TMJ
searchnav-menu
post-thumbnail

Outlook

ക്വിയര്‍ മനുഷ്യര്‍ക്ക് നിരന്തരം വിളിച്ചുപറയേണ്ടിവരുന്നു: “ഞങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്”

02 May 2025   |   10 min Read
പി കെ സുരേന്ദ്രൻ

‘സിന്ദാ ഹെ’  എന്ന സിനിമയിലെ അഭിനേതാക്കളും അണിയറ  പ്രവര്‍ത്തകരുമായുള്ള സംഭാഷണം.

നാം പൊതുവെ ചര്‍ച്ചചെയ്യാന്‍ മടിച്ചിരുന്ന ട്രാന്‍സ്–ക്വിയർ മനുഷ്യര്‍ ഇന്ന് സമൂഹത്തില്‍ ദൃശ്യരാണ്, അവരെക്കുറിച്ച് സമൂഹം ചര്‍ച്ചചെയ്യുന്നു, അവരിലേക്കുള്ള സമൂഹത്തിന്റെ നോട്ടത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു, ഇവര്‍ക്ക് ഇന്ന് ചെറിയതോതിലെങ്കിലും സ്വീകാര്യതയുണ്ട്. ഒരു കാലത്ത് നിഷിദ്ധമായി കണ്ടിരുന്ന ഈ വിഷയം ഇന്ന് നമ്മുടെ സിനിമയിലും എഴുത്തിലും അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ നമ്മുടെ സിനിമയില്‍ ഇത്തരം മനുഷ്യരുടെ ജീവിതങ്ങള്‍ അവതരിപ്പിക്കുന്നത്‌ അവരെ കളിയാക്കാനും അല്ലെങ്കില്‍ അവരുടെ പുറംതള്ളപ്പെട്ട ജീവിതാവസ്ഥ പറയാനും, അതിന്റെ സാമൂഹിക മാനങ്ങള്‍ അവതരിപ്പിക്കാനും, അവരുടെ ദൈന്യത അവതരിപ്പിച്ചുകൊണ്ട് നമ്മില്‍ സഹതാപം ഉണര്‍ത്താനുമാണ്. അതിന് ആവശ്യമായ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ആഖ്യാനവും സൃഷ്ടിക്കുന്നു.

എന്നാല്‍, സാര്‍ത്ഥക് ജൈസ്വാല്‍ സംവിധാനം ചെയ്ത ‘സിന്ദാ ഹെ’(We are Alive, 2025) എന്ന സിനിമ ഉള്ളടക്കത്തിലും ആവിഷ്കാരത്തിലും ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. (ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളിലാണ് സിനിമ). ഇവിടെ ട്രാന്‍സ് മനുഷ്യരുടെ സന്തോഷത്തിന്റെ ആഘോഷത്തിനാണ്  പ്രാധാന്യം. അതേസമയം, ഇവരെക്കുറിച്ച് ഒരു സാങ്കല്പിക ആനന്ദ ചിത്രം അവതരിപ്പിക്കുന്നുമില്ല. സന്തോഷം ഈ സംഘത്തിന്റെ ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്ന് ഒരിക്കലും വേർപെടുത്തപ്പെടുന്നില്ല.

ഇൻഷാ അള്ളാ ബേബ്‌സ് എന്ന ട്രാൻസ്-ക്വിയര്‍ പങ്ക്(punk) ബാൻഡിനെ കുറിച്ചാണ് സിനിമ. ഗോവയിലെ ഒരു വീട്ടില്‍ തമ്പടിച്ചിരിക്കുന്ന സുഹൃത്തുക്കളുടെയും പ്രണയികളുടെയും ഒരു സംഘം. ഇത് അവര്‍ സ്വപ്നം കണ്ടിരുന്ന സ്വാതന്ത്ര്യമാണ്. ഈ വീട്ടില്‍ അവര്‍ സുരക്ഷിതരാണ്‌. ഈ സംഘത്തില്‍ ഗായകരുണ്ട്, സംഗീത ഉപകരണങ്ങള്‍ വായിക്കുന്നവരുണ്ട്, ക്യാമറ കൈകാര്യം ചെയ്യുന്നവരുണ്ട്, പ്രകടനം നടത്തുന്നവരുണ്ട്. പാട്ടുകള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതിലൂടെ ഇവര്‍ ക്യാമറയ്ക്ക് മുന്നിൽ സ്വയം അനാവരണം ചെയ്യാൻ അനുവദിക്കുന്നു. എന്നാൽ കൊല്ലപ്പെട്ട അവരുടെ സുഹൃത്തുക്കളുടെ ശബ്ദങ്ങൾ വീട്ടിലുടനീളം പ്രതിധ്വനിക്കുന്നു. സ്നേഹം, ജീവിതം, സന്തോഷം, കോപം എന്നിവയെ സ്ഥിരീകരിക്കുന്ന സംഗീതം എങ്ങനെയാണ് സൃഷ്ടിക്കുക? കാലവും പണവും അവരെ ഒരു നിരാശാജനകമായ ലോകത്തേക്ക് തിരികെ കൊണ്ടുപോകുന്നതിനുമുമ്പ്, നഷ്ടപ്പെട്ട സഖാക്കളുടെ ഓർമ്മയ്ക്കായി അവർക്ക് ഒരു ഷോ നടത്താൻ കഴിയുമോ? മെയ്‌ 9 മുതൽ കോഴിക്കോട്ട് നടക്കുന്ന IEFFK യുടെ മത്സര വിഭാഗത്തിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
ഇൻഷാ അള്ളാ ബേബ്‌സ് എന്നത് ജനകീയ ഗാനം, സൂഫി കവിത, ക്വിയർ, ജാതി വിരുദ്ധ സാഹിത്യം എന്നിവയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു പരീക്ഷണാത്മക പങ്ക് ബാൻഡാണ്. ജനകീയ കവികളുടെ വരികൾ ഉപയോഗിച്ച് സംഗീതം ആലപിക്കുക, ഒരു ഭ്രാന്തമായ സ്വപ്നം വിവരിക്കുക, അല്ലെങ്കിൽ ഒരു ട്രാന്‍സ് വ്യക്തിയുടെ നാണക്കേടിനെ മറികടക്കാനുള്ള യാത്രയെക്കുറിച്ച് സംസാരിക്കുക എന്നിങ്ങനെ തങ്ങളെ ബാധിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ബേബ്‌സ് ഗാനങ്ങൾ സൃഷ്ടിച്ചുവരികയാണ്. കേള്‍ക്കുന്നവരുടെ ആത്മാവിൽ മാറ്റവും ശരീരത്തിന്റെ ഒരു പുതിയ സ്വാതന്ത്ര്യവും സൃഷ്ടിക്കുക എന്നതാണ് ആശയം.

ഈ സംഘത്തില്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ആഭിഗേല്‍ സിൽവർസ്മിത്ത് ഇർഫാൻ കേരളത്തിൽ നിന്നുള്ള ഒരു ബാസിസ്റ്റും, കവിയും, അക്കാദമിഷ്യനുമാണ്. ഗ്ലോസ്, ഇലക്ട്രിക് വിസാർഡ്, നാപാം ഡെത്ത് തുടങ്ങിയ ഹാർഡ്‌കോർ പങ്ക്, മെറ്റൽ, ഗ്രിൻഡ്‌കോർ ബാൻഡുകളിൽ നിന്ന് അവർക്ക് പ്രചോദനം ലഭിച്ചു. ക്വിയര്‍ കണ്ടാജിയന്റെ ക്യൂറേറ്റർ എന്ന നിലയിൽ, ഗാസയിലെ വീടുകള്‍ നിഷ്ടപ്പെട്ടവര്‍ക്കായി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ, അഭി ബാംഗ്ലൂരിൽ ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്.

നിഷി ഒരു ഗിറ്റാറിസ്റ്റും കവിയുമാണ്. ജാസ്, പ്രോഗ്രസ്സീവ് റോക്ക്, വർക്കരി ഗീത് എന്നിവയിൽ നിന്നാണ് നിഷിയുടെ പ്രചോദനം. മഹാരാഷ്ട്രയിലെ യെവത് മാലിലെ സ്വന്തം ഗ്രാമത്തിലെ പരമ്പരാഗത വർക്കരി ഗീതത്തെയും സമകാലിക ശൈലിയേയും സമന്വയിപ്പിക്കാന്‍ നിഷി ശ്രമിക്കുന്നു. വര്‍ക്കരി ഗീത് തുക്കോബയുടെയും(സന്ത് തുക്കാറാം) ഫൂലെയുടെയും തത്വചിന്തയുടെ സംയോജനമാണ്.

സാഹിത്യ, ഡ്രം, താളവാദ്യം എന്നിവ വിദഗ്ധമായി കൈകാര്യം ചെയ്യും. നേറ്റ് സ്മിത്ത്, മാർക്ക് ഗിലിയാന, ഗാവിൻ ഹാരിസൺ എന്നിവരിൽ നിന്ന് സാഹിത്യ പ്രചോദനം ഉൾക്കൊള്ളുന്നു. ആകർഷകവും ഊർജ്ജസ്വലവുമായ താളത്തിലൂടെ ജനക്കൂട്ടത്തെ സാഹിത്യ ഇളക്കിമറിക്കുന്നു.

ഹൈദരാബാദിൽ നിന്നുള്ള ഷെഹ്‌സോർ, മൂന്ന് വർഷമായി ഇന്ത്യയിലുടനീളം സഞ്ചരിച്ച് വിപ്ലവഗാനങ്ങൾ നിർമ്മിക്കാൻ നിർമ്മാതാക്കളുമായും ആക്ടിവിസ്റ്റുകളുമായും സഹകരിക്കുന്നു. പാഷാ ഭായ്, ധൻജി, കിനാരി തുടങ്ങിയ ഇന്ത്യൻ അണ്ടർഗ്രൗണ്ട് ഹിപ് ഹോപ്പിലെ ഇതിഹാസങ്ങളിൽ നിന്നാണ് അവർക്ക് പ്രചോദനം ലഭിച്ചത്.

REPRESENTATIVE IMAGE | WIKI COMMONS
മൊബൈല്‍ ഫോണിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇത് സിനിമയ്ക്ക് വലിയ രീതിയിലുള്ള വഴക്കം നല്‍കുന്നു, വ്യതിരിക്തമായ രൂപ്പവും ഭാവവും നല്‍കുന്നു. ഉപകരണത്തിന്റെ പരിമിതികളും സാധ്യതകളുമാണ് ഇതിന്റെ സവിശേഷത, അതിൽ അതിന്റെ വാഹനീയത്വം(പോർട്ടബിലിറ്റി), റെസല്യൂഷൻ, കഥപറച്ചിലിൽ ചെലുത്തുന്ന സ്വാധീനം എന്നിവ ഉൾപ്പെടുന്നു. ഫോണുകളുടെ ചെറിയ വലിപ്പവും പോർട്ടബിലിറ്റിയും ദൃശ്യങ്ങളിൽ അടുപ്പമുള്ളതും നേരിട്ടുള്ളതുമായ അനുഭവത്തിന് കാരണമാകുന്നു. ഉപകരണത്തിന്റെ അന്തർലീനമായ ചലനാത്മകത്വം ഒരു മങ്ങിയ രീതിയിലുള്ള  സൗന്ദര്യശാസ്ത്രത്തിലേക്ക് നയിച്ചേക്കാം. മൊബൈൽ ഫോൺ സിനിമാ സൗന്ദര്യശാസ്ത്രം സിനിമാറ്റിക് ആവിഷ്കാരത്തിലെ ഒരു വലിയ മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അസാധാരണ രീതിയിലുള്ള ചലനങ്ങളും, വേഗതയും വേഗക്കുറവും സാങ്കേതികമായ പല സാധ്യതകളും – സൂപ്പര്‍-ഇമ്പോസിഷന്‍, ടൈം ലാപ്സ്, സൂം, സ്ലോ മോഷന്‍, നിറങ്ങളുടെ സങ്കലനം, വ്യത്യസ്ത രീതിയിലുള്ള കളര്‍ പാലറ്റ്, silhouette - ഇതിലൂടെ കൈവരിക്കാന്‍ കഴിയുന്നു. സിനിമ ഒഴുകുന്ന രീതിയില്‍ ഉള്ളതാണ്. ആദിമധ്യാന്തപ്പൊരുത്തമുള്ള കഥ അവതരിപ്പിക്കുന്നതിന് പകരം ശ്ലഥ രൂപത്തിലാണ് സിനിമ. പാട്ട്, ആത്മഗതം, ഡോക്യുമെന്ററി, പ്രകടനം, സംഭാഷണങ്ങള്‍ എന്നിവയുടെ സങ്കരതയിലൂടെയാണ് ആഖ്യാനം നടത്തുന്നത്. എന്നാല്‍ സംഭവങ്ങളോ, സംഭാഷണങ്ങളോ മുഴുവനാക്കുന്നില്ല, നൈരന്തര്യമില്ല. അപ്രതീക്ഷിതമായി അവസാനിച്ചതില്‍ ചിലത് പിന്നീട് തിരിച്ചുകൊണ്ടുവരുന്നില്ല, ചിലത് പിന്നീടെപ്പോഴോ കടന്നുവരുന്നു. ഇതിലൂടെയാണ് ഇവരുടെ ഓര്‍മ്മയും, സ്വപ്നവും, പ്രണയവും, പ്രതിഷേധവും അവതരിപ്പിക്കുന്നത്‌. പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു എന്ന അപകര്‍ഷതാ ബോധമില്ല, ഒന്നിച്ചുള്ളവര്‍ പലരും സാമൂഹികവും വ്യക്തിപരവുമായ പ്രതിസന്ധികളില്‍ തകരുമ്പോഴും ഇല്ലാതാവുമ്പോഴും ജീവതത്തോടുള്ള പോസിറ്റീവായ സമീപനമാണ് ഇവരുടേത്. യുവത്വത്തിന്റെ ഊര്‍ജവും പ്രസരിപ്പും നിറഞ്ഞ സിനിമ വളരെ രസകരമാണ്(Playful). ഇവർ ഊര്‍ജ്ജസ്വലരും അഭിമാനികളുമാണ്. അവർ നേരിടുന്ന അക്രമങ്ങളെക്കുറിച്ചും, അവർ സൃഷ്ടിക്കുന്ന സ്നേഹനിർഭരമായ സമൂഹങ്ങളെക്കുറിച്ചും, അവർ സ്വപ്നം കാണുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണയ്ക്കായി സിനിമ പ്രേരിപ്പിക്കുന്നു.

ഈ സിനിമ ഇക്കാലത്തെ ചലച്ചിത്രമേള സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. മേള സിനിമകള്‍ക്ക് ഒരു പ്രത്യേക ഫോര്‍മാറ്റ് ഉണ്ടായിവന്നിട്ടുണ്ട്. ദൃശ്യചാരുത, വൈകാരികത, നാടകീയത, മികച്ച അഭിനയം, നിയന്ത്രിതമായ ശബ്ദപഥം, വൈകാരികത ഉയര്‍ത്തുന്ന രീതിയിലുള്ള വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും ക്രമീകരണം, ചെത്തിമിനുക്കിയ ക്രാഫ്റ്റ് – ഈ രീതിയിലാണ്  മേളച്ചിത്രങ്ങളെ കുറിച്ചുള്ള പൊതുസങ്കല്പം. ഇത് യൂറോ കേന്ദ്രീകൃതമായ ശൈലിയാണെന്നും തോന്നുന്നു. പല അവികസിത രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ look and feel ഈ രീതിയിലാണ്. അതുപോലെ ആദിവാസി ജീവിതത്തിനും, ട്രാന്‍സ്-ക്വിയര്‍ മനുഷ്യര്‍ക്കും വലിയ ഡിമാന്റ് ഉണ്ട്.

സാര്‍ത്ഥക്കിന്റെ സിനിമയുടെ സൗന്ദര്യം വളരെ പരുക്കനും അസംസ്കൃതവും ആണ്. യൂറോപ്യന്‍ ആര്‍ട്ട് സിനിമയേക്കാള്‍ അമേരിക്കന്‍ അണ്ടര്‍ഗ്രൗണ്ട്, കൗണ്ടര്‍ സിനിമകളോടാണ് ഈ സിനിമയ്ക്ക് സാമ്യം. സിനിമ വളരെ അമേച്വര്‍ ആയി അനുഭവപ്പെടുന്നു. ഈ സന്ദര്‍ഭത്തിൽ അവാംഗ്-ഗാര്‍ഡിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മായാ ഡെറന്‍ അമേച്വർ സിനിമ എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് എഴുതിയ വാക്കുകള്‍ പ്രസക്തമാണ് : “അമേച്വർ ചലച്ചിത്ര സംവിധായകര്‍ക്കുള്ള പ്രധാന തടസ്സം പ്രൊഫഷണൽ പ്രൊഡക്ഷനുകളുമായി താരതമ്യപ്പെടുത്തിയുള്ള അവരുടെ അപകർഷതാബോധമാണ്. ‘അമേച്വർ’ എന്ന വർഗ്ഗീകരണത്തിന് ഒരു ക്ഷമാപണ സ്വഭാവമുള്ളതായി അവർ  കാണുന്നു. തിരക്കഥ, സംഭാഷണ രചയിതാക്കൾ, പരിശീലനം ലഭിച്ച അഭിനേതാക്കൾ, വിപുലമായ ക്രൂ, സെറ്റുകൾ, പ്രൊഫഷണൽ സിനിമയുടെ നിർമ്മാണ ബജറ്റ് എന്നിവയിൽ അസൂയപ്പെടുന്നതിനുപകരം, എല്ലാ പ്രൊഫഷണലുകളും തന്നോട് അസൂയപ്പെടുന്ന ഒരു വലിയ നേട്ടം അമേച്വർ സംവിധായകർ   ഉപയോഗിക്കണം, അതായത് സ്വാതന്ത്ര്യം – ശാരീരികവും, കലാപരവുമായ സ്വാതന്ത്ര്യം”.

REPRESENTATIVE IMAGE | WIKI COMMONS
മുറിയുടെ ചുമരുകള്‍ നിറയെ ഫോട്ടോകളാണ്, ഇന്ന് ബാന്റിനൊപ്പം ഇല്ലാത്ത സുഹൃത്തുക്കള്‍, ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ, അപ്രത്യക്ഷരാവുകയോ ചെയ്തവര്‍ - സിമി, അക്ഷജ്, റോജ, റാഷി, ഡയാന, ഷീല... ഇവരെക്കുറിച്ചുള്ള ഓര്‍മ്മയാണ്, ആദരമാണ് സിനിമ എന്നുപറയാം. പാട്ടിലൂടെ ഓര്‍മ്മയിലേക്ക് ഇവരെ ആവാഹിക്കുന്നു. അതാണ്‌ സിനിമയുടെ ടൈറ്റില്‍: ‘വി ആര്‍ അലൈവ്’. സംവിധായകന്റെ വാക്കുകള്‍ ഇപ്രകാരം: “ഇവരുടെ കഥകൾ ഓർക്കുന്നത് അത്തരം ആയിരക്കണക്കിന് കഥകൾ ഓർക്കുന്നതിന് തുല്യമാണ്. നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളിൽ അത് തീർച്ചയായും അനുഭവപ്പെടും. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നാം നമ്മുടെ വാക്കുകളിലൂടെയും സംഗീതത്തിലൂടെയും അവരുടെ ഹൃദയങ്ങളിലേക്കും മനസ്സുകളിലേക്കും പ്രവേശിക്കണം.” 

സിനിമയില്‍ പ്രവര്‍ത്തിച്ച സാര്‍ത്ഥക്, അദ്വൈത്, ഇഷിത, നിഷി, സാഹിത്യ എന്നിവരുമായി ഞാന്‍ ഓണ്‍ലൈനില്‍ നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ വായിക്കാം:

സുരേന്ദ്രന്‍: സാര്‍ത്ഥക്, സിനിമയുടെ ഉത്ഭവത്തെ കുറിച്ച് പറയാമോ?

സാര്‍ത്ഥക്: സിനിമയുടെ ഉത്ഭവം യാദൃശ്ചികമായി സംഭവിച്ചതാണ്. അതിൽ ഭാഗമാകാൻ ഞാൻ പദ്ധതിയിട്ടിരുന്നില്ല. ഇതിലേക്ക് ഞാൻ എത്താന്‍ കാരണം, ഷെസിനെ എനിക്കറിയാമായിരുന്നു എന്നതാണ് (ഷെസ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ഇല്ല). ഷെസ് ഗോവയിൽ ഒരു സ്റ്റുഡിയോയുടെ പ്രവര്‍ത്തനത്തില്‍ ആയിരുന്നു. ഷെസ് ക്ഷണിച്ചതിനെ തുടര്‍ന്ന് ഞാൻ ഒരാഴ്ചത്തേക്ക് അവിടെ പോവുകയുണ്ടായി.


ആ സമയത്ത് ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. ജോലിയിൽ നിന്ന് ഒരു ഇടവേള ആഗ്രഹിച്ച ഞാന്‍ ഒരാഴ്ചത്തേക്ക് ഗോവയിൽ വന്ന് ഈ സ്റ്റുഡിയോ എന്താണെന്ന്  മനസ്സിലാക്കാന്‍ പദ്ധതിയിട്ടു. സ്റ്റുഡിയോ ആക്കി മാറ്റിയ വീട് കണ്ടപ്പോള്‍(ഈ വീടാണ് നിങ്ങള്‍ സിനിമയില്‍ കാണുന്നത്) എനിക്ക് തോന്നിയത്, എന്തുകൊണ്ടാണ് ഞാൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നത്, എന്തുകൊണ്ട്  എനിക്ക് ഈ വീടിന്റെ ഭാഗമായിക്കൂടാ എന്നൊക്കെയാണ്. ഒരാഴ്ചയിൽ തന്നെ ഈ സംഘവുമായി നല്ല സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു. ജോലി ഉപേക്ഷിച്ച് പെട്ടെന്ന് റെക്കോർഡിംഗ് ആരംഭിക്കാൻ ഞാൻ തീരുമാനിച്ചു.

എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, പക്ഷേ ഈ വീട് വളരെ പ്രത്യേകതയുള്ളതാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതാണ് ഉത്ഭവം എന്ന് ഞാൻ കരുതുന്നു. ഞങ്ങള്‍ വെറുതേ റെക്കോർഡ് ചെയ്യുകയായിരുന്നു. എല്ലാം കഴിഞ്ഞ് എഡിറ്റ് ചെയ്യാന്‍ ഇരുന്നപ്പോള്‍ എനിക്ക് തോന്നി, ഇതില്‍ എന്തൊക്കെയോ ഉണ്ട്.

Pride Performance: Iconic Indian LGBTQ live performers stealing the show |  engage4moreREPRESENTATIVE IMAGE | WIKI COMMONS
സുരേന്ദ്രന്‍: ആ വീട്ടില്‍ ഒന്നിച്ചു ചേര്‍ന്ന ഈ ഗ്രൂപ്പിനെ കുറിച്ച്, ബാന്റിനെ കുറിച്ച്, അവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് ആര്‍ക്കെങ്കിലും പറയാന്‍ താത്പര്യമുണ്ടെങ്കില്‍ സ്വാഗതം.

സാഹിത്യ: ആ സമയത്ത് ഷെഹ്‌സോറിന് ഒരു ഗ്രാന്റ് ലഭിക്കുകയുണ്ടായി, സംഗീതജ്ഞരോടൊപ്പം പ്രവർത്തിക്കണമെന്ന് അവൾ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ കരുതുന്നു. അവൾ മുമ്പ് ഒരു സോളോ ആൽബം പുറത്തിറക്കിയിരുന്നു. ഞങ്ങൾ ഇന്റർനെറ്റിലൂടെ ബന്ധപ്പെടുകയും തുടര്‍ന്ന് മുംബൈയിൽ വെച്ച് കണ്ടുമുട്ടുകയും ചെയ്തു. ഗ്രാന്റിന് അപേക്ഷിച്ചപ്പോൾ അവളുടെ മനസ്സിലുണ്ടായിരുന്ന ആശയം ട്രാൻസ് വ്യക്തികളെയും സംഗീതജ്ഞരെയും ഒരുമിച്ച് കൊണ്ടുവന്ന് ഒരു വീട്ടിൽ പാർപ്പിക്കുക എന്നതായിരുന്നു. അങ്ങിനെയാണ് ബാന്റിന്റെ ജനനം. ആ സമയത്ത് സംഗീതം എന്തായിരിക്കുമെന്ന് ഞങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല, പക്ഷേ ഷെഹ്‌സോറിന്റെ സംഗീതം ഞാൻ കേട്ടിരുന്നു, പരസ്പരം യോജിക്കാൻ കഴിയുന്നതും വികസിപ്പിക്കാൻ കഴിയുന്നതുമായ നിരവധി കാര്യങ്ങൾ അതില്‍ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു.

ട്രാന്‍സ് മനുഷ്യരെ സംബന്ധിച്ച് മറ്റു സ്ഥലങ്ങളില്‍ പ്രകടിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള പലതും ഈ വീട്ടില്‍ പങ്കിടാന്‍ സാധിക്കും എന്നതായിരുന്നു ഒരു പ്രധാന സംഗതി. കലാകാരന്മാർക്ക് ഒത്തുചേരാനും അവരുടെ സംഗീതം വികസിപ്പിക്കാനും കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതായിരുന്നു ഷെഹ്‌സോറിന്റെ ഉദ്ദേശ്യമെന്ന് മനസ്സിലായി. തുടർന്ന് ഞങ്ങൾ ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് ഏകദേശം പത്ത് ഗാനങ്ങള്‍ സൃഷ്ടിച്ചു.

സുരേന്ദ്രന്‍: ഈ ഗാനങ്ങള്‍ എന്തിനെക്കുറിച്ചായിരുന്നു?

സാഹിത്യ: സമൂഹത്തെ കുറിച്ച്, രാഷ്ട്രീയത്തെ കുറിച്ച്. അവയില്‍ ചിലത് ഞങ്ങളുടെ ജീവിതത്തെ കുറിച്ചും, ഞങ്ങള്‍ പങ്കിട്ട വികാരങ്ങളെ കുറിച്ചുമായിരുന്നു. ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം, സംസാരം. ഇത് മനഃപൂർവ്വം ഒരു രാഷ്ട്രീയ പദ്ധതി പോലെയാകാൻ ഉദ്ദേശിച്ചിരുന്നു, കാരണം സമൂഹത്തിലുള്ള സംഗീതത്തിന്റെ ഭൂരിഭാഗവും ഭാഷാപരമായും അനുഭവത്തിന്റെ കാര്യത്തിലും ഞങ്ങളുമായി ബന്ധം സ്ഥാപിക്കുന്നവയല്ല. അതിനാൽ, സ്വവർഗാനുരാഗികൾക്കും ട്രാൻസ് പ്രേക്ഷകർക്കും ബന്ധപ്പെടാൻ കഴിയുന്ന സംഗീതം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, അത്തരം സംഗീതത്തിന്റെ അഭാവം ഞങ്ങൾ കണ്ടെത്തി. ക്വിയർ അല്ലാത്തവരും ട്രാൻസ് അല്ലാത്തവരും ഞങ്ങളുടെ  സംഗീതം ഇഷ്ടപ്പെടണമെന്നും ആസ്വദിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. 

LGBTQ+: India's first Pride march which made history
REPRESENTATIVE IMAGE| WIKI COMMONS
സുരേന്ദ്രന്‍: സംസാരത്തിനിടെ സാഹിത്യ രാഷ്ട്രീയത്തിന്റെ കാര്യം പറയുകയുണ്ടായി. നിങ്ങളുടെ സിനിമ വളരെ പൊളിറ്റിക്കല്‍ ആണ്. സിനിമയിൽ ചില പ്രധാന വാക്കുകൾ ഉണ്ട് - നിരസിക്കൽ, ഓർമ്മ, വെല്ലുവിളി, നൃത്തത്തിലൂടെ ആഘോഷം. സിനിമയിൽ ഭാഷയെക്കുറിച്ചുള്ള ചർച്ചയുണ്ട്.

നിഷി: ഞങ്ങൾ ഈ ഗാനങ്ങൾ എഴുതുമ്പോൾ ഒരു ശരിയായ ഭാഷ  കണ്ടുപിടിക്കുന്ന പ്രക്രിയയിലായിരുന്നു. സ്വവർഗാനുരാഗികളുടെയും ട്രാൻസ് ജീവിതങ്ങളുടെയും കാര്യത്തില്‍ നമുക്ക് ആ രീതിയിലുള്ള ഒരു ഭാഷയില്ല. ഭിന്നലിംഗക്കാരുടെ സംരക്ഷണത്തിനായി നിയമപരമായ ചട്ടക്കൂടുകൾ ഉള്ളപ്പോള്‍ നിങ്ങൾക്കറിയാവുന്നതുപോലെ നമുക്ക് ആ രീതിയില്‍ ഒന്നുമില്ല. ഒരാൾ ഇന്ന പ്രായത്തിൽ വിവാഹം കഴിക്കും,  ഒരാള്‍ക്ക് ഇന്ന പ്രായത്തില്‍ ജോലി ലഭിക്കും എന്നൊക്കെ ഉള്ളപ്പോള്‍ ഞങ്ങളെ സംബന്ധിച്ച് അത്തരത്തില്‍ ഒന്നും നിലനില്‍ക്കുന്നില്ല. ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ ജീവിക്കുന്നു. ഞങ്ങളുടെ അനുഭവങ്ങളെ എങ്ങനെ സംഗീതത്തിലേക്ക് വിവർത്തനം ചെയ്യാമെന്നും അവിടെ ഉപയോഗിക്കേണ്ട ശരിയായ വാക്കുകൾ ഏതൊക്കെയാണെന്നും ഞങ്ങള്‍ മനസ്സിലാക്കി.


സാര്‍ത്ഥക്: നിഷി പറഞ്ഞതിന്റെ തുടര്‍ച്ചയായി, നമ്മുടെ അസ്തിത്വം സ്വയം പ്രകടിപ്പിക്കുന്നതിന്റെ കാര്യത്തിൽ, ഞങ്ങൾ എന്താണ് അനുഭവിക്കുന്നതെന്ന് വിവരിക്കാൻ നിലവിലുള്ള വാക്കുകൾ മതിയാവില്ല. സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്ന വികാരങ്ങൾ വളരെ വ്യത്യസ്തമായ - Heteronormative - അനുഭവത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെടുന്നത്. നിരസിക്കൽ എന്ന വാക്ക് ഉദാഹരണമായെടുത്താല്‍, സാമിന്റെ നിരസിക്കൽ ഡയാനയുടെ നിരസിക്കൽ പോലെ അല്ല. സിനിമയിൽ ഒരു സന്ദര്‍ഭത്തില്‍, കരച്ചിൽ ഒരു പ്രതിഷേധ രൂപമായി, ഉള്ളതിനെ അംഗീകരിക്കാനുള്ള വിസമ്മതമായി കടന്നുവരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
സുരേന്ദ്രന്‍: മറ്റൊരു വാക്കാണ്‌ രക്തസാക്ഷിത്വം.

സാര്‍ത്ഥക് : പോരാടി മരിച്ച വിപ്ലവകാരികളെ മാത്രമേ നാം രക്തസാക്ഷികളായി കണക്കാക്കുന്നുള്ളൂ. ക്വിയര്‍ സമൂഹത്തില്‍ രക്തസാക്ഷിത്വത്തിന് മറ്റൊരര്‍ത്ഥമാണ്. മരിച്ചവർ ആശുപത്രികളിൽ കിടന്ന് മല്ലടിച്ച് മരിച്ചവരാണെന്നും, കുടുംബങ്ങൾ അവരെ മർദ്ദിച്ചു കൊന്നതാണെന്നും, ആത്മഹത്യ ചെയ്തവരെല്ലാം രക്തസാക്ഷികളാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.

സുരേന്ദ്രന്‍: പുരോഗമനവാദികള്‍ എന്ന് നാം കരുതുന്ന മാര്‍ക്സിസ്റ്റുകള്‍ക്കും ക്വിയര്‍ മനുഷ്യരുടെ കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല.

സാര്‍ത്ഥക്: സിനിമയുടെ തുടക്കത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ചയുണ്ട്. മാർക്സിസ്റ്റ് ചട്ടക്കൂടിനുള്ളിൽ ട്രാൻസ്ജെൻഡർ ആളുകളെ ലുംപന്‍ പ്രോലിറ്റേറിയറ്റ് എന്ന രീതിയിലാണ് തരംതിരിക്കുന്നത്‌. മാർക്സിസ്റ്റ്/കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന സംഘടനകളിൽ പ്രവർത്തിക്കാൻ ശ്രമിച്ച ട്രാൻസ്-ക്വിയർ ആളുകളുടെ അനുഭവങ്ങളിൽ നിന്നാണ് സിനിമയില്‍ ഈ പരാമര്‍ശം വരുന്നത്. പല ട്രാൻസ്‌ജെൻഡർ ആളുകളും ലൈംഗികതൊഴിലിലോ ഉൽപ്പാദനക്ഷമമല്ലാത്തതായി കണക്കാക്കപ്പെടുന്ന മറ്റ് തരത്തിലുള്ള ജോലികളിലോ ഏർപ്പെടുന്നു എന്നതിനാൽ പലപ്പോഴും അവരുടെ സംഘടനാ സാധ്യതയെക്കുറിച്ചോ വിപ്ലവ സാധ്യതയെക്കുറിച്ചോ കമ്യൂണിസ്റ്റ് സംഘടനകള്‍ അഭിസംബോധന ചെയ്യുന്നില്ല. ലുംപന്‍ പ്രോലിറ്റേറിയറ്റ് എന്ന് വർഗ്ഗീകരണം ചെയ്തുകഴിഞ്ഞാൽ, അതില്‍ തള്ളിക്കളയപ്പെടുന്നതിന്റെ അനുഭവമുണ്ട്. ഇത് അവരുടെ ശബ്ദങ്ങൾ അദൃശ്യമാക്കപ്പെടുന്നതിലേക്ക് നയിക്കുന്നു.


മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചും സിനിമയില്‍ പരാമര്‍ശമുണ്ട്. സ്വവർഗാനുരാഗികളായ ആളുകളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയാത്തതിനാലോ ലിംഗഭേദത്തെയും ലൈംഗികതയെയും കുറിച്ച് വ്യക്തമായ രാഷ്ട്രീയം ഇല്ലാത്തതിനാലോ തങ്ങൾ ഈ പ്രസ്ഥാനങ്ങളില്‍ ഉൾപ്പെടുന്നില്ലെന്ന് തോന്നുന്നതെങ്ങനെയെന്നും സിനിമ സംസാരിക്കുന്നു.

ഇഷിത: ഇന്നത്തെ സംഘടനകൾ, പ്രത്യേകിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്ന സംഘടനകൾ, അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നാണിതെന്ന് ഞാൻ കരുതുന്നു. സ്വവർഗാനുരാഗത്തിന്റെ ഒരു പുതിയ ജനപ്രിയ സംസ്കാരം ഉയർന്നുവരുന്നുണ്ട്. ഇന്റർനെറ്റിൽ ഒരുതരം സ്വവർഗാനുരാഗ ആക്ടിവിസം ഉയർന്നുവന്നിട്ടുണ്ട്. എന്നാല്‍ സ്വീകാര്യതയുടെ അഭാവവുമുണ്ട്. കമ്മ്യൂണിസ്റ്റ് സംഘടനകൾ ജെണ്ടര്‍ പ്രശ്നം കൈകാര്യം ചെയ്യേണ്ടതുണ്ട്, ഇത് ജെണ്ടര്‍ പ്രശ്നത്തിന്റെ ഒരു പുതിയ പതിപ്പാണ്. മറ്റ് പുരോഗമന പ്രസ്ഥാനങ്ങൾ ലിംഗപരമായ ചോദ്യങ്ങളെയും ലിംഗപരമായ ദ്വന്ദ്വങ്ങളുമായി പൊരുത്തപ്പെടാത്ത ആളുകളെയും എങ്ങനെ കൈകാര്യം ചെയ്യും?

REPRESENTATIVE IMAGE | WIKI COMMONS
സുരേന്ദ്രന്‍: പുരോഗമന ഗ്രൂപ്പുകളിലും മറ്റും പ്രവർത്തിച്ച വിവിധ ആളുകൾ നിങ്ങളുടെ ഗ്രൂപ്പിലുണ്ട്. അവരെ കുറിച്ച് പറയാമോ?

സാര്‍ത്ഥക്: ലക്ഷ്മണ്‍ അണ്ണ അത്തരത്തിലുള്ള ഒരാളാണ്. അദ്ദേഹം തെലങ്കാനയിൽ നിന്നുള്ളയാളാണ്, പക്ഷേ ബോംബെയിലെ ഒരു അംബേദ്കറൈറ്റ് സംഘടനയിലാണ് പ്രവർത്തിക്കുന്നത്. അവർ മഹാരാഷ്ട്രയിൽ ചുറ്റി സഞ്ചരിക്കുകയും ആ രീതിയിൽ ആളുകളെ സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരു ലോക്-ഗീത് ബാൻഡ് പോലെയാണ്. ഒരു ദഫ്ലിയുമായി ചുറ്റിനടന്ന് ജനകീയ വിപ്ലവ ഗാനങ്ങൾ പാടുന്ന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. തെലങ്കാനയിൽ നിന്നുള്ള ആളായതിനാൽ, അവിടത്തെ വിപ്ലവ പ്രസ്ഥാനത്തെക്കുറിച്ചും ആ പ്രസ്ഥാനത്തിൽ ഗദ്ദര്‍ വഹിച്ച പങ്കിനെക്കുറിച്ചും അദ്ദേഹം സൃഷ്ടിച്ച ഗാനങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിയാം. സിനിമയില്‍ ഈ വ്യത്യസ്ത അനുഭവങ്ങൾ തമ്മില്‍ സംഭാഷണങ്ങള്‍ നടക്കുന്നുണ്ട്, ഈ വ്യത്യസ്ത ചലനങ്ങൾ ഒരുമിച്ചു വന്ന് അവരുടെ അനുഭവങ്ങളെ പരസ്പരം വിവർത്തനം ചെയ്യുന്നതുപോലെയാണ്.

‘അവരുടെ ഓര്‍മ്മകളില്‍ ഞങ്ങള്‍ ജീവിക്കുന്നു’ എന്ന പാട്ട് പോലും ഗദ്ദറിന്റെ പാട്ടുകളിൽ കാണുന്ന ഓർമ്മയുടെ തുടർച്ച പോലെയാണ്. ഒരു സന്ദർഭത്തിൽ നിന്ന് മറ്റൊരു സന്ദർഭത്തിലേക്ക് ആ പ്രത്യേക സന്ദർഭത്തിൽ നിന്നുള്ള ആളുകൾ വിവര്‍ത്തനം ചെയ്യുന്നതുപോലെയാണിത്.

സുരേന്ദ്രന്‍:  അബ്ദുൾ ഫത്ത, ജെന്നി സുർവെ, ഡയാന ഡയസ് എന്നിവരുണ്ട്.

സാര്‍ത്ഥക്: ഗാസ യുദ്ധത്തില്‍ പല തവണ വീട് നഷ്ടപ്പെട്ട അബ്ദുൾ ഫത്തയ്ക്ക് വേണ്ടി സിനിമയിലെ നെയ് എന്ന വ്യക്തി ഫണ്ട് സ്വരൂപിച്ചുവരുന്നു. നിർബന്ധിത ലൈംഗിക തൊഴിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ജെന്നി, ട്രാന്‍സ് ആയതിനാല്‍ കുടുംബത്തില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ ആശുപതിയില്‍ കിടന്ന് മരിച്ച ഡയാന.

India's LGBTQ community battles same-sex marriage 'heartbreak' from court |  LGBTQ News | Al JazeeraREPRESENTATIVE IMAGE | WIKI COMMONS
സുരേന്ദ്രന്‍: സിനിമയില്‍ ബ്ലാക്ക് പാന്തര്‍ മൂവ്മെന്റിനെ കുറിച്ചും പരാമര്‍ശമുണ്ട്.

സാര്‍ത്ഥക് : ലക്ഷ്മണ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയുടെ പേര് റിപ്പബ്ലിക്കന്‍ പാന്തേര്‍സ് എന്നാണ്. ‘ബ്ലാക്ക് പാന്തേര്‍സ്’ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ‘ദളിത്‌ പാന്തേര്‍സ്’ ആണ് ഇതിന്റെ പ്രചോദനം. അംബേദ്കറും മാർക്സും തമ്മിലുള്ള സംഭാഷണത്തിനാണ് ഇവര്‍ ശ്രമിക്കുന്നത്.

സുരേന്ദ്രന്‍: ഈ സിനിമ ഒരു സാധാരണ ഫെസ്റ്റിവൽ സിനിമയല്ല. ഇത് ഹോളിവുഡ്  മാതൃകയിലുള്ള ഒരു സിനിമയോ മുഖ്യധാരാ സിനിമയോ അല്ല. സിനിമാ ചരിത്രത്തിലെ പരീക്ഷണ സിനിമയോട് വളരെ അടുത്താണ് ഈ സിനിമ നില്‍ക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, അമേരിക്കൻ അണ്ടര്‍ഗ്രൗണ്ട് പ്രസ്ഥാനവുമായി ഈ സിനിമയെ ബന്ധിപ്പിക്കാം.

സാര്‍ത്ഥക്: സിനിമാ പാരമ്പര്യങ്ങളുടെ കാര്യത്തിൽ, ഞങ്ങൾ ക്വിയർ സിനിമകളുടെ വംശപരമ്പരയിൽ നിന്ന് പലതും ഉള്‍ക്കൊണ്ടിട്ടുണ്ട്. ‘പാരീസ് ഈസ് ബേണിംഗ്’(Paris is Burning) ഞങ്ങളില്‍ വലിയ സ്വാധീനം ചെലുത്തി. ന്യൂയോർക്ക് നഗരത്തിലെ ബോൾ സംസ്കാരത്തെയും അതിൽ പങ്കെടുക്കുന്ന ആഫ്രിക്കൻ-അമേരിക്കൻ, ലാറ്റിനോ, ഗേ, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികളെയും കുറിച്ചാണ് സിനിമ. ഈ മത്സരം ഇത്തരം മനുഷ്യര്‍ക്ക് സ്വയം പ്രകാശിപ്പിക്കുന്നതിനും കൂട്ടായ്മ ഉണ്ടാക്കുന്നതിനും അവരുടെ ഉപസംസ്കാരത്തിനുള്ളിൽ പ്രശസ്തിയും അംഗീകാരവും നേടുന്നതിനുമുള്ള ഒരു ഇടമായി വർത്തിക്കുന്നു.


1969ൽ നടന്ന ഹാർലെം ഫിലിം ഫെസ്റ്റിവലിനെ ആസ്പദമാക്കി നിർമ്മിച്ച ‘സമ്മർ ഓഫ് സോൾ’(Summer of Soul) എന്നൊരു അമേരിക്കന്‍ സിനിമയും ഉണ്ട്. ഈ സമയത്താണ് ‘നീഗ്രോ’ എന്ന വാക്ക് ഒഴിവാക്കി പകരം ‘ബ്ലാക്ക്’ എന്ന വാക്ക് ഉപയോഗത്തില്‍ വരുന്നത്. 1950കളുടെ അവസാനത്തിലും 1960കളുടെ തുടക്കത്തിലും, ‘നീഗ്രോ’ എന്ന വാക്ക് വംശീയ അടിമത്തവുമായും വെള്ളക്കാരുടെ അടിച്ചേൽപ്പിക്കലുമായും ബന്ധപ്പെട്ടതിന്റെ പേരിൽ വർദ്ധിച്ചുവരുന്ന വിമർശനങ്ങൾ നേരിട്ടു. ഇതിന് വിപരീതമായി, ‘ബ്ലാക്ക്’ എന്ന പദം അഭിമാനം, അധികാരം, ഭൂതകാലത്തെ നിരസിക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പിന്നെ പലതരം സംഗീത ശാഖകള്‍ - പങ്ക് റോക്ക്, ജ്യോതിഷത്തെക്കുറിച്ച് സംസാരിക്കുന്ന സംഗീതം, ചന്ദ്രനിൽ ഇറങ്ങുന്ന ആളുകളെ കുറിച്ച് സംസാരിക്കുന്ന സംഗീതം, വളരെ വ്യക്തമായ രാഷ്ട്രീയം പാടുന്ന ജാസ്. ഇതിലൂടെ കറുത്തവന്റെ സ്വത്വത്തെ ആവിഷ്കരിക്കുന്നു. അമേരിക്കയിൽ ഇതൊരു പ്രതിസംസ്‌കാര പ്രസ്ഥാനമാണ്.

കമല്‍ സ്വരൂപിന്റെ ‘ഓം-ദര്‍-ബ-ദര്‍’ എന്ന സിനിമ മറ്റൊരു പ്രചോദനമാണ്. സാഹചര്യത്തിന്റെ അസംബന്ധം അവതരിപ്പിക്കാനായി ഈ സിനിമയുടെ എഡിറ്റിംഗ് പദ്ധതി സഹായകമായിട്ടുണ്ട്.

Medient backs Kamal Swaroop's Battle | News | Screenകമല്‍ സ്വരൂപ് | PHOTO: WIKI COMMONS
സുരേന്ദ്രന്‍: ഈ സിനിമ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കാന്‍ കാരണം എന്താണ്?

സാര്‍ത്ഥക്: സിനിമ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ ഞാന്‍ ഇത്രയും ഇഷ്ടപ്പെടുമായിരുന്നില്ല എന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്. ഇക്കാലത്ത് ഓര്‍മ്മ രേഖപ്പെടുത്തുന്നതിനുള്ള പ്രാഥമിക മാർഗം ഫോണാണെന്ന് ഞാൻ കരുതുന്നു. ഈ രീതിയിലുള്ള രേഖപ്പെടുത്തലിലൂടെയാണ് ഞങ്ങളുടെ അനുഭവങ്ങളും, ചിന്തകളും അടുത്ത തലമുറയിലേക്ക് കൈമാറുന്നത്. മറ്റൊന്ന്, ആളുകളെ അവരുടെ ആധികാരികതയിൽ പ്രതിനിധീകരിക്കുന്നതിന് മൊബൈല്‍ ഫോണ്‍ ചിത്രീകരണത്തിലൂടെ സാധിക്കുന്നു. മൊബൈൽ ഫോണ്‍ ചിത്രീകരണം സിനിമയ്ക്ക് വ്യക്തിപരമായ വികാരങ്ങള്‍ നല്‍കുന്നു, അത് വ്യക്തിപരമായി വളരെ അടുത്തുനില്‍ക്കുന്നു.

സുരേന്ദ്രന്‍: ആരോ പറയുകയുണ്ടായി, സിനിമ പെർഫെക്റ്റ് അല്ലെന്ന്. എന്നാല്‍, ചെത്തിമിനുക്കിയ പൂര്‍ണ്ണ സിനിമകളുടെ ഇക്കാലത്ത് പൂര്‍ണ്ണത ഇല്ലായ്മയാണ് ഈ സിനിമയുടെ സൗന്ദര്യമായി എനിക്ക് തോന്നിയത്. അത് സിനിമയുടെ രാഷ്ട്രീയവുമാണ്. ഹോളിവുഡിൽ നിർമ്മിക്കപ്പെടുന്ന പെർഫെക്റ്റ് സിനിമകളല്ല, മറിച്ച് അമേച്വർ സിനിമ നിർമ്മാണത്തിനായി നിലകൊണ്ട മായാ ഡെറന്‍ ഇപ്രകാരം പറയുകയുണ്ടായി: “കൂടുതൽ ഉപകരണങ്ങളും ക്രൂവും ചേര്‍ത്തല്ല നിങ്ങളുടെ സിനിമകള്‍ മെച്ചപ്പെടുത്തേണ്ടത്, മറിച്ച് നിങ്ങളുടെ പക്കലുള്ളത് അതിന്റെ പൂർണ്ണ ശേഷിയിൽ ഉപയോഗിച്ചുകൊണ്ടാണ്. നിങ്ങളുടെ ഉപകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നിങ്ങളാണ്: നിങ്ങളുടെ ചലിക്കുന്ന ശരീരം, നിങ്ങളുടെ ഭാവനാത്മക മനസ്സ്, രണ്ടും ഉപയോഗിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം”.

സാര്‍ത്ഥക്: അമേച്വർ സിനിമ എന്ന ആശയത്തില്‍ ഞാന്‍ ആകൃഷ്ടനാണ്. ഫോട്ടോഗ്രാഫിയെക്കുറിച്ച് സംസാരിക്കുമ്പോൾ, കലാപരമായ യോഗ്യതയില്ലാത്തത് എന്ന രീതിയില്‍ പലപ്പോഴും തള്ളിക്കളയുന്ന അമേച്വർ ഫോട്ടോഗ്രാഫിയെ, ആധികാരികവും മധ്യസ്ഥതയില്ലാത്തതുമായ സത്യങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട ഒരു ഉപകരണമായി റൊളാങ്ങ് ബാർത്ത് കണ്ടു. പ്രൊഫഷണലുകളിൽ നിന്ന് വ്യത്യസ്തമായി, അമേച്വർ ഫോട്ടോഗ്രാഫർമാർ ഫോട്ടോഗ്രാഫിയുടെ സത്തയോട് കൂടുതൽ അടുത്താണെന്നും, അസംസ്കൃതവും ആകസ്മികവുമായ നിമിഷങ്ങൾ പകർത്തുന്നുവെന്നും അദ്ദേഹം വിശ്വസിച്ചു - കാഴ്ചക്കാരനെ സ്പർശിക്കുന്ന ആത്മനിഷ്ഠവും വൈകാരികവുമായ ഒരു നിമിഷം.

അദ്വൈത്: ഇത്തരം സിനിമകള്‍ മേളയിൽ ഉൾപ്പെടുത്തിയേക്കില്ല. വിപണിയെ അടിസ്ഥാനമാക്കിയുള്ള സിനിമാ മേഖലയിൽ ചലച്ചിത്രമേളകളും ഇപ്പോൾ വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സിനിമയെ ആ രീതിയില്‍ ഒരു ഉല്‍പ്പന്നമാക്കി മാറ്റുക അസാധ്യമാണ്. ഈ സിനിമയുടെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണിതെന്ന് ഞാന്‍ കരുതുന്നു. നമ്മള്‍ ശ്രമിച്ചാലും, മുതലാളിത്ത ഉപഭോഗത്തിനായുള്ള ഉല്‍പ്പന്നമാക്കി മാറ്റാന്‍ പരമാവധി ശ്രമിച്ചാലും, ഞങ്ങള്‍ക്ക് കഴിയില്ല എന്നതാണ് വസ്തുത. ഇത് ഉപഭോഗത്തിനായുള്ള ഒരു കാഴ്ചവസ്തുവായി മാറാൻ വിസമ്മതിക്കുന്നു.

സാര്‍ത്ഥക്: നഷ്ടത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഈ കഥ, ക്വിയര്‍ മനുഷ്യരിലേക്ക് മാത്രമല്ല, നാം പങ്കിടുന്ന മെച്ചപ്പെട്ട മാനവികതയെയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളെയും പ്രതിഫലിപ്പിക്കാൻ കഴിയുന്ന രീതിയില്‍ എല്ലാ തുറകളിലുമുള്ള ആളുകളിലേക്കും എത്തിച്ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.







#outlook
Leave a comment