമ്മതി നേടിയിരിക്കുന്നു. DBTയെ ഒരു 'ലോജിസ്റ്റിക്കല്‍ വിസ്മയമായാണ്' IMF വിശേഷിപ്പിക്കുന്നത്. ഗുണഭോക്താവിന് തടസ്സങ്ങളേതുമില്ലാതെ സുഗമമായി പൈസ കൈമാറാവുന്നതിന്റെ സാദ്ധ്യതകള്‍ ഇതിനെ നല്ല ഭരണനിര്‍വഹണത്തിന്റെ (good governance) വിമര്‍ശനങ്ങള്‍ക്കതീതമായ മാതൃകയാക്കിമാറ്റി. പൗരര്‍ക്ക് സേവനങ്ങള്‍ വിതരണം ചെയ്യാനുള്ള ഭരണകൂടക്ഷമതയെ വന്‍തോതില്‍ പരിഷ്‌കരിച്ച, വിജയകരമായ പരീക്ഷണമായി ഇത് കൊണ്ടാടപ്പെടുകയാണ്. ഈ വിസ്മയത്തെ ആഘോഷിക്കുമ്പോഴും, ഇതിന്റെ വാഴ്ത്തുപാട്ടുകള്‍കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാണെങ്കിലും, രാഷ്ട്രീയത്തില്‍ നിന്നും ഭരണകൂടത്തില്‍ നിന്നുമുള്ള പ്രതീക്ഷകള്‍ക്ക് നാം പരിധി കല്പിച്ചിട്ടുണ്ട്.

ഇന്ന് ആനുകൂല്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ഗുണഭോക്താക്കളിലേക്കെത്തുന്നുണ്ടാവാം (ഈ വാദമുന്നയിക്കാനുള്ള ആധികാരികമായ വിവരങ്ങള്‍ കുറവാണെങ്കിലും), പക്ഷെ അതുകൊണ്ട് നാം തൃപ്തരാകണമോ? അതായത് കൃത്യസമയത്തു പൈസ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് മാത്രമേ നമുക്ക് ഭരണകൂടത്തോട് ആവശ്യപ്പെടാനുള്ളോ? കാമ്പുള്ള, യാഥാര്‍ത്ഥ്യങ്ങളില്‍ അടിസ്ഥാനമായ ഒരു ക്ഷേമവ്യവസ്ഥയുടെ (substantive welfare) വിമോചനാഭിലാഷങ്ങള്‍ വേണ്ടേ നമുക്ക്? അതോ ഇച്ഛാഭംഗങ്ങള്‍ നമ്മെ കീഴ്പ്പെടുത്തി, ഈ സ്വപ്നങ്ങളെ നാം ഉപേക്ഷിച്ചുവോ?

പോഷകാഹാരം, ആരോഗ്യം, എന്തിന് ശുചിത്വം, തുടങ്ങിയ സുസ്ഥിതിയുടെ കാതലായ വശങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ദുര്‍ലഭമാണ്. ക്ഷേമത്തിന്റെ ഈ നിര്‍ണ്ണായക ഘടകങ്ങളെപ്പറ്റിയുള്ള പൊതുസംവാദങ്ങള്‍ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പൈസ, വിതരണം ചെയ്യപ്പെടുന്ന മൂര്‍ത്താനുകൂല്യങ്ങള്‍ (tangible benefits) എന്നിവയുടെ മാഹാത്മ്യങ്ങളില്‍ അഭിരമിക്കുക, തനിക്ക് കിട്ടിയ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചു രാഷ്ട്രനിര്‍മ്മാണ യത്‌നത്തിന് ഉത്തരവാദിത്തപരമായി താന്‍ ചെയ്യാന്‍ കടപ്പെട്ടിട്ടുള്ള സംഭാവന ചെയ്യുക, ഇവയാണ് ഇന്ന് ലാഭാര്‍ത്ഥികളില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്.

അപ്പോള്‍, ടെക്‌നോ-പാട്രിമോണിയല്‍ ക്ഷേമരാഷ്ട്രവ്യവസ്ഥ വിഭവ പുനര്‍വിതരണത്തിനുവേണ്ടിയുള്ള സമരങ്ങളുടെ രാഷ്ട്രീയത്തെ കെടുത്തിക്കളഞ്ഞോ? പകരം തല്‍ക്കാലകാര്യസാദ്ധ്യത്തില്‍ മാത്രം വിശ്വസിക്കുന്ന, ഒരു വ്യക്തികേന്ദ്രീകൃത ക്ഷേമ രാഷ്ട്രീയത്തിന് പിന്നില്‍ വോട്ടര്‍മാരെ അണിനിരത്തുകയാണോ അത് ചെയ്യുന്നത്? അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്ന പൗരരുടെ (rights-claiming citizens) സ്ഥാനത്തു ലാഭാര്‍ത്ഥികളായി വോട്ടര്‍മാര്‍ വാര്‍ത്തെടുക്കുമ്പോള്‍ ജനാധിപത്യത്തിന് എന്താണ് സംഭവിക്കുന്നത്? ജനാധിപത്യ ഉത്തരവാദിത്തത്തെ (democratic accountability) അതെങ്ങനെ രൂപപ്പെടുത്തുന്നു? ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ചോദിക്കേണ്ട ചോദ്യങ്ങളാണിവ. അത്തരമൊരു ചര്‍ച്ചയ്ക്കു ഈ ലേഖനം പ്രേരകമാകട്ടെ.

Notes:
1. എന്റെ ഒരു മുന്‍പ്രഭാഷണത്തില്‍ നിന്നും ഈ പദം രൂപപ്പെടുത്തിയ സോഷ്യോളജിസ്റ്റായ പാട്രിക് ഹെല്ലറിനോട് കടപ്പാട്. രാഷ്ട്രീയാധികാരവും (political power), അധികാരത്തിന് ലഭിക്കുന്ന സമ്മതിയും (legitimacy) ഒരു നേതാവില്‍നിന്നും നേരിട്ട് പ്രവഹിക്കുന്ന ഭരണക്രമത്തെയാണ് patrimonialism എന്ന് വിളിക്കുന്നത്. ഒരു വ്യക്തിയോടുള്ള കൂറിന്റെ  (loyalty) രൂപത്തിലാണ് പാട്രിമോണിയല്‍ രാഷ്ട്രീയവ്യവസ്ഥകളില്‍ മേല്‍ക്കോയ്മ (authority) പ്രയോഗിക്കപ്പെടുന്നത്. ടെക്‌നോ- പാട്രിമോണിയലിസത്തിന്റെ (techno-patrimonialism) വര്‍ത്തമാനരൂപം പിതൃ-ഉദാരത (paternalism), പിതൃമേധാവിത്വം (patriarchy) തുടങ്ങിയ സ്വഭാവസവിശേഷതകളും പ്രകടിപ്പിക്കുന്നു.

2. സാമ്പത്തിക ശാസ്ത്രജ്ഞന്‍ Lant Pritchett ന്റെ പരക്കെ ഉദ്ധരിക്കപ്പെട്ട ഒരു പ്രബന്ധത്തില്‍ ഇന്ത്യയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച ഈടുറ്റ ഒരു രൂപകമാണ് 'ആടിയുലയുന്ന ഭരണകൂടം' (flailing state). ഭദ്രമായ, പ്രവര്‍ത്തനക്ഷമമായ ഒരു ശിരസ്സും (വരേണ്യ ദേശീയ സ്ഥാപനങ്ങള്‍), എന്നാല്‍ മറ്റവയവങ്ങളുമായി ശരിയായ ബന്ധമില്ലാത്തതിനാല്‍ നേരെ നില്‍ക്കാന്‍ പറ്റാത്തതുമായ ഒരു State ആയാണ് ഇന്ത്യന്‍ ഭരണകൂടത്തെ ഈ പരികല്പന വിശേഷിപ്പിക്കുന്നത്. നോക്കുക (Pritchett 2009).

References:
Basole, Amit (2022) 'Structural Transformation and Employment Generation in India: Past Performance and the Way Forward.' The Indian Journal of Labour Economics. ISSN 0971-7927

World Bank (2023) 'Macro Policy Outlook for India: April
2023' https://documents.worldbank.org/en/publication/documents-
reports/documentdetail/099926404122337433/idu0fdc10b4008f8e04b7c0b1060c253d253f63a

Roy, Rathin (2019), 'A tale of two disenchantments', Business
Standard, https://www.nipfp.org.in/media/medialibrary/2019/03/BSTD_050319_jpZZrUT.pdf

Pritchett, Lant and Aiyar, Yamini (2015): 'Taxes: Price of Civilisation or Tribute to Leviathan',
Centre for Global Development, Working Paper,
412. https://papers.ssrn.com/sol3/papers.cfm?abstract_id=2671570

Pritchett, Lant (2009): 'Is India a Flailing State: Detours on the Four Lane Highway to
Modernization', https://dash.harvard.edu/handle/1/4449106

Mehta, Pratap (2013): 'Leaving it to the Pros', Indian
Express https://indianexpress.com/article/opinion/columns/leaving-it-to-the-pros/

Neelanjan Sircar (2020) 'The politics of vishwas: political mobilization in the 2019 national
election', Contemporary South Asia, 28:2, 178-194, DOI: 10.1080/09584935.2020.1765988

Azim Premji University (2023): State of Working India 2023: Social Identitities and Labout Market
Outcomes

യാമിനി അയ്യർ ന്യൂ ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസേർച്ചിന്റെ സിഇഒ ആയി പ്രവർത്തിക്കുന്നു. 2023 ഒക്ടോബർ രണ്ടിന് ഹൈദരാബാദിൽ വെച്ച് നടത്തിയ 'മന്ധൻ സംവാദ് ' എന്ന പരിപാടിയിൽ നൽകിയ പ്രഭാഷണത്തിന്റെ ഈ പരിഷ്കരിച്ച പതിപ്പ് ആദ്യമായി പ്രസിദ്ധീകരിച്ചത് The India Forum.


Article Link
https://www.theindiaforum.in/public-policy/citizen-vs-labharthi

തര്‍ജ്ജമ: ഗ്രീഷ്മ, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്.

#outlook
Leave a comment