TMJ
searchnav-menu
post-thumbnail

Outlook

പോക്സോ കേസുകള്‍ കൂടുന്നു; പക്ഷേ, ശിക്ഷിക്കപ്പെടുന്നവരോ?

19 Sep 2023   |   6 min Read
രാജേശ്വരി പി ആർ

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെ വര്‍ധിച്ചു വരികയാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും നിലവിലുണ്ടെങ്കിലും അതിക്രമങ്ങള്‍ക്ക് കുറവില്ല എന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. സ്വാഭാവികമായും പോക്‌സോ കേസുകളും വര്‍ധിക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 ല്‍ പോക്‌സോ കേസുകളില്‍ കേരളം നാലാം സ്ഥാനത്തായിരുന്നു.

പോക്സോ ഉള്‍പ്പെടെയുള്ള ശക്തമായ നിയമം ഉണ്ടായിരിക്കെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍, നിര്‍ഭയ തുടങ്ങി കുട്ടികള്‍ക്ക് സുരക്ഷയും നീതിയും ഉറപ്പാന്‍ നിരവധി സംവിധാനങ്ങള്‍ ഉള്ളപ്പോഴും ഇരകളുടെ എണ്ണം നിര്‍ബാധം വര്‍ധിക്കുകയാണ്. രാജ്യത്തെ പോക്സോ നിയമം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സി (NCPCR) നാണ്. 

2023 ല്‍ ഇതുവരെ 2,919 അതിക്രമങ്ങളാണ് കുട്ടികള്‍ക്കെതിരെ നടന്നത്. അതില്‍ 2,620 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി 117, റൂറല്‍ 214, കൊല്ലം സിറ്റി 84, കൊല്ലം റൂറല്‍ 137, പത്തനംതിട്ട 105, ആലപ്പുഴ 140, കോട്ടയം 134, ഇടുക്കി 106, എറണാകുളം സിറ്റി 92, എറണാകുളം റൂറല്‍ 188, തൃശൂര്‍ സിറ്റി 111, തൃശൂര്‍ റൂറല്‍ 88, പാലക്കാട് 202, മലപ്പുറം 284, കോഴിക്കോട് സിറ്റി 94, കോഴിക്കോട് റൂറല്‍ 144, വയനാട് 107, കണ്ണൂര്‍ സിറ്റി 68, കണ്ണൂര്‍ റൂറല്‍ 87, കാസര്‍ഗോഡ് 111. ഇവയ്ക്കു പുറമെ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളുമുണ്ട്. ജൂലൈ വരെയുള്ള കണക്കുകളാണിത്. 2022 ല്‍ 4,518 കേസുകളാണ് പോക്സോ പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തിരുവനന്തപുരവും മലപ്പുറവുമാണ് മുന്നില്‍. തിരുവനന്തപുരത്ത് 592, മലപ്പുറത്ത് 526. 2021 ല്‍ 3,516 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ മലപ്പുറത്ത് 442, തിരുവനന്തപുരത്ത് 436. 2020 ല്‍ ആകെ കേസുകള്‍ 3,040. തിരുവനന്തപുരത്ത് 388 ഉം മലപ്പുറത്ത് 387 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളല്ലാതെ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം പോലീസ് പ്രസിദ്ധീകരിക്കുന്നില്ല.

PHOTO: WIKI COMMONS
കഴിഞ്ഞവര്‍ഷം കുട്ടികള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്ത 5,315 കേസുകളില്‍ 5,002 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളില്‍ 1,004 എണ്ണത്തിലും കുറ്റകൃത്യം നടന്നത് കുട്ടികളുടെ വീടുകളില്‍ തന്നെയാണ്. 113 എണ്ണം സ്‌കൂളുകളിലും 102 എണ്ണം വാഹനങ്ങളിലും 99 എണ്ണം ഹോട്ടലുകളിലും 96 എണ്ണം സുഹൃത്തുക്കളുടെ വീടുകളിലും ആണ്. കൂടാതെ മതസ്ഥാപനങ്ങളില്‍ 60 ഉം ആശുപത്രികളില്‍ 29 ഉം ആണ് റിപ്പോര്‍ട്ട് ചെയ്തത്. 

പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം 10 വര്‍ഷംകൊണ്ട് നാലിരട്ടി വര്‍ധന ഉണ്ടായി എന്നതും ഞെട്ടിക്കുന്ന കാര്യമാണ്. ഇരയാക്കപ്പെടുന്നവരില്‍ ഏറെയും 15 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള പെണ്‍കുട്ടികളാണ്. നാല് വയസ്സില്‍ താഴെയുള്ള 55 കുട്ടികളും 5 മുതല്‍ 9 വയസ്സുവരെ പ്രായമുള്ള 367 കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്.

വീടുകളിലും സുരക്ഷിതരല്ല

ലോക്ഡൗണ്‍ കാലത്താണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ല്‍ 3,640 അതിക്രമങ്ങളില്‍ 3,634 കേസുകളാണ് പോക്‌സോ വിഭാഗത്തില്‍ ഉള്‍പ്പെട്ടത്. 2020 ല്‍ 3,941 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 3,040 കേസുകളും പോക്സോ കേസുകളായിരുന്നു.  2021 ല്‍ 4,536 കേസുകളില്‍ 3,516 പോക്‌സോയും 2022 ല്‍ 4,582 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 4,518 ഉം പോക്‌സോ കേസുകള്‍ ആയിരുന്നു. ലോക്ഡൗണ്‍ കാലത്തു കുട്ടികള്‍ വീടിനകത്തു മാത്രം കഴിയവെ, വീടിനകത്തുപോലും കുട്ടികള്‍ സുരക്ഷിതരല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 

2023 ജൂലൈ 28 നാണ് ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചു വയസ്സുകാരി അതിക്രൂര പീഡനമേറ്റ് കൊല്ലപ്പെട്ടത്. പ്രതി അസ്ഫാക്ക് ആലം ജ്യൂസ് വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ദൃക്സാക്ഷിയുടെ മൊഴിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലുവ മാര്‍ക്കറ്റിനു സമീപം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.ആലുവ തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിലെടുത്തിരുന്നു. ഈ സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും കേരളം മുക്തമാകുന്നതിനു മുമ്പാണ് മറ്റൊരു കുഞ്ഞിനു നേരെ ആലുവയില്‍ തന്നെ ലൈംഗികാതിക്രമം നടന്നത്. അതും മരണം നടന്ന് 41 ദിവസം പിന്നിടുമ്പോള്‍ തന്നെ. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വാടകവീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ബീഹാര്‍ സ്വദേശിയായ എട്ടു വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിച്ചത്. പ്രതി നെയ്യാറ്റിന്‍കര സ്വദേശി ക്രിസ്റ്റല്‍ രാജിനെ പോലീസ് അറസ്റ്റു ചെയ്തു. 

REPRESENTATIONAL IMAGE
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കേസെടുക്കുന്നതില്‍ കേരളം മുന്നിലാണെങ്കിലും ശിക്ഷിക്കപ്പെടുന്നവര്‍ വളരെ കുറവാണ്. തെളിവുകളുടെ അഭാവവും നിയമത്തിന്റെ പഴുതുമാണ് കുറ്റവാളികളെ രക്ഷപ്പെടുത്തുന്നത്. ഈ അവസ്ഥ മാറാതെ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക സാധ്യമാകില്ല. ഏകദേശം 90 ശതമാനത്തിലധികം പീഡനങ്ങളും കുട്ടികള്‍ അനുഭവിക്കുന്നത് അവര്‍ക്ക് പരിചയമുള്ള വ്യക്തികളില്‍ നിന്നുതന്നെയാണ്. അതിനാല്‍ കുട്ടികളെ സംരക്ഷിക്കേണ്ട അധിക ബാധ്യത മാതാപിതാക്കളില്‍ തന്നെയാണ് എത്തുന്നത്.

പോക്സോ നിയമം 

കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് പോക്സോ നിയമം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് 1860 ഭേദഗതി ചെയ്താണ് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തിയത്. 2012 ലാണ് പോക്സോ (POCSO- Protection of Children from Sexual Offences Act 2012) നിയമം നിലവില്‍ വന്നത്. ലിംഗവ്യത്യാസമില്ലാതെ 18 വയസ്സിനു താഴെയുള്ള എല്ലാവര്‍ക്കും ലൈംഗിക ചൂഷണം തടയുകയാണ് ലക്ഷ്യം. 2019 ലെ ഭേദഗതി പ്രകാരം 16 വയസ്സിന് താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ വിധിക്കാമെന്നും ഉത്തരവുണ്ടായി. പോക്സോ നിയമം നിലവില്‍ വന്ന 2012 ല്‍ കേരളത്തില്‍ 77 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കേരളത്തില്‍ 56 പോക്സോ കോടതികളുണ്ടായിരിക്കെ 28 എണ്ണത്തിനു കൂടി അനുമതി നല്‍കാന്‍ 2022 അവസാനം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒപ്പം എല്ലാ ജില്ലകളിലും ഓരോ സെഷന്‍സ് കോടതി പോക്സോ കോടതിയായി പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. എന്നിട്ടും കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനാവാതെ കെട്ടിക്കിടക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. 2016 മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 17,198 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 14,496 എണ്ണത്തില്‍ മാത്രമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 417 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

ലഹരി, കുടുംബപ്രശ്നങ്ങള്‍, മറ്റ് സാമൂഹിക അരക്ഷിതാവസ്ഥ ഇവയുടെ ഇരകളാണ് കുട്ടികള്‍. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 146 കുട്ടികളാണ് കൊല്ലപ്പെട്ടത്. 2016 മുതല്‍ 2023 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 214 കുട്ടികള്‍ കൊല്ലപ്പെട്ടു. കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നു എന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്. ഇതില്‍ ഏറെയും ലൈംഗിക അതിക്രമങ്ങളാണ്.  സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 146 കുട്ടികളാണ്. 2018 ല്‍ 28 കുട്ടികളും 2019 ല്‍ 25 കുട്ടികളും 2020 ല്‍ 29 കുട്ടികളും 2021 ല്‍ 41 കുട്ടികളും 2022 ല്‍ 23 കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ക്കെതിരായ അതിക്രമത്തിന് 2022 ല്‍ 5,315 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 

പോക്‌സോ കേസില്‍ ഒരു വര്‍ഷംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് നിയമം. എന്നാല്‍ വിചാരണ നീളുന്നതിലൂടെ ഇരകള്‍ സാമൂഹിക ജീവിതമില്ലാതെ, നീതി നിഷേധിക്കപ്പെട്ട് മുറികള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയേണ്ടി വരുന്നു. കേസുകള്‍ അനന്തമായി നീളുന്നതിനുള്ള പരിഹാരം എന്ന നിലയ്ക്കാണ് കൂടുതല്‍ പോക്‌സോ കോടതികള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. നിലവില്‍ 28 പ്രത്യേക കോടതികളിലായാണ് വിചാരണ. ഇതിനുശേഷം കേസുകളുടെ വിചാരണ വേഗത്തിലായിട്ടുണ്ട്. എന്നാല്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ഇപ്പോഴുമുണ്ട്. 

അടുത്ത അധ്യയന വര്‍ഷം മുതല്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച ബോധവത്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. 1,3,5,6,8,9 ക്ലാസുകളില്‍ അടുത്ത വര്‍ഷവും 2,4,7,10 ക്ലാസുകളില്‍ 2025-26 അധ്യയന വര്‍ഷവുമാണ് ഉള്‍പ്പെടുത്തുക. കൗമാരക്കാര്‍ ഉള്‍പ്പെട്ട പോക്‌സോ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

REPRESENTATIONAL IMAGE
അക്രമികള്‍ പീഡോഫൈലുകള്‍ മാത്രമല്ല

കുട്ടികളെ പീഡിപ്പിക്കുന്ന എല്ലാവരും പീഡോഫൈലുകള്‍ ആകാമെന്നാണ് പൊതുവായ ധാരണ. കുഞ്ഞുങ്ങളോട് ശക്തമായി ലൈംഗിക ആകര്‍ഷണം തോന്നുന്നവരാണ് പീഡോഫൈലുകള്‍. എന്നാല്‍ പ്രതികളാകുന്നവരില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ അത്തരത്തിലുള്ളവര്‍ ഉള്ളൂ. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗമുള്ളവരും ലൈംഗിക വൈകൃതമുള്ളവരുമാണ് പ്രധാനമായും പിടിയിലാകുന്നവര്‍. 

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അഞ്ചില്‍ ഒരാള്‍ വ്യക്തിത്വ വൈകല്യം ഉള്ളവരാണ്. സ്മാര്‍ട്ട് ഫോണുകളും അശ്ലീല സൈറ്റുകളും സമൂഹമാധ്യമങ്ങളും വ്യാപകമായതും അതിക്രമങ്ങളുടെ തോത് ഉയര്‍ത്തിയിട്ടുണ്ട്. ഇവയിലൂടെ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്. 

വീണ്ടും അപമാനിക്കപ്പെടുമ്പോള്‍ 

ചോദിച്ച കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതോടെ കുട്ടികളും കുടുംബാംഗങ്ങളും മാനസിക സമ്മര്‍ദത്തിലാകും. ഇത്തരം പ്രവണതയിലൂടെ കുട്ടിയും കുടുംബവും അനുഭവിക്കുന്ന ദുരവസ്ഥയുടെ കാഠിന്യത്തെപ്പറ്റി ചിന്തിക്കുന്നവരും വിരളമാണ്. ഇതിനൊക്കെ പുറമെയാണ് ഇരയെയും പ്രതിയെയും ഒരേദിവസം തന്നെ കോടതിയില്‍ ഹാജരാക്കുന്ന നടപടി. ഇത് ഇരയാകുന്ന കുട്ടിയുടെ മാനസികാവസ്ഥയെ എത്ര ആഴത്തിലാകും മുറിപ്പെടുത്തുക എന്നതും പരിഗണിക്കപ്പെടേണ്ടതാണ്. ഇത് അവരെ ഇരട്ടി പീഡാനുഭവങ്ങള്‍ക്കും ഇരകളാക്കുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത് എഫ്ഐആര്‍ സമര്‍പ്പിച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞാല്‍ അവസാനഘട്ടത്തില്‍ കുട്ടിയെ കോടതിയില്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്ന തരത്തിലേക്ക് നിയമത്തില്‍ മാറ്റംവരേണ്ടതാണ്. 

പോക്സോ കേസുകളില്‍ പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് എതിരെയുള്ളവയില്‍ ഇരയെ തന്നെയാണ് സമൂഹം പ്രതിസ്ഥാനത്ത് നിറുത്താറ്. വാളയാര്‍, കൊട്ടിയൂര്‍ കേസുകള്‍ ഇതിനു ഉദാഹരണങ്ങളാണ്. അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന പല കുട്ടികളും ഇത് പുറത്തുപറയാറില്ല. പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ പുറംലോകത്ത് എത്തുന്നത് സ്‌കൂളുകളില്‍ നല്‍കുന്ന കൗണ്‍സലിങ് ക്ലാസുകളിലൂടെയാണ്. 

ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞാല്‍ പ്രതി തന്നെ വിവാഹം കഴിച്ച് കേസ് അട്ടിമറിക്കപ്പെടുന്നുണ്ട്. പോക്‌സോ കേസ് നിലവില്‍ വന്നതിനുശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. അതുകൊണ്ടുതന്നെ ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് പലരും ഇരയെ തന്നെ വിവാഹം കഴിക്കുന്നത്. പ്രതിയായ വ്യക്തിയെ വിവാഹം കഴിക്കുന്നതിലൂടെ പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാകുകയല്ല മറിച്ച് വീണ്ടും അപമാനിക്കപ്പെടുകയാണ്. കേസിന്റെ വിചാരണ നീളുന്നത് ഇരയെയും കുടുംബത്തെയും സമ്മര്‍ദത്തിലാക്കാനുള്ള സാവകാശം കൂടിയാണ് പ്രതിക്ക് ലഭിക്കുന്നത്. പലപ്പോഴും മൊഴിയും തിരുത്തപ്പെടാറുണ്ട്. ചെറുപ്പത്തില്‍ നേരിടുന്ന ലൈംഗിക ചൂഷണം കുട്ടികളില്‍ ഹ്രസ്വവും ദീര്‍ഘവുമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. 

കൂട്ടുകാരോടൊപ്പം സ്‌കൂളില്‍ പോയി കളിച്ചു ചിരിച്ചു നടക്കേണ്ടുന്ന പ്രായത്തില്‍ പോലീസ് സ്റ്റേഷനുകളിലേക്കും കോടതിയിലേക്കും പ്രസവമുറിയിലേക്കുമാണ് ഇത്തരം കുട്ടികളുടെ ബാല്യവും കൗമാരവും എത്തുന്നത്. ഒടുവില്‍ ഇവരില്‍ പലരും മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഇരുട്ടറകളിലേക്കും വഴുതിവീഴുന്നു. 

REPRESENTATIONAL IMAGE
ഉത്സാഹം കാണിക്കാത്ത ഉദ്യോഗസ്ഥര്‍ 

ലൈംഗിക പീഡനത്തെത്തുടര്‍ന്നു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുകയും പ്രസവിക്കുകയും ചെയ്യുന്ന കേസുകളില്‍ പ്രതികളാകുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏറ്റവും ശക്തമായ തെളിവ് ഡിഎന്‍എ പരിശോധന തന്നെയാണ്. എന്നാല്‍ പല കേസുകളിലും പോലീസ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കാറുണ്ടെന്ന ആക്ഷേപവും ശക്തമാണ്. 

പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് വളരെ കുറച്ചുപേര്‍ മാത്രമാണ്. ഭൂരിഭാഗം കേസുകളിലും പ്രതികള്‍ വളരെ എളുപ്പത്തില്‍ രക്ഷപ്പെട്ടുപോകുകയാണ് പതിവ്. ചെറിയ കുട്ടികള്‍ കൃത്യമായി മൊഴി നല്‍കാത്തതും പ്രതികള്‍ക്ക് അനുകൂലമാകാറുണ്ട്. കൂടാതെ നീണ്ടുപോകുന്ന വിചാരണകള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതും കേസുകള്‍ അവസാനിപ്പിക്കാന്‍ അതിക്രമത്തിനിരയായ കുട്ടിയുടെ കുടുംബത്തെ പ്രേരിപ്പിക്കുന്നു. വിചാരണ നീണ്ടുപോകാതെ കേസ് അവസാനിപ്പിക്കാനും കുറ്റമറ്റ രീതിയില്‍ മൊഴി രേഖപ്പെടുത്താനും നിയമസംവിധാനങ്ങളും പോലീസും തയ്യാറാകണം. നിയമപാലകരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന വീഴ്ചയും കേസുകള്‍ അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുന്നു. 

ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണെങ്കിലും കേസ് തീര്‍പ്പാക്കുന്നതില്‍ ഏറെ കാലതാമസം എടുക്കുന്നു എന്നതാണ് വലിയ ആക്ഷേപം. ഒരു വര്‍ഷത്തിനകം പോക്സോ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. സംസ്ഥാനത്തുടനീളം വര്‍ഷങ്ങളായി വിചാരണ പൂര്‍ത്തിയാക്കാതെ കെട്ടിക്കിടക്കുന്ന നിരവധി കേസുകളാണ് ഉള്ളത്. കേസ് നടപടികള്‍ വൈകുന്നതു ഇരകളായവരെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള സമയം നല്‍കല്‍ കൂടിയാണ്. കോടതി വരാന്തകളില്‍ വര്‍ഷങ്ങളോളം കാത്തുകെട്ടി കിടക്കുന്നവരും ധാരാളമാണ്. പോക്സോ കേസില്‍ അറസ്റ്റിലായാല്‍ ആയുസ്സിന്റെ മുക്കാലും ജയിലില്‍ അഴിയെണ്ണാന്‍ തക്ക ശക്തമായ നിയമം നിലനില്‍ക്കുമ്പോഴും അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം നിയമങ്ങള്‍ നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ്. 

ആദിവാസിയും പോക്സോയും 

ആദിവാസി മേഖലകളില്‍ ഇപ്പോഴും വിവാഹപ്രായം കണക്കാക്കുന്നത് പെണ്‍കുട്ടികള്‍ ഋതുമതികളാകുന്ന സമയം മുതലാണ്. ചെറുപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന ആചാരരീതി തുടരുന്നതിനാല്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ പോക്സോ കേസുകളില്‍ കുടുങ്ങുന്നു. 18 വയസ്സിനു മുമ്പേ വിവാഹം എന്നത് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്ന പരമ്പരാഗത ആചാരമാണ്. ഇത്തരത്തില്‍ വിവാഹം കഴിച്ചതിലൂടെ പോക്സോ കേസില്‍ അകപ്പെട്ട യുവാക്കളും ആദിവാസി മേഖലയില്‍ നിരവധിയാണ്. എന്നാല്‍ ഇതിനു പുറമെ പാര്‍ശ്വവത്കൃതരായ ആദിവാസി പെണ്‍കുട്ടികള്‍ക്കുനേരെ നടക്കുന്ന ചൂഷണങ്ങള്‍ പലതും പൊതുസമൂഹം അറിയാറില്ല. അഥവാ അറിഞ്ഞാല്‍ തന്നെ ഭീഷണിപ്പെടുത്തിയും മറ്റും കേസുകള്‍ പിന്‍വലിപ്പിക്കുകയാണ് പതിവ്. 

വേണ്ടത് സമൂഹത്തിന്റെ ജാഗ്രത 

മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കാവുന്ന സാഹചര്യം കൂടുതലാണിപ്പോള്‍. അത്തരം സാഹചര്യങ്ങളില്‍ അവരെ സുരക്ഷിതമായി സംരക്ഷിക്കാന്‍ കഴിയുന്ന സംവിധാനങ്ങളില്ലെന്നതിനാല്‍ ജോലി കഴിഞ്ഞ് വീടണയുംവരെ നല്ലൊരു ശതമാനം മാതാപിതാക്കളും ആശങ്കയിലാണ്. അങ്കണവാടി, സ്‌കൂള്‍ സമയം കഴിഞ്ഞാലും അവധിദിവസങ്ങളിലും കുട്ടികളെ സംരക്ഷിക്കാന്‍ തക്ക സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും ഊര്‍ജസ്വലരായ യുവതയുടെ യൗവനത്തിലേക്കുള്ള വാതിലുകള്‍ സംരക്ഷിതമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്. കുട്ടികള്‍ക്കെതിരെ അതിക്രമത്തിനു മുതിര്‍ന്നാല്‍ ശിക്ഷ ഉറപ്പാണെന്ന പൊതുബോധം സമൂഹത്തിനു ഉണ്ടായാല്‍ ഒരുപരിധിവരെ ഇത്തരം അതിക്രമങ്ങളെ ചെറുക്കാനാകും. കുറ്റകൃത്യങ്ങള്‍ നടന്നശേഷം പ്രതിയെ പിടികൂടി മിടുക്കുതെളിയിക്കുന്നതിനപ്പുറം അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കേണ്ടത്. കുഞ്ഞുങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന ബോധ്യത്താല്‍ ഭയരഹിതമായും അന്തസ്സോടെയും സുരക്ഷിതമായ ബാല്യകൗമാരങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള അന്തരീക്ഷമൊരുക്കുക ഭരണകൂടത്തിന്റെ ചുമതലയാണ്.


#outlook
Leave a comment