
ചരിത്രമെഴുതിയ ദിസനായകെയെ കാത്തിരിക്കുന്ന വര്‍ത്തമാനകാല വെല്ലുവിളികള്‍
ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു വഴിമാറ്റത്തിനാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഒന്നിലേറെ കാരണങ്ങള്‍ കൊണ്ടാണ് ഇത്തവണത്തെ ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് പുതുചരിത്രമെഴുതിയത്.
ശ്രീലങ്ക സ്വതന്ത്രമായ 1948 മുതല്‍ ഇവിടെ അധികാരത്തിലേറിയിരുന്നത് രണ്ട് പാര്‍ട്ടികളോ അവരുടെ മുന്നണികളോ ആയിരുന്നു. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അഥവാ യുഎന്‍പി, ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി അഥവാ എസ്എല്‍എഫ്പി എന്നിവരാണ് അവര്‍. ഇവരുടെ കൈവശമായിരുന്നു കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളമായി ശ്രീലങ്കന്‍ ഭരണം. ആ ചരിത്രത്തെ മുഴുവന്‍ തിരുത്തിയെഴുതിയാണ് നാഷണല്‍ പീപ്പിള്‍ പവര്‍ സഖ്യത്തിലെ ജെവിപിയുടെ അനുര കുമാര ദിസനായകെ പ്രസിഡന്റ് പദത്തിലേക്ക് വിജയിച്ചു കയറുന്നത്.
മറ്റൊരു പ്രധാന ഘടകം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ കൊടുത്തവരുടെയും മത്സരിച്ചവരുടെയും എണ്ണമായിരുന്നു. ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി 38 പേരാണ് ഈ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കിയത്. ഇതില്‍ ഒരാള്‍ മരണടഞ്ഞു. ബാക്കി 37 പേരും മത്സരംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലവും ചരിത്രമായി. പ്രിഫറന്‍സ് വോട്ടാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടപ്പാക്കുന്നത്. ഇതില്‍ 50 ശതമാനത്തിലേറെ വോട്ട് ലഭിക്കണം. എന്നാല്‍, ഇത്തവണ ആദ്യ റൗണ്ടില്‍ ആര്‍ക്കും ഈ വോട്ട് ശതമാനം നേടാന്‍ കഴിഞ്ഞില്ല. രണ്ടാം റൗണ്ടിലാണ് ദിസനായകെ വിജയത്തിലെത്തിയത്.
ആദ്യ റൗണ്ടില്‍ തന്നെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സജിത് പ്രേമദാസയേക്കാള്‍ പത്ത് ശതമാനത്തോളം വോട്ടുകള്‍ക്ക് മുന്നിലായിരുന്നു ദിസനായകെ. മുന്‍ഗണനാ വോട്ടുകളുടെ രണ്ടാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ദിസനായകെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചു. സജിത് പ്രേമദാസെ രണ്ടാം സ്ഥാനത്തായി. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോതബയ രാജപക്‌സെ അധികാര ഭ്രഷ്ടനാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ചുമതലയിലേക്ക് വന്ന റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിനപ്പുറം കടക്കാന്‍ വിക്രമസിംഗെയ്ക്ക് സാധിച്ചില്ല.
അനുര കുമാര ദിസനായകെ | PHOTO: FACEBOOK
ഒന്നാം റൗണ്ട് മുന്‍ഗണനാ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ആര്‍ക്കും വിജയിക്കാന്‍ ആവശ്യമായ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചില്ല. ദിസനായകെക്ക് ആദ്യ റൗണ്ടില്‍ 42.31% വോട്ടും തൊട്ടടുത്ത എതിരാളിയായ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്ക് 32.76% വോട്ടും ലഭിച്ചു. നിലവില്‍ ഭരണത്തിലിരുന്ന് മത്സരിച്ച റനില്‍ വിക്രമസിംഗെയ്ക്ക് ലഭിച്ചത് വെറും 17 ശതമാനം വോട്ട് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ മുന്‍ഗണനാ വോട്ടിംഗിലെ രണ്ടാം റൗണ്ട് എണ്ണുമ്പോള്‍ വിക്രമസിംഗെ ചിത്രത്തില്‍ നിന്നും പുറത്തായി. ദിസനായകെയും സജിത് പ്രേമദാസയും നേരിട്ടുള്ള ഏറ്റുമുട്ടലായി രണ്ടാം റൗണ്ടില്‍. രണ്ടാം മുന്‍ഗണനാ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ദിസനായകെ 55.8 ശതമാനം വോട്ട് നേടി വിജയിച്ചു. ശേഷിച്ച 44.2 ശതമാനം വോട്ട് തൊട്ടടുത്ത എതിരാളിയായ സജിത് പ്രേമദാസയ്ക്ക് ലഭിച്ചു. രണ്ട് റൗണ്ടിലും നിര്‍ണ്ണായകമായ മുന്‍തൂക്കം ദിസനായകെ നിലനിര്‍ത്തി എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. ശ്രീലങ്കന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളിലിരുന്ന മഹിന്ദ രാജപക്‌സെയുടെ മകന്‍ നമല്‍ രാജപെക്‌സെയ്ക്ക് ദയനീയമായ തോല്‍വിയാണ് നേരിടേണ്ടി വന്നത്. ആദ്യ മൂന്നുപേരും രണ്ട് അക്ക വോട്ടിങ് ശതമാനം നേടിയെങ്കില്‍ നമല്‍ രാജപക്‌സെയ്ക്ക് മൂന്ന് ശതമാനം വോട്ട് പോലും നേടാനായില്ല. രണ്ടര ശതമാനം വോട്ടാണ് നമല്‍ രാജപക്‌സെയ്ക്ക് ലഭിച്ചത്.
തമിഴ് വംശജരുടെ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി അരിനേതിരന്‍ 1.7 ശതമാനം വോട്ടുകള്‍ നേടി അഞ്ചാം സ്ഥാനത്ത് എത്തി. ബാക്കി 33 സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ടാണ് ലഭിച്ചത്. ഇതാണ് ശ്രീലങ്കയുടെ ചരിത്രം തിരുത്തിയെഴുതിയ വോട്ടിംഗ് പാറ്റേണ്‍. എന്നാല്‍, തമിഴ് വംശജരുടെ ഭൂരിപക്ഷം വോട്ടും നേടിയത് സജിത് പ്രേമദാസെയായിരുന്നു. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നുള്ള മൊത്തം വോട്ടില്‍ 40 ശതമാനം വോട്ട് സ്വന്തമാക്കാന്‍ പ്രേമദാസെയ്ക്ക് സാധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധിസ്റ്റ്, സിംഹള വോട്ട് ബാങ്കുകൊണ്ട് മാത്രം ജയിക്കാനാകില്ലെന്നും വംശീയമായ കണക്കുകള്‍ക്കപ്പുറം മറ്റ് സാമൂഹിക വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതും ഈ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തില്‍ അടിയൊഴുക്കായി. അതിനുള്ള ഗുണഫലം ലഭിച്ചത് സിംഹള താല്‍പ്പര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ദിസനായകെയക്കായിരുന്നുവെന്നാണ് അദ്ദേഹം കൈവരിച്ച വിജയം സൂചിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തികക്കുഴപ്പങ്ങളും അതിനോടുള്ള പ്രതികരണങ്ങളുമാണ് ദിസനായകെയ്ക്ക് അനുകൂലമായഘടകം. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സജിത് പ്രേമദാസയെ മറികടന്ന് ദിസനായകെയ്ക്ക് അധികാരത്തിലേക്ക് കയറാന്‍ വഴിയൊരുക്കിയ പ്രധാന ഘടകം രാജ്യത്തെ സാമ്പത്തികക്കുഴപ്പങ്ങള്‍ തന്നെയായിരുന്നു.
ശ്രീലങ്കന്‍ തിരഞ്ഞെടുപ്പിലെ ദേശീയ, രാജ്യാന്തര മാധ്യമങ്ങളൊന്നും തന്നെ ആദ്യഘട്ടത്തില്‍ ദിസനായകെയുടെ മുന്നേറ്റത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പിന് ഏറെ മുമ്പ് തന്നെ അനുര ദിസനായകെ ശ്രീലങ്കയില്‍ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. മാത്രമല്ല, പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതാ പേരുകളിലൊന്നായി മാറുകയും ചെയ്തിരുന്നു. തമിഴ് വംശജരുടെ വോട്ടുകള്‍ സജിത് പ്രേമദാസെയ്ക്കും തമിഴ് വംശജരുടെ പൊതുസ്ഥാനാര്‍ത്ഥിയായ അരിനേതിരനുമായി ലഭിക്കുമെന്നും മുസ്ലിം വോട്ടുകള്‍ സജിത് പ്രേമദാസെയ്ക്കും റനില്‍ വിക്രസിംഗെയ്കും അനുകൂലമാകുമെന്നും സിംഹള വോട്ടുകള്‍ വിക്രമസിംഗെ, സജിത് പ്രേമദാസെ, ദിസനായകെ, നമല്‍ രാജപക്‌സെ, എന്നീങ്ങനെയുള്ളവര്‍ക്കും മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കുമായി വിഭജിക്കുമെന്നുമുള്ള കണക്കുകൂട്ടല്‍ പൂര്‍ണ്ണമായും ശരിയായിരുന്നില്ല. തിരഞ്ഞെടുപ്പിലെ അവസാന ഘട്ടമെത്തുമ്പോഴേക്കും സിംഹള വംശീയതയുടെ അനുകൂലിയാണ് ദിസനായകെ എന്ന ദുഷ് പ്പേര് നിലനില്‍ക്കുമ്പോഴും തമിഴ്, മുസ്ലിം വോട്ടര്‍മാരുടെ വിശ്വാസം കൂടെ നേരിയ തോതിലെങ്കിലും നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
സജിത് പ്രേമദാസ | PHOTO: FACEBOOK
അധികാരത്തിലെത്തുന്ന ദിസനായകെയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ നിസാരമല്ല. ശ്രീലങ്ക നേരിടുന്ന സാമ്പത്തികപ്രതിസന്ധി, രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധി എന്നിവ തുടങ്ങി ആഗോളതലത്തില്‍ അയല്‍ രാജ്യങ്ങള്‍ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ്.
വിജയിച്ചു, ചരിത്രമായി, പക്ഷേ വര്‍ത്തമാനകാല വെല്ലുവിളികള്‍ നേരിടാനുള്ള സാമര്‍ത്ഥ്യവും സാമൂഹിക സാഹചര്യങ്ങളും ദിസനായകെയ്ക്ക് അനുകൂലമാകുമോ എന്നതാണ് പ്രധാന ചോദ്യം. സിംഹള വംശീയതയോട് മമത പുലര്‍ത്തിയിരുന്ന ദിസനായകെയ്ക്ക് ഇനി അതേ നിലപാടുമായി മുന്നോട്ട് പോകാന്‍ സാധിക്കുമോ? ഐഎംഎഫ് നിലപാടുകള്‍ക്കനുസരിച്ചാകുമോ രാജ്യത്തെ സാമ്പത്തികരംഗം മാറ്റി മറിക്കുക അതോ വേറിട്ടൊരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കരുത്ത് കാട്ടാന്‍ ദിസനായകെയ്ക്ക് സാധിക്കുമോ? അയല്‍ബന്ധങ്ങളിലും രാജ്യന്തരബന്ധങ്ങളിലും എത്രത്തോളം സമദൂരസിദ്ധാന്തം കാത്തുസൂക്ഷിക്കാന്‍ സാധിക്കും?
ദിസനായകെയെ വിജയത്തിലേക്ക് നയിച്ചതില്‍ പ്രധാന ഘടകം രാജ്യം നേരിടുന്ന സാമ്പത്തിക അസ്ഥിരതയാണ്. അതിനെതിരായ നിലപാടുകള്‍ക്ക് പുതുതലമുറയില്‍ നിന്നുള്ള പ്രതീക്ഷയാണ് ദിസനായകെയുടെ വിജയത്തിന് വഴിയൊരുക്കിയത്. അതുകൊണ്ട് തന്നെ ശ്രീലങ്കയുടെ സാമ്പത്തിക നയത്തിന് മേല്‍ ഐഎംഎഫ് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ കാര്യത്തില്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ ദിസനായകെ നിര്‍ബന്ധിതനാകും. വരും ദിവസങ്ങളില്‍ ദിസനായകെയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ സ്വീകരിക്കുന്ന നടപടികളാകും. നിലവിലെ ലോകസാഹചര്യത്തില്‍ അതിന് എത്രത്തോളം സാധ്യമാകും എന്നത് ആലോചനാ വിഷയമാണ്.
തന്ത്രപ്രധാനമായ ദ്വീപാണ് ശ്രീലങ്ക എന്നതുകൊണ്ട് തന്നെ ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധവും വലിയ വെല്ലുവിളിയാകും. പ്രത്യേകിച്ചും ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വളരെ പ്രസക്തമാണ്. ഒരു കാലത്ത് ചൈനയുമായി മാത്രം അടുപ്പം പുലര്‍ത്തിയിരുന്ന ദിസനായകെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ജെവിപി എന്ന പാര്‍ട്ടിയും. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരിയില്‍ ദിസനായകെ ഇന്ത്യ സന്ദര്‍ശിക്കുകയും ഉന്നതതല ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ശ്രീലങ്കയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും അമേരിക്കയ്ക്കും തന്ത്രപ്രധാനമായ താല്‍പ്പര്യങ്ങളുണ്ട്, തിരിച്ച്, ശ്രീലങ്കയെ സംബന്ധിച്ചും ഈ രാജ്യങ്ങളുമായുള്ള നല്ല ബന്ധം എന്നത് അവരുടെ ആവശ്യവുമാണ്. അതിനാല്‍ തന്നെ, ഈ രാജ്യങ്ങളുമായി സമദൂരവും നല്ല ബന്ധവും കാത്തുസൂക്ഷിക്കുക എന്നത് ദിസനായകെ നേരിടുന്ന പ്രധാന വെല്ലുകളിലൊന്നാണ്.
ദിസനായകെയുടെ ഇന്ത്യാ സന്ദർശനം | PHOTO: WIKI COMMON
തമിഴ് വംശജര്‍ നേരിട്ട വംശഹത്യയും അതുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ വേണ്ടുന്ന നടപടികള്‍ സംബന്ധിച്ച അവരുടെ ആവശ്യവും സ്വയംഭരണ ആവശ്യവും തമിഴ് വംശജരുടെ മേഖലയിലെ പുരോഗതിക്ക് ആവശ്യമായ നടപടികളുമൊക്കെ സ്വീകരിക്കുക എന്ന കാര്യത്തില്‍ ദിസനായകെ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്ന കാര്യമായിരിക്കും. ശ്രീലങ്കയിലെ ന്യൂനപക്ഷമായ മുസ്ലിം ജനവിഭാഗങ്ങള്‍ക്കും അവരുടെ ആവശ്യങ്ങളുടെ കാര്യത്തില്‍ എന്ത് നിലപാടായിരിക്കും പുതിയ സര്‍ക്കാര്‍ സ്വീകരിക്കുക എന്നതും ലോക ശ്രദ്ധ നേടുന്നതാകും. ഇതിനെയെല്ലാം ഇതുവരെയുള്ള രീതികളില്‍ നിന്ന് മാറി സമവായത്തിന്റെയും സമാധാനാത്തിന്റെയും വഴികളിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ ദിസാനായകെ തയ്യാറാകുമോ. അതോ തനിക്ക് പിന്നിലെ ഉറച്ച ശക്തിയായ സിംഹള രാഷ്ട്രീയത്തില്‍ മാത്രം നിലയുറിപ്പിച്ച് പഴയ നിലപാടുകളില്‍ തന്നെ തുടരുമോ എന്നതാണ്. സര്‍ക്കാരിനെ നയിക്കുന്ന വ്യക്തി എന്ന നിലയില്‍ ആഭ്യന്തര രാഷ്ട്രീയത്തിലെ പ്രതിസന്ധികളെ നേരിടാന്‍ എത്രത്തോളം പ്രാപ്തനാണ് ദിസനായകെ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാകും ഈ വിഷയത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന സമീപനം.
ഇതുവരെയുള്ള ദിസനായകെയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ വ്യക്തമാക്കുന്നത്, ഇക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള സംഘടനാ പാടവമാണ്. ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ മൂന്ന് ശതമാനം പാര്‍ട്ടി എന്ന പരിഹാസ പേരില്‍ നിന്നാണ് അദ്ദേഹം തന്റെ പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന പാര്‍ട്ടിയാക്കി മാറ്റിയത് എന്ന് മനസ്സിലാക്കുമ്പോഴാണ് ആ സംഘടനാ പാടവം വ്യക്തമാക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ വോട്ടിന്റെ പിന്‍ബലത്തില്‍ ഏറ്റവും പിന്നില്‍ നിന്ന പാര്‍ട്ടിയുടെ നേതാവ് അയല്‍രാജ്യവും ഈ ഭൂഖണ്ഡത്തിലെ പ്രധാനശക്തിയുമായ ഇന്ത്യയുമായി സൗഹൃദ സംഭാഷണത്തിനെത്തി എന്നത് അദ്ദേഹം അയല്‍രാജ്യങ്ങളിലും സ്വീകാര്യനായ നേതാവായി മാറിയ രാഷ്ട്ര തന്ത്രജ്ഞതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ 20 വര്‍ഷമായി മെല്ലെയാണെങ്കിലും സ്വന്തം പാര്‍ട്ടിയായ ജെവിപിയെയും മുന്നണിയായ എന്‍പിപിയെയും ശക്തിപ്പെടുത്തുന്നതിനും ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും അംഗീകാരം നേടിയെടുക്കുന്നതിലും ദിസനായകെ വിജയിച്ചു എന്നു വേണം കരുതാന്‍.
എന്നാല്‍, ശ്രീലങ്കന്‍ തിരഞ്ഞെടുപ്പിലെ മറ്റൊരു കണക്ക് നോക്കിയാല്‍ ദിസനായകെയുടെ വിജയത്തിന് മുന്നിലെ വെല്ലുവിളികള്‍ പ്രകടമായി കാണാന്‍ കഴിയും. ഒന്നിച്ചു നിന്നിരുന്ന റനില്‍ വിക്രമസിംഗെയും സജിത് പ്രേമദാസെയും രണ്ടായി മത്സരിച്ചപ്പോള്‍ ഇരുവരും തോറ്റു. എന്നാല്‍ ഇരുവര്‍ക്കും കൂടി ഒന്നാം റൗണ്ടില്‍ ലഭിച്ച വോട്ടുകള്‍ ഒന്നാം റൗണ്ടില്‍ ദിസനായകെയ്ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടാണ്. മാത്രമല്ല, ആ വോട്ട് കൊണ്ട് അവര്‍ക്ക് 50 ശതമാനത്തിലേറെ വോട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനര്‍ത്ഥം പൂര്‍ണ്ണമായും ശ്രീലങ്കന്‍ ജനത ദിസനായകെയെ അംഗീകരിച്ചിട്ടില്ല എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ചരിത്രമെഴുതിയ വിജയ വഴികളില്‍ ദിസനായകെ ഉണ്ടെങ്കിലും സങ്കീര്‍ണ്ണമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുന്ന ശ്രീലങ്കയുടെ മുന്നോട്ട് പോക്ക് അത്ര സുഗമമാകില്ല.


