സമരകാലത്തെ കവിതകള്‍: അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രചോദനങ്ങള്‍
സാഹിത്യത്തിന് അതിന്റെ ഭാഷയോളം പഴക്കമുണ്ട്. സാഹിത്യകൃതികള്‍ സൃഷ്ടിക്കുന്ന സാമൂഹിക സാംസ്‌കാരിക മാറ്റങ്ങള്‍ നിസ്തുലമാണ്. വ്യത്യസ്തങ്ങളായ സാഹിത്യരൂപങ്ങള്‍ നവോത്ഥാനങ്ങള്‍ക്ക് വരെ വഴി കാണിക്കാറുണ്ട്. ലോകരാഷ്ട്രീയത്തില്‍ കഥ, കവിത, നാടകം തുടങ്ങിയ സാഹിത്യസൃഷ്ടികളിലൂടെ രൂപപ്പെട്ട വിപ്ലവങ്ങള്‍ അനവധിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഹിറ്റ്‌ലറിന്റെ തേര്‍വാഴ്ചയ്ക്ക് കടിഞ്ഞാണിടുന്നതിലുമെല്ലാം സാഹിത്യത്തിന്റെ പങ്ക് ദര്‍ശിക്കാനാവും. സാഹിത്യത്തിലെ പ്രധാന ഇനമായ കവിതകള്‍ ഹൃദയസ്പര്‍ശിയാണ്. വ്യത്യസ്ത ഭാഷകളില്‍ വിരചിതമായിട്ടുള്ള കവിതകള്‍ ജനതയെ കൃത്യമായി സ്വാധീനിച്ചതായി കാണാം. പ്രണയം, നൈരാശ്യം, പരിസ്ഥിതി, ധാര്‍മികത, വിപ്ലവം തുടങ്ങി വിവിധങ്ങളായ പ്രമേയങ്ങളില്‍ കവിതകള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ഭാഷയില്‍ കവിതകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കവിതകള്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് വിപ്ലവത്തിന്റെ തിരികൊളുത്താന്‍ ഊര്‍ജ്ജം പകരുന്നവയായിരുന്നു. ഉറുദു മേഖലയിലെ ഫൈസ് അഹമ്മദ് ഫൈസ്, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയ കവികളുടെ കവിതകള്‍ സ്വാതന്ത്ര്യാനന്തരവും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളെ വരികളില്‍ താളാത്മകമായി കൂട്ടിച്ചേര്‍ത്ത് സാധാരണ പൗരന്മാരില്‍ അധിനിവേശവിരുദ്ധത സൃഷ്ടിക്കാന്‍ കവിതകള്‍ക്കായിട്ടുണ്ട്. പാശ്ചാത്യ ആധിപത്യത്തിന് കീഴില്‍ നിന്ന് മുക്തിനേടാനായി ഓരോ ഇന്ത്യക്കാരനിലും വളര്‍ന്നുവന്ന വികാരമാണ് സ്വാതന്ത്ര്യം. ആ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി വ്യത്യസ്തങ്ങളായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. നിസ്സഹകരണ പ്രസ്ഥാനങ്ങളും സായുധ പോരാട്ടങ്ങളും നിരാഹാര സമരങ്ങളും സാഹിത്യ രചനകളും അതില്‍ പ്രധാനപ്പെട്ടതാണ്. രാംപ്രസാദ് ബിസ്മി രചിച്ച 'സര്‍ഫറോശി കി തമന്ന' (വിപ്ലവത്തിനുള്ള ആഗ്രഹം) ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയ കവിതകളിലെ ഏറ്റവും പ്രചോദനാത്മകമായ കൃതികളിലൊന്നാണ്. രാംപ്രസാദ് ബിസ്മി രചിച്ച ഈ ഉര്‍ദു ഗസല്‍ രാജ്യത്തിനുവേണ്ടി പോരാടുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യസമരസേനാനികളുടെ ആവേശവും വീര്യവുമാണ് വിളിച്ചുപറയുന്നത്.
ഇന്ത്യന്‍ ഭാഷകളിലെ നൂറുകണക്കിന് കവികളും നോവലിസ്റ്റുകളും 1947 നു മുമ്പ് തങ്ങളുടെ സൃഷ്ടികളെ ചുറ്റികയും വാളുമായി രൂപാന്തരപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ഭാഗധേയത്വത്തെ നിര്‍ണ്ണയിക്കുവാന്‍ സഹായിച്ചു എന്ന് ഡോ. കെ.കെ.എന്‍. കുറുപ്പ് തന്റെ 'ദേശീയതയും സാമൂഹിക പരിഷ്‌കരണവും മലയാള സാഹിത്യത്തില്‍' എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ദേശീയതയും സാമൂഹ്യപരിവര്‍ത്തനവും വളര്‍ത്തിയെടുക്കുന്നതില്‍ മലയാള സാഹിത്യത്തിന്റെ പങ്ക് അനല്‍പമാണ്. ചേറൂര്‍ പാട്ട്, മലപ്പുറം പാട്ട്, ഏറനാട്, വള്ളുവനാട് തുടങ്ങിയ പ്രദേശങ്ങളിലെ ചെറുത്തുനില്‍പ്പുകളിലേക്ക് നയിച്ച പാട്ടുകളും ഇവയില്‍ ഉള്‍പ്പെടും. വള്ളത്തോള്‍ നാരായണ മേനോന്‍, ജി ശങ്കരക്കുറുപ്പ്, നാലാങ്കല്‍ കൃഷ്ണപ്പിള്ള, ജി. ശങ്കരക്കുറുപ്പ്, അംശി നാരായണപ്പിള്ള, കുമാരനാശാന്‍ തുടങ്ങിയ കവികള്‍ ഇതില്‍ പ്രധാനികളാണ്.
ഡോ. കെ.കെ.എന്‍. കുറുപ്പ് | PHOTO: WIKI COMMONS
സ്വാതന്ത്ര്യസമരം സാഹിത്യരൂപം പ്രാപിച്ചത് രണ്ട് രീതികളിലാണ്. ഒന്ന് സമരത്തിന് നേതൃത്വം നല്‍കിയ മഹാത്മാഗാന്ധിയെ പലതരത്തില്‍ പ്രകീര്‍ത്തിക്കുന്നതിലൂടെയായിരുന്നു. മറ്റൊന്ന് അധിനിവേശ ശക്തികളോട് ഇന്ത്യയുടെ പൂര്‍വ്വ സംസ്‌കാരത്തെക്കുറിച്ച് പറഞ്ഞുകൊടുത്തും ബ്രിട്ടീഷുകാരുടെ പൂര്‍വ്വകാല ദരിദ്രപൂര്‍ണ്ണമായ ജീവിതരീതിയെ വരച്ച് കാണിച്ചുമായിരുന്നു. മഹാത്മാഗാന്ധി ഇന്ത്യയുടെ ആര്‍ഷ സംസ്‌കാരത്തെക്കുറിച്ച് വാചാലരാകാറുണ്ടായിരുന്നു. ഇതിലൂടെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ കൂടുതല്‍ ദേശീയത വളര്‍ത്തിയെടുക്കാന്‍ സാധിച്ചിരുന്നു എന്നതിനാലാണ് ഈ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം.
മഹാകവി വള്ളത്തോള്‍ ഗാന്ധിജിയെക്കുറിച്ച് രചിച്ച 'എന്റെ ഗുരുനാഥന്‍' എന്ന കവിത പ്രസിദ്ധമാണ്. ക്രിസ്തുദേവന്റെ പരിത്യാഗ ശീലവും സാക്ഷാല്‍ കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തി ദേവന്റെ ദയാവായ്പ്പും ശ്രീ ഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിന്‍ സ്‌തൈര്യവുമൊരാളില്‍ ചേര്‍ന്നൊത്തുകാണണമെങ്കില്‍ മഹാത്മാ ഗാന്ധിയെ തന്നെ കാണണമെന്ന് കവി പറയുന്നു. ഈ വരികളിലൂടെ മഹാത്മാഗാന്ധിയുടെ മഹത്വവും എല്ലാ മതവിഭാഗങ്ങളുടെയും ഐക്യം സ്വാതന്ത്ര്യസമരത്തിനുണ്ടാകണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. ഗാന്ധിയുടെ സ്വഭാവമഹിമയെ വര്‍ണ്ണിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസ്യത രൂഢമൂലമാക്കാനും അതുവഴി ഗാന്ധി നയിക്കുന്ന അഹിംസാത്മകമായ സമര സങ്കല്‍പ്പങ്ങള്‍ക്കുള്ള മുന്നണിപ്പോരാളികളാവാനും ഇതുവഴി ജനങ്ങളെ പ്രേരിപ്പിച്ചു. സമരമുഖത്തേക്ക് ജനങ്ങളെ അയയ്ക്കുന്നതോടൊപ്പം അവര്‍ നേരിടുന്ന സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും കവിതകള്‍ക്ക് സാധിച്ചിട്ടുണ്ട്. 1937 ല്‍ ചങ്ങമ്പുഴ രചിച്ച 'വാഴക്കുല'എന്ന കവിത ഒരു പുലയന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ ജന്മിത്വത്തിന്റെ കരങ്ങള്‍ എത്രത്തോളം പതിയുന്നു എന്നതിന്റെ നേര്‍ചിത്രമാണ്.
'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ, പതിതരെ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍' മാനത്ത് വെട്ടം വീണു തുടങ്ങുന്നത് മുതല്‍ സൂര്യാസ്തമയംവരെ ജന്മിയുടെ ഭൂമിയില്‍ എല്ലുമുറിയെ പണിയെടുത്താലും തുച്ഛമായ കൂലിമാത്രം ലഭിക്കുന്ന, കുടിയാന്‍ വ്യവസ്ഥയുടെ ദുരിതസ്ഥിതിയാണ് ഈ കവിതയുടെ ഇതിവൃത്തം. അതുപോലെ കുമാരനാശാന്റെ ഒരു തീയ്യ കുട്ടിയുടെ വിചാരം, ഒരു പാട്ട്, സിംഹനാദം, ദുരവസ്ഥ എന്നിവ പടര്‍ത്തിയ വിപ്ലവാഗ്‌നി കേരളത്തിലെ സമരമുഖങ്ങളെ ചെറുതൊന്നുമല്ല പ്രകമ്പനം കൊള്ളിച്ചത്.
വള്ളത്തോള്‍ | PHOTO: WIKI COMMONS
'ചോര തുടിക്കും ചെറുകയ്യുകളെ
പേറുക വന്നീ പന്തങ്ങള്‍' തുടങ്ങിയ വരികള്‍ അക്കാലത്ത് സമരങ്ങളില്‍ അത്യാവശ്യ ഘടകമായി തീര്‍ന്നിരുന്നു.
ഇതുപോലെ മറ്റൊരു കവിതയാണ് പി ഭാസ്‌കരന്റേത്.
'ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല,
ജനകോടികള്‍ നമ്മെ നാമായി മാറ്റിയ ജന്മ ഗൃഹമല്ലോ'
ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയും അധിനിവേശ ശക്തികള്‍ക്കെതിരെയും മഷിത്തുള്ളികൊണ്ട് പ്രതിരോധം തീര്‍ത്ത കവിയാണ് കുമാരനാശാന്‍. ഇന്ത്യയില്‍ കൊടികുത്തി വാണിരുന്ന ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ട് കവി എന്തിന് 'സ്വരാജ്യം' എന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. യാദവ വംശജര്‍ ജാതി ലഹരിയില്‍ മുഴുകിക്കൂടിയിരുന്ന കാലത്ത് ആശാന്റെ ചോദ്യം വളരെ പ്രസക്തമായിരുന്നു. എന്നാല്‍ ഈ ചോദ്യത്തില്‍ പിടിച്ചുകൊണ്ട് കവിയെ സ്വാതന്ത്ര്യ സമരത്തിന്റെ ശത്രുവായി ചിത്രീകരിക്കാന്‍ അരനൂറ്റാണ്ടുകാലം മുമ്പുവരെ മലയാളത്തില്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇന്നും അറിയപ്പെടുന്നത് സ്വാതന്ത്ര്യഗായകന്‍ എന്നാണ്.
'സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം' എന്ന വരികള്‍ എഴുതിയ കവിയാണദ്ദേഹം. ഈ വരികളില്‍ സ്വാതന്ത്ര്യബോധം ത്രസിച്ചു നില്‍ക്കുന്നു. സ്വാതന്ത്ര്യം ഇല്ലായെങ്കില്‍ മരണമാണ് നല്ലതെന്ന ആശയം വിളിച്ചുപറയുന്ന ഈ കവിത ജനലക്ഷങ്ങള്‍ക്ക് ആവേശം പകര്‍ന്നിരുന്നു. ബ്രിട്ടീഷാധിപത്യത്തിനു കീഴില്‍ കാല്‍ ചങ്ങലകളും കൈവിലങ്ങുകളും അണിയിക്കപ്പെട്ട് അഭിപ്രായസ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യം എന്നോതി തെരുവിലിറങ്ങാന്‍ ഈ കവിത നല്‍കിയ പ്രോത്സാഹനം വലുതായിരുന്നു.
ആശാന്‍ 'സിംഹനാദം' എന്ന കവിതയില്‍ ജാതിക്കെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.
'ഉണരിനുണരിനുള്ളിലാത്മ ശക്തി പ്രണയമെഴും സഹ ജാതരേ, ത്വരിപ്പിന്‍!
രണപടഹമടിച്ചു ജാതി രക്ഷസ്സണവൊരിടങ്ങളി ലൊക്കെയെത്തി നേര്‍പ്പിന്‍'
അദ്ദേഹത്തിന്റെ ലക്ഷ്യം വെറും രാഷ്ട്രീയ സ്വാതന്ത്ര്യമായിരുന്നില്ല. എല്ലാ ജാതിക്കാരുടെയും വിഭാഗങ്ങളുടെയും സാമൂഹ്യവും സാമ്പത്തികവുമായ തുല്യനീതിക്കും പരസ്പര ബഹുമാനത്തിനും വേണ്ടി കൂടിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്തെ കവിയായ വള്ളത്തോളിന്റെ കവിതകള്‍ യുവത്വങ്ങള്‍ക്ക് ചോരത്തിളപ്പായിരുന്നു.
'ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം,
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍'.
കുമാരനാശാന്‍ | PHOTO: WIKI COMMONS
ഭാരതത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പ്രതിപാദിക്കുന്ന കവിതയാണിത്. കവിതയ്ക്ക് ബ്രിട്ടീഷുകാര്‍ നല്‍കിയ പാരിതോഷികം അദ്ദേഹം ഉപേക്ഷിക്കുകയാണ് ചെയ്തത്. വള്ളത്തോള്‍, ജി ശങ്കരക്കുറുപ്പ്, നാലാങ്കല്‍ കൃഷ്ണപിള്ള തുടങ്ങിയ കവികള്‍ ഭൂതകാല പ്രഭാവം വീണ്ടെടുക്കുക എന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍ ജി കുമാരപിള്ളയെ പോലുള്ള കവികള്‍ ഭൂതകാല പ്രഭാവത്തെക്കുറിച്ച് ഓര്‍മ്മിക്കുക മാത്രമാണ് ചെയ്തത്. വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയില്‍ ഭാരതത്തെ പ്രകീര്‍ത്തിച്ച് എഴുതിയ കവിത ആസ്വാദ്യകരമാണ്.
'വന്ദിപ്പിന്‍ മാതാവിനെ, വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ
എത്രയും തപശക്തി പൂണ്ടാജാമാതാജ്ഞനു
സത്രജിത്തിനു പണ്ട് സഹസ്രകരം പോലെ
പശ്ചിമ രത്‌നാകാരം പ്രീതിയാല്‍ ദാനം ചെയ്ത
വിശൈ്വക മഹാരത്‌നമല്ലീ നമ്മുടെ രാജ്യം?
വന്ദിപ്പിന്‍ മാതാവിനെ, വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ സമുദ്രാത്മ ഭൂവാമീ ശ്രീ ദേവിയെ'
സ്വാതന്ത്ര്യസമര കാലഘട്ടത്തിലും അതിനുമുമ്പും ഇന്നും ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജാതീയത. ജാതീയതയെയും സ്വാതന്ത്ര്യസമരകാലത്തെ കവികള്‍ നിഷ്‌ക്കരുണം വിമര്‍ശിച്ചിരുന്നു. 1908-ല്‍ കുമാരനാശാന്‍ രചിച്ച 'ഒരു തീയ്യ കുട്ടിയുടെ വിചാരം' എന്ന കവിതയില്‍ പാരതന്ത്ര്യം വിധി കല്പിതമാണെന്ന് കുറിച്ചിരുന്നു. ഇതിന്റെ ഇതിവൃത്തം ജാതീയതയെ എതിര്‍ക്കുക എന്നതായിരുന്നു.
'എന്തിനു ഭാരതരേ കരയുന്നു? പാരതന്ത്ര്യം നിനക്കു വിധികല്പിതമാണ് തായേ
ചിന്തിക്ക ജാതിമതിരാന്ധരടിച്ചു തമ്മിലന്ധരപ്പെടും തനയ,രെന്തിനയേ സ്വരാജ്യം'
ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നത് വൈദേശികാധിപത്യത്തില്‍ നിന്നും ഇന്ത്യ മുക്തമാകണമെങ്കില്‍ ഇന്ത്യയിലെ ആഭ്യന്തരപ്രശ്‌നമായ ജാതീയതയെ തുടച്ചുനീക്കണം എന്നായിരുന്നു.
ഇതുപോലെ ആശാന്റെ തന്നെ മറ്റൊരു കവിതയാണ് 'ദുരവസ്ഥ'. മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യമാണ് ദുരവസ്ഥ. ലഹളക്കാലത്ത് അഭയംതേടി ചാത്തന്റെ കുടിലില്‍ എത്തിയ ഒരു ബ്രാഹ്‌മണ യുവതിക്ക് സംരക്ഷണം നല്‍കിയ ചാത്തന്‍ എന്ന പുലയ യുവാവിനെ അവര്‍ ഭര്‍ത്താവായി സ്വീകരിക്കുന്നതാണ് കഥാസന്ദര്‍ഭം. ജാതിവ്യവസ്ഥയ്ക്ക് എതിരെ രചിച്ചിട്ടുള്ള കവിതയാണിത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഉപ്പ് സത്യാഗ്രഹത്തിനുവേണ്ടി അംശി നാരായണപിള്ള രചിച്ച 'വരിക വരിക സഹജരേ' എന്ന കവിത പോരാളികള്‍ നെഞ്ചേറ്റിയിരുന്നു. ഈ കവിത പാടി ഇരുപത്തിനാല് പേരടങ്ങുന്ന സന്നദ്ധസംഘവുമായി അംശി തിരുവനന്തപുരത്തുനിന്ന് മലബാറിലേക്ക് മാര്‍ച്ച് നടത്തി. താളാത്മകതയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഗാനമായതിനാല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പടപ്പാട്ടിന്റെ താളത്തിലാണ് അംശി ഇതെഴുതിയത്. എന്നാല്‍ ഉപ്പ് സത്യാഗ്രഹത്തിന് എത്തുന്നതിനുമുന്നേ തന്നെ തിരുവിതാംകൂര്‍ കടന്ന് കൊച്ചി നാട്ടുരാജ്യത്ത് എത്തിയതോടെ അംശി നാരായണപിള്ളയെ അറസ്റ്റ് ചെയ്യുകയും ഗാനം നിരോധിക്കുകയും ചെയ്തു. അംശി 1924 ല്‍ മഹാത്മാഗാന്ധിയുടെ ആശീര്‍വാദത്തില്‍ 'മഹാത്മാ'വാരിക തുടങ്ങി. 1927 ല്‍ മദ്രാസിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ മലയാളികളുടെ വോളണ്ടിയര്‍ ക്യാപ്റ്റനായിരുന്ന എ കെ പിള്ളയുടെ 'സ്വരാജ്' എന്നതില്‍ സഹ പത്രാധിപനായിരുന്നു. അതില്‍ അംശി എഴുതിയ ഗാന്ധി രാമായണം, ഭഗത്സിംഗ്, ജാലിയന്‍വാലാബാഗ് തുടങ്ങിയ കവിതകളും നിരോധിക്കപ്പെട്ടിരുന്നു.
അധിനിവേശത്തിനെതിരെ പാട്ട് സാഹിത്യവും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആസ്വാദനങ്ങള്‍ക്കപ്പുറം തങ്ങളുടെ നീറുന്ന യാതനകളെ പാട്ടായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. ഇത്തരം വരികള്‍ ബ്രിട്ടീഷ് വിരുദ്ധ പോരാളികളുടെ അകത്തളങ്ങളില്‍ ആവേശം ജനിപ്പിച്ചു. അത്തരത്തിലുള്ള ഒരു രചനാശൈലിയായിരുന്നു ഏറനാട്ടിലെ വിപ്ലവകവി കമ്പളത്ത് ഗോവിന്ദന്‍ നായര്‍ മാപ്പിളപ്പാട്ട് ശൈലിയില്‍ രൂപപ്പെടുത്തിയ രചന. 1921 ല്‍ ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ കൂട്ടക്കൊല ചെയ്ത പട്ടാളമേധാവി ഹിച്ച് കോക്കിന്റെ പ്രതിമ പൊളിച്ചുനീക്കാന്‍ 1944 ലെ ഒരു ഞായറാഴ്ച കൊണ്ടോട്ടി പുളിക്കലില്‍ നിന്ന് വള്ളുവമ്പ്രത്തേക്ക് ഒരു ജാഥ നടന്നു. ഈ ജാഥയുടെ മുന്‍നിരയില്‍ മാപ്പിളപ്പാട്ടിന്റെ ഇശലിലൂടെ നാടിന്റെ മോചനത്തിന് പൊരുതി മരിച്ചവരുടെ സ്മരണകള്‍ വരികളിലൂടെ കവി ഓര്‍മിപ്പിക്കുന്നുണ്ട്.
'ഞമ്മളെത്തറ ബാപ്പമാരെ കേറ്റിയന്ന് തൂക്കില്
ഞമ്മളുമ്മ പെങ്ങന്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ താടിനുള്ളി സൂചികേറ്റി കാലില്
അപ്പുറം കടല്‍കടത്തി യാക്കിയന്തമാനില്'
ഭൂതകാല സ്മരണകളില്‍ പ്രചോദിതരായാണ് ഈ വരികള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഇത് ബ്രിട്ടീഷ് മേലധികാരികളെ വിളറി പിടിപ്പിക്കുന്നതായിരുന്നു. അതിനാല്‍ത്തന്നെ 1944 ല്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച ഈ ലക്കം ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടുകയായിരുന്നു. സമകാലിക ഇന്ത്യയില്‍ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും വലിയ തിരിച്ചടിയേറ്റുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ അപരവത്കരണവും ഹിന്ദുരാഷ്ട്ര സങ്കല്പവുമായി മുന്നോട്ടുപോവുകയാണ് ഭരണകൂടം.
അധിനിവേശശക്തികള്‍ക്കെതിരെ കാലങ്ങളോളം പൊരുതി നേടിയ സ്വാതന്ത്ര്യമാണ് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പൂര്‍വ്വകാല സ്വാതന്ത്ര്യസമര ചരിത്രങ്ങളെ വിളിച്ചോതുന്ന കവിതകളും കഥകളും രൂപപ്പെടേണ്ടതുണ്ട്. ഈയൊരു ഘട്ടത്തില്‍ ക്രിയാത്മക പ്രതിരോധത്തിന് നാം മുതിര്‍ന്നില്ലെങ്കില്‍ ജനാധിപത്യ ഇന്ത്യ വലിയ അപകടത്തിലേക്കായിരിക്കും ചെന്നവസാനിക്കുക.