TMJ
searchnav-menu
post-thumbnail

Outlook

അവതരണ കവിത : സാമൂഹിക പശ്ചാത്തലങ്ങൾ

27 Jun 2023   |   9 min Read
വിമീഷ് മണിയൂർ

(രണ്ടാം ഭാഗം)

കൊ
ളോണിയൽ അധിനിവേശങ്ങളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ പുതുപുത്തൻ ജീവിതരീതികളിലേക്ക് ഉണർന്ന് രണ്ട് മൂന്ന് ദശകങ്ങൾക്കുളളിൽ തന്നെ അതുവരെ പ്രത്യക്ഷമാകാതിരുന്ന, ജനാധിപത്യത്തിന് ഒട്ടും അനുഗുണമല്ലാത്ത നിരവധി പ്രവണതകൾ ഇന്ത്യൻ സമൂഹങ്ങളിലേക്ക് വല നെയ്ത് തുടങ്ങിയിരുന്നു. അതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമായിട്ടുവേണം അടിയന്തരാവസ്ഥയെ കാണാൻ. പക്ഷേ അപ്പോഴും അധികമൊന്നും വെളിപ്പെട്ടിട്ടില്ലാത്ത ആഗോളീകരണം എന്ന വലിയ സാമ്പത്തിക-സാമൂഹിക യാഥാർത്ഥ്യം ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളിൽ അതിന്റെ മൂന്നാംകണ്ണ് തുറക്കാനിരിക്കുന്നതേയുണ്ടായിരുന്നുളളൂ. ഇന്ത്യൻ ജനതയുടെ സാമൂഹിക സാംസ്‌കാരിക വിനിമയങ്ങളെ അടിമുടി സ്വാധീനിച്ച മാറ്റങ്ങളിൽ തൊണ്ണൂറുകളിൽ പിടിമുറുക്കിയ പുത്തൻ സാമ്പത്തിക ക്രമങ്ങളും അതിലേക്കു നയിച്ച ലോകവ്യാപക പ്രതിഭാസങ്ങളും നിർണ്ണായകമാണ്. ലോകത്തിലെ ഏത് സാഹിത്യമുന്നേറ്റവും സാമൂഹിക ജീവിതത്തിൽ വന്നുപെട്ടിട്ടുളള മാറ്റങ്ങളുമായി ബന്ധപ്പെടുത്തി വായിക്കാനുളള ശ്രമങ്ങൾ എന്നും പ്രസക്തമാണ്. ലോകം മാറുന്നു എന്നും സാമൂഹിക- സാംസ്‌കാരികശീലങ്ങൾ മാറുന്നു എന്നും ആദ്യം വിളിച്ചു പറയുന്നത് സാംസ്‌കാരിക വിനിമയങ്ങളാണെന്നതും ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. അതുകൊണ്ട് കൂടിയാണ് അടിയന്തിരാവസ്ഥയ്ക്കു ശേഷമുളള കേരളീയ സാഹചര്യത്തിൽ ജീവിച്ചിരുന്ന അയ്യപ്പപണിക്കരെ പോലൊരാൾക്കു കവിത അതിന്റെ തൊലിയുരിയുകയാണെന്നും പുതിയ ഭാവുകത്വം അതിന്റെ കടന്നുവരവിലാണെന്നും വളരെ നേരത്തെ ഒരുപക്ഷേ പ്രഖ്യാപിക്കാൻ കഴിഞ്ഞത്.

ഡോ. ഡി ബഞ്ചമിൻ എഴുതുന്നു 'എൺപതുകളുടെ ആരംഭത്തോടെ പുതിയ ഒരു ഭാവുകത്വത്തിന്റെ അരുണോദയം ഉണ്ടായി എന്ന് വിശ്വസിക്കുന്ന വിമർശകരുണ്ട്. ഈ പുതിയ കാവ്യാഭിരുചിയെ ഉത്തരാധുനികമെന്ന് ആദ്യം വിശേഷിപ്പിച്ചത് കെ. അയ്യപ്പപണിക്കർ തന്നെയായിരുന്നു. 1979 ൽ കാസർഗോഡു നടത്തിയ ഒരു പ്രസംഗത്തിൽ നവീനതയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം വിശദീകരിക്കാനാണ് അദ്ദേഹം ആ വിശേഷണം പ്രയോഗിച്ചത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുളള ഭാരതീയാന്തരീക്ഷമാണ് ഈ പുതിയ ഭാവുകത്വത്തെ നിർണ്ണയിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അപ്പോൾ അതിന് യൂറോപ്യൻ പോസ്റ്റ് മോഡേണിസവുമായി ബന്ധപ്പെട്ട വിവക്ഷകളൊന്നും ഉണ്ടായിരുന്നില്ല. കാലം വളരെ കഴിഞ്ഞ് അദ്ദേഹം എഴുതിയ ഒരു പ്രബന്ധത്തിലാണ് മലയാളത്തിലെ ഭാവുകത്വത്തെ യൂറോപ്യൻ പോസ്റ്റ് മോഡേണിസവുമായി ബന്ധിപ്പിച്ചത്. ' ഡോ. ഡി ബഞ്ചമിന്റെ ഈ നിരീക്ഷണത്തിൽ രണ്ട് കാര്യങ്ങളാണ് ഏറ്റവും സജീവമായ ശ്രദ്ധ ആകർഷിക്കുന്നത്. അതിലൊന്ന് കവിത അല്ലെങ്കിൽ കവിതയുടെ ഭാവുകത്വം മാറുന്നു എന്ന ബോധ്യം എഴുപതുകളുടെ അവസാനം തന്നെ അയ്യപ്പപണിക്കർ എന്ന കവിക്കും നിരൂപകനും വായനക്കാരനും വന്നുചേരുന്നു എന്ന വസ്തുത. മറ്റൊന്ന് ഈ മാറ്റത്തിന്റെ കാരണമന്വേഷിക്കൽ. ആദ്യം അടിയന്തിരാവസ്ഥയുടെ പരിണിത ഫലമായുണ്ടായ ഇന്ത്യൻ സാഹചര്യങ്ങൾ കവിതയെയും മാറ്റി തീർക്കുന്നു എന്ന് സൂചിപ്പിച്ച അയ്യപ്പപണിക്കർ ക്രമേണ ഈ കാവ്യഭാവുകത്വമാറ്റത്തെ പോസ്റ്റ് മോഡേണിസം എന്ന ലോകവ്യാപകമായ സാമൂഹ്യ-സാംസ്‌കാരിക ആശയലോകവുമായി കൂട്ടിവായിക്കാനുളള ശ്രമങ്ങളും നടത്തുന്നു. ഇത്തരത്തിൽ സംശയങ്ങളും ബന്ധിപ്പിക്കലുകളും സ്വാഭാവികവും അനിവാര്യവുമാണ്. അത് കൂടുതൽ പ്രസക്തമാകുന്നത് ആഗോളീകരണത്തിന്റെ തീഷ്ണവും സങ്കീർണ്ണവുമായ അനുഭവങ്ങൾ കേരളത്തിലേക്ക് ഏറ്റവും വ്യാപകമായി സന്നിവേശിപ്പിക്കപ്പെട്ട തൊണ്ണൂറുകൾക്കൊടുവിലും രണ്ടായിരത്തിന്റെ ആദ്യദശകങ്ങളിലുമാണെന്നതാണ്. അതുകൊണ്ട് തന്നെ കാലത്തിന് മുമ്പേയുള്ള ഒരു ശ്രമത്തിന് കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതിന്റെ പൊരുത്തക്കേടുകൾ വന്നു കൂടിയേക്കാം. രണ്ടായിരം വരെയുളള കാവ്യമുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്ന ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന പുസ്തകത്തിൽ പോലും കവിതയിലെ ഏറ്റവും പുതിയ മുന്നേറ്റമായി ഉത്തരാധുനികത എന്നെഴുതി ചേർത്തപ്പോഴും അതിന്റെ കൂടെ ഒരു ചോദ്യചിഹ്നം ഡോ. ഡി ബഞ്ചമിന് നൽകേണ്ടി വന്നത് കേരളീയ ജീവിതസാഹചര്യങ്ങളിൽ വന്നുപെട്ട മാറ്റങ്ങളുടെ കൃത്യമായ വിശകലനം സാദ്ധ്യമാവാത്തതിനാലാണെന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പക്ഷേ അപ്പോഴും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞ ഒന്നുണ്ട്;
'ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുഖപടമില്ലാത്ത കാപ്പിറ്റലിസത്തെ പുണർന്നതും മാധ്യമങ്ങളുടെ സ്വാധീനം സർവ്വവ്യാപിയായതും ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ സ്ഥലകാലങ്ങളെ കീഴടക്കിയതും നമ്മുടെ ജീവിതശൈലിയെയും കാഴ്ചപ്പാടിനെയും ഒരളവോളം മാറ്റിയിട്ടുണ്ട്. 'പുതിയ കവിതയെ സാധ്യമാക്കിയതിൽ ഡോ. ബെഞ്ചമിൻ സൂചിപ്പിച്ച മൂന്നു മാറ്റങ്ങളും പരമപ്രധാനമാണ്. കവിത വെറുതെ പുതിയ രൂപങ്ങളിലേക്കും ഭാഷയിലേക്കും മാറുകയല്ല, മറിച്ച് സാമൂഹ്യജീവിതം സാധ്യമാക്കിയ അടിസ്ഥാനശിലകൾക്ക് വന്നുപെട്ട മാറ്റങ്ങൾ കവിതയെ മാറ്റിത്തീർക്കുകയാണുണ്ടായത്.



അയ്യപ്പപണിക്കർ | Photo: Twitter

മാറിയ ജീവിത സാഹചര്യങ്ങൾ കേരളീയരുടെ ജീവിതത്തെ മാത്രമല്ല ആവിഷ്‌ക്കാരങ്ങളെയും ബാധിക്കുകയുണ്ടായി എന്നതിന്റെ ഏറ്റവും മികച്ച തെളിവായി തലമുറയിലെ മുതിർന്ന കവി ടി പി രാജീവന്റെ വാക്കുകളെ കാണേണ്ടതുണ്ട്. കവി വിജിലയുടെ ആദ്യസമാഹാരമായ 'അടുക്കളയില്ലാത്ത വീട് ' എന്ന സമാഹരത്തിന്റെ അവതാരികയിൽ അദ്ദേഹം എഴുതുന്നു: 'കവിത അസാധ്യമായ കാലമാണിത്. ഇതിന് പല കാരണങ്ങളുണ്ട്. ജീവിതം ആർജ്ജിച്ച വേഗതയാണ് അതിൽ പ്രധാനം. ഈ വേഗത്തെ ആവിഷ്‌ക്കരിക്കാനുളള ആന്തരിക സജ്ജീകരണം ഭാഷയിൽ ഉണ്ടായിട്ടുമില്ല. 'ജീവിതം ആർജ്ജിച്ച വേഗതയെ കവിത എങ്ങനെ നേരിട്ടു എന്നറിയുന്നതിലും മുമ്പ്, കേരളീയ ജീവിത പരിസരത്തിൽ വേഗത എന്ന അനുഭവം എങ്ങനെ യാഥാർത്ഥ്യമാക്കപ്പെട്ടു എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ജീവിത വേഗത്തിന്റെ ഒരടയാളമായ് ഇന്റർനെറ്റ് എന്ന ശാസ്ത്ര-സാങ്കേതികവിദ്യ കേരളീയരുടെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെ കൂട്ടി വായിക്കാവുന്നതാണ്. പത്രമാധ്യമങ്ങളുടെയും ദൃശ്യശ്രവ്യമാധ്യമങ്ങളുടെയും കടന്നുവരവിനു ശേഷം കേരളീയരുടെ സാമൂഹിക ജീവിതത്തെ ഏറ്റവും തിരക്കുളളതും അതേസമയം കുറ്റമറ്റതും വേഗതയുളളതുമാക്കി തീർക്കുന്നതിന് ഇന്റർനെറ്റ് എന്ന സാങ്കേതികത വളരെയേറെ സഹായിച്ചിട്ടുണ്ട്. അറിവിന്റെ വിനിമയ വേഗത മാത്രമല്ല, മറിച്ച് ലോകത്തിന്റെ നാനാവിധമായ ജീവിതസാധ്യതകളും കേൾവികളും കാഴ്ചകളും ബഹുമുഖ അനുഭവങ്ങളും കേരളീയരുടെ ജീവിതത്തിലേക്ക് മഴപോലെ, വെയിലുപോലെ വന്നുവീണ ദശകങ്ങളായിരുന്നു കഴിഞ്ഞുപോയത്. എഡ്യൂക്കേഷൻ റിസർച്ച് നെറ്റ്‌വർക്ക് എന്ന എർനെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്നത് 1986-ഓടു കൂടിയാണ്. ഇന്റർനെറ്റ് എന്ന സാങ്കേതികവിദ്യയുടെ തുടക്കം എന്ന നിലയിൽ വേണം ഈ മാറ്റത്തെ മനസ്സിലാക്കാൻ. എൺപതുകളിൽ അവതരിപ്പിക്കപ്പെട്ടതെങ്കിലും പൊതുജനങ്ങൾക്ക് ലഭ്യമാവുന്നതിന് 1995 ആഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വന്നു എന്ന് ഇന്റർനെറ്റിന്റെ ചരിത്രം രേഖപ്പെടുത്തുന്നു. 1997 ൽ ഇന്റർഗ്രേറ്റഡ് സെർവീസ് എന്ന തലത്തിലേക്ക് മാറുകയും 2004 ഓടു കൂടി ലഭ്യമായ ഇന്റർനെറ്റിന്റെ വേഗത 256 Kbit/s ന്നായിരുന്നെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നുവെച്ചാൽ ഏതാണ്ട് പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യദശകത്തിന്റെ പകുതിയോടു കൂടിയാണ് ചെറിയ അളവിലെങ്കിലും സാങ്കേതിക വേഗതയെ കേരളീയർ പോലും പരിചയിച്ചു തുടങ്ങിയത് എന്നു വേണം കരുതാൻ. 2010 ഓടു കൂടി 3G ന്ന സവിശേഷ വേഗതയിലേക്കും തുടർന്ന് 4G ന്ന സവിശേഷ യാഥാർത്ഥ്യത്തിലേക്കും ഇന്ന് 5G എന്ന മറ്റൊരു സാധ്യതയിലേക്കും കണ്ണ് തുറന്നുവെച്ച ജനതയായ് കേരളം മാറിയിരിക്കുന്നു. ഇന്റർനെറ്റ് കേരളീയരുടെ ജീവിതത്തിന്റെ സമസ്ഥ മേഖലകളെയും മാറ്റിത്തീർത്തു എന്നതിന്റെ പ്രഖ്യാപനമായി വേണം 2017-18 ലെ ബഡ്ജറ്റ് കാണാൻ. ഇന്റർനെറ്റ് എന്നത് അടിസ്ഥാന അവകാശമായി അവതരിപ്പിക്കപ്പെട്ടു എന്നതാണ് ചരിത്രപരമായ അതിന്റെ പ്രത്യേകത. സാമൂഹികമായ ഈ മാറ്റം, ജീവിതത്തിലുണ്ടായ വേഗത കവിതയെയും മാറ്റിത്തീർത്തു എന്നത് നിസ്തർക്കമാണ്. പുതിയ കാവ്യമാറ്റത്തിൽ തുടക്കം കുറിക്കപ്പെട്ടതും സജീവവുമായ ഓൺലൈൻ പ്രതലങ്ങളെക്കുറിച്ച് ആവർത്തിച്ച് പറയുന്നവർ പോലും അതിനു പിന്നിലെ ചരിത്രപരമായ വളർച്ചയെയും സാമൂഹിക- രാഷ്ട്രീയ കാരണങ്ങളെയും സൂചിപ്പിക്കാറില്ല എന്നത് സങ്കടകരമാണ്.

ഇന്റർനെറ്റ് എന്ന സാങ്കേതിക പ്രതിഭാസം കേരളത്തെ മാറ്റിത്തീർത്തതുപോലെ കേരളീയരുടെ സാമ്പത്തിക സാമൂഹിക ജീവിതത്തെ നിർണയിച്ച ഒന്നാണ് പ്രവാസം. ഇന്ന് കേരളീയ സാംസ്‌കാരിക മേഖലയിൽ പ്രവാസം മറ്റെന്തിനേക്കാളും വലിയ ചർച്ചയുടെ ഭാഗമാണ്. കേരളജനതയുടെ പ്രവാസജീവിതത്തെ അഞ്ച് തരംഗങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്. മദ്രാസിലേക്കും ബോംബെയിലേക്കും കൽക്കത്തയിലേക്കും ബർമ്മയിലേക്കും സിലോണിലേക്കും മലേഷ്യയിലേക്കും കറാച്ചിയിലേക്കും നാടുവിട്ട ഒന്നാം തരംഗത്തിൽ മലയാളി കാര്യമായ വ്യവസായവൈശിഷ്ട്യമില്ലാത്ത വിദ്യാഭ്യാസം പോലും കുറഞ്ഞ തലമുറയുടെ ഭാഗമായിരുന്നു. പ്രവാസജീവിതത്തെക്കുറിച്ചുളള ആദ്യ അറിവുകളും എങ്ങനെയുളളവരെയാണ് ലോകം ആവശ്യപ്പെടുന്നത് എന്ന ധാരണയും രൂപീകരിക്കപ്പെടുന്നത് അവരുടെ തിരിച്ചുവരവുകളിലൂടെയാണ്. അതുകൂടാതെ ദരിദ്രമായ കേരളത്തെ ചെറിയ തോതിൽ എഴുന്നേൽപ്പിക്കാൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ രൂപപ്പെട്ട പ്രവാസജീവിതം സഹായിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരം പുറപ്പെട്ടുപോയ തലമുറയുടെ സ്വപ്നങ്ങളിൽ സിങ്കപ്പൂരും മലേഷ്യയും ഉൾപ്പെടുന്ന വലിയ വിദേശഭൂമികൾ പൂത്തുനിൽപ്പുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുളള പതിനഞ്ച് വർഷങ്ങളായിരുന്നു രണ്ടാം തരംഗത്തിൽ ഉൾപ്പെട്ടിരുന്നത്. താരതമ്യേന ചെറിയമട്ടിലെങ്കിലും വിദ്യാഭ്യാസമുളള ഒരു വിഭാഗമായിരുന്നു ആ പുറപ്പെട്ടു പോക്കിൽ മുന്നിട്ട് നിന്നതെങ്കിലും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അഭാവം അവരെ കുറച്ചൊക്കെ പുറകോട്ടടിച്ചു. തുടർന്നു വന്ന തലമുറയ്ക്ക് കുറച്ചു കൂടി മുന്നോട്ടു പോവാനായതിൽ വിദ്യാഭ്യാസത്തിന് കാര്യമായ പങ്കുണ്ടായിരുന്നു. കൂടാതെ സാങ്കേതിക വിദ്യാഭ്യാസത്തിലുണ്ടായ ചെറിയ പരിചയം അവരെ അന്യനാടുകളിൽ പിടിച്ചുനിർത്തുന്നതിൽ വലിയൊരളവു വരെ തുണച്ചു. നഴ്‌സുമാരും ക്ലാർക്കുകളും ടെക്‌നീഷ്യൻമാരും ലോകത്തിന്റെ പലയിടങ്ങളിലേക്കും കയറ്റി അയക്കപ്പെട്ടു. ഏതാണ്ട് 1960 കളിൽ തുടങ്ങി 75 ൽ അവസാനിച്ച മൂന്നാം തരംഗത്തേക്കാൾ നിർണായകമായി തീർന്നത് പ്രാവസത്തിന്റെ നാലാം തലമുറയാണ്. കേരളീയ ജീവിതത്തെ മാറ്റിത്തീർക്കുന്നതിൽ ദരിദ്രവർഗ്ഗത്തിൽ നിന്ന് മധ്യവർഗ്ഗത്തിലേക്കുളള കുതിപ്പിൽ 1975 മുതൽ 1992 ലെ ഗൾഫ് യുദ്ധം വരെ തുടർന്ന പ്രവാസത്തിന്റെ നാലാം തലമുറ കാരണമായി. ഗൾഫ് നാടുകൾ കൂടാതെ യു.എസ്.എ, ജർമ്മനി തുടങ്ങി പല യൂറോപ്യൻ - അമേരിക്കൻ നാടുകളിലേക്കുളള വലിയ തോതിലുളള കുടിയേറ്റം നടക്കുന്നത് ഈ കാലയളവിലാണ്. മധ്യവർഗ്ഗ മലയാളിയെ സാമ്പത്തിക ഭദ്രതയിലേക്കും കെട്ടുറപ്പുളള വീടുകളിലേക്കും സൗകര്യങ്ങളിലേക്കും പൊങ്ങച്ചങ്ങളിലേക്കും നയിച്ചതിൽ ഈ കാലഘട്ടത്തിൽ അന്യനാടുകളിൽ ഒഴുക്കിയ വിയർപ്പിന് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. ഏറ്റവും കൂടുതൽ മുസ്ലീങ്ങളും ഈഴവരും ദളിത് വിഭാഗങ്ങളും പ്രവാസം ജീവിതോപാധിയായി തെരഞ്ഞെടുത്ത ഒരു തലമുറകൂടിയായിരുന്നു ഇത്. കൂടുതൽ കരുത്താർജ്ജിച്ച മധ്യവർഗ്ഗം പ്രകടമായതു കൂടാതെ സമൂഹത്തിന്റെ താഴേക്കിടയിൽ നിന്ന് മദ്ധ്യവർഗ്ഗത്തിലേക്കുളള കുതിപ്പിന് പ്രവാസം ഒരെളുപ്പ വഴിയുമായി. ഉയർന്ന എണ്ണവിലയും കെട്ടിട നിർമ്മാണ മേഖലയിലേയും മറ്റും തൊഴിലാളികളുടെ അഭാവവും കൂടുതൽ പേരെ ഗൾഫുനാടുകളിൽ അഭയം കൊടുക്കുന്നതിന് കാരണമായി. 1993 ൽ തുടങ്ങിയ പ്രവാസത്തിന്റെ അഞ്ചാം തരംഗവും തുടർന്നുള്ള തുടർതരംഗങ്ങളിലുമെത്തി നിൽക്കുമ്പോൾ ഏതൊരു നാട്ടിലേക്കും കയറിച്ചെല്ലാൻ പ്രാപ്തമായ വ്യവസായവൈശിഷ്ട്യമുള്ള വിദ്യാഭ്യാസമുളള ഒരു തലമുറയെ നമ്മൾ കണ്ടെത്തുന്നു. പ്രവാസത്തിന്റെ നാലും അഞ്ചും തംരഗങ്ങൾ സമ്മാനിച്ച സമ്പത്ത് കേരളീയരുടെ സാംസ്‌കാരിക വിനിമയങ്ങളെ സ്വാധീനിച്ചു. കേരളം മാത്രം കണ്ടു ശീലിച്ച കേരളകവിതയിൽ മറ്റു നാടുകളും വിരിഞ്ഞു തുടങ്ങി. മറ്റു ദേശങ്ങളിലെ മനുഷ്യരും ജീവിതവും കേരളകവിതയിലും നിത്യസംഭവമായി.


ടി പി രാജീവൻ | Photo: Wiki Commons

കേരളീയരുടെ സാംസ്‌കാരിക ഭൂമികയെ മാറ്റിത്തീർത്ത മറ്റൊന്ന് പൊതുമണ്ഡലത്തിന്റെ വികാസമാണ്. ചായക്കടകളിലും കല്യാണവീടുകളിലും മരണവീടുകളിലും നിന്ന് ടെലിവിഷൻ എന്ന സവിശേഷമായ ദൃശ്യമാധ്യമ അനുഭവത്തിലേക്ക് മലയാളി നടന്നടുക്കുന്നത് 1980 കളിലാണ്. അതുവരെയില്ലാതിരുന്ന അകലങ്ങളെ അങ്ങനെ അടുത്തു കാണാൻ പരിശീലിക്കപ്പെടുന്നു. 1985-ഓടു കൂടി ടെലിവിഷൻ മലയാളം സംസാരിച്ചു തുടങ്ങുന്നു. 1994 ൽ കൂടുതൽ സമയ സംപ്രേക്ഷണത്തിലേക്ക് എത്തുന്നു. അതേ സമയം 1991 ൽ കേരളത്തിൽ ആദ്യ സ്വകാര്യചാനൽ പ്രത്യക്ഷപ്പെടുന്നു. അങ്ങനെ ഗുരുവിൻറെ കണ്ണാടി പ്രതിഷ്ഠ പോലെ മലയാളി മറ്റൊരു കണ്ണാടി സ്വന്തം വീട്ടിലിരുന്ന് കണ്ടു തുടങ്ങി. ഒന്നു പുറത്തിറങ്ങിയാൽ മാത്രം പരസ്പരം കണ്ടിരുന്ന മലയാളി വീട്ടിനുളളിൽ മറ്റു മലയാളികളെ കണ്ടും കേട്ടുമിരുന്നു. താൻ ഒന്നല്ലെന്നും പലതാണെന്നും ചിതറിയ സമൂഹമാണെന്നും മനസ്സിലാക്കി തുടങ്ങുമ്പോൾ പോലും ഒരു തരം അലിഖിതമായ ഭാഷാബോധം അവരെ ദേശക്കാരാക്കി മാറ്റിക്കൊണ്ടിരുന്നു. കേരള കവിതയുടെ മാറ്റവുമായി ബന്ധപ്പെട്ട് ടെലിവിഷൻ മലയാളം പ്രധാനമായിത്തീരുന്നത് വ്യവസായവൈശിഷ്ട്യത്തോടെ അവതരിപ്പിക്കപ്പെട്ട ഒരു പുതിയ ലോകം ലോകമലയാളിക്കു മുൻപിൽ തുറന്നു എന്ന അർത്ഥത്തിലാണ്. അതു കൂടാതെ വികസിച്ചു വരുന്ന പൊതുമണ്ഡലത്തിന്റെ പുതിയ ഇടങ്ങൾ-വ്യവസായവൈശിഷ്ട്യത്തിന്റെ ഇന്ത്യൻ-ലോക മാതൃകകൾ കൂടി ഇത് പുറത്തുകൊണ്ടുവന്നു എന്ന് ഓർക്കേണ്ടതുണ്ട്. എൺപതുകളിൽ മലയാളി കണ്ട കായികമത്സരങ്ങൾ അതിനു മികച്ച ഉദാഹരണമാണ്. കൃത്യമായ പരിശീലന പദ്ധതികളിലൂടെ വാർത്തെടുക്കപ്പെട്ട കഴിവുറ്റ കായികതാരങ്ങളുടെ പ്രകടനങ്ങൾ മുന്നോട്ട് വെച്ച മാതൃക വ്യവസായവൈശിഷ്ട്യത്തിന്റേതു തന്നെയായിരുന്നു. ഇതേസമയം സാഹിത്യം പൊതുവെ നേരിട്ട മറ്റൊരു വെല്ലുവിളി കാഴ്ച, കേൾവി എന്നിങ്ങനെ സാഹിത്യത്തിനും, പ്രത്യേകിച്ച് കവിതയ്ക്കും ഉണ്ടായിരുന്ന നിരപ്പലകൾ ദൃശ്യമാധ്യമങ്ങളുടെ സജീവതയിൽ കുറഞ്ഞു എന്നതാണ്. കവിത വായിക്കുന്ന മലയാളിക്ക് ടിവിയും കാണേണ്ടി വന്നു എന്നത് ഓർമ്മിക്കപ്പെടേണ്ടതുണ്ട്. അപ്പോഴും കവിത അതിന്റെ പുതിയ ചുമരുകൾ ശിൽപശാലകളായും സമാന്തര മാസികകളായും തെരുവരങ്ങുകളായും വികസിപ്പിക്കുന്ന തിരക്കിലായിരുന്നു.

1991 ലെ സെൻസസ് പ്രകാരം പത്തുലക്ഷത്തിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന 22 ഭാഷകൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടു. അതുകൂടാതെ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഇന്ത്യൻ ഭാഷകളിൽ അഞ്ചാമതായി മലയാളം വാഴ്ത്തപ്പെട്ടു. ജനസംഖ്യയുടെ ഒരടിസ്ഥാന വളർച്ച ഏകകമായ സെൻസസ് ടൗൺ വർദ്ധിച്ചു. 2001 സെൻസസിൽ 30 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നതും ഇവിടെ പ്രത്യേകം ഒർമ്മിക്കപ്പെടേണ്ടതുണ്ട്. ചുരുക്കം പറഞ്ഞാൽ ഭാഷ എന്ന രീതിയിലും ജനസംഖ്യ എന്ന കണക്കിലും ഒഴിച്ചു നിർത്താൻ പറ്റാത്ത ഒരു വിഭാഗമായി മലയാളി വളർന്നു. ഈ വർദ്ധനവുകളും വളർച്ചകളും വലിയ മത്സരബോധത്തിലേക്കും മത്സര മാതൃകകളിലേക്കും മലയാളിയുടെ ശ്രദ്ധ തിരിച്ചു. അങ്ങനെ അറിവിനേക്കാൾ അവതരണം പ്രധാനമാകുന്ന വ്യവസായവൈശിഷ്ട്യത്തിന്റെ പുതിയ ബാലപാഠങ്ങൾ പഠിക്കാൻ ബഹുജന കേരളം തയ്യാറായിക്കൊണ്ടിരുന്നു.

ഇന്ത്യൻ വിപണികളിൽ ഷോപ്പിങ്ങ് മാളുകൾ കൊണ്ടു വന്ന വ്യവസായവൈശിഷ്ട്യത്തിന്റെ മത്സരലോകം ഏറ്റവും നല്ല ഉദാഹരണമായി കാണാവുന്നതാണ്. കൊളോണിയൽ ഭരണകാലത്തെ, അതായത് 1863-64 കാലഘട്ടത്തിൽ സ്‌പെൻസർ പ്ലാസ എന്ന ബഹുനില കെട്ടിടം ആദ്യ ഷോപ്പിങ്ങ് മാളായി പരിഗണിക്കാമെങ്കിലും ആധുനിക രീതിയിലുളള ഷോപ്പിങ്ങ് മാൾ സംസ്‌കാരം ആരംഭിക്കുന്നത് 1991 ൽ ആണെന്നത് ഇവിടെ എടുത്തു പറയേണ്ടതാണ്. കത്തിപ്പോയ സ്‌പെൻസർ പ്ലാസയുടെ നവീകരിച്ച പതിപ്പായിരുന്നു അത്. 2013 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏതാണ്ട് 570 ഷോപ്പിങ്ങ് മാളുകൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോൾ മാത്രമേ വ്യവസായവൈശിഷ്ട്യം ഇന്ത്യൻ വിപണികളിൽ ഉൽപ്പാദിപ്പിച്ച മത്സരബോധത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാവുകയുള്ളു. 2020 കേരളത്തിൽ മാത്രം മുപ്പത്തഞ്ചോളം ഷോപ്പിങ്ങ് മാളുകൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോഴുള്ള കണക്കുകൾ അതിൽ കൂടാനെ തരമുള്ളു. എല്ലാം ഒരു കുടക്കീഴിൽ മത്സരിച്ച് സമ്മാനിക്കുന്ന ഷോപ്പിങ്ങ് മാൾ സംസ്‌കാരത്തിന്റെ തരംഗങ്ങൾ ഇനിയും തീർന്നിട്ടില്ല. എന്തും വാങ്ങാവുന്ന മധ്യവർഗ്ഗവും വാങ്ങിയില്ലെങ്കിലും കണ്ടുനിന്ന് ആൾക്കൂട്ടം സൃഷ്ടിക്കുന്ന താഴെക്കിടയിലുളളവരും വ്യവസായവൈശിഷ്ട്യത്തിന്റെ മൂലധനം വർദ്ധിപ്പിക്കുകയാണുണ്ടായത്.


REPRESENTATIONAL IMAGE: WIKI COMMONS

തൊണ്ണൂറുകൾക്കും ശേഷം കേരളത്തിൽ ഉപഭോഗത്തിന്റെയും തൊഴിൽ മത്സരങ്ങളുടെയും വേദികളെ നിർണ്ണയിക്കുന്നതിൽ ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്ന് പ്രത്യേകിച്ച് ബംഗാൾ, ബീഹാർ, അസം പോലുളള കിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കായി കേരളത്തിൽ എത്തിച്ചേർന്ന വലിയ വിഭാഗം അതിഥിത്തൊഴിലാളികൾ കാരണമായി. രണ്ടായിരത്തി പതിമൂന്നിലെ കണക്കു പ്രകാരം 2.5 മില്യൺ അന്യ സംസ്ഥാനത്തൊഴിലാളികൾ കേരളത്തിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നു. കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് ചില സൂചനകൾ വ്യക്തമാക്കുന്നു. 2030 ൽ കേരളത്തിലെ അതിഥിതൊഴിലാളികളുടെ എണ്ണം 60 ലക്ഷമായ് ഉയരും എന്ന് കൂടി കണക്കുകൂട്ടപ്പെടുന്നു. ഇതിലേക്ക് നയിച്ച സവിശേഷമായ ഒരു കേരളീയ സാഹചര്യം കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. ഒരു ഇന്ത്യൻ തൊഴിലാളിക്ക് ദിവസവേതനമായി ഇരുനൂറിനും മുന്നൂറിനും ഇടയിൽ കൂലി കിട്ടുമെന്ന് പറയപ്പെടുമ്പോൾ കേരളത്തിൽ എണ്ണൂറു രൂപയ്ക്ക് ( 837.3 എന്ന് കണക്കുകൾ) മുകളിലാണ് ദിവസക്കൂലി എന്ന് ഓർക്കേണ്ടതുണ്ട്. കൂടാതെ ത്രിപുരയിൽ ഒരു ദിവസവേതനക്കാരന് 250 രൂപ കിട്ടുമ്പോൾ കേരളത്തിൽ നാല് മടങ്ങ് കിട്ടുന്നൂ എന്നത് അത്ര പെട്ടെന്ന് അവഗണിക്കാനാവില്ല. കേരളത്തിലെ ജനത എല്ലാ അർത്ഥത്തിലും ബഹുസ്വരമായ ഒരു ജനപ്രവാഹമായി മാറിയതിന് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിപ്പെട്ട അതിഥിതൊഴിലാളികൾ വലിയ കാരണമായി. കേരളീയരോട് മത്സരിക്കുന്ന കേരളീയർ മാത്രമല്ല മറിച്ച് തന്റെ മുമ്പിലും പുറകിലുമുളള മറ്റ് മുഴുവൻ ഇന്ത്യക്കാരോടും അതുവഴി ഒരു മുഴുവൻ ലോകത്തോടും മത്സരിക്കേണ്ടി വന്ന കേരളീയരുടെ ഭാഗ്യത്തിന്റെ - ദൗർഭാഗ്യത്തിന്റെ ചരിത്രം കൂടി പേറുന്നതാണ് ഇരുപതാംനൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിലും അരങ്ങേറിയ അവതരണകവിത. ബഹുഭാഷകൾ നിറഞ്ഞ മനുഷ്യർ അതു വഴി കേരളകവിതയിലും താമസമായി എന്ന് ചുരുക്കം.

ലോകത്തിൽ കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങൾക്കിടയിലുണ്ടായ വലിയ മാറ്റങ്ങളിൽ ഒന്നായി കുപ്പിവെളളം മാറുന്ന സാമൂഹിക സാഹചര്യത്തിന്റെ പേര് കൂടിയാണ് വ്യവസായവൈശിഷ്ട്യം. കിണറിൽ നിന്നും, കുളത്തിൽ നിന്നും ചെറിയ ഉറവകളിൽ നിന്നും, അരുവികളിൽ നിന്നും വെളളം കണ്ടെത്തിയിരുന്ന കേരളീയർ സ്വന്തം അയൽപക്കവെളളങ്ങളെ സംശയത്തോടെ നോക്കിക്കാണുന്ന സാഹചര്യം സൃഷ്ടിച്ചതിൽ ആഗോളീകരണത്തിനെന്ന പോലെ കുപ്പിവെളളത്തിനും വലിയ പങ്കുണ്ട്. നിങ്ങൾക്ക് വിശ്വസിക്കാവുന്ന വെളളം എന്ന ഖ്യാതി അവർ പരസ്യമായി നേടിയെടുത്തു. സ്വന്തം കിണറ്റിൽ നിന്നു പോലും കോരിക്കുടിക്കാൻ പേടിക്കണം എന്നു തന്നെയായിരുന്നു അതിന്റെ അർത്ഥം. വെളളം കുപ്പിയിലടക്കുമ്പോൾ നല്ല വിലകിട്ടുമെന്നും അത് സുരക്ഷിതമാണെന്നും വിൽക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുമെന്നുള്ള ബോധം കേരളീയരെ ശരിക്കും മാറ്റിപ്പണിതു. നമുക്ക് പരിചിതവും അല്ലാത്തതുമായ നിരവധി ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ നിത്യജീവിതത്തിലേക്ക് കയറിക്കൂടിയ കാലം കൂടിയായിരുന്നു അത്. ഈ അവിശ്വാസങ്ങളുടെയും വ്യപാര മത്സരങ്ങളുടെയും ലോകം കവിതയിൽ മുറുക്കിപ്പിടിക്കാൻ കൂടുതൽ മനുഷ്യരെ സഹായിച്ചു എന്ന് വേണം കരുതാൻ. പല തൊഴിലിടങ്ങളിലുള്ള, ജീവിതാവസ്ഥകളിലുള്ള മനുഷ്യർ അങ്ങനെ കൂട്ടമായി കവിതയിലെത്തിച്ചേർന്നു. പലമട്ടിൽ മുറിഞ്ഞ മനുഷ്യരായിരുന്നു അവരത്രയും. രണ്ടായിരത്തി ഒന്നിലെ ഭീകരാക്രമണവും ബെർളിൻ മതിലിന്റെ തകർച്ചയും നെൽസൺ മണ്ടേലയുടെ ജയിൽ മോചനവും മാത്രമല്ല 90 കൾക്ക് ശേഷമുളള മനുഷ്യനെ സൃഷ്ടിച്ചതെന്നും അതിൽ അവന്റെ നിരന്തരമായ ഉപയോഗത്തിലേക്ക് വന്ന നിരവധി ഉൽപ്പന്നങ്ങളും ഇടം പിടിക്കുന്നുണ്ടെന്നത് പ്രധാനമാണ്. 2018 ലെ പ്രളയവും കൊറോണയും അതിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിട്ടേയുള്ളൂ. കരിക്കു വെളളത്തെ പോലും കുപ്പിയിലാക്കി ചെറുതും വലുതുമായ പീടികകൾക്കു മുന്നിൽ തൂക്കിയിടേണ്ടി വന്നത് വ്യവസായവൈശിഷ്ട്യം സൃഷ്ടിച്ച മായികപ്രപഞ്ചത്തിന്റെ ബോധ്യങ്ങളിൽ നിന്ന് തന്നെയാണ്. ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാതെ കവിതയിലെ മാറ്റങ്ങളെ മനസ്സിലാവില്ല.

വ്യവസായവൈശിഷ്ട്യം മുഖ്യധാരയായി മാറിയ കാലഘട്ടത്തിൽ അതിനെതിരെയുളള പലതരത്തിലുളള പ്രതിസംസ്‌കാര പ്രവണതകളും രൂപപ്പെടുകയുണ്ടായി. സമൂഹത്തിലും സാഹിത്യത്തിലും എല്ലാ കാലത്തും മുഖ്യധാരയുടെ മാതൃകകളെ വെല്ലുവിളിക്കുന്ന പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിന്റെ കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തെളിവുകളിലൊന്നായി പ്ലാച്ചിമടസമരത്തെ കാണാവുന്നതാണ്. ആഗോളഗ്രാമത്തിന്റെ ഇഷ്ടപാനീയമായ കൊക്കകോള എന്ന മൃദുപാനീയ നിർമ്മാണ കമ്പനിക്കെതിരെ കേരള സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഏറ്റെടുത്ത് നടത്തി വിജയം കണ്ടെത്തിയത് വ്യവസായവൈശിഷ്ട്യത്തിനെതിരെ ഒരു പ്രതിസംസ്‌കാര പ്രവാഹം രൂപപ്പെട്ടതിന് ഉദാഹരണമാണ്. ഞങ്ങളുടെ കുടിവെളളമാണ് നിങ്ങൾ ഊറ്റിക്കൊണ്ടുപോയി വിൽക്കുന്നതെന്ന ബോധം മലയാളികളിലേക്ക് കടന്നുവരുന്നതും വ്യവസായവൈശിഷ്ട്യത്തിന്റെ പുറകിലെ കാണാക്കളികളിലേക്കും ചരടുകളിലേക്കും പൊതുസമൂഹവും മാധ്യമങ്ങളും കണ്ണോടിച്ചു തുടങ്ങുന്നതും പുതിയ പരിസ്ഥിതിബോധങ്ങൾ കൂടുതൽ ശക്തിയാർജ്ജിക്കുന്നതും അങ്ങനെയാണ്. കവിതയിൽ സംഭവിച്ച ഇത്തരത്തിലുള്ള പ്രതിരോധ പ്രതിസംസ്‌കാരത്തിനെ സൂചിപ്പിക്കാനാണ് അവതരണകവിത എന്ന സംജ്ഞ ഞാനുപയോഗിക്കുന്നത്. അതൊരിക്കലും മുഖ്യധാരയുമായ് കൂടിക്കലരാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. അതെത്രത്തോളം സാധ്യമാവുന്നു എന്നത് വലിയ ചോദ്യമാണ്. ഇത്തരത്തിലുള്ള സംസ്‌കാരിക പ്രതിരോധങ്ങൾ പല കാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷേ അതിന്റെ കാരണങ്ങൾ മറ്റു പലതുമായിരുന്നു.


REPRESENTATIONAL IMAGE: WIKI COMMONS

മലയാളത്തിൽ, പ്രത്യേകിച്ച് കവിതയുടെ കാര്യത്തിൽ ക്ലാസിക്-നവോത്ഥാന, കാൽപ്പനിക, റിയലിസ്റ്റിക്, ആധുനിക, എന്നിങ്ങനെ നിലനിൽക്കുന്ന, തുടരുന്ന പലതരം മുഖ്യധാരകളോട് മല്ലിട്ട് തുടങ്ങിയ പ്രതിസംസ്‌കാരമായി തൊണ്ണൂറുകൾക്കു ശേഷമുളള കവിത മാറ്റപ്പെട്ടു. പല തലങ്ങളിൽ വിന്യസിക്കുന്ന സൂക്ഷ്മമായ, രാഷ്ട്രീയമായ, പ്രതിരോധമുൾക്കൊള്ളുന്ന ഉള്ളടക്കമാണ് അതിന്റെ കേന്ദ്രം. ബഹുസ്വരമാർന്ന വഴികളിൽ അത് ആവിഷ്‌കരിക്കപ്പെടുന്നു. മുദ്രാവാക്യങ്ങളും കൂവലുകളും മുതൽ നീണ്ട, കരുത്താർന്ന നിശ്ശബ്ദതവരെ അതിന്റെ ഭാഷയായ് മാറുന്നു. അതിനപ്പുറം പലപ്പോഴും തുടർന്നു വരുന്ന പദ്യ-ഗദ്യ കവിതകൾക്കപ്പുറത്തേക്ക് കവിതയുടെ ഭാഷയെ വിസ്തൃതമാക്കുന്നു. അതിന്റെ കൂടുതൽ സമൃദ്ധമായ ഉറവകളും പ്രവാഹങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളെ കൂടുതൽ സാഹിത്യ സജീവതയിലേക്ക് കൊണ്ടു വന്നു. വലിയ രീതിയിൽ സംവാദങ്ങൾക്ക് വേദിയാകുന്ന സ്ത്രീ, ദളിത്, ക്വീർ, ഗോത്ര, പ്രാദേശിക എഴുത്തുകൾ അതിന്റെ വെളിച്ചപ്പെട്ട ഒഴുക്കുകൾ മാത്രമാണ്. ഇനിയും വന്നെത്തിയിട്ടില്ലാത്ത ഒഴുക്കുകൾക്കു കൂടിയുള്ള തുറസ്സുകൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വലിയ മൂലധനശേഷിയുളള അച്ചടി മാദ്ധ്യമങ്ങൾക്കിടയിൽ ചെറുവിരൽ പ്രസിദ്ധീകരണങ്ങൾ കൂണുകൾ പോലെ പല പ്രതലങ്ങളിലായ് മുളച്ചു പൊന്തി. അതൊരു പടയായിരുന്നു. വലിയ പൊതുമണ്ഡലങ്ങളിൽ നിന്നു മാറി ചെറിയ സാഹിത്യ കൂട്ടായ്മകൾ ആ അവതരണങ്ങളെയും ചർച്ചകളെയും ആഘോഷമാക്കി. രണ്ടായിരത്തി പത്തുകളോടെ സജീവമായ ബ്ലോഗുകളും ഓർക്കൂട്ടും ഫേസ്ബുക്കും പിന്നെക്കേറിവന്ന വാട്ട്‌സാപ്പും നിരവധി വേദികൾ തുറന്നുവെച്ചു. തുറന്നു വെക്കാൻ സാധ്യമായ എല്ലാ ചുവരുകളിലും ആദ്യമെത്തുന്നവളായ് കവിത മാറി. എഡിറ്റർ എന്ന വ്യവസായവൈശിഷ്ട്യത്തിന്റെ കാവലാളിലൊരാൾ പതിയെ അപ്രസക്തനാവുകയോ കൂടുതൽ ജനാധിപത്യപരമായി തിരഞ്ഞെടുപ്പുകൾ നടത്തുകയോ ചെയ്യുന്നൊരാളാവാനായ് നിർബന്ധിക്കപ്പെട്ടു. അത്തരം തിരഞ്ഞെടുപ്പുകളിൽ പെട്ടില്ലെങ്കിലും കവിത പതിപ്പിക്കാനുള്ള കൂടുതൽ ചുമരുകൾ കണ്ടെടുക്കപ്പെട്ടു. പുതിയതരം ജനകീയതയെ അത് സാധ്യമാക്കി. അച്ചടിമാധ്യമങ്ങളിലെ ഉയർന്ന വിദ്യാഭ്യാസവും വ്യവസായവൈശിഷ്ട്യവുമുള്ള കാര്യസ്ഥൻമാർക്കെതിരെ പലവിധമായ ചെറുതും വലുതുമായ വേദികളിലൂടെ ബഹുജനങ്ങളിലെത്തുന്ന ബദൽവഴിയും കവിതയ്ക്കുണ്ടായി. സൈബർ മാദ്ധ്യമങ്ങൾ ലിംഗ-വംശഭേദമില്ലാതെ എഴുത്തുകാരെ സൃഷ്ടിച്ചതു കൂടാതെ ട്രോളുകൾ എന്ന പുതിയ ചുമരെഴുത്തുകൾ കവിതയ്‌ക്കൊപ്പം പരന്നു. എല്ലാ കലാരൂപങ്ങളെയും തന്റേതു കൂടിയാക്കി മാറ്റാനുള്ള ശ്രമം അവതരണ കവിതയിൽ വ്യാപകമായി. ആദ്യ കവിതബ്ലോഗായ 'കുഴൂർ വിൽസന്റെ 'അച്ചടി മലയാളം നാടു കടത്തിയ കവിതകൾ' പേരു സൂചിപ്പിക്കുന്നതു പോലെ അവതരണകവിതയുടെ അടിസ്ഥാന പ്രതിരോധ ഭാഷയെ പുറത്തെത്തിക്കുന്ന സൂചനയായി. നിരവധി പുതിയ ചെറുപ്രസാധകരും കൂട്ടായ്മകളും പുതിയ കവിതയെ കൂടുതൽ സാധ്യമാക്കി. കേരളീയരുടെ ജീവിതത്തിൽ വന്നുപെട്ട വേഗത ചെറുകവിതകളായും സമയത്തെ വട്ടം ചുറ്റിക്കുന്ന ദീർഘരചനകളായും രംഗപ്രവേശം ചെയ്തു. ഇങ്ങനെ കവിതയ്ക്കു പുറത്തു പലപ്പോഴും ചിതറിപ്പോവുന്ന രാഷ്ട്രീയ പ്രതിരോധത്തെ ഏറ്റെടുത്ത് തുടരുന്ന ശ്രമമായ് അവതരണകവിത അതിന്റെ നിലപാട് തറ വികസപ്പിച്ചുകൊണ്ടിരിക്കുന്നു.


#outlook
Leave a comment