.jpg)
രാഷ്ട്രീയ ദൈവശാസ്ത്രവും ക്രൈസ്തവതയും
ദൈവശാസ്ത്രത്തിന്റെ രാഷ്ട്രീയതയെയും, രാഷ്ട്രീയതയിലെ ദൈവശാസ്ത്രത്തെയും, ഇവ രണ്ടിന്റെയും ആധാരമായ സമ്പദ്‌ശാസ്ത്രത്തെയും കുറിച്ച്, കേരളത്തിലെ ക്രൈസ്തവതയുടെ പശ്ചാത്തലത്തിൽ റെവ. ഡോ. വൈ.ടി. വിനയരാജുമായി ഡോ. ബിവിതാ ഈശോ നടത്തിയ സംഭാഷണം.
ബി.ആർ. അംബേദ്‌കറിന്റെ ചിന്തകളിലൂടെ ഇന്ത്യയിലെ മതകീയതയെയും രാഷ്ട്രീയ ദൈവശാസ്ത്രത്തെയും, പ്രത്യേകിച്ച് ക്രൈസ്തവതയുടെ പശ്ചാത്തലത്തിൽ, വിമർശനാത്മകമായി വായിക്കുന്ന ദൈവശാസ്ത്രജ്ഞനാണ് റെവ. ഡോ. വൈ.ടി. വിനയരാജ്. സമകാലിക ക്രൈസ്തവ സമുദായത്തിന് നേരെ ഉയർത്തിപ്പിടിക്കുന്ന കണ്ണാടിയിലൂടെ ദളിത് ദൈവശാസ്ത്രവും മുഖ്യധാര ക്രൈസ്തവ ദൈവശാസ്ത്രവും തമ്മിലുള്ള അന്തരം തുറന്നു കാണിക്കുന്നു അദ്ദേഹത്തിന്റെ എഴുത്തും ചിന്തയും. പലപ്പോഴും, മതകീയത അനുഭവജ്ഞാനമണ്ഡലത്തിന് അതീതമായ ഒരു ദൈവശാസ്ത്രത്തെ മാത്രം അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുമ്പോൾ, അപരത്വത്തിന്റെ രാഷ്ട്രീയതയോടു പുറം തിരിഞ്ഞു നിൽക്കുന്നു എന്ന് അദ്ദേഹം ദൃഷ്ടാന്തപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ദൈവത്തെ അപ-അപരവൽക്കരിക്കുക (de-othering god) എന്നതാണ് അദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന ചിന്താധാര. ദേശരാഷ്ട്രത്തിനതീതമായി പരമാധികാരരഹിതമായ വിമർശനാത്മക കർത്തൃത്വം രൂപപ്പെടുത്താനുള്ള സാധ്യത തുറക്കുമ്പോളാണ് രാഷ്ട്രീയ ദൈവശാസ്ത്രം കാലികപ്രസക്തമാകുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Christian Institute for the Study of Religion and Society-യുടെ ഡയറക്ടർ ആണ് ഫാ. ഡോ. വിനയരാജ്. ചിക്കാഗോയിലെ Lutheran School of Theology-യിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം മാർത്തോമാ സഭയിലെ വൈദികൻ ആയി പ്രവർത്തിക്കുന്നു. Continental philosophy, cultural hermeneutics, Dalit theology, political theology തുടങ്ങിയ വിഷയങ്ങളെ കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ധാരാളമായി എഴുതാറുണ്ട്. Dalit Theology After Continental Philosophy, Political Theology in Transition, Faith in the Age of the Empire, Church and empire, Passion for the Real: Political Theology and the Postsecular എന്നിവ ചില പ്രധാന കൃതികളാണ്.
യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ സെന്റർ ഫോർ കംപാരറ്റീവ് ലിറ്ററേച്ചറിൽ നിന്നും That Cross that Bends: Community and Caste among Syrian Christians of Kerala എന്ന വിഷയത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ ഡോ. ബിവിതാ ഈശോ നിലവിൽ അലയൻസ് യൂണിവേഴ്സിറ്റി, ബംഗളുരുവിലെ സ്കൂൾ ഓഫ് ലിബറൽ ആർട്സിൽ അസിസ്റ്റന്റ് പ്രൊഫെസ്സർ ആണ്. 2025 ജനുവരി മുതൽ ബെർലിനിലെ Freie University-ൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയി ചേരുന്നതാണ്.
ബിവിതാ ഈശോ: ലാറ്റിൻ അമേരിക്കൻ പശ്ചാത്തലത്തിൽ ക്രിസ്തീയ സഭയുടെ ഉള്ളിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വന്ന വിമർശനാത്മക ചിന്തയാണല്ലോ വിമോചന ദൈവശാസ്ത്രം. വിമോചന ദൈവശാസ്ത്രത്തിന്റെ ചരിത്ര-രാഷ്ട്രീയ വശങ്ങളും സമകാലിക പ്രസക്തിയും വിശദീകരിക്കാമോ?
വൈ.ടി.വിനയരാജ്: 1962-65 കാലഘട്ടത്തിൽ നടന്ന രണ്ടാം വത്തിക്കാൻ സമ്മേളനത്തോടനുബന്ധിച്ചു വിപ്ലവാത്മകമായ ദൈവശാസ്ത്ര ചിന്തകളാണ് രുപീകരിക്കപ്പെട്ടത്. ദരിദ്രരുടെ പക്ഷത്തു നിന്നുകൊണ്ട്, സമൂഹത്തെ നീതിപൂർവമായി പരിവർത്തിപ്പിക്കുന്നതിലും സമത്വപൂർണ്ണമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതിലും ക്രൈസ്തവ സഭയ്ക്ക് വളരെ വലിയ ഉത്തരവാദിത്വം ഉണ്ടെന്ന് വത്തിക്കാൻ സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രഖ്യാപനം ലാറ്റിൻ അമേരിക്കൻ വിമോചന ദൈവശാസ്ത്രം രൂപപ്പെടുന്നതിന് പ്രധാന കാരണമായി. സഭയുടെ സാമൂഹിക നിലപാടിൽ മാത്രമല്ല അത് ക്രൈസ്തവ ദൈവശാസ്ത്ര പദ്ധതിയിൽ തന്നെ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാക്കി. പരലോകോന്മുഖവും മെറ്റാഫിസിക്കലുമായുള്ള സംവാദങ്ങൾക്കപ്പുറം മനുഷ്യന്റെ ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ ഇടപെട്ട് പരിവർത്തനം ഉണ്ടാക്കുകയെന്ന ചിന്ത ദൈവശാസ്ത്ര പദ്ധതിയിൽ ഒരു ദിശാ മാറ്റം തന്നെ സമ്മാനിച്ചു. ഡോ. എം.എം. തോമസും ഫാദർ സെബാസ്റ്റ്യൻ കാപ്പനും ഫാദർ സാമുവൽ രായനും ഒക്കെ നേതൃത്ത്വം നൽകിയ പ്രസ്തുത വിമർശനാത്മക ചിന്താധാര ഇന്ത്യയിൽ വലിയ മാറ്റങ്ങൾ തന്നെ സഭാവ്യവഹാരങ്ങളിൽ സൃഷ്ടിച്ചിരുന്നു. കേരളത്തിലാകട്ടെ ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും വലിയ മുന്നേറ്റശ്രമങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടായി. പ്രാതിനിധ്യ --വിഭവ-അധികാര പങ്കാളിത്തത്തിനായി ക്രൈസ്തവ ദളിതർ സി.എസ്.ഐ.
മധ്യകേരള മഹായിടവകയിൽ രൂപപ്പെടുത്തിയ വിശ്വാസ പ്രസ്ഥാനം തന്നെ അതിനൊരു ഉദാഹരണമാണ്.
എന്നാൽ, ക്രിസ്ത്യൻ മതത്തിന്റെ തന്നെ അടിസ്ഥാന യൂറോപ്യൻ സൈദ്ധാന്തിക ജ്ഞാന രൂപങ്ങളെ വിമർശനാത്മകമായി കാണാൻ കഴിയാതെ പോയതും പങ്കാളിത്ത വിഭവ അധികാരത്തിന്റെ നിഴലിൽ ക്രിസ്തീയ മതത്തിന്റെ പരമാധികാര കേന്ദ്രീകൃതമായ ബോധ്യങ്ങളെ ചെറുക്കാൻ കഴിയാതെ പോയതുമായ കാര്യങ്ങളാൽ വിമോചന ദൈവശാസ്ത്രം ഇന്ന് ഏറെ വിമർശിക്കപ്പെടുന്നുണ്ട്. മാത്രമല്ല, വിമോചന ദൈവശാസ്ത്രം കേരളത്തിൽ ഒരു സവർണ പദ്ധതിയായി നിലനിന്നുവെന്നും അതിനാൽ കീഴാള ജനതയുടെ സ്വയം നിർവാഹകത്ത്വം അംഗീകരിക്കാനാവാതെ പോയിയെന്നും ഉള്ള വിമർശനങ്ങൾ ഇന്ന് ഉയരുന്നുണ്ട്.റെവ. ഡോ. വൈ.ടി. വിനയരാജ് | PHOTO: WIKI COMMONS
ബിവിതാ ഈശോ: വിമോചന ദൈവശാസ്ത്രത്തിന് പരമാധികാരബോധ്യത്തെ വിമർശിക്കാൻ കഴിയാതെപോയി എന്ന് പറഞ്ഞല്ലോ. യൂറോപ്പിന്റെ പശ്ചാത്തലത്തിൽ ദൈവീകമായ പരമാധികാരമാണ് ദേശീയ പരമാധികാരമായി രൂപാന്തരപ്പെട്ടത് എന്ന വാദം നിലനിൽക്കെ പരമാധികാരവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധം വിശദീകരിക്കാമോ?
വൈ.ടി.വിനയരാജ്: അതെ. ക്രൈസ്തവ യൂറോപ്പിൽ ദൈവീകമായ പരമാധികാരമാണ് ദേശീയ പരമാധികാരമായി മാറിയത്. കാൾ സ്മിത്താണ്, തോമസ് ഹോബ്ബ്‌സിനെ പിന്തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ അത് രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചത്. എന്നാൽ ഈ പരമാധികാരത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്രം പ്രവർജ്ജനത്തിന്റെ ഇടം (State of Exception) നീതിമത്കരിക്കുകയും, ഭരണകൂടവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അപരിഹാര്യമായ ഭിന്നത നിലനിർത്തുകയും ചെയ്തു. ജനം ഏതു സമയത്തും anarchical ആകാൻ സാധ്യതയുണ്ടെന്നും ആയതിനാൽ തന്നെ പരമാധികാരം (sovereignty) ഭരണകൂടത്തിന് എപ്പോഴും അനിവാര്യമാണെന്നുമുള്ള സ്മിത്തിന്റെ ചിന്ത, നാസി ഭരണ ക്രമത്തെ പിന്താങ്ങുന്നതിലേക്കാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. എന്നാൽ പിൽക്കാലത്തു, ഫ്രഡറിക് നീച്ചേയുടെയും മാർട്ടിൻ ഹൈഡഗറിന്റെയും പോസ്റ്റ്-മെറ്റാഫിസിക്കൽ ചിന്താധാര പിന്തുടർന്നെത്തിയ ദൈവമരണ (death of God) ദൈവശാസ്ത്രജ്ഞന്മാർ ദൈവത്തിന്റെയോ ഭരണകൂടത്തിന്റെയോ പരമാധികാരത്തെ ചോദ്യം ചെയ്യുകയും പരമാധികാര രഹിത ദൈവശാസ്ത്രം രൂപപ്പെടുത്തുകയും ചെയ്തു. പരമാധികാര ഭരണകൂട ക്രമങ്ങൾക്കുള്ളിൽ രൂപപ്പെടുന്ന ബഹിഷ്‌കൃതരുടെ ചെറുത്തുനില്പുകളെ വരാനിരിക്കുന്ന ജനാധിപത്യത്തിന്റെ (democracy to come, ഴാക് ദെറിദ) പ്രതിസ്പന്ദനങ്ങളായി കണ്ട് അതിജീവനത്തിന്റെ ജൈവാധികാരം രൂപപ്പെടുത്താനാണ് ഇത് സഹായിച്ചത്. അതാകട്ടെ, ഭരണകൂടപൂർവമായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൊടുക്കൽ വാങ്ങലുകൾ യാഥാർത്ഥ്യമാക്കുന്ന ദൈനദിന രാഷ്ട്രീയത്തെയാണ് വെളിപ്പെടുത്തിയത്.
ബിവിതാ ഈശോ: താങ്കളുടെ എഴുത്തും ചിന്തയും മുന്നോട്ടു വെയ്ക്കുന്ന പ്രധാനപ്പെട്ട ഒരു ചിന്താധാരയാണ് ദളിത് ദൈവശാസ്ത്രം. ദളിത് ദൈവശാസ്ത്രം വിമോചന ദൈവശാസ്ത്രവുമായി ചേരുകയും പിരിയുകയും (ഉണ്ടെങ്കിൽ) ചെയ്യുന്നതെവിടെയാണ്? കേരളത്തിൽ ദളിത് ദൈവശാസ്ത്രത്തിന്റെ ചരിത്രപരവും സമകാലികവുമായ വഴികളെ കുറിച്ച് പറയാമോ? മേൽ പറഞ്ഞ പ്രകാരം ദേശീയപരമാധികാരത്തെ വിമർശനാത്മകമായി വായിക്കാൻ ദളിത് ദൈവശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ടോ?
വൈ.ടി.വിനയരാജ്: ദളിത് ദൈവശാസ്ത്രം ഒരു വ്യവസ്ഥാപിത പഠന പദ്ധതിയായി രൂപപ്പെടുന്നത് 1980 കളിലാണ്. ഇന്ത്യയിൽ നിയോ-ബുദ്ധിസ്റ് വ്യവഹാരങ്ങളുടെ പ്രേരണയിൽ ലാറ്റിനമേരിക്കൻ വിമോചന ദൈവശാസ്ത്രത്തിന്റെ മൂശയിൽ രൂപപ്പെട്ട ദളിത് ദൈവശാസ്ത്രം ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ദളിത്/ കീഴാള ക്രൈസ്തവരുടെ വ്യഥകൾ ദൈവശാസ്ത്രവത്കരിച്ചു. സഭയ്ക്കുള്ളിലും പുറത്തും ദളിത് ക്രൈസ്തവർ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക അന്യവത്കരണം അത് പ്രശ്നവൽക്കരിച്ചു. ദളിതരെ ഉൾകൊള്ളുന്ന സംഘടനാ ക്രമങ്ങൾ രൂപപ്പെടുത്താൻ ക്രൈസ്തവ സഭകൾ നിർബന്ധിതരായി. വിമോചന ദൈവശാസ്ത്രത്തിന്റെയും ദളിത് ദൈവശാസ്ത്രത്തിന്റെയും വിജയമാണത്.
കേരളത്തിലെ ദളിത് ദൈവശാസ്ത്ര പദ്ധതിയെക്കുറിച്ചു പറയുമ്പോൾ അത് മിഷനറി കാലഘട്ടത്തിൽ തന്നെ ജാതിക്കെതിരായി രൂപപ്പെട്ട ചെറുത്തു നില്പുകളിൽ നിന്നും തുടങ്ങണം. പൊയ്കയിൽ അപ്പച്ചന്റെയും പാമ്പാടി ജോൺ ജോസഫിന്റെയും ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ കുറിച്ചുകൂടി പറയണം. ക്രൈസ്തവ മത വ്യവഹാരത്തിൽ ഒരു ജാതിരഹിത ദൈവശാസ്ത്രം രൂപപ്പെടുത്തുന്നതിൽ പ്രസ്തുത പ്രസ്ഥാനങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. സ്വയം ഒരു രാഷ്ട്രീയ സമൂഹമായി ദളിത് ക്രൈസ്തവർ ഇക്കാലത്തു രൂപപ്പെടുന്നതിൽ മിഷനറി സമൂഹങ്ങളുടെയും പങ്ക് വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ ജാതിക്കെതിരായ പ്രതിരോധത്തിൽ, അല്ലെങ്കിൽ ഒരു ജാതിമുക്തമായ സമൂഹമായി ക്രൈസ്തവരെ മാറ്റിത്തീർക്കുന്നതിൽ, ദളിത് ദൈവശാസ്ത്രം എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന് വിമർശനാത്മകമായി ഇന്ന് വിലയിരുത്തേണ്ടതുണ്ട്. ഇവിടെ ഒരു കാര്യം കൂടെ വ്യക്തമാക്കേണ്ടതുണ്ട്; ആധുനിക പാശ്ചാത്യ മിഷനറി സമൂഹം ദളിതർക്കു വിമോചനത്തിന്റെ പുതിയ ഇടങ്ങൾ/ ശരീരങ്ങൾ നൽകിയെന്ന കേവല വായനകൾ പലപ്പോഴും ക്രിസ്തുമതത്തെ കേവലം ആധുനിക മെഷീനറിയായി മാത്രം കാണുകയും, അതിന്റെ ജ്ഞാന മണ്ഡലത്തെ വിശകലനം ചെയ്യാതിരിക്കുകയും ചെയ്യുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്.
ബിവിതാ ഈശോ: അതെ, പത്തൊൻപതാം നൂറ്റാണ്ടു മുതൽ തന്നെ ഇന്ത്യൻ ക്രൈസ്തവതയുടെ ഉള്ളിൽ നിന്ന് ജാതീയ സഭാവ്യവസ്ഥിതിക്കെതിരായി വിമർശനാത്മക പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളും ഉയർന്നു വന്നതാണ്. കേരളത്തിൽ മേൽ സൂചിപ്പിച്ച പോലെ പ്രത്യക്ഷ രക്ഷാ ദൈവസഭയിലൂടെയും, സാധുജന ദൂതനിലൂടെയും അപ്പച്ചനും ജോൺ ജോസഫുമെല്ലാം വളരെ ശക്തമായി ഇത്തരത്തിൽ ചിന്തിക്കുകയും എഴുതുകയും കലഹിക്കുകയും ചെയ്തു. എന്നിരുന്നാലും ജാതീയസഭയുടെ ‘പ്രതിരോധശക്തി’ (immunity) ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രതിരോധശക്തി സ്വയംസംരക്ഷണാത്മകമാണെന്നും, അത്തരം സ്വയം സംരക്ഷണാത്മക പ്രതിരോധശക്തി തകർത്ത് മുൻകൂട്ടി നിർണ്ണയിക്കാനാവാത്ത അപരത്വത്തെ നിരുപാധികമായി (unconditional welcoming of unpredictable others) സ്വാഗതം ചെയ്‌താൽ മാത്രമേ കൂട്ടായ്മ (community) സാധ്യമാവൂ എന്നുമാണ് ദെറിദ നിരീക്ഷിക്കുന്നത് (Acts of Religion). പരിവർത്തനത്തിന്റെ നിബന്ധനയായി അംബേദ്‌കർ പറയുന്നതും ഇതുതന്നെയാണ്. അന്യത്വത്തെ സ്വീകരിക്കാൻ തയ്യാറുള്ള ഒരു തത്വസംഹിതയുണ്ടാക്കിയാൽ മാത്രമേ പരിവർത്തനത്തിനുള്ള വിളി ധാർമികമാവു എന്ന് (“The Condition of Convert”). അങ്ങനെയെങ്കിൽ, ചരിത്രപരമായി നോക്കിയാൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, ക്രൈസ്തവർക്കിടയിൽ ‘കൂട്ടായ്മ’ (community) ഒരു അസാധ്യമായ സാധ്യതയായി നിലനിൽക്കുകയാണോ?
വൈ.ടി.വിനയരാജ്: കേരളത്തിലെ ക്രൈസ്തവരിൽ ഭൂരിഭാഗവും മേൽജാതി സമൂഹങ്ങളാണ്. അവരാകട്ടെ ജാതീയമായ സ്വത്ത്വ ബോധത്തിൽ അഭിമാനിക്കുന്നവരുമാണ്. ആധുനിക മിഷനറി ഇടപെടലുകൾ കൂടുതൽ തുറന്ന സമൂഹങ്ങളാകാൻ അവരെ സഹായിച്ചിരുന്നു. നവീകരണത്തിന്റെ ആവിഷ്കാരങ്ങൾ മാർത്തോമാ സഭപോലുള്ള സഭാസമൂഹങ്ങളിൽ കാണാൻ സാധിക്കും. അതുപോലെ തന്നെ പൊയ്കയിൽ അപ്പച്ചന്റേതുൾപ്പടെയുള്ള ജാതി വിരുദ്ധ നവോത്ഥാന പ്രവർത്തനങ്ങൾ ഏറെ മാറ്റങ്ങൾ വരുത്തീട്ടുമുണ്ട്. എന്നാൽ ജാതി ശീലങ്ങൾ കേരളത്തിലെ സഭാ സമൂഹങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുകയാണ്. എന്നുമാത്രമല്ല ചില സഭകൾ അവരുടെ മേൽജാതി സ്വത്വം നിരന്തരം ഊട്ടി ഉറപ്പിക്കുന്നുമുണ്ട്.
അതുകൊണ്ടു തന്നെ ക്രിസ്തുവിൽ ഒരു സമൂഹം എന്ന ആശയം ഇപ്പോഴും സ്വപ്നമായി തന്നെ ആവശേഷിക്കുന്നു. അതിന് കാരണങ്ങൾ പലതാണ്. ഒന്ന്, സഭാസമൂഹങ്ങൾ വ്യത്യസ്ത ജാതിസമൂഹങ്ങളായി തന്നെ നിൽക്കുകയും അതേസമയം തന്നെ ഒരു അക്കോമൊഡേറ്റീവ് കമ്മ്യൂണിറ്റിയായി പരിവർത്തിക്കുകയുമാണ് വേണ്ടത് എന്ന ആശയത്തെ പിന്താങ്ങുന്ന ദൈവശാസ്ത്ര സമീപനം ഈ സഭകളിൽ നിലനിൽക്കുന്നു. ദൈവശാസ്ത്രം മതാനുഭവത്തിന്റെ ഉപരി തലത്തിൽ മാത്രം നിൽക്കുകയും ദൈനദിന ജീവിതവ്യവഹാരങ്ങളിൽ പ്രവർത്തനം വരുത്താതിരിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു അതിഭൗതികതലത്തിലുള്ള ആരാധനാക്രമങ്ങളുടെ സ്വാധീനമാണ് മറ്റൊരു പ്രശനം. കീഴാളരോട് അനുകമ്പ കാണിക്കുന്നതും അവർക്കുവേണ്ടി പ്രതിനിധാനം ചെയ്യുന്നതുമാണ് ക്രിസ്തീയത എന്ന ദൈവശാസ്ത്ര വ്യാഖ്യാനം, കീഴാളരുടെ സ്വയ നിർവ്വാഹകത്ത്വം എന്ന രാഷ്ട്രീയ-ദൈവശാസ്ത്ര പ്രശ്നം അഡ്രസ് ചെയ്തില്ല. സ്വത്വ-അപരത്വ നിർമ്മിതികളെ അപനിർമ്മിക്കുന്ന ദൈവശാസ്ത്ര ആവിഷ്കാരങ്ങളോ പ്രയോഗങ്ങളോ ഉണ്ടായില്ല. അത് ഉണ്ടാകും വരെ ക്രിസ്തീയത ദളിതർക്കു ഒരു മരീചിക മാത്രമാണ്.REPRESENTATIVE IMAGE | WIKI COMMONS
ബിവിതാ ഈശോ: പക്ഷേ, കേരളത്തിലെ ക്രൈസ്തവരിൽ ഭൂരിഭാഗവും മേൽജാതിപരിവർത്തിത്തർ ആണ് എന്ന അവകാശവാദം ഒരു അപസിദ്ധാന്തമല്ലേ? പഴയ ക്രിസ്ത്യാനി പുതിയ ക്രിസ്ത്യാനി എന്ന തരം തിരിക്കൽ ഒരു ഭാഷാതത്വശാസ്ത്രപരമായ അബദ്ധം (philological mistake) ആണ് എന്ന് ഗിൽ അനിഡ്‌ജാർ യൂറോപ്യൻ ക്രൈസ്തവതയുടെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുന്നുണ്ട്. മധ്യകാലഘട്ടത്തിൽ യഥാർത്ഥ (original/ pure/ old) ക്രിസ്ത്യാനികൾ എന്നും പുതു പരിവർത്തിത്തർ (new Christians/ conversos) എന്നും ഉള്ള വിഭജനം ആയിരുന്നു പടിഞ്ഞാറൻ യൂറോപ്പിൽ മതദ്രോഹവിചാരണക്ക് തുടക്കം കുറിച്ചത്. അതേപോലെ, പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യൻ ക്രിസ്ത്യാനിറ്റി മലങ്കരയിലെത്തി ഉദയംപേരൂർ സുന്നഹദോസിനും കൂനൻ കുരിശു സത്യത്തിനും ശേഷം ഇവിടുണ്ടായിരുന്ന ക്രൈസ്തവരെ പഴയകൂറ്റുകാർ പുത്തൻകൂറ്റുകാർ എന്ന് വിഭജിച്ചു. വീണ്ടും പത്തൊൻപതാം നൂറ്റാണ്ടിൽ സുറിയാനി ക്രിസ്ത്യാനികൾ സ്വയം പഴയക്രിസ്ത്യാനികൾ എന്നും മറ്റെല്ലാ ക്രിസ്ത്യാനികളും പുതു ക്രിസ്ത്യാനികളെന്നും നിർവചിച്ചു. എന്നാൽ ഈ ചരിത്രപരമായ ആവർത്തനത്തിലെല്ലാം ഓരോ സാഹചര്യത്തിലും നിലവിലുണ്ടായിരുന്ന പ്രമാണി വർഗമാണ് സ്വയം പഴമ/ ആദിമത/ യാഥാർത്ഥത ഒക്കെ കല്പിച്ചു കൊടുത്തത്. യഥാർത്ഥത്തിൽ പഴയ ക്രിസ്ത്യാനി ഒരു പുതിയ തരം ക്രിസ്ത്യാനി മാത്രമല്ലേ? കേരളത്തിന്റെ സാഹചര്യത്തിൽ ഇതിനെകുറിച്ച് ചിന്തിക്കാമോ?
വൈ.ടി.വിനയരാജ്: അതെ അത് ശരിയാണ്. കേരളത്തിൽ ശുദ്ധ-സങ്കര സ്വത്വം എന്ന അർത്ഥത്തിൽ ആണ് ഈ വിവേചനം ഉപയോഗിക്കുക. മേൽജാതി ക്രിസ്ത്യാനികൾക്കു തങ്ങളുടെ ബ്രാഹ്മണ പാരമ്പര്യം ഉയർത്തിപ്പിടിക്കാനാണ് ഈ ചർച്ച നിലനിർത്തുന്നത്. എന്നാൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കു ഒരു സാമ്രാജ്യത്വ-വിരുദ്ധ സ്വത്വ ദർശനമുണ്ട്. അതാണ് നാം കൂനൻകുരിശ് സത്യത്തിലൊമൊക്കെ കാണുന്നത്. എന്നാൽ അത് ജാതിവിരുദ്ധ സ്വത്വമായി വിവർത്തനം ചെയ്യുവാൻ അവർക്കു സാധിച്ചില്ല. മറുവശത്തു, കീഴാള സമൂഹങ്ങളും അപര-സ്വത്വ നിർമ്മിതികളിൽ തന്നെ അഭിരമിക്കാൻ താല്പര്യപ്പെടുന്നതും കാണാം. ഇവിടെയാണ് potted plants എന്ന സ്റ്റീഫൻ നെയിലി ന്റെ പദപ്രയോഗം ശ്രദ്ധേയമാകുന്നത്. എന്ന് പറഞ്ഞാൽ, മിഷനറി സമൂഹങ്ങൾ അഥവാ മേൽജാതി സമൂഹങ്ങൾ വിവക്ഷിക്കുന്ന മിഷൻ-അപരത്വ ഇടങ്ങളിൽ സ്വയം വിധേയരായി കഴിയുന്നവർ എന്നർത്ഥം. ഇവിടെയാണ് Christianities എന്ന് ബഹുസ്വരാത്മകമായ അർത്ഥത്തിൽ ക്രൈസ്തവികതയെ വ്യാഖ്യാനിക്കുന്ന സമകാലിക മിഷൻ ചരിത്രകാരന്മാരുടെ സമീപനത്തിന്റെ പ്രസക്തി. കേരളത്തിലായാലും ലോകത്തിലെവിടെയായാലും ഏകതാനമായ ക്രിസ്ത്യാനിറ്റി അല്ല ഉള്ളത്. അത് ബഹുസ്വരമാണ്. കേരളത്തിലെ ക്രിസ്ത്യാനികൾക്കു, അത് മേൽജാതിയായാലും കീഴ്‌ജാതിയായലും അതിനു സാധിക്കാതെ പോയി എന്നതാണ് പ്രശ്നം.
ബിവിതാ ഈശോ: കേരളത്തിലെ ക്രൈസ്തവതക്ക് ഒരു സാമ്രാജ്യത്വ വിരുദ്ധ സ്വത്വ ദർശനമുണ്ടെന്ന് പറഞ്ഞത് വളരെ ശരിയാണ്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നിങ്ങനെ തുടരെത്തുടരെ വന്ന കൊളോണിയൽ ക്രൈസ്തവതയുടെ സ്വംശീകരണശ്രമങ്ങളെ കൃത്യമായി എതിർത്ത ചരിത്രമുണ്ട് ഇവിടെ. കൊളോണിയൽ ക്രൈസ്തവതയുടെ വരവോടെ പ്രാദേശിക ക്രൈസ്തവരുടെ ക്രൈസ്തവത അപര്യാപ്തമായി തീരുകയും, അതുകൊണ്ടു തന്നെ അവരെ പരിവർത്തനം ചെയ്തു സാർവത്രികമായ ഒരു ക്രൈസ്തവ പ്രജയെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം നടക്കുകയുണ്ടായി. ഇതിന്റെ പരിണിതഫലമെന്നോണം പ്രാദേശിക രാഷ്ട്രീയസാമൂഹിക പശ്ചാത്തലത്തിൽ ദേശവാസികളായ ക്രൈസ്തവരുടെ ഭാഗഭാഗിത്വവും ചോദ്യം ചെയ്യപ്പെട്ടു. ഇങ്ങനെ കൊളോണിയൽ ക്രൈസ്തവവത്കരണത്തിന്റെയും പ്രാദേശിക ഹൈന്ദവവത്കരണത്തിന്റെയും ഇടയിൽപെട്ടു സ്വത്വപ്രതിസന്ധിയിലായ സാഹചര്യത്തിലാണ് അപ്പോസ്തോലിക ഉത്ഭവത്തിലൂടെ ‘കൂടുതൽ ക്രൈസ്തവതയും’ ബ്രാഹ്മണ ഉത്ഭവത്തിലൂടെ ‘കൂടുതൽ തദ്ദേശീയതയും’ ഒരു കൂട്ടം ക്രൈസ്തവർ ഉന്നയിക്കുന്നത് എന്ന് പറയാനാവും. ബോധപൂർവം ചമച്ച ഈ ‘ചരിത്രത്തെ’ ബോധപൂർവം മറന്നുകൊണ്ട് ‘ചരിത്രാതീതമായ’ പുതിയ സാധ്യതകൾ കണ്ടെത്തേണ്ട സമയം അതിക്രമിച്ചില്ലേ? അപ്പോസ്തോലിക ബ്രാഹ്മണ പാരമ്പര്യത്തിന്റെ ശെരിതെറ്റുകളെ കുറിച്ചുള്ള അവസാനിക്കാത്ത തർക്കം മാറ്റിവെച്ചാൽ ഈ ഏകീകമായ ഉത്ഭവത്തിന് (origin) എന്ത് സാംഗത്യമാണുള്ളത്? യഥാർത്ഥത്തിൽ കേരളത്തിലെ ക്രൈസ്തവതയുടെ കുടിയേറ്റത്തിന്റെയും പരിവർത്തനത്തിന്റെയും ബഹുസ്വരമായ ‘ചെറിയ’ തുടക്കങ്ങളെ (beginnings) റദ്ദാക്കുക മാത്രമല്ലെ അത് ചെയ്യുന്നത്?
വൈ.ടി.വിനയരാജ്: അതെ. എഡ്വേഡ് സയ്ദ് പറയുന്നതുപോലെ തുടക്കം എപ്പോഴും ബഹുസ്വരമാണ് (origin is always plural). ഉത്ഭവത്തിന്റെ ഏകീകൃതമാനം അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നത് ഫാസിസത്തിന്റെ രീതിയാണ്. തോമസ് അപോസ്തോലന്റെ പാരമ്പര്യമോ പത്രോസിന്റെ പാരമ്പര്യമോ ഒക്കെ തന്നെ വിവിധ ചരിത്ര പശ്ചാത്തലങ്ങളിൽ രൂപപ്പെട്ട വ്യവഹാരങ്ങളാണ്. പക്ഷെ ആ ചരിത്ര മുഹൂർത്തത്തിന് പുറത്തു അത് സമഗ്ര സത്യമായി അവതരിപ്പിക്കുന്നത് ഫാസിസത്തിന്റെ രീതിയാണ്. ദേശീയവും അന്തർ ദേശീയവുമായ കുടിയേറ്റങ്ങളുടെ സമകാലിക പശ്ചാത്തലത്തിൽ സ്വത്വത്തിന്റെ ബഹുസ്വരത അംഗീകരിക്കുക എന്നതാണ് കരണീയമായിട്ടുള്ളത്.
ബ്രാഹ്മണ പാരമ്പര്യത്തിന്റെ ഊറ്റംകൊള്ളൽ സാമൂഹികവും രാഷ്ട്രീയവുമായ തിരിച്ചടികളാണ് ഈ ഹിന്ദുത്വ കാലത്തു നൽകുന്നതെന്ന് തിരിച്ചറിഞ്ഞു സമഗ്രാധിപത്യവിരുദ്ധ സ്വത്വ ബോധം വീണ്ടെടുക്കാൻ മേലാള ക്രൈസ്തവ സമൂഹങ്ങൾ തയ്യാറാകണം. കേവലമൊരു ജാതിസമൂഹം എന്ന നിലയിൽ നിന്നും സാമ്രാജ്യത്വ വിരുദ്ധ സ്വത്വ ബോധം വീണ്ടെടുക്കാൻ റോമാ സാമ്രാജ്യത്തിനകത്തെ യേശു പ്രസ്ഥാനത്തിന്റെ സ്വത്വബോധം സഹായകരം ആണ്. എന്നാൽ യേശുവിനെയും വേണ്ട, വേദപുസ്തകത്തിന്റെ ബദൽ ദൈവശാസ്ത്ര ദർശനങ്ങളും വേണ്ട, എന്ന് പറയുന്ന ഒരു സമൂഹം ക്രൈസ്തവ സഭാസമൂഹം എന്ന നിലയിലുള്ള തനത് അസ്തിത്വം നിഷേധിക്കുകയും ഒരു ജാതി സമൂഹമായി അധപ്പതിക്കുകയും ചെയ്യുന്നുവെന്നതാണ് സങ്കടകരം. അതുപോലെ തന്നെ, അംബേദ്‌കർ നവയാന ബുദ്ധിസം രൂപപ്പെടുത്തിയതുപ്രകാരം കേരളത്തിലെ/ ഇന്ത്യയിലെ ദളിത് ക്രൈസ്തവർക്ക് ഒരു നവയാന ക്രൈസ്തവ പാരമ്പര്യം സൃഷ്ടിക്കപ്പെടാൻ കഴിയാതെപോയത് എന്തുകൊണ്ടാണ് എന്നും ഞാൻ ചിന്തിക്കാറുണ്ട്.ദളിത് ക്രിസ്ത്യൻ കോളനി | PHOTO: WIKI COMMONS
ബിവിതാ ഈശോ: ഞാൻ പറഞ്ഞുവരുന്നത് സുറിയാനി ക്രൈസ്തവതയും സവർണ്ണ ക്രൈസ്തവതയും തമ്മിലുള്ള സഹവർത്തിത്വം അപനിർമ്മിക്കുന്നതിനെ കുറിച്ചാണ്. ധാരാളം പുതിയ പഠനങ്ങൾ ഈ ദിശയിൽ നടക്കുന്നുമുണ്ട്. കേരളത്തിലെ എല്ലാ പരിവർത്തിത ക്രൈസ്തവരെയും ഉൾകൊള്ളുന്ന ‘മലങ്കര ക്രിസ്ത്യാനി’ എന്ന നാമകരണം പിന്നീട് സവർണ്ണക്രൈസ്തവരെ മാത്രം പ്രതിനിധീകരിക്കുന്ന ‘സുറിയാനി ക്രിസ്ത്യാനി’ ആയി വിവർത്തനം ചെയ്യപ്പെട്ടതാണ് എന്ന് ഒരു നിരീക്ഷണം ജീവൻ ഫിലിപ്പ് മുന്നോട്ട് വെക്കുന്നുണ്ട് (Unmasking the Syriacs). അതുപോലെതന്നെ, കേരളത്തിലെ ആദിമ പരിവർത്തിതർ, അങ്ങനെയുണ്ടെങ്കിൽ തന്നെ, ജൂതർ ആണ് എന്ന് അബ്രഹാം ബെൻഹറും വാദിക്കുന്നുണ്ട് (ജൂതഭാരതം). എന്തിനേറെ, ബിസന്റീൻ സാമ്രാജ്യത്തിന്റെ ഓരത്ത്, സാമ്രാജ്യങ്ങളുടെ ഒത്താശയില്ലാതെ, വലിയ ബഹളങ്ങളൊന്നുമില്ലാതെ ജീവിച്ച സീറോ-പലസ്തീനിയും ഏഷ്യൻ-ആഫ്രിക്കനും ആയ ക്രൈസ്തവതയാണ് കേരളത്തിലെ ക്രൈസ്തവരുടെ പാരമ്പര്യം എന്ന് പൗലോസ് ഗ്രീഗോറിയോസ് തന്നെ വീക്ഷിക്കുന്നുണ്ട് (Freedom and Authority). എന്നാൽ ലോകത്തിലെ തന്നെ അതിപുരാതന ക്രൈസ്തവ സമുദായമായി, അതും ജാതീയമായ ഉത്ഭവത്തോടെ, സുറിയാനിക്രിസ്ത്യാനിയെ ചരിത്രവത്കരിക്കുമ്പോൾ സംഭവിക്കുന്നത് രണ്ടായിരത്തോളം വർഷത്തെ ക്രൈസ്തവചരിത്രം പ്രബലമായ ഒരു ചെറിയ ന്യൂനപക്ഷത്തിന് മാത്രം പതിച്ചു കൊടുക്കുകയും, ബാക്കി ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷത്തിന്റെ ചരിത്രം മൂന്നോ നാലോ നൂറ്റാണ്ടിലേക്ക് ഒതുക്കപ്പെടുകയും ചെയ്യുന്നു. ക്രൈസ്തവതയുടെ അനേകങ്ങളായ കീഴാളതുടക്കങ്ങളെ പുനർനിർമ്മിച്ചു കൊണ്ട് സവർണ്ണവത്കരിക്കപ്പെട്ട ക്രൈസ്തവതയെ പുനർവായിക്കാമോ?
വൈ.ടി.വിനയരാജ്: ഇത് ഗൗരവമായി പരിഗണിക്കേണ്ട ഒന്നാണ്. എന്നാൽ മാർക്സ് വ്യക്തമാക്കിയതുപോലെ ചരിത്ര രചന, അത് പൊതു ചരിത്രമായിരുന്നാലും, സഭാചരിത്രമായിരുന്നാലും, എല്ലാ കാലത്തും പ്രബലരുടെ കയ്യിലായിരുന്നല്ലോ? പ്രബലരുടെ പ്രഥമ സ്ഥാനീയതയെ പിന്താങ്ങുന്ന ചരിത്ര രചനകളാണ് ഏറെയും. ബിവിത ചൂണ്ടിക്കാട്ടിയതുപോലെ ആദിമ നൂറ്റാണ്ടുകളിൽ സംഭവിച്ച കീഴാള ക്രൈസ്തവ ചരിത്രങ്ങൾ വിസ്മരിക്കപ്പെടുകയോ പൂഴ്ത്തിവയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ക്രൈസ്തവികതയെ ബഹുസ്വരാത്മകമായി പുനരന്വേഷിക്കാൻ തയാറാകുന്ന ഒരു പുതിയ കാലത്തു മാത്രമേ അതൊക്കെ നടക്കുകയുള്ളൂ. എന്നാൽ പാരമ്പര്യങ്ങൾ മേനിനടിക്കലുകളാകുമ്പോൾ അത് നമുക്ക് പ്രതീക്ഷിക്കാനുമാവില്ല. തന്റെ ചെറുപ്പകാലത്തെ വീട്ടിൽ കൃത്യമായി ജാതി പാലിച്ചിരുന്നുവെന്നു അഭിമാനത്തോടെ പറയുന്ന ഒരു സഭാ ചരിത്രകാരനെ എനിക്കറിയാം. പ്രതീക്ഷകൾ അവശേഷിപ്പിക്കുന്നവയല്ല ഇവയൊക്കെ.
ബിവിതാ ഈശോ: ദളിത് ദൈവശാസ്ത്രം പോലെതന്നെ താങ്കൾ ആവർത്തിച്ച് പറയുന്നതാണ് അംബേദ്‌കറിന്റെ രാഷ്ട്രീയ വീക്ഷണവും തത്വചിന്തയും. ഇന്ത്യയിലെ ക്രിസ്ത്യാനിറ്റിയെ പറ്റി അംബേദ്‌കർ സുദീർഘമായി പഠിച്ചിട്ടും എഴുതിയിട്ടും ഉണ്ട്. ഒടുവിൽ ഇന്ത്യയിൽ ക്രിസ്ത്യാനിറ്റി ഒരു തോറ്റ മതമാണ് എന്ന അംബേദ്‌കറിന്റെ നിരീക്ഷണത്തെ (“Christianizing the Untouchables”) എങ്ങനെ മനസിലാക്കാം?
വൈ.ടി.വിനയരാജ്: അംബേദ്കർ ക്രിസ്ത്യാനിറ്റിയെ ഒരു മെറ്റാഫിസിക്കൽ മതമായിട്ടാണ് കണ്ടത്. ദൈനംദിന ജീവിത വ്യവഹാരങ്ങളിൽ പരിവർത്തനം വരുത്താനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം ക്രിസ്തു മതത്തിനു ഉണ്ട് എന്ന് അംബേദ്കർ വിശ്വസിച്ചിരുന്നില്ല. ദളിത് ക്രൈസ്തവരെപ്പോലും രാഷ്ട്രീയമായി നിഷ്‌ക്രിയരാക്കുന്നു ക്രിസ്തു മതം എന്ന് അദ്ദേഹം വ്യക്തമാക്കി. ദളിത് ക്രൈസ്തവരെ ഒരു രാഷ്ട്രീയ സമൂഹമായി പരിവർത്തിപ്പിക്കുവാൻ അതിനു കഴിയും എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല. അങ്ങനെ ഒരു സാധ്യത നവയാന ബുദ്ധിസത്തിലാണ് അംബേദ്കർ കണ്ടെത്തിയത്. ജാതിവിരുദ്ധമായ ഒരു രാഷ്ട്രീയ സമൂഹമായി ദളിതരെ സംഘടിപ്പിക്കാൻ കഴിവുള്ള രാഷ്ട്രീയ പ്രത്യയ ശാസ്ത്രമായിട്ടാണ് അംബേദ്‌കർ നവയാന ബുദ്ധിസത്തെ കണ്ടത്.
ബിവിതാ ഈശോ: മറ്റു പ്രാന്തവൽക്കരിച്ച സമുദായങ്ങളെ അപേക്ഷിച്ച് അംബേദ്‌കറിന്റെ ചിന്തകൾക്ക് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, ക്രൈസ്തവസഭകളിൽ, തീർത്തും സാംഗത്യമില്ലാതെ പോകുന്നു. എന്നാൽ രാഷ്ട്രീയ ദൈവശാസ്ത്രപരമായി ക്രിസ്തുവിന്റെയും അംബേദ്ക്കറിന്റെയും ചിന്ത തമ്മിൽ അടിസ്ഥാനപരമായി അന്തരമില്ലല്ലോ. ഈ വൈരുദ്ധ്യത്തെ എങ്ങനെ മനസിലാക്കാം?
വൈ.ടി.വിനയരാജ്: അംബേദ്കറിസവും പരമ്പരാഗത ദൈവശാസ്ത്രവും തമ്മിൽ കാര്യമായ വൈരുധ്യമുണ്ട്. ദൈവശാസ്ത്രം പുറത്തു നിന്നുവരുന്ന ദൈവത്തിന്റെ രക്ഷാപദ്ധതിയിൽ വിശ്വസിക്കുമ്പോൾ അംബേദ്കർ നാം നിരന്തര സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളുടെ തിരിച്ചറിവുകളിലൂടെ സ്വയം ആർജിക്കുന്ന ഒന്നാണ് പുതിയ സമൂഹം എന്ന് പറയുന്നു. ഒന്ന് transcendental ആണെങ്കിൽ മറ്റൊന്ന് immanent ആണ്. (അംബേദ്കറിൽ ദൈവം തന്നെ ഇല്ലല്ലോ.) പുറത്തുനിന്നുമുള്ള രക്ഷ എന്നതിനേക്കാളേറെ സ്വയം വീണ്ടെടുപ്പിന്റെ സാമൂഹിക ശരീരമാവുകയെന്ന ക്രിസ്തുവിന്റെ രക്ഷാ സിദ്ധാന്തത്തെയാണ് സമകാലിക രാഷ്ട്രീയ ദൈവശാസ്ത്രം മുറുകെ പിടിക്കുന്നത്. Resurrection-insurrection എന്ന പദങ്ങൾ കൊണ്ടാണ് റാഡിക്കൽ ദൈവ ശാസ്ത്രജ്ഞന്മാർ ഇതിനെ വ്യാഖ്യാനിക്കുന്നത്. എന്നാൽ പരമ്പരാഗത ദൈവശാസ്ത്രത്തിനു പുറത്തു കടക്കാൻ കഴിയാഞ്ഞതുകൊണ്ടുതന്നെ ദളിത് ദൈവശാസ്ത്രത്തിന് അംബേദ്കറിനെ കാര്യമായി പരിഗണിക്കാൻ കഴിയാതെ പോയി. സാമൂഹ്യ-രാഷ്ട്രീയ പ്രക്രിയകളിൽ പങ്കെടുത്തുകൊണ്ട് സ്വയം ഒരു രാഷ്ട്രീയ കർത്തൃത്വമായി മാറാനുള്ള ശ്രമത്തിൽ ക്രിസ്തുമതത്തിന് എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുമെന്ന് അംബേദ്‌കർ കരുതിയിരുന്നില്ല.ബി ആര്‍ അംബേദ്കര്‍ | PHOTO: WIKI COMMONS
ബിവിതാ ഈശോ: ദൈവത്തെ അനുഭവജ്ഞാനാതീതമായ അപരത്വമായി (god as transcendental other) സങ്കൽപ്പിക്കുന്നത് കൊണ്ടാണ് ദൈവശാസ്ത്രം അപരത്വത്തിന്റെ രാഷ്ട്രീയതയോടു പുറം തിരിഞ്ഞു നിൽക്കുന്നത് എന്ന് താങ്കൾ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്തീയ തത്വശാസ്ത്രം പേറുന്ന ട്രാൻസെൻഡെന്റലിസത്തെ നിരാകരിച്ചു കൊണ്ട്, ഒരു ഇമനെന്റ് ആയിട്ടുള്ള തത്വശാസ്ത്രമാണ് ആവശ്യമെന്നാണ് താങ്കൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത് (De-othering God”). എന്നാൽ, കേരളത്തിലെ സവർണ്ണ ക്രൈസ്തവർക്കിടയിൽ ദളിത് ഇപ്പോഴും ഒരു അപരമായി തുടരുകയാണെങ്കിൽ, മുസ്ലിം ഒരു ‘ശത്രു’വായി വളർന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിമിനെ പൊതുശത്രു ആയി പ്രതിനിധാനം ചെയ്യുന്നതിൽ പാശ്ചാത്യ ക്രൈസ്തവത കാലാകാലമായി ഉത്തരവാദിയാണെങ്കിലും (Anidjar, The Jew, The Arab: A History of the Enemy), പൗരസ്ത്യ ക്രൈസ്തവതയും ഇസ്ലാമും തമ്മിൽ ആദ്യം മുതലേ രാഷ്ട്രീയ-ധൈഷണിക-ദൈവശാസ്ത്രപരമായ കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്നില്ലേ? അങ്ങനെയെങ്കിൽ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യം കൊണ്ടാടുന്ന കേരളത്തിലെ ക്രൈസ്തവതക്ക് എന്നാണ്, എങ്ങനെയാണ്, മുസ്ലിം ശത്രുവായി മാറുന്നത്?
വൈ.ടി.വിനയരാജ്: പാശ്ചാത്യ ക്രൈസ്തവികത രൂപപ്പെട്ട ആദ്യനൂറ്റാണ്ടുകളിൽ തന്നെ മുസ്ലിം ശത്രുത രൂപപ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണ് ക്രൂസേഡുകൾ. ആധുനിക കാലത്താകട്ടെ സാമ്പത്തികവും സാമ്രാജ്യത്വപരവുമായ കാരണങ്ങൾ ഉണ്ടായതായി കാണാം. അമേരിക്കയിലെ 9 / 11-മായി ബന്ധപ്പെട്ട് രൂപപ്പെട്ട ഭീകര വിരുദ്ധ യുദ്ധ പ്രഖ്യാപനവും എങ്ങനെയാണ് ആഗോളവ്യാപകമായി ക്രൈസ്തവരുടെ ഇടയിൽ ഇസ്ലാമോ ഫോബിയ വളർത്തിയതെന്നും നമുക്കറിയാം. എന്നാൽ, ബിവിത ശരിയായി വ്യക്തമാക്കിയതുപോലെ പൗരസ്ത്യ ക്രൈസ്തവരുടെ ഇടയിലും അത് വളർത്തിയതിൽ സാമ്രാജ്യത്വ ശക്തികളുടെ കൈകളുണ്ട്. സമകാലിക ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ അതിനു പ്രത്യയ ശാസ്ത്രപരമായിത്തന്നെ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്. അതൊക്കെ വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിലെ സവിശേഷ ചരിത്രത്തിൽ, എം.ജി.എസ്. നാരായണനും രാജൻ ഗുരുക്കളും എം.ആർ. രാഘവവാര്യരും ഒക്കെ പറയുന്നതുപോലെ കൊടുക്കൽ-വാങ്ങലുകളുടെ ബന്ധമാണ് ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുണ്ടായിരുന്നത്. കേരളം എല്ലാ മതസമൂഹങ്ങളുടെയും എന്തിനേറെ വൈദേശിക വ്യാപാര സമൂഹങ്ങളുടെയും നിർമ്മിതിയാണ്. എന്നാൽ മുസ്ലിങ്ങളെ അപരവത്കരിക്കുന്ന തരത്തിലുള്ള നരേറ്റീവുകൾ സവർണ ക്രൈസ്തവരുടെ ഇടയിൽ വ്യാപിപ്പിക്കുവാൻ സംഘപരിവാറിന് കഴിയുന്നുണ്ട്. സഭകളുടെ സാമ്പത്തിക മോഹങ്ങളും അതിനു കാരണമാകുന്നുണ്ട്.
ബിവിതാ ഈശോ: ഇതോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ് കേരളത്തിലെ ക്രൈസ്തവരുടെ ഹിന്ദുത്വവത്കരണം. ഇത് ന്യൂനപക്ഷ അരക്ഷിതാവസ്ഥയെ തരണം ചെയ്യാനുള്ള പ്രായോഗിക നയം മാത്രമായി ചുരുക്കിക്കാണാൻ കഴിയില്ല. ലവ് ജിഹാദ് മുതൽ നാർക്കോട്ടിക് ജിഹാദ് വരെയുള്ള ആരോപണങ്ങളിൽ അടങ്ങിയിട്ടുള്ള ഹിംസാത്മകത ചൂണ്ടികാട്ടുന്നത് ക്രൈസ്തവരുടെയിടയിലെ ഹിന്ദുത്വവൽക്കരണം അടിസ്ഥാനപരമായി ഇസ്ലാമോഫോബിയ ആണെന്നല്ലേ?
വൈ.ടി.വിനയരാജ്: എന്റെ ചിന്തയിൽ ഇന്ത്യയിൽ രണ്ടുതരത്തിലാണ് ഹിന്ദുത്വ വത്കരണം ക്രൈസ്തവരുടെ ഇടയിൽ നടന്നത്. ഒന്ന്, നിർദോഷമെന്നു തോന്നാവുന്ന തരത്തിലും മറ്റൊന്ന് വ്യക്തമായ രാഷ്ട്രീയ ലാക്കോട് കൂടെയും. നിർദോഷം എന്ന് പറഞ്ഞത് ദേശ-രാഷ്ട്ര രൂപീകരണ കാലത്തെ ദേശീയ വ്യവഹാരത്തെ കുറിച്ചാണ്. അക്കാലത്തു ഏറെ ക്രൈസ്തവരും ദേശീയ വാദികളായിരുന്നു (കോൺഗ്രസ്സുകാരും ആയിരുന്നു.). പക്ഷെ കീഴാള സമൂഹങ്ങളും വിഭജനത്തിന്റെ പേരിൽ മുസ്ലിങ്ങളും അപരസമൂഹങ്ങളായി മാറുകയായിരുന്നു ചെയ്തത്. അങ്ങനെ ദേശീയതയുടെ ചിന്താധാരയിൽ ഇന്ത്യയിലെ ക്രൈസ്തവർ തങ്ങളറിയാതെ തന്നെ ഹിന്ദുത്വവത്കരണത്തിന്റെ ധാരയിൽ അകപ്പെട്ടിരുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രം സമകാലിക പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ തീവ്രമായ ദേശീയ ബോധത്തിൽ/ അപരത്വ ബോധത്തിൽ അവർ സ്വാഭാവികമായും കുടുങ്ങി പോവുകയായിരുന്നു. വ്യത്യസ്തമായി ചിന്തിക്കുവാനുള്ള സങ്കേതങ്ങൾ സൃഷ്ടിക്കുവാനും ആയിരുന്നില്ല. ബ്രാഹ്മണ പാരമ്പര്യം എന്ന തുറുപ്പുചീട്ടിൽ കൂപ്പുകുത്തി. ഇപ്പോൾ മുസ്ലിം വിരുദ്ധത പറയുന്നത് സംഘ പരിവാറിനെ സുഖിപ്പിക്കാൻ ആണെന്ന് തോന്നുന്നു.
ബിവിതാ ഈശോ: സമീപകാല രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളോടുള്ള പ്രതികരണമായി അടിച്ചമർത്തപ്പെടുന്ന സമുദായങ്ങൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടത് ഒരു അനിവാര്യതയായി മാറിക്കഴിഞ്ഞല്ലോ. ഇന്ത്യയിലുടനീളവും, കേരളത്തിൽ പ്രത്യേകിച്ചും, ദളിത്-മുസ്ലിം കൂട്ടായ്മകൾ ഇത്തരത്തിൽ സാധ്യമായിക്കഴിഞ്ഞിരിക്കുന്നു. തുടർന്നുകൊണ്ടേയിരിക്കുന്ന ധൈഷണികവും രാഷ്ട്രീയവുമായ വിമർശനാത്മക ഇടപെടലുകളിലൂടെ മാത്രമാണ് ഇത് സാധ്യമാവുന്നത്. എന്നാൽ ഇത്തരത്തിലുള്ള പല കൂട്ടായ്മയിലും സംഘടിതമായ ക്രൈസ്തവ സാന്നിധ്യം ഇന്നും അസാധ്യമായി തുടരുകയല്ലേ? നേരത്തെ സൂചിപ്പിച്ച കലാപകരമായ (insurrectional) ഒരു കർതൃത്വ നിർമ്മിതിയുടെ അഭാവമാണോ പ്രതിഫലിക്കുന്നത്?
വൈ.ടി.വിനയരാജ്: ദളിത്-ന്യൂനപക്ഷ-കീഴാള ഐക്യം ഹിന്ദുത്വ കാലത്തിലെ അനിവാര്യതയാണ്. ഇരകൾ തമ്മിൽ സ്വാഭാവികമായുണ്ടാകുന്ന സാഹോദര്യമാണത്. എന്നാൽ മുസ്ലിം വിരുദ്ധത അടിച്ചേൽപ്പിച്ചു രാഷ്ട്രീയ ലാഭം കൊയ്യുന്ന സംഘപരിവാര രാഷ്ട്രീയം തിരിച്ചറിയാൻ കേരളത്തിലെ മേൽജാതി ക്രൈസ്തവ സഭകൾക്ക് കഴിയുന്നില്ല. വാസ്തവത്തിൽ പാശ്ചാത്യ ക്രിസ്ത്യാനിറ്റിക്കു വിരുദ്ധമായി പൗരസ്ത്യ ക്രൈസ്തവർക്ക് മുസ്ലിങ്ങളോടും മറ്റു സമൂഹങ്ങളോടും സാഹോദര്യമാണ് ഉണ്ടാകേണ്ടുന്നത്. കാരണം പരസ്പരം കൊടുത്തും വാങ്ങിയും ഒക്കെ ജീവിച്ച ഒരു ശൈലിയാണ് അവർക്കുള്ളത്. എന്നാൽ മേൽജാതി പാരമ്പര്യം അവകാശപ്പെട്ടുകൊണ്ടു സ൦ഘപരിവാർ രാഷ്ട്രീയത്തോടൊപ്പമാണ് കേരളത്തിലെ സഭകൾ. ലവ് ജിഹാദ് തുടങ്ങി മുനമ്പം സമരം വരെ ഈ നെക്സസ് വളരെ വ്യക്തമാണ്. ഇത് ആഗോള വ്യാപകമായി നടക്കുന്ന ഇസ്ലാമോഫോബിക് ആയുള്ള നരേറ്റീവിന്റെ ഭാഗമാണ്. ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിൽ ഇസ്രായേൽ അനുകൂല നിലപാടുകളെടുക്കാൻ നിർബന്ധിക്കുന്ന ഒരു പൊളിറ്റിക്കൽ നരേറ്റീവ് ആയി അത് മാറിയിട്ടുണ്ട്.മുനമ്പം സമരം | PHOTO: WIKI COMMONS
ബിവിതാ ഈശോ: എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ പല ഇടപെടലുകളും നോക്കിയാൽ ചരിത്രപരമായി കേരളത്തിലെ ക്രൈസ്തവസമൂഹം ഇത്തരം കൂട്ടായ്മകൾക്ക് അന്യമല്ലതാനും. നിവർത്തനപ്രക്ഷോഭം ഇതിന്റെ ഉദാഹരണമാണ്. ഈഴവ-മുസ്ലിം-ക്രൈസ്തവ കൂട്ടായ്മയിലൂടെ നായർ-നമ്പൂതിരി അപ്രമാദിത്വത്തെ വിമർശനാത്മകമായി പ്രതിരോധിച്ച മുന്നേറ്റമായിരുന്നല്ലോ അത്. ഇത്തരം കൂട്ടായ്മകൾ പോലും ദളിത്/ ദളിത്- ക്രൈസ്തവ സമുദായങ്ങളെ പുറത്തുനിർത്തിക്കൊണ്ട് ജാതീയമായ ബോഡി പൊളിറ്റിക് ആയി നിലനിന്നു എന്നത് വേറെ കാര്യം. എന്നാൽ സാമുദായികമായ രാഷ്ട്രീയത ദേശസാത്കരിക്കപ്പെട്ട ഒരു രാഷ്ട്രീയതക്ക് വഴിമാറിക്കൊടുത്തിടത്തല്ലേ ഇത്തരത്തിലുള്ള കൂട്ടായ്മ പാടെ അസാധ്യമായത്? അതോടുകൂടി സാമുദായികമായ ഭാഗഭാഗിത്വങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ ദേശീയ ഭാഗിത്വം അവകാശപ്പെടുവാൻ സാധിക്കുകയുള്ളു എന്ന് വന്നു. അതിദേശീയത അടിച്ചേൽപ്പിച്ച പൗരത്വവും സാമുദായികതയും തമ്മിലുള്ള വൈപരീത്യം പ്രശ്നവത്കരിക്കേണ്ട സമയം അതിക്രമിച്ചില്ലേ?
വൈ.ടി.വിനയരാജ്: കേരളത്തിന്റെ പശ്ചാത്തലത്തിൽ സമൂഹങ്ങൾ അഥവാ സമുദായങ്ങൾ ജാതി സമൂഹങ്ങളായി തന്നെയാണ് എല്ലാ കാലത്തും നിലനിന്നിട്ടുള്ളത്. നിവർത്തന പ്രക്ഷോഭണം ഈഴവ-മുസ്ലിം-ക്രൈസ്തവ ഐക്യം മുന്നോട്ടുവച്ചു എന്ന് പറയുമ്പോഴും കീഴാള ജാതിസമൂഹങ്ങളുടെ അഭാവം പ്രകടമാണ്. സാമുദായിക രാഷ്ട്രീയമായാലും ദേശസാൽകൃത രാഷ്ട്രീയമായാലും അത്തരം സമൂഹങ്ങളുടെ അദൃശ്യത സവിശേഷമാണ്. ഒരുപക്ഷെ ഒരു ആധുനിക സമുദായം എന്ന അർത്ഥത്തിൽ രൂപപ്പെടാൻ കഴിയാതെ പോയതുകൊണ്ടാകാം. പിന്നെ നവോദ്ധാനത്തിൻറെ ചരിത്രത്തിന്റെ മറവിൽ അത്തരം സമൂഹങ്ങളെ കർതൃത്വ-രഹിത സാമൂഹിക സ്ഥാനത്തു നിർത്തുകയും ചെയ്തു. പിന്നേയും ആധുനിക ഭരണകൂടത്തിന്റെ പൗരത്വ ഭാവനകളാണ് കുറച്ചെങ്കിലും അവരെ തുണച്ചത്. പക്ഷെ, ദേശം, ഭരണകൂടം, ദേശീയത, പൗരത്വം എന്നിവയെല്ലാം തന്നെ ആത്യന്തികമായി മേലാള സമൂഹങ്ങളുടെ ഡിസ്‌പൊസിഷനിൽ വരുന്ന കാര്യങ്ങൾ ആയതുകൊണ്ട് കീഴാള സമൂഹങ്ങൾ പില്കാലത്തും പിന്നാമ്പുറങ്ങളിലേക്കു പോകുന്നത് കാണാം. ഇവിടെയാണ് കീഴാള സമൂഹങ്ങളുടെ സമുദായവത്കരണം പ്രധാനമായി തീരുന്നത്. എന്നാൽ അത് കേവലം ജാതീയതയെ കൂടുതൽ ദൃഢീകരിക്കുന്നത് ആകാതിരിക്കണമെങ്കിൽ സംവാദാത്മകം ആയിരിക്കുകയും വേണം. ദേശം എന്ന ഭാവനയുടെ പുനർവിഭാവനയാണ് അത് അനിവാര്യമാക്കുന്നത്.
ബിവിതാ ഈശോ: പാലസ്‌തീനിൽ ഇസ്രായേൽ നടത്തുന്ന നിഷ്ടൂരമായ വംശഹത്യ ന്യായീകരിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ കാസ പോലുള്ള സംഘങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത അതേപടി വിശ്വസിച്ച് ഫോർവേഡ് ചെയ്യുന്ന സാഹചര്യം നിലനിൽക്കെ, ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രത്തെ കുറിച്ച് സംസാരിക്കാമോ? ജൂതർ ഒരു പരിഹരിക്കാനാവാത്ത പ്രശ്നമായപ്പോൾ ക്രൈസ്തവ യൂറോപ്പ്/ യൂറോപ്യൻ ക്രൈസ്തവത ജൂതപ്രശ്നത്തെ (Jewish Problem) അമേരിക്കയുടെ പിന്തുണയോടെ യൂറോപ്പിന് പുറത്തേക്ക് (പലസ്‌തീനിലേക്ക്) നിർബന്ധിതമായി കുടിയേറ്റിയതാണ് ഇന്നുകാണുന്ന ഇസ്രായേൽ എന്നാണ് മഹ്മൂദ് മംദാനി വിവക്ഷിക്കുന്നത് (Neither Settler Nor Native). അങ്ങനെ ജൂതവംശഹത്യയുടെ പിഴയിൽ നിന്ന് സ്വയം പാപമോചനം നേടുകയും, ഒരൊറ്റ നീക്കത്തിലൂടെ ജൂതപ്രശ്നം ഒരു മുസ്ലിം പ്രശ്നമാക്കി മാറ്റുകയും ചെയ്തുവെന്ന്?
വൈ.ടി.വിനയരാജ്: മഹ്മൂദ് മാംദാനിയുടെ വീക്ഷണം ശരിയാണ്. ഇസ്രായേൽ ആധുനിക സിയോണിസ്റ്റ് മൂവ്മെന്റിന്റെയും ബ്രിട്ടീഷ് ഇമ്പിരിയലിസത്തിന്റേയും സന്തതിയാണ്. 75 വർഷങ്ങളേറെയായി പലസ്തീൻ ജനത സ്വന്തം മണ്ണിനുവേണ്ടിയുള്ള ചെറുത്തുനില്പിലാണ്. ഇതൊരു മുസ്ലിം വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമായി പരിവർത്തിച്ചതിനുപിന്നിൽ ഡോമിനന്റ് ക്രിസ്ത്യൻ രാജ്യങ്ങൾക്കു പങ്കുണ്ട്. ക്രിസ്ത്യൻ സയണിസം എന്നാണു നാമിതിനെ വിളിക്കുക. വേദപുസ്തകത്തിലെ ദൈവജനമായ ഇസ്രായേൽ ജനമാണ് ഇപ്പോഴുള്ള ഇസ്രയേലെന്നും അതുകൊണ്ടു അതിനു അനുകൂലമായി നിൽക്കുകയാണ് ക്രൈസ്തവർ ചെയ്യേണ്ടതെന്നും ഉള്ള പഠിപ്പിക്കലുകൾ ക്രിസ്ത്യൻ സയണിസ്റ്റുകൾ വ്യാപകമായി സൃഷ്ടിക്കുന്നു. കേരളത്തിലും ഇത്തരം സംഘങ്ങൾ ഉണ്ട്. കാസ പോലുള്ള സംഘങ്ങൾക്കു സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പിൻതുണയും സാമ്പത്തിക സഹായവും ഉണ്ട്. കേരളത്തിന്റെ മണ്ണിൽ ഇസ്ലാമോഫോബിയ വളർത്താൻ ഇവ കാര്യമായി ശ്രമിക്കുന്നു. ഭൂമി കുംഭകോണം പോലുള്ള സാമ്പത്തിക ക്രമക്കേടുകൾ മൂടിവയ്ക്കാനും വിദേശ പണം കൊണ്ടുവരുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിലും ഈ സമീപനം ക്രൈസ്തവ സഭകളെ സഹായിക്കുമെന്നാണ് അവർ കരുതുന്നത്.
ബിവിതാ ഈശോ: അതെ, വാഗ്‌ദത്തനാട് എന്ന ബിബ്ലിക്കൽ സങ്കല്പ്പം വെച്ചാണല്ലോ അവിടെ ഇസ്രയേലും, ഇവിടെ ക്രൈസ്തവരും, പലസ്തീന്റെ മേലുള്ള അധിനിവേശവും ക്രൂരമായ വംശഹത്യയും ന്യായീകരിക്കുന്നത്. ബിബ്ലിക്കൽ ഇസ്രയേലും ഇസ്രായേൽ എന്ന അധിനിവേശരാഷ്ട്രവും ഒന്നാണ് എന്ന ചരിത്രപരമായ അപസിദ്ധാന്തത്തെ അപനിർമ്മിക്കാമോ?
വൈ.ടി.വിനയരാജ്: പലസ്തീൻ ഉൾപ്പെടുന്ന മധ്യപൗരസ്ത്യ റീജിയണുകളാണല്ലോ യേശുവിന്റേയും പ്രാഥമിക ക്രൈസ്തവരുടെയും ഉത്ഭവയിടങ്ങൾ. എന്നാൽ ബൈബിളിന്റെ ആക്ഷരിക വ്യാഖ്യാനങ്ങളാണ് പുസ്തകത്തിലെ വാഗ്ദത്ത നാടും ഇന്നത്തെ ഇസ്രയേലും തമ്മിൽ ബന്ധിപ്പിച്ചു ചിന്തിക്കാൻ ക്രിസ്ത്യാനികളെ സഹായിക്കുന്നത്. ബൈബിളിൽ ദൈവജനവും വാഗ്ദത്ത നാടും പ്രതിനിധാനം ചെയ്യുന്നത് ഒരു ബഹുസ്വരാത്മകമായ ജനസമൂഹവും ദേശഭാവനയുമാണ്. അത് ബഹിഷ്കൃതരെ കൂട്ടിച്ചേർക്കുകയും, ബലഹീനരെ താങ്ങുകയും ചെയ്യുന്ന ഒരു സ്വപ്നതുല്യമായ ഒരു വിവക്ഷയാണ്. സിയോണെന്നും ഇസ്രായേലെന്നും ഒക്കെ പ്രതിനിധീകരിക്കുന്നത് ഈ അപോക്കലിപ്റ്റിക് സങ്കല്പങ്ങളെയാണ്. ക്രിസ്ത്യൻ സയണിസ്റ്റുകൾ ഇത് ചേർത്തുവച്ച് നരേറ്റീവുകൾ ഉണ്ടാക്കിയതിന് പിന്നിൽ സാമ്രാജ്യത്വ താല്പര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഇന്നത്തെ ഇസ്രായേലിന് മുൻപറഞ്ഞ ബൈബിളിലെ വാഗ്ദത്ത നാടുമായി യാതൊരു ബന്ധവുമില്ല. ഇന്നത്തെ ഇസ്രായേൽ എംപീരിയലിസം അടിച്ചേൽപ്പിച്ച ഒരു തെമ്മാടി രാഷ്ട്രമാണ്. കുഞ്ഞുങ്ങളെ നിഷ്ക്കരുണം കൂട്ടക്കൊല ചെയ്യുന്ന, ഒരു ജനതയെ സ്വന്തം മണ്ണിൽ നിന്നും കുടിയൊഴിപ്പിക്കുന്ന ഒരു കൊലയാളി രാഷ്ട്രത്തിനു എങ്ങനെയാണ് രാഷ്ട്രീയ ഇരകൾക്കുവേണ്ടി കുരിശ്ശിലേറിയ ക്രിസ്തുവിന്റെ രാജ്യമാകാൻ കഴിയുക?REPRESENTATIVE IMAGE | WIKI COMMONS
ബിവിതാ ഈശോ: കേരളത്തിലെ ക്രൈസ്തവസമൂഹം ഒരു അനാസ്ഥയുടെ അരാഷ്ട്രീയം കൊണ്ടാടുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്. കേരളത്തിന് പുറത്തുനടക്കുന്ന യാതൊരു രാഷ്ട്രീയ സാഹചര്യങ്ങളും, അത് ക്രൈസ്തവരെ സംബന്ധിക്കുന്നതായാൽ പോലും, ബാധിക്കാതെയാണ് സവർണ്ണ സഭകൾ പലപ്പോഴും നിലനിൽക്കുന്നത്. യു.എ.പി.എ. ചുമത്തി അന്യായമായി തടവിലാക്കപ്പെട്ട മരണപ്പെട്ട ഫാദർ സ്റ്റാൻ സ്വാമി, തുടർന്ന് കൊണ്ടിരിക്കുന്ന മണിപ്പൂർ കൂട്ടക്കൊല, ന്യൂനപക്ഷ ആൾകൂട്ടക്കൊല, ഇതിലൊന്നും തന്നെ വിശാലമായ ഒരു ക്രൈസ്തവ കൂട്ടായ്മ ഇന്നും സാധ്യമാക്കിയിട്ടില്ല. വ്യക്തിപരമായിട്ടല്ലാതെ സാമുദായികമായി ഒരു കൂട്ടായ്മയുടെ ഭാഗമാകാൻ കഴിയാതെ വളരെ അപ്പോളജറ്റിക് ആയ ഒരു സ്വത്വപ്രതിസന്ധി ഇത് സൃഷ്ടിക്കുന്നുണ്ടോ?
വൈ.ടി.വിനയരാജ്: കേരളത്തിലെ ക്രൈസ്തവ സഭകൾ പാടെ മാറിയിരിക്കുന്നു. നോക്കൂ ഒരു കാലത്തു സാമൂഹിക ഉന്നമനത്തിനും ദുർബലരുടെ ക്ഷേമത്തിനും നേതൃത്വം കൊടുത്ത സഭകൾ ഇന്ന് വിദ്യാഭ്യാസവും ആരോഗ്യവും കൊമേഴ്സ്യലൈസ് ചെയ്തിരിക്കുന്നു. സ്വന്തം സ്ഥാപനങ്ങൾ സംരക്ഷിക്കുക, വിദേശപണം തടസം കൂടാതെ കൊണ്ടുവരിക ഇവയൊക്കെയാണ് പ്രധാന ലക്ഷ്യങ്ങൾ.ഇടക്കിടയ്ക്ക് തങ്ങളുടെ സവർണ ജാതി സ്വത്വം ലിറ്റർജികളായി ആഘോഷിക്കുക ഇതൊക്കെയാണ് അവർക്കു പഥ്യം. അതുകൊണ്ടു തന്നെ ഫാദർ സ്റ്റാൻസ്വാമിയുടെ മരണമോ മണിപ്പൂർ പ്രശ്നമോ ന്യൂനപക്ഷ പീഡനങ്ങളോ ഒന്നും തന്നെ കേരളത്തിലെ സവർണ സഭകളെ ബാധിക്കുന്നേയില്ല.
ക്രൈസ്തവരുടെ ലിറ്റർജികൾ ഇത്തരം രാഷ്ട്രീയ നിർവികാരതകളെ നിലനിർത്താൻ സഹായിക്കുന്നു. കോൺസ്റ്റന്റൈനിന്റെ കാലം മുതൽ ലിറ്റർജികൾ പരമാധികാരത്തിന്റെ കുഴലൂത്തുകളായിരുന്നു. അരാഷ്ട്രീയയതയുടെ സ്ത്രീവിരുദ്ധതയുടെ കീഴാളവിരുദ്ധതയുടെ ഉണർത്തുപാട്ടുകളായി സഭാമക്കളുടെ ബോധത്തിലും സാമൂഹിക പ്രയോഗങ്ങളിലും വ്യാപിക്കുന്നു. എന്നാൽ നോക്കൂ, യൂക്കറിസ്റ് എന്ന സാക്രമെന്റ് കുരിശ്ശിലേറിയവന്റെ നൊമ്പരത്തിന്റെ പങ്കിടലാണ്. അത് രാഷ്ട്രീയ ബോധമായി മാറാതിരിക്കാനും അത് സാമൂഹിക പ്രയോഗങ്ങളിൽ സ്വാധീനിക്കാതിരിക്കാനും ലിറ്റർജികൾ സഹായിക്കുന്നു. കുർബ്ബാന ജനാഭിമുഖമായി ചെയ്യണോ, അതോ തിരിഞ്ഞു നിക്കണോ, കറുത്ത കുപ്പായം വേണോ, മഞ്ഞ കുപ്പായം വേണോ, എന്നുള്ള തർക്കത്തിൽ ജനങ്ങളെ തളച്ചിടുന്നതിൽ വ്യവസ്ഥാപിത സഭകൾക്ക് പ്രത്യേക ലക്ഷ്യങ്ങൾ തന്നെയുണ്ടെന്നാണ് എന്റെ പക്ഷം.
ബിവിതാ ഈശോ: മുതലാളിത്തവ്യവസ്ഥിതിയും ക്രൈസ്തവമതവും തമ്മിലുള്ള (അ)വിശുദ്ധ ബന്ധത്തിലേക്ക് മേൽ വിവരിച്ച പ്രശ്നങ്ങളെയെല്ലാം കൂട്ടികെട്ടാമോ? ക്രിസ്ത്യാനിറ്റിയുടെ ഇത്തിൾക്കണ്ണിയായിട്ടാണ് ക്യാപിറ്റലിസം വളർന്നതെങ്കിലും, ഒടുവിൽ ക്യാപിറ്റലിസത്തിന്റെ ചരിത്രവും ക്രിസ്ത്യാനിറ്റിയുടെ ചരിത്രവും വേർതിരിക്കാൻ പറ്റാത്ത തരത്തിൽ കെട്ടുപിണഞ്ഞതായി എന്ന് വാൾട്ടർ ബെന്യാമിൻ വാദിക്കുന്നുണ്ട്. സാമ്പത്തിക ദൈവശാസ്ത്രത്തിലധിഷ്ഠിതമായ കർതൃത്വനിർമിതി.
വൈ.ടി.വിനയരാജ്: പ്രൊട്ടസ്റ്റാന്റിസവും മുതലാളിത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മാക്സ് വെബർ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. നവമുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും തേരിലേറി തന്നെയാണ് പാശ്ചാത്യ ക്രൈസ്തവ ഭരണകൂടങ്ങൾ നിലനിൽക്കുന്നത്. ഇത്തരം സാമ്രാജ്യത്വങ്ങൾ മൂലധന ശക്തികളുടെ സഹായത്തോടെ സാമ്രാജ്യം വിപുലമാക്കുന്നതാണ് നാം കാണുന്നത്. എന്നാൽ ഇന്ന് ഇത് വളരെ വലിയ നെക്സസ് ആയി മാറിയിട്ടുണ്ട്. അതിനെ പിന്തുണയ്ക്കുന്ന ദൈവശാസ്ത്രങ്ങളും ലിറ്റർജികളും ബൈബിൾ പാദങ്ങളും സൃഷ്ടിക്കുന്നുമുണ്ട്. ആഗോള വ്യാപകമായി രൂപപ്പെടുന്ന ഇസ്ലാമോ ഫോബിയയും ഇതിന്റെ ഭാഗം തന്നെ. ഇന്ത്യയിൽ/ കേരളത്തിൽ സ്ത്രീവിരുദ്ധ-കീഴാളവിരുദ്ധ സാംസ്കാരിക രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും ഒപ്പമുണ്ട്. ദൈവത്തിനുപോലും രക്ഷിക്കാൻ കഴിയാത്ത പടുകുഴിയിലാണ് ക്രൈസ്തവ സഭ. പോംവഴികളെക്കുറിച്ചു ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ആവൊ?
ബിവിതാ ഈശോ: ഇങ്ങനെയൊക്കെയാണെങ്കിലും എത്ര ഇന്ത്യവൽക്കരിച്ചിട്ടും/ഹിന്ദുവൽക്കരിച്ചിട്ടും ദേശരാഷ്ട്രത്തിന്റെ ആഖ്യാനത്തെ ചോദ്യം ചെയ്ത/വിമർശിച്ച ആ നിമിഷത്തിൽ ക്രൈസ്തവന്യൂനപക്ഷത്തെ പരദേശിയായും ശത്രുവായും അന്യമായും രാഷ്ട്രം വീണ്ടെടുത്തു എന്ന് വെങ്കൽ ചക്കരയെക്കുറിച്ചുള്ള പഠനത്തിൽ MSS പാണ്ഡ്യൻ നിരീക്ഷിക്കുന്നുണ്ട്. ന്യൂനപക്ഷത്തെ എപ്പോഴും മുൾമുനയിൽ നിർത്തുന്ന ഈ ഭൂരിപക്ഷകേന്ദ്രിയതയാണ് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും, ആധുനികതയുടെയും എല്ലാം പൊള്ളത്തരവും. ചരിത്രപരമായി നോക്കിയാൽ കേരളത്തിലും ഇതുതന്നെ സംഭവിച്ചിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രീയം ഈ വിമർശനം കാലാകാലമായി ഉയർത്തുന്നുമുണ്ട്. ഈ സാഹചര്യം നിലനിൽക്കെ വിമർശനാത്മകമായ രാഷ്ട്രീയക്രൈസ്തവത സാധ്യമാണോ?
വൈ.ടി.വിനയരാജ്: ക്രിസ്ത്യാനികൾ എല്ലാകാലത്തും ഒത്തുതീർപ്പിന്റെ ആളുകളായിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്തു തന്നെ മതപരമായ പ്രത്യേക സംവരണം നിഷേധിച്ചവരാണ് ക്രിസ്ത്യാനികൾ. ദേശസാത്കരിക്കപ്പെട്ട ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടാനായിരുന്നു അവർക്കെന്നും താല്പര്യം. ഇന്ത്യൻ ദേശരാഷ്ട്ര നിർമ്മിതിയുടെ കാലത്തുതന്നെ ദേശീയ വ്യവഹാരത്തിൽ പെട്ടുപോയവരാണ് ഇന്ത്യയിലെ ക്രിസ്ത്യാനികൾ. അതുകൊണ്ടു ഇന്ത്യൻ മുസ്ലിങ്ങൾക്ക് സംഭവിച്ച ദേശീയ അപരത്വ നിർമ്മിതി ക്രിസ്ത്യാനികൾക്കു സംഭവിച്ചില്ല എന്നുള്ളതാണ് സത്യം. എന്നാൽ പ്രശ്നം എന്ന് പറയുന്നത് ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും എല്ലാം ഈ ദേശീയ വ്യാഖ്യാനത്തിന്റെ ഉള്ളിലാണ് സംഭവിച്ചത് എന്നുള്ളതാണ്. നിവേദിത മേനോൻ തന്റെ പുതിയ പുസ്തകത്തിൽ ഈ ഏകീകൃത ദേശബോധത്തിൽ രൂപീകൃതമായ മതേതരത്വവും ജനാധിപത്യവും എത്രമാത്രം മെജോറിട്ടേറിയൻ ആയിരുന്നുവെന്നും അപരത്വത്തിന്റേതായിരിന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങളെയും കീഴാള സമൂഹങ്ങളെയും അപരവത്കരിച്ചുകൊണ്ടുള്ള ഈ ഹിന്ദുത്വ പ്രത്യയശാസ്ത്രഭൂമികയിൽ രൂപപ്പെട്ട മതേതരത്വത്തിന്റെ പ്രശനം ക്രൈസ്തവർ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഇപ്പോൾ മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്ന സംഘപരിവാർ ക്രൈസ്തവരെ നോട്ടമിടുന്ന കാലം വിദൂരമല്ല. ഒരു ദേശീയ അപരത്വ ബോധത്തിൽ നിന്നും രക്ഷപെടുന്നതിനുള്ള കുറുക്കുവഴിയായിട്ടാണ് ക്രൈസ്തവർ സംഘപരിവാർ ബന്ധത്തെ ഉപയോഗിക്കുന്നത്. അതാണ് ഏറ്റവും അപകടകരമായുള്ള കാര്യം. ഇവിടെ, ഒരു രാഷ്ട്രീയ ക്രൈസ്തവികത ഉണ്ടാകണമെങ്കിൽ സംഘപരിവാർ വിരുദ്ധ ചേരിയിലാണ് ക്രൈസ്തവർ നിൽക്കേണ്ടത്. അതിനുള്ള സാമൂഹികപരവും രാഷ്ട്രീയപരവും ദൈവശാസ്ത്രപരവുമായ സങ്കേതങ്ങൾ കണ്ടെത്തേണ്ടതുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
ബിവിതാ ഈശോ: ജാതിയെ അദൃശ്യവത്കരിച്ചും, സാമുദായികതയെ മതേതരവത്കരിച്ചും, മുസ്ലിമിനെ വർഗ്ഗീയവത്കരിച്ചും കൊണ്ടാണ് ക്രൈസ്തവർ ദേശസാത്കരിക്കപ്പെട്ടത്. ജാതീയതയെ ഹൈന്ദവ പ്രശ്നവും വർഗ്ഗീയതയെ മുസ്ലിം പ്രശ്നവുമായി വ്യാഖ്യാനിച്ചുകൊണ്ട് ക്രൈസ്തവർ സ്വയം മതേതര വക്താക്കളായി പരിഭാഷപ്പെടുത്തി. അതിന്റെ പരിണിതഫലം എന്തെന്നാൽ സാമുദായിക മുന്നേറ്റങ്ങൾക്ക്, ക്രൈസ്തവരുടെ ഉൾപ്പടെയുള്ള, വർഗ്ഗീയമാനം അടിച്ചേൽപ്പിച്ചു എന്നതാണ്. ക്രൈസ്തവരെ സ്വാംശീകരിച്ചുകൊണ്ടും മുസ്ലീങ്ങളെ പുറന്തള്ളിക്കൊണ്ടും മെനഞ്ഞ പൗരത്വബില്ല് ഇതിന്റെ തുടർച്ചയാണ്. ഇവിടെ ക്രൈസ്തവരെ ഉൾപെടുത്തുന്ന പ്രകടനാത്മകമായ പ്രക്രിയയിലൂടെയാണ് പൗരത്വബില്ലിന് ഹിന്ദുത്വരാഷ്ട്രം മതേതരമാനം കൽപ്പിക്കുന്നത്. ഈ ഹിംസാത്മകതയുടെ നിശബ്ദസാക്ഷിയാകുന്നതിലൂടെ അപരരുടെ മാത്രമല്ല, സ്വന്തം ന്യൂനീകരണത്തിനും കൂടിയല്ലേ സാധുത നൽകുന്നത്?
വൈ.ടി.വിനയരാജ്: ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ മതേതരത്വം പ്രധാനമായും മുസ്ലിങ്ങളെയാണ് ടാർഗറ്റ് ചെയ്യുന്നത്. പൗരത്വ ഭേദഗതി ബില്ലിലും ക്രൈസ്തവരെ ഞങ്ങൾ പുറന്തള്ളുന്നില്ല എന്ന പ്രതീതി നിലനിർത്താനാണ് ശ്രമിച്ചത്. ഇതിനുള്ളിലെ ചതി ക്രൈസ്തവർ മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം ബഹിഷ്കൃതത്വത്തിന്റെ മതേതരത്വമല്ല, അതെസമയം അക്കോമഡേഷന്റെ മതേതരത്വവുമല്ല; സാംസ്കാരികവും മതപരവും ലിംഗപരവും ആയ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു റാഡിക്കലായുള്ള മതേതരത്വമാണ് നമുക്ക് വേണ്ടത്. അത് ബഹിഷ്‌കൃതരെ അഡ്രസ് ചെയ്യുന്നതും, അവരുടെ വിലാപങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതും, അത്തരം പരമാധികാര വിരുദ്ധ രാഷ്ട്രീയത്തിന്റെ ഉറവയായി മാറുന്ന ദൈവീകതയെ ആശ്ലേഷിക്കുന്നതുമായ മത-മതാതീത ആത്മീയതയായിരിക്കും. അതിലേക്കുള്ള പ്രയാണം ഒരു ഭൗമ രാഷ്ട്രീയത്തിലേക്കായിരിക്കും നമ്മെ കൊണ്ടെത്തിക്കുക എന്ന് തോന്നുന്നു.
ബിവിതാ ഈശോ: എന്നാൽ മതേതരത്വത്തെ കൂടുതൽ മതേതരവത്കരിക്കുന്നതുകൊണ്ട് തീരുന്ന പ്രശ്നമല്ലല്ലോ ഇത്? മതേതരത്വത്തിന്റെ മതകീയ ഭൂതങ്ങളെ കുറിച്ച് തലാൽ അസദ് മുതൽ അനേകം പേർ ഇതിനോടകം എഴുതിക്കഴിഞ്ഞിരിക്കുന്നു. യൂറോപ്യൻ സാഹചര്യത്തിൽ മതമാണ് (ക്രിസ്ത്യാനിറ്റിയാണ്) മതേതരത്വമായി അവതരിച്ചത് എന്നും നമുക്കറിയാം. മറ്റെല്ലാ കൂട്ടായ്മകളും വർഗീയമാക്കിക്കൊണ്ട് ഹിന്ദുരാഷ്ട്രം മതേതരമാകുന്നതും മതേതരത്വത്തിന്റെ തന്നെ ആന്തരികമായ ഈ വൈരുധ്യം കാരണമാണ്. ഇത്തരുണത്തിൽ, ദേശരാഷ്ട്രത്തിൽ മതേതരാനന്തര മതത്തെത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാമോ?
വൈ.ടി.വിനയരാജ്: ആധുനിക മതേതരത്വം മതങ്ങളെ പ്രൈവറ്റൈസ് ചെയ്യുകയും പബ്ലിക് സ്പേസിനെ റിലീജിയസ് ന്യൂട്രൽ ആക്കുകയും ചെയ്തു. പാശ്ചാത്യ മതേതരത്വം മതങ്ങൾക്ക് നൽകിയ zero space, എന്നാൽ, ഇന്ത്യയിൽ വ്യത്യസ്തമായാണ് ഉൾക്കൊണ്ടത്. മുൻ പറഞ്ഞതുപോലെ, ദേശീയവ്യവഹാരത്തിനുള്ളിൽ രൂപപ്പെട്ട ഇന്ത്യൻ മതേതരത്വം, പക്ഷെ, മതന്യൂനപക്ഷങ്ങളുടെയും കീഴാള സമൂഹങ്ങളുടെയും അപരവത്കരണം ചോദ്യം ചെയ്തില്ല. നിവേദിത മേനോൻ പറയുന്നതുപോലെ മെജോറിട്ടറിയാനിസത്തിനു കുട പിടിക്കുന്ന മതേതരത്വമാണിത്. കീഴാള സമൂഹങ്ങളെ അന്യവത്കരിക്കുന്ന വികസന തന്ത്രങ്ങളെ ചെറുക്കാനാവാതെവണ്ണം ശുഷ്കമാണ് ഈ മതേതരത്വം. ഇവിടെയാണ് റാഡിക്കലായുള്ള ഒരു മതേതരാനന്തരത ഇന്ത്യയിൽ അനിവാര്യമാകുന്നത്. അതു ഭൂരിപക്ഷ രാഷ്ട്രീയത്തെ ചെറുക്കുന്നതും ബഹുസ്വരത ആഘോഷിക്കുന്നതും മതത്തിന്റെ വിമോചനാത്മകത തിരിച്ചു പിടിക്കുകയും ചെയ്യുന്ന ഒന്നായിരിക്കും. ഇക്കാര്യത്തിലും അംബേദ്‌കർ നമുക്കൊരു നല്ല വഴികാട്ടി ആയിരിക്കും.
ബിവിതാ ഈശോ: ഇതേപോലെതന്നെ, ജനാധിപത്യം അപൂർണമായതുകൊണ്ടാണ് സമത്വം സാധ്യമല്ലാത്തത് എന്നും ജനാധിപത്യത്തെ ജനാധിപത്യവത്കരിക്കുന്നത് വഴി ഇത് തരണം ചെയ്യാമെന്നുമാണ് ഒരു പക്ഷം. ആധുനികതയെ കുറിച്ച് ഹാബെർമാസ് പറഞ്ഞതിന്റെ തുടർക്കഥയാണിത്. എന്നാൽ സ്ഥായിയായ ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും സ്ഥാപിച്ചെടുത്തുകൊണ്ടു മാത്രം രൂപപ്പെടുത്തുന്ന ജനാധിപത്യത്തിന്റെയും, അതിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുന്ന ദേശരാഷ്ട്രത്തിന്റെയും അടിത്തറ തന്നെ അസമത്വം അല്ലെ? അങ്ങനെയെങ്കിൽ ലിബറൽ വാദം പറയുന്ന പോലെ ജനാധിപത്യത്തിന്റെതും വെറുമൊരു പ്രായോഗിക പ്രശ്‌നമല്ല, തത്വശാസ്ത്രപരമായ ആന്തരിക പ്രശ്‌നമാണ്.
വൈ.ടി.വിനയരാജ്: തീർച്ചയായും. ആധുനിക ജനാധിപത്യം അതിനുള്ളിൽ തന്നെ ഒരു ആന്തരിക വൈരുധ്യം ഉൾക്കൊള്ളുന്നുവെന്നു ആദ്യം ചൂണ്ടിക്കാണിച്ചത് അംബേദ്കറാണ്. പാർത്ഥ ചാറ്റർജി Politcs of Governed എന്ന പുസ്തകത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ആധുനിക ജനാധിപത്യത്തിന്റെയും ഭരണകൂടത്തിന്റെയും ഉപജ്ഞാതാവായ കാൾ സ്മിത്ത് ക്രൈസ്തവ ദൈവശാസ്ത്രത്തിലെ പരമാധികാരം എന്ന സങ്കല്പത്തിൽ നിന്നുകൊണ്ടാണ് രാഷ്ട്രത്തിന്റെ പരമാധികാരത്തെ നിർവചിച്ചത്. അത് ആന്തരികമായും ഭരണകൂടവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള വൈരുധ്യം വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. എന്നാൽ നമ്മുടെ സമകാലിക പൊതു രാഷ്ട്രീയം ജനാധിപത്യത്തിനുള്ളിലെ ഈ ആന്തരിക വൈരുധ്യം അഡ്രസ്സ് ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ നമ്മുടേതൊരു managed democracy ആണ്. ന്യൂനപക്ഷത്തെ അക്കോമഡേറ്റ് ചെയ്യുക, ദുർബലരെ പരിരക്ഷിക്കുക. ഇത് പരമാധികാരത്തിന്റെ രാഷ്ട്രീയമാണ്. അതേസമയം നമുക്കിന്നു വേണ്ടത് പരമാധികാരരഹിത രാഷ്ട്രീയമാണ്. അത് ജനാധിപത്യത്തെ ബഹുസ്വരമാക്കുകയും ബഹിഷ്കൃതരുടെ സ്വയ നിർവാഹകത്വം ഉറപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രക്രിയയാണ്. അത്തരം രാഷ്ട്രീയ പ്രവർത്തനങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. കർഷക സമരങ്ങളായാലും ഭൂവിഭവങ്ങൾക്കുവേണ്ടിയുള്ള കീഴാളരുടെ ചെറുത്തുനില്പുകളായാലും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ മാതാവകാശങ്ങൾ ആയാലും പൗരത്വ പ്രക്ഷോഭങ്ങൾ ആയാലും ദേശരാരാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ബദൽ രാഷ്ട്രീയ ഇടപെടലുകളാണ്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആകട്ടെ ഡോമിനന്റ് മത സമൂഹങ്ങളാകട്ടെ അത് തിരിച്ചറിയാതെ പോകുന്നു എന്നതാണ് വാസ്തവം. ഇത്തരം തിരിച്ചറിവുകൾ സഭകൾക്ക് നൽകുകയും അങ്ങനെ സഭകളെ പുതിയ ജനാധിപത്യത്തിന്റെ ഏജന്റ്സ് ആക്കി മാറ്റുകയും ചെയ്യുക എന്നതായിരിക്കണം പുതിയ രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ ഉദ്ദേശം.