
രാമരാജ്യത്തിന്റെ രാഷ്ട്രീയം
2024 ജനുവരി 22 ന് അയോധ്യയില്‍ രാമക്ഷേത്രം തുറക്കുന്ന ദിവസം ആധുനിക ഇന്ത്യാ ചരിത്രത്തിലെ ആര്യന്‍ ഹിംസാത്മകതയുടെ ദിനമായി ഓര്‍മിക്കപ്പെടും. അതിന്റെ പ്രധാനപ്പെട്ട കാരണം ഇപ്പോള്‍ രാമക്ഷേത്രം തുറക്കുന്ന സ്ഥലം നേരത്തെ ബാബറി മസ്ജിദ് എന്നറിയപ്പെട്ടിരുന്ന മുസ്ലീം ദേവാലയം നിലനിന്ന സ്ഥലമായിരുന്നു. 1992 ഡിസംബര്‍ ആറാം തീയതി അക്രമണോത്സുകമായ ഹിന്ദുത്വ രാഷ്ട്രീയശക്തികള്‍ പള്ളി പൊളിച്ചുമാറ്റുകയും ഭരണകൂടത്തിന്റെയും കോടതിയുടെയും പിന്തുണയോടുകൂടി ആ പ്രദേശം കൈവശപ്പെടുത്തി. അവിടെ ഹിന്ദുക്കളുടെ അഭിമാനസ്തംഭമെന്ന് സംഘപരിവാര്‍ ശക്തികള്‍ വിശേഷിപ്പിക്കുന്ന രാമക്ഷേത്രം തുറക്കുകയുമാണ് ചെയ്തത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിംസാത്മകതയുടെ ദിനമായി ഇത് ചരിത്രത്തില്‍ ഓര്‍മിക്കപ്പെടും എന്നതില്‍ തര്‍ക്കമില്ല.
കാരണം ഇന്ന് ഇന്ത്യയില്‍ ആഘോഷിക്കപ്പെടുന്ന വിശാലഹിന്ദു എന്ന സങ്കല്പത്തിനുതന്നെ ഒന്നരനൂറ്റാണ്ടിലധികം പഴക്കമില്ല. ജനാധിപത്യ സംവിധാനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശക്തിപ്പെട്ടപ്പോള്‍ എണ്ണം ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ജനാധിപത്യത്തില്‍ വരുന്നു. എത്രപേര്‍ ഉണ്ടെന്നത് പ്രധാനപ്പെട്ട കാര്യമായി മാനദണ്ഡത്തില്‍ വരുന്നു എന്നു മനസ്സിലാക്കിയ ഹിന്ദുത്വശക്തികള്‍/ ബ്രാഹ്‌മണ്യ ശക്തികള്‍ അന്നുവരെ അവര്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന സംസ്‌കാരവും ആചാരസംഹിതകളും ഇന്ത്യയിലെ തദ്ദേശീയരായ മനുഷ്യരോട് കാണിച്ച അതിഭീകരമായ ക്രൂരതകളും മറച്ചുവച്ചുകൊണ്ട് നമ്മളെല്ലാം വിശാലമായ ഒരു ഹിന്ദുസമുദായമുള്ള രാജ്യമാണെന്ന ഐഡന്റിറ്റി ഈ ഒന്നരനൂറ്റാണ്ടിനകം രൂപപ്പെടുത്തി എടുത്തതാണ്. ഇത് കേവലമായ ഒരു ജനതയെ പറഞ്ഞുതെറ്റിദ്ധരിപ്പിക്കുന്ന കാര്യം എന്നതിനപ്പുറം ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ വൈഷ്ണവ പാരമ്പര്യമായോ ബ്രാഹ്‌മണ്യ പാരമ്പര്യമായോ മാത്രം മനസ്സിലാക്കപ്പെടാവുന്നവിധം ഇന്ത്യന്‍ വൈജ്ഞാനികതയെയും, ഇന്ത്യയുടെ പൗരാണികതയെയും, ചരിത്രത്തെയും, സംസ്‌കാരത്തെയും വ്യാഖ്യാനിച്ചെടുത്ത വിപുലമായ അറിവിന്റെ മണ്ഡലം അവര്‍ തുറക്കുകയുണ്ടായി. ഇത് ഇന്നുകാണുന്ന മോദിയും കൂട്ടരും മാത്രം ചെയ്തതല്ല. ദേശീയ പ്രസ്ഥാനത്തിനകത്തുപോലും സുശക്തമായധാര ഈ ബ്രാഹ്‌മണ്യസേവയ്ക്കുവേണ്ടി നിലകൊണ്ടിരുന്നു എന്നു നമ്മള്‍ കാണണം. ബാബറി മസ്ജിദ് | PHOTO: WIKI COMMONS
മഹാത്മാഗാന്ധി ആഗ്രഹിച്ചത് രാമരാജ്യമായിരുന്നു. അദ്ദേഹം തന്നെ പറയുന്നുണ്ട് ആ രാമരാജ്യം രാമന്‍ ഭരിക്കുന്ന സ്ഥലം എന്ന നിലയ്ക്കല്ല ഞാന്‍ മനസ്സിലാക്കുന്നത്, ലോകത്തിന്റെ സമാധാനത്തിനാണ്. സമാധാനപൂര്‍വം ലോകം നിലനില്‍ക്കുന്നതിനെയാണ് ഞാന്‍ രാമരാജ്യം എന്ന് വിളിക്കുന്നത് എന്നൊക്കെ അദ്ദേഹം വിശദീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചിന്തകളുടെ കേന്ദ്രപ്രമേയമായി രാമനെപ്പോഴും കൂടെയുണ്ടായിരുന്നു എന്നത് അപകടകരമായ സൂചനയായിത്തന്നെ ചരിത്രത്തില്‍ അടയാളപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അങ്ങനെ ഏറിയും കുറഞ്ഞും ബ്രാഹ്‌മണസേവയെ പ്രധാനമായിക്കണ്ട സവര്‍ണശക്തികള്‍ എല്ലാക്കാലത്തും രാമനോട് വലിയ വിധേയത്തം പുലര്‍ത്തുകയും രാമന്റെ ധാര്‍മികത ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ ധാര്‍മികതയാണെന്ന വ്യാജ്യമായ നുണപ്രചാരണത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ടെന്നുള്ളത് നമുക്ക് തള്ളിക്കളയാനാകില്ല.
ഇന്ത്യ ഭരിച്ച മുസ്ലീം ഭരണാധികാരികള്‍ ക്രൂരന്മാരായിരുന്നു, അവര്‍ ക്ഷേത്രങ്ങളെല്ലാം പൊളിച്ചുമാറ്റുകയായിരുന്നുവെന്ന് ഇന്ന് സംഘപരിവാര്‍ ശക്തികള്‍ പറയുമ്പോള്‍ നമ്മള്‍ ചരിത്രത്തിലേക്ക് കണ്ണോടിക്കേണ്ടിയിരിക്കുന്നു. ചരിത്രം നമ്മോട് പറയുന്നത് യഥാര്‍ത്ഥത്തില്‍ മറ്റൊരു കഥയാണ്. ഇന്ത്യയിലെ മുസ്ലീം ഭരണാധികാരികള്‍ നിരവധിയായ സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വംവഹിക്കുകയും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളില്‍ അചഞ്ചലമായി നിലകൊള്ളുകയും ചെയ്തവരാണെന്ന് ചരിത്രം നമ്മോട് പറയുന്നു. ഉദാഹരണമായി ടിപ്പു സുല്‍ത്താന്റെ മലബാറിലേക്കുള്ള സൈനികനീക്കമാണ് മലബാറിനെ മനുഷ്യവത്കരിക്കുന്നതില്‍, എല്ലാ മനുഷ്യര്‍ക്കും തുല്യമായ അവകാശങ്ങള്‍ കൊടുക്കുന്നതില്‍, വസ്ത്രം ധരിക്കുവാനും വഴി നടക്കുവാനുമുള്ള അവകാശം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നത് എന്ന് മലബാറിന്റെ ചരിത്രം നമ്മോടു പറയുന്നുണ്ട്. ഇതെല്ലാം മറച്ചുവച്ചിട്ടാണ് അന്നില്ലാതിരുന്ന പരാതി ഇപ്പോള്‍ സംഘപരിവാര്‍ ഉന്നയിക്കുന്നത്. ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഒരു ബ്രാഹ്‌മണശക്തിയും അവര്‍ക്കെതിരെ നേരിട്ടുള്ള കലാപത്തിന് മുതിര്‍ന്നിട്ടില്ലെന്നു മാത്രമല്ല അവരുടെ കൊട്ടാരങ്ങളില്‍ ഉന്നതമായ സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് ജീവിക്കുകയായിരുന്നുവെന്നുകൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അക്രമണോത്സുകരായ ഇപ്പോഴത്തെ ഹിന്ദുക്കള്‍ക്ക്/ വൈദിക പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ക്ക് ശത്രുക്കള്‍ എന്നത് പുറത്തുള്ള മതസമൂഹങ്ങളല്ല. മറിച്ച് ഹിന്ദുക്കള്‍ എന്ന് വിളിക്കപ്പെടുന്ന കീഴാള സമൂഹങ്ങളോടാണ് അവര്‍ ചരിത്രത്തില്‍ ഉടനീളം യുദ്ധം ചെയ്തത്. വൈക്കം സത്യാഗ്രഹം നടക്കുമ്പോള്‍ വൈക്കംപ്രദേശത്തെ ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗക്കാരും പുലയരടക്കമുള്ള പട്ടികവിഭാഗക്കാരും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആ വഴികളിലൂടെ നടക്കാമായിരുന്നുവെന്നത് നമ്മള്‍ മറന്നുപോകരുത്. വൈക്കം സത്യാഗ്രഹം | PHOTO: WIKI COMMONS
യഥാര്‍ത്ഥത്തില്‍ ഇവര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത് ചരിത്രത്തിലുടനീളം പിന്നാക്ക ദലിത് വിഭാഗങ്ങളെയാണ്. എന്നാല്‍ പുതിയകാലത്ത് ജനാധിപത്യത്തിന്റെ കാലത്ത് ഇവരെ പുറന്തള്ളിക്കൊണ്ട് അധികാരം നിലനിര്‍ത്താന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ കുശാഗ്ര ബുദ്ധികളായ ബ്രാഹ്‌മണസേവകരാണ് ഹിന്ദുക്കളും ഹിന്ദുക്കളിലേക്ക് പിന്നാക്ക ദലിത് ആദിവാസികളെയും ആവാഹിച്ചെടുക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതെന്ന് നമ്മള്‍ മനസ്സിലാക്കണം. ആ നിലയ്ക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രാഹ്‌മണന്‍ ഇന്ത്യയില്‍ ബ്രാഹ്‌മണപാരമ്പര്യത്തിനു പുറത്ത് വ്യാപകമായി ആഘോഷിക്കപ്പെട്ട ഒരു ദൈവമേയല്ല രാമന്‍ എന്നതും നമ്മള്‍ മനസ്സിലാക്കണം. കെട്ടുകഥയായ രാമായണം ഒരു മിത്ത് എന്ന നിലയ്ക്ക് ഇന്ത്യയില്‍ മാത്രമല്ല പല കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പല വേര്‍ഷനില്‍ നിലനില്‍ക്കുന്ന ഒരു കഥാസമാഹാരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1992 നു ശേഷം രാമനെ ഇന്ത്യയുടെ വലിയ പൈതൃകമായി സ്ഥാപിച്ചെടുക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. അതിന് അവരെ പ്രേരിപ്പിച്ചത് രാമന്‍ രാജാവായിരുന്ന കാലത്ത് അദ്ദേഹം ചെയ്ത പ്രവര്‍ത്തികളാണ്. അവ അക്കമിട്ട് നിരത്താന്‍ കഴിയുമെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ 1930 കളില്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ ഒന്ന് ബ്രഹ്‌മജ്ഞാനം മഹത്താണെന്ന് പറയുന്ന ബ്രാഹ്‌മണ സേവകര്‍ ബ്രഹ്‌മജ്ഞാനം സിദ്ധിക്കുന്നതിനുവേണ്ടി തപസ്സനുഷ്ഠിച്ച ശംഭൂകനെ വധിച്ചുകൊണ്ടാണ് ബ്രാഹ്‌മണ പാരമ്പര്യത്തെ സംരക്ഷിക്കാന്‍ രാമന്‍ മുന്നോട്ടുവരുന്നത്. അയോധ്യയിലെ മുഴുവന്‍ ബ്രാഹ്‌മണരും സ്വസ്ഥതയോടും സന്തോഷത്തോടും ജീവിക്കുന്നുണ്ടെന്ന ഉറപ്പുവരുത്തലാണ് രാജാവെന്ന നിലയില്‍ തന്റെ കടമയെന്ന് വിശ്വസിച്ച ബ്രാഹ്‌മണസേവകനായിരുന്നു രാമന്‍ എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ബ്രാഹ്‌മണസേവയെ രാജധര്‍മമായി കരുതിയെന്നതാണ് രാമന്റെ മേന്മയായി സംഘപരിവാര്‍ മനസ്സിലാക്കുന്നത്. രാമന്‍ ഒരിക്കലും നല്ലൊരു യുദ്ധവീരന്‍പോലും ആയിരുന്നില്ല. ബാലിയെ വധിക്കുന്ന സംഭവം മാത്രം എടുത്താല്‍ നമുക്ക് അത് മനസ്സിലാകുമെന്ന് ഡോ. ബിആര്‍ അംബേദ്കര്‍ വിശദീകരിക്കുന്നുണ്ട്. ഇങ്ങനെ ഏത് നിലയില്‍ നോക്കിയാലും ഒരു ദൈവമായി സ്വീകരിക്കാന്‍ കഴിയാത്ത രാമനെ, ബ്രാഹ്‌മണ സേവകന്‍ മാത്രമായിരുന്ന രാമനെ, ബ്രാഹ്‌മണ സംരക്ഷകന്‍ മാത്രമായിരുന്ന രാമനെ ഇന്ത്യയുടെ ദൈവമായി വ്യാഖ്യാനിച്ച് സ്ഥാപിച്ചെടുക്കാന്‍ സംഘപരിവാറിന് കഴിഞ്ഞത് ഇന്ത്യയിലെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ബുദ്ധിജീവികള്‍ രാമായണത്തിനും രാമനും കൊടുത്ത അമിതപ്രാധാന്യവും ചിന്താശൂന്യമായ ആദര്‍ശവത്കരണവുമാണ് എന്നുകൂടി നമ്മള്‍ അറിയേണ്ടതുണ്ട്. ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും രാമന്‍ മഹാനായ ഒരു മനുഷ്യനാണ്. രാമായണവും മഹത്തായ ഒരു കൃതിയാണ്. രാമായണം മുന്നോട്ടുവയ്ക്കുന്ന ധാര്‍മിക വ്യവസ്ഥ എന്താണ് എന്ന് പരിശോധിക്കാനുള്ള ധൈര്യം കാണിക്കാത്ത ബൗദ്ധികവാദികളാണ് ഇന്ത്യന്‍ ലിബറല്‍ ബുദ്ധിജീവികള്‍ എന്നുകൂടി നമ്മള്‍ മനസ്സിലാക്കണം. ഡോ. ബിആര്‍ അംബേദ്കര്‍ | PHOTO: WIKI COMMONS
ഡോ. ബിആര്‍ അംബേദ്കര്‍ റിഡില്‍ ഓഫ് രാമ ആന്റ് കൃഷ്ണ എന്ന പുസ്തകം 1930 കളുടെ അവസാനമാണ് എഴുതുന്നത്. ആ പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1980 കളുടെ അവസാനമാണ്. റിഡില്‍ ഓഫ് രാമ ആന്റ് കൃഷ്ണ എന്ന അധ്യായത്തിനു താഴെ അടിവരയിട്ടു പറയുന്ന വാക്യം നമ്മള്‍ ശ്രദ്ധിക്കണം. ഇതില്‍ പറയുന്ന ഒരു വാദത്തിനോടും ഗവണ്‍മെന്റിന് യോജിപ്പില്ല എന്നൊരു തുറന്ന പ്രഖ്യാപനമായിരുന്നു അതില്‍ എഴുതിവച്ചിരുന്നത്. 1980 കളുടെ അവസാനം വിപി സിങ് മന്ത്രിസഭയ്ക്കു മുമ്പ് രണ്ട് എംപിമാര്‍ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എല്‍കെ അദ്വാനിയും എബി വാജ്‌പേയിയും ആയിരുന്നു ആ എംപിമാര്‍. എന്നാല്‍ പ്രതിപക്ഷകക്ഷികളുമായി യോജിച്ചു നിന്നുകൊണ്ട് 90 ഓളം എംപിമാരെ ബിജെപി സ്വന്തം നിലയ്ക്ക് വിജയിപ്പിച്ചെടുത്തു. അതായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പുകളിലെ ആദ്യത്തെ മുന്നേറ്റം. സംഘപരിവാര്‍ ശക്തികള്‍ മാത്രമല്ല ഇന്ത്യയിലെ ഇടത്-വലത് സാംസ്‌കാരിക വിമര്‍ശകരും രാഷ്ട്രീയ നേതൃത്വവും രാമനോടുള്ള വിമര്‍ശനത്തെ അസഹിഷ്ണുതയോടെയാണ് നോക്കിക്കണ്ടത്. ഇന്ത്യയില്‍ ദീര്‍ഘകാലമായി നിലനിന്നുകൊണ്ടിരിക്കുന്ന സവര്‍ണാധിപത്യത്തിനെതിരെ പൊരുതിയ മുഴുവന്‍ മനുഷ്യരും രാമനെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ജ്യോതി ബാ ഫൂലെ ബാലിയുടെ രാജ്യം വരണമെന്നാണ് പറഞ്ഞത്. രാമന്റെ രാജ്യം വരണമെന്നല്ല പറഞ്ഞത്. രാമായണത്തിനെതിരെ രാവണനെ ആദര്‍ശപുരുഷനാക്കിക്കൊണ്ടുള്ള വ്യാഖ്യാനമാണ് തന്തൈ പെരിയോര്‍ നമുക്ക് നല്‍കിയത്. ഡോ. ബിആര്‍ അംബേദ്കര്‍ റിഡില്‍ ഓഫ് രാമ ആന്റ് കൃഷ്ണ എന്ന പുസ്തകത്തില്‍ രാമനും കൃഷ്ണനും ദൈവപദവി അര്‍ഹിക്കാത്ത അധമരായ മനുഷ്യരാണെന്ന് പ്രഖ്യാപിക്കുന്നു. ഈ പാരമ്പര്യങ്ങളെ മുഴുവന്‍ വിട്ടുകളഞ്ഞുകൊണ്ടും ബ്രാഹ്‌മണ്യത്തെ വിമര്‍ശിച്ച ബുദ്ധിസം അടക്കമുള്ള തത്ത്വചിന്താ പദ്ധതികളെ ഉപേക്ഷിച്ചുകൊണ്ടും ഇന്ത്യയെ ഹിന്ദുക്കളുടെ നാടാക്കി വ്യാഖ്യാനിച്ചതില്‍ ഇടതുവലതു ബുദ്ധിജീവികള്‍ക്കും സംഘപരിവാറിനും കൃത്യമായ പങ്കുണ്ട്.
ജനാധിപത്യ ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ ജനുവരി 22 ന് ഭരണഘടനയുടെ ആമുഖം ആവര്‍ത്തിച്ചു വായിക്കുന്ന പൗരസമൂഹം രംഗത്തുവരേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്വത്തെ പരിപൂര്‍ണമായി അട്ടിമറിക്കുന്ന നിമിഷത്തില്‍ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ, സാഹോദര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യത്തെയും സാമൂഹ്യനീതിയെയും മുറുകെപ്പിടിക്കുന്ന പൗരസമൂഹം മുന്നോട്ടുവരികയും രാമനെതിരായ ചരിത്രവിമര്‍ശനങ്ങളെ ബഹുജനങ്ങള്‍ ഓര്‍മിപ്പിക്കുകയുമാണ് വേണ്ടത്. അല്ലാതെ രാമനുവേണ്ടി ഇനിയും വാദിക്കുന്നവര്‍ ഹിന്ദു രാഷ്ട്രത്തിന്റെ പിണിയാളുകളാണെന്ന് നമ്മള്‍ തുറന്നുപ്രഖ്യാപിക്കേണ്ട ഘട്ടം എത്തിക്കഴിഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഏറ്റവും ഹീനമായ ദിനമായി 2024 ജനുവരി 22 ചരിത്രത്തില്‍ അറിയപ്പെടും. രാമന്‍ ദൈവപദവിയില്‍ നിന്ന് പുറത്തിറങ്ങി പോകേണ്ടി വരും. ഇന്ത്യന്‍ മുസ്ലീങ്ങള്‍ പാവനമായി കണ്ട തകര്‍ക്കപ്പെട്ട ബാബറി മസ്ജിദും ഇനിയും തകര്‍ക്കാന്‍ ഇരിക്കുന്ന നിരവധി പള്ളികളും ഇവിടെ ഉണ്ടെന്നതും നമ്മള്‍ മറക്കരുത്. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന സാംസ്‌കാരിക രാഷ്ട്രീയ ചിന്തകള്‍ ബഹുജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഹിന്ദുത്വ ശക്തികള്‍ക്കെതിരായ പ്രതിരോധപ്രവര്‍ത്തനം.