ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയോ?
ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നതുകൊണ്ട് ഇന്ത്യയ്ക്ക് സമാധാനിക്കാനാകുമോ? ഇല്ല എന്ന് ഉച്ചത്തില്‍ പറയേണ്ടി വരും. ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയും അസ്ഥിരതയും ഇന്ത്യയുടെ അതിര്‍ത്തി അശാന്തമാക്കും എന്നത് മാത്രമല്ല, അവിടെയുണ്ടായിട്ടുള്ള പ്രതിസന്ധി ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയം കൊണ്ട് കൂടിയാണെന്നതാണ് കാരണം. ഉപഭൂഖണ്ഡത്തില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ അയല്‍പക്ക സര്‍ക്കാരായിരുന്നു ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീനയുടേത്. ആ സര്‍ക്കാരാണ് വീണത്. ആ വീഴ്ച മുന്‍കൂട്ടി കണ്ടെത്തി തടയിടാന്‍ നമ്മുടെ രഹസ്യാന്വേഷണ വിഭാഗം അമ്പേ പരാജയപ്പെട്ടു.
ബംഗ്ലാദേശിലെ പ്രതിസന്ധി അവരുടെ ആഭ്യന്തരകാര്യം മാത്രമല്ല. അത് ഇന്ത്യയുടെ സുരക്ഷയെ ദുര്‍ബലപ്പെടുത്തുന്നത് കൂടിയാണ്. ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് മടങ്ങി പോയാലും ആ സുരക്ഷാ പ്രതിസന്ധി അവസാനിക്കില്ല. അവിടെ ഹസീന സര്‍ക്കാരിനെ പോലെ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ കൂടിയുണ്ടാകണം. അല്ലാത്തപക്ഷം നമ്മുടെ രാജ്യത്തിന്റെ അകത്തും പുറത്തും അതിന്റെ പ്രതിഫലനമുണ്ടാകും.
SHEIKH HASINA | PHOTO : WIKI COMMONS
അമേരിക്ക, ചൈന, പാകിസ്ഥാന്‍ പിന്നെ ഇന്ത്യ
അമേരിക്കയ്ക്കും ചൈനയ്ക്കും ഒരു പോലെ അനഭിമതയായിരുന്നു ഷെയ്ഖ് ഹസീനയെന്ന ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി. ഇന്ത്യയുമായുള്ള അവരുടെ അടുപ്പം പാകിസ്ഥാന്റെയും ശത്രുവാക്കി. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുമായി കര അതിര്‍ത്തിയും ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളുമായി സമുദ്ര അതിര്‍ത്തിയും ഇന്ത്യ പങ്കിടുന്നു. ഇതില്‍ ഇന്ത്യ സുരക്ഷ ഭീഷണി നേരിടുന്നത് പ്രധാനമായും പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമാണ്. പാകിസ്ഥാന്‍ നേരിട്ടും അഫ്ഗാന്‍ വഴിയും ഇന്ത്യയെ അസ്ഥിരമാക്കാന്‍ ശ്രമിക്കുമ്പോള്‍ ചൈന മറ്റ് അയല്‍രാജ്യങ്ങളെ കൂടി ഇന്ത്യയ്‌ക്കെതിരെ തിരിക്കാനുള്ള കടുത്ത ശ്രമത്തിലാണ്. ഇതിനിടയില്‍ ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന അയല്‍പക്ക സര്‍ക്കാരായിരുന്നു ഷെയ്ഖ് ഹസീനയുടേത്. ആ നല്ല അയല്‍പക്ക സര്‍ക്കാരാണ് ഇപ്പോള്‍ നിലം പറ്റിയിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം വഷളായപ്പോള്‍ ബംഗ്ലാദേശിനെ കൂടെ കൂട്ടി ഏഷ്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. ബംഗ്ലാദേശില്‍ വായുസേന ആസ്ഥാനമുണ്ടാക്കാനുള്ള അമേരിക്കയുടെ ആവശ്യം ഷെയ്ഖ് ഹസീന അപ്പാടെ തള്ളിയിരുന്നു. ഇന്ത്യയുടെ പിന്തുണയില്‍ വിശ്വസിച്ചിരുന്ന ഹസീനയ്ക്ക് അന്ന് അമേരിക്കയുടെ പിന്തുണ ആവശ്യമായി തോന്നിയില്ല. ഹസീന ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്തതിന് പിന്നാലെ അമേരിക്കയും സഖ്യകക്ഷിയായ ബ്രിട്ടനും അവരുടെ വീസ റദ്ദാക്കുകയും ചെയ്തു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഐഎസ്‌ഐയും
കഴിഞ്ഞ മാസമാണ് ബംഗ്ലാദേശില്‍ സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തിപ്പെട്ടതെങ്കിലും മാസങ്ങള്‍ക്ക് മുമ്പേ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവെന്ന വിവരമാണ് ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ പുറത്തുവരുന്നത്. ഹസീന സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ഐഎസ്‌ഐയും കൈകോര്‍ത്തു എന്ന വിവരം ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. ബിഎന്‍പി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാസിയയുടെ മകനുമായ താരിഖ് റഹ്മാന്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചുവെന്നാണ് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്നത്. കൂടികാഴ്ച സംബന്ധിച്ച് മറ്റ് സ്ഥിരീകരണങ്ങളില്ലെങ്കിലും ഇവര്‍ തമ്മില്‍ കണ്ടുവെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെടുന്ന തീയതിക്ക് ശേഷമാണ് അവിടെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തിപ്പെട്ടത്. ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ കീഴിലുള്ളപ്പോഴല്ല, അവര്‍ രാജി വച്ച് രാജ്യം വിട്ട ശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഈ ഗൂഢാലോചനയുടെ വിവരം പുറത്തുവരുന്നത്. ഈ കൂടികാഴ്ചയും മറ്റ് ഗൂഢാലോചനകളും നടന്നത് നമ്മുടെ രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല എന്നതാണ് ഇതില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര വീഴ്ച. ഗൂഢാലോചന കണ്ടെത്തി അത് തടഞ്ഞ് ഷെയ്ഖ് ഹസീന സര്‍ക്കാരിനെ നിലനിര്‍ത്താനായില്ല എന്നതല്ല വീഴ്ചയുടെ ഗുരുതരാവസ്ഥ വര്‍ധിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് കടുത്ത സുരക്ഷാ ഭീഷണി ഉയര്‍ത്താന്‍ ഇടയുള്ള കൂട്ടുകെട്ട് ബംഗ്ലാദേശിനും പാകിസ്ഥാനുമിടയില്‍ ഉണ്ടായത് അറിഞ്ഞില്ല എന്നതാണ്.
BANGLADESH STUDENT PROTEST | PHOTO : WIKI COMMONS
അശാന്തമായ അയല്‍പക്കവും വര്‍ധിക്കുന്ന ശത്രു സ്വാധീനവും
അയല്‍രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയതന്ത്രം പാളുന്നതും പരാജയപ്പെടുന്നതും തുടര്‍ക്കഥയാവുകയാണ്. ദേശീയ വികാരം ആളികത്തിക്കാന്‍ നയതന്ത്രം ഉള്‍പ്പെടെ പാകിസ്ഥാനുമായുള്ള എല്ലാതര ബന്ധങ്ങളും 2014 ലെ ചില നീക്കങ്ങള്‍ക്ക് ശേഷം മോദി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. സമുദ്രാതിര്‍ത്തി പങ്കിടുന്ന മാലിദ്വീപുമായും ശ്രീലങ്കയുമായുമുള്ള നയതന്ത്ര ബന്ധത്തിലും വലിയ ഉലച്ചില്‍ തട്ടി. ഇരു രാജ്യങ്ങളേയും ചൈനീസ് പക്ഷത്ത് എത്തിക്കുക വരെ ചെയ്തു ആ വീഴ്ച. ബംഗ്ലാദേശിലെ സൗഹൃദ സര്‍ക്കാര്‍ കൂടി വീണതോടെ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ നല്‍കുന്ന ഒരു സര്‍ക്കാരും ഇന്ന് ഉപഭൂഖണ്ഡത്തിലില്ല. നേപ്പാളും, ഭൂട്ടാനും പോലെ താരതമ്യേന ദുര്‍ബലരായ രാജ്യങ്ങളുടെ പിന്തുണകൊണ്ട് നേരിടാവുന്ന വെല്ലുവിളിയല്ല ഇന്ത്യ ഇന്ന് ഏഷ്യയില്‍ നേരിടുന്നത്. അതിനിടയിലാണ് നമ്മുടെ വീഴ്ച കൊണ്ട് ബംഗ്ലാദേശ് പോലെ കരുത്തുള്ള രാജ്യം ശത്രുപക്ഷത്ത് എത്തുന്നത്. ഈ വീഴ്ചയുടെ ഉത്തരവാദിത്വം ആര്‍ക്കാണ്? രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനോ, അതിനൂതനമെന്ന് അവകാശപ്പെടുന്ന രഹസ്യാന്വേഷണ വിഭാഗത്തിനോ? ഉത്തരം പ്രതീക്ഷിക്കേണ്ടതില്ല. ലഭിക്കാന്‍ പോകുന്നത് പതിവ് നെഞ്ച് വിരിവിന്റെ വീര ധീര കഥകളാകും.