
വിജയ തിളക്കം നഷ്ടമാക്കുന്ന പ്രിവിലേജുകൾ
ഐസിസിയുടെ ചാമ്പ്യൻസ് ട്രോഫി നടന്നത് എട്ട് വർഷങ്ങൾക്ക് ശേഷമാണ്. ഏകദിന റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന ടീമുകൾ യോഗ്യത നേടുന്ന പതിവ് മാറ്റി ഏകദിന ലോകകപ്പിലെ ആദ്യത്തെ എട്ട് സ്ഥാനക്കാരാണ് ഇടവേളയ്ക്ക് ശേഷം വന്ന ചാമ്പ്യൻസ് ട്രോഫിയിൽ മാറ്റുരച്ചത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമെന്ന് അവകാശപ്പെടാവുന്ന ഇന്ത്യ തന്നെയാണ് വിജയികളായതും. മൂന്നു തവണ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുന്ന ആദ്യത്തെ ടീമായപ്പോഴും ഇത്തവണത്തെ ഇന്ത്യയുടെ വിജയം അമിതമായ ആഹ്ളാദപ്രകടനങ്ങൾ അർഹിക്കുന്നില്ല. ടൂർണമെന്റിൽ ഉടനീളം അനർഹമായൊരു ആനുകൂല്യം ലഭിച്ചത് കൃത്യമായി ഉപയോഗിക്കപ്പെടുന്നു. ഒരിക്കലും രോഹിത് ശർമ്മയുടെയോ അദ്ദേഹം നയിച്ച ടീമിന്റെയോ കുറ്റമല്ല ഇത്. അവർ ഏകദിനത്തിലെ ഏറ്റവും മികച്ച ടീമാണ്, മികച്ച രീതിയിലാണ് കളിച്ചത്, ജയിച്ചതും. പക്ഷെ ബിസിസിഐ യുടെ പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും ബലത്തിൽ ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീമിനു ലഭിച്ച പ്രിവിലേജുകൾ എതിരാളികൾക്ക് മേൽ അവർക്കൊരു മുൻതൂക്കം നൽകിയിരുന്നു.
ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ല എന്നാദ്യമേ പ്രഖ്യാപിച്ചിരുന്നു, ടൂർണമെന്റിൽ നിന്ന് മാറി നിൽക്കാനും തയ്യാറായിരുന്നു. പക്ഷേ, അത് കൃത്യമായ സമ്മർദ്ദ തന്ത്രമായിരുന്നു. കാണികളുടെ സാന്നിധ്യം, ടെലിവിഷൻ, ഓൺലൈൻ വ്യൂവർ ഷിപിനെ ഇന്ത്യയുടെ അഭാവം ബാധിക്കുമെന്നതായിരുന്നു ബിസിസിഐയുടെ സമ്മർദ്ദ തന്ത്രത്തിലെ യു എസ് പി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയില്ലാത്തൊരു ചാമ്പ്യൻസ് ട്രോഫി എന്നത് നടപ്പില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ബി സിസിഐ യുടെ സമ്മർദ്ദത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ഇന്ന് ക്രിക്കറ്റ് കളിക്കുന്ന ഒരു രാജ്യത്തെയും ബോർഡുകൾക്ക് സാധിക്കുകയുമില്ല. പാകിസ്ഥാൻ ശ്രമിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല. പാക്കിസ്ഥാന് ഈ ടൂർണമെന്റ് നടത്തുന്നതിലൂടെ ലഭിക്കേണ്ട ഹോസ്റ്റിങ് ഫീസ് കൂടെ പ്രശ്നത്തിൽ ആകുമെന്ന് കണ്ടപ്പോൾ ഹൈബ്രിഡ് മോഡൽ, അതായത് ഇന്ത്യയുടെ കളികൾ മാത്രം മറ്റൊരിടത്ത് നടത്തുക എന്ന രീതി അവർക്ക് അംഗീകരിക്കേണ്ടി വന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഐസിസി ടൂർണമെന്റുകളിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഈ ചാമ്പ്യൻസ് ട്രോഫിയിൽ നടന്നത്. ആദ്യ സെമിഫൈനൽ ഇന്ത്യക്കെതിരെ ദുബായിലാണ് നടക്കുന്നതെന്നറിയാം. കാരണം ന്യുസിലാന്റിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ജയിച്ചാലും തോറ്റാലും ഇന്ത്യയുടെ കളി ദുബായിൽ തന്നെയായിരിക്കും. പക്ഷെ എതിരാളികൾ ആരാണെന്നറിയണമെങ്കിൽ അവസാനത്തെ ഗ്രൂപ്പ് മത്സരം കഴിയണം. അതുകൊണ്ട് ഓസ്‌ട്രേലിയയും ദക്ഷിണ ആഫ്രിക്കയും സെമിഫൈനൽ കളിക്കാൻ പാകിസ്ഥാനിൽ നിന്നും ദുബായിലേക്ക് വരുന്നു. ഒരു ടീം ഇന്ത്യയുമായി ദുബായിൽ സെമി കളിക്കണം, അടുത്ത ടീം ന്യുസിലാന്റിനൊപ്പം മടങ്ങിപ്പോയി പാകിസ്ഥാനിൽ അടുത്ത സെമിഫൈനൽ കളിക്കണം. ജയിക്കുന്നവർ വീണ്ടും ഫൈനൽ കളിക്കാൻ തിരികെ ദുബായിലേക്ക് വരണം. ദുബായിൽ ഓസ്‌ട്രേലിയക്കൊപ്പം ലാൻഡ് ചെയ്ത ദക്ഷിണ ആഫ്രിക്കയ്ക്ക് 12 മണിക്കൂറിനുള്ളിൽ തിരികെ പാക്കിസ്താനിലേക്ക് മടങ്ങേണ്ടി വന്നു. ഫൈനലിൽ തോറ്റ ന്യുസിലാന്റ് ഈ ടൂർണമെന്റ് കളിക്കാൻ മൊത്തം സഞ്ചരിച്ചത് ഏകദേശം 7,048 കിലോമീറ്ററാണ്. കറാച്ചി,റാവൽ പിണ്ടി, ലാഹോർ, ദുബായ് എന്നിങ്ങനെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ കളിച്ച ശേഷം ഫൈനലിനായി വീണ്ടും ദുബായിൽ.
ഇന്ത്യൻ ടീം 2023 ലോകകപ്പിൽ ഇന്ത്യയിൽ സഞ്ചരിച്ച ദൂരമൊക്കെ തർക്കത്തിനായി ഉയർത്തുന്നുണ്ട്. എല്ലാ ടീമുകൾക്കും സഞ്ചരിക്കേണ്ടി വരുന്ന ഒരു ടൂർണമെന്റും ഒരു ടീം സ്ഥിരമായി ഒരിടത്ത് കളിക്കുകയും മറ്റുള്ള ടീമുകൾക്ക് മാത്രം സഞ്ചരിക്കേണ്ടി വരുന്ന ടൂർണമെന്റും രണ്ടും രണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ദുബായ് ആയിരിക്കും തങ്ങളുടെ ഹോം ഗ്രൗണ്ട് എന്നത് ഉറപ്പായത് കൊണ്ട് തന്നെ ഇന്ത്യക്ക് പിച്ച് കണ്ടീഷൻസിനെ പറ്റി കൃത്യമായൊരു ധാരണ കിട്ടുന്നുണ്ട് എന്നത് കൊണ്ട് തന്നെ അവരുടെ ടീം സെലക്ഷനാണു ഈ വിവാദത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളിൽ ഒന്ന്. മൂന്ന് സ്പിൻ ഓൾ റൗണ്ടർമാർ ഉൾപ്പെടെ അഞ്ച് സ്പിന്നർമാരാണ് ഇന്ത്യൻ സ്ക്വാഡിൽ ഇടം പിടിക്കുന്നത്. മൂന്നാമത്തെ കളി മുതൽ അതിൽ നാല് പേരും ഫസ്റ്റ് ഇലവനിലുണ്ട്. ദുബായിലാണ് എല്ലാ കളികളും എന്നിരിക്കെ ഇന്ത്യക്ക് അവിടെ തന്നെ താമസിച്ചു ഗ്രൗണ്ടും പിച്ചുകളുമായി താദാത്മ്യം പ്രാപിക്കാനുള്ള അവസരമുണ്ട്. പരിശീലനവും കളികളും ഒരേ ഗ്രൗണ്ടിൽ തന്നെയാണ്. ഇന്ത്യയുമായി കളിക്കേണ്ട മറ്റു ടീമുകൾക്കാവട്ടെ പാകിസ്ഥാനിൽ നിന്ന് വന്നു ദുബായിൽ കളിച്ചു മടങ്ങിപ്പോകേണ്ട അവസ്ഥയാണ്. ഈ യാത്ര അസാധാരണമായ ദൈർഘ്യമുള്ള ഒന്നല്ലെങ്കിൽ കൂടെ ഒരു ടീമിന് മാത്രം ഈ യാത്ര ചെയ്യേണ്ടതില്ല എന്നത് പ്രിവിലേജ് തന്നെയാണ്. ഇന്ത്യ സെമിഫൈനൽ പരാജയപ്പെട്ടിരുന്നെങ്കിൽ ഫൈനൽ ലാഹോറിലായിരുന്നു നടക്കേണ്ടിയിരുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഇതൊരു പ്രീ ടൂർണമെന്റ് തീരുമാനമാണ്, ഇതിനെ പറ്റി എല്ലാ ടീമുകൾക്കും അറിയാമായിരുന്നു, പിന്നീട് പരാതി പറഞ്ഞിട്ട് കാര്യമില്ല എന്നതെല്ലാം സാങ്കേതികമായി ശരിയാണെന്നു പലർക്കും തോന്നുമെങ്കിലും ബിസിസിഐയുടെ പവർ പൊളിറ്റിക്സും പണക്കൊഴുപ്പും തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന സത്യം നിഷേധിക്കാൻ കഴിയില്ല. ഐസിസിക്ക് ബിസിസിഐയെ മറികടന്നു ഒരു തീരുമാനമെടുക്കാനും സാധിക്കില്ല എന്നിരിക്കെ ആരും നേരത്തെ പരാതി പറഞ്ഞില്ലല്ലോ എന്ന വാദത്തിന് പ്രസക്തിയില്ല, കാരണം പരാതി പറയേണ്ടത് ഐസിസി യോടാണ്, പരാതി പറഞ്ഞിട്ട് കാര്യവുമില്ല, ടീമുകൾക്ക് വേറെ വഴിയുമില്ല. ജയ് ഷായും അയാൾ ഭരിക്കുന്ന ബോർഡും ഈ ഗെയിമിനെ തന്നെ വിഴുങ്ങി കഴിഞ്ഞു. അവർക്ക് നഷ്ടപ്പെടാൻ ഏറെയുണ്ടെന്നിരിക്കെ ഈ വിഷയത്തിൽ ചെറുതായെങ്കിലും പ്രതികരിക്കുന്ന കളിക്കാരും മുൻ കളിക്കാരും അസാധാരണമായ ധൈര്യമാണ് കാട്ടുന്നത്.
വിവാദങ്ങൾക്കിടയിൽ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിലേക്ക് വന്നാൽ ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ വിജയം തീർച്ചയായുമൊരു ടീം എഫർട്ട് തന്നെയായിരുന്നു. ഇന്ത്യ ചാമ്പ്യൻ ടീമിനെ പോലെ തന്നെ കളിക്കുന്നു, ആധികാരികമായി തന്നെ എതിരാളികളെ മറികടക്കുകയാണ്. ദുബായിൽ ഒരു സ്‌പെഷ്യലിസ്റ്റ് പേസറുടെ ആവശ്യമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് സ്പിൻ വിഭാഗം ശക്തിപ്പെടുത്തുന്നു. ഒന്നോ രണ്ടോ കളിക്കാരെ മാത്രം അമിതമായി ആശ്രയിക്കാതെ ഇന്ത്യയൊരു ടീമായി മാറുകയാണ്. ഓരോ കളിക്കാരനും കൃത്യമായ സംഭാവനകൾ നൽകുന്നുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യയുടെ ടൂർണമെന്റിലെ ടോപ് സ്കോറർ കൂടെയായ ശ്രേയസ് അയ്യർ ഈ ടൂർണമെന്റോടെ ഏകദിന ടീമിന്റെ മധ്യനിരയിലെ നിർണായകമായ പൊസിഷനിൽ സ്ഥാനമുറപ്പിച്ചിട്ടില്ലെങ്കിൽ അതൊരനീതിയാണ്. തികച്ചും പോസിറ്റീവ് ആയ സമീപനം. നിർണായകമായ സന്ദർഭങ്ങളിൽ എല്ലാം തന്നെ സഹകളിക്കാരുമായി ചേർന്ന് പാർട്ണർ ഷിപ്പുകൾ ഉയർത്തുന്നു. സാഹചര്യങ്ങൾക്കനുസരിച്ചു സ്ക്കോറിങ്ങിന്റെ വേഗത നിയന്ത്രിക്കുന്നു. ഇന്നത്തെ ഇന്ത്യൻ ടീമിൽ ഏറ്റവും നന്നായി സ്പിന്നിനെ നേരിടുന്ന ബാറ്റർ എന്ന വിശേഷണം അന്വർത്ഥമാക്കി കൊണ്ട് സ്പിന്നർമാരെ സമർത്ഥമായി നേരിടുന്നു. അണ്ടർ റേറ്റഡ് എന്നൊന്നും പറയാൻ സാധിക്കാത്ത രീതിയിൽ ശ്രേയസിന്റെ സ്വാധീനം ഇന്ത്യയുടെ വിജയത്തിൽ വ്യക്തമായി തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.
കെ എൽ രാഹുലാണ് എടുത്തു പറയേണ്ട മറ്റൊരു കളിക്കാരൻ. സ്ഥിതിവിവരകണക്കുകൾ നോക്കുമ്പോൾ സാധാരണ ആരാധകർക്ക് വലിയ തൃപ്തിയുണ്ടാവില്ല, കാരണം ഒരു അർദ്ധ സെഞ്ച്വറി പോലുമില്ല. പക്ഷെ മധ്യ നിരയിൽ മൂന്ന് നിർണായക ഇന്നിങ്സുകൾ കളിക്കുന്നു. രാഹുൽ ഏറെ വിമർശനം കേട്ടിട്ടുള്ള തന്റെ പതിവ് സമീപനം മാറ്റുകയാണ്. മധ്യനിരക്ക് ഊർജം പകരുന്നതിനൊപ്പം സമ്മർദ്ദത്തെ സ്ട്രോക് പ്ലേ കൊണ്ട് മറികടക്കുന്നു. നിർണായക സന്ദർഭങ്ങളിൽ ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇന്ത്യൻ മധ്യനിരക്ക് ചൈതന്യവും സ്ഥിരതയും പകർന്ന പുതിയൊരു കെ. എൽ രാഹുലിനെയാണ് നാം കണ്ടത്. വ്യക്തിഗത നേട്ടങ്ങൾക്ക് മുന്നിലായി അയാൾ ടീമിനെ പ്രതിഷ്ഠിക്കുന്നു.
കെ എൽ രാഹുൽ | PHOTO : WIKI COMMONS
മധ്യനിരയിലെ ഇടതുകയ്യൻ എന്ന റോളാണ് അക്സറിന് നിർവഹിക്കേണ്ടി വരുന്നത്. ടീം ബാലൻസ് എന്ന ഘടകം കൂടെ മുൻനിർത്തി ഋഷഭ് പന്തിനെയാണ് താൻ പുറത്തിരുത്തുന്നത് എന്ന ബോധ്യം അക്സറിനുണ്ട്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച കെ. എൽ രാഹുൽ, ഹാർദ്ദിക്, ജഡേജ എന്നിവർക്ക് മുന്നിലായി നമ്പർ അഞ്ചിൽ ഇറങ്ങുന്ന അക്സർ ചെറിയതെങ്കിലും പ്രാധാന്യമുള്ള കുറച്ച് ഇന്നിങ്സുകൾ കളിച്ചു, 4.35 ഇക്കോണമിയിൽ അഞ്ച് വിക്കറ്റുകളുമുണ്ട്.
നായകൻ രോഹിത് ശർമയാവട്ടെ പവർ പ്ലേയിൽ കളിച്ച ഹ്രസ്വമായ കുറച്ച് ഇന്നിങ്സുകൾക്ക് ശേഷം ഫൈനലിൽ നായകന്റെ ഉത്തരവാദിത്തത്തോടെ തകർപ്പൻ ഇന്നിങ്ങ്സ് കളിച്ചു കൊണ്ട് ടീം ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുന്നു. ഏകദിന ലോകകപ്പ് ഫൈനലിലെ വഴിത്തിരിവായ മോശം ഷോട്ട് രോഹിത് മറന്നിരിക്കില്ല. പവർ പ്ലേയിൽ നൽകിയ തകർപ്പൻ തുടക്കത്തിനു ശേഷം തുടരെ വിക്കറ്റുകൾ വീണപ്പോൾ ഇന്നിങ്ങ്സ് ഹോൾഡ് ചെയ്യുന്നു. നായകനെന്ന നിലയിലും രോഹിത് തിളങ്ങിയ ടൂർണമെന്റ്. ഗൗതം ഗംഭീറെന്ന കോച്ചിനും ഇവിടെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്.
രോഹിത് ശർമ | PHOTO : WIKI COMMONS
വിരാട് കോഹ്ലി ഈ വിജയത്തിൽ നിർണായകമായ സംഭാവനകളാണ് നൽകിയത്. പാക്കിസ്താനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും മാച്ച് വിന്നിങ് ഇന്നിങ്ങുസുകൾ കളിച്ചു കൊണ്ട് തന്റെ ഫോമില്ലായ്മയിൽ നിന്നും പുറത്തേക്ക് വരുന്നു. തന്റെ പ്രിയപ്പെട്ട ഫോർമാറ്റിൽ താനിന്നും നിർണായക സ്വാധീനം ചെലുത്താൻ കെൽപ്പുള്ള ബാറ്റർ തന്നെയാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങൾ. ഹാർദ്ദിക് പാണ്ഡ്യയും ഗില്ലും ജഡേജയുമെല്ലാം മികച്ച സംഭാവനകളാണ് നൽകിയത്.
മൂന്നു കളികൾ മാത്രം കളിച്ച വരുൺ ചക്രവർത്തി തിളങ്ങിയ ടൂർണമെന്റ്. മനോഹരമായ പേസ് വേരിയേഷനുകൾ, കൃത്യമായ ലൈനും ലെങ്ത്തും. സെറ്റ് ബാറ്റർക്ക് പോലും സ്ട്രോക്ക് കളിക്കാനുള്ള അവസരങ്ങൾ അധികമില്ലാത്ത വിധം വരിഞ്ഞു മുറുക്കുന്ന സ്പെല്ലുകൾ. ബാറ്റർമാർക്ക് അനായാസം പിക് ചെയ്യാൻ സമ്മതിക്കാതെ ബോളിങ്ങിൽ വേരിയേഷനുകൾ കൊണ്ട് വരുന്ന ചിന്തിക്കുന്ന ബോളറാണയാൾ. വിക്കറ്റുകൾ എടുത്തു കൊണ്ട് കളിയുടെ ഗതി തിരിക്കാൻ കെല്പുള്ള മാച്ച് വിന്നർ.
REPRESENTATIVE IMAGE | WIKI COMMONS
കുൽദീപ് യാദവിന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലായിരുന്നു. രചിൻ രവീന്ദ്രയെയും കെയിൻ വില്ല്യംസണെയും പോലുള്ള രണ്ടു ടോപ് ക്ലാസ് ബാറ്റർമാരെ പുറത്താക്കിയ രണ്ടു ടോപ് ഡെലിവറികൾ കൊണ്ട് കുൽദീപ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ട് വന്നു. പൂർണമായും ഫിറ്റ് ആയിരുന്നില്ല എന്ന അവസ്ഥയിലും മുഹമ്മദ് ഷമി നന്നായി പന്തെറിഞ്ഞു. ഫൈനലിൽ അടി വാങ്ങിയെങ്കിലും ടൂർണമെന്റിൽ ഇന്ത്യയുടെ ഒറ്റ സ്‌പെഷ്യലിസ്റ്റ് പേസർ തന്ത്രത്തിന്റെ കുന്തമുന ഷമിയായിരുന്നു.
അവസാനം കളിച്ച ഐസിസിയുടെ മൂന്ന് ലിമിറ്റഡ് ഓവർ ടൂർണമെന്റുകളിൽ പൂർത്തിയാക്കിയ 24 കളികളിൽ 23 വിജയങ്ങൾ. ഒരേയൊരു പരാജയം സ്വന്തം നാട്ടിൽ നടന്ന 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെ ഹൃദയഭേദകമായ തോൽവിയായിരുന്നു. അതിനു ശേഷം ഒന്നര കൊല്ലത്തിനുള്ളിൽ രണ്ടു വ്യത്യസ്ത ഫോർമാറ്റുകളിലായി രണ്ട് ഐസിസി ടൂർണമെന്റ് വിജയങ്ങളാണ് വരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ ലിപികളിൽ അടയാളപ്പെടുത്തേണ്ട കാലഘട്ടങ്ങളിൽ ഒന്ന്.


