TMJ
searchnav-menu
post-thumbnail

Outlook

കോൺഗ്രസിന് മുന്നിൽ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയുയർത്തുന്ന ചോദ്യങ്ങൾ

16 Apr 2025   |   5 min Read
അസീസ് ഷെരീഫ്

ഹൈദരാബാദ് കേന്ദ്ര സർവകലാശാല രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്, ഒന്ന് കൂടി ഊന്നിപറഞ്ഞാൽ രാജ്യത്തെ അസംഖ്യം വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങളിൽ ഈ സർവകലാശാലയുണ്ട്. 1974ൽ സ്ഥാപിതമായി 51 വർഷം എന്ന ഒരു സർവകലാശാലയുടെ ആയുസ്സിൽ, അത്രയൊന്നും വലുതല്ലാത്ത സമയം കൊണ്ട് ലോക റാങ്കിങ്ങിൽ വരെ മുൻപന്തിയിൽ ഉള്ള ധിഷണശാലികളായ മനുഷ്യരെ ഈ സമൂഹത്തിന് നൽകിയ ഇന്ത്യയിലെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്ന്, കേന്ദ്ര സർക്കാറിന്റെ ഭാഷയിൽ ‘ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എമിനൻസ്“. ഇന്ന് രാജ്യമാകെ വീണ്ടും ഈ സർവകലാശാല ചർച്ച ചെയ്യപ്പെടുന്നത് വിദ്യാർത്ഥി യൂണിയന്റെ ക്യാമ്പസ്സിലെ വിദ്യാർത്ഥി സംഘടനകളും, അധ്യാപക, അനധ്യാപക, തൊഴിലാളി യൂണിയനുകളും നടത്തുന്ന ചെറുത്ത് നിൽപ്പിനെ അടയാളപ്പെടുത്തിക്കൊണ്ടാണ്. രാജ്യത്തിന്റെ പലകോണുകളിൽ നിന്നും വന്നെത്തിയ വിദ്യാർത്ഥികളും അധ്യാപകരും ഒരു യൂണിവേഴ്സിറ്റിയുടെ ഭൂമി സംരക്ഷിക്കുന്നതിന്, ഒരു നഗരത്തിന്റെ അവസാനത്തെ നഗര വനം സംരക്ഷിക്കുന്നതിന് എന്തിനു സമരം ചെയ്യണം എന്നുള്ളതിന്റെ ഉത്തരം, ഒരു സർവകലാശാല എന്താകണം എന്നതിന്റെ കൂടെ ആണ്. പ്രശസ്ത ബ്രസീലിയൻ ചിന്തകനായിരുന്ന പൗലോ ഫ്രയർ അദ്ദേഹത്തിന്റെ “പെഡഗോഗി ഓഫ് ദി ഒപ്രസ്ഡ്“ എന്ന പുസ്തകത്തിൽ വിദ്യാഭ്യാസം ഒരിക്കലും ഒരു അരാഷ്‌ട്രീയ ഇടമാകരുത് എന്നും, അത് വിമോചനത്തിന്റെയും, വിമർശനാത്മകതയുടെയും ഭൂമികകളാകണമെന്നും വ്യക്തമാക്കുന്നുണ്ട്, സ്റ്റാറ്റസ് ക്വോ ചോദ്യം ചെയ്യാത്ത, വിമോചനം ഉൾക്കൊള്ളാത്ത, ന്യൂട്രൽ സർവകലാശാലകൾ അഥവാ ഏകതാനമായ നിലവിലെ വിജ്ഞാനം ഒരു ബാങ്കിലെന്ന പോലെ വിദ്യാർത്ഥികളിൽ നിക്ഷേപിക്കപ്പെടുന്നതുകൊണ്ട് സമൂഹത്തിന് കാര്യമായൊന്നും സംഭാവന ചെയ്യുന്നില്ല എന്ന് തന്നെ. ഹൈദരാബാദ് കേന്ദ്ര സർവകലാശാല ആ അർത്ഥത്തിൽ അതിന്റെ ധർമ്മം നിർവഹിച്ചു കൊണ്ടിരിക്കുകയാണ്, അവർ സമൂഹത്തിനൊപ്പമുണ്ട്, അക്കാദമിക് ലോകത്തും തെരുവിലും ഒരുപോലെ.

വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മുന നീളുന്നത് തെലങ്കാനയിൽ കോൺഗ്രസ്‌ ഗവണ്മെന്റിന്റെ നേർക്കാണ്, ഹൈദരാബാദ് നഗരാതിർത്തിക്കകത്ത് കാഞ്ചാ ഗച്ചിബൗളി പ്രദേശത്തെ 400 ഏക്കർ ഭൂമി Telangana Industrial Infrastructure Corporationന്റെ ഉടമസ്ഥതയിലേക്ക് വകയിരുത്തുകയും, സംസ്ഥാന റവന്യു വകുപ്പ് ഉത്തരവ് അംഗീകരിക്കുകയും ചെയ്യുക വഴി എച്ച്സിയു ക്യാമ്പസ്സിന്റെ ഭാഗമായ ഈ ഭൂപ്രദേശം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ആസ്തി കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു. ഭൂമി ലേലം പ്രക്രിയകൾ നടത്തി സ്വകാര്യ വ്യക്തികൾക്കും, കോർപ്പറേറ്റുകൾക്കും വിറ്റഴിക്കുന്നത് വഴി 1,00,00 കോടി രൂപയുടെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ ഭാഷയിലും ഫയലുകളിലും നിലവിൽ പുറമ്പോക്കായി കിടക്കുന്ന ഈ ഭൂമിയിൽ പുതിയ ഐടി സമുച്ചയങ്ങളും പാർക്കുകളും നിർമ്മിക്കുക വഴി ഹൈദരാബാദിലെ ഐടി ഇടനാഴി (IT corridor) വികസനമാണ് സർക്കാർ വാഗ്ദ്ധാനം ചെയ്യുന്നത്.  ഈ പദ്ധതി രണ്ടു തലങ്ങളിൽ പ്രശ്നവത്കരിക്കപ്പെടേണ്ടതുണ്ട്. ആദ്യത്തേത് പാരിസ്ഥിതിക മാനമുള്ളതാണെങ്കിൽ, മറ്റൊന്ന് രാജ്യത്തെ പൊതുവിദ്യാഭ്യാസ മൂല്യങ്ങളുടെ സംരക്ഷണമാണ്. ഫലത്തിൽ ഭൂമി കയ്യേറ്റത്തിന്റെ യുക്തി നവ-ഉദാരവൽക്കരണത്തിന്റെ ആഘോഷമാണെങ്കിൽ, പ്രധിഷേധം ഉൾവഹിക്കുന്നത് അതിനെതിരെയുള്ള പ്രതിരോധവും, പൊതുമേഖലയുടെ സംരക്ഷണവുമാണ്. രണ്ട് തലവും അടിസ്ഥാന തത്വത്തിൽ ഉൾചേരുകയും ഒന്നാവുകയും ചെയ്യുന്നവയാണ്.

കാഞ്ചാ ഗച്ചിബൗളി പ്രദേശം | PHOTO: WIKI COMMONS
കേന്ദ്ര സർക്കാരും അതിന്റെ നേതൃപദവിയിലുള്ള ബിജെപിയും ഉയർത്തിപിടിക്കുന്ന നയങ്ങൾ ആശയപരമായും അതിന്റെ പ്രായോഗിക മാനത്തിലും നവ-ഉദാരവത്കരണത്തിന്റെതാണ്, പൊതുവിദ്യാഭ്യാസ മേഖലയാകട്ടെ 2014ന് ശേഷം വലിയ തോതിലുള്ള ആക്രമണം നേരിട്ട് കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ഗവേഷണ ഫെല്ലോഷിപ് നിർത്തലാക്കുകയും, NFOBC, NFSC,ST തുടങ്ങിയ ഒട്ടനേകം ഗവേഷണ സ്കോളർഷിപ്പുകളും, ഫെലോഷിപ്പുകളും നിരന്തരമായി മുടങ്ങുകയും ചെയ്യുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസനയം ഇന്ത്യൻ പൊതുമേഖല വിദ്യാഭ്യാസത്തിന്റെ സമൂലമായ കോർപ്പറേറ്റ്‌വൽക്കരണത്തിന്റെ പ്രഖ്യാപനമാണെന്ന് വ്യക്തവുമാണ്. ഇത്തരം നടപടികൾക്കെതിരെ പ്രതിരോധം തീർക്കാൻ ബാധ്യസ്ഥരായ രാജ്യത്തിന്റെ പ്രതിപക്ഷ നേതൃനിര നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. കോൺഗ്രസിന്റെ ബിജെപി വിരുദ്ധത കേവല പോപുലിസം മാത്രമല്ലെന്നു തെളിയിക്കാൻ എങ്കിലും ഇത്തരം നടപടികൾ കൈക്കൊള്ളാതിരിക്കേണ്ടതുണ്ട്. നിലവിൽ ഹൈദരാബാദ് നഗരം വലിയ പാരിസ്ഥിതിക ചൂഷണം നേരിട്ട് കൊണ്ടിരിക്കുകയാണ്, നഗരത്തിന്റെ അതിർത്തിയിൽ ഇനി അവശേഷിക്കുന്ന രണ്ടേ രണ്ട് ഹരിത തുരുത്തുകളിൽ ഒന്നാണ് സർവകലാശാലക്കകത്തുള്ളത്. ഗച്ചിബൗളി പ്രദേശത്തു തുടരെ നടന്നുക്കൊണ്ടിരിക്കുന്ന വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എത്രത്തോളം ആഘാതമാണ് വരുത്തി വച്ചിരിക്കുന്നത് എന്നറിയാൻ 2024 ഡിസംബറിൽ ഗ്രീൻപീസ് ഇന്ത്യ പുറത്തിറക്കിയ പ്രദേശത്തെ നൈട്രിക് ഒക്സൈഡ് നിരക്കിലെ വർധനവിനെ ചൂണ്ടിക്കാണിക്കുന്ന പഠനം മാത്രം മതിയാവുന്നതാണ്. ഉത്തരേന്ത്യക്ക് പുറത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ NO2 നിരക്ക് വർധനയുള്ള പ്രദേശമാണ് ഗച്ചിബൗളി. ആ പ്രദേശത്തേക്കാണ് യാതൊരു വിധ പരിസ്ഥിതി ആഘാത പഠനങ്ങളും നടത്താതെ കൃത്യമായി ഭൂമി സർവ്വേ പോലും നടത്താതെ രേവന്ത് റെഡ്ഢി ഗവണ്മെന്റ് ഈ പദ്ധതിയുമായി മുന്നോട്ട് വരുന്നത്.

പദ്ധതിക്കായി വകമാറ്റിയ പ്രദേശം വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന വിവിധയിനം പക്ഷി മൃഗാദികളുടെയും സസ്യലതാദികളുടെയും ജൈവ-ആവാസവ്യവസ്ഥയാണ്. ക്യാമ്പസ്‌ ‘വനം’ എന്ന സാങ്കേതിക തരത്തിൽ ഉൾപ്പെടുന്നില്ല എന്ന കാരണം മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയും കോൺഗ്രസിന്റെ വൃത്തങ്ങളും നിരന്തരമായി ഉയർത്തികൊണ്ട് വരുമ്പോഴും ക്യാമ്പസ്സിലെത്തുന്ന ഏതൊരാൾക്കും കാണത്തക്ക വിധം വ്യക്തമാണ് ക്യാമ്പസ്‌ ഉൾക്കൊള്ളുന്ന ജൈവസമ്പത്ത്.  അതിന് പുറമെ 2010ൽ WWF ഇന്ത്യയിലെ സർവകലാശാലയിലെ വിദഗ്ധരുമായി ചേർന്ന് നടത്തിയ പാരിസ്ഥിതിക പഠനത്തിൽ നക്ഷത്ര ആമ, ഇന്ത്യൻ റോക്ക് പൈത്തൺ, മയിൽ, മാൻ, അനേകം പക്ഷികൾ, അതിൽ തന്നെ ദേശാടനക്കിളികളും അല്ലാത്തവയും ക്യാമ്പസ്സിൽ അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സർവകലാശാലയിലെ ലൈഫ് സയൻസ് വിഭാഗത്തിൽ പലകാലങ്ങളായി നടന്ന വിവിധ ഗവേഷണപ്രബന്ധങ്ങളും ഈ ജൈവസമ്പത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് നിന്നാണ് നിലവിലെ പദ്ധതിക്കായി 400 ഏക്കർ വകമാറ്റിയതും, വിദ്യാർത്ഥി പ്രതിഷേധങ്ങൾ സ്റ്റേറ്റ് മെഷീനറി ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തി വൻ തോതിൽ മണ്ണുമാന്തി യന്ത്രങ്ങൾ വിന്യസിച്ച്, നൂറോളം ഏക്കർ ഭൂമിയിൽ വനനശീകരണം നടത്തിയതും. സാങ്കേതികത്വം എന്ത് തന്നെയായാലും ഇത്രയും പാരിസ്ഥിതീകാഘാതമുള്ള ഒരു പദ്ധതിയുടെ രാഷ്ട്രീയവും, ധാർമ്മികവുമായ ശരിക്കേടുകളിൽ നിന്ന് അവയൊന്നും രേവന്ത് റെഡ്ഢിയെയോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പാർട്ടിയായ കോൺഗ്രസിനെയോ വിമുക്തരാക്കാൻ പോന്നവയല്ല.

REPRESENTATIVE IMAGE | WIKI COMMONS
ഗച്ചിബൗളി പ്രദേശം മുഴുവനായി TCS, DLF എന്നിങ്ങനെ പല വമ്പൻ കമ്പനികളും വിഴുങ്ങിയപ്പോഴും നഗരത്തിൽ ഇത്രയും പച്ചപ്പ് ബാക്കിയായത് എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം ഹൈദരാബാദ് സർവകലാശാല എന്നതാണ്. 1974ൽ അറുപതുകളുടെ അവസാനം തെലങ്കാന സമരത്തിന്റെ, അതിന്റെ ഭാഗമായി മരിച്ച് വീണ മുന്നൂറിലധികം മനുഷ്യരുടെ ജീവന്റെ വിലയെന്നോണം ഇന്ദിര ഗാന്ധി സർക്കാർ സ്ഥാപിച്ചതാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാല. ആറ് പോയിന്റ് ഫോർമുല പ്രകാരം അന്നത്തെ അവിഭക്ത ആന്ധ്രയിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുക പോലും ഉണ്ടായി. 1975ലാണ് ഇന്ന് സർവകലാശാല പ്രവർത്തിക്കുന്ന, നിർദ്ദിഷ്ട്ട ഭൂമി ഉൾക്കൊള്ളുന്ന പ്രദേശം സംസ്ഥാന സർക്കാർ സർവകലാശാലയുടെ ആവശ്യങ്ങൾക്ക്, വിദ്യാഭ്യാസ പ്രവർത്തങ്ങൾക്ക് വേണ്ടി മാത്രമായി വകയിരുത്തുന്നത്. 2300 ഏക്കറിൽ അധികം വരുന്ന ഈ ഭൂമിയിൽ ഇപ്പോൾ പൊതു മേഖല സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിട്ട് കൊടുത്തതിന് ശേഷം ബാക്കിയായ 1,800നടുത്ത് മാത്രം വരുന്ന ഭൂമിയിൽ നിന്നാണ് വീണ്ടും ഈ മുറിച്ചുമാറ്റൽ നടക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ വലിയ തോതിൽ വിറ്റഴിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ്‌ അവനവന്റെ അധികാര വലയത്തിനുള്ളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി, ഒരു പൊതുമേഖല സ്ഥാപനം കൈവശം വച്ചിരിക്കുന്ന ഭൂമി കുത്തക കമ്പനികൾക്ക് തീരെഴുതുന്നതിലെ വിരോധാഭാസം കോൺഗ്രസിന് മനസ്സിലാക്കാൻ ഉള്ള ബുദ്ധിമുട്ട് നവ-ഉദാരവൽക്കരണത്തിന്റെ ജനിതകവിത്ത് ഇന്ത്യയിൽ വിതച്ചത് കോൺഗ്രസാണ് എന്ന വസ്തുത ചേർത്ത് വായിക്കുമ്പോൾ അത്ര ആശ്ചര്യജനകമല്ല. പക്ഷെ സർക്കാർ ഭൂമി സർക്കാരിന്റേതല്ല അത് ജനത്തിന്റെതാണ്, ജനത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് അത് വിനിയോഗിക്കേണ്ടത്; മറിച്ച് തങ്ങളുടെ ക്രോണി-ക്യാപിറ്റലിസ്റ്റ് കൂട്ടാളികളുടെ ഹിതങ്ങൾക്കും, ലാഭവിഹിതങ്ങളുടെ യുക്തികൾക്കും അനുസരിച്ചാകരുത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നിനെ നിർണ്ണയിക്കുന്ന, അതിന്റെ സ്വത്വത്തിന്റെ ഭാഗമാണ്, ഭൂമിയോളം പഴക്കമുള്ള ഡെക്കാൻ റോക്ക് ഫോർമേഷൻസും, മൂന്നു താടാകങ്ങളും ഉൾക്കൊള്ളുന്ന ഈ ഭൂമി.

വിദ്യാർത്ഥി പ്രക്ഷോഭത്തെ കോൺഗ്രസ്‌ നേരിട്ട രീതിയിലും കേന്ദ്ര സർക്കാരുമായി സാമ്യങ്ങളുണ്ട്, പൊലീസിനെ വിന്യസിച്ചു സർവകലാശാലയുടെ മൂന്ന് അക്കാദമിക് ബ്ലോക്കുകളിലേക്കുള്ള ബാരിക്കേഡ് വച്ച് തടയുകയും, വിദ്യാർത്ഥികളുടെ, അവരുടെ സ്വന്തം സർവകലാശാലക്കകത്തെ സഞ്ചാര സ്വാതന്ത്ര്യം വിലക്കി, നിരവധി മണ്ണ്മാന്തി യന്ത്രങ്ങൾ വിന്യസിച്ച് കാട് മുടിക്കാനിറങ്ങുകയായിരുന്നു കോൺഗ്രസ്സ് സർക്കാർ. പ്രതിഷേധിച്ച വിദ്യാർത്ഥികളെ തല്ലി ചതയ്ക്കുകയും, അവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സർക്കാർ സമാധാനാമായി സമരം ചെയ്ത 54 വിദ്യാർത്ഥികൾക്കെതിരായാണ് കേസ് എടുത്തത്. നൂറിലധികം കേസുകൾ ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ പലയിടത്തായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർവകലാശാലയിലെ ഒരു ഗവേഷണ വിദ്യാർത്ഥിയും, ഒരു പോസ്റ്റ്‌ ഡോക് ഫെല്ലോയും ഇന്നും ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്. അവർ ചെയ്ത കുറ്റം സർവകലാശാലയുടെ ഭൂമി സംരക്ഷിക്കാൻ, പ്രകൃതി സംരക്ഷിക്കാൻ സമരം ചെയ്തു എന്നത് മാത്രമാണ്. ക്യാമ്പസ്സിലെ വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷത്തിന്റെയും, വിഭജനത്തിന്റെയും വാക്കുകളാണ് സർക്കാർ നിരന്തരം മുഴക്കിയത്. കൗശലക്കാരായ കുറുക്കന്മാർ എന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോൾ, ഉത്തരേന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ അപമാനിക്കുകയാണ് ഒരു പ്രമുഖ കോൺഗ്രസ്‌ എംപി ചെയ്തത്. ഇതിന് പുറമെ സമരത്തിന്റെയും, സമരക്കാരുടെയും രാഷ്ട്രീയ ഏജൻസി ചോദ്യം ചെയ്തുകൊണ്ട്, സമരം ചെയ്യുന്നത് ഒരു കൂലിപ്പട്ടാളമാണെന്ന് നിരന്തരം ആക്ഷേപങ്ങൾ ഉയർത്തുകയും ചെയ്തു കോൺഗ്രസ്‌.

REPRESENTATIVE IMAGE | WIKI COMMONS
എന്ത് വ്യത്യസ്തതയാണ് കോൺഗ്രസ്‌ ബിജെപിയിൽ നിന്ന് അവകാശപ്പെടുന്നത്?

പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തികാണിച്ചു സുപ്രീം കോടതിയിലും, ഹൈക്കോടതിയിലും ഫയൽ ചെയ്യപ്പെട്ട കേസുകൾക്ക് ശേഷം കോൺഗ്രസ്‌ സർക്കാർ മന്ത്രിസഭാസമിതിയെ നിയമിക്കുകയും, സമിതി ആദ്യഘട്ട ചർച്ചകൾ നടത്തുകയുമുണ്ടയായി. എന്നാൽ വിദ്യാർത്ഥികൾക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കുകയും, ക്യാമ്പസ്സിൽ നിന്നും പൊലീസിനെ പൂർണ്ണമായും പിൻവലിക്കുകയും ചെയ്യാത്ത പക്ഷം കമ്മിറ്റിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ആദ്യഘട്ടത്തിൽ സമരം തകർക്കാൻ ശ്രമിച്ച, തെറ്റിദ്ധാരണജനകമായ മറുപടികൾ നിയമസഭയിൽ നൽകുകയും ചെയ്ത മന്ത്രി ശ്രീധർ ബാബു അടക്കമുള്ളവരാണ് കമ്മിറ്റിയിലുള്ളതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സമരം നിമിത്തം സുപ്രീം കോടതിയിൽ നിന്നുമുണ്ടായ സ്റ്റേ മൂലം തിരിച്ചടി നേരിട്ട സർക്കാർ നിലവിൽ സർവകലാശാലയെ മുഴുവൻ നിലവിൽ ആവിർഭാവിച്ചിട്ടില്ലാത്ത ‘future city’യിലേക്ക് പറിച്ച് നടുമെന്നും, പകരം 2,000 ഏക്കർ സ്ഥലത്ത് എക്കോ പാർക്ക്‌ സ്ഥാപിക്കുമെന്നും ഉത്തരവ് ഇറക്കുകയുണ്ടായി. ലോകോത്തര നിലവാരമുള്ള സർവകലാശാല 100 ഏക്കറിൽ എങ്ങനെ പണിയുമെന്നോ, 50 വർഷം കൊണ്ട് നടത്തിയ കോടിക്കണക്കിന് രൂപയുടെ മൂലധന-അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾ എങ്ങനെ പറിച്ചുനടണമെന്നോ ആണ് സർക്കാർ ദിവാസ്വപ്നം കാണുന്നത് എന്നതൊരു സമസ്യയാണ്. കോൺഗ്രസ്‌ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്, അവനവന്റെ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രത്തെ വെല്ലുന്ന ക്രോണി ക്യാപിറ്റലിസം നടപ്പിലാക്കി കേന്ദ്ര നയങ്ങൾക്കെതിരായുള്ള പ്രതിരോധനിരയുടെ നേതൃത്വം കയ്യാളുന്നതിലെ അനൗചിത്യം മനസ്സിലാക്കേണ്ടതുണ്ട്, ആശയപരമായ പാപ്പരത്വം ജനത്തിന്റെ അടിസ്ഥാന അവകാശങ്ങൾക്കും, വിദ്യാഭ്യാസത്തിനും, വായുവിനും വരെ വിലയിടാനുള്ള ലൈസൻസ് ആയി ഭവിക്കരുത്. മുകളിൽ പ്രതിപാദിച്ച പ്രകാരം സർവകലാശാല അതിന്റെ ധർമം നിറവേറ്റുന്നുണ്ട്, ഇനിയുള്ള ചോദ്യം തെലങ്കാനയിലെ കോൺഗ്രസ്‌ സർക്കാറിനോടാണ് ; നിങ്ങൾ എപ്പോഴാണ് നിങ്ങളുടെ ധർമ്മം നിറവേറ്റുന്നത്?


ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗത്തിൽ എം വി വിദ്യാർത്ഥിയാണ് ലേഖകൻ.








#outlook
Leave a comment