TMJ
searchnav-menu
post-thumbnail

Outlook

നീണ്ട് പോകുന്ന പുനരധിവാസം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

02 Jan 2025   |   5 min Read
അതുല്യ .എസ്

രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായ ചൂരല്‍മല ഉരുള്‍പൊട്ടല്‍ നടന്ന് അഞ്ചു മാസം പിന്നിട്ടിരിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 400 ല്‍ അധികം മനുഷ്യര്‍ മരണപ്പെട്ട, രണ്ട് വാര്‍ഡുകളിലായി മൂന്നു ഗ്രാമങ്ങള്‍ പൂര്‍ണമായി തുടച്ചു നീക്കപ്പെട്ട ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അഞ്ചു മാസം സമയമെടുത്തു. കേരളത്തിന്റെ ശക്തമായ ആവശ്യത്തിന്റെയും പ്രതിഷേധങ്ങളുടെയും അവസാനമാണ്  ദുരന്തം നടന്നു കൃത്യം അഞ്ചു മാസം പിന്നിട്ട് ഡിസംബര്‍ 30 നു കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തുന്നത്. അതില്‍ തന്നെ സാമ്പത്തിക സഹായത്തെ കുറിച്ചോ, പ്രത്യേക പാക്കേജുകളെ കുറിച്ചോ ഒരു തരത്തിലുള്ള അറിയിപ്പുകളും ഇല്ല.

2514 ജീവനുകളാണ് ദുരന്തത്തിന്റെ അവശേഷിപ്പായി ബാക്കിയായത്. തോട്ടം തൊഴിലാളികളോ, കൂലിപ്പണിക്കാരോ ആയ ഇവരില്‍ ഭൂരിഭാഗവും മേപ്പാടി പരിസര പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ പ്രതീക്ഷയര്‍പ്പിച്ചു വാടക വീടുകളില്‍ ദുരന്തത്തിന്റെ മാനസികവും, ശാരീരികവും സാമ്പത്തികമായുമുള്ള വേദനകള്‍ സഹിച്ചു ദിവസങ്ങള്‍ തള്ളി നീക്കുന്നു.

മൂന്നു ഗ്രാമങ്ങള്‍ തുടച്ചു നീക്കപ്പെട്ട ദുരന്തത്തില്‍ ബാക്കിയായി പോയ മനുഷ്യര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ വാക്കുകള്‍ക്കതീതമാണ്. ഒരു ആയുസു മുഴുവന്‍ തോട്ടങ്ങളില്‍ അടിമ പണി ചെയ്തും കൂലിപ്പണി എടുത്തും സ്വരുക്കൂട്ടിയെടുത്ത സമ്പാദ്യം മുഴുവനും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി, സ്വന്തമെന്നു പറയാന്‍ ഒന്നുമില്ലാതെ ഒറ്റ രാത്രി കൊണ്ട് തികച്ചും അനാഥരായ ഒരു ജനത, സര്‍ക്കാരില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന ഇവരുടെ മുന്നോട്ടു പോകാനുള്ള ആത്മ വിശ്വാസത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് ദുരന്തത്തിന് ശേഷം രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്.

Before and after satellite images of Wayanad landslip - The Hinduചൂരല്‍മല ഉരുള്‍പൊട്ടല്‍ | PHOTO: FACEBOOK
കേരളത്തിലെ ദുരന്തത്തിന് ശേഷം മഴക്കെടുതി സംഭവിച്ച ത്രിപുരക്ക് 40 കോടി രൂപയും, പ്രളയ സഹായമായി ആന്ധ്രാപ്രാദേശിനും തെലുങ്കാനക്കും 3448 കോടി രൂപയും ബിഹാറിന് 11500 കോടി രൂപയുടെ പ്രത്യേക പാക്കേജും 2024 ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴാണ് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ഒരു രൂപ പോലും താരാതെ കേരളത്തെ അവഗണിക്കുന്നത്. ഒപ്പം പ്രളയ ദുരിതം നേരിടാനുള്ള കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ പരിഗണിച്ചത് ബീഹാര്‍, ആസാം, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളെ മാത്രം. സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങള്‍ 2018 മുതല്‍ സാധാരണമായി മാറി കൊണ്ടിരിക്കുന്ന കേരളം ഇത്തരം ലിസ്റ്റുകളില്‍ നിന്നും പുറത്താണ്. കൂടാതെ 2019 മുതല്‍ ദുരന്ത സമയങ്ങളില്‍ കേരളം എയര്‍ ലിഫ്റ്റിംഗ് ഉപയോഗിച്ചതിനായി 132 കോടി രൂപ കേന്ദ്രത്തിനു നല്‍കണം എന്ന കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പും പുറത്തുവന്നു.

കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് ഒറ്റക്ക് താങ്ങാവുന്നതിലും വലിയ ദുരന്തത്തെയാണ് നാം നേരിട്ടത്. മൂന്ന് ഗ്രാമങ്ങളെ മുഴുവനായി പുനര്‍നിര്‍മിക്കാന്‍ 2219 കോടി രൂപ വേണം എന്നാണ് കേരള സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. ദുരന്തം നടന്നു പതിനൊന്നാം ദിവസം പ്രധാനമന്ത്രി സ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും. ദുരന്ത ബാധിതരെ നേരിട്ട് കാണുകയും അവലോകന യോഗം ചേരുകയും കൂടെ ഉണ്ടാകും എന്ന ഉറപ്പു നല്‍കുകയും ഉണ്ടായി. മുഖ്യമന്ത്രി ധനസഹായം ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിനു നാശനഷ്ടത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുണ്ടക്കൈയില്‍ ഉണ്ടായ നാശനഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധി മാനദണ്ഡമനുസരിച്ച് കേരളത്തിനു ആവശ്യപ്പെടാവുന്ന തുകയുടെ പട്ടികയും തയ്യാറാക്കി 1202 കോടി രൂപയുടെ അടിയന്തര സഹായത്തിന് കേരളം വീണ്ടും നിവേദനം സമര്‍പ്പിച്ചിരുന്നു. പക്ഷെ കൃത്യമായ മറുപടികള്‍ നല്‍കാതെയും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേരളത്തെ പഴിച്ചും തികച്ചും നിഷ്‌കരുണമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഒപ്പം അതിതീവ്ര ദുരന്തമായി പ്രഖ്യപിക്കുക, ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തള്ളുക, പ്രത്യേക പാക്കേജ് അനുവദിക്കുക എന്നി മൂന്നു നിര്‍ദേശങ്ങള്‍ കേരളം കേന്ദ്ര സര്‍ക്കാരിന് മുന്‍പില്‍ വെച്ചപ്പോള്‍ ആദ്യത്തെ ഒന്ന് മാത്രമാണ് 5 മാസങ്ങള്‍ക്കിപ്പുറം നടപ്പിലാക്കിയത്.

നിലവില്‍ ദുരന്ത ബാധിതര്‍ വാടക വീടുകളിലാണ് കഴിയുന്നത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 145 വീടുകള്‍ പൂര്‍ണമായും 175 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 240 ഓളം വീടുകള്‍ വാസയോഗ്യമല്ലാതായി. ഒറ്റ രാത്രി കൊണ്ട് പല ദേശത്താക്കായി ചിന്നി ചിതറിയ ജനതക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഏറ്റവും അടിസ്ഥാനപരമായി എന്തെല്ലാം ആവശ്യങ്ങള്‍ ഉണ്ടാകും. മുഖ്യമായും തേയില തോട്ടത്തെയും കൃഷിയെയും മറ്റു കൂലി പണികളെയും ആശ്രയിച്ചു ജീവിച്ചിരുന്ന ആളുകള്‍ അപരിചിത സ്ഥലങ്ങളിലേക്ക് മാറേണ്ടി വരുന്നു. വാടകയിനത്തില്‍ സര്‍ക്കാര്‍ നല്‍ക്കുന്ന 6000 രൂപയിലും പ്രതിദിനം ഒരു വീട്ടിലെ പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് നല്‍കുന്ന മുന്നൂറു രൂപയിലും എത്ര കാലം ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയും? എത്ര കാലം ഈ സര്‍ക്കാര്‍ സഹായം ലഭിക്കും? വാടക വീടെന്നത് ഒരു ശ്വാശ്വത പരിഹാരമല്ല. ഒപ്പം ഉപജീവന മാര്‍ഗം കണ്ടെത്തേണ്ടതും അനിവാര്യമാണ്. തോട്ടം തൊഴിലെടുക്കുന്ന ആളുകള്‍ പല സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നത് അവരുടെ തൊഴിലിനെ ബാധിക്കും. പല സ്ഥലങ്ങളിലേക്ക് മറ്റൊരു വഴിയുമില്ലാതെ മാറേണ്ടി വരുന്നതിനാല്‍ ഉണ്ടാകുന്ന അസ്ഥിരത ഭൂരിഭാഗം ആളുകളുടെയും ഉപജീവന മാര്‍ഗത്തെ മോശമായി തന്നെ ബാധിക്കും. സ്ഥിരമായ വാസസ്ഥലം എന്നത് ഈ പ്രശ്‌നത്തിന് പരിധിവരെ പരിഹാരം ഉണ്ടാക്കിയേക്കാം.

REPRESENTATIVE IMAGE | WIKI COMMONS
കൃത്യമായ ഉപജീവന മാര്‍ഗമില്ലാതെ ദുരിതക്കയത്തില്‍ കഴിയുന്നവരുടെ വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ബാങ്ക് വായ്പകള്‍. ചെറുതും വലുതുമായ ബാങ്ക് വായ്പകള്‍ ഇല്ലാത്ത അതിജീവിതര്‍ മുണ്ടക്കൈയില്‍ കുറവാണ്. കേരള ബാങ്ക് അല്ലാതെ മറ്റൊരു ബാങ്കും ദുരിത ബാധിതരുടെ കടം എഴുതി തള്ളാന്‍ ഉള്ള നടപടികളിലേക്ക് കടന്നിട്ടില്ല, 2024 ഒക്ടോബര്‍ 23നു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റീ സ്ട്രക്ചര്‍ ക്യാമ്പ് നടന്നു. കേരള ബാങ്ക് അവരുടെ ഫോമില്‍, 'വായ്പ എഴുതിത്തള്ളാനും പുനഃക്രമീകരണത്തിനും' എന്ന് എഴുതിയിട്ടുണ്ട്. മറ്റു ബാങ്കുകളൊന്നും വായ്പ എഴുതിത്തള്ളുക എന്ന ഓപ്ഷന്‍ വെച്ചിട്ടില്ല. ഇതാണ് ദുരിതബാധിതരെ ആശങ്കയിലാക്കുന്ന മറ്റൊരു കാര്യം. ഒപ്പം ഇസാഫ്, ഭാരത് ഫിനാന്‍സ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ എടുത്തവര്‍ നിരവധിയാണ്. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നാണ് കൂടുതല്‍ പേര്‍ വായ്പ എടുത്തിട്ടുള്ളെതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2004 ല്‍ കേരളത്തിലുണ്ടായ സുനാമി ബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളിയ ചരിത്രം നിലനില്‍ക്കെയാണ് നിലവില്‍ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് ഇത്തരം അവസ്ഥ നിലനില്‍ക്കുന്നത്. മുഴുവന്‍ സമ്പാദ്യവും ഒലിച്ചു പോയി ജീവന്‍ മാത്രം ബാക്കിയായ ആളുകള്‍ എങ്ങനെയാണു കടങ്ങള്‍ വീട്ടുക എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. 2023 ഓഗസ്റ്റ് വരെ ഏകദേശം 14.53 കോടി രൂപയാണ് ബാങ്കുകള്‍ എഴുതി തള്ളിയത്. ഇതില്‍ 80 ശതമാനത്തിലേറെ കടങ്ങള്‍ വന്‍കിട കോര്‍പറേറ്റുകളുടേതാണ് (അല്‍ത്താഫ്, 2024). മുണ്ടക്കൈയിലെ ആകെ കടം കേവലം 35 കോടി രൂപയാണ്. ഈ കാണിക്കുമായി താരതമ്യ പെടുത്തുമ്പോള്‍ വളരെ തുച്ഛമായി കണക്കാവുന്ന ഈ ബാധ്യത എഴുതി തള്ളാതെ ദുരന്ത ബാധിതരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഇടപെടലിനെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ല.

ദുരന്തം അതിജീവിച്ചവര്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മോഡല്‍ ടൗണ്‍ഷിപ്പിനായുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ നടന്നുകൊണ്ടിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിനെതിരെ ഭൂവുടമകള്‍ പരാതിയുമായി കോടതിയിലെത്തുന്നത്. ദുരന്തം അതിജീവിച്ച 2500ലേറെ ആളുകളെ പുനരധിവസിപ്പിക്കുന്നതിനു അനുയോജ്യമെന്ന് കണ്ടെത്തിയ മേപ്പാടി പഞ്ചായത്തിലെ ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥയിലുള്ള അരപ്പറ്റ എസ്റ്റേറ്റിലെ നെടുമ്പാല ഡിവിഷനിലും കല്‍പറ്റ നഗരസഭയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായിരുന്നു ഒക്ടോബര്‍ മൂന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

REPRESENTATIVE IMAGE | WIKI COMMONS
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ കല്‍പറ്റ ബൈപ്പാസിനോടുചേര്‍ന്ന 78.73 ഹെക്ടറുമാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇരു എസ്റ്റേറ്റുകളിലെയും ജനവാസമേഖലകള്‍ ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ടമായും വാസയോഗ്യമല്ലാതായിത്തീര്‍ന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാംഘട്ടമായും പുനരധിവസിപ്പിക്കുമെന്നായിരുന്നു തീരുമാനം. ഉരുള്‍ പൊട്ടലില്‍ 13 കോടിയോളം രൂപയുടെ നാശനഷ്ടം തങ്ങള്‍ക്കുണ്ടായെന്നും നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ഹാരിസണ്‍ വാദിക്കുമ്പോള്‍, ഭൂമി ഏറ്റെടുക്കുന്നുണ്ടെങ്കില്‍ അത് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കിയാവണമെന്ന് എല്‍സ്റ്റണും ആവശ്യപ്പെടുന്നു. എന്നാല്‍, ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാരാണ് എസ്റ്റേറ്റ് ഭൂമിയുടെ ഉടമയെന്നും പാട്ടക്കരാര്‍ കാലാവധി പൂര്‍ത്തിയായതും അല്ലാത്തതുമെല്ലാം ഏറ്റെടുക്കാന്‍ അധികാരമുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം. വയനാട്ടിലെ തോട്ടമുടമകള്‍ കയ്യടക്കിയ ഭൂമിയില്‍ തൊഴിലാളികള്‍ക്ക് വീട് നല്‍കണം എന്നാണ് തേയില തോട്ടം തൊഴിലാളികളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ. വി ആര്‍ നജീബിന്റെ അഭിപ്രായം. വയനാട്ടിലെ തോട്ടങ്ങളില്‍ നിലവിലെ ഉടമകള്‍ക്ക് അവകാശമില്ല എന്നാണ് മാധ്യമ പ്രവര്‍ത്തകനായ ആര്‍ സുനിലിന്റെ അഭിപ്രായം. കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം നഷ്ട പരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കണം എന്ന വിധി ഡിസംബര്‍ അവസാനം ഹൈക്കോടതി പുറപ്പെടുവിച്ചു. എന്നാല്‍ എസ്റ്റേറ്റുകള്‍ വീണ്ടും മേല്‍ക്കോടതിയില്‍ പോകും എന്ന കാര്യം അതിജീവിതരേ ആശങ്കയിലാക്കുന്നുണ്ട്. തോട്ട ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട നിരവധി തര്‍ക്കങ്ങള്‍ നിലനിക്കുമ്പോഴാണ് ഒരു നൂറ്റാണ്ടിനു മേലെയായി തങ്ങള്‍ക്ക് വേണ്ടി കൂലി വേല ചെയ്ത ഒരു ജനത നിസഹായരായി സഹായത്തിനായി കാത്തു നില്‍ക്കുമ്പോള്‍ തോട്ടം ഉടമകളുടെ ക്രൂരത.

അതിജീവിതരുടെ പുനരധിവാസം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. അതിതീവ്ര ദുരന്തമായി കേന്ദ്രം വയനാട് ഉരുള്‍പൊട്ടല്‍ പരിഗണിച്ച നിലക്ക് സംസ്ഥാന സര്‍ക്കാരിന് അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും, ബഹു രാഷ്ട്ര കമ്പനികളില്‍ നിന്നും അടക്കം സഹായം നേടാനുള്ള വഴിയാണ് തുറക്കുന്നത്. രാഷ്ട്രീയ വൈര്യത്തിനും സാങ്കേതിക നൂലാമാലകള്‍ക്കും ഇടയില്‍ കളിപാവകളായി മാറാന്‍ വിട്ടുകൊടുക്കാതെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം എത്രയും പെട്ടെന്ന് അതിജീവിതര്‍ക്ക് ഉണ്ടാകാനുള്ള നടപടികള്‍ ഇരു സര്‍ക്കാരുകളും കൈകൊള്ളേണ്ടത് അനിവാര്യമാണ്.




#outlook
Leave a comment