കാവ്യഭാഷ നിരന്തരം പുനഃക്രമീകരിക്കപ്പെടുകയാണ്
മിസ്രിയ ചന്ദ്രോത്ത്: എഴുത്ത് തുടങ്ങിയതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങൾ ഉള്ളതായി പല എഴുത്തുകാരും പറയാറുണ്ട്. ജിഷ്ണുവിന്റെ കവിതകൾക്കു പിന്നിൽ അങ്ങനെ എന്തെങ്കിലും കാരണങ്ങളുണ്ടോ?
ജിഷ്‌ണു കെ എസ്: ചിത്രകല കുട്ടിക്കാലം മുതൽ വഴങ്ങുമായിരുന്നു. അതുകൊണ്ടുതന്നെ ചിത്രകലയിലും ചിത്രകലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും താത്പര്യം എനിക്കുണ്ടായിരുന്നു. അല്പസ്വല്പം എഴുതിയിരുന്നെങ്കിലും ഡിഗ്രിയ്ക്ക് ചേരുന്നതു വരെ ചിത്രകലയിലാണ് കൂടുതൽ ശ്രദ്ധപതിപ്പിച്ചിരുന്നത്. എന്നാൽ ചിത്രകലയോ ശില്പകലയോ പഠിക്കുവാൻ സാധിക്കുന്ന ഒരു സാഹചര്യം എനിക്കുണ്ടായിരുന്നില്ല. പലപ്രകാരം അരക്ഷിതമായ ഒരു ചുറ്റുപാടിൽ അവ ഉണ്ടാക്കുന്ന അലകളിൽ ലക്ഷ്യമില്ലാതെ ഉലഞ്ഞ ബാല്യ-കൗമാര കാലങ്ങളിലൂടെയാണ് ഞാൻ കടന്നുവന്നത്. അക്കാലങ്ങളിൽ ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെ ഉപേക്ഷിക്കേണ്ടതായി വരുകയും, അക്കാലഘട്ടങ്ങളിൽ എന്നെയുംകൂടെ ഉൾക്കൊള്ളുന്ന സമൂഹം അഭിമുഖീകരിച്ച സാമ്പത്തികവും, സാംസ്‌കാരികവും, രാഷ്ട്രീയവുമായ സാഹചര്യങ്ങളേയും ജീവിതാനുഭവങ്ങളേയും ചിത്രങ്ങളിലൂടെ പ്രതീകാത്മകമായി രേഖപ്പെടുത്തുവാൻ ശ്രമിച്ചിരുന്നെങ്കിലും ചിത്രകലയിൽ അടിസ്ഥാനപരമായ വിദ്യാഭ്യാസമില്ലാതെ സ്വയം ആർജ്ജിച്ചെടുത്ത ജ്ഞാനപരിസരങ്ങളിൽ നിന്നും നടത്തിയ ശ്രമങ്ങൾ സ്വയം തൃപ്തി നൽകുന്ന മികവോടെ പ്രകടിപ്പിക്കുവാൻ സാധിക്കുന്നില്ലന്ന് തിരിച്ചറിയുകയും; എന്റെ ഉള്ളിലെ സങ്കീർണ്ണമായ ആശയങ്ങൾ, ചിന്തകൾ, പ്രതിഷേധങ്ങൾ ഒക്കെ പ്രത്യേക രീതികളിൽ പ്രതിഷ്ഠാപനം ചെയ്യുവാൻ കവിത എഴുതുന്നതിലൂടെ തൃപ്തിയോടെ സാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിനാലും ഞാൻ എഴുത്തിന്റെ കരയിലേക്ക് നീന്തിക്കയറിയെന്നു മാത്രം. എഴുതുമ്പോൾ കിട്ടുന്ന ചിന്താ സ്വാതന്ത്ര്യം, അതിന്റെ അവ്യവസ്ഥതകൾ, ഒഴുക്ക്, സംഘർഷങ്ങൾ, കുതറലുകൾ ഒക്കെ ഞാൻ ഇഷ്ടപ്പെടുന്നു.
എല്ലാതരം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും കവിത മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ട് വളരുകയാണ്, കവിത പ്രസിദ്ധപ്പെടുത്തുന്നതിന് ഓൺലൈൻ പ്ലാറ്റുഫോമുകളുടെ സാധ്യത ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഗുണദോഷ വശങ്ങളെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?
ഉണ്ട്. പക്ഷെ ഗുണദോഷപരമായിട്ടല്ല കവിതയുടെ പെരുക്കത്തെ ഞാൻ നോക്കിക്കാണുന്നതെന്നു മാത്രം. അതിനാൽ തന്നെ ഈ ചോദ്യത്തിലെ ഗുണദോഷം എന്ന ദ്വന്ദ്വത്തോട് എനിക്ക് യോജിപ്പില്ലെന്ന് സ്‌നേഹത്തോടെ സൂചിപ്പിച്ചു കൊള്ളട്ടെ. രണ്ട് വിപരീതഭുജങ്ങളിലേക്ക് (antithetical) ആത്മനിഷ്ഠാപരമായി മാത്രം നമ്മുടെ ആസ്വാദനം അല്ലെങ്കിൽ വായന ചുരുക്കുന്നത് നന്നല്ലെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. അതിതിനാലാണ് ഈ ഒരു വിയോജിപ്പ് രേഖപ്പെടുത്തിയത്.
വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ പ്രിന്റിലൂടെയോ പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകളെ വിമർശനാത്മകമായിട്ടാണ് വായിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുന്നത്. കവിതകളുടെ അനുഭൂതി തലത്തിൽ നിന്നും, അവയുടെ സൗന്ദര്യശാസ്ത്രപരമായിട്ടുള്ള സവിശേഷതകളും കോർത്തിണക്കിയാണ് ഞാൻ എന്റെ വായനാ നിരീക്ഷണങ്ങൾ ലഘുകുറിപ്പുകളായി സൂക്ഷിക്കാറുള്ളത്.
കേവലം ഏതെങ്കിലും ഒരു അനുഭൂതി, അനുഭവം, വിചാരം, രാഷ്ട്രീയ സാഹചര്യം, സംഭവം എന്നിവയെ ആസ്പദമാക്കിയുള്ള എഴുത്തിൽ അൽപ്പമെങ്കിലും സൗന്ദര്യശാസ്ത്രപരമായ മികവില്ലെങ്കിലോ അതുമല്ലെങ്കിൽ സൗന്ദര്യശാസ്ത്രപരമായ മികവുണ്ടായിട്ടും അവയിൽ ഏതെങ്കിലും ഒരു അനുഭൂതി, അനുഭവം, വിചാരം, രാഷ്ട്രീയം എന്നിവയിൽ ഏതെങ്കിലും ഒന്നില്ലെങ്കിലോ ആ രചനകൾ എനിക്ക് ആസ്വദിക്കുവാൻ സാധിക്കാറില്ലെന്നതാണ് വാസ്തവം. എക്കാലത്തും ഉള്ളതുപോലെ കേവലം പ്രത്യക്ഷ വൈകാരികതകൾ മാത്രം നിറഞ്ഞുനിൽക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും സമകാലിക സംഭവത്തിനോടുള്ള പ്രതികരണം മാത്രമായിട്ടുള്ളതോ ആയ കവിതകൾ വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടേയും പ്രിന്റിലൂടേയും ധാരാളമായി ഇന്നും പ്രസിദ്ധീകരിച്ചു വരുന്നതും, അവ പൊതുബോധത്തിന്റെ ആസ്വാദനത്തെ തൃപ്തിപെടുത്തുന്നതുമായി കാണുന്നു. ഇത്തരം കവിതകൾ ഭാഷാപരമായിട്ടും, സങ്കേതപരമായിട്ടും ഒരേ വാർപ്പുമാതൃകയിൽ ഉള്ളതായിട്ടാണ് കണ്ടുവരുന്നത്. എഴുതുവാൻ ഏറ്റവും എളുപ്പമുള്ള വഴി ഇതാണെന്ന അനുഭവം എനിക്കുണ്ട്. എഴുത്തിനെ ഗൗരവമായിട്ടും സൂക്ഷ്മതയോടെയും മനസ്സിലാക്കിവരുന്നതിനു മുമ്പ് ഞാനും ഇതേ എഴുത്ത് സമീപനം എടുത്തിട്ടുണ്ട്.
കവിത എഴുതുന്ന ഓരോരുത്തരും ഉള്ളിലെ ആശയത്തെ, വൈയക്തികാനുഭാവത്തെ, അനുഭൂതികളെ, സംഘർഷങ്ങളെ, ചിന്തകളെ വ്യത്യസ്തമായി എങ്ങനെയെല്ലാം അവതരിപ്പിക്കുവാൻ സാധിക്കുമെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു.
കവിതയുടെ ഭാഷ പുതുക്കപ്പെടുന്നതായും അതേസമയം സങ്കീർണ്ണമായും എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്, പുതുകവിതകളിലെ ഭാഷാപരമായ പ്രത്യേകതകളെ പറ്റി പറയാമോ?
ഏതെങ്കിലും ഒരു പ്രാദേശിക ഭാഷയോ അല്ലെങ്കിൽ ഒരു ഭാഷാഭേദമോ (dialect) അല്ല കാവ്യഭാഷ (poetic diction) എന്നത്. പലരും ഇങ്ങനെ കരുതുന്നതായിട്ട് മനസ്സിലാക്കുന്നതിനാലാണ് ഞാനിത് സൂചിപ്പിക്കുന്നത്. യാഥാർത്ഥ്യത്തിൽ നിന്നും സ്വതന്ത്രമായ ഒരു യാഥാർത്ഥ്യം (വെർച്വൽ റിയാലിറ്റി പോലെ) സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രോഗ്രാമിങ്ങ് കോഡാണ് കാവ്യഭാഷ. എക്കാലത്തും കവിതയിൽ കാവ്യഭാഷ ഉപയോഗപ്പെടുത്തിയിട്ടുള്ളതും യാഥാർത്ഥ്യത്തിൽ നിന്നും സ്വതന്ത്രമായ യാഥാർത്ഥ്യം സർഗാത്മകമായി സൃഷ്ടിക്കുന്നതിനായിട്ടാണ്.
ജിഷ്ണു കെ എസ്
ഇക്കാലത്ത് കാവ്യഭാഷയിൽ ഉണ്ടായിട്ടുള്ളതും ഉണ്ടാകുന്നതും ഒരു പുനഃക്രമീകരണമാണ്. അതിനാൽത്തന്നെ പ്രതിസംസ്‌കാരത്തിന്റെ (counterculture) ഭാഗമായി ഉരുവമായ ഉത്തരാധുനിക (കലാ)ദർശനധാരയുടെ തുടർച്ചയായി സമകാലികമായ കാവ്യഭാഷ പുതുക്കപ്പെട്ടിട്ടുണ്ടോ ഉണ്ടെങ്കിൽ എങ്ങനെയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. 1970 മുതൽ എഴുതപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള കവിതകൾ റെഫറൻസായി എടുത്തുകൊണ്ട് അതിവിപുലമായി വിശദമാക്കേണ്ട കാര്യമാണിത്. അത്തരം ഒരു നീണ്ട സംഭാഷണത്തിന് ഇപ്പോൾ മുതിരുന്നില്ലെങ്കിലും ചില സൂചകങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് പുതുകവിതയിലെ കാവ്യഭാഷയെക്കുറിച്ച് പറയാമെന്നാണ് കരുതുന്നത്.
തിരിഞ്ഞുനോക്കുമ്പോൾ എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലത്തെഴുതപ്പെട്ടിട്ടുള്ള കവിതകളിൽ അസ്തിത്വവാദം, ജീവിത ക്രമങ്ങളിലെ മാറ്റങ്ങൾ, ബദൽരാഷ്ട്രീയം, അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങൾ, എന്നിവ അഭിസംബോധന ചെയ്യപ്പെടുകയും, ഇതിനായി കാവ്യഭാഷ നിർമ്മിച്ചെടുക്കുന്നതായിട്ടുമാണ് ഞാൻ മനസ്സിലാക്കുന്നത്.
റെയ്മണ്ട് കാർവെറുടെ 'Winter Inosmnia' പോലുള്ള കവിതകളിൽ ജീവിത പരിസരങ്ങളിൽ നിന്നുമുള്ള വസ്തുക്കളുടെ ഒരു വിതാനം കാണാം. അവയെല്ലാം കവിതയിലെ ഭാഷാ സൂചകങ്ങൾ അഥവാ അർത്ഥ സംവേദനത്തിനായിട്ടുള്ള സൂചകമാണ്. കാർവറുടെ ഈ കവിത പറയുവാൻ കാരണം അതിൽ 'three drops of valerian' എന്നൊരു ബിംബമുണ്ട് അതൊരു സൂചകം ആണ്. വാലെറിയാൻ ചെടിയുടെ വേരുകൾ വാറ്റിയെടുത്ത തുള്ളികൾ ഒരുകാലത്ത് യൂറോപ്പിലും മറ്റും ഉറക്കമില്ലായ്മക്കുള്ള മരുന്നായിട്ടും, ഉത്കണ്ഠയ്ക്കുള്ള മരുന്നായിട്ടും, വേദനാസംഹാരിയായിട്ടും ഉപയോഗിച്ചിരുന്നു. ഈ ഭാഗം വരുന്ന വരിയെ തുടർന്നു വരുന്ന വരികൾകൂടി വായിക്കുമ്പോൾ ആത്മസംഘർഷത്തിന്റെ തീവ്രതയും കൂടെ മനസ്സിലാക്കുന്നതിന് ഉപകരിക്കുകയും, വാലെറിയാൻ തുള്ളികൾക്ക് കവിതയുടെ ആഖ്യാനത്തിലുള്ള പ്രാധാന്യം വ്യക്തമാകുകയും ചെയ്യും. ഇതേകാലത്തുള്ള മറ്റൊരു കവിയായ യൂജിൻ ഗില്ലെവിക്കിന്റെ കവിതകകളിൽ അർത്ഥത്തെ ധ്വനിപ്പിക്കുവാൻ വിവരണാത്മക സ്വഭാവത്തിലുള്ള ഭാഷയല്ല മറിച്ച് ലളിതവും, അമൂർത്തവുമായ ഭാഷയാണ് കൂടുതലായിട്ടും ഉപയോഗിച്ചിരുന്നത്. ഇവരുടെ സമകാലികനായ ജോൺ അഷ്ബെറിയുടെ കവിതകൾ ആഖ്യാനത്തിൽ വ്യാഖ്യാനാത്മക സ്വഭാവത്തിലുള്ള രൂപകാലങ്കാരങ്ങളേയും സൂചകങ്ങളേയും കൊണ്ട് സംവേദനതലം ഒരുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതുപറയുമ്പോൾ ഓർമ്മവരുന്നത് ഡെനിസ് ലെവർടോവിന്റെ എഴുത്ത് സമീപനമാണ്. ലെവർടോവ് ക്രാഫ്റ്റിൽ വളരെ സൂക്ഷ്മതയോടെയാണ് ഇടപെട്ടിരുന്നതെന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞത് വായിച്ചിട്ടുണ്ട്. എന്നാൽ അവരുടെ കവിതകളെക്കുറിച്ച് മറ്റൊരു നോട്ടമാണ് മുമ്പ് പറഞ്ഞ കാര്യങ്ങൾക്കൊപ്പം പറയുവാനുള്ളത്. ലെവർടോവിന്റെ കവിതകളിൽ രൂപകങ്ങൾ ഒഴിവാക്കിയിട്ടുള്ളതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. ജെഫ്രി ഗ്രിഗ്‌സണ്ണിന്റെ കവിതയിൽ ഒഴുക്കുള്ള ഗദ്യം കണ്ടെത്തുമ്പോൾ തന്നെ വിപരീതാർത്ഥങ്ങളെ തീവ്രമായി അവതരിപ്പിക്കുന്നത്തിനായി രൂപകങ്ങളും സൂചകങ്ങളും ഉപയോഗപ്പെടുത്തുന്നതായിട്ട് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
എൺപതുകൾ മുതലുള്ള കവിതകളിൽ ജീവിത പരിസരങ്ങളിൽ നിന്നുതന്നെ കാവ്യഭാഷ കണ്ടെത്തുകയും കവിതയിൽ ഉപയോഗിക്കുന്നതായിട്ടും കാണാം. ഇവിടെ എടുത്തു പറയേണ്ടത് ഇന്ത്യൻ കവിതകളിൽ അരുൺ കാംബ്ലെയുടേയും, പ്രഹ്‌ളാദ് ചാന്ദ് വങ്കാറുടേയും, ഓംപ്രകാശ് വാല്മീകിയുടേയും കവിതകൾ ഒരുക്കിയെടുത്ത പ്രതിസാഹിത്യ വഴിയിലുടെ മുന്നോട്ടുവന്ന ദളിത് കവിതയുടെ സ്വാധീനമാണ്.
തൊണ്ണൂറുകളിലെ മലയാള കവിത ലോകകവിതയിൽ അതുവരെ ഉണ്ടായ കാവ്യഭാഷകളെ ഉൾക്കൊള്ളുകയും രാഷ്ട്രീയ സാമൂഹിക ക്രമങ്ങളിലെ വലിയ ചലനങ്ങൾക്കനുസരിച്ച് അതുവരെ ഉണ്ടായിരുന്ന കാവ്യഭാവുകത്വത്തെ പുതുക്കുവാൻ ആരംഭിക്കുകയും ആയിരുന്നു. രാഘവൻ അത്തോളിയുടേയും, എസ്. ജോസഫിന്റെയും കവിതകളിലെ കാവ്യഭാഷ അതുവരെ പരിചിതമായിരുന്ന കാവ്യഭാഷയെ മറികടന്നു വരുകയും അതിന്റെ സ്വാധീനം സമകാലിക കവിതകളിൽ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. മറ്റൊന്ന് നമ്മുടെ ഭാഷയിലുള്ള ദളിത് കവിതകളുടെ പൊതുരചനാ സമീപനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി തോന്നിയിട്ടുള്ളത് സുധീർ രാജിന്റെ കവിതകളാണ്. സുധീർ രാജിന്റെ ചില കവിതകളിൽ ഇതര ദേശങ്ങളിലെ ദളിത് ജീവിതാനുഭവങ്ങളേയും പരിസരങ്ങളേയും കുട്ടനാടൻ ദളിത് ജീവിത പരിസരവും ജീവിതാനുഭവങ്ങളുമായിട്ട് ഫിക്ഷണലായി ഇഴചേർത്തെടുക്കുന്നുണ്ട്.
നമ്മുടെ ഭാഷയിലെ കവിതകളിലെ കാവ്യഭാഷയ്ക്ക് പ്രകടമായ അടിസ്ഥാന മാറ്റങ്ങൾ ഉണ്ടാകുന്നത് രണ്ടായിരാമാണ്ട് മുതലാണെന്ന ഒരു നിരീക്ഷണമാണ് എനിക്കുള്ളത്. ഇന്റർനെറ്റ്, ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെ കടന്നുവരവ് ലിപികളുള്ളതു മാത്രമാണ് ഭാഷാരൂപമെന്ന കാഴ്ചപ്പാടിനെ നെടുനീളെ പിളർന്നുകൊണ്ട്. ഉടലും, ശബ്ദവും, ചിത്രങ്ങളും ചിതറിത്തെറിച്ചു കിടക്കുന്ന അക്ഷരങ്ങൾ തീർക്കുന്ന അമൂർത്ത ദൃശ്യതയും ചേർന്ന് ഭാഷയും പ്രമേയവും; വാക്കും വസ്തുവും; ചിന്തയും കാഴ്ച്ചപ്പാടും; ഉള്ളടക്കവും രൂപവും ലയം കണ്ടെത്തുകയും മൂർത്തകവിതകളുടേയും, അവതരണകവിതകളുടേയും സാധ്യതയേക്കുറിച്ച് വീണ്ടും നമ്മൾ മനസ്സിലാക്കുകയും കവിതയിൽ ഉപയോഗപ്പെടുത്തുവാൻ തുടങ്ങുകയും ചെയ്യുന്നുണ്ട്. ദൃഷ്ടാന്തപരമായ ബിംബങ്ങളായി വസ്തുക്കൾ, ശബ്ദശകലങ്ങൾ, ദൃശ്യപരാമർശങ്ങൾ തുടങ്ങിയവ കാവ്യഭാഷയായി ഉപയോഗപ്പെടുത്തുവാൻ തുടങ്ങി.
പ്രധാനപ്പെട്ട ഒരു പുനഃക്രമീകരണം ദൃശ്യാത്മകമായ കാവ്യഭാഷ മുൻപില്ലാത്തവിധം ഉപയോഗപ്പെടുത്തപ്പെടുന്നു എന്നുള്ളതാണ്. കഴിഞ്ഞ പത്തുകൊല്ലത്തിനിടയിൽ കവിതയിൽ സിനിമാറ്റിക് ഫ്രെമുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കാവ്യഭാഷ പദ്യ-ഗദ്യ വേർതിരുവുകളില്ലാതെ കവിതയുടെ രൂപങ്ങളിലെല്ലാം ഏറിവരുന്നുണ്ട്. ഇതിൽത്തന്നെ എടുത്തുപറയേണ്ടത് ചില സ്ത്രീകവികളുടെ കവിതകളിലെ ദൃശ്യഭാഷയുടെ മികവാണ്. ഈ പ്രസ്താവനയെ സാധൂകരിക്കുന്നതിനായി ഒന്നുരണ്ട് ഉദാഹരണങ്ങൾ മാത്രം നൽകാം. ഇവയ്ക്ക് സമാനമായതോ വ്യത്യസ്തമായതോ ആയിട്ടുള്ള മറ്റുപല കവികളുടെ കവിതകളും ഉണ്ടെന്നും കൂടി പറയട്ടെ.
'പച്ചകൊണ്ട് ഉച്ചിവരെ മൂടിക്കിടക്കുന്ന കപ്പച്ചെടികളുടെ മണ്ടയ്ക്, വെയിൽ ഒരു കൊട്ടുകൊടുത്ത്..' ആർ. സംഗീതയുടെ 'ത്രേസ്യയ്ക്ക് തണുക്കുന്നു' എന്ന ഈ ഒരു കവിത തുടങ്ങുന്നത് കപ്പത്തോട്ടങ്ങളിൽ വെയിൽ പരക്കുന്നതിനെ ഫ്രെയിം ചെയ്തുകൊണ്ടാണ്. 'ദുരൂഹം' എന്ന രഗില സജിയുടെ കവിത സിനിമാറ്റിക് ആയിട്ടുള്ള ദൃശ്യഭാഷയിയിൽ ഭയമെന്ന ആശയത്തെ ആഖ്യാനം ചെയ്യുന്നു. 'നഗരം ഒരു ദു:സ്വപ്നത്തിൽ' എന്ന സിന്ധു കെ. വിയുടെ കവിതയിൽ രംഗം ക്രമങ്ങൾ (scene sequence) അനുസ്മരിപ്പിക്കുന്ന ദൃശ്യഭാഷയാണ് ഉപയോഗപ്പെടുത്തുന്നത്. നിഷാ നാരായണന്റെ 'കാഴ്ച' എന്ന കവിത നിത്യേന ജനാലയിലൂടെ കാണുന്ന ഒരു കുടുംബത്തിന്റെ മാറ്റങ്ങളെ സ്റ്റാറ്റിക് ഫ്രെയിമിലൂടെ ദൃശാഖ്യാനം ചെയ്യുന്നതാണ്. ബിനു.എം.പള്ളിപ്പാടിൻറെ 'മരിച്ചയാൾ', എസ്. കണ്ണന്റെ 'തിരക്കഥാപീനം' തുടങ്ങി മറ്റുപലരുടേയും കവിതകളിലും സിനിമാറ്റിക്കായ ദൃശ്യഭാഷ അവലംബിച്ചിട്ടുള്ളതാണ്.
പ്രകടമായ മറ്റൊരു മാറ്റം വിവിധ ഭാഷാഭേദങ്ങളിൽ (dialect) കവിതകൾ എഴുതപ്പെടുകയും അത്തരം തനത് ഭാഷാഭേദങ്ങളിൽ തന്നെയുള്ള നാമങ്ങളും, വിശേഷണങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് രൂപകാലങ്കാരങ്ങൾ ചമയ്ക്കുകയും കവിതയുടെ അർത്ഥ-ആശയ തലങ്ങളെ സംവേദനക്ഷമമാകുകയും ചെയ്തുകൊണ്ടിരുക്കുന്നതാണ്. പ്രവീൺ പ്രസാദിന്റെ 'കൊണ്ടേൻ കൊട്‌ത്തേൻ', സിന്ധു കെ. വിയുടെ 'നിന്നെയെപ്പാ കിട്ട്വ' എന്ന കവിത, 'പാര്', 'സൊകം' തുടങ്ങിയ ഡി. അനിൽകുമാറിന്റെ കവിതകൾ, ധന്യ വേങ്ങച്ചേരിയുടേയും, അശോകൻ മറയൂരിന്റേയും, സുകുമാരൻ ചാലിഗദ്ധയുടേയും, സുരേഷ് എം മാവിലന്റേയും കവിതകൾ പെട്ടെന്നോർത്തെടുക്കുവാൻ സാധിക്കുന്ന ചില ഉദാഹരണങ്ങൾ ആണ്.
ബ്ലോഗുകളിൽ നിന്നും നവമാധ്യമത്തിലേക്കുള്ള കവിതയുടെ മാറ്റത്തിന്റെ ഒരു കാലഘട്ടം ഉണ്ടല്ലോ, ആ ഘട്ടത്തിൽ പലപ്പോഴായി കവിതയ്ക്കുണ്ടായിട്ടുള്ള പുത്തൻ ഉണർവുകൾ എന്തൊക്കെയാണ്?
മിസ്രിയ മുൻപ് ചോദിച്ച ഒരു ചോദ്യത്തിൽ തന്നെ പറയുന്നുണ്ട് 'എല്ലാതരം ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെയും കവിത മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ട് വളരുകയാണെന്നും, കവിത പ്രസിദ്ധപ്പെടുത്തുന്നതിന് ഓൺലൈൻ പ്ലാറ്റുഫോമുകളുടെ സാധ്യത ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നുവെന്നും'. ഇതുതന്നെയാണ് ബ്ലോഗിൽ നിന്നും മറ്റിതര സാമൂഹമാധ്യമങ്ങളിലേക്കുള്ള സംക്രമണത്തിലൂടെ ഉണ്ടായ ഉണർവ്. ഈ ചോദ്യത്തിലെ സാങ്കേതികമായ ഒരു കാര്യം തിരുത്തിക്കൊണ്ട് മിസ്രിയയുടെ മുൻ ചോദ്യത്തിലെ ആ ഒരു പ്രസ്താവനയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ വിശദമാക്കി മറുപടി നൽകാമെന്ന് കരുതുന്നു.
(ഒന്ന്) സാങ്കേതികമായി പറയുകയാണെങ്കിൽ ബ്ലോഗും ഒരു നവമാധ്യമം തന്നെയാണ്. ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും, ട്വിറ്ററും, സ്‌നാപ്ചാറ്റും തുടങ്ങിയ സൈബർ സ്‌പേസിലെ സമൂഹമാധ്യമങ്ങൾ നിലവിൽ വരുന്നതിനും മുൻപുള്ള ആദ്യകാലത്തെ സമൂഹമാധ്യമം തന്നെയാണ് ബ്ലോഗ്. എന്നാൽ ബ്ലോഗിനേക്കാൾ ഉപയോക്തൃ സൗഹൃദമാണ് (user friendly) എഫ്.ബി, ഇൻസ്റ്റാഗ്രാം, തുടങ്ങിയ സാമൂഹമാധ്യമങ്ങൾ. അതിനാൽത്തന്നെ കൂടുതൽ ഉപയോക്താക്കൾ കാലക്രമേണ ഇത്തരം സാമൂഹമാധ്യമങ്ങൾക്ക് ഉണ്ടാവുകയും, ഈ ഇടങ്ങളിലൂടെ പ്രകാശനം ചെയ്യപ്പെടുന്ന ആശയങ്ങൾക്ക്, കവിതകൾക്ക്, നിലപാടുകൾക്ക് പ്രചരണ (circulation) സാധ്യത കൂടുതലായി ഉണ്ടായിവരുകയും ചെയ്തു.
ബ്ലോഗിൽ നിന്നും പുതിയതായി വന്ന സാമൂഹമാധ്യമങ്ങളിലേക്കുള്ള സംക്രമണകാലത്തും അതിനുശേഷവും കവിത കൂടുതൽ ജനപ്രിയമാവുകയും, ബ്ലോഗിൽ ഇല്ലാതിരുന്നവരുൾപ്പെടെ ധാരാളം ആളുകൾ കവിത എഴുതി തങ്ങളുടെ എഫ്.ബി, ഇൻസ്റ്റാഗ്രാം, തുടങ്ങിയ സാമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളിൽ സ്വയം പ്രസിദ്ധീകരിക്കുകയും, അവയിൽ ചിലതെങ്കിലും ഇതരഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും, അത്തരം വിവർത്തനങ്ങൾക്ക് ഓൺലൈൻ വാരികകളിലും ആന്തോളജികളിലും ഇടം കിട്ടുകയും ചെയ്യപ്പെട്ടിട്ടുള്ളതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്.
(രണ്ട്) ഇന്റർനെറ്റിന്റെ വ്യാപനവും, ഹാൻഡ്ഫ്രീ ഡിവൈസുകളുടെ ലഭ്യതയും അവയുടെ പുതുക്കപ്പെടലുകളും, സൈബർ സ്‌പേസിലേക്ക് കടന്നുവന്ന ബ്ലോഗ്, ഓർക്കുട്ട്, എഫ്.ബി, ഇൻസ്റ്റാഗ്രാം, തുടങ്ങിയ സാമൂഹമാധ്യമങ്ങളും ചേർന്നുണ്ടാക്കിയ ഒരു ഓളവും, പോസ്റ്റ് ഹ്യൂമൻ കാഴ്ചപ്പാടുകളും, ഇത്തരം ഇടങ്ങളുടെ (platforms) സവിശേഷതകളും സാഹിത്യത്തിൽ പ്രത്യേകിച്ച് കവിതയിലെ കാവ്യഭാഷയിൽ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽത്തന്നെ എടുത്തുപറയേണ്ടത് കാവ്യ ഭാഷയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടിൽ ഉണ്ടായ മാറ്റവും ഉണർവും ആണ്.
ലിപികൾ കൊണ്ട് തീർക്കുന്ന രേഖീയതയെ മൂർത്തവും അമൂർത്തവുമായി സംയോജിപ്പിച്ചും സംയോജിപ്പിക്കാതെയും ലിപികൾകൊണ്ട് നിർമ്മിച്ചെടുക്കുന്ന ഭാഷയ്ക്ക് ബദലായി ശബ്ദം, മുദ്രകൾ, ദൃശ്യം, ശരീരം എന്നിവ ഉപയോഗപ്പെടുത്തിക്കൊണ്ട് കവിതകൾ ചെയ്യുവാനും, അത്തരം കവിതകൾക്ക് നമ്മുടെ നാട്ടിലും ആസ്വാദകർ ഉണ്ടാകുവാനും, കൂടുതൽ കവികൾ ഈ ഒരു കാവ്യ ഭാഷയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ ശ്രമങ്ങൾ ആരംഭിക്കുകയും, സൃഷ്ടികൾ ചെയ്യുവാനും തുടങ്ങി എന്നതാണ്.
ഈ രണ്ട് കാര്യങ്ങൾക്കൊപ്പം പറയേണ്ട ഒന്നാണ് കവിതാസമാഹരണങ്ങളുടെ പ്രസിദ്ധീകരണത്തിൽ ഉണ്ടായ പെരുക്കം. ഇവയുടെ വിപണനത്തെയോ, സമാഹരങ്ങളിലെ കവിതകളെയോ വിമർശനാത്മകമായി ഇവിടെ പറയുവാൻ താത്പര്യം ഇല്ലെങ്കിലും ഒരു ഉണർവ് എന്ന നിലയിലാണ് ഞാനിതിനെ നോക്കിക്കാണുന്നത്.
ഒരു ആസ്വാദകൻ എന്ന നിലയിൽ ആലോചിക്കുകയാണെങ്കിൽ അസിമിക് കവിതകൾ, ഗ്രാഫിക് കവിതകൾ, ആടൽക്കവിതകൾ എന്നിവ ഏതു തരത്തിൽ/എത്രമാത്രം ശക്തമായാണ് ആസ്വാദകരോട് ആശയവിനിമയം നടത്തുന്നത്?
ആടൽക്കവിത എന്നത് എം. ആർ വിഷ്ണുപ്രസാദ് തന്റെ കവിത അവതരണത്തിന് നൽകിയ പേരാണ്. അവതരണ കവിതകളിലും ദൃശ്യ കവിതകളിലും ധാരാളം ഉപവിഭാഗങ്ങൾ ഉണ്ട്. അവ ഓരോന്നും ഓരോന്നായിട്ട് എടുത്തുപറഞ്ഞ് വിശദമാക്കേണ്ടതില്ലെന്ന് കരുതുന്നു.
ഞാൻ മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും Beauty of an art is hidden in its plurality എന്നാണ്. അതിനാൽ തന്നെ ഏതെങ്കിലും ഒരു കലാവസ്തുവിനെ അതായിത്തന്നെയോ അതല്ല അതായി പരിണമിക്കുകയോ രൂപാന്തരപ്പെടുകയോ ചെയ്തതിന്റെ ചരിത്രപരതയിൽ മാത്രമോ, നരവംശശാസ്ത്രപരമായിട്ട് മാത്രമോ, സാംസ്‌കാരികപരമായിട്ട് മാത്രമോ, സാങ്കേതികതയിൽ മാത്രമോ, കലകാരന്റെ അല്ലെങ്കിൽ കലാകാരിയുടെ കാഴ്ചപ്പടിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് മാത്രമോ, പ്രകടമായ അർത്ഥത്തിൽ മാത്രമോ ഊന്നിക്കൊണ്ടാവരുത് ഉൾക്കൊള്ളേണ്ടതെന്ന് ഞാൻ കരുതുന്നു. ഒരു ജീവിതാനുഭവം പറയാം. ഡുഷാംപിന്റെ ഫൗണ്ടൈൻ കാണുന്നവർ ആ ശില്പത്തെ എങ്ങനെയാവാം മനസ്സിലാക്കുവാൻ ശ്രമിച്ചതെന്ന് ആലോചിച്ചിട്ടുണ്ട്. അതിനിടയാക്കിയത് ഏതാണ്ട് ഇരുപത്തിയൊന്ന് കൊല്ലങ്ങൾക്ക് മുൻപ് ആദ്യമായി ഡുഷാംപിന്റെ ആ പോർസ്ലിൻ യൂറിനൽ ശില്പത്തിന്റെ ചിത്രം ലൈബ്രറിയിലെ ഒരു വാരികയിൽ കണ്ടപ്പോൾ ആദ്യം എനിക്ക് ചിരി വന്നു. കൂട്ടുകാരനെ ഈ ചിത്രം കാട്ടി. ഞങ്ങൾ ഒന്നിച്ചു ചിരിച്ചു. ചിരിക്കുന്നതിനിടെ അവൻ ചോദിച്ച ചോദ്യമുണ്ട് - "ഇതാണോടാ ആധുനികത? കോട്ടയം കെ. എസ്.ആർ.റ്റി.സി സ്റ്റാൻഡിലെ മൂത്രപ്പുരയിൽ കാണുന്ന സാധനത്തിന് എന്തോന്നാടാ കലയും കലാമൂല്യവും?"
അവന്റെ ചോദ്യത്തിലെ കലയും കലാമൂല്യവും എന്ന ഭാഗം ഉള്ളിൽ തറഞ്ഞു. പിന്നീട് ആ ശില്പത്തെക്കുറിച്ച് ആലോചിച്ചപ്പോൾ എന്റെ കലാ അവബോധം പൊതുബോധത്തിൽ നിന്നും ഒട്ടും വ്യത്യസ്തം അല്ലല്ലോ എന്നും, മൂത്രപ്പുരയിലെ ഒരു സാനിറ്ററി വെയറിൽ പോലും രൂപപരവും ശില്പപരവുമായ സവിശേഷ കലാമൂല്യമുണ്ടായിരുവെന്ന് അത്യാവശ്യം നന്നായി വരച്ചിരുന്ന എനിക്ക് കാണുവാൻ സാധിച്ചിരുന്നില്ലല്ലോ എന്ന ജാള്യതയും ഉണ്ടായി. പിന്നെയും നാലഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്റർനെറ്റ് വ്യാപകം ആയിത്തുടങ്ങിയ കാലത്ത് കലാചരിത്രത്തെക്കുറിച്ച് തിരയുമ്പോഴാണ് ആ ശില്പ പരിണാമത്തിനിടയായ സംഭവവും, അതിലെ ഒപ്പ് നൽകുന്ന മാനവും മനസ്സിലാക്കുന്നത്. കലയെ മനസ്സിലാക്കുവാൻ ഒരൊറ്റ മാർഗ്ഗമല്ല പല മാർഗ്ഗങ്ങൾ തേടേണ്ടതുണ്ടെന്ന അറിവും ഈ ഒരു അനുഭവത്തിൽ നിന്നും തിരിച്ചറിഞ്ഞു. അവബോധനം ഒരു പ്രക്രിയ ആണെന്നതൊക്കെ പിന്നീട് അക്കാഡമിക്കലായും അല്ലാതെയും പഠിച്ചെങ്കിലും ആദ്യ പാഠം ഉള്ളിലെ അഹത്തിനെ കിള്ളിക്കളയുവാൻ സഹായകമായി എന്നതാണ് വാസ്തവം.
അസിമിക് കവിതയായാലും, മൂർത്ത കവിതയായാലും, ഇതര ദൃശ്യകവിതകളായാലും, അവതരണ കവിതകളായാലും അവയിലെ സാഹിത്യപരതയോടൊപ്പം തുല്യ രീതിയിൽ വിവിധ കലകളുടെ ഇഴുകലും ഉള്ളതിനാൽ; കലയെന്ന ഒരു ബൃഹത്തായ മണ്ഡലത്തിൽ നിന്നും ഓരോരുത്തരും കേവലം അർത്ഥം തിരയൽ എന്നതിനപ്പുറം എങ്ങനെയെല്ലാം ഉൾക്കൊള്ളുന്നു എന്നതിനനുസരിച്ചാവും ആ കലയുമായുള്ള വിനിമയവും, ആസ്വാദനവും സാധ്യമാകുന്നത്. അസിമിക് കവിതകളിലെ ഓരോ വിരുദ്ധ ചിഹ്നങ്ങൾക്കും വിഭിന്ന മാനങ്ങൾ ആണ് (നിറങ്ങൾക്കും ഇതിൽ പ്രധാന പങ്കുണ്ട്). ദൃശ്യ കവിതയിൽ നിന്നും മൂർത്തകവിതയിൽ നിന്നും അത് വ്യത്യസ്തമാകുന്നതും വിരുദ്ധചിഹ്നങ്ങളുടെ സവിശേഷതകളാലാണ് എന്ന് മനസ്സിലാക്കുന്നു. ഈ ഒരു മാനത്തിൽ നിന്നും അസിമിക് കവിതയിലെ ദൃശ്യമാനത്തിന്റെ കാവ്യാത്മകത തിരഞ്ഞാൽ മാത്രമാകും പലപ്പോഴും കവിത നമ്മോട് സംവദിക്കുക. എന്നാൽ മൂർത്തകവിത അതിന്റെ രൂപത്തിന്റെ സവിശേഷതയും, അക്ഷരങ്ങളുടെ വിന്യാസങ്ങൾ കൊണ്ടുമാണ് സംവദിക്കുവാൻ തുടങ്ങുന്നത്. രൂപത്തിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് മൂർത്തകവിത ഉൾക്കൊള്ളുവാൻ സാധിക്കില്ല. ഇവയിൽനിന്നും തീർത്തും ദൃശ്യപരമായി വ്യത്യസ്തമാണ് ഓരോ ദൃശ്യകവിതകളും (അക്ഷരങ്ങളും ഫോട്ടോഗ്രാഫിയും ചേർന്നത്, കൊളാഷ്, ഫോട്ടോഗ്രാഫിക്ക് മാത്രമായത്, തുടങ്ങി അനേകം വകഭേദങ്ങൾ ഉണ്ട്). രൂപങ്ങൾ ഉണ്ടാക്കുന്ന കലാവിദ്യയോ (plastic art), ചിത്രങ്ങൾ തന്നെയോ, ചിത്രരൂപങ്ങളോ ഇവയെല്ലാം ചേർന്നോ നിർമ്മിച്ചെടുക്കുന്ന ഭാവം ഉണ്ട് ആ ദൃശ്യഭാവമാണ് പൊതുവെ ദൃശ്യകവിതകളുടെ പ്രത്യക്ഷ കാവ്യാത്മകത എന്നത്. ഈ പ്രകടമായ തലത്തിൽനിന്നും ആ ചിത്രങ്ങൾ അല്ലെങ്കിൽ ചിഹ്നങ്ങൾ, അക്ഷരക്കൂട്ടങ്ങൾ പ്രതിനിധാനം ചെയ്യുന്ന മറ്റൊരു തലം കൂടി ഭാവനാത്മകമായോ അല്ലാതെയോ ബോധനം ചെയ്‌തെടുക്കുവാൻ ആരംഭിക്കുമ്പോൾ മാത്രമാണ് ദൃശ്യകവിത സംവദിച്ച് തുടങ്ങുക. കുറഞ്ഞപക്ഷം ഡോണ മയൂരയുടെ അസിമിക് കവിതകളും, ഫോട്ടോ പോയട്രിയും, കവിത ബാലകൃഷ്ണന്റെ വരക്കവിതകളായ 'തീപ്പെട്ടിക്കവിതകൾ', എം. പി പ്രതീഷിന്റെ വസ്തു കവിതകളും (Object Poems) ശ്രദ്ധിച്ചിട്ടുള്ളവർക്ക് ഈ സൂചകങ്ങൾ പെട്ടെന്ന് മനസ്സിലാകുമെന്ന് ഞാൻ കരുതുന്നു. അവ ഇതുവരെ ശ്രദ്ധിക്കാത്തവർക്ക് അവരുടെ ഇൻസ്റ്റ അല്ലെങ്കിൽ ഫേസ്ബുക് പ്രൊഫൈലിൽ കയറിയാൽ അവയിൽ ചിലത് കാണുവാനും ആസ്വദിക്കുവാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ആനിമേറ്റഡ് ആയിട്ടുള്ള ജനറേറ്റീവ് കവിതയുൾപ്പെടെ ഉള്ള ഗ്രാഫിക് കവിതകളിൽ അവയിലെ ദൃശ്യതയ്‌ക്കൊപ്പം വിവിധ തരം ചലന സവിശേഷതകൾ (animated movements) കൂടെ നൽകുന്ന ഇടത്തിൽനിന്നുമാണ് സംവദിക്കുവാൻ തുടങ്ങുന്നത്. സ്റ്റാറ്റിക് ജനറേറ്റീവ് കവിതയിൽ ദൃശ്യ കവിതയുടേയും മൂർത്ത കവിതയുടേയും സവിശേഷതകളും ചിലപ്പോഴൊക്കെ വിരുദ്ധ ചിഹ്നങ്ങളോ ഉൾക്കൊള്ളുന്ന നിറങ്ങളോ ഉള്ളതിനാൽ അസിമിക് കവിതയുടെ തലത്തിൽ നിന്നും കാണേണ്ടതായിട്ടുണ്ട്. എങ്കിൽ മാത്രമേ കവിത സംവദിക്കുകയുള്ളൂ. കാഴ്ചക്ക് വളരെയേറെ പ്രാധാന്യം ഇവയെല്ലാത്തിലുമുണ്ട്.
കാഴ്ചയുടെ തലങ്ങളേയും, കേൾവി, പങ്കാളിത്തം എന്നീ തലങ്ങളേയും ഒരേ പോലെ ഉൾക്കൊള്ളുന്ന ഒരു തിണയിൽ നിന്നുമാണ് അവതരണ കവിത സംവദിക്കുന്നത്. കവിത ചൊല്ലുന്നത് മാത്രമല്ല, തിയറ്ററിക്കൽ അല്ലെങ്കിൽ അഭിനയ സമീപനം കൂടെ ഉൾച്ചേരുന്ന വിവിധ തരം അവതരണ കവിതകളുമുണ്ട്. ഇത്തരം കവിതകളെ ഡിജിറ്റൽ വീഡിയോ എഡിറ്റിങ്ങുകളുടെ സഹായത്തോടെ അവതരിപ്പിക്കുവാനും സാധിക്കും. എം. ആർ വിഷ്ണുപ്രസാദിന്റെ ഒരു അവതരണ കവിത 2023ലെ കൊച്ചി ബിനാലെയുടെ ഭാഗമായിട്ടുള്ളത് മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ. ആ അവതരണ കവിത ഒരു ഡിജിറ്റൽ വീഡിയോ പോയേറ്ററി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാമെന്ന സവിശേഷത കൂടിയുണ്ട്. അതിന്റെ ശബ്ദചിത്രീകരണ സംയോജനത്തിന്റെ സവിശേഷത കണക്കാക്കികൊണ്ടാണ് ഇതിവിടെ സൂചിപ്പിക്കുന്നത്. കാഴ്ചയെന്ന സംവേദനത്തിനൊപ്പം തന്നെ ഇതര ഇന്ദ്രിയസംവേദന മാർഗ്ഗങ്ങളുടെ സാധ്യതകളെ കവിതയിൽ കൊണ്ടുവരുവാൻ പലപ്പോഴും വിവിധ തരം അവതരണ കവിതകളിലൂടെ സാധിക്കും. ഒ.അരുൺകുമാറിന്റെ 'എക്കോ' എന്ന ശബ്ദാവതരണ കവിത വ്യവസ്ഥാപിതമായ നമ്മുടെ കാവ്യസംവേദന ധാരണകളെ അട്ടിമറിക്കുന്നുണ്ട്. ഇത്രയും പറഞ്ഞത് കവിതയുടെ കലാഭേദേങ്ങളായ അസിമിക്, മൂർത്ത, ദൃശ്യ, ഗ്രാഫിക്കൽ, അവതരണ കവിതകൾ എങ്ങനെയെല്ലാമാണ് സംവദിക്കുക എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു.
ഓരോ ആളുകളുടേയും കാവ്യാനുഭവം അവബോധന പ്രക്രിയകൾക്ക് അടിസ്ഥാനത്തിലായിരിക്കും എന്നതിനാൽ കവിതയുടെ വിവിധ കാലഭേദങ്ങളും, ലിഖിത രൂപത്തിലുള്ള കവിതതന്നെയും എത്രമാത്രം ശക്താമായിട്ടാവാം സംവദിക്കുകയെന്ന് എനിക്ക് പറയുവാൻ സാധിക്കില്ലെന്ന് സ്‌നേഹപൂർവ്വം സൂചിപ്പിക്കട്ടെ.
ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്ന് ദേശ-ഭാഷാന്തരങ്ങൾക്കപ്പുറം മലയാള കവിത വ്യാപരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ തരത്തിലാണ്?
ഓരോ ഭാഷയ്ക്കും അതിന്റേതായ അതിരുകളും പരിമിതികളും ഉണ്ടല്ലോ. അത്തരം പരിമിതികൾ ഉള്ളപ്പോൾ തന്നെ നമ്മുടെ ഭാഷയിലെ കവിതകളിൽ പലതും ഇംഗ്ലീഷ് ഭാഷയിലേക്കും തമിഴ്, കന്നഡ തുടങ്ങിയ മറ്റു ദേശീയഭാഷകളിലേക്കും മൊഴിപ്പകർച്ച ചെയ്യപ്പെടുകയും അത്തരം മൊഴിപ്പകർച്ചകൾക്ക് ശ്രദ്ധേയമായ പ്രസിദ്ധീകരണ ഇടങ്ങൾ കിട്ടുകയും ചെയ്യുന്നുണ്ട്. ചോദ്യത്തിലെ പ്രധാന ഭാഗമാണ് 'ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നിന്നും' എന്നുള്ളത്. അതിനാൽത്തന്നെ എന്റെ മറുപടിയും മറുപടിയെ വിശദമാക്കുന്നതിനും അതിനെ സാധൂകരിക്കുന്നതിനുമുള്ള കാര്യങ്ങളും ചോദ്യത്തിലെ പ്രധാന ഭാഗത്തെ കേന്ദ്രീകരിച്ചുകൊണ്ടാകുന്നതാവും നല്ലതെന്ന് കരുതുന്നു. ഓൺലൈനിൽ പ്രസിദ്ധീകരിക്കപ്പെടുന്ന മലയാള ഭാഷയിലുള്ള കവിതകളുടെ ദേശ-ഭാഷാന്തരങ്ങൾക്കപ്പുറമുള്ള വ്യാപനം പ്രധാനമായിട്ടും മൊഴിപ്പകർച്ചകളിൽ കൂടിയും, മൊഴിപ്പകർച്ചകൾ ചെയ്യപ്പെടുന്ന കവിതകൾക്ക് ശ്രദ്ധേയമായ പ്രസിദ്ധീകരണ ഇടങ്ങൾ കിട്ടുകയും ചെയ്യുന്നത്തിലൂടെയാണ്. മറ്റൊന്ന് കലാകവിതകൾക്ക് ഓൺലൈനിലെ വിവിധ മാധ്യമങ്ങളിലൂടെ അല്ലെങ്കിൽ കലാകവിതാ ഗ്രൂപ്പുകളിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്നതിലൂടെ, ശ്രദ്ധേയമായ ഇടങ്ങളിലോ, ഗ്വാലറികളിലോ ക്യൂറേറ്റ് ചെയ്യപ്പെടുന്നതിലൂടെ ദേശീയവും അന്തർദേശീയവുമായ പ്രേക്ഷകരെ കണ്ടെത്തുവാൻ സാധിക്കുന്നു.
ബ്ലോഗിലും പിന്നീട് ഇതര സാമൂഹമാധ്യമങ്ങളിലും, ഓൺലൈൻ വാരികകളിലും മാത്രം കവിതകൾ എഴുതി പ്രസിദ്ധീകരിച്ചിരുന്നവരുടെ കവിതകളുടെ മൊഴിപ്പകർച്ചകൾ പലതും ദേശീയവും അന്തർദേശീയവുമായ ഓൺലൈൻ മാസികകളിലും, ആന്തോളജികളിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മലയാള ഭാഷയിൽ മാത്രം കവിതകൾ എഴുതുകയും എഴുതുന്നവയിൽ ഏതാണ്ടെല്ലാ കവിതകളും വിവിധ ഓൺലൈൻ ഇടങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന രതീഷ് കൃഷ്ണയുടെ ആദ്യ കവിതാസമാഹാരം അടുത്തിടെ ബംഗാളി ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്. ഈ സമാഹാരത്തിലെ കവിതകളുടെ മൂലം മലയാളമാണ്. രതീഷ്, സുധീർ രാജ്, ആശാ ബി എന്നിവരേപ്പോലെ വിവിധ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ വാരികകളും മാത്രം എഴുതുന്നവരിൽ പലരുടേയും എത്രയോ കവിതകൾ മോഡേൺ ലിറ്ററേച്ചർ പോലുള്ള ഓൺലൈൻ ഇടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓൺലൈനിൽ കവിതകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാർത്തിക്, അഭിറാം, പ്രവീൺ പ്രസാദ്, സുബിൻ ഉണ്ണികൃഷ്ണൻ, സുബിൻ തുടങ്ങിയ സമകാലിക കവിതയിലെ വളരെ പ്രോമിസിങ് കവികളായി ഞാൻ കാണുന്നവരുടെ കവിതകൾക്ക് വിവിധ അച്ചടിമാധ്യമങ്ങളിൽ പെട്ടെന്നു തന്നെ ഇടം കിട്ടുകയും, ഇവരിൽ പലരുടേയും കവിതകൾക്ക് അന്യഭാഷാ മൊഴിപ്പകർച്ചകൾ ഉണ്ടാക്കവുകയും, ആ മൊഴിപ്പകർച്ചകൾക്ക് ശ്രദ്ധേയമായ പ്രസിദ്ധീകരണ ഇടങ്ങൾ കിട്ടുകയും ചെയ്തിട്ടുണ്ട്. മറ്റൊന്ന് എം. പി പ്രതീഷിന്റെ ദൃശ്യ കവിതകളും, വസ്തു കവിതകളും (Object Poetry) ചില അന്തർദേശീയ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പ്രസിദ്ധീകരിക്കപ്പെടുകയും അത്തരം കവിതകൾക്ക് വിവിധ ജിയോ-കൾച്ചറൽ റീഡേഴ്‌സിനെ കണ്ടെത്തുവാൻ സാധിക്കുകയും ചെയ്യുന്നു എന്നതാണ്.
കവിതകൾക്ക് കൃത്യമായ ഘടന വേണം, വൃത്ത-താള നിബദ്ധമായിരിക്കണം എന്നെല്ലാം വാശി പിടിക്കുന്ന ചില എഴുത്തുകാർ/വായനക്കാർ ഉണ്ടല്ലോ, അവരോട് എന്താണ് പറയാനുള്ളത്?
സ്‌നേഹത്തോടെ പറയട്ടെ; ഇങ്ങനെയെല്ലാം കരുതുന്നവരും പറയുന്നവരും ഉൾപ്പെടുന്ന ഒരു ഹൈപ്പർ റിയാലിറ്റിയെ ഉൾക്കൊള്ളണമോ വേണ്ടയോ എന്നത് കവിത എഴുതുന്ന ഓരോരുത്തരും വ്യക്തിപരമായി എടുക്കേണ്ട തീരുമാനമാണ്. എനിക്ക് കവിതയിലെ വാദ്ധ്യാരാകുവാൻ താത്പര്യമില്ലാത്തതിനാലും, നിയതമായ രചനാ നിയമനങ്ങളെ പിൻപറ്റുവാൻ ഇഷ്ടപ്പെടാത്തതിനാലും ഇവരോടെനിക്കൊന്നും പറയുവാനില്ല.
മലയാളത്തിലെ പല പ്രമുഖ പ്രസിദ്ധീകരണങ്ങളും ചില കവികളുടെ പ്രസിദ്ധി മാത്രം കണക്കിലെടുത്തു തുടർച്ചയായി അവരുടെ കവിതകൾ പ്രസിദ്ധീകരിക്കുന്നതായി ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. മലയാളത്തിൽ വളരെ വ്യത്യസ്തമായെഴുതുന്ന നിരവധി കവികൾ ഉണ്ടെന്നിരിക്കെ പ്രസിദ്ധീകരണങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ഇത്തരം സമീപനത്തെ എങ്ങനെയാണ് നോക്കികാണുന്നത്?
ഒരു നവലിബറൽ സമ്പത്ത് വ്യവസ്ഥയിലുള്ള വിപണിയിലാണ് നമ്മളെല്ലാവരും ഉള്ളത്. അതിനാൽത്തന്നെ സങ്കരസ്വഭാവത്തിലുള്ള ഒരു വിപണി ഘടനയിൽ പ്രസിദ്ധി എന്നത് വിപണന സാധ്യത ഉയർത്തുവാൻ ഉപകരിക്കുന്ന ഒരു ഘടകമാണെന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടു തന്നെ, അച്ചടിയിൽ ഉള്ളതായാലും ഓൺലൈനിൽ ഉള്ളതായാലും ഏതൊരു പ്രസിദ്ധീകരണവും അവരുടെ റീഡർഷിപ്പ് നിലനിർത്തുവാനും, ഉയർത്തുവാനും ശ്രമിക്കുന്നു. അതിന്റെ ഭാഗമാകാം ഈ പറഞ്ഞ വിവേചനം. കലാകാരിയുടെ അല്ലെങ്കിൽ കലാകാരന്റെ പ്രസിദ്ധിയാണോ അവർ ചെയ്യുന്ന കലയുടെ കലാമേന്മയും കലാമൂല്യവും ആണോ പ്രസിദ്ധീകരണത്തിന് മാനദണ്്ഡമാക്കേണ്ടതെന്നത് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ അല്ലെങ്കിൽ പത്രാധിപ സമിതി തീരുമാനിക്കുന്നത് ഉറപ്പായിട്ടും തങ്ങളുടെ പ്രസിദ്ധീകരണത്തിന്റെ പ്രചാരണവും, നിലനിൽപ്പും മുന്നിൽകണ്ടുകൊണ്ട് ആണ്. മറ്റൊന്ന് പത്രാധിപരും അല്ലെങ്കിൽ പത്രാധിപ സമിതിയിലെ അംഗങ്ങളും യന്ത്രമല്ല മനുഷ്യരാണ് എന്നതുകൊണ്ടും അതിനാൽത്തന്നെ അവർക്ക് അവരുടേതായ ധാരണകളും കാഴ്ചപ്പാടുകളും പൊതുബോധത്തിന്റെ ഭാഗമായിത്തന്നെ ഉള്ളതിനാൽ, വളരെയേറെ തിരക്കുകളുള്ള ജീവിതക്രമങ്ങൾക്കിടെ എണ്ണിയാൽ ഒടുങ്ങാത്ത മെയിലുകളിൽ നിന്നും തങ്ങൾക്കറിയാത്ത ഒരു അജ്ഞാത കവിയുടെ തികച്ചും വ്യത്യസ്തമായ കവിത കണ്ടെത്തുക എന്നത് കച്ചിത്തുറുവിന്റെ ഉള്ളിൽ നിന്നും തുറു ഇളകിവരാതെ സൂചി എടുക്കുവാൻ വിധിക്കപ്പെടുന്നത് പോലെയാവും. അതുകൊണ്ട് കവികൾ നിരന്തരം സ്പാർട്ടക്കസ്സുമാരായി രൂപാന്തരപ്പെട്ടുകൊണ്ട് ക്രാസ്സസുമാരുടെ വാൾത്തലപ്പിൽ ചെന്നുകയറുവാൻ ശ്രമിക്കാതിരിക്കുന്നതാവും നല്ലത്.
കവിതയ്ക്കു മാത്രമായി ഒരു സാഹിത്യ പ്രസിദ്ധീകരണം നമുക്കിവിടെ ഇല്ലാത്തിടത്തോളം ഇത്തരം വിവേചനകളെ പ്രസിദ്ധിയും കലാമേന്മയും അടിസ്ഥാനപ്പെടുത്തി വിമർശിക്കുന്നതിലും വലിയ പ്രസക്തി ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.
'നവമാധ്യമ കവിത എന്നത് കൂടുതൽ ഡിജിറ്റൽ രൂപത്തിൽ ഉള്ളതാണ്. നവമാധ്യമ കവിത നമ്മുടെ നാട്ടിൽ ഉള്ളതായി ഞാൻ വ്യക്തിപരമായി നടത്തിയ അന്വേഷണത്തിൽ അറിയുവാൻ സാധിച്ചിട്ടില്ല' എന്ന് ജിഷ്ണു പറയുകയുണ്ടായി. വ്യക്തിപരമായ അന്വേഷണത്തിൽ നവമാധ്യമ കവിതയെ കുറിച്ചുള്ള കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു?
വിവരസാങ്കേതികവിദ്യയിലെ വ്യത്യസ്ത മേഖലകളായ കമ്പ്യൂട്ടിങ്ങിന്റേയും ഡിജിറ്റൽ സാങ്കേതികവിദ്യയുടേയും ഇഴുകലിന്റെ ഭാഗമായി ഉണ്ടായതാണ് നവമാധ്യമങ്ങളെന്നു വേണമെങ്കിൽ സാമാന്യ ഭാഷയിൽ പറയാം. ഇത് പറയുവാൻ കാരണം സാഹിത്യം ഉൾപ്പെടെയുള്ള കലകളിൽ വിവിധ നവ-ഡിജിറ്റൽ മാധ്യമങ്ങളായ (ഡിജിറ്റൽ ഇടങ്ങൾ) ബ്ലോഗ്, എഫ്.ബി, ഇൻസ്റ്റാഗ്രാം, തുടങ്ങിയ സാമൂഹമാധ്യമങ്ങളെ ആശയപ്രകാശനത്തിനുള്ള ഒരു തട്ടകമായിട്ടാണ് നമ്മൾ പൊതുവെ ഉപയോഗപ്പെടുത്തുന്നത്. ഇത്തരം ഇടങ്ങളിൽ (Platforms) പ്രകാശനം ചെയ്യപ്പെടുന്ന കവിതകളെ എല്ലാം തന്നെ നമ്മൾ ഡിജിറ്റൽ കവിതകൾ എന്നാണ് പറയുന്നത്. എന്തിന് കവിതയിൽ കമ്പ്യൂട്ടർ എന്നോ, കമ്പ്യൂട്ടർ ഹാർഡ്വേറുകളിൽ ഏതെങ്കിലും ഒന്നിന്റെ പേര് സൂചിപ്പിച്ചാലോ, വൈറസ് എന്ന് പറഞ്ഞാലോ അത് ഡിജിറ്റൽ കവിതയാണെന്ന് പറയുകയും ധരിക്കുകയും ചെയുന്നുണ്ട്. കുറച്ചുനാൾ മുൻപ് ഒരു എംഫിൽ ഡെസേർട്ടഷനിൽ ഇത്തരം കവിതകളെ ഡിജിറ്റൽ കവിതയായി വ്യാഖാനിച്ച് എഴുതിയത് വായിക്കുകയുണ്ടായി. ഡിജിറ്റൽ കവിതയും സമൂഹമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്യപ്പെടുന്ന കവിതകളിൽ ഭൂരിഭാഗവും ഡിജിറ്റൽ കവിതകൾ അല്ലെന്ന് നമ്മൾ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.
വിവര സാങ്കേതികവിദ്യയുടെ വ്യത്യസ്ത സങ്കേതങ്ങളായ അനിമേഷൻ, C++, Python, p5.js തുടങ്ങിയ പ്രോഗ്രാമിങ് ലാങ്‌ഗ്വേജുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ജനറേറ്റീവുകൾ, ഹൈപ്പർ ടെക്സ്റ്റുകൾ, ഹോളോഗ്രാമുകൾ തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നോ പലതോ ഒരു മാധ്യമം (Medium) എന്ന നിലയിൽ ആവിഷ്‌കാരത്തിനായിട്ടോ, രചനാതന്ത്രമായിട്ടോ ഉപയോഗപ്പെടുത്തിക്കൊണ്ട് സൃഷ്ടിക്കുന്ന കലയേയും സാഹിത്യത്തേയും വർഗീകരിച്ച് പറയുന്നതാണ് ഡിജിറ്റൽ കലയെന്നും ഡിജിറ്റൽ കവിതയെന്നും. ആയതിനാൽ എന്റെ കാഴ്ചപ്പാടിൽ നവ-മാധ്യമ കവിത കൂടുതൽ ഡിജിറ്റൽ രൂപത്തിൽ ഉള്ളവയാണ്. കേവലം കവിത പ്രകാശനം ചെയ്യപ്പെടുന്ന ഏതെങ്കിലും സൈബർ ഇടതിന്റെ അതുമല്ലെങ്കിൽ മാധ്യമത്തിന്റെ (Media) സവിശേഷതയാൽ മാത്രം അത്തരം കവിതകൾ എല്ലാം നവമാധ്യമ കവിതകൾ ആവുകയില്ലെന്നാണ്.
ബ്ലോഗ് കാലം മുതൽ ഹൈപ്പർ ടെക്സ്റ്റ് കവിതകളും, പവർ പോയിന്റ് അനിമേഷൻ ഉപയോഗിച്ച് ചെയ്തിട്ടുള്ള കവിതകളും മലയാളഭാഷയിൽ ഉണ്ടെങ്കിലും അവയെ സമൂഹ മാധ്യമ കവിതയെന്നു മാത്രം ചുരുക്കി കാണുന്നത്തിലുള്ള വിയോജിപ്പെന്ന നിലയിൽ പറയേണ്ടി വന്ന ഒരു വാചകമാണ് ഈ ചോദ്യത്തിന് അടിസ്ഥാനം തന്നെ. അന്ന് അതേ വേദിയിൽത്തന്നെ മലയാളത്തിലെ ഡിജിറ്റൽ കവിതകൾക്കുള്ള ഉദാഹരണങ്ങളായി ടി. പി വിനോദിന്റെ ഗ്രാഫിക്കൽ കവിതയായ '42 സെക്കന്റുകളുടെ നെടുകെയുള്ള ഛേദം' എന്ന കവിതയും, വിഷ്ണുപ്രസാദിൻറെ 'ഗെയിം', 'യന്ത്ര ഊഞ്ഞാൽ' തുടങ്ങിയ ഹൈപ്പർ ടെക്സ്റ്റ് കവിതകളെക്കുറിച്ചും സംസാരിച്ചിരുന്നു.
വിഷ്ണുപ്രസാദിൻറെ 'ഗെയിം' എന്ന കവിതയും അരുൺപ്രസാദിന്റെ 'ബേഡ്‌സ്' എന്ന കവിതയും നമ്മുടെ ഭാഷയിൽ ഇതുവരെ എഴുതപ്പെട്ടിട്ടുള്ള ഹൈപ്പർ ടെക്സ്റ്റ് കവിതകളിൽവെച്ച് എനിക്കേറ്റവും ഇഷ്ടമായ കവിതകൾ ആണ്. മുൻവർഷങ്ങളിലെ ബിനാലെകളിൽ വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ഡിജിറ്റൽ വീഡിയോ പോയറ്ററികൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണത്തെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി എം. ആർ വിഷ്ണുപ്രസാദിന്റെ മനോഹരമായ ഒരു ഡിജിറ്റൽ വീഡിയോ പോയെറ്ററി കാണുവാൻ സാധിച്ചപ്പോൾ എനിക്ക് വളരെയേറെ സന്തോഷം തോന്നി.
കാലം മാറുന്നതിനനുസരിച്ച് കവിതാവായനയിൽ/കവിത ഉൾക്കൊള്ളുന്ന രീതിയിൽ സമൂഹത്തിൽ മാറ്റം വന്നതായി തോന്നിയിട്ടുണ്ടോ?
കുറേയൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളതായി തോന്നിയിട്ടുണ്ട്.
കവിതാസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങളെ കുറിച്ച് പറയാമോ?
പ്രമോദ് കെ. എമ്മിന്റെ 'ഉപമ' എന്നൊരു കവിതയുണ്ട് 'ജർമ്മൻ കേൾക്കുമ്പോൾ കള്ളനെക്കണ്ട നായ കുരയ്ക്കുന്ന പോലെയും, കൊറിയൻ കേൾക്കുമ്പോൾ ഏറുകൊണ്ട നായ കരയുന്ന പോലെയും, മലയാളം കേൾക്കുമ്പോൾ മലയാളം കേൾക്കുന്നതായിട്ടും'' ആ കവിതയിൽ പ്രമോദ് എഴുതുന്നു. അപരിചിതങ്ങളേയും പരിചിതങ്ങളേയും നമ്മൾ നേരിട്ട് സമീപിക്കുന്നതെങ്ങനെ എന്ന് മനോഹരമായി പറയുന്ന ഒരു കവിതയാണിത്. ഈ കവിത സൂചിപ്പിക്കുവാൻ കാരണം നമുക്കെല്ലാവർക്കും പരിചിതമായ തികച്ചും കാല്പനികമായ മറുപടികൾ ഈ ചോദ്യത്തിന് നൽകുവാൻ സാധിക്കുമെങ്കിലും; എന്റെ മറുപടി കാല്പനികമായിട്ടല്ലാതെ ആസ്വാദനം എന്നതിനെ സാങ്കേതികപരമായി പറയുവാനാണ് ശ്രമിക്കുന്നത്. എനിക്ക് കള്ളനെക്കണ്ട നായയുടെ കുരയാണ് ഇഷ്ടമെങ്കിലും ഈ അഭിമുഖം ശ്രദ്ധിക്കുന്നവർ എന്റെ മറുപടികൾ എങ്ങനെയാവും എടുക്കുകയെന്ന് അറിയില്ല.
വായന, കാഴ്ച, കേൾവി തുടങ്ങിയ അവബോധന പ്രക്രിയയിലൂടെയും, പല കാലങ്ങളിൽ പല ഘട്ടങ്ങളിലായി ആർജ്ജിച്ചെടുത്ത അന്തർജ്ഞാനത്തിലൂടെയും, പല പ്രകാരമുള്ള വൈകാരികാനുഭവങ്ങൾ, സഹജാവബോധം, അയുക്തികൾ, ആഗ്രഹങ്ങൾ എന്നിവയിലൂടെ ഓരോരുത്തരും ഉള്ളിൽ സ്വയം പണിതെടുക്കുന്ന ഭാവനകളിലൂടെയുമാണ് കവിത ആസ്വദിക്കുവാൻ സാധിക്കുന്നത്. ഇക്കാരണങ്ങളാലാണ് കവിതാസ്വാദനം വ്യക്ത്യാധിഷ്ഠിതം ആകുന്നതും.
ആസ്വാദനം ഒരു പ്രക്രിയ (Process) ആയി എടുക്കുകയാണെങ്കിൽ അവബോധം ഒരു പ്രധാന ഘടകമാണ്. ആസ്വാദനത്തിന്റെ ഒരു തുടക്കം ധാരണാ രൂപീകരണമാണെന്ന് പറയാം. മാത്യു സപ്രൂഡർ വൈ പോയട്രി (Why Poetry) എന്ന തന്റെ പുസ്തകത്തിൽ പറയുന്നുണ്ട് 'വാക്കുകളെ ശ്രദ്ധയോടെ വായിക്കുന്നതിലൂടെയാണ് കവിതാ വായന എന്ന കല ആരംഭിക്കുന്നതെന്ന്'. വായിക്കുമ്പോഴോ കാണുമ്പോഴോ കേൾക്കുമ്പോഴോ നമ്മൾ വായിക്കുന്നതായ അല്ലെങ്കിൽ കാണുന്നതായ അല്ലെങ്കിൽ കേൾക്കുന്നതായ വാക്കിന്റെ അല്ലെങ്കിൽ വിരുദ്ധ ചിഹ്നത്തിന്റേയോ അല്ലെങ്കിൽ നിറങ്ങളുടേയോ അല്ലെങ്കിൽ ശബ്ദശകലത്തിന്റേയോ ചരിത്രപരതയിലേക്കോ അല്ലെങ്കിൽ രാഷ്ട്രീയസാധ്യതകളിലേക്കോ, സാങ്കേതികതയിലേക്കോ മറ്റിതരകാര്യങ്ങളിലേക്കോ പരിസരങ്ങളിലേക്കോ ഉടനടി കടന്നു ചെല്ലേണ്ടതില്ലെന്നും സപ്രൂഡറിനെ പോലുള്ളവർ പറയുന്നുണ്ട്. ഇത്തരം നിരീക്ഷണങ്ങളോട് ഞാനും യോജിക്കുന്നു. ഗ്രഹിക്കലിന്റെ ഈ ഒരു ഘട്ടം കഴിഞ്ഞാൽ അടുത്ത ഘട്ടമാണ് മനനം (contemplation). ഈ ഘട്ടത്തിലാണ് പുനർവായനയോ അതുമല്ലെങ്കിൽ വായിച്ചത് ഓർമ്മിച്ചെടുത്ത് അന്തർജ്ഞാനങ്ങളുടെ (മുൻ അനുഭവങ്ങളും അന്തർജ്ഞാനാമാണ്) പരിസരങ്ങളിലൂടേയും ഭാവനാത്മകമായിട്ടും അപഗ്രഥിക്കുക എന്നത്. ഈ മനന പ്രക്രിയയിലാണ് ആസ്വാദനം അനുഭവസംവേദനം കൂടി ആയിമാറുന്നത്. പൊതുവെ ഈ ഒരു ഘട്ടത്തോടെ വായിക്കുന്നവർ അല്ലെങ്കിൽ ആസ്വദിക്കുന്നവർ ആ പ്രത്യേക കവിതയുമായിട്ടുള്ള സംവദിക്കൽ അവസാനിപ്പിക്കുകയാണ് ചെയ്യാറ്. അതിനാൽത്തന്നെയാവാം സങ്കീർണതകളുള്ള കവിതകളും, ചിത്ര-ശില്പങ്ങളും ആസ്വദിക്കുവാൻ സാധിക്കാതെ വരുന്നതും (സങ്കീർണതയെ Complex എന്ന അർത്ഥത്തിലാണ് ഉദ്ദേശിക്കുന്നത്. മറിച്ച് complicated എന്ന അർത്ഥത്തിലല്ല ഉദ്ദേശിക്കുന്നത്). മനനത്തിൽ പിടിതരാത്ത ഘടകങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് അങ്ങനെ ചെയ്യുന്നതുവഴി മാത്രമേ നമ്മുടെ അന്തർജ്ഞാനത്തിന്റെ ലെൻസ് മികവുറ്റതാവുകയുള്ളൂ. ആസ്വദിക്കുവാൻ സാധിക്കുന്ന ഘടകങ്ങളെ ഈ ലെൻസ് വെച്ച് കണ്ടെടുക്കുവാൻ സാധിക്കുമെന്നാണ് എന്റെ അനുഭവം.
ആസ്വാദനത്തിന്റെ അടുത്ത തലമാണ് വിമർശനാത്മക ആസ്വാദനം. അതെങ്ങനെയാണെന്നുള്ളത് അസിമിക്, ഗ്രാഫിക്, ദൃശ്യ, അവതരണ കവിതകൾ ഏതു തരത്തിലാണ് ആസ്വാദകരോട് ആശയവിനിമയം നടത്തുക എന്ന മുൻ ചോദ്യത്തിന്റെ മറുപടിയുടെ ഭാഗമായി സൂചിപ്പിക്കുന്നുണ്ട്.
ഇന്റർറ്റെക്സ്റ്റ്വൽ ആയിട്ടുള്ളതോ സങ്കീർണമായിട്ടുള്ളതോ ആയ കവിതകളുടെ ആസ്വാദനത്തിന് വാക്കുകളുടെ പ്രകടമായ ധ്വനിയർത്ഥത്തിനപ്പുറം മനനവും അതിന്റെ ഭാഗമായി അധിക അവബോധനവും പലപ്പോഴും ആവശ്യമായി വരാറുണ്ട്. തികച്ചും എന്റേതുമാത്രമായ ധാരണകളുടെ അടിസ്ഥാനത്തിൽ ചില ഉദാഹരണങ്ങൾ വിശദമാക്കിക്കൊണ്ട് ഈ പ്രസ്താവനയെ സാധൂകരിക്കുവാൻ ശ്രമിക്കാം.
ശ്രീകുമാർ കരിയാടിന്റെ 'കാന്റും കാറ്റും' എന്ന കവിതയുടെ യഥാർത്ഥ ആസ്വാദനം സാധ്യമാകണമെങ്കിൽ ഇമ്മാനുവൽ കാന്റിന്റെ ജീവിതത്തിലെ ഒരു സവിശേഷ സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്. കൂടെ കുറഞ്ഞപക്ഷം കാന്റിന്റെ അതീന്ദ്രിയ സൗന്ദര്യാത്മക ദർശനത്തിന്റെ ഭാഗമായി ഇടവും സമയവും (Space & Time) തമ്മിലുള്ള സങ്കല്പത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളെക്കുറിച്ച് അടിസ്ഥാന ധാരണയുണ്ടെങ്കിൽ കുടുംബവ്യവസ്ഥയ്ക്കുള്ളിലെ സ്ത്രീജീവിതത്തിന്റെ ഏകതാനമായ സാഹചര്യങ്ങളെ ഈ കവിതയിലൂടെ വ്യത്യസ്തമായി അവതരിപ്പിക്കുന്നത് ആസ്വദിക്കുവാൻ സാധിക്കും.
ഇന്റർറ്റെക്സ്റ്റ്വലായ മറ്റൊരു കവിത ആയിരുന്നു നിശാ നാരായണന്റെ 'അതാവാം'. ഈ കവിതയിലെ 'ലോർക്കയുടെ കവിത' കേവലം ഒരു ബിംബമായി കാണാതെ ഇന്റർറ്റെക്സ്റ്റ്വൽ ആയ ഒരു സൂചകമായി എടുക്കുകയാണെങ്കിൽ ഈ കവിതയുടെ ആസ്വാദനം കേവലാർത്ഥ അനുഭൂതിയെക്കാൾ മികച്ചതായി അനുഭവപ്പെടുവാൻ സാധിക്കും. ലോർകയും ദാലിയും തമ്മിൽ ഗാഢമായ സൗഹൃദമുണ്ടായിരുന്നു. പോൾ മോറിസണ്ണിന്റെ ലിറ്റിൽ ആഷസ്സിനെ അടിസ്ഥാനമാക്കിയല്ല ഞാനിതു പറയുന്നത്. 'അതാവാം' എന്ന കവിത തുടങ്ങുന്നത് ഒരു സർറിയൽ ചിത്രത്തെ അനുസ്മരിപ്പിക്കന്ന രീതിയിലാണ്. ആപ്പിൾ പുലിയും നീർക്കുതിരയും എനിക്ക് തോന്നിയത്. ദാലിയുടെ 'Invisible Afghan' എന്ന ചിത്രത്തിലെ മറഞ്ഞിരിക്കുന്ന കുതിരയെയും ഇതര രൂപങ്ങളെയും അനുസ്മരിപ്പിക്കുന്നതിനാലാവാം എനിക്കിങ്ങനെ തോന്നിയതെന്ന് കരുതുന്നു. ലോർക്കയുടെ കൃതികളിൽ കണ്ടുവരുന്ന സ്‌നേഹവൈകാരികതകളുടെ, മരണം എന്ന നശ്വരതയുടെ ഭാവങ്ങളിലേക്ക് കടന്നെത്തുവാൻ കവിതയിലെ 'ലോർക്കയുടെ കവിത' എന്ന സൂചകം സഹായിക്കുന്നു. 'അതാവാം' എന്ന കവിതയുടെ വാചികാനുഭൂതിയിലും ഇതേ സ്തോഭജനകമായ ഭാവങ്ങങ്ങളുണ്ട്. മറ്റൊരു പ്രധാന സൂചകമായി തോന്നിയത് റോസ് ആണ്. ലോർക്കയുടെ കവിതകളിലും നാടകങ്ങളിലും റോസിറ്റോയെന്ന കഥാപാത്രത്തെ കാണാം. അതിവൈകാരിക സ്വഭാവസവിശേഷത വിവിധ കൃതികളിൽ വരുന്ന റോസിറ്റോ എന്ന വ്യത്യസ്ത കഥാപാത്രങ്ങളുടെ സമാനമായ സവിശിഷതയാണ്. ഒരു നാടകത്തിൽ റോസിറ്റോ മതാധിഷ്ഠിത പാരമ്പര്യങ്ങളെ എതിർക്കുന്ന വിപ്ലവ സ്വഭാവമുള്ള കഥാപാത്രമാണ്. റോസിറ്റയുടെ ശബ്ദം കണ്ടെത്തുവാൻ സാധിക്കുന്ന 'Sonnet of the Garland of Roses' എന്ന കവിതയുടെ ഭാവത്തെ 'അതാവാം' മറ്റൊരുതലത്തിൽ ഉൾക്കൊള്ളുന്നതായിട്ട് തോന്നി.
എസ്. കലേഷിന്റെ 'പഞ്ചമിരാത്രി', 'കടൽ ലീല' എന്നീ കവിതകളും വിവിധ ഇന്റർറ്റെക്സ്റ്റ്വൽ സൂചകങ്ങങ്ങളുള്ള കവിതകളാണ്. ഇന്റർറ്റെക്സ്റ്റ്വലായ പരിസരങ്ങളും കൂടെ കോർത്തിണക്കി ഈ രണ്ട് കവിതകൾ വായിക്കുമ്പോൾ കിട്ടുന്ന കാവ്യാനുഭവം ധ്വനിയാർത്ഥങ്ങൾ നൽകുന്നതിനേക്കാൾ മികവുള്ളതാണ്. ടി. പി വിനോദിന്റെ 'ഫോട്ടോട്രോപ്പിസം', 'ദിശ' തുടങ്ങിയ ഒട്ടുമിക്ക കവിതകളും ധിഷണാവിലാസവും, ദാർശനികവുമായ സവിശേഷത ആസ്വാദനതലം ഒരുക്കിക്കൊണ്ട് കേവല ധ്വനിയാർത്ഥങ്ങളുടെ മാടുകൾ ചാടിക്കടന്ന് പൂർണ്ണാർത്ഥത്തിൽ ആസ്വാദിക്കുവാൻ സാധിക്കുന്ന കവിതകളായിട്ടാണ് ഞാൻ കണക്കാക്കുന്നത്.
ചിലപ്പോഴൊക്കെ നമ്മൾ വായിച്ചാസ്വദിച്ച കവിതയ്‌ക്കോ അല്ലെങ്കിൽ കവിതയിലെ വരികൾക്കോ അതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യത്തിൽ നിന്നുമോ അതുമല്ലെങ്കിൽ പുതിയ ഒരു അനുഭവത്തിൽനിന്നോ മറ്റൊരു വീക്ഷണതലത്തിൽ നിന്നുമുള്ള വായനയും ആസ്വാദനവും സാധ്യമാകാം. അടുത്തിടെ എനിക്കുണ്ടായ ഒരു ചെറിയ അനുഭവം പങ്കിടാം. എസ്. കണ്ണൻ അടുത്തിടെ തന്റെ എഫ്. ബി പ്രൊഫൈലിൽ ശ്യാം സുധാകരന്റെ വീട്ടിലെ ബാൽക്കണിയിൽ നിന്നും രാത്രിയുടെ തെളിമയിൽ തൊട്ടടുത്തുള്ള ചാപ്പലിലെ രണ്ട് ജനൽ ചില്ലയിൽ അലൗകിക ശോഭയിൽ തിളങ്ങിനിൽക്കുന്ന ഏലിയാ പ്രവാചകന്റെയും ചവറയാച്ചന്റെയും വർണ്ണചിത്രങ്ങളുടെ ഫോട്ടോ പങ്കിട്ടിരുന്നു. ആ ചിത്രം കണ്ടപ്പോൾ അടുത്തിടെ വീണ്ടും വായിക്കുവാനിടയായ പിയർ റെവർഡിയുടെ കവിതയിലെ ''The color which night decomposes' എന്ന ആദ്യ വരിയും അതേ കവിതയിലെ മറ്റൊരു വരിയായ ''the lamp is a heart emptying itself' എന്നതും ഓർക്കുവാൻ ഇടയാവുകയും ഈ വരികൾക്ക് ആ കവിതയുടെ വെളിയിൽ മറ്റൊരു ആത്മീയമെന്നോ അലൗകികമെന്നോ പറയുവാൻ സാധിക്കുന്ന അനുഭൂതി എനിക്ക് കണ്ടെത്തുവാനും സാധിച്ചു. എന്നാൽ ഈ ചിത്രം കാണിച്ചപ്പോൾ പങ്കാളിയായ ശ്വേത പറഞ്ഞ 'ഇരുട്ടിന്റെ തിളക്കം' എന്ന ആദ്യ പ്രതികരണത്തിലെ കവിത എന്റെ ഉള്ളിലെ ഇരുട്ടെന്ന സങ്കൽപ്പത്തിനെ അടപടലം മലർത്തിയടിച്ചു.
ഗദ്യകവിതയെയും പദ്യകവിതയെയും സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ട് വിഭാഗങ്ങളെ പറ്റിയും എന്താണ് പറയാനുള്ളത്?
കലാകാലങ്ങളായിട്ടുള്ള ഈ തർക്കത്തിന് ഇതുവരെ ഒരു തീർപ്പ് ഉണ്ടായിട്ടില്ലാത്തതിനാൽ ദ്വന്ദ്വപരമായി ഈ വിഷയത്തിൽ വ്യക്തിപരമായ ധാരണകളുടെ അടിസ്ഥാനത്തിൽ ഏകപക്ഷീയമായ എന്റെ ഒരു മറുപടിക്ക് വലിയ പ്രസക്തി ഒന്നുമില്ല.
ഇടശ്ശേരിയുടേയും, ബാലാമണിയമ്മയുടേയും, ഡി. വിനയചന്ദ്രന്റേയും, കടമ്മനിട്ടയുടേയും, ആർ. രാമചന്ദ്രന്റേയും, വിജയലക്ഷ്മിയുടേയും കവിതകൾ ഇന്നും ഞാൻ വായിക്കാറുണ്ട്. പദ്യകവിതകളും, ആഖ്യാനകവിതകളും, ഗദ്യകവിതകളും മാത്രമല്ല കവിതയുടെ പല രൂപഘടനയിലും രീതികളിലുമുള്ള കവിതകൾ വായിക്കുവാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. ആത്യന്തികമായി കവിത എന്നാൽ ഇന്നതാണെന്ന് ഒറ്റവാക്കിൽ കൃത്യമായി നിർവചിക്കുവാൻ സാധിക്കാത്തതും, ബോധനത്തിലൂടെ അനുഭവിക്കുവാൻ സാധിക്കുന്നതുമായ അണുചേരലിന് മാത്രമാണ് വായനയിൽ ഞാൻ പ്രധാന പരിഗണന നൽകുന്നത്.
ശ്രീദേവി എസ്. കർത്തയുടെ കവിതാസമാഹാരമായ 'ഓ എന്ന കാലത്തിൽ' ഗദ്യകവിതകളെ 'കവി... ഥ' എന്നാണ് ശ്രീദേവി പദപ്പെടുത്തിയിരിക്കുന്നത്. എനിക്കത് രസമുള്ളതായി തോന്നി. കൂടാതെ 'കവി... ഥ' എന്നു വായിച്ചപ്പോൾ ഏതാണ്ട് രണ്ടോമൂന്നോ കൊല്ലങ്ങൾക്ക് മുൻമ്പ് വായിച്ച ജാക്വലിൻ വുഡ്‌സണ്ണിന്റെ 'Brown Girl Dreaming' എന്ന കവിതാസമാഹരവും അതിലെ കവിതകളും ഓർമ്മവന്നു.
പുതുകവിതകളിലെ നൂതന പ്രവണതകൾ എന്തൊക്കെയാണ്? അതുപോലെ കവിതയിലെ ട്രാൻസ്റിയലിസത്തെ കുറിച്ച് പറയാമോ?
പ്രകടമായ ചില കാര്യങ്ങളെക്കുറിച്ച് ചുരുക്കം ചില സൂചകങ്ങൾ മാത്രം ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ ചോദ്യത്തിന് മറുപടി നൽകാം. കാരണം ഇത് കാവ്യഭാഷയും വിവിധ രചനാതന്ത്രങ്ങളുമായി ബന്ധപ്പെട്ടുള്ള വളരെ വിപുലമായ വിഷയമാണ്. അതിനാൽ തന്നെ നിശ്ചിതസമയക്രമം പാലിക്കുന്ന അഭിമുഖത്തിൽ എല്ലാ വശങ്ങളെയും ഉൾപ്പെടുത്തി വിശദമായി പറയുക അസാധ്യമാണ്.
രചനാതന്ത്രങ്ങൾ:
ഫിക്ഷണൽ സമീപനം:
സമകാലിക കവിതയിൽ ആഖ്യാനങ്ങൾ കൂടുതലായി ഫിക്ഷണൽ സമീപനം സ്വീകരിക്കുന്നതായിട്ട് തോന്നിയിട്ടുണ്ട്. നോവലിന്റേയും ചലച്ചിത്രങ്ങളുടേയും (ടിവി/വെബ്) സീരീസുകളുടെയും കേന്ദ്രീകരണം സൈദ്ധാന്തിക വ്യവഹാരത്തിലും, സാഹിത്യാനുഭവത്തിലും, പഠനങ്ങളിലും ഉത്തരാധുനികതയുടെ അവസാന പാദത്തോടെ നടന്നിട്ടുണ്ട്. ഇതിനാലാവാം തൊണ്ണൂറുകൾ മുതലുള്ള കവിതകളിലെ ആഖ്യാനങ്ങൾ കൂടുതൽ ഫിക്ഷണൽ സമീപനം സ്വീകരിക്കുന്നതെന്ന് കരുതുന്നു. ആത്മഭാഷണങ്ങളിലുള്ള കവിതകളിലും ഫിക്ഷണൽ സമീപനം കാണാം. രേഷ്മ. സിയുടെ 'വീടുമാറ്റം', 'ഉറക്കം' എന്നീ ആത്മഭാഷണശൈലിയിലുള്ള കവിതകൾ ഇപ്പറഞ്ഞതിനെ സാധൂകരിക്കുവാൻ സാധിക്കുന്ന ധാരാളം കാവ്യോദാഹരണങ്ങളിൽ രണ്ടെണ്ണമാണ്.
കവിതയിൽ ഫിക്ഷണൽ സമീപനം കൂടുതലായി കണ്ടുവരുന്നതായി സൂചിപ്പിച്ചിരുന്നുവല്ലോ. വിഷ്ണു പ്രസാദിന്റേയും, ഷാജു വി. വിയുടേയും, അനൂപ് കെ. ആറിന്റേയും, അരുൺ പ്രസാദിന്റേയും രചനാതന്ത്രത്തിലുള്ള പൊതുസമീപനം ഫിക്ഷണൽ ആണെങ്കിൽ തന്നെയും; ഞാൻ ഇത്തരം ഒരു നിരീക്ഷണം പങ്കിടുന്നത് പ്രഭാ സക്കറിയാസിന്റെ 'വണക്കമാസകാലത്തെ ഒരു പശുപ്പിറവി രാത്രി', ടി. പി അനിൽക്കുമാറിന്റെ 'തൃശൂരിൽ നിന്ന് പുറപ്പെട്ട മഴ', എ. ഹരിശങ്കർ കർത്തയുടെ 'ഏ അയ്യപ്പനെ പറ്റി എന്റെ അമ്മ പറയാറുള്ള കഥ', എ. ഹരിശങ്കർ കർത്തയുടെ തന്നെ 'പള്ളിയില്ലാത്ത പത്രോസ്', ഉമാ രാജീവന്റെ 'ചക്കയും ചുക്കും', ശ്രീദേവി എസ്. കർത്തയുടെ 'അലിഗേറ്റർ', അനൂപ് വി.എസിന്റെ 'കുമാരേട്ടൻ മുടി വെട്ടിത്തുടങ്ങുമ്പോൾ' തുടങ്ങി കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലങ്ങൾക്കിടയിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റനേകം കവികളുടേയും കവിതകളുടെ വായനകളും അടിസ്ഥാനപ്പെടുത്തിയാണ്.
പാസ്റ്റീഷും വിലക്ഷണതയും:
പൂന്താനം എഴുതിയിട്ടുള്ള വളരേ പ്രസിദ്ധമായ 'നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ..' കീർത്തനത്തിന്റെ കെട്ടുംമട്ടും മനോഹരമായി പാസ്റ്റീഷ് ചെയ്തു കൊണ്ടാണ് എ. ഹരിശങ്കർ കർത്ത 'നഗരമരപ്പാട്ട്' എന്ന കവിത എഴുതിയിട്ടുള്ളത്. വിലക്ഷണതയെ ട്രോള് സമാനമാക്കിക്കൊണ്ട് വിമീഷ് മാണിയൂർ ഒരുപിടി വ്യത്യസ്ത വിഷയങ്ങളെ ആധാരമാക്കി 'ട്രോൾ കവിതകൾ' എഴുതിക്കൊണ്ടിരിക്കുന്നു.
പ്രമേയങ്ങൾ:
ഇന്ന് നമ്മുടെ ലോകം 2007-2009 കാലത്തിന് സമാനമായ സാമ്പത്തിക പ്രതിസന്ധി നേരിടുവാൻ പോകുന്നുവെന്ന് ഐ.എം.എഫ്, വേൾഡ് ബാങ്ക്, ജെപി മോർഗൻ പോലുള്ള ആഗോള സാമ്പത്തിക സ്ഥാപനങ്ങളും, ഇൻവെസ്റ്റ്‌മെന്റ ബാങ്കുകളും മുന്നറിയിപ്പ് നൽകുകയും, വിവിധ തൊഴിൽ മേഖലകളിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിട്ടു കൊണ്ട് ആളെണ്ണം കുറയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. 2007 കാലത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ദുരനുഭവങ്ങൾ നേരിട്ട അനേകം തൊഴിലാളികളിൽ ഒരാളാണ് ഞാൻ. അതിനാൽത്തന്നെ സാമ്പത്തിക രംഗത്തെ കിതപ്പും കുതിപ്പും വളരെ ജാഗ്രതയോടെ ഞാൻ നിരീക്ഷിക്കാറുണ്ട്. സമൂഹം അഭിമുഖീകരിച്ചതും, അഭിമുഖീകരിക്കുന്നതുമായ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ യാഥാർത്ഥ്യങ്ങളെ നമ്മുടെ സാഹിത്യത്തിൽ പ്രത്യേകിച്ച് കവിതകളിൽ അഭിസംബോധന ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ ഏതെല്ലാംവിധമാണെന്ന് ശ്രദ്ധിക്കാറുണ്ട്.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ ക്രമങ്ങളിലുണ്ടായ മാറ്റങ്ങളും, അരക്ഷിതാവസ്ഥയും ചേർന്ന് സമ്പത്ത്-വിപണി-വ്യക്തി-കുടുംബ വ്യവസ്ഥക്കുള്ളിൽ ഉണ്ടായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന വളരെ ചുരുക്കം കവിതകളെ നമുക്കുള്ളു. എന്നാൽ ഗ്രീക്ക് പുതു കവിതകളുടെ ആന്തോളജിയായ 'Austerity Measures : The New Greek Poetry' ലെ തോമസ് ത്സലപതിസിന്റെ 'ദ ബോക്സ്', അപ്പോസ്‌തോലോസ് തിവിയോസിന്റെ 'റിയാലിറ്റി' പോലുള്ള ഒട്ടനേകം കവിതകൾ സാമ്പത്തിക പ്രതിസന്ധിയും, ഗ്രീക്കിലുണ്ടായ അരക്ഷിതാവസ്ഥയും ഇതേ തുടർന്നുണ്ടാകുന്ന മാറ്റങ്ങളേയും, വിപണിയുടെ ഭാഗമായി മാറുന്ന കുടുംബ വ്യവസ്ഥയേയും, ജീവിതാനുഭവങ്ങളേയും കാവ്യാത്മകമായി രേഖപ്പെടുത്തുന്നുണ്ട്.
ഗാസ്പർ നോയിയുടെ ഇറിവർസബൾ എന്ന സിനിമയിലെ ക്രൈമും വയലൻസും (ഹൈപ്പർ) റീലിസ്റ്റിക്കായിട്ടാണ് അവതരിപ്പിക്കുന്നത്. അത്യാവശ്യം വയലൻസ്സുള്ള സിനിമകളും കഥകളും ഇഷ്ടപ്പെടാറുള്ള ഞാൻ എന്നാൽ ഈ സിനിമ ഒരു തരത്തിലാണ് കണ്ടു തീർത്തത്. അതിനുശേഷമാണ് നമ്മുടെ സമകാലിക കവിതയിൽ റീലിസ്റ്റിക്കായി വയലൻസ് അവതരിപ്പിച്ചിട്ടുണ്ടോ എന്ന ഒരു അന്വേഷണം നടത്തിയതും; വിഷ്ണു പ്രസാദിന്റെ 'ജിഗ്സോ' എന്ന കവിതയിലും, ഷാജു വി.വിയുടെ 'ഒരു പ്രണയിയുടെ കുമ്പസാരം', 'മാസ്റ്റർപീസ്' എന്നീ കവിതകളിലും, രാഹുൽ ഗോവിന്ദിൻറെ 'ചെമ്പരത്തിച്ചോട് എന്ന ദേശത്തെ മൂന്ന് പാപികളുടെ കഥ' എന്ന കവിതയിലും, വയലൻസും ക്രൈമും കവിതയുടെ പ്രധാന വിഷയമാണ്. ക്രൈം തീം ആയിട്ടുള്ള കവിതകൾ ഉണ്ടെങ്കിലും വയലൻസിനെ കഴിവതും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന കവിതകൾ നമ്മുടെ ഭാഷയിൽ ഇതുവരെ കുറവാണെന്നും എനിക്ക് തോന്നുന്നു.
'.. he cut the head off. Big thick bubbles of blood burbled out of the
neck, which is what happened when I did the same thing. Then he
delicately stacked.
the cut-up chunks of flesh on strips of skin and balanced the toros
on top, as if the victim were curled up sleeping.. '
സ്റ്റീവൻ സുൽറ്റാൻസ്‌കി എന്ന കവിയുടെ 'ബ്രൈബറി' എന്ന നീണ്ട കവിതയിലെ ചില വരികളാണിത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വായിക്കുവാൻ സാധിച്ച കവിതയാണിത്. ക്രൈമും അതിലെ വിയലൻസും അതിന്റെ തീവ്രതയോടെ ഈ കവിതയിൽ ആഖ്യാനം ചെയ്യപ്പെടുന്നുണ്ട്. സുൽറ്റാൻസ്‌കിയുടെ ഈ കവിതയുടെ പ്രത്യേകത, ഈ കവിതയിലെ വരികൾ വിവിധ ക്രൈം വെബ്സൈറ്റുകളിലുള്ള ക്രൈം റിപ്പോർട്ടുകളിൽ നിന്നും പകർത്തിയെടുത്ത് പ്രേത്യേക രീതിയിൽ ക്രമപ്പെടുത്തിയെടുത്തതാണ്. ഈ വരികളിലൂടെ ഒരു അജ്ഞാതനായ സീരിയൽ കില്ലറുടെ ആത്മഭാഷണവും, പ്രതീകവും സൃഷ്ടിച്ചെടുക്കുന്നുണ്ട്. ഫൗണ്ട് പോയറ്ററിയുടെ സമീപനമാണ് ഈ കവിതയിലും സുൽറ്റാൻസ്‌കി സ്വീകരിച്ചിരിക്കുന്നതെങ്കിലും, ഈ നീണ്ട കവിത ഫൗണ്ട് പോയറ്ററിയല്ല.
കാവ്യരൂപങ്ങൾ:
ഇരുപതാം നൂറ്റാണ്ടിൻറെ അവസാനകാലഘട്ടത്തോടെ പത്ര/ദൃശ്യ മാധ്യമ റിപ്പോർട്ടിംഗ് രീതികളിലും, ഇമെയിൽ രീതിയിലും, നോട്ടീസ് രീതിയിലും, ഡയറിക്കുറിപ്പിൻറെ രീതിയിലും, ജീവചരിത്ര രീതിയിലും, മറ്റനേക ഗദ്യാഖ്യാനശൈലികൾ അവലംബിച്ചും കവിതകൾ ധാരാളമായി എഴുതപ്പെട്ടുതുടങ്ങിയതായി കാണാം. റോബിൻ റോബർട്ട്സണ്ണിൻറെ (Robin Robertosn) The Long Take കാവ്യനോവലെന്ന ഗണത്തിൽപ്പെടുന്ന കൃതിയാണ്. നമ്മുടെ ഭാഷയിൽ എഴുതപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത 'ടണൽ 33' എന്ന കിംഗ് ജോൺസിന്റെ (പ്രിൻസ് ജോൺ) നീണ്ട കവിത കാവ്യനോവലെന്ന ഗണത്തിൽപ്പെടുത്തുവാൻ സാധിക്കുന്നതാണ്. 'ഏതോകാലത്തിലെ നമ്മൾ നമ്മളെ കണ്ടുപോകുന്നതു പോലെ' എന്ന സിന്ധു കെ. വിയുടെ കവിത ഡയറിക്കുറിപ്പുകളുടെ രൂപത്തിൽ എഴുതിയിട്ടുള്ള കവിതകളുടെ സമാഹാരമാണ്.
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്‌സന്റെ സാങ്കല്പിക ജീവചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ലിൻഡ ബ്ലാക്കിന്റെ 'ദി സൺ ഓഫ് എ ഷൂമെക്കർ' എന്ന പതിനെട്ട് ഗദ്യ കവിതകളുടെ (ഫൗണ്ട് പ്രോസ് പോയട്രി വിഭാഗത്തിൽപ്പെടുന്നതാണ് കൃതി) സമാഹാരത്തിലെ ഗദ്യകവിതകൾ ജീവചരിത്ര രചനാശൈലിയിലെ അനുക്രമ രീതിയിലുള്ള കവിതകളാണ്.
ഇതേ കണക്ക് പത്ര/ദൃശ്യ മാധ്യമ റിപ്പോർട്ടിംഗ് രീതികളിലും, ഇമെയിൽ രീതിയിലും, നോട്ടീസ് രീതിയിലും കവിതകൾ ഇക്കാലത്ത് എഴുതപ്പെട്ടിട്ടുണ്ട്, എഴുതപ്പെടുന്നുമുണ്ട്.
സ്വത്വ കവിതകൾ:
LGBTQIA+ കവിതകളിൽ ഉണർവും മാറ്റങ്ങളും ലോകത്താകമാനം ഉണ്ടാവുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വിവിധ രാജ്യങ്ങളിൽ LGBTQIA+ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന വളരെ ശ്രദ്ധേയമായ ആന്തോളജികൾ കഴിഞ്ഞ പത്തുകൊല്ലങ്ങൾക്കിടെ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായിട്ടുണ്ട്. 'Queer Poets of Color', 'We Want it All: An Anthology of Radical Trans Poetics' എന്നീ രണ്ട് ആന്തോളജികളിലെ അതിലെ കവിതകളും വായിക്കുവാൻ സാധിച്ചിട്ടുണ്ട്. 'Queering the Green: Post-2000 Queer Irish', 'The World That Belongs To Us: An Anthology of Queer Poetry from South Asia' '100 Queer Poems' എന്നീ ആന്തോളജികൾ കൂടി വായിക്കുവാനുള്ള ശ്രമത്തിലാണ്. LGBTQIA+ എന്ന വളരെ വിപുലമായ സമൂഹത്തിന്റെ സ്വരങ്ങളുടെ ഏകീകരണം എന്ന നിലയിൽ ഇത്തരം ആന്തോളജികൾക്ക് സവിശേഷ പ്രാധാന്യങ്ങൾ ഉണ്ട്. ജെറിക്കോ ബ്രൗൺ, ഫ്രെനി ചോയി, പോൾ ട്രാൻ, റോമിയോ ഓറിയോഗണ്, കോളേക്ക പ്യുറ്റു, കീത്ത് ജെരറ്റ് തുടങ്ങിയ സമകാലീകരായവരുടെ കവിതകൾ പലപ്പോഴായി വായിച്ചിട്ടുമുണ്ട്.
LGBTQIA+ കവിതകളുടെ സവിശേഷതകളേക്കുറിച്ച് കേവലം പ്രതിനിധാനം എന്നതിനപ്പുറം നമ്മുടെ നാട്ടിൽ വിമർശനാത്മകമായി ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ആദിയുടെ 'പെണ്ണപ്പൻ', 'ജാരൻ' തുടങ്ങിയ കവിതകൾ നമ്മുടെ ഭാഷയിൽ LGBTQIA+ പ്രതിനിധാനം ചെയ്തുകൊണ്ട് എഴുതപ്പെട്ടുകണ്ട കവിതകളിൽ പ്രതിനിധാനം എന്നതിനൊപ്പം തന്നെ ഈസ്‌തെറ്റിക് മേന്മയുമുള്ള രണ്ട് കവിതകളായിട്ടാണ് ഞാൻ കണക്കാക്കുന്നത്. രണ്ടായിരത്തി ഇരുപതിലാണ് 'പെണ്ണപ്പൻ' എന്ന കവിത പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് എന്റെ ധാരണ. എന്നാൽ ഈ കവിത നമ്മുടെ സർവകലാശാലകളിലെ പുതുക്കിയ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടതായി അറിയുവാൻ സാധിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളിൽ പ്രധാനം പ്രതിനിധാനം എന്നതിനൊപ്പം ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന കവിതയുടെ ഈസ്‌തെറ്റിക് ക്വാളിറ്റിയും ഒരു അളവുകോലായി കാണുന്നത് അടുത്തതലമുറയിലെ വിദ്ധ്യാർത്ഥികളുടെ സംവേദനക്ഷമതയെയും ധാരണകളേയും മെച്ചപ്പെടുത്തുവാൻ സഹായിക്കും എന്ന് കരുതുന്നു. ഈ പറഞ്ഞതൊക്കെ പലരും സ്വകാര്യമായി പറയാറുണ്ടെങ്കിലും ആരും പൊതുമണ്ഡലത്തിൽ തുറന്നു പറയുന്നതായി കണ്ടിട്ടില്ല. വിമർശനങ്ങൾ വൈകാരികമായിട്ട് അഭിസംബോധന ചെയ്യപ്പെടുമെന്ന ഭയത്താലാവാം വസ്തുനിഷ്ഠമായി വിമർശിക്കുവാൻ പാങ്ങുള്ളവർ പോലും അതിന് തുനിയാത്തതെന്ന് ഞാൻ കരുതുന്നു.
'തീക്ഷ്ണമാം മിഴികൾ, ശാസന\ പുളയുന്നു, ദേഹമെരിയുമ്പോൾ തോളി- \ലിടിഞ്ഞു താഴുന്നെന്നഭിമാനം......\ അതിനും വയ്യല്ലോ! ഭയം, ഭയം മാത്ര-\ മടിമ ഞാൻ, തോറ്റൂ, കുനിഞ്ഞിരിക്കുന്നു...' എന്ന വരികളുള്ള തൊണ്ണൂറുകളിലെ പെൺകവിതയുടെ സ്വരമായ വിജയലക്ഷ്മിയുടെ 'മൃഗശിക്ഷകൻ' എന്ന കവിത പുതുകാലത്തെ പെൺ കവിതയിലെ പ്രതിഷേധസ്വരങ്ങളെ ഉണർത്തിക്കൊണ്ടുവരുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെങ്കിലും; എന്റെ നോട്ടക്കോണ് മറ്റൊരു ദിശയിലാണ് ഇപ്പോഴുള്ളത്. ഉമാ രാജീവിന്റെ 'ചക്കയും ചുക്കും' എന്ന കവിതയിലെ കുടുംബമെന്ന വ്യവസ്ഥയിലെ ഒരു സ്ത്രീയുടെ ശബ്ദവും, നിയന്ത്രിതവും, ഏകതാനതയും അതിനോട് ഗാർഹിക വ്യവസ്ഥകൾക്കുള്ളിൽ നിന്നുമുള്ള പ്രേതിഷേധസ്വരവും, തുടർച്ചയും വായിച്ചെടുക്കുവാൻ സാധിക്കുമ്പോൾ തന്നെ, ഏതാണ്ട് ഈ കവിതയുടെ കാലഘട്ടത്തിൽ വന്ന ധന്യ എം.ഡിയുടെ 'മ്യൂട്ടേഷൻ' എന്ന കവിതയിലെ 'കറുപ്പിൽ \ തിളങ്ങുന്ന മഞ്ഞ വരകളാൽ \ ശൗര്യമാർന്നൊരു \ കടുവപ്പെൺമുഖം' എന്ന വാരിയിലെ കടുവപ്പെൺമുഖം പുതുകാലത്തിന്റെ പെൺ കവിതയിലെ ശൗര്യമാർന്ന പെൺമുഖമായി പരിണമിക്കുന്നതായിട്ട് ഞാൻ മനസ്സിലാക്കുന്നു.
പെൺ കവിതയിൽ സ്വതവും (Identity) ഞാൻ അഥവാ അഹവും (I) തമ്മിലുള്ള സംഘർഷങ്ങളും, സ്വത്വവാദവും വളരെ ശക്തമായി തന്നെ ആധുനികതയ്ക്കും മുൻമ്പേ വിഷയമാക്കപ്പെടുന്നുണ്ടെങ്കിൽ, ഏറ്റവും പുതുപെൺകവിതകളിൽ അഹത്തിനെ (I) ഒരു വ്യക്തി എന്ന നിലയിൽ പുരുഷാധിപത്യ സാമൂഹികതയുടെ അധികാരഘടനയിൽ വ്യവസ്ഥാപിതമായ ചട്ടക്കൂടുകളെ പൊളിച്ചുമാറ്റിക്കൊണ്ട് ആർജവത്തോടെ പ്രതിഷ്ഠാപനം ചെയ്യുന്നുണ്ട്.
ഇതുകൂടാതെ ഉഭയാർത്ഥപ്രയോഗങ്ങളെ പ്രത്യേക രീതികളിൽ ക്രമപ്പെടുത്തികൊണ്ട് സൂചകങ്ങളും, ധ്വനിയാർത്ഥങ്ങളിലൂടെ കവിതതന്നെയും സംവേദനക്ഷമമാക്കുന്ന എഴുത്ത് രീതികളും മലയാളത്തിലെ കവിതകളിലടക്കം എനിക്ക് വശമുള്ള മറ്റിതര ഭാഷകളായ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ എഴുതപ്പെടുകയോ ഇവയിലേക്ക് മൊഴിപ്പകർച്ച ചെയ്യപ്പെടുകയോ ചെയ്ത സമകാലിക കവിതകളിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
'ട്രാൻസ്‌റിയലിസം' ഒരു രചനാസങ്കേതമാണ്. ഈ സങ്കേതം സയൻസ് ഫിക്ഷനുകളിലാണ് അവലംബിച്ചു കണ്ടിട്ടുള്ളത്. കവിതയിൽ ഈ സങ്കേത സാധ്യത ആദ്യമായി ഉപയോഗിക്കുന്നത് ചിലിയൻ കവി സെർജിയോ ബാദില്ല കാസ്റ്റിലോവാണ്. കവിതയ്ക്കുള്ളിലെ കാലസ്ഥലികയിലെ താത്ക്കാലിക രംഗങ്ങളുടെ രേഖീയമയ പൊരുത്തപ്പെടലുകളെ പല കാലങ്ങളിൽ അല്ലെങ്കിൽ സമയങ്ങളിൽ സമന്വയിപ്പിച്ചു കൊണ്ടും രേഖീയമായ കാവ്യാത്മക പ്രതീകങ്ങളുടെ സംവേദനത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ട് വായനക്കാരനിൽ പാരാക്രോണിക്ക് പ്രതീതി സൃഷ്ടിച്ചെടുത്തുകൊണ്ടാണ് ട്രാൻസ്‌റിയലിസം എന്ന സങ്കേതത്തിൽ കവിതകൾ എഴുതപ്പെട്ടിട്ടുള്ളത്.