
മാനഭംഗപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ
കേരള രാഷ്ട്രീയത്തിൽ ഉയർന്നുവരുന്ന ലൈംഗികാരോപണങ്ങൾ സ്ത്രീകളുടെ മനുഷ്യാവകശങ്ങളെയും അവരുടെ അന്തസ്സിനെയും കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കൂടുതൽ അവബോധമുണ്ടാകാൻ ഇടയാക്കേണ്ടതായിരുന്നു. എന്നാൽ അങ്ങനെ സംഭവിക്കുന്നില്ല എന്ന് മാത്രമല്ല, സ്ത്രീകളുടെ പരാതികളെ നിസാരവൽക്കരിക്കുന്ന പ്രവണതയും കൂടി വരികയാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം നമ്മെ ഓർമ്മിപ്പിക്കുന്നത്. സാധാരണക്കാരോ മറ്റ് തൊഴിൽ മേഖലകളിൽ ഉള്ളവരോ ലൈംഗികാരോപണങ്ങൾക്ക് വിധേയമാകുന്നത് പോലെയല്ല ഒരു ജനപ്രതിനിധിയുടെയോ പൊതുപ്രവർത്തകന്റെയോ നേർക്ക് ആരോപണം ഉണ്ടാകുന്നത്. പൊതുസമൂഹത്തെ ആകെ ബാധിക്കുന്ന വിഷയമായിട്ടാണ് അത് ചർച്ച ചെയ്യപ്പെടുന്നത്.
സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ വിശേഷിപ്പിക്കാൻ ഈ അടുത്ത കാലം വരെ ഉപയോഗിച്ചിരുന്ന വാക്കാണ് മാനഭംഗം സംഭവിച്ചു എന്നത്. മാനമില്ലാത്ത പ്രവൃത്തി അവനാണ് ചെയ്യുന്നതെങ്കിലും അവളെ മാനഭംഗപ്പെടുത്തി എന്നാണ് പത്രങ്ങൾ പോലും ഉപയോഗിച്ചിരുന്നത്. എന്നാൽ ഒരു പൊതുപ്രവർത്തകന്റെ നേരെ ലൈംഗികാരോപണം ഉണ്ടാകുമ്പോൾ അയാളുൾപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിനാകെയാണ് മാനക്കേടുണ്ടാവുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ | PHOTO : WIKI COMMONS
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ എത്തുന്നതിന് മുമ്പ് ഏകദേശം ഒൻപതോളം ലൈംഗിക പീഡന പരാതികൾ അയാൾക്കെതിരെ നേതൃത്വത്തിന് ലഭിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അന്നത് ഗൗരവത്തിൽ എടുക്കാൻ നേതൃത്വം തയ്യാറാവുകയും ഇരകളായവരുടെ മുറിവ് ഉണക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ പരാതികൾ ഈ രീതിയിൽ വീണ്ടും പൊതുരംഗത്ത് ചർച്ച ചെയ്യപ്പെടില്ലായിരുന്നു. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും നേതൃസ്ഥാനത്തുള്ള തങ്ങളുടെ അംഗങ്ങളെക്കുറിച്ചുള്ള ലൈംഗിക പീഡന പരാതികൾ ഗൗരവത്തിൽ എടുക്കാറില്ലെന്നാണ് മുൻ അനുഭവങ്ങൾ വെളിവാക്കുന്നത്. അഥവാ അങ്ങനെ ഗൗരവത്തിൽ എടുത്തിട്ടുള്ള പരാതികൾ ഉണ്ടെങ്കിൽ അവ പൊതു ഇടത്തേക്ക് വരാതെയിരുന്നിട്ടുമുണ്ടാവാം.
കേരള നിയമസഭയിൽ ലൈംഗീക പീഡന ആരോപണങ്ങൾ നേരിട്ട നാല് പേരാണ് ഇപ്പോൾ ഉള്ളത്. കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം നിയമങ്ങൾ നിർമ്മിക്കുന്ന സഭയിലാണ് ഇവർ നാല് പേരും ഉള്ളത് എന്നത് ഏറ്റവും ആശങ്കാജനകമാണ്. തങ്ങൾ ഏതെങ്കിലും തരത്തിൽ സ്ത്രീകളോട് അനീതി പ്രവർത്തിച്ചിട്ടുണ്ടെന്ന് അംഗീകരിക്കാൻ തയ്യാറാകാത്തവരാണ് ഇവർ. എന്നു മാത്രമല്ല അതിലൊരാൾ, എൽദോസ് കുന്നപ്പള്ളി, കേരളത്തിനൊരു പുരുഷാവകാശ കമ്മീഷൻ ആവശ്യമുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത എംഎൽഎയാണ്. അതായത് സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചോ സാമൂഹ്യ രാഷ്ട്രീയ പദവികളെക്കുറിച്ചോ ലിംഗസമത്വത്തിന്റെയും ലിംഗനീതിയുടെയും അപര്യാപ്തതകളെക്കുറിച്ചോ പ്രാഥമിക ബോധം പോലും ഇല്ലാത്ത ഒരാളാണെന്നർത്ഥം. ഇവരെ ന്യായീകരിച്ചും ഒതുക്കിത്തീർത്തും സ്ത്രീകളുടെ ആത്മാഭിമാനത്തിന് വില കൽപ്പിക്കാത്ത നേതൃത്വവും ആരോപണ വിധേയരും ചേർന്ന് നടത്തുന്ന നിയമനിർമ്മാണങ്ങളിൽ ലിംഗനീതിക്കുള്ള പരിഗണന എത്രത്തോളമായിരിക്കും? പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ത്രീ സംവരണം നിയമമാകാത്തതും സ്ത്രീ സുരക്ഷാ നിയമങ്ങൾ നിർമ്മിക്കുന്നതിൽ പലപ്പോഴും കാലതാമസം നേരിടുന്നതും ലിംഗാവബോധം ഇല്ലാത്തവർ നിയമനിർമ്മാണ സഭകളിൽ ഇരിക്കുന്നത് കൊണ്ടാണ്.
രാഷ്ട്രീയ പ്രവർത്തനത്തിലെ സഹപ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി എപ്പോഴെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ പരാതിപ്പെട്ടാൽ അതിനെ നിസാരമായി കണ്ട് അവഗണിക്കുകയോ വട്ടം കൂടിയിരുന്ന് അതിനെ അശ്ലീലച്ചുവയോടെ ആസ്വദിക്കുകയോ ഇതൊക്കെ സാധാരണമല്ലേ എന്ന മനോഭാവത്തോടെ നിസംഗമായി കാണുകയോ അല്ല വേണ്ടത്. അശ്ലീലച്ചുവയോടെയുള്ള ഒരു നോട്ടം പോലും ലൈംഗികാതിക്രമം ആണെന്നിരിക്കെയാണ് ഇത്തരം സമീപനം. നിയമ നടപടികൾ നേരിടേണ്ട വിഷയങ്ങളിൽപ്പോലും പാർട്ടി അന്വേഷണം നടത്തി കുറ്റവാളികളെ രക്ഷപ്പെടുത്തി അവർക്ക് വീണ്ടും പദവികൾ നൽകുന്ന തെറ്റായ സമീപനം എൽഡിഎഫിലും യുഡിഎഫിലും ഉള്ള രാഷ്ട്രീയ പാർട്ടികൾ എല്ലാക്കാലത്തും നടത്തിയിട്ടുണ്ട്. ആരോപണ വിധേയനെ മാറ്റി നിർത്തുന്ന രാഷ്ട്രീയ ധാർമ്മികത പുലർത്താൻ ഒരു മുന്നണിയിലെയും രാഷ്ട്രീയ നേതൃത്വത്തിന് കഴിയാത്തതെന്തുകൊണ്ടാണ്? ആണുങ്ങൾക്ക് വേണ്ടി ആണുങ്ങൾ ഭരിക്കുന്ന ആണധികാര രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അധികമൊന്നും അവർ വളർന്നിട്ടില്ലാത്തതുകൊണ്ടാണ്.
REPRESENTATIVE IMAGE | WIKI COMMONS
സ്ത്രീകൾക്കും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക് sexual needs-ഉമായിട്ടല്ല, ആണധികാരവുമായിട്ടാണ് കൂടുതൽ ബന്ധം. സ്ത്രീകൾ തങ്ങൾക്ക് വിധേയപ്പെട്ട് നിൽക്കേണ്ട ലൈംഗിക ഉപഭോഗവസ്തുവാണെന്ന പാട്രിയാർക്കൽ ബോധത്തിൽ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങളെയും അവരുടെ അണികളെയും മുന്നോട്ട് നടത്താൻ ജെൻഡർ പൊളിറ്റിക്സിനെക്കുറിച്ച് കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം അവർക്ക് ലഭിക്കേണ്ടതുണ്ട്. അതില്ലാത്തതുകൊണ്ടാണ് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ തങ്ങളുടെ സഹപ്രവർത്തകരോട് പെരുമാറാനും ലൈംഗികാതിക്രമം നടത്താനും അവർക്ക് കഴിയുന്നത്.
സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നീതിയെയും അന്തസ്സിനെയും കുറിച്ചും അവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുമൊക്കെ അന്താരാഷ്ട്ര നിയമങ്ങളും പരിഗണനകളും ചർച്ചകളും നടക്കുന്ന ആധുനിക കാലത്തും 'പെണ്ണ് കേസ്’, ’നാറ്റക്കേസ്’, ‘പെണ്ണ് പിടിയൻ കോഴി’ തുടങ്ങിയ പ്രയോഗങ്ങൾ ഇപ്പോഴും ഉയർന്ന് വരുന്നതെന്തുകൊണ്ടാണ്? ‘അന്ന് തന്നെ പരാതിപ്പെടാമായിരുന്നില്ലേ?’, ‘തുറന്നിട്ട വസ്ത്രം ധരിച്ചതുകൊണ്ടല്ലേ?’, ‘സമ്മതിച്ചിട്ടല്ലേ?’, തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നതും ഇത്തരം പ്രയോഗങ്ങൾ തുടരുന്നതും പാട്രിയാർക്കൽ ബോധത്തിൽ നിന്ന് പുറത്തു കടക്കാൻ പൊതുബോധത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്. കൺസന്റിനെക്കുറിച്ചും മാനിപ്പുലേറ്റഡ് കൺസെന്റിനെക്കുറിച്ചും അറിയാത്തതുകൊണ്ട് കൂടിയാണ്. പ്രിവിലേജ് ഉള്ള വിഭാഗം തന്ത്രപൂർവ്വം നിർമ്മിച്ചെടുക്കുന്ന വ്യാജ കൺസെന്റുകൾ തിരിച്ചറിയാൽ സ്ത്രീകൾക്ക് ഇനിയും മുന്നോട്ട് എറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ ചോദിച്ച് കൊണ്ട് പൊതുരംഗത്തേക്ക് വരാൻ തുടങ്ങിയ കാലം മുതൽ അവരെ തളർത്താനും പിന്തിരിപ്പിക്കാനും പാട്രിയാർക്കി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ടൂൾ ആണ് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാപവാദം. സ്ത്രീയുടെ സദാചാരത്തെ പുരുഷ കേന്ദ്രീകൃത മൂല്യങ്ങളിലൂടെ ചോദ്യം ചെയ്യുകയും മാനസികമായി തകർക്കുകയുമായിരുന്നു അതിന്റെ ലക്ഷ്യം. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും കഴിവ് തെളിയിച്ച് മുൻ നിരയിലെത്താൻ സ്ത്രീകൾക്ക് കഴിയാതിരുന്നത് അതുകൊണ്ടായിരുന്നു. എന്നാൽ അധികാരവും പദവിയുമുള്ള പുരുഷന്മാരിൽ നിന്ന് നേരിട്ടതായി സ്ത്രീകൾ ഉന്നയിക്കുന്ന പരാതികൾ സദാചാരപരമല്ല. ആൺകോയ്മാ ബോധങ്ങളിൽ നിന്ന് നൂറ്റാണ്ടുകളായി നേരിടേണ്ടി വന്ന അനീതികളും അക്രമങ്ങളും തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യലാണത്. ‘ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലയ്ക്കാ കേട്’ എന്ന പഴയ തലമുറയുടെ മൊഴിയെ ഇലയ്ക്ക് മാത്രമല്ല മുള്ളിനും കേടുണ്ടാവുമെന്ന് തിരിച്ചറിയിക്കൽ കൂടിയാണ് ഈ വെളിപ്പെടുത്തലുകൾ. അതിന്റെ വേദന മറികടന്ന് വെളിപ്പെടുത്തൽ നടത്താൻ ചിലപ്പോൾ കാലങ്ങൾ എടുക്കും. ഒരു അവസരമൊത്ത് വരാൻ ചിലപ്പോൾ കാത്തിരിക്കേണ്ടി വരും. അതിനെ സ്ത്രീ പുരുഷ ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണത്തിനുള്ള ഒരു സന്ദർഭമായിട്ടാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും കാണേണ്ടത്. അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഒരവസരമായി എതിർപക്ഷവും രക്ഷിക്കാൻ സകല അടവുകളും പയറ്റുന്ന ആരോപിതന്റെ പക്ഷവും എന്ന നിലയിലേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറുകയല്ല വേണ്ടത്.
REPRESENTATIVE IMAGE | WIKI COMMONS
ഇപ്പോൾ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലാവട്ടെ സ്ത്രീ പുരുഷ ബന്ധങ്ങളിലെ ജനാധിപത്യത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ചും ആധുനിക സമൂഹത്തിന് ചേർന്ന രീതിയിൽ സാഹിത്യോത്സവങ്ങളിലെ പാനൽ ചർച്ചകളിലും മറ്റും പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. തന്റെ ജെൻഡർ അവബോധം പോലും ലൈംഗിക ചൂഷണത്തിനുള്ള ഉപാധികളായിട്ടാണ് അയാൾ ഉപയോഗിച്ചിരുന്നത് എന്നാണ് മനസ്സിലാവുന്നത്. ലിംഗസമത്വത്തെക്കുറിച്ചുള്ള പൊതുവേദികളിലെ നിലപാടുകൾക്ക് വ്യത്യസ്തമായി താനുമായുള്ള ബന്ധത്തിൽ ഗർഭം ധരിച്ച സ്ത്രീയുമായുള്ള ഫോൺ സംഭാഷണത്തിൽ “തന്റെ സഹായമില്ലാതെ തന്നെ കുട്ടിയെ ഞാൻ വളർത്തും” എന്ന് സ്ത്രീ പറയുമ്പോൾ അയാൾക്കുണ്ടാകുന്ന വൈകാരിക വിക്ഷോഭങ്ങൾ അയാളുടെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്.
“Who cares?” എന്ന് ആവർത്തിച്ച് പ്രയോഗിക്കാൻ ഒരു ലൈംഗിക പീഡകന് കഴിയുന്നത് സിനിമാ മേഖലയിലും രാഷ്ട്രീയ മേഖലയിലും മറ്റ് പൊതു രംഗങ്ങളിലുമെല്ലാം ഉന്നതർക്ക് നേരെ ഉയർന്ന് വന്ന ലൈംഗികാതിക്രമ ആരോപണങ്ങളെല്ലാം ഒന്നും സംഭവിക്കാതെ കെട്ടടങ്ങിപ്പോയ അനുഭവങ്ങൾ മുന്നിലുള്ളതുകൊണ്ടാണ്. അതിൽ നിന്ന് കിട്ടുന്ന ഊർജ്ജമാണ് അയാളെക്കൊണ്ട് അത് പറയിക്കുന്നത്. മറിച്ച് അതിജീവിതകൾക്കാകട്ടെ നീതിരഹിതമായി കെട്ടടങ്ങിപ്പോയ പരാതികളിൽ നിന്ന് ലഭിക്കുന്നത് നിയമത്തിലും നീതിയിലുമുള്ള വിശ്വാസ്യതയുടെ നഷ്ടമാണ്. പരാതികളുമായി രംഗത്തുവരാനും മുന്നോട്ട് പോകാനും അവർ മടിച്ചു നിൽക്കുന്നതിന് കാരണവും അതാണ്. തുടർന്നുണ്ടാകുന്ന ശാരീരികവും മാനസികവും മനശ്ശാസ്ത്രപരവുമായ പ്രത്യാഘാതങ്ങൾ ചിലപ്പോൾ തങ്ങൾ നേരിട്ട അനീതിയേക്കാൾ കടുത്തതായിരിക്കാം. തനിക്ക് നേരിട്ട അനീതിയെ മറികടക്കുന്നതിനേക്കാൾ വേദനാജനകമായിരിക്കാം നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങളും അനീതികളും. പിന്നീട് നീതിന്യായ സംവിധാനങ്ങളുടെ നീതികേടുകൾക്കെതിരെയും പൊരുതേണ്ടി വരുമെന്ന ഭയത്തിൽ നിന്നാണ് പരാതിക്കാരികൾ ഇല്ലാതാവുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നു | PHOTO : WIKI COMMONS
ഹേമ കമ്മിറ്റി റിപ്പോർട്ട് പോലൊന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടാവേണ്ട സമയമായി എന്നാണ് തോന്നുന്നത്.
റിനി ആൻ ജോർജ്ജ് എന്ന പെൺകുട്ടിയോട് വ്യക്തിപരമായ യോജിപ്പുകളോ വിയോജിപ്പുകളോ ഒക്കെ ഉണ്ടാവാം. എങ്കിലും രാഷ്ട്രീയപദവിയും അധികാരവും കയ്യാളുന്ന ഒരാളിനെതിരെ പരാതിപ്പെട്ടതിന് ശേഷവും പൊതുവിടത്തിൽ തന്റെ മുഖവും ഐഡൻറിറ്റിയും മറച്ചുവയ്ക്കാതെ തന്റെ മേഖലയിൽ തന്നെ തുടരുന്നതിലെ ആർജവത്തെ അംഗീകരിക്കുകയാണ്. ഒരു സഹപ്രവർത്തകനിൽ നിന്ന് നേരിട്ട ദുരനുഭവം നേതൃത്വത്തെ അറിയിച്ചിട്ടും അവഗണിച്ചതിലുള്ള പ്രതികരണം, ഇനിയും ദുരനുഭവങ്ങൾ മറ്റൊരാൾക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് എന്നാണവർ പറഞ്ഞത്. രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒരു പാഠമാകേണ്ടതാണത്.
തങ്ങൾക്ക് നേരിട്ട ലൈംഗികാതിക്രമങ്ങൾ സമൂഹത്തെ ഭയന്ന് മൂടി വയ്ക്കുന്നതിൽ നിന്ന് സ്ത്രീകൾ ഒരുപാട് മുന്നോട്ടുവന്നിട്ടുണ്ട്. പഴയ കാലത്തെ പഴയ സ്ത്രീകളല്ല അവരിന്ന്. അതുൾക്കൊള്ളാൻ പാട്രിയാർക്കി ഇപ്പോഴും മടിച്ചു നിൽക്കുകയാണ്. യുഡിഎഫിലെ ജനപ്രതിനിധിയും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയർന്നു വന്നപ്പോൾ എംഎൽഎ സ്ഥാനം രാജിവച്ച് രാഷ്ട്രീയ ധാർമ്മികത കാണിക്കാൻ അദ്ദേഹം തയ്യാറാവണമെന്ന് മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ മുന്നണിയിലെ തന്നെ സ്ത്രീ നേതാക്കൾക്ക് പറയാൻ കഴിഞ്ഞത് രാഷ്ട്രീയത്തിൽ സംഭവിച്ച പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒരു മാറ്റമാണ്. ഗാർഹിക പീഡനവും ലൈംഗിക പീഡനവും ആരോപിക്കപ്പെട്ട, നിലവിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട, ജാമ്യത്തിൽ ഇരുന്നുകൊണ്ട് എംഎൽഎ സ്ഥാനം വഹിക്കുന്ന എം മുകേഷും രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പം എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പറയാൻ എൽഡിഎഫ് മുന്നണിയിലെ സ്ത്രീ നേതൃത്വങ്ങൾക്ക് ഇനിയും വൈകിയിട്ടില്ല. കേരളത്തിലെ സ്ത്രീകൾ ഇപ്പോഴും അത് പ്രതീക്ഷിക്കുന്നുണ്ട്. തങ്ങളുടെ സ്ത്രീനേതൃത്വം കാണിച്ച ആർജ്ജവം ഉൾക്കൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം രാജിവെപ്പിച്ച് കോൺഗ്രസ് നേതൃത്വം കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ രാഷ്ട്രീയ ധാർമ്മികതയുടെ ഒരുമാതൃക കൂടി തുടങ്ങി വയ്ക്കേണ്ടതുണ്ട്.


