TMJ
searchnav-menu
post-thumbnail

Outlook

സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായ കവിതകള്‍

21 Apr 2023   |   6 min Read
ഡോ. നിബുലാൽ വെട്ടൂർ

കാലത്തെ അതിജീവിച്ചുകൊണ്ട്, മാറിവരുന്ന എല്ലാ തലമുറകളെയും അവരുടെ ആസ്വാദനത്തെയും പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന കവിതകളാണ് കുമാരനാശാന്റേത്. ഇന്നും മലയാളകവിതയില്‍ എറ്റവുമധികം വായനയ്ക്കും പുനര്‍വായനയ്ക്കും പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമാകുന്നത് ആശാന്‍ കവിതകളാണെന്നതില്‍ സംശയമില്ല. അപൂര്‍വം ചില കവികള്‍ക്കും കാവ്യങ്ങള്‍ക്കും മാത്രമേ ഇത്തരം നിയോഗങ്ങള്‍ ലഭിക്കാറുള്ളൂ. മനുഷ്യമനസ്സിനെ അത്രത്തോളം ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ് ആശാന്‍ കവിതകളെല്ലാം. അതിന് കാരണം തീക്ഷ്ണമായ ജീവിതയാഥാര്‍ത്ഥ്യത്തിന്റെ, അനുഭവത്തിന്റെ, തീച്ചൂളയില്‍ നിന്ന് വാര്‍ന്നുവീണവയാണ് ആശാന്‍ കൃതികളില്‍ മിക്കവയും. നൈസര്‍ഗികമായ പ്രതിഭാവിലാസവും കവിതാവാസനയും അക്കാലത്തെ സാമൂഹികസാഹചര്യങ്ങളുമാണ് ആശാനെ കവിയാക്കിത്തീര്‍ത്തത്.

നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളില്‍ പലതും നിഷേധിക്കപ്പെട്ട പിന്നാക്കവിഭാഗമായ ഈഴവ സമുദായത്തില്‍ 1873 ലാണ് കുമാരനാശാന്റെ ജനനം. കേരളീയ നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണ ഗുരുവുമായുള്ള ആത്മബന്ധമാണ് കുമാരനെ കുമാരനാശാനെന്ന കവിയാക്കി മാറ്റിയത്. ശ്രീനാരായണ ഗുരുവിന്റെ നിര്‍ദേശപ്രകാരം ഡോ. പല്‍പുവിന്റെ സഹായത്തോടെയാണ് കുമാരനാശാന്‍ ബാംഗ്ലൂരിലും കല്‍ക്കത്തയിലും മറ്റും ഉപരിപഠനം നടത്തിയത്. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും മറ്റ് ഇതര ഇന്ത്യന്‍ ഭാഷകളിലും ഉണ്ടായ അറിവ് ആശാന്റെ രചനാരീതിയെത്തന്നെ മാറ്റിമറിച്ചു. ആദ്യകാലങ്ങളില്‍ ശൃംഗാരകാവ്യങ്ങളും സ്തോത്രകൃതികളും നാടകവും മറ്റും എഴുതിയിരുന്നയാളില്‍ നിന്ന് ശ്രേഷ്ഠമായ, വിശ്വമാനവികതയുടെയും അഭൗമിക സ്‌നേഹത്തിന്റെയും പ്രതീകങ്ങളായ മികച്ച കാവ്യങ്ങള്‍ എഴുതുകയും അവ കാലം ആവശ്യപ്പെടുന്ന തിരിച്ചറിവുകളിലൂടെ വായനക്കാരെയും സമൂഹത്തെയും ഉത്തുംഗങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുകയും ചെയ്തുവെന്നതാണ് കുമാരനാശാന്റെ പ്രസക്തി.


കുമാരനാശാന്‍ | Photo: Flickr

സാമൂഹികാവബോധവും വിശ്വസ്നേഹവുമാണ് ആശാന്‍ കവിതകളുടെ മുഖമുദ്ര. അടിസ്ഥാനഭാവമാകട്ടെ സ്നേഹമാണ്. ധ്വനിപ്രധാനവും വിചാരപ്രധാനവുമാണ് ആശാന്‍ കവിതകള്‍. ദാര്‍ശനികതയും സമഗ്രതയും അഗാധതയും മഹത്തായ കൃതികളുടെ ലക്ഷണമാണ്. എഴുത്തച്ഛനുശേഷം ഇവ മൂന്നും ശക്തമായി ഇണങ്ങിച്ചേരുന്നത് ആശാന്‍ കവിതയിലാണ്. കാല്പനിക കവിതയുടെ അന്തര്‍മുഖവീക്ഷണവും ബഹിര്‍മുഖവീക്ഷണവും പുതുരീതിയില്‍ ആവിഷ്‌കരിക്കാനും ജീവിതത്തിന്റെ സങ്കീര്‍ണതകളും സമസ്യകളും ധര്‍മസങ്കടങ്ങളുമൊക്കെ സത്യസന്ധമായി അവതരിപ്പിക്കുന്നതിനും ആശാന് കഴിഞ്ഞു. ആശാന്റെ കഥാപാത്രങ്ങളില്‍ പ്രധാനപ്പെട്ടവരെല്ലാം തന്നെ സ്നേഹത്തിന്റെ വ്യത്യസ്തമായ പ്രതിരൂപങ്ങളാണ്. വീണപൂവ് (1907) ദാര്‍ശനികകാവ്യമാണ്. ഭൂമിയിലെ നശ്വരതയാണ് അതിന്റെ പ്രമേയം. ക്ഷണികജീവിതവും വേര്‍പാടുമാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. വേര്‍പാടിനെ അംഗീകരിക്കാന്‍ വേണ്ടി ലോകതത്ത്വങ്ങളെ അവശ്യം വേണ്ടുന്ന ഇടങ്ങളില്‍ വിളക്കിച്ചേര്‍ക്കുന്നുണ്ട്. പൂവും മനുഷ്യനും തമ്മില്‍ വ്യത്യാസം ഒന്നുമില്ലെന്നും സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ കരങ്ങള്‍ക്കൊണ്ടുതന്നെയാണ് എല്ലാവരേയും സൃഷ്ടിച്ചിരിക്കുന്നതെന്നും കവി പറയുന്നുണ്ട്. അതൊരു പ്രപഞ്ചസത്യം കൂടിയാണ്.

'എന്നാലുമുണ്ടെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായകിടപ്പുകണ്ടും
ഒന്നല്ലി നാമയി സഹോദരരല്ലി! പൂവേ?
ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം'-

എന്ന വരികളില്‍ നിറയുന്ന ജീവിതദര്‍ശനം എത്രസത്യസന്ധവും എത്രപറഞ്ഞാലും മതിവരാത്തതുമാണ്. തത്ത്വചിന്തയുടെ വലിയസഞ്ചയം തന്നെ ആശാന്‍ കവിതകളില്‍ കാണാം. വിശ്വമാനവികതയില്‍ ഊന്നിയ തത്ത്വചിന്തകളാണ് അവ. നിലത്തുവീണുകിടക്കുന്ന പൂവിനെ ഇതിവൃത്തമാക്കിക്കൊണ്ട് / വീണുകിടക്കുന്ന പൂവിലേക്ക് മനുഷ്യചേതനയെ അധ്യാരോപം ചെയ്ത് പ്രേമം, പ്രേമഭംഗം, ദുഃഖം, ക്ഷണികത, മരണം തുടങ്ങിയ മനുഷ്യജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും അതില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് 'വീണപൂവ്' എന്ന കാവ്യശില്പം ആശാന്‍ തീര്‍ത്തിരിക്കുന്നത്.  ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിലും മലയാളസാഹിത്യത്തില്‍ നിലനിന്നിരുന്ന നിയോക്ലാസിക് ശൈലിയെ മറികടന്ന്, കാല്പനികതയുടെ തെളിനീരുകൊണ്ടാണ് കാവ്യം ചമച്ചത്. സ്തോത്രകൃതികളും ശ്യംഗാരശ്ലോകങ്ങളും മറ്റും എഴുതിയിരുന്ന ആളില്‍ നിന്നാണ് കാല്പനികതയുടെ വസന്തം വിടര്‍ന്നതെന്ന് ഓര്‍ക്കണം. നിരന്തരം പുതുക്കാനുള്ള കവി ശ്രമമാണ് അതിന് പിന്നില്‍. പഴകിമടുത്ത കാവ്യശൈലിയില്‍ നിന്ന് പുതുമയുടെ നറുവെളിച്ചമാണ് ആശാന്‍ സമ്മാനിച്ചത്.

തത്ത്വചിന്തപോലെ തന്നെ ആശാന്‍കവിത മുന്നോട്ടുവയ്ക്കുന്ന ഒരു തലമാണ് സ്വാതന്ത്ര്യബോധം. വ്യക്തിസ്വാതന്ത്ര്യത്തില്‍ നിന്ന് സമൂഹത്തിലേക്കും സമൂഹത്തില്‍ നിന്ന് ദേശീയതലത്തിലേക്കുമെന്നതായിരുന്നു ആശാന്റെ വീക്ഷണം. ഈ വീക്ഷണത്തെ പലരും തിരിച്ചറിഞ്ഞില്ലെന്ന വസ്തുതയുമുണ്ട്. അതുകൊണ്ടുതന്നെ ആശാന്‍ ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും എഴുതിയില്ലെന്നും പറഞ്ഞുവച്ചര്‍ ഉണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല. വ്യക്തിക്കുണ്ടാകുന്ന എല്ലാത്തരം വിലക്കുകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ് ആശാന്‍ ആഗ്രഹിച്ചതും ലക്ഷ്യംവച്ചതും. നൂറ്റാണ്ടുകളായി സാധാരണക്കാരായ ആളുകള്‍ അനുഭവിച്ച് കൂട്ടുന്ന ജാതിസമ്പ്രദായത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം അതായിരുന്നു ആശാന് പരമപ്രധാനം. പാരതന്ത്ര്യത്തിന്റെ പര്‍വതക്കെട്ടില്‍നിന്ന് എല്ലാ പാര്‍ശ്വവത്കൃതരെയും മോചിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സമതലങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ആശാന്‍ ആഗ്രഹിച്ചതും അതിനാണ് അദ്ദേഹം തന്റെ കാവ്യത്തിലൂടെ യത്നിച്ചതും.

 
'വീണപൂവ്' പുസ്തകത്തിന്റെ കവർ 


'സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം.'

തീക്ഷ്ണമായ ജാതിവ്യവസ്ഥയിലൂടെ എല്ലാ മനുഷ്യരുടെയും എല്ലാത്തരത്തിലുമുള്ള സ്വാതന്ത്ര്യത്തെയും തടഞ്ഞുനിര്‍ത്തിയിരുന്ന കാലത്താണ് ആശാന്‍ ഈ വരികള്‍ എഴുതുന്നത്. ജാതീയമായ അടിമത്തവും ചൂഷണവുമില്ലാത്ത സമൂഹമായിരുന്നു ആശാന്റെ ദര്‍ശനം. അതുകൊണ്ടുതന്നെയാണ് ആശാന്‍ തുടര്‍ന്ന്
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍ ' - എന്ന് പറയേണ്ടിവന്നത്.

ആശാന്‍ കൃതികളില്‍ വ്യതിരിക്തമായ രീതിയില്‍ നിലകൊള്ളുന്ന കാവ്യമാണ് 'നളിനി - അല്ലെങ്കിൽ  ഒരു സ്നേഹം'(1911). പുരാണകഥാപാത്രങ്ങള്‍ കവിതാരംഗത്ത് വാണരുളിയ  കാലത്താണ് ആശാന്‍ കല്പിതകഥയുമായി, നളിനിയുമായി രംഗത്ത് എത്തുന്നത്. അതുതന്നെ മലയാള കവിതാരംഗത്തെ പുതുമയായിരുന്നു. വീണപൂവിലൂടെ ആശാന്‍ മുന്നോട്ടുവച്ച നവഭാവുകത്വവും കാല്പനികകാവ്യപ്രപഞ്ചവും വളരെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന കാവ്യമാണ് നളിനി. ഇതിവൃത്തത്തിലും പ്രതിപാദനത്തിലും വ്യത്യസ്തതപുലര്‍ത്തിയ കാവ്യമാണിത്. സ്ത്രീസങ്കല്പത്തിലും പുരുഷസങ്കല്പത്തിലും മനഃശാസ്ത്രതലത്തിലും വേദാന്തതലത്തിലും സൂര്യനും താമരയും പോലെയുള്ള പ്രണയസങ്കല്പത്തിലും നിന്നുകൊണ്ട് വ്യത്യസ്തമായ വായന നടത്താന്‍ കഴിയുന്ന കാവ്യമാണ് നളിനി. ഭൗതിക ജീവിതവും ആദ്ധ്യാത്മിക ജീവിതവും തമ്മിലുള്ള സംഘര്‍ഷവും ഈ കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം കൂടിയായി ഈ കവിതയെ കാണാം. കൂടാതെ ഉദാത്തമായ പ്രണയത്തിന്റെ സാക്ഷ്യമാണ് ഈ കവിത. പ്രണയിക്കാനും പ്രണയം പുരുഷനോട് തുറന്നുപറയാനും നളിനി കാണിക്കുന്ന ധൈര്യമുണ്ടല്ലോ, അതു തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യപ്രഖ്യാപനം. ഇതിന്റെ തുടര്‍ച്ച ലീലയിലും കരുണയിലും ദുരവസ്ഥയിലും മറ്റും കാണാന്‍ കഴിയും. ആണ്‍കോയ്മയുടെ വാര്‍പ്പുമാതൃകകളായ സ്ത്രീസങ്കല്പങ്ങളെയാണ് ആശാന്‍ തന്റെ നായികമാരിലൂടെ പൊളിച്ചെഴുതുന്നത്.

'ആര്യ, മുന്‍പരിചയങ്ങള്‍ നല്‍കിടും
ധൈര്യമാര്‍ന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി! കേള്‍ക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും'. 

എന്നുള്ള പറച്ചില്‍ തന്നെ നളിനി സന്ദേഹപ്പെടുകയാണ്. സ്ത്രീക്ക് പ്രണയിക്കാന്‍, അത് തുറന്നുപറയാന്‍ കഴിയാതിരുന്ന കാലത്തിന്റെ പ്രതിനിധിയാണ് നളിനിയെങ്കിലും അവള്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിലേക്ക് എത്തിച്ചേരുകയാണ്. അക്കാലത്ത് സ്ത്രീയിലേക്ക് അടിച്ചേല്‍പ്പിച്ചിരുന്ന അലിഖിതമായ സാമൂഹിക നിയമത്തിന്റെ ലംഘനം തന്നെയാണ് നളിനിയെക്കൊണ്ട് ആശാന്‍ ചെയ്യിക്കുന്നത്.


'നളിനി - അല്ലെങ്കിൽ  ഒരു സ്നേഹം' പുസ്തകത്തിന്റെ കവർ 

'സ്നേഹത്തില്‍ നിന്നുദിക്കുന്നുലോകം
സ്നേഹത്താല്‍ വൃദ്ധിതേടുന്നു'-

എന്ന് പറയുമ്പോള്‍ ആശാന്റെ സ്നേഹസങ്കല്പം എത്രത്തോളം വിശാലമാണ്. 'മാംസനിബദ്ധമല്ലാരാഗം' എന്നുകൂടി ആശാന്‍ പറഞ്ഞുവയ്ക്കുമ്പോള്‍ സ്നേഹത്തിന്, പ്രണയത്തിന് ഉണ്ടാകുന്ന മാനം എത്രത്തോളം വലുപ്പമുള്ളതാണെന്ന് മനസ്സിലാകും. 'സ്നേഹരാഹിത്യം മരണമാണെന്ന ബോധം' ആശാന്‍ കവിത മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്നേഹത്തിന്റെ പൂര്‍ണത ത്യാഗത്തില്‍ അന്തര്‍ലീനമാണെന്ന ബുദ്ധമതതത്ത്വവും കവിതകളില്‍ കാണാം.

വിധിതല്ലിത്തകര്‍ത്ത ലീലയുടെ ദുരന്തജീവിതമാണ് ലീലാകാവ്യം. കാവ്യത്തിലെ രണ്ടാമത്തെ പദ്യത്തില്‍തന്നെ 'വിധിവാട്ടിയ കര്‍ണവീഥിയില്‍' എന്ന് വിധിയെക്കുറിച്ച് പറഞ്ഞാണ് കവി മുന്നേട്ടുപോകുന്നത്. ആദ്യം തന്നെ കാമുകനെ ലീലയ്ക്ക് നഷ്ടപ്പെടുന്നു. അച്ഛന്റെ താല്പര്യപ്രകാരം മറ്റൊരുവനെ സ്വീകരിക്കേണ്ടിവരുന്നു. പിന്നീട് ഭര്‍ത്താവും പിതാവും അമ്മയും മരിച്ചു. തിരികെ നാട്ടില്‍വരുമ്പോള്‍ കാമുകന്‍ നാടുവിട്ട് പോയിരുന്നു. അവനെ കണ്ടെത്തുമ്പോള്‍ അവന്‍ നദിയില്‍ ചാടി ആത്മഹത്യചെയ്യുന്നു. തുടക്കം മുതല്‍ ഒടുക്കംവരെ ദുരന്തം വേട്ടയാടിയ ജീവിതമാണ് ലീലയുടേത്. മരണത്തിന്റെ നനുത്ത സ്പര്‍ശവും ആദ്യന്തം ലീലയില്‍ കാണാന്‍ കഴിയുന്നുണ്ട്. നളിനിയില്‍ സാത്വിക ഭാവമായിരുന്നെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി ലീല മനുഷികാവസ്ഥയിലേക്ക് പരിണമിച്ച കൃതിയാണ്. തനിക്ക് മദനനോടുള്ള പ്രണയം തന്റെ പിതാവിനോട് തുറന്നുപറയാന്‍ പറ്റാത്തതുമൂലം ഉണ്ടായ ദുരന്തങ്ങളാണ് ലീല അനുഭവിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം അവള്‍ സ്വതന്ത്രയാവുകയും കാമുകനെ അന്വേഷിച്ച് ഇറങ്ങുകയും ചെയ്യുന്നുണ്ട്.

'യുവജനഹൃദയം സ്വതന്ത്രമാണ-
വരുടെ കാവ്യപരിഗ്രഹേച്ഛയില്‍'

എന്ന വരികളിലൂടെ പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ജാതിചിന്തയില്ലാതെ ഒരുമിച്ച് ജീവിക്കുന്നതിന് മറ്റാരുടെയും ആവശ്യമില്ലെന്നു ശക്തമായിത്തന്നെ ആശാന്‍ പറയുന്നു. കൂടാതെ എല്ലാറ്റിലും ജാതിചിന്ത മനസ്സില്‍ കൊണ്ടുനടക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന വരികള്‍ കൂടിയാണ് ഇത്.

സീത ജീവിതത്തിന്റെ അവസാനസമയത്ത് തന്റെ ജീവിതത്തിലേക്കുതന്നെ തിരിഞ്ഞുനോക്കി നടത്തുന്ന ആത്മഭാഷണത്തിന്റെ തീവ്രമായവേദനയും ദാര്‍ശനികചിന്തകളും വിമര്‍ശനങ്ങളും അടങ്ങിയ കാവ്യമാണ് 'ചിന്താവിഷ്ടയായ സീത'. സ്ത്രീയുടെ അസ്വാതന്ത്ര്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന 'രാഷ്ട്രീയകാവ്യം' കൂടിയാണ് ചിന്താവിഷ്ടയായ സീത. സ്ത്രീക്ക് അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ചിരുന്ന കാലത്താണ് ഉത്തമപുരുഷനായ രാമനോട് ചില ചോദ്യങ്ങളൊക്കെ സീത തുറന്നുചോദിക്കുന്നത്. അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഉത്തമന്മാരെന്ന് സ്വയം നടിക്കുന്ന പുരുഷന്മാരുടെയെല്ലാം പ്രതിനിധാനമാണ് രാമന്‍. നീതി നിഷേധിക്കപ്പെട്ട എല്ലാ പെണ്ണിന്റെയും പ്രതിനിധാനമാണ് സീത. ഉറച്ചതും സ്വത്വബോധമുള്ളതുമായ സാമൂഹിക മനഃസാക്ഷിയുടെ പ്രതീകമായ സീതയെയാണ് ചിന്താവിഷ്ടയായ സീതയില്‍ കാണുന്നത്. സീത തന്റെ മനസ്സിന്റെ കോടതിയില്‍ രാമനെ നിര്‍ത്തിയാണ് വിചാരണ ചെയ്യുന്നത്. സീതാകാവ്യം പുനര്‍വായനയ്ക്ക് വിധേയമാക്കുമ്പോള്‍ രാമനിലൂടെ ഭരണകൂടത്തെയും അധികാരത്തെയും പാരമ്പര്യത്തെയുമെല്ലാം നിശിതമായി വിമര്‍ശിക്കുന്നുണ്ടെന്ന് കാണാന്‍ കഴിയും. അപകീര്‍ത്തിയോടുള്ള ഭയവും അധികാരത്തോടും സത്കീര്‍ത്തിയോടുമുള്ള രാമന്റെ അമിതതാല്പര്യവുമാണ് തന്നെ ഉപേക്ഷിക്കുന്നതിലേക്ക് എത്തിച്ചേര്‍ന്നതെന്ന് സീത വിശ്വസിക്കുന്നു. ധര്‍മ സംഹിതകളിലെ മനുഷ്യത്വവിരുദ്ധതയേയും സീത ചോദ്യം ചെയ്യുന്നുണ്ട്. അധികാരത്തിന്റെ ബലത്തിനിടയില്‍പ്പെട്ട് പോകുന്ന സാധാരണക്കാരുടെയും സ്ത്രീകളുടെയും ശബ്ദമായി ഈ കാവ്യം മാറുന്നുണ്ട്. കവിതയില്‍ മാത്രമല്ല ജീവിതത്തിലും സ്ത്രീക്ക് സ്വത്വബോധം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ച കവിയാണ് ആശാന്‍.

'പ്രിയരാഘവാ ! വന്ദനം ഭവാ-
നുയരുന്നു ഭുജശാഖവിട്ടു ഞാന്‍
ഭയമറ്റുപറന്നുപോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ'-(ചിന്താവിഷ്ടയായ സീത)

എന്ന് സീതയെക്കൊണ്ട് ആശാന്‍ പറയിക്കുമ്പോള്‍ സ്ത്രീസ്വാതന്ത്ര്യം വിപുലമാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ സ്വതന്ത്ര-സ്ത്രീത്വത്തിന്റെ പ്രതീകമായി സീത മാറുന്നു.


'ചിന്താവിഷ്ടയായ സീത' പുസ്തകത്തിന്റെ കവർ

1922 സെപ്തംബറിലാണ് 'ദുരവസ്ഥ' എഴുതുന്നത്. തുടര്‍ന്ന് ഇതേവര്‍ഷം തന്നെ ഡിസംബറില്‍ 'ചണ്ഡാലഭിക്ഷുകി'യും എഴുതി. ദുരവസ്ഥയുടെ സഹോദരിയാണ് ചണ്ഡാലഭിക്ഷുകിയെന്ന് ആമുഖത്തില്‍ തന്നെ കവി സൂചിപ്പിക്കുന്നുണ്ട്. ഹിന്ദു-മുസ്ലീം ലഹളയ്ക്ക് അപ്പുറം യാഥാസ്ഥിതികരുടെ കരണത്ത് നല്‍കിയ അടിയായിരുന്നു ദുരവസ്ഥ എന്ന കാവ്യം. വര്‍ഗീയലഹളയെത്തുടര്‍ന്ന് അഭയാര്‍ത്ഥിയായ സാവിത്രി അന്തര്‍ജനത്തെ ചാത്തന്‍പുലയനോട് ചേര്‍ക്കുമ്പോള്‍ കവിത വിപ്ലവത്തിന്റെ തീജ്ജ്വാലയായി മാറുന്നു. ജാതിവ്യവസ്ഥിതി രൂക്ഷമായിരുന്ന കാലത്ത്, തീണ്ടലും തൊടീലും നിഷിദ്ധമായ കാലത്താണ് കുമാരനാശാന്‍ സ്വതന്ത്രജീവിതത്തിന്, മിശ്രജീവിതത്തിന് തിരികൊളുത്തുന്നത്.

'മുമ്പോട്ടുകാലം കടന്നുപോയിടാതെ
മുമ്പേ സ്മൃതികളാല്‍ കോട്ടകെട്ടിവാണ' 

അധികാരത്തിന്റെ നേരെയാണ് ദുരവസ്ഥയിലൂടെ ആശാന്‍ വെല്ലുവിളി നടത്തുന്നത്.

'നിന്നെക്ഷണിക്കുന്നേന്‍,
വന്നേല്‍ക്കണേയെന്നെളിയദാനം'

എന്ന് സാവിത്രി പറഞ്ഞ് ചാത്തന്‍പുലയന്റെ കൈപിടിച്ചപ്പോള്‍ കേരളത്തിലെ ജാതിയുടെയും തീണ്ടലിന്റെയും തൊടീലിന്റെയും വന്‍മതിലുകളാണ് തകര്‍ന്നുവീണത്.

'അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
ഹന്തനിര്‍മിച്ചു ചെറുമനേയും'

എന്നുകൂടി കവി പാടുമ്പോള്‍ മാനവികത കൃത്യമാവുകയാണ്. പല മാനങ്ങളുള്ള കൃതി കൂടിയാണ് ദുരവസ്ഥ. 1921ലെ മാപ്പിളലഹളയുടെ പശ്ചാത്തലത്തിലാണ് കവിതയുടെ രചന. 

നൂറ്റാണ്ടുകള്‍ക്ക് മുന്നേ തുടങ്ങി ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ വരെ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹികാവസ്ഥയോടുള്ള ഒരു എഴുത്തുകാരന്റെ കാവ്യപ്രതികരണമാണ് ചണ്ഡാലഭിക്ഷുകി. ബുദ്ധമതത്തിന്റെ ദര്‍ശനസ്വാധീനം ഏറെയുള്ള കൃതിയാണ് ഇത്. ചാതുര്‍വര്‍ണ്യത്തിന്റെ അര്‍ത്ഥശൂന്യത വെളിവാക്കുന്നതിനും ശ്രീബുദ്ധന്‍ മുന്നോട്ടുവച്ച മാനവികതാബോധം പകര്‍ന്നു നല്‍കുന്നതിനുമാണ് ആശാന്‍ ചണ്ഡാലഭിക്ഷുകി എഴുതിയത്. കവിതയില്‍ അതിന്റെ രസച്ചരട് പൊട്ടാതിരിക്കാന്‍ പ്രണയത്തിന്റെ വര്‍ണപ്പൊട്ടുകളും ആശാന്‍ വിതറിയിട്ടുണ്ട്.


'ദുരവസ്ഥ' പുസ്തകത്തിന്റെ കവർ 

'ജാതിചോദിക്കുന്നില്ല സോദരീ
ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ'

എന്ന് ആനന്ദന്‍ എന്ന ബുദ്ധഭിക്ഷു ചണ്ഡാലിയായ മാതംഗിയെ അഭിസംബോധന ചെയ്യുമ്പോള്‍ ഭഗിനി, സോദരി എന്നീ പ്രയോഗങ്ങള്‍ ബുദ്ധമതത്തിന്റെ സാഹോദര്യദര്‍ശനത്തെയും അതോടൊപ്പം തന്നെ ജാതിവ്യവസ്ഥിതിയില്‍ അവര്‍ണരെ വിളിച്ചിരുന്ന അപരിഷ്‌കൃതമായ പേരുവിളികളോടുള്ള പ്രതിഷേധം കൂടിയാണ്.

'അജ്ജാതി രക്തത്തിലുണ്ടോ-
അസ്ഥിമജ്ജ ഇതുകളിലുണ്ടോ
ചണ്ഡാലിതൻ മെയ് ദ്വിജന്റെ -
ബീജ - പിണ്ഡത്തിനൂഷരമാണോ ?'

എന്ന ചോദ്യം വിപ്ലവകരമാണ്. ബുദ്ധിസ്റ്റ് തത്ത്വചിന്തകനും പണ്ഡിതനുമായ പ്രെഫ. ലക്ഷ്മിസരസുവിന്റെ 'ബുദ്ധിസം ആന്‍ഡ് കാസ്റ്റ്' എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ് കവിതയുടെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. കഥ നടക്കുന്നത് ഉത്തരശ്രാവസ്ഥിയിലാണെങ്കിലും വ്യംഗാര്‍ത്ഥത്തില്‍ അത് കേരളത്തില്‍ തന്നെയാണെന്ന് സംശയമേതുമില്ല. കവിതയുടെ അവസാനഭാഗത്ത് എത്തുമ്പോള്‍ സാമൂഹികനീതിക്കും സമത്വത്തിനും വേണ്ടി സ്നേഹത്തെ കൂട്ടുപിടിക്കുന്നതായി കാണാം.

'നരനു നരനശുദ്ധ വസ്തുവാണുപോലും
ധരയില്‍ നടപ്പതു തീണ്ടലാണുപോലും
നരകമിവിടമാണു ഹന്ത, കഷ്ടം
ഹരഹര ഇങ്ങനെ വല്ലനാടുമുണ്ടോ..?'

എന്ന ചോദ്യം ഇന്നും വായനക്കാരനെയും സമൂഹത്തെയും ഒരുപോലെ പൊള്ളിക്കുന്നുണ്ട്. മാത്രവുമല്ല ഈ 21-ാം നൂറ്റാണ്ടിലും ചോദ്യത്തിന് പ്രസക്തിയേറെയാണ്. സാമൂഹികപുരോഗമനത്തിന്റെ ആത്മഛായയുള്ളവരാണ് ആശാന്റെ കഥാപാത്രങ്ങളെല്ലാംതന്നെ. നിലവിലുള്ള വ്യവസ്ഥിതിക്കുനേരെ കലഹിക്കുന്നവരാണല്ലോ എല്ലാക്കാലത്തും എഴുത്തുകാര്‍. അത്തരത്തില്‍ നോക്കുമ്പോള്‍ വ്യവസ്ഥിതികള്‍ക്കു നേരെയുള്ള കലഹങ്ങളായിരുന്നു ആശാന്‍ കവിതകള്‍ എന്ന് പറയാം. സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ളതായിരുന്നു ആ കാവ്യകലഹങ്ങളില്‍ ഏറെയും. അത് തന്നെയാണ് ആശാന്‍ കവിതകളുടെ പ്രസക്തിയും.1924 ജനുവരി 16ന് ഉണ്ടായ ബോട്ടപകടത്തിലാണ് കവിതകൊണ്ട് സാമൂഹികവിപ്ലവം നടത്തിയ കുമാരനാശാന്‍ മരണമടയുന്നത്.


#outlook
Leave a comment