TMJ
searchnav-menu
post-thumbnail

Outlook

ഇന്ത്യ-അമേരിക്ക ബന്ധങ്ങളിലെ കാണാപ്പുറങ്ങൾ  

21 Feb 2025   |   4 min Read
മിറാഷ് ചെറിയാൻ കുര്യൻ

ണ്ടു പ്രമുഖ രാഷ്ട്രത്തലവൻമാർ തമ്മിലുള്ള കൂടിക്കാഴ്ച എന്നതിനപ്പുറമുള്ള ഒരു മാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ഉണ്ടെന്ന തോന്നൽ ഇന്ത്യയിൽ വ്യാപകമാണ്. അതിനുള്ള കാരണങ്ങൾ പലതാണ്.  പ്രധാനമന്ത്രി മോഡിയും, പ്രസിഡന്റ് ട്രംപും തമ്മിലുള്ള വ്യക്തിബന്ധം മുതൽ ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ ഒരു തന്ത്രപരമായ സഖ്യത്തിൽ എത്തുന്നതടക്കമുള്ള നിരവധി കാര്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. അതിനെല്ലാമുപരി ലോകമാകെ ഇപ്പോൾ അലയടിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉത്തമ പ്രതിനിധികളാണ് ഇരുവരുമെന്നതും മോഡി-ട്രംപ് കൂടിക്കാഴ്ചയുടെ രൂപഭാവങ്ങൾ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു.

ഫെബ്രുവരി 13ന് വാഷിംഗ്ടണിൽ വെച്ച് നടന്ന മോഡി -ട്രംപ് കൂടിക്കാഴ്ചയുടെ അടിയന്തിര പശ്ചാത്തലം മറ്റൊരു വിഷയമാണ്. ഇന്ത്യയിൽ നിന്നും ശരിയായ യാത്ര രേഖകളില്ലാതെ നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ച ഇന്ത്യൻ പൗരരെ കൂട്ടത്തോടെ തിരിച്ചയക്കുന്ന പ്രക്രിയ അമേരിക്കൻ ഭരണകൂടം തുടങ്ങിയതിന്റെ മൂർധന്യത്തിലാണ് മോഡി അമേരിക്കയിൽ എത്തുന്നത്. തിരിച്ചയക്കുന്നവരോട് അമേരിക്കൻ ഭരണകൂടം പുലർത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ അന്താരാഷ്ട്ര മര്യാദകളുടെ സമ്പൂർണ്ണ നിഷേധമാണ്. കാലും കൈയും ബന്ധിച്ച നിലയിൽ ശുചിമുറി സംവിധാനം പോലും ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള മണിക്കൂറുകൾ നീളുന്ന സൈനിക വിമാനത്തിലുള്ള യാത്ര ഏതൊരു പരമാധികാര റിപ്പബ്ലിക് രാജ്യത്തെയും ചൊടിപ്പിക്കുന്ന ഒന്നാണ്.

മോഡി -ട്രംപ് കൂടിക്കാഴ്ച | PHOTO: WIKI COMMONS
ഇന്ത്യയുടെ അത്ര വികസനവും സൈനിക ശക്തിയോ ആർജിക്കാത്ത ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പോലും തങ്ങളുടെ പൗരരോട് കാട്ടിയ അനീതിയോട് പ്രതിഷേധിച്ചപ്പോൾ ഇന്ത്യ സ്വീകരിച്ചത് കുറ്റകരമായ മൗനമാണ്. യുഎസ് സൈനിക വിമാനങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ച് കൊണ്ട് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം പാർഡോ ഉത്തരവിറക്കിയപ്പോൾ ബ്രസീലിയൻ പൗരന്മാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടതിൽ അമർഷം വ്യക്തമാക്കി ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ മുന്നോട്ട് വന്നു. ഒരുപടി കൂടി കടന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അമേരിക്കൻ സൈനിക വിമാനങ്ങളെ മടക്കി അയച്ചു. കുടിയേറ്റക്കാരുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ചും അവരോട് മനുഷ്യത്വത്തോടെ പെരുമാറണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവയെല്ലാം സൂചിപ്പിക്കുന്നത് ലോകം ഇന്ന് നേരിടുന്ന അഭയാർത്ഥി പ്രശ്നത്തെ ലോക രാഷ്ട്രങ്ങൾ എങ്ങനെ നോക്കി കാണണം എന്നാണ്. അഭയാർത്ഥി പ്രശ്നം ഇത്ര രൂക്ഷമാവുന്ന നിലയിലേക്ക് എത്തിയതിനു പിന്നിലും ഇതേ അമേരിക്ക തന്നെയാണ് എന്ന കാര്യം കൂടെ ചേർത്ത് വായിക്കുമ്പോഴാണ് അമേരിക്ക ഇപ്പോൾ സ്വീകരിക്കുന്ന ഈ നടപടിയുടെ കാഠിന്യം കൂടുതൽ വ്യക്തമാകുന്നത്.

മധ്യപൂർവ്വ പ്രദേശത്തും ആഫ്രിക്കയിലെയും ഏഷ്യയിലെയും ജനങ്ങൾ അമേരിക്കയിലേക്ക് കുടിയേറാൻ തക്കംപാർത്ത് നിൽക്കുന്നത് അവരുടെ രാജ്യങ്ങളിൽ ജീവിക്കാനുള്ള അവസരങ്ങൾ വിരളമായതുകൊണ്ടാണ്. ഈ പ്രദേശങ്ങളിൽ പലയിടങ്ങളിലും ആഭ്യന്തര യുദ്ധങ്ങൾ രൂക്ഷമായ ഇടങ്ങളുണ്ട്.  ഇത്തരം ആഭ്യന്തര യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കക്ഷികളിൽ നേരിട്ടോ അല്ലാതെയോ അമേരിക്കയ്ക്ക് ബന്ധവുമുണ്ട്. അമേരിക്ക വെള്ളക്കാരുടേത് മാത്രമാണ് എന്നുള്ള വാദമാണ് ട്രംപും അദ്ദേഹത്തെ അനുകൂലിക്കുന്നവരും മുന്നോട്ടുവെക്കുന്നത്. ഇതിനു സമാനമായ വീക്ഷണം തന്നെയാണ് ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയെയും നയിക്കുന്നത്. അമേരിക്കയിൽ വെള്ളക്കാരുടെയും, പണക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണകൂടം ധൃതി കാട്ടുമ്പോൾ ഇന്ത്യയിൽ മത-ഭാഷ ന്യൂനപക്ഷങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്ന
സമീപനമാണ് കാണുന്നത്.

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ | PHOTO: WIKI COMMONS
അമേരിക്കയിൽ നിന്നും കുടിയേറ്റക്കാരെ പുറത്താക്കി തുടങ്ങിയ ഘട്ടത്തിൽ ഈ നടപടിയിൽ ആവേശം കൊണ്ട് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ഇതിനെ വാഴ്ത്തിക്കൊണ്ട് എഴുതിയ ലേഖനം ശ്രദ്ധിക്കേണ്ടതാണ്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ(MAGA)എന്നതായിരുന്നു തിരഞ്ഞെടുപ്പിൽ ട്രംപ് മുന്നോട്ട് വച്ച മുദ്രാവാക്യം. സ്വതസിദ്ധമായ നിലയിൽ മോഡിയും ഒരു ചുരുക്കെഴുത്തു പറഞ്ഞു. miga അഥവാ make india great again. രണ്ടും ചേർന്നാൽ mega ആവുമെന്നും അദ്ദേഹം ആവേശം കൊണ്ടു. ഇതു പോലുള്ള ചരുക്കെഴുത്തുകൾ മോഡിയുടെ സ്ഥിരം പല്ലവി ആയതുകൊണ്ടാവണം സ്ഥിരം മോഡി ഭക്തർ പോലും maga-യും miga-യും ചേർന്ന  mega-യെ പറ്റി വലിയ ആഘോഷമൊന്നും നടത്തിയില്ല.

ഈ പശ്ചാത്തലത്തിലാണ് മോഡി- ട്രംപ് കൂടിക്കാഴ്ച വിലയിരുത്തേണ്ടത്. വാണിജ്യപരമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾക്കാണ് ഇരു നേതാക്കളും പ്രത്യേകിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഥമ പരിഗണന നൽകിയത്. അക്കാര്യത്തിൽ ട്രംപ് പറയുന്ന ന്യായങ്ങൾ അപ്പടി അംഗീകരിക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം.  Fox ടെലിവിഷന് നൽകിയ അഭിമുഖത്തിൽ താൻ അക്കാര്യം മോദിയോട് വ്യക്തമായി പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തുകയും ചെയ്തു. എന്നു മാത്രമല്ല നികുതിയുടെ കാര്യത്തിൽ വാദത്തിന് വരേണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രിയോട് പറഞ്ഞതായി ട്രംപ് വ്യക്തമാക്കി. ചുരുക്കത്തിൽ ഇന്ത്യ പോലെ വിശാലവും വൈവിധ്യവുമായ വിപണിയിൽ നിന്നും വലിയ ലാഭം ഉണ്ടാക്കാനുള്ള അമേരിക്കൻ കമ്പനികളുടെ നീക്കങ്ങൾക്ക് വേണ്ട ഒത്താശ നൽകാനാണ് ട്രംപ് ആവശ്യപ്പെടുന്നത്.

നിലവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വാണിജ്യബന്ധത്തിന്റെ ആകെത്തുക ഏതാണ്ട് 190 ബില്യൺ ഡോളറാണ്. 2030ഓടെ ഇത് 500 ബില്യൺ ഡോളറായി വർധിപ്പിക്കണമെന്നാണ് ട്രംപ്- മോഡി കൂടിക്കാഴ്ചയിലെ ഒരു തീരുമാനം. പക്ഷെ, ഇറക്കുമതി നികുതികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പറയുന്ന ട്രംപിന്റെ കാർക്കശ്യത്തിന്റെ പശ്ചാത്തലത്തിൽ ഈ വളർച്ച എങ്ങനെ കൈവരിക്കുമെന്നതാണ് പ്രസക്തമായ ചോദ്യം. ഇന്ത്യ -മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി നിർമ്മിക്കുന്നതിനുള്ള നീക്കം പുനരുജീവിപ്പിക്കുവാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും പശ്ചിമേഷ്യയിലെ സങ്കീർണ്ണമായ ഭൗമ-രാഷ്ട്രീയത്തെ ആശ്രയിച്ചിരിക്കും അക്കാര്യത്തിലുള്ള പുരോഗതി.

നരേന്ദ്ര മോഡിയും ഡൊണാൾഡ് ട്രംപും | PHOTO: WIKI COMMONS
വിപുലമായ നാടുകടത്തൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ തിരക്കിലും ഇന്ത്യയും, അമേരിക്കയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെ പറ്റിയുള്ള ചർച്ചയും നടന്നു എന്നതാണ് വൈരുദ്ധ്യം. വർഷാവർഷം ഇന്ത്യയിൽ നിന്നും മൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ് അമേരിക്കയിൽ പഠിക്കുവാൻ എത്തുന്നത്. ഇവരുടെ ഫീസിനത്തിലും മറ്റുമായി അമേരിക്കക്ക് പിരിഞ്ഞു കിട്ടുന്നത് ഏകദേശം എട്ട് ബില്യൺ അമേരിക്കൻ ഡോളറാണ്. മാത്രമല്ല നേരിട്ടും അല്ലാതെയും അമേരിക്കയുടെ തൊഴിൽ മേഖലയെ പിടിച്ച് നിർത്തുന്ന ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ വംശജരെയും അമേരിക്കയ്ക്ക് അത്ര പെട്ടെന്ന് തള്ളിക്കളയുവാനും സാധ്യമല്ല.

മോഡി- ട്രംപ് കൂടിക്കാഴ്ചയുടെ ഒരു പ്രത്യേകത മോഡി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി എന്നതാണ്. പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാമത്തെ തവണയാണ് അദ്ദേഹം ഒരു വാർത്ത സമ്മേളനത്തിൽ ഉത്തരം പറയുന്നത്. മൂന്ന് തവണയും അത് വിദേശത്തു വച്ചായിരുന്നു. അദ്ദേഹത്തിന്റെ ഇരു വശങ്ങളിലും ടെലിപ്രോംപ്റ്റർ സദാ സജ്ജമായിരുന്നു.  അനധികൃത കുടിയേറ്റത്തെക്കുറിച്ചും, അദാനി ഗ്രൂപ്പിന് എതിരെയുള്ള അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഉയർത്തുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ആയിരുന്നു മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇന്ത്യൻ പൗരന്മാരായ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കുന്നതിൽ തനിക്കും തന്റെ സർക്കാരിനും മടിയില്ലെന്നും
അദാനിയുടെ ആരോപണ വിഷയം അമേരിക്കൻ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രതികരണം.

മൂന്നാമത് തുടർച്ചയായി അധികാരത്തിലെത്തിയ മോഡിയും നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാമതും അധികാരത്തിലെത്തിയ ട്രംപും, ഹൗഡി മോഡിയുടെയും, നമസ്തേ ട്രംപിന്റെയും ദിവസങ്ങളിൽ നിന്നും ഏറെ മാറിയ ഒരു കാലത്താണ് വീണ്ടും കണ്ടുമുട്ടിയതെന്ന കാര്യത്തിൽ സംശയമില്ല.

ഇടുക്കി, പാമ്പനാർ ശ്രീ നാരായണ ട്രസ്റ്റ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രഫസറാണ് ലേഖകൻ




#outlook
Leave a comment