TMJ
searchnav-menu
post-thumbnail

Outlook

സ്ഥാനാര്‍ത്ഥി ചിത്രം; തിരുവനന്തപുരം ലോക്‌സഭ മണ്ഡലം

29 Feb 2024   |   4 min Read
മിസ്‌രിയ ചന്ദ്രോത്ത്

(ഭാഗം മൂന്ന്)

റെ തര്‍ക്കങ്ങള്‍ക്കും പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ക്കും ശേഷം ഏതാണ്ട് 400 മുതല്‍ 450 വരെ ലോക്‌സഭാ സീറ്റുകളില്‍ പൊതുസ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന കാര്യത്തില്‍ ഇന്ത്യ മുന്നണി ഏകദേശ ധാരണയില്‍ എത്തിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.  കേരളം, പഞ്ചാബ്, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളില്‍ പൊതു സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ധാരണയായിട്ടുണ്ട്.  ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണയായി.  അതേസമയം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതിനകംതന്നെ ജയിച്ചു കഴിഞ്ഞുവെന്ന മട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്.  

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രചാരണവും തുടങ്ങി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ കേരളത്തില്‍ പോരാട്ടം മുറുകും എന്ന കാര്യം ഉറപ്പായി. സിറ്റിംഗ് എംപി-മാരെ തന്നെ ഫീല്‍ഡില്‍ ഇറക്കുമെന്ന് കോണ്‍ഗ്രസ്സും യുഡിഎഫും നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് അവരും അനൗപചാരികമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വീണ്ടും മത്സരിക്കുമോ, ആലപ്പുഴയിലെ സ്ഥാനാര്‍ഥി ആരാവും തുടങ്ങിയ കാര്യങ്ങളില്‍ മാത്രമാണ് തീര്‍പ്പ് ഉണ്ടാവേണ്ടത്.  NDA മുന്നണിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ടെങ്കിലും, തെക്കന്‍ കേരളത്തിലെ BJP യുടെ A ക്ലാസ്സ് മണ്ഡലമെന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന തിരുവനന്തപുരത്തും ആറ്റിങ്ങലിലും മലയാളികളായ രണ്ട് കേന്ദ്ര മന്ത്രിമാര്‍ തന്നെ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ല്‍ രാജഗോപാല്‍ തിരുവനന്തപുരത്ത് നേടിയ 32.04% വോട്ട് ഷെയറാണ് സംസ്ഥാനത്ത് BJP നേടിയ ഉയര്‍ന്ന വോട്ട് ഷെയര്‍.



തിരുവനന്തപുരം ലോക്സഭ മണ്ഡലം
 
തുടര്‍ച്ചയായി മൂന്നുതവണ തിരുവനന്തപുരത്ത് മത്സരിച്ച് ജയിച്ച ശശി തരൂര്‍ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. പന്ന്യന്‍ രവീന്ദ്രനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ തന്നെയാകാനാണ് സാധ്യത. നരേന്ദ്ര മോദി, നിര്‍മല സീതാരാമന്‍ എന്നീ പേരുകളും ഇപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 76 ശതമാനം നഗര വോട്ടര്‍മാരും ബാക്കി തീരദേശ വോട്ടര്‍മാരുമടങ്ങുന്ന മണ്ഡലമാണ് തിരുവനന്തപുരം. നഗരപരിധിയിലെ 70 ശതമാനത്തിലധികം വരുന്ന ഹിന്ദു വോട്ടര്‍മാരുടെ രാഷ്ട്രീയ നിലപാടാണ്   ബിജെപിക്ക് ലഭിച്ച ഉയര്‍ന്ന വോട്ട് ഷെയറിന്റെ പിന്നിലെ കാരണം. അതുതന്നെയാണ് ബിജെപിയുടെ നിലവിലെ പ്രതീക്ഷയും. തീരദേശത്തേക്ക് വരുമ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായ വോട്ടിംഗ് പാറ്റേണാണ് നിലനില്‍ക്കുന്നത്. 2014 ലോക്‌സഭ ഇലക്ഷനിലെ ഒ രാജഗോപാലിന്റെ പരാജയത്തിലേക്കെത്തിച്ചതും തരൂരിന്റെ വിജയത്തിന് അടിസ്ഥാനമായതും ഈ പാറ്റേണാണ്. നിലവില്‍ നഗര കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ് എന്നുള്ളത് തിരുവനന്തപുരത്തെ നിയമസഭ മണ്ഡലങ്ങളും തിരുവനന്തപുരം കോര്‍പറേഷനിലെ കോണ്‍ഗ്രസ് അംഗസംഖ്യയും പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന അനുകൂല സാഹചര്യം ശശി തരൂരിന് നഗര കേന്ദ്രങ്ങളിലും ലീഡ് നല്‍കിയിട്ടുണ്ടായിരുന്നു. മണ്ഡലത്തിലെ നായര്‍, നാടാര്‍, ലത്തീന്‍ കത്തോലിക്കാ വോട്ടുകളാണ് നിര്‍ണായകം. മുസ്ലിം വോട്ടുകള്‍ 9.01% മാത്രമുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ ഇപ്രാവശ്യം ആ വോട്ടുകള്‍ നിര്‍ണായകമാണ്. എന്നാല്‍ നിലവില്‍ വിഴിഞ്ഞം പോര്‍ട്ട് വിഷയവുമായി ബന്ധപ്പെട്ട് തീരദേശത്തെ വോട്ടുകള്‍ ആര്‍ക്കനുകൂലമായി വരുമെന്ന് പ്രവചിക്കാനാവില്ല. മാത്രമല്ല വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട്, ലത്തീന്‍ അതിരൂപതയുടെ ആശിര്‍വാദത്തോട് കൂടിയുള്ള സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഈ തീരുമാനങ്ങള്‍ ഏത് മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടറിയണം.

നിലവില്‍ ശശി തരൂരിന്റെ ആഗോള പൗരന്‍ എന്ന ഇമേജ് തിരുവനന്തപുരത്ത് യുഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് എപ്പോഴത്തേയും പോലെ വിലയിരുത്തപ്പെടുന്നത്. കാരണം തിരുവനന്തപുരം വളരെയധികം സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും അടങ്ങുന്ന ഒരു മണ്ഡലമാണ്. അവിടെ ഈ ഇമേജ് സൃഷ്ടിക്കുന്ന മായാജാലം വളരെ വലുതുമാണ്. ജാതി മത ഭേദമന്യേ യുവജനങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനവും വലുതാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ വോട്ടിംഗ് ശതമാനം 2014 - 34%, 2019 -41.04% എന്നിങ്ങനെയാണ്. തരൂരിനെ പോലെ ഒരു ദേശീയ നേതാവിനെ ലോക്സഭയ്ക്ക് / ഇന്ത്യ മുന്നണിക്ക് ആവശ്യമുണ്ട് എന്ന പ്രതീതിയാവും കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയപ്രചരണായുധം. അദ്ദേഹത്തിന്റെ രാം ലല്ല പ്രതിഷ്ഠാ ദിനത്തിലെ സോഷ്യല്‍ മീഡിയ പോസ്റ്റും, ഇസ്രായേല്‍ അനുകൂല നിലപാടും, AICC പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരവും, കഴിഞ്ഞ 15 കൊല്ലത്തെ പ്രകടനവും ഏത് രീതിയില്‍ പ്രതിഫലിക്കുമെന്നുള്ളത് കാണേണ്ടതാണ്. പന്ന്യന്‍ രവീന്ദ്രന്‍ ഒരു ക്ലീന്‍ നേതാവാണെന്നുള്ളത് ഇടതുമുന്നണിക്ക് ഗുണകരമാകും എന്നു മാത്രമല്ല പികെവി യുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ 2005 ല്‍ തിരുവനന്തപുരത്തെ എംപി ആയതുമാണ്. പികെവി യെയും എംഎന്‍ ഗോവിന്ദന്‍ നായരെയും കെവി സുരേന്ദ്രനാഥിനെയും പോലുള്ള സിപിഐ-ക്കാരെ ജയിപ്പിച്ചിട്ടുള്ള തിരുവനന്തപുരത്ത് ഇടതുപക്ഷം പൊതുവെ ശക്തമാണ്. അവസാനം നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള വെള്ളാര്‍ വാര്‍ഡ് ജയം ഇടതുപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. എങ്കിലും കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ് എന്നുള്ള ചരിത്രം എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ശശി തരൂര്‍ | PHOTO: FACEBOOK
ബിജെപിയെ സംബന്ധിച്ചിടത്തോളം നരേന്ദ്ര മോദിയെ വരെ മത്സരരംഗത്ത് ഇറക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന ഒരു മണ്ഡലമാണ് തിരുവനന്തപുരം എന്ന് സൂചിപ്പിച്ചല്ലോ. സ്ഥാനാര്‍ത്ഥികളുടെ മികവ് വിജയത്തില്‍ പ്രധാന ഘടകമാകുന്ന ഒരു മണ്ഡലം കൂടിയാണ് തിരുവനന്തപുരം. രാജഗോപാല്‍ 2014 ല്‍ നേടിയ വോട്ടിനേക്കാള്‍ (32.02%) കൂടിയ വോട്ടിങ് ശതമാനം ഇനിയൊരു ബിജെപി നേതാവിനും ലഭിക്കാന്‍ പോകുന്നില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതിനാലാവണം കുറച്ചുനാള്‍ മുന്‍പ് നടന്ന ഒരു ചടങ്ങില്‍ തരൂരിനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ഒ രാജഗോപാല്‍ പ്രവചിച്ചത്.  ബിജെപി കേന്ദ്രങ്ങളില്‍ ഈ പ്രവചനം ചൂടുള്ള ചര്‍ച്ച തന്നെയാണ്. ബിജെപി സംസ്ഥാന നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും കേന്ദ്രനേതൃത്വവും എല്ലാം കൂടിച്ചേര്‍ന്ന ഒട്ടും സുഖകരമല്ലാത്ത ഒരു ബാലന്‍സിങ് ആണ് കേരളത്തിലെ ബിജെപി ഘടകങ്ങള്‍ക്കിടയിലുള്ളത്. ഒറ്റ സീറ്റ് കേരളത്തില്‍ നിന്നില്ലെങ്കിലും കേരളത്തിലെ ബിജെപി നേതാക്കള്‍ക്കിടയിലെ വിഭാഗീയത പ്രകടമാണ്. തൊട്ടടുത്ത മണ്ഡലമായ ആറ്റിങ്ങലില്‍ 2019 ല്‍ ശക്തമായ മത്സരം കാഴ്ചവച്ച ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം തിരുവനന്തപുരത്തെ ബിജെപി അണികളെയും സ്വാധീനിക്കുവാന്‍ പോകുന്നതാണ്.

നിയമസഭ മണ്ഡലങ്ങളിലൂടെ

നിലവില്‍ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, നെയ്യാറ്റിന്‍കര, കോവളം, പാറശ്ശാല തുടങ്ങി ഏഴ് നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലുള്ളത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫിന് ഒരൊറ്റ സീറ്റ് പോലും ഈ മണ്ഡലങ്ങളില്‍ ഉണ്ടായിരുന്നില്ല. നേമം നിയമസഭ മണ്ഡലം ബിജെപിക്കൊപ്പവും, ബാക്കി എല്ലാ നിയമസഭ മണ്ഡലങ്ങളും യുഡിഎഫിനും ഒപ്പമായിരുന്നു. എന്നാല്‍ നിലവില്‍ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോവളം ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളും എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരിക്കുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിനു ലഭിച്ച 28.01% വോട്ട് വിഹിതം 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും 32.41% ആക്കി ഉയര്‍ത്തുവാനും എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സിപിഐ പ്രതിനിധീകരിക്കുന്ന ലോക്സഭ മണ്ഡലത്തിലെ കണക്കുകള്‍ എല്‍ഡിഎഫിന് അത്ര അനുകൂലമല്ല. 2014 ല്‍ ലഭിച്ച 28.05% 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ആവുമ്പോഴേക്കും 25.07 % ആയി കുറഞ്ഞിട്ടുണ്ട്. രണ്ടുതവണയും ഇടതുപക്ഷ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്ത് ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച 32.04 % വോട്ട് വിഹിതം 2019 ല്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചപ്പോള്‍ 31.04% ആയി കുറയുകയും ചെയ്തിട്ടുണ്ട്. 2021 ലെ നിയമസഭയിലാകട്ടെ ബിജെപി യുടെ വോട്ട് ഷെയര്‍ 23.03% മാത്രമാണ്. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് ചരിത്രം പരിശോധിച്ചാല്‍ 2014 ല്‍ ലഭിച്ച 34% വോട്ട് ഷെയര്‍ 2019 ലോക്സഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും 41.04 % ആയി ഉയരുകയും ചെയ്തു.


(തുടരും)

#outlook
Leave a comment