അധിനിവേശാനന്തര രാജ്യാതിര്‍ത്തികളിലെ ജനജീവിതം
ഒന്നാമത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദേശകാര്യ നയങ്ങളുടെ ഒരു സുപ്രധാന ഘടകം ആയിരുന്നു 'ആക്ട് ഈസ്റ്റ് പോളിസി'; ഏഷ്യ പസഫിക് രാഷ്ട്രങ്ങളുമായി വാണിജ്യ, നയതന്ത്ര, സാമൂഹിക-സാമ്പത്തിക തലങ്ങളില്‍ ബന്ധം പുലര്‍ത്തുവാന്‍ 'ആക്ട് ഈസ്റ്റ് പോളിസി' എന്തുകൊണ്ടും ഗുണകരമായി എന്നതാണ് വിലയിരുത്തല്‍.
2014 ല്‍ രൂപംകൊണ്ട 'ആക്ട് ഈസ്റ്റ് പോളിസി'യുടെ ഒരു സുപ്രധാന ഘടകമായാണ് 2018 ല്‍ രൂപംകൊണ്ട 'ഫ്രീ മൂവ്‌മെന്റ് റജീം (എഫ്.എം.ആര്‍)' അറിയപ്പെടുന്നത്. പ്രസ്തുത നിയമാനുസരണം, ഇന്ത്യയ്ക്കും മ്യാന്മറിനും ഇടയിലുള്ള അതിര്‍ത്തി ഗ്രാമങ്ങളിലെ നിവാസികള്‍ക്ക് അതിര്‍ത്തിഭേദമന്യേ സഞ്ചരിക്കാനും വിദ്യാഭ്യാസം, ചെറുകിട കച്ചവടം-വില്പന, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരസ്പരം ഇടപെടുവാനുമുള്ള അനുവാദം നല്‍കുന്നു. എഫ്എംആര്‍ പ്രകാരം മ്യാന്മറിലുള്ള അതിര്‍ത്തി പ്രദേശവാസികള്‍ക്ക് ഇന്ത്യയിലേക്ക് 16 കിലോമീറ്ററോളം സഞ്ചരിക്കുവാനും, ഒരു വ്യാഴവട്ടത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുവാന്‍ ഒരു വര്‍ഷത്തെ 'ബോര്‍ഡര്‍ പാസ്' ഉം ഭാരത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. കേവലം ഒരു മാസം മുന്‍പ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എഫ് എം ആര്‍ നിയമാവലി പിന്‍വലിക്കുകയുണ്ടായി. മേല്പറഞ്ഞ നിയമഭേദഗതി ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.
ചരിത്രപരമായ ഒരു അന്വേഷണം നടത്തുമ്പോള്‍, നിലവിലെ ഇന്ത്യയുടെ ഉത്തരകിഴക്കന്‍ മേഖലയില്‍ ഭൂരിഭാഗവും ബര്‍മീസ് രാജവംശത്തിന്റെ കീഴിലായിരുന്നു; എന്നാല്‍ ആദ്യ ആംഗ്ലോ-ബര്‍മീസ് യുദ്ധാനന്തരം (1924-1926), മേല്പറഞ്ഞ ഭൂപ്രദേശം ബ്രിട്ടീഷ് ഇന്ത്യയുടേയും, പില്‍ക്കാലത്ത് സ്വതന്ത്ര്യ ഇന്ത്യയുടേയും ഭാഗമായി മാറി.
REPRESENTATIVE IMAGE | WIKI COMMONS
എന്നാല്‍ കൊളോണിയല്‍ മഷിയില്‍ വരയ്ക്കപ്പെടുന്ന രേഖകളില്‍ ഒതുങ്ങുന്നതല്ല മേല്പറഞ്ഞ പ്രദേശങ്ങളില്‍ വസിക്കുന്ന ജനങ്ങളുടെ ജീവിതം. ഇന്ത്യയുടെ മ്യാന്മറുമായുള്ള അന്താരഷ്ട്ര അതിര്‍ത്തിക്കും ഉപരിയായി പരസ്പരം ഇടപഴകി ജീവിക്കുന്നവരാണ് ഉത്തരകിഴക്കന്‍ മേഖലയിലെ പല സംസ്ഥാനങ്ങളിലെയും ഗോത്രവിഭാഗങ്ങള്‍. അവര്‍ ദശാബ്ദങ്ങളായി ഇവിടെ വസിക്കുന്നവരാണ്.
നാഗാലാന്‍ഡിലെ നാഗ ഗോത്രവിഭാഗം മുതല്‍ മിസോറാമിലെ മിസോ വിഭാഗം വരെ, അതിര്‍ത്തിവേലിക്കപ്പുറവും ഇപ്പുറവുമായി അവരുടെ സാന്നിധ്യം അറിയിക്കുന്നു.
ഉത്തരകിഴക്കന്‍ മേഖലയിലെ മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന പല പ്രദേശങ്ങളും അതിര്‍ത്തിബന്ധമന്യേ പ്രവര്‍ത്തിക്കുന്നു; വൈവാഹിക ബന്ധങ്ങളില്‍പോലും ഇത്തരമൊരു രീതി പ്രബലമായി തുടരുന്നു. മിസോറാമില്‍ സോഖവാക്തര്‍ എന്നൊരു ഗ്രാമപ്രദേശം മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്നതിനോടൊപ്പം, അവരുടെ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും മ്യാന്മറിനെ ആശ്രയിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ എഫ് എം ആര്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ഒരൊറ്റ ജനതയായി ഇരുവശങ്ങളിലും താമസിച്ച് പ്രവര്‍ത്തിക്കുന്ന ജനജീവിതത്തിനാണ് വിള്ളല്‍ വീണിരിക്കുന്നത്, പരസ്പര സാഹോദര്യത്തോടുകൂടി നിത്യജീവിതം നയിക്കുന്ന ഒരൊറ്റ ഗോത്രവിഭാഗമാണ് രാഷ്ട്രത്തിന്റെ തീരുമാനത്താല്‍ രണ്ടായി പിളരുന്നത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാരും ആഭ്യന്തരകാര്യ മന്ത്രാലയവും അവരുടേതായ വാദഗതികള്‍ മുന്നോട്ടുവയ്ക്കുന്നു; പ്രാഥമികമായി, കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ഉത്കണ്ഠ അതിര്‍ത്തി പ്രദേശങ്ങളില്‍ മ്യാന്മറില്‍ നിന്ന് നുഴഞ്ഞുകയറുന്ന റോഹിന്‍ഗ്യ, ചിന്‍, നാഗ വിഭാഗങ്ങളിലെ ജനതയും ഇവര്‍ ഇന്ത്യയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രാദേശിക തലങ്ങളിലെ ജനസംഖ്യാ വ്യതിയാനമാണ് പ്രധാനപ്പെട്ട ഒരു ആശങ്ക. ഇതോടപ്പം തന്നെ, ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന ഗോള്‍ഡന്‍ ട്രയാങ്കള്‍ അഥവാ ഡ്രഗ് ട്രയാങ്കളും ഇന്ത്യന്‍ ഭൂപ്രദേശവും തമ്മിലുള്ള അകലവും അതിര്‍ത്തികള്‍ തുറന്നിടുന്നതിനോട് വിപ്രതിപത്തിയുണ്ടാക്കുന്നു. അനുബന്ധമായി എഫ് എം ആറിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ എന്നറിയപ്പെടുന്ന വിഘടനവാദ, തീവ്രവാദ ശ്രേണിയില്‍ പെടുത്താവുന്ന, കലാപങ്ങളിലൂടെ സംസാരിക്കുന്ന പല സംഘടനകളുണ്ടത്രേ; നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലിം (ഐസക് മുവൈയ്യ), കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ (കെ.എന്‍.ഓ) എന്നിവരാണ് അതില്‍ ചിലര്‍. മേല്പറഞ്ഞ പ്രശ്‌നങ്ങളും ഇന്‍ഡോ-മ്യാന്മാര്‍ അതിര്‍ത്തി തര്‍ക്കവുമാണ് ഈ വിഷയത്തിന്റെ കാര്യപരിപാടികളും ഉറവിടവും പ്രഖ്യാപിക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഇതിനെല്ലാത്തിനുമുപരി, മ്യാന്‍മറുമായി ചൈന പുലര്‍ത്തുന്ന നയതന്ത്ര ബന്ധവും അതുമൂലം ഉണ്ടാവാന്‍ സാധ്യതയുള്ള പ്രതിഫലനങ്ങളും ന്യൂഡല്‍ഹിയെ അത്ത്യന്തം ഉത്കണ്ഠപ്പെടുത്തുന്നു.
മ്യാന്‍മറിലെ അഭയാര്‍ത്ഥി കോലാഹലങ്ങള്‍ മറ്റൊരു വിഷയമാണ്. ഇതെല്ലാം ഇന്ത്യന്‍ ഭരണകൂട താല്പര്യങ്ങള്‍ക്ക് പ്രതികൂലമാകുന്നു. എന്നാല്‍ ഭാരത സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് നീങ്ങുമ്പോഴും, എഫ് എം ആര്‍ അസാധുവാക്കി 'ബലഹീനം' എന്ന് പറയപ്പെടുന്ന അതിര്‍ത്തി ശക്തമാക്കുമ്പോഴും മേല്പറഞ്ഞ പ്രദേശങ്ങളിലെ ജനതയാണ് ഈ പ്രവര്‍ത്തിയുടെ യാതനകളും വേദനകളും അനുഭവിക്കുന്നത്. കാര്‍ട്ടോഗ്രഫിയുടെ പ്രതിഫലമായ ദാരുണയാതനകള്‍ ഇവരുടെ ജീവിതത്തിന്റെ ഭാഗമായി തീരുന്നു; സര്‍ക്കാര്‍ നയങ്ങള്‍ സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്നത് രാജ്യത്തില്‍ ഇതാദ്യമല്ലല്ലോ...