TMJ
searchnav-menu
post-thumbnail

Outlook

പ്രസ്സ് ഫ്രീഡം ഇന്റക്‌സ്; ഇന്ത്യ എവിടെ?

14 Jun 2023   |   5 min Read
മിസ്‌രിയ ചന്ദ്രോത്ത്

2023 ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹിയിലേയും മുംബൈയിലേയും ഓഫീസിൽ നികുതി വെട്ടിച്ചെന്നാരോപിച്ച് IT ഡിപ്പാർട്ട്മെന്റ് റെയ്ഡ് നടന്നതിനും ഒരു മാസം മുമ്പാണ് ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തത്. ലോകത്താകമാനം വലിയ മാധ്യമശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു ഇത്. 2023 ലെ പ്രസ്സ് ഫ്രീഡം ഇന്റക്സ് പ്രകാരം ഇന്ത്യയുടെ റാങ്ക് 161 ൽ എത്തിയിരിക്കുന്നതും ഇതോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ്. 2016 (133-ാം റാങ്ക് ആയിരുന്നു) മുതൽ സ്ഥിരതയോടെ കുറഞ്ഞു വരുന്ന ഒരു പ്രതിഭാസമാണ് ഇന്ത്യയുടെ പ്രസ്സ് ഫ്രീഡം ഇന്റക്സ്. അയൽ രാജ്യങ്ങളായ പാകിസ്താനെക്കാളും അഫ്ഗാനിസ്ഥാനെക്കാളും ശ്രീലങ്കയെക്കാളും ഒക്കെ പുറകിലായാണ് ഇന്ത്യയുടെ സ്ഥാനം.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ മൂല്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് മെയ് 3 ന് പ്രസ്സ് ഫ്രീഡം ഡേ ആഘോഷിക്കുന്നത്. എല്ലാ കൊല്ലവും Reporters without Borders or Reporters sans Frontiears എന്ന, പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന NGO ആണ് പ്രസ്സ് ഫ്രീഡം ഇന്റക്സ് റാങ്കിംഗ് പുറത്തിറക്കുന്നത്. ഇത് UN, UNESCO,Council of Europe എന്നിവരായെല്ലാം കൺസൾട്ടേറ്റിവ് സ്റ്റാറ്റസ് ഉള്ള ഒരു സംഘടന ആണ്. ഈ റാങ്കിങ് ഒരിക്കലും മാധ്യമ ഗുണനിലവാരത്തെ അടയാളപ്പെടുത്തുവാനുള്ളതല്ല. സെൻസർഷിപ്പ്, മാധ്യമ സ്വാതന്ത്ര്യം, മാധ്യമ പ്രവർത്തകരുടെ സുരക്ഷ എന്നീ ഘടകങ്ങളെ അടിസ്ഥാനപെടുത്തി 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിങ് ആണ് ഇവർ പുറത്തിറക്കുന്നത്. ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹിക-രാഷ്ട്രീയപരവുമായ സാഹചര്യങ്ങൾക്കും സുരക്ഷയ്ക്കും അനുസൃതമായി 117 ചോദ്യങ്ങളും അതിന്റെ ഉപചോദ്യങ്ങളും അടിസ്ഥാനമാക്കിയാണ് പ്രസ്സ് ഫ്രീഡം ഇന്റക്‌സ് റാങ്കിങ്ങിന്റെ ഇവാലുവേഷൻ പ്രോസസ്സ്. ഈ വിലയിരുത്തലിൽ ഇന്ത്യയുടെ സ്‌കോർ 36.62 ആണ്, റാങ്ക് 180 രാജ്യങ്ങളിൽ 161 ഉം.

ബിബിസി ഡോക്യുമെന്ററി

പാർലമെന്റിൽ മീഡിയ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റർ അനുരാഗ് ഠാക്കൂറും, സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഒരു 'വിദേശ' അന്താരാഷ്ട്രസംഘടനയുടെ പ്രസ്സ് ഫ്രീഡം ഇന്റക്‌സിനെ വിശ്വസിക്കാനാവില്ലെന്നു പറഞ്ഞു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാധ്യമ നയങ്ങൾ എല്ലാവർക്കും അറിയാവുന്നതുമാണ്. അധികാരത്തിലിരിക്കുന്ന ഇക്കാലയളവിലൊന്നും ഒരൊറ്റ പ്രസ്സ് മീറ്റ് വിളിച്ച് മാധ്യമപ്രവർത്തകരെ കണ്ടിട്ടില്ലെങ്കിലും, പ്രധാനമന്ത്രിയുടെ സുഹൃത്ത് മുകേഷ് അംബാനി രാജ്യത്ത് 70 ൽ കൂടുതൽ മീഡിയ ഔട്‌ലെറ്റുകൾ തുടങ്ങി. ഇതുമാത്രം രാജ്യത്തെ 800 മില്യൺ ജനങ്ങളിലേക്കാണ് എത്തുന്നത്. പ്രധാനമന്ത്രിയുടെ മറ്റൊരു സുഹൃത്ത് അദാനിയുടെ, NDTV ഏറ്റെടുക്കലും അതിലെ മാധ്യമപ്രവർത്തകരുടെ രാജിവെക്കലുകളും പ്രാദേശിക ഭാഷകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി അനുമതിക്കായുള്ള കാത്തിരിപ്പും നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മിനിസ്റ്റർ ആയ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിൽ മലയാളത്തിലെ ഏഷ്യാനെറ്റ് ഉൾപ്പെടെ ധാരാളം ചാനലുകൾ ഉണ്ട്. യൂണിയൻ ഗവണ്മെന്റിനു സ്വന്തമായി ഒരു മീഡിയ ആർമി ഉള്ളതായി മുഖ്യധാര മാധ്യമങ്ങളെ നിരീക്ഷിച്ചാൽ മനസിലാവുകയും ചെയ്യും. ഈ ക്രോണി ക്യാപിറ്റലിസ്റ്റ് ഇന്ത്യൻ സാഹചര്യത്തിൽ പത്രപ്രവർത്തകരെ കണ്ട് വെറുതെ സമയം കളയേണ്ട എന്ന മാധ്യമനയം ആണ് പ്രധാനമന്ത്രിയുടേത്. 

2016 മുതൽ ED രാഷ്ട്രീയക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ നാല് മടങ്ങ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്, അതിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾക്കെതിരെയാണ്. ഈ വസ്തുതകളാണ് യൂണിയൻ ഗവണ്മെന്റ് കേന്ദ്ര അനേഷണ ഏജൻസികളെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളുടെ അടിസ്ഥാനം. രാഷ്ട്രീയക്കാർക്കെതിരെ മാത്രമല്ല, 2018 നു ശേഷം മാത്രം കേന്ദ്ര അനേഷണ ഏജൻസികൾ മാധ്യമസ്ഥാപനങ്ങൾക്കെതിരെ/മാധ്യമപ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്തത് 44 കേസുകളാണ്. ഇതിൽ 20 ഓളം കേസുകൾ NIA യുമായും 15 ഓളം കേസുകൾ ED യുമായും 9 ഓളം കേസുകൾ IT ഡിപ്പാർട്ടുമെന്റായും ബന്ധപ്പെട്ടതാണ്. ഈ കാലയളവിൽ വിവിധ സംസ്ഥാനങ്ങളിലായി 28 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. മാധ്യമ സ്ഥാപനങ്ങൾക്കോ മാധ്യമപ്രവർത്തകർക്കെതിരെയോ കേസുകൾ രജിസ്റ്റർ ചെയ്യരുത് എന്നല്ല പറഞ്ഞുവരുന്നത്. എന്നാൽ നടപടിയെടുക്കപ്പെട്ടിട്ടുള്ളവരിൽ ഭൂരിപക്ഷവും സ്വതന്ത്ര മാധ്യമനിലപാടുകൾ ഉള്ളവരാണ്.മുകേഷ് അംബാനി, നരേന്ദ്ര മോദി | Photo: Wiki Commons

NIA യുടെ മാധ്യമ ഇടപെടലുകൾ

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലെ 12 ഓളം മാധ്യമപ്രവർത്തകർക്കെതിരെ NIA കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങൾ ഇതൊരു സിഖ് കലാപം എന്ന് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി, ഇതൊരു കർഷക കലാപമാണ് എന്ന് റിപ്പോർട്ട് ചെയ്തതിനാണ് ബാൽ തേജ് പന്നു എന്ന ഫ്രീലാൻസ് ജേർണലിസ്റ്റിനു NIA അന്വേഷണം നേരിടേണ്ടിവന്നത്.

CAA-NRC സമരത്തിന്റെ പശ്ചാത്തലത്തിൽ ആസ്സാമിൽ അഖിൽ ഗൊഗോയ് എന്ന ആക്ടിവിസ്റ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മനാഷ് ബറുവ എന്ന ഡിജിറ്റൽ ജേർണലിസ്റ്റിനെ NIA നിരവധി തവണ ചോദ്യം ചെയുകയുണ്ടായി. മണിപ്പൂരിൽ നിരോധിക്കപ്പെട്ട UNLF എന്ന സംഘടനയുമായി ബന്ധപെട്ട ആരോപണത്തിൽ 3 ജേർണലിസ്റ്റുകളെ NIA അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീരിൽ 'ഗ്രേറ്റർ കശ്മീർ' എന്ന മാധ്യമസ്ഥാപനം ഒട്ടേറെ തവണ NIA റെയ്ഡ് ചെയ്തിട്ടുണ്ട്. മൂന്ന് ജേർണലിസ്റ്റുകളെ പലപ്പോഴായി ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാധ്യമ ഇടപെടൽ

കഴിഞ്ഞ കൊല്ലമാണ് നാഷണൽ ഹെറാൾഡ് ഓഫീസുകൾ ED റെയ്ഡ് ചെയ്തത്, തുടർന്ന് കോൺഗ്രസ് ലീഡർ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ചോദ്യം ചെയ്തു. ഹത്രസ് ബലാത്സംഗം റിപ്പോർട്ട് ചെയ്യാൻ പോയതിനാണ് മലയാളിയായ സിദ്ദിഖ് കാപ്പനെ UAPA ചുമത്തി ഉത്തർപ്രദേശ് ജയിലിലടച്ചത്. 850-ാം ദിവസം ജാമ്യം കിട്ടിയപ്പോഴാണ് ED കേസ് വരുന്നതും ജയിലിൽ തുടരേണ്ടി വന്നതും. ദി ക്വിന്റ്, ന്യൂസ് ലൗണ്ടറി, ദി പ്രിന്റ് തുടങ്ങിയ സ്വതന്ത്ര നിലപാടുകൾ ഉയർത്തിപിടിക്കുന്ന അല്ലെങ്കിൽ ഗോഡി മീഡിയയുടെ ഭാഗമാകാത്ത സ്ഥാപനങ്ങൾക് നേരെ നിരവധി തവണ ED റെയ്ഡുകൾ ഒരു ശിക്ഷാ നടപടിയെന്നോണം നടക്കുന്നുണ്ട്. ഗുജറാത്ത് കലാപത്തെ പറ്റി വിശദമായി പഠനം നടത്തിയിട്ടുള്ള മാധ്യമപ്രവർത്തക റാണ അയൂബ്ബിനെതിരെയും ED കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


റാണ അയൂബ്ബ് | Photo: Instagram

ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റിന്റെ മാധ്യമ ഇടപെടലുകൾ

ക്വിന്റ് മീഡിയ ഹൗസ് ഫൗണ്ടേഴ്സ് ആയ രാഘവ് ബാൽ, റിതുകുമാർ എന്നിവരുടെ വീട്ടിലും ഓഫീസിലും 22 മണിക്കൂർ നീണ്ടുനിന്ന റെയ്ഡും HW news network ന്റെ ഓഫീസിൽ 50 മണിക്കൂർ നീണ്ടുനിന്ന റെയ്ഡും ആണ്
IT ഡിപ്പാർട്‌മെന്റ് നടത്തിയത്. അതുപോലെ ന്യൂസ് ലോണ്ടറി എന്ന മാധ്യമസ്ഥാപനത്തിൽ റെയ്ഡ് നടത്തുകയുണ്ടായി. എന്നാൽ കോടതി ന്യൂസ് ലോണ്ടറിനനുകൂലമായി വിധി പറഞ്ഞിട്ടും IT ഡിപ്പാർട്‌മെന്റ് ഇപ്പോഴും അവർക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. യൂണിയൻ ഗവൺമെന്റിന്റെ കോവിഡ് മാനേജ്‌മെന്റ് അനാസ്ഥക്കെതിരെ വാർത്ത കൊടുത്തതിനു ശേഷമാണ് ദൈനിക് ഭാസ്‌കർ എന്ന പത്രത്തിന്റെ ഓഫീസുകളിൽ IT ഡിപ്പാർട്‌മെന്റ് റെയ്ഡ് നടന്നത്.

മുഖ്യധാര മാധ്യമങ്ങളുടെ കോർപ്പറേറ്റ് വൽകരണവും അതിനൊത്ത വാർത്തകളും അതിനോട് കിടപിടിക്കുന്ന ഓൺലൈൻ നുണക്കൂമ്പാരങ്ങളും നിറഞ്ഞ ഇന്ത്യൻ മാധ്യമലോകത്ത് ആൾട് ന്യൂസ് പോലുള്ള ഫാക്ട് ചെക്കിങ് മീഡിയകളെ പുകച്ചു പുറത്തുചാടിക്കേണ്ടത് ചിലരുടെ രാഷ്ട്രീയ ആവശ്യമാണ്. ആൾട് ന്യൂസ് സ്ഥാപകൻ സുബൈർ ജയിൽവാസം അനുഭവിച്ചത് എന്നോ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന്റെ പേരിൽ ആണ്. മലയാളത്തിലെ തന്നെ മീഡിയവൺ എന്ന ചാനലിന് സംപ്രേക്ഷണാവകാശം നഷ്ടപ്പെട്ടതിന്റെ കാരണം പോലും ആ ചാനലിന് അറിയില്ലായിരുന്നു. കേരള ഹൈക്കോടതിയിൽ യൂണിയൻ ഗവൺമെന്റ് സീൽഡ് കവറിലാണ് ആ റിപ്പോർട്ട് ജഡ്ജിനു സമർപ്പിച്ചത്. ജനാധിപത്യത്തിൽ സീൽഡ് കവറുകൾ അരങ്ങു വഴുമ്പോൾ മാധ്യമ സ്വാതന്ത്ര്യം ഇനിയും ചുരുങ്ങുക തന്നെ ചെയ്യും. ലോകത്ത് ഏറ്റവും അധികം ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്ത ഭൂപ്രദേശം കൂടിയാണ് ഇന്ത്യ. അതിന്റെ മാനങ്ങൾ വളരെ വലുതാണെങ്കിലും അടിസ്ഥാനപരമായി അത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം കൂടിയാണ്.


മനാഷ് ബറുവ

നിലവിൽ വിവാദമായിരിക്കുന്ന ഒരു വാർത്തയാണ് ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. കർഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവരുടെയും, സർക്കാരിനെ വിമർശിച്ച ചില മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടേയും അക്കൗണ്ടുകൾ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മർദം ട്വിറ്ററിനുണ്ടായിരുന്നു, പലതും ഭീഷണിയുടെ സ്വരമുള്ളതായിരുന്നു. ഇന്ത്യയിൽ ട്വിറ്റർ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നുമുൾപ്പെടെ ഭീഷണിയുയർന്നു. നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടർ മുന്നറിയിപ്പു നൽകിയതായാണ് ഡോർസി വെളിപ്പെടുത്തിയത്. യൂണിയൻ ഗവൺമെന്റ് വാർത്തകളെ എത്രമാത്രം ഭയക്കുന്നു എന്നതിന് തെളിവാണ് ഈ വെളിപ്പെടുത്തൽ.

ഗവൺമെന്റിനെതിരെ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കാനുള്ള ഒരു കാരണമായി മാറുമെന്ന കേരള ഗവൺമെന്റ് നയം ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിൽ നിന്നും വ്യക്തമാണ്. അതുപോലെ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് കൊണ്ടുവരുന്നതിലുള്ള വീഴ്ച റിപ്പോർട്ട് ചെയ്തതിൽ മാതൃഭൂമി റിപ്പോർട്ടർക്കെതിരെ കേസെടുത്തതും ഉദാഹരണം. ഇപ്പോൾ ഛത്തീസ്ഗഢിൽ രണ്ടാഴ്ചക്കിടെ രണ്ടാമത്തെ ജേർണലിസ്റ്റിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റം വാട്‌സ്ആപ്പിൽ ജുഡീഷ്യൽ ഓഫീസർമാരെയും ഗവൺമെന്റിനെതിരെയും അപവാദങ്ങൾ പരത്തി എന്നതാണ്. ഛത്തീസ്‌ഗഢ് എന്ന് പറയുന്നത് ജേർണലിസ്റ്റുകളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള മീഡിയ പേർസണൽ സെക്യൂരിറ്റി ബില്ല് പാസ്സായിട്ടുള്ള രണ്ട് സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനം ആണ്. സംരക്ഷണ ബില്ല് പാസായിട്ട് ഇതാണ് അവസ്ഥ എങ്കിൽ, ഇന്ത്യയിൽ പ്രസ്സ് ഫ്രീഡം ഇന്റക്‌സ് റാങ്ക് ഇത്ര പിന്നോട്ട് പോകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല.#outlook
Leave a comment