TMJ
searchnav-menu
post-thumbnail

Outlook

അന്തസത്തയില്ലാത്ത മാധ്യമ പ്രവര്‍ത്തനം കുറ്റകൃത്യം

12 Jul 2023   |   8 min Read
മിസ്‌രിയ ചന്ദ്രോത്ത്

നിലവില്‍ ഇന്ത്യയുടെ പ്രസ്സ് ഫ്രീഡം ഇന്റക്‌സ് 161 ല്‍ എത്തിനില്ക്കുകയാണ്. രാജ്യത്ത് മാധ്യമവേട്ട നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ അളവുകോലായി നമുക്കിതിനെ കാണാനാവും. അത്തരത്തിലൊരു ഭരണകൂട ഭീകരത അനുഭവിച്ച സ്ഥാപനത്തിന്റെ എഡിറ്റര്‍ എന്ന നിലയില്‍, ഈ ഭീകരത അതിന്റെ യഥാര്‍ത്ഥ അളവില്‍ മനസ്സിലാക്കുന്നതിന് കേരളത്തിലെ മാധ്യമ ലോകത്തിനും രാഷ്ട്രീയ നേതൃത്വത്തിനും  സാധിച്ചു എന്ന് കരുതുന്നുണ്ടോ? കേവലം പ്രതികരണങ്ങളിലൂടെയും, പ്രസ്താവനകളിലൂടെയും, പോസ്റ്റുകളിലൂടെയുമുള്ള ഐക്യപ്പെടലുകള്‍ക്കു പുറമെ.

മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്കിന്റെ സമയത്ത് വിശാലമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പൊതുസമൂഹവും മീഡിയ വണ്ണിനൊപ്പം നിന്നു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള നടപടിയാണ് മീഡിയ വണ്ണിനെതിരെ ഉണ്ടായത് എന്ന നിലപാടിലൂന്നിയായിരുന്നു ആ പിന്തുണ. അത് ശരിയുമായിരുന്നു. ആ അര്‍ത്ഥത്തിലുണ്ടായ പിന്തുണ ഞങ്ങളെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതായിരുന്നു. അതേസമയം തന്നെ, അതിലുള്‍ക്കൊണ്ടിട്ടുള്ള സൂക്ഷ്മ രാഷ്ട്രീയം കണ്ടെത്താനും തിരിച്ചറിയാനും കുറച്ചുപേര്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളു. താരതമ്യേന വിശാലമായ പിന്തുണ ഉണ്ടായതുമായി ബന്ധിപ്പിച്ച് നോക്കിയാല്‍, ചെറിയൊരു ശതമാനത്തിന് മാത്രമാണ് അത് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമായി മാത്രം ഇതിനെ കാണുകയും അതില്‍ ഉള്‍ക്കൊണ്ടിട്ടുള്ള മറ്റ് രാഷ്ട്രീയ ഘടകങ്ങള്‍ തിരിച്ചറിയപ്പെടാതെ പോയിട്ടുമുണ്ട്. അതില്‍ തെറ്റ് പറയാന്‍ കഴിയില്ല. മറച്ചുവെക്കപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ടായി. എന്താണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്, ഇത് കേവലമായ മാധ്യമ നിഷേധം എന്നതിലുപരി പൗരന്മാര്‍ക്ക് സ്വന്തം ഐഡന്റിറ്റി പുലര്‍ത്തിക്കൊണ്ട് ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ഒന്നാണെന്ന് വ്യക്തമാക്കേണ്ടി വന്നു.

എന്താണ് ദേശവിരുദ്ധ പ്രവൃത്തി, നാഷണല്‍ സെക്യൂരിറ്റി എന്ന ഉമ്മാക്കി കാണിച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും വിലക്കാനും തടവിലിടാനുമൊക്കെ എങ്ങനെയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നീ നിലയിലുള്ള രാഷ്ട്രീയം കൂടി ഞങ്ങള്‍ക്ക് പറയേണ്ടി വന്നു. ഒപ്പം തന്നെ മീഡിയാ വണ്ണിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളോ തെറ്റുകുറ്റങ്ങളോ ഉണ്ടായിട്ടില്ല എന്ന് തെളിയിക്കേണ്ടി വന്നു. ആരോപിക്കപ്പെട്ടിട്ടുള്ള കുറേ വിഷയങ്ങള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്‍പാകെ ഞങ്ങള്‍ക്ക് വിശദീകരിക്കേണ്ട ആവശ്യമുണ്ടായി, അത് വിശദീകരിച്ചു. അതിന്റെയൊക്കെ വിജയമാണ് മീഡിയ വണ്ണിന് ലഭിച്ചത്. അത് മാധ്യമലോകത്തിനാകെ ഭാവിയിലങ്ങോട്ട് ഉപയോഗിക്കാന്‍ കഴിയുന്ന, വെളിച്ചം പകരുന്ന വിധിയായി മാറുകയും ചെയ്തു. 

PHOTO: WIKI COMMONS
പ്രിന്റ് മീഡിയ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ ജേര്‍ണലിസം, സോഷ്യല്‍ മീഡിയ ജേര്‍ണലിസം തുടങ്ങി പല  പദാവലികളിലൂടെ/മാറ്റങ്ങളിലൂടെ/ തുടര്‍ച്ചകളിലൂടെ ജേര്‍ണലിസം കടന്നു പോകുകയാണല്ലോ, ഏതെങ്കിലും പോയിന്റ് ഓഫ് ടൈംമില്‍ ജേര്‍ണലിസം എന്ന മേഖലയ്ക്ക് അതിന്റെ അന്തസത്ത നഷ്ടപ്പെടുന്നതായി തോന്നുന്നുണ്ടോ.

ജേര്‍ണലിസം ഏത് മാര്‍ഗത്തിലൂടെയാണ് എന്നത് പ്രധാനപ്പെട്ട വിഷയമല്ല, അതിന്റെ ഉള്ളടക്കം എന്താവുന്നു എന്നതാണ് വിഷയം. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ അന്തസത്തയുള്ള മാധ്യമപ്രവര്‍ത്തനവും അന്തസത്ത ഇല്ലാത്ത മാധ്യമപ്രവര്‍ത്തനവും ഉണ്ടാവുന്നുണ്ട്. ഒരുപക്ഷേ, അന്തസത്തയോടുകൂടി, അല്ലെങ്കില്‍ പൂര്‍ണമായ ഒരു സദുദ്ദേശത്തോടു കൂടി മാധ്യമപ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിച്ച് ഈ രംഗത്തേക്ക് വരുന്ന ചാനലുകളോ ഓണ്‍ലൈന്‍ മാധ്യമങ്ങളോ പത്രങ്ങളോ പോലും അല്‍പ്പകാലംകൊണ്ട് മാധ്യമപ്രവര്‍ത്തനത്തില്‍ നിലനില്‍ക്കുന്ന പലവിധത്തിലുള്ള വെല്ലുവിളികളും നേരിടാന്‍ കഴിയാതെ അന്തസത്ത ചോര്‍ന്ന് ശുഷ്‌ക്കമാകുന്ന അവസ്ഥയുണ്ട്. അവരുടെ നല്ല ഉദ്ദേശത്തോടുകൂടിയുള്ള ആരംഭം പോലും നിലനിര്‍ത്താന്‍ കഴിയാതെ പലവിധത്തിലുള്ള പ്രവണതകള്‍ക്ക് കീഴടങ്ങുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. അതേസമയം, കലക്കവെള്ളത്തില്‍ നിന്ന് മീന്‍പിടിക്കുക എന്ന ദുഷ്ടലാക്കോടുകൂടി അവരവരുടെ ബിസിനസ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയും, വര്‍ഗീയവും മതപരവുമായ താല്‍പര്യങ്ങള്‍ വെച്ചും മുതലെടുപ്പ് നടത്താന്‍ ഈ രംഗത്തേക്ക് വരുന്ന ആളുകളുമുണ്ട്. അവിടെ അന്തസത്ത ഇല്ല എന്ന് മാത്രമല്ല, അവര്‍ ചെയ്യുന്നത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം കൂടിയാണ്. ഒരു സംശയവും കൂടാതെ പറയാന്‍ കഴിയുന്ന ഉദാഹരണമാണ് കേരളത്തില്‍ ഇന്ന് പല നിലയിലും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മറുനാടന്‍ മലയാളി എന്ന സ്ഥാപനം. അതിന് സമാനമായ നിലയില്‍ പലവിധത്തിലുള്ള ഓണ്‍ലൈന്‍ സ്ട്രീമിങുകളും നടക്കുന്നുണ്ട്. അതിനെ മാധ്യമപ്രവര്‍ത്തനം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് സമൂഹത്തില്‍ പലതരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നായാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടുതന്നെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോലീസ് നടപടിയെ മാധ്യമപ്രവര്‍ത്തനത്തിനെതിരായ പോലീസ് നടപടി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. 

അതേസമയം, അന്തസത്തയും പ്രൊഫഷണലിസവും മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുകയും അതിനുള്ള പ്രിന്‍സിപ്പിള്‍സ് എന്താണെന്ന് മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഒരു വിഭാഗം ഉണ്ട്. ആ വിഭാഗത്തെ മാത്രമേ നമ്മള്‍ ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. മീഡിയ വണ്‍ വ്യക്തമായ നയപരിപാടി ആവിഷ്‌കരിച്ച് അത് ഡോക്യുമെന്റായി അംഗീകരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനമാണ്. ഭരണഘടനയാണ് നമ്മുടെ വഴികാട്ടി എന്ന വ്യക്തമായ തീരുമാനത്തോടുകൂടി മാധ്യമപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനം. അതാണ് ഇന്ന് മാധ്യമങ്ങളില്‍ നിന്ന്, മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് ഇന്ത്യന്‍ ജനത പ്രതീക്ഷിക്കുന്നത് എന്നാണ് എന്റെയും വിശ്വാസം. Journalism in principle എന്ന് പറയുന്നതും Principled Journalism വും രണ്ടും രണ്ടായി തന്നെ കാണണം. 

PHOTO: WIKI COMMONS
കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍, (മുതിര്‍ന്ന എന്ന വാക്ക് ഒരു പ്രശ്‌നംപിടിച്ച വാക്കാണ്, അതിന്റെ അളവുകോല്‍ എന്താണെന്ന് അറിയില്ല, എന്നാലും) ആദ്യമായി തത്സമയം വാര്‍ത്ത വായിച്ചു തുടങ്ങിയ വ്യക്തി എന്ന നിലയില്‍ താങ്കളുടെ വളര്‍ച്ച കേരള മാധ്യമ രംഗത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടം കൂടിയാണ്. നിലവില്‍ മലയാളത്തില്‍ എട്ട് മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ ഉണ്ട്, കേരളത്തിന്റെ മാധ്യമ രംഗത്തെ വളര്‍ച്ചയ്ക്ക് സഹായകമായ സാമൂഹിക രാഷ്ട്രീയ ഘടകങ്ങള്‍ എന്തൊക്കെയാണെന്നാണ് വ്യക്തിപരമായ നിരീക്ഷണം.

കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം ഇത്രയും സജീവമാകുന്നതും, ധാരാളം ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമെല്ലാം ഉണ്ടാവുന്നതുമൊക്കെ കേരളത്തിന്റെ ഭൗതികവും ബൗദ്ധികവുമായ ഉയര്‍ച്ചയുടെ സൂചകമാണ് എന്ന് തന്നെ കാണണം. അടിസ്ഥാനപരമായി അതില്‍ സംശയമില്ല. ഈ പ്രവര്‍ത്തനമേഖലകളില്‍ നിന്നുള്ള വിവരങ്ങളും വാര്‍ത്തകളും ഒക്കെ മനസ്സിലാക്കുകയും അതിനോട് പ്രതികരിക്കുകയും അത് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതൊഴിവാക്കിക്കൊണ്ട് നമുക്ക് ജീവിക്കാന്‍ കഴിയില്ല. വാര്‍ത്തകളെ മനസ്സിലാക്കുകയും അതിനെ വിലയിരുത്തുകയും അതിനോട് പ്രതികരിക്കുകയും ഒക്കെ ചെയ്യുന്നത് നമ്മുടെ ശീലമാണ്. ജനാധിപത്യം ഏറ്റവും സമ്പുഷ്ടമായി നില്‍ക്കുക അത്തരം സമൂഹങ്ങളിലാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതേസമയംതന്നെ, പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തനം ഉണ്ടാക്കുന്ന സുഷിരങ്ങളിലൂടെ വര്‍ഗീയ ശക്തികളും മത പൗരോഹിത്യങ്ങളുമൊക്കെ കടന്നുകയറി ചില നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഏഷ്യാനെറ്റിന്റെ ഒരു ജിഇസി ചാനലില്‍ ആദ്യം വാര്‍ത്ത വായിച്ചു തുടങ്ങിയ ഒരാളെന്ന നിലയില്‍/വാര്‍ത്ത അവതരിപ്പിച്ചുകൊണ്ട് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ഒരാളെന്ന നിലയില്‍ എനിക്ക് തോന്നുന്നത് നമ്മള്‍ കുറേയൊക്കെ ഇടത് ലിബറല്‍ ജനാധിപത്യ സമീപനങ്ങളില്‍ നിന്ന് പയ്യെ പയ്യെ അകലുന്നുണ്ട് എന്നാണ്. വര്‍ത്താചാനലില്‍ ഒരു ജേണലിസ്റ്റിന് സംഘപരിവാര്‍ പ്രതിനിധി എന്ന സ്ഥാനം ഉണ്ടാകുന്നുവെങ്കില്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം ഏതുവഴിക്കാണ് നീങ്ങിയത് എന്ന് നമ്മള്‍ ആലോചിക്കണം. അത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ തന്നെ സംഭവിച്ചിട്ടുള്ള ചില വഴിത്തിരിവുകളുടെയും കൂടി ഫലമാണ്.

മലയാളിയായ മാധ്യമപ്രവര്‍ത്തക കെകെ ഷാഹിനയ്ക്ക് അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്നു, അതേസമയം, താങ്കളടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വ്യാജ വാര്‍ത്ത സൃഷ്ടിച്ചു എന്ന ആരോപണത്തില്‍ പോക്‌സോ കേസ് അടക്കം വരുന്നു. ഈ ഒരു വൈരുധ്യം മാധ്യമ രംഗത്ത് നിലനില്‍ക്കുന്നു. ഇത്രമാത്രം മീഡിയ ഇന്റന്‍സിറ്റി ഉള്ളപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഒരു മാതൃക സൃഷ്ടിക്കാന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ടോ എന്നത് ഒരു വലിയ ചോദ്യമാണ്. എന്താണ് അഭിപ്രായം?

കെകെ ഷാഹിനയ്ക്ക് ഇന്റര്‍നാഷണല്‍ പ്രസ്സ് ഫ്രീഡം അവാര്‍ഡ് കിട്ടുന്നതും, ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ പോക്സോ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ വരുന്നതും രണ്ടുവഴിക്കുള്ള കാര്യമാണ്. അതില്‍ അടങ്ങിയിട്ടുള്ളത് മാധ്യമപ്രവര്‍ത്തനത്തിലെ രണ്ട് സമീപനങ്ങളാണ്. വളരെ പരസ്പര വിരുദ്ധമായ സമീപനങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. കാരണം ഷാഹിന ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമ രാഷ്ട്രീയ നിലപാട് വളരെ പ്രധാനമാണ്. അത് ഭരണകൂടത്തോട് സന്ധിയില്ലാത്തതും അതിനോട് പൊരുതുന്നതും പലപ്പോഴും അതിന്റെ പേരില്‍ നിയമ നടപടികള്‍ നേരിടേണ്ടി വന്നിട്ടുള്ളതുമാണ്. ഇന്ത്യയില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ധാരാളം സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, മതനിരപേക്ഷമായും ജനാധിപത്യപരമായും വാര്‍ത്തകളെ സമീപിക്കുകയും വസ്തുതകള്‍ പുറത്തുകൊണ്ടുവരികയും ചെയ്യുന്നവര്‍, ഇന്‍വസ്റ്റിഗേറ്റീവ് പാതയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊക്കെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഷാഹിനയ്ക്കും നേരിടേണ്ടി വരുന്നത്. അവര്‍ കാണിച്ചിട്ടുള്ള അചഞ്ചലമായ നിലപാടുകളുടേയും കൂടി ഫലമായാണ് ആ പുരസ്‌കാരം ലഭിക്കുന്നത്. 

കെകെ ഷാഹിന | PHOTO: TMJ
അതേസമയം, ഏഷ്യാനെറ്റ് ന്യൂസില്‍ നമ്മള്‍ കണ്ടത് വാര്‍ത്താ നിര്‍മിതിയുടെ, ഒട്ടും അനുകരണീയമല്ലാത്ത മാതൃകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ വന്നതാണ് കേസ്. അങ്ങനെയൊരു കേസ് വന്നതിന്റെ പശ്ചാത്തലം വ്യാജവാര്‍ത്ത എന്ന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന രീതിയില്‍ ദൃശ്യങ്ങളെ വ്യാജമായി സൃഷ്ടിച്ചുകൊണ്ടൊരു വാര്‍ത്ത നല്‍കിയതാണ്. അത് ഭരണകൂടത്തിനെതിരാണോ അല്ലയോ എന്നതൊക്കെ മാറ്റിനിര്‍ത്തിയാല്‍, വാര്‍ത്തയ്ക്ക് ഒരടിസ്ഥാനം ഉണ്ടാക്കാന്‍ വേണ്ടി അവര്‍ ചെയ്തത് യഥാര്‍ത്ഥത്തില്‍ ഒരിക്കലും മാധ്യമപ്രവര്‍ത്തനരംഗത്ത് നിന്നുകൊണ്ട് ചെയ്യാന്‍ പാടില്ലാത്ത ഒരുകാര്യമാണ്. അതിന്റെ പേരിലുണ്ടാവുന്ന കേസ് ആ നിലയ്ക്ക് തന്നെ നേരിടേണ്ടതാണ്. ഷാഹിന ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമ നിലപാടുകള്‍ തന്നെയാണ് ഏതൊരു മാധ്യമ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തം എന്നാണ് ഞാന്‍ കരുതുന്നത്. കേരളത്തില്‍ അത്രത്തോളം അന്തസ്സോടുകൂടി, അത്രയും അചഞ്ചലമായ ഒരുനിലപാടോടു കൂടി അത് കൈകാര്യം ചെയ്യുന്ന ആളുകള്‍ കുറവാണ് എന്നതാണ് നമ്മള്‍ കാണേണ്ട സത്യം. കേന്ദ്ര ഗവണ്‍മെന്റിന്റെ നയപരിപാടികള്‍ക്കെതിരെ മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രം വമിപ്പിക്കുന്ന വിഷത്തിനോടുകൂടി പൊരുതാന്‍ കഴിയുന്ന തരത്തിലുള്ള സമീപനം എടുക്കാന്‍ പറ്റുന്ന ആളുകള്‍ കുറഞ്ഞുവരികയാണ്. ഇപ്പോള്‍ നമുക്ക് ആവശ്യം അങ്ങനെയുള്ള ആളുകളെയാണ്. ആക്റ്റിവിസ്റ്റ് ജേര്‍ണലിസമാണ് ഇന്നത്തെ കാലത്ത് ആവശ്യം. അതിനുള്ള പരമാവധി ഊര്‍ജം ശേഖരിക്കുക എന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ കഴിയുക. 

സോഷ്യല്‍ മീഡിയ ഇത്ര കണ്ട് ആക്റ്റീവ് ആയ ഇക്കാലത്ത് മാധ്യമപ്രവര്‍ത്തനം വെല്ലുവിളിയായ് തോന്നാറുണ്ടോ, അതായത്, സോഷ്യല്‍ മീഡിയയുടെ സ്വാധീനംകൊണ്ട് നിസ്സാരവത്കരിക്കേണ്ട പല വാര്‍ത്തകള്‍ക്കും അമിത പ്രാധാന്യം നല്‍കേണ്ടി വരാറുണ്ടോ. 

വാസ്തവത്തില്‍ മാധ്യമ പ്രവര്‍ത്തനം ആന്തരികമായി തന്നെ നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങളാണ് അതിന്റെ വെല്ലുവിളി എന്നാണ് എനിക്ക് തോന്നുന്നത്. 2014 ന് ശേഷം രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ   അഭിമുഖീകരിക്കാതെ നിങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. അതാണ് യഥാര്‍ത്ഥത്തിലുള്ള പ്രശ്‌നം. 2014 നു ശേഷം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന യുക്തിപൂര്‍വമായ വെല്ലുവിളികളുണ്ട്. ഫാസിസത്തിന് വളംവയ്ക്കുന്ന, മണ്ണൊരുക്കുന്ന തരത്തിലുള്ള യുക്തിരാഹിത്യം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എവിടെയൊക്കെ സ്വാധീനം ഉറപ്പിക്കാന്‍ കഴിയുമോ അവിടെയൊക്കെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വേരുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി സമൂഹത്തിന്റെ ആകെ യുക്തിയും വിവേകവും പല വഴിക്കും മാറാന്‍ സാധ്യതയുണ്ട്. അങ്ങനെ മാറുന്നത് കൊണ്ടുള്ള യുക്തിരാഹിത്യവും വിവേകരാഹിത്യവും വളര്‍ന്ന് വരുന്നുമുണ്ട്. യാഥാര്‍ത്ഥ്യത്തെ മറികടക്കുന്ന തരത്തിലുള്ള പ്രതീതി യാഥാര്‍ത്ഥ്യം ശക്തിനേടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് മാധ്യമങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്താണ് വാര്‍ത്തയെന്ന് വിവേകപൂര്‍ണ്ണമായി മനസ്സിലാക്കി അതിനനുസരിച്ചിട്ടുള്ള വാര്‍ത്ത നല്‍കുകയെന്ന ശീലം പയ്യേ പയ്യേ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇതിനെ സമൂഹ മാധ്യമങ്ങളുടെ സ്വാധീനം എന്ന് പറയാന്‍ കഴിയില്ല. 

അതേസമയം, സമൂഹ മാധ്യമങ്ങള്‍ അവയുടെതായിട്ടുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവിടെ നടക്കുന്ന സംവേദനവും സംവാദങ്ങളുമൊക്കെ തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ളതാണ്. സമൂഹ മാധ്യമങ്ങളില്‍ പരിഷ്‌കാരം ആവശ്യമാണ് എന്ന എന്റെ നിലപാട് വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോഴും ആ നിലപാടില്‍ തന്നെയാണ് നില്‍ക്കുന്നത്. സമൂഹ മാധ്യമങ്ങളിലുള്ള ഇടപെടലുകള്‍ വളരെ യാഥാര്‍ത്ഥ്യബോധത്തോടു കൂടി ഉള്ളതാവണം. അതില്‍ സമൂഹത്തിനുവേണ്ടിയുള്ള നവീകരണങ്ങളും ഇടപെടലുകളും ആവശ്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ഒക്കെത്തന്നെ ഈ വിഷയത്തില്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. 

REPRESENTATIONAL IMAGE
കേരളത്തിലെ ന്യൂസ് മുറികള്‍ ഏതെങ്കിലും തരത്തിലുള്ള പ്രൊപ്പഗാണ്ടയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാവുന്നുണ്ടോ?

ന്യൂസ് റൂമുകളില്‍ അങ്ങനെ പ്രൊപ്പഗാണ്ട നടക്കുന്നുണ്ടെങ്കില്‍ അത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ന്യൂസ് റൂമുകളിലോ, സ്ഥാപനങ്ങളിലോ ആയിരിക്കാം. മറ്റൊരു കാര്യം എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരവരുടേതായ രാഷ്ട്രീയം ഉണ്ടായിരിക്കും. അത് വാര്‍ത്തകളില്‍ പ്രതിഫലിക്കില്ല എന്ന ഉറപ്പാണ് അവരെ മാധ്യമപ്രവര്‍ത്തകരാകാന്‍, അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകരായി കാണാനുള്ള പ്രാഥമികമായ മാനദണ്ഡം. വ്യക്തിപരമായ രാഷ്ട്രീയം പ്രത്യേകിച്ച് എടുത്ത് പറയണം എന്നില്ല. എന്റെ രാഷ്ട്രീയം ഇന്നതാണ്, അല്ലെങ്കില്‍ എന്റെ പാര്‍ട്ടി ഇതാണ് എന്ന് ഒരാള്‍ എടുത്ത് പറയുന്നുണ്ടെങ്കില്‍ അത് വ്യക്തിപരമായ രാഷ്ട്രീയം പ്രേക്ഷകര്‍ അറിഞ്ഞിരിക്കണം എന്ന സമീപനം സ്വീകരിക്കലാണ്. അതറിയുന്നത്‌കൊണ്ട് വായനക്കാര്‍ക്കോ പ്രേക്ഷകര്‍ക്കോ എന്താണ് ഗുണം? 

കൂടാതെ, എനിക്ക് രാഷ്ട്രീയമുണ്ട് ആ രാഷ്ട്രീയം ഞാന്‍ വാര്‍ത്തകളില്‍ പ്രകടിപ്പിക്കില്ല എന്ന് പറയുന്ന അതേ ആളെക്കൊണ്ട് തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അല്ലെങ്കില്‍ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാക്കുക എന്നത് വളരെ വൈരുധ്യം നിറഞ്ഞ കാര്യമാണ്. ഒരു ന്യൂസ് റൂമില്‍ ഓരോരുത്തരും ഓരോ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടിയോ പ്രത്യയശാസ്ത്രത്തിന് വേണ്ടിയോ നിലപാടെടുക്കുന്ന സ്ഥിതിയിലേക്ക് പോയിക്കഴിഞ്ഞാല്‍ അത് കൂടുതല്‍ സമ്മര്‍ദ്ദവും CHAOS ഉം ഉണ്ടാക്കും. 

കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ചിലര്‍ (അതില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ഉള്‍പ്പെടും) മറുനാടന്‍ മലയാളിയെ ഉപാധികളില്ലാതെ പിന്തുണയ്ക്കുന്നതായ് കേരളം കാണുകയാണ്. വിഷയത്തില്‍, മറുനാടന്‍ നടത്തുന്നത് മാധ്യമപ്രവര്‍ത്തനം അല്ല എന്ന് ജുഡീഷ്യറി നിരീക്ഷിച്ചു കഴിഞ്ഞു. ഇതില്‍ താങ്കളുടെ നിലപാട് എന്താണ്.

കെ.പി.സി.സി പ്രസിഡന്റും കോണ്‍ഗ്രസുമൊക്കെ മറുനാടന്‍ മലയാളിക്ക് വേണ്ടി വാദിക്കുകയും അവരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയുമൊക്കെ ചെയ്യുന്നത് വലിയ അശ്ലീലമായിട്ടെ എനിക്ക് കാണാന്‍ കഴിയുന്നുള്ളു. കാരണം മറുനാടന്‍ മലയാളിയെന്ന ഒരു സ്ഥാപനം മാധ്യമപ്രവര്‍ത്തനമല്ല നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് പൊതുവായി നമ്മള്‍ മനസ്സിലാക്കുന്ന കാര്യമാണ്. മാറുനാടനെ പോലുള്ളവര്‍ മാധ്യമ പ്രവര്‍ത്തനം അല്ല ചെയ്യുന്നത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നത്. അങ്ങനെയുള്ള സാഹചര്യത്തില്‍ അതിനെ പിന്തുണയ്ക്കുകയും, പിന്തുണയ്ക്കുന്നത് വഴി മാധ്യമ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാണ് തങ്ങള്‍ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയൊക്കെ ചെയ്യുന്നത് വളരെ വഷളാണ് എന്നേ പറയാന്‍ കഴിയു. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാന്‍ താല്‍പര്യമില്ല.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരിലെ കഥാകൃത്തും/കഥാകൃത്തുക്കളിലെ മാധ്യമ പ്രവര്‍ത്തകനും എന്ന നിലയില്‍ മാപ്ര എന്ന, ശബ്ദതാരാവലിക്ക് പുറത്തുള്ള, പുതിയ വാക്കിനെ എങ്ങനെ കാണുന്നു.

എനിക്കീ ചോദ്യത്തോടു തന്നെ വിയോജിപ്പുണ്ട്. അതിനെയൊരു വാക്കായിട്ട് ഞാന്‍ കാണുന്നില്ല. അതൊരു പ്രയോഗമാണ്. നമ്മള്‍ തെറിപറയാന്‍ പല പ്രയോഗങ്ങളും ഉണ്ടാക്കുമല്ലൊ. അതുപോലൊന്നാണിത്. മഹാവഷളാണാ പ്രയോഗം. ചിലരുടെ തെറിപറയാനുള്ള ആസക്തിയെ തൃപ്തിപ്പെടുത്താനുള്ള പ്രയോഗം. സോഷ്യല്‍ മീഡിയയില്‍ അതിനുള്ള സ്വാതന്ത്ര്യം ഇഷ്ടംപോലെ ഉള്ളതുകൊണ്ട് അതവര്‍ ഉപയോഗിക്കുന്നു. അതുവഴി അവര്‍ക്ക് എത്രത്തോളം സംതൃപ്തി കിട്ടുമോ അത്രത്തോളം അവര്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.

പ്രമോദ് രാമൻ | PHOTO: WIKI COMMONS
കേരള സാഹിത്യ അക്കാദമി രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളില്‍ കൊടുത്ത പരസ്യം വിവാദമായിരുന്നല്ലോ. ആ വിഷയത്തില്‍ താങ്കളുടെ നിലപാട് എന്താണ്.


മീഡിയ വണ്ണിലെ ചര്‍ച്ചാ പരിപാടിയായിട്ടുള്ള ഔട്ട് ഓഫ് ഫോക്കസിലൂടെ തന്നെ ഈ വിഷയത്തില്‍ എന്റെ നിലപാട് വ്യക്തമാക്കിയതാണ്. ഇത് പ്രചാരണ തന്ത്രങ്ങളില്‍ ഏറ്റവും വില കുറഞ്ഞ ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. ആരും ഇത്തരം ഒരു നടപടി അംഗീകരിച്ചില്ല എന്നുള്ളതില്‍ സന്തോഷമേയുള്ളു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ മാഷ് തന്നെ അതിനോട് വിയോജിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തത് നല്ല കാര്യമായി തോന്നി. പക്ഷേ, അത് വേണ്ടത് തന്നെയായിരുന്നു എന്ന് കരുതുന്ന ആളുകളും അപ്പോഴുമുണ്ട്. അവരൊക്കെ ആ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കാം. 

മനുഷ്യരുടെ നിത്യജീവിതത്തിലെ സംഭവങ്ങളിലേക്കുള്ള, മഹാസംഭവങ്ങളിലേക്കല്ല (കടപ്പാട്: ജബ്ബാറിന്റവിട അബ്ബാസ് എന്ന താങ്കളുടെ കഥ) കാഴ്ചയാണ് താങ്കളുടെ ഓരോ കഥകളും. 
അവ വളരെ ചെറിയ കഥാതന്തുവിലൂടെ വികസിക്കുന്നതും, അതിലെ കഥാപാത്രങ്ങള്‍ വളരെയധികം ചൂഴ്ന്നുനോക്കി മനസ്സിലാക്കേണ്ട മാനസിക വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്. കഥാലോകം എങ്ങനെയാണ് താങ്കളെ സ്വാധീനിക്കുന്നത്.

ഞാനൊരു വലിയ കഥാകൃത്തൊന്നുമല്ല. ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ കഥ എഴുതി തുടങ്ങിയ ആളാണ്. കുറേ കഥകള്‍ എഴുതാന്‍ സാധിച്ചു എന്നത് സന്തോഷമുള്ള കാര്യമാണ്. കഥ എഴുതുന്നത് ചിന്താലോകത്ത് ചെറിയൊരു സ്പാര്‍ക്ക് ഉണ്ടാവുകയും, അത് മനസ്സിന്റെ ആഴത്തില്‍ ഏതെങ്കിലും തരത്തിലുള്ള തിരയിളക്കം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ്. ഏതു തരത്തിലുള്ള ആശയമാണെന്നോ, എങ്ങനെ അത് എഴുതുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ നേരിട്ട് ആ സന്ദര്‍ഭത്തില്‍  മനസ്സിലാക്കാന്‍ കഴിയില്ല. എഴുതി തുടങ്ങുന്നതോടുകൂടി വേറൊരു ലോകത്തേക്ക് പോവുകയാണ്. ആ എഴുത്ത് കൂട്ടിക്കൊണ്ടുപോകുന്ന വഴിക്ക് പോകുന്നു. അവസാനം അത് സ്വയം തെളിയിക്കും, ഒരു പ്രധാനപ്പെട്ട കാര്യം ആ കഥയ്ക്ക് പറയാനുണ്ടായിരുന്നു എന്ന്. അതുകൊണ്ടാണ് ആ കഥ ഉണ്ടായതെന്ന് സ്വയം അതെന്നോട് പറയും. അങ്ങനെയാണെന്റെ മിക്ക കഥകളും വന്നിട്ടുള്ളത്. 

ജബ്ബാറിന്റവിട അബ്ബാസ് എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥയാണ്. അതിനെക്കുറിച്ച് ചോദ്യത്തില്‍ സൂചിപ്പിച്ചതില്‍ വളരെ സന്തോഷം.  മനുഷ്യരുടെ സ്വത്വവുമായിട്ടും മനുഷ്യരുടെ പലതരത്തിലുള്ള വേവലാതികളുമായിട്ടും ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രയാസം കൂടിയാണ് കഥകള്‍ എഴുതാനുള്ള പ്രേരണ. അത് സാധാരണ ജീവിതത്തില്‍ നിന്നും കൂടുതല്‍ കിട്ടുന്നു എന്നതാണ് എന്റെ അനുഭവം. ഞാനങ്ങനെ ഒരുപാട് വലിയ വിഷയങ്ങളിലേക്കോ അല്ലെങ്കില്‍ വലിയ എഴുത്തുകാരൊക്കെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലേക്കോ എത്തിയിട്ടില്ല. ഒരു നോവല്‍ പൂര്‍ത്തിയാക്കിയത് വലിയ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. ഒരുപാട് സമയമെടുത്ത് ആ പ്രമേയത്തിലൂടെയൊരു കഥ പറയണം, ഒരു നോവലായത് പരിവര്‍ത്തിപ്പിക്കണം എന്ന വലിയ പ്രയത്‌നത്തിന്റെ ഭാഗമായാണ് അതുണ്ടായത്.


#Interview
Leave a comment