TMJ
searchnav-menu
post-thumbnail

Outlook

കൗമാര സംഘർഷങ്ങളെ കുരിശിലേറ്റുന്ന മുൻവിധികള്‍

26 Jan 2025   |   4 min Read
ഷാദിയ

പാലക്കാടിലെ ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥിയുടെ വീഡിയോ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരികയും അത് അധ്യാപകൻ പിടിച്ചു വച്ചപ്പോൾ ആ കുട്ടി അധ്യാപകനെ കൊന്നുകളയുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നതുമായാണ് വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. മുൻനിര മാധ്യമങ്ങളടക്കം, ഈ വീഡിയോ പങ്കുവച്ചപ്പോൾ ആ കുട്ടിയുടെ സ്വകാര്യത ഇല്ലാതാവുകയെന്നു മാത്രമല്ല, സമൂഹത്തിന്റെ വിഹ്വലമായ മുൻവിധികളിലേക്ക് തള്ളിയിട്ടു കൊണ്ട്, ആ കുഞ്ഞിനെ ഭീകരമായൊരു മാനസികാഘാതത്തിലേക്ക് കൂടി കൊണ്ടു ചെന്നെത്തിക്കുകയാണ്.  

ഇവിടെ അധ്യാപകരെയാണോ, സ്കൂളിനെയാണോ, മാതാപിതാക്കളെയാണോ, അതോ ആ കുട്ടിയെ തന്നെയാണോ പഴിചാരേണ്ടതെന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും ചെന്നെത്തിനിന്നത്, കുട്ടിയെ പിടിച്ചു പൊലീസിലേൽപ്പിക്കണം, അല്ലെങ്കിൽ വളർന്നു വരുന്ന ഒരു ക്രിമിനലാകും എന്നൊക്കെ ഉള്ള തരത്തിലാണ്. ചിലർ കുട്ടി ലഹരിക്കടിമയാണെന്നു വരെ പറയുകയുണ്ടായി. ഏറ്റവും വിഷമകരമെന്തെന്നാൽ, ചില മാധ്യമ ചർച്ചകൾ മുൻപേ നടന്ന, പ്രായപൂർത്തിയാകാത്തവർ നടത്തിയ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വിശദീകരിച്ചു കൊണ്ട്, കുട്ടികളെ വെറും നിഷ്കളങ്കരായി മാത്രം കാണാനാകില്ല, മുതിർന്നവരോളം കുറ്റവാളി സ്വഭാവം അവർക്കുണ്ടെന്നുള്ള വെറും അപക്വമായ നിഗമനങ്ങൾ പങ്കു വയ്ക്കുകയുണ്ടായി. സ്കൂളുകളിലേക്ക് തിരികെ ചൂരൽ പ്രയോഗങ്ങൾ കൊണ്ടുവരണമെന്നുള്ള അഭിപ്രായങ്ങളും ഇതിന്റെ കൂടെ ഉയർന്നു വന്നിട്ടുണ്ട്. 

REPRESENTATIVE IMAGE | WIKI COMMONS
ഈ സാഹചര്യത്തിൽ എന്താണ് ഒരു കൗമാരപ്രായത്തിലുള്ള കുട്ടി എന്ന്, ഓരോ  കുഞ്ഞുങ്ങൾക്ക് ചുറ്റുമുള്ള അധ്യാപകരും, രക്ഷിതാക്കളും, സമൂഹവും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിൽ തന്നെയും കുട്ടികളുടെ കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ടവർ, അധ്യാപകരാണ്. കാരണം കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിലും, അവർക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിലും രക്ഷിതാക്കൾക്ക് പലപ്പോഴും പരിമിതികൾ ഉണ്ട്. അതൊരു പക്ഷേ അവരുടെ വിദ്യാഭ്യാസമോ, വീട്ടിലെ സാമ്പത്തികമോ അല്ലാതെയോ ഉള്ള സാഹചര്യങ്ങളോ ആകാം. ജനിച്ചതു മുതൽ, ഡൊമസ്റ്റിക് വയലൻസ് കണ്ടുവളർന്ന, ടോക്സിക് പാരന്റിങ്ങിന് ഇരയാകേണ്ടി വന്ന ഒരുപാട് കുഞ്ഞുങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്. വീട്ടിൽ താൻ അനുഭവിക്കുന്ന വിഷമങ്ങളോ, സന്തോഷങ്ങളോ പങ്കുവെക്കാൻ കഴിയാതെ, പ്രശംസിക്കപ്പെടാതെ, ശ്രദ്ധ കിട്ടാതെ വളർന്നു വരുന്ന കുഞ്ഞുങ്ങളുണ്ട്. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളാണ് ഓരോ വിദ്യാലയങ്ങളിലേക്കും പഠനത്തിനായ് വരുന്നത്. ഇനി ഈ ഘടകങ്ങൾ ഒക്കെ മാറ്റി നിർത്തിയാൽ കൂടി, കൗമാരപ്രായക്കാരുടെ പ്രധാനപ്പെട്ട ഒരു സ്വഭാവ സവിശേഷതയാണ് ഈഗോ സെന്റ്റിസം എന്നുള്ളത്. അതായത് കുട്ടികൾക്ക് അവരുടെ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടു മാത്രമേ കാര്യങ്ങൾ മനസ്സിലാക്കാനും അവലോകനം ചെയ്യാനും കഴിയുകയുള്ളൂ. അവർ "ഞാൻ" എന്നതിൽ അധിഷ്ഠിതമായിരിക്കും. ഏതൊരു കാര്യവും കുട്ടികൾ വിലയിരുത്തുക, സ്വയം അവരോട് തന്നെ താരതമ്യപ്പെടുത്തിയിട്ടാണ്. ഒന്നാലോചിച്ചു നോക്കിയാൽ നമ്മളൊക്കെ തന്നെ കുട്ടികൾ അവരുടെ പരാതികൾ വന്നു പറയുമ്പോൾ ഒരുപക്ഷേ ചിരിച്ചു കൊണ്ട് ഇത്രയും ചെറിയ കാര്യത്തിനാണോ നീ വിഷമിക്കുന്നത് അല്ലെങ്കിൽ പരാതി പറയുന്നതെന്ന് മറുപടി പറയാറുണ്ട്. ഇവിടെയാണ് കുട്ടികൾ നേരത്തെ പറഞ്ഞ ഈഗോ സെന്റ്റിസത്തിൽ അധിഷ്ഠിതരാണെന്ന് മനസ്സിലാക്കേണ്ടത്. അവർക്ക് അവരുടെ സാഹചര്യങ്ങൾ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. കൗമാരപ്രായക്കാരെ സംബന്ധിച്ചിടത്തോളം ഭൂമി കറങ്ങുന്നത് അവർക്ക് ചുറ്റും മാത്രമാണ്. ഇവിടെ നീ കുറച്ചുകൂടി പക്വത കാണിക്കണമെന്ന് പറഞ്ഞുകൊണ്ട് ശരിക്കും പക്വമായി പെരുമാറാത്തത് നമ്മളാണ്.  

മറ്റൊരു പ്രധാനപ്പെട്ട സവിശേഷത, ശാരീരികവും മാനസികവും ലൈംഗികവുമായ ദ്രുതഗതിയിലുള്ള സങ്കീർണ്ണ പരിവർത്തനകാലഘട്ടമാണ് കൗമാര പ്രായം (Adolescence) എന്നുള്ളതാണ്. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് ഈ കൗമാരം. ബുദ്ധി വളർച്ചയും വൈകാരിക വികാസവും സംഭവിക്കുന്നത് ഇതേ കാലഘട്ടത്തിൽ തന്നെ. ഈ സമയങ്ങളിൽ ഓരോ കുഞ്ഞുങ്ങളും സ്വയം കണ്ടെത്താൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ നിരവധി ആശയക്കുഴപ്പങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോവുന്നുണ്ട്. മാത്രമല്ല തന്റെ ഇച്ഛയ്ക്കോ പ്രവർത്തികൾക്കോ എതിരായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, അവരെ എതിർക്കാനുള്ള പ്രവണതയും, പുതിയ പുതിയ കാര്യങ്ങൾ അറിയാനുള്ള, അതായത് ലഹരി അടക്കമുള്ള കാര്യങ്ങൾ പരീക്ഷിക്കാനുള്ള ത്വരയും എപ്പോഴും കൗമാരക്കാരിലുണ്ടാകും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ പല സാഹസിക പ്രവർത്തികളും ഇവർ ചെയ്യാറുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
ഇത്തരത്തിൽ വളർന്നുവരുന്ന കൗമാരപ്രായക്കാരായ കുട്ടികളെ ഏറ്റവും നന്നായി, കൃത്യമായ വളർച്ചയിലേക്ക് പരിവർത്തിപ്പിച്ചെടുക്കാനുള്ള ഉത്തരവാദിത്വം അധ്യാപകർക്കാണ്. ഇവിടെ കൃത്യമായ മാർഗ്ഗനിർദ്ദേശവും, സ്നേഹത്തോടെയുള്ള ബോധവൽക്കരണവും ആണ് വേണ്ടത്. ഇങ്ങനെ സ്നേഹത്തോടെ അല്ലാതെ വടി കൊണ്ട് അടിച്ചു പഠിപ്പിക്കാൻ മുതിർന്നാൽ, അവർ കൂടുതൽ അനുസരിക്കില്ലെന്നു മാത്രമല്ല, പ്രതീക്ഷയ്ക്കു വിപരീതമായി സംഭവിച്ചെന്നു വരാം. അതുകൊണ്ടാണ് കൃത്യമായി സ്കൂളുകളിൽ കുട്ടികളെ ഉപദ്രവിക്കരുതെന്ന നിയമം വരുന്നത്. ഇനി അധ്യാപകർക്ക് നിയന്ത്രണാതീതമായുള്ള സ്വഭാവം കുട്ടികൾ കാണിക്കുകയാണെങ്കിൽ, കൗൺസിലിങ്ങും സൈക്കോ എഡ്യൂക്കേഷനും നൽകാനുള്ള സംവിധാനങ്ങൾ ലഭ്യമാക്കണം. ഇത്തരത്തിൽ കൃത്യമായ ഇടപെടലുകൾ വിദ്യാലയങ്ങളും അധ്യാപകരും നടത്തുകയാണെങ്കിൽ, അവിടെ വളർന്നു വരുന്നത് സാമൂഹിക ബോധവും മൂല്യവും ഉള്ള വ്യക്തികളാണെന്ന് ഉറപ്പിക്കാം.

ഇനി നമുക്ക് ഈ സംഭവം എടുത്തു പരിശോധിച്ചാൽ, ആ സ്കൂളിലെ പ്രധാനാധ്യാപകൻ മാധ്യമങ്ങളോട് പറയുന്നത് അവരല്ല വീഡിയോ പ്രചരിപ്പിച്ചത്, മറിച്ചു കുട്ടിയുടെ രക്ഷിതാക്കൾക്ക് മാത്രമാണ് അയച്ചുകൊടുത്തതെന്നാണ്. സ്വയം രക്ഷയ്ക്കാണ് വീഡിയോ എടുത്തതെന്നു പറഞ്ഞത് ശരിയായ കാര്യമാണെങ്കിലും , രക്ഷിതാക്കളോട് നടന്ന സംഭവം വിശദീകരിക്കാമെങ്കിലും ഒരു കാരണവശാലും രക്ഷിതാക്കൾക്കു പോലും വീഡിയോ അയച്ചുകൊടുക്കാൻ പാടില്ലായിരുന്നു. നേരത്തെ പറഞ്ഞ പോലെ, അധ്യാപകരോളം കുട്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കാനും സൂക്ഷ്മത പുലർത്താനും പല രക്ഷിതാക്കൾക്കും കഴിഞ്ഞെന്നു വരില്ല. ഇനി ആ വീഡിയോയിൽ കുട്ടി അധ്യാപകനെ കൊലപ്പെടുത്തുമെന്ന ഭീഷണിയാണ് എല്ലാവരെയും രോഷാകുലരാക്കുന്നത്. കുട്ടി ഫോൺ തിരികെ തരൂ എന്ന് പറയുമ്പോൾ, തന്നില്ലെങ്കിൽ നീ എന്തു ചെയ്യും എന്ന് പറഞ്ഞ് അധ്യാപകൻ പ്രകോപിപ്പിക്കുമ്പോഴാണ്  ആ കുട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്നത്.

REPRESENTATIVE IMAGE | WIKI COMMONS
എന്നാൽ അതിനു മുന്നേ ആ കുട്ടി പറയുന്ന ഒരു കാര്യമുണ്ട്, "എന്നെ ഇതിനുള്ളിൽ വെച്ച് നിങ്ങളെല്ലാം മെന്റലി ഹരാസ് ചെയ്യുന്നു എന്നുള്ളത് ഞാൻ പുറത്തു പറയും" എന്നത്. ഇത് ഗൗരവമായി അന്വേഷിക്കേണ്ട കാര്യമാണ്. എന്നാൽ കുട്ടിയുടെ കൊലപാതക ഭീഷണി എല്ലാവരും ചർച്ച ചെയ്യുമ്പോൾ, ഈ പറഞ്ഞ മെന്റൽ ഹരാസ്മെന്റിന്റെ കാര്യം മാത്രം സൗകര്യ പൂർവ്വം മറന്നു കളയുന്നു. അധ്യാപകർ എന്ത് ചെയ്താലും, പറഞ്ഞാലും അക്ഷരംപ്രതി അനുസരിക്കേണ്ടവരാണ് വിദ്യാർത്ഥികൾ എന്നൊരു മിഥ്യാധാരണയാണ്, ഈ കാര്യം ഇത്രത്തോളം ഊതി വീർപ്പിക്കാൻ കാരണമായത്. അധ്യാപകർ മാധ്യമങ്ങൾക്ക് നൽകിയ വിവരമല്ലാതെ അവിടെ മറ്റെന്താണ് നടന്നതെന്ന് പോലും കൃത്യമായി നമുക്കറിയാതെയാണ് ആ കുട്ടിയെ കുരിശിലേറ്റാൻ ശ്രമിക്കുന്നത്. ഇനി ഇത്തരത്തിൽ ഒരു കുട്ടി പെരുമാറുകയാണെങ്കിൽ കൂടി, സമൂഹത്തിന്റെ മുൻവിധികളിലേക്ക് ആ കുട്ടിയെ എറിഞ്ഞു കൊടുക്കാതെ, കാര്യമായ പ്രശ്നങ്ങളുണ്ടോ എന്ന് വിലയിരുത്തുകയും ഉണ്ടെങ്കിൽ അതിനുള്ള പരിഹാരം ചെയ്യുകയുമാണ് വേണ്ടത്. ഒരു പക്ഷേ മൊബൈൽ വാങ്ങി വച്ചപ്പോഴുണ്ടായ വെറുമൊരു വികാര പ്രകടനം മാത്രമാവാം കുട്ടി പറഞ്ഞ വാക്കുകൾ, പക്ഷേ അത് വീഡിയോ ആയി പ്രചരിപ്പിച്ചപ്പോൾ, ലഹരിക്കടിമയാണെന്നു വരെ മുദ്ര കുത്തിയപ്പോൾ, ആ കുട്ടി തന്നെ പറഞ്ഞപോലെ എത്രത്തോളം മെന്റൽ ഹരാസ്മെന്റ് ആ കുട്ടിക്ക് സമൂഹം കൊടുത്തിട്ടുണ്ടാവും. നിലനിൽക്കുന്ന കൗമാര പ്രായ സംഘർഷങ്ങളിലേക്ക് ഈ ഒരു മാനസിക വിഷമം കൂടി ഇട്ടുകൊടുക്കുകയാണ്, ലളിതമായി പരിഹരിക്കപ്പെടാമായിരുന്ന ഒരു വിഷയത്തിൽ അറിവും വിവരവും പക്വതയുമുണ്ടെന്ന് അവകാശപ്പെടുന്ന അധ്യാപകർ ചെയ്തത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ വളർച്ചാ കാലഘട്ടത്തിൽ, പഠനം സുഗമവും, ഇഷ്ടമുള്ളതുമാക്കുന്ന നിരവധി  ടെക്നോളജികൾ നമുക്ക് വിരൽ തുമ്പിൽ ലഭ്യമാണ്. എന്നാൽ ഇവിടെ സ്കൂളുകൾ ഫോൺ നിരോധിച്ച്, ഇപ്പോഴും പരിമിതികളിലൂന്നിയ സാമ്പ്രദായിക പഠന രീതി തുടർന്നു പോകുന്നത് ചർച്ചാ വിഷയമാക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ്.

ഭയത്തോടെയുള്ള ബഹുമാനമല്ല അധ്യാപകർ വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കേണ്ടത്, മറിച്ചു സ്നേഹത്തോടെ, അവർക്ക് ഏതൊരു പ്രതിസന്ധിയിലും ഓടിച്ചെല്ലാൻ പറ്റുന്ന, മുൻവിധികളില്ലാതെ തന്നെ പൂർണ്ണമായും മനസ്സിലാക്കും എന്നുള്ള ആത്മവിശ്വാസമാണ്.

സ്റ്റീഫൻ ഹോക്കിംഗ് പറഞ്ഞപോലെ, "നിങ്ങൾ ഓരോ അസാധാരണ വ്യക്തിയുടെയും പിന്നിലേക്ക് നോക്കിയാൽ, അസാധാരണനായ ഒരു അധ്യാപകനെ കാണാം."


#outlook
Leave a comment