
റാഗിങ്ങ് കൊലപാതകങ്ങളും നോക്കുകുത്തിയാവുന്ന നിയമങ്ങളും
അസമമായ സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സംഘർഷാത്മകമായ അന്തരീക്ഷത്തിന്റെ സങ്കീർണ്ണതയിൽ പെട്ടുഴലുകയാണ് മറ്റ് പലയിടങ്ങളിലെന്ന പോലെ കേരളവും. ആരോഗ്യകരമല്ലാത്ത സാമൂഹികമായ കാലാവസ്ഥയുടെ അനുരണനങ്ങൾ അതിന്റെ പരിച്ഛേദമായ സ്കുളൂകളിലും കോളേജുകളിലും മറ്റും അതിതീവ്രമായ രീതിയിൽ പ്രകടമാകുകയാണ്. പലപ്പോഴും അത് നിലവിട്ട് അക്രമത്തിന്റെയും ക്രൂരതയുടെയും സ്വഭാവം കൈവരിക്കുന്നു. ഇത്തരമൊരു വിഷയത്തെ അഭിമുഖീകരിക്കാനുള്ള പ്രാപ്തിയോ താൽപ്പര്യമോ ഇല്ലാത്ത നിലയിലേക്ക് അധ്യാപക, രാഷ്ട്രീയ, മാധ്യമ നിലപാടുകൾ ചുരുങ്ങുകയും ചെയ്യുന്നു. നിക്ഷിപ്ത താൽപ്പര്യങ്ങൾക്കപ്പുറം ഇത്രയും സങ്കീർണ്ണമായ വിഷയത്തെ വിലയിരുത്തുകയും അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും അവർ തയ്യാറാകുന്നില്ല. പൊതുവിൽ പൊതുസമൂഹത്തിന്റെ തന്നെ നിഷേധാത്മക നിലപാടുകൾ വർത്തമാന കാലത്തെ കുറിച്ച് മാത്രമല്ല, ഭാവിയെ കുറിച്ചും ആശങ്ക ജനിപ്പിക്കുന്നവയാണ്.
നമ്മുടെ സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ പലവിധ കാരണങ്ങൾ കൊണ്ട് അഗ്നിപർവ്വതം പോലെ സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അത്തരം ഇടങ്ങളിൽ വർധിച്ചു വരുന്ന വിദ്യാർത്ഥി മരണ നിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. അടുത്തകാലത്തായി ആ കൂട്ടത്തിലെ പ്രധാന കാരണങ്ങളിലൊന്നായി മാറിയിരിക്കുകയാണ് റാഗിങ്ങ്. പ്രായം കൊണ്ടോ മറ്റു സാഹചര്യങ്ങൾ കൊണ്ടോ ഒരു വിദ്യാലയത്തിൽ എത്തിപ്പെട്ടത് കുറച്ചു നേരത്തെയായിപ്പോയി എന്നത് കൊണ്ട് നമുക്ക് പുറകെ ആ വിദ്യാലയത്തിലെത്തുന്നവർ ഇതേ കാരണങ്ങൾ കൊണ്ട് കുറച്ചു വൈകിപ്പോയി എന്നത് കൊണ്ടോ മാത്രം, അവർക്ക് മേൽ അധീശത്വം സ്ഥാപിക്കേണ്ടത് മുൻഗാമി എന്ന നിലയിൽ ഒരാളുടെ ആവശ്യവും അവകാശവും അധികാരവുമാണെന്ന ചിന്തകൊണ്ട്, ആ വ്യക്തിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക എന്ന ദുഷ്പ്രവർത്തിയാണ് റാഗിങ്ങ് എന്ന് ചുരുക്കി പറയാം. കുറച്ചു കാലം മുൻപ് വരെ ഇന്ത്യയിലെ കലാലയങ്ങൾ റാഗിങ്ങ് എന്ന അധമത്വത്തിന്റെ കൂത്തരങ്ങായിരുന്നു. കേരളം പോലെ ചില സംസ്ഥാനങ്ങളിലെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലായിരുന്നു റാഗിങ്ങ് എന്ന ക്രിമിനൽ സംസ്കാരത്തെ ഇല്ലാതാക്കിയതെന്ന ചരിത്രം ആർക്കും നിഷേധിക്കാനുമാകില്ല. എന്നാൽ, പലയിടത്തും ക്യാമ്പസുകളുടെ സ്വഭാവം സാമ്പത്തികാടിസ്ഥാനത്തിലുള്ള പ്രവേശനത്തിലേക്ക് വഴുതി വീഴുകയും, വിദ്യാർത്ഥി രാഷ്ട്രീയം മറ്റ് പല സ്വാധീനങ്ങളുടെ പിടിയിലമരുകയും ചെയ്തതോടെ റാഗിങ് പോലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ക്യാമ്പസുകളിലേക്ക് തിരികെ വരുന്നതിന് അത് വഴിയൊരുക്കി. ഈ ക്രൂരത തടയുന്നതിനായി 2011 ൽ സർക്കാർ റാഗിങ്ങ് നിരോധന നിയമം അതിശക്തമായ വകുപ്പുകളോടെ കൊണ്ടു വന്നു. എന്നാൽ, നിയമം എട്ടിൽ മാത്രമായി എന്ന സങ്കടമുളവാക്കുന്ന, അതിലേറെ ഞെട്ടിപ്പിക്കുന്ന വസ്തുത കണ്മുന്നിൽ തന്നെയുണ്ട്. REPRESENTATIVE IMAGE | WIKI COMMONS
സീനിയർ വിദ്യാർത്ഥികൾ അവരവരുടെ ആധിപത്യം കാണിക്കാൻ ഉപയോഗിച്ചു വരുന്ന ക്രൂരമായ രീതിയായി ചുരുക്കി കാണുന്ന ഈ സംഭവം, പക്ഷേ പലയിടങ്ങളിലും സ്‌കൂൾ, കോളേജ് അധികൃതർക്ക് പല കാരണങ്ങൾ കൊണ്ട് താൽപ്പര്യമില്ലാതെയായ, അവർ 'പാഠം' പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന ശിക്ഷാവിധി കൂടെയായി മാറുന്നുണ്ട്. അതൊരു മാനേജ്‌മെന്റ് സ്പോൺസേഡ് പരിപാടിയായത് കൊണ്ടു തന്നെ ആ കൃത്യം നടത്തുന്നതിനിടയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പോലും കുറ്റം ചെയ്യുന്നവർക്ക് സംരക്ഷണ കവചം തീർക്കാൻ മാനേജ്‌മന്റ് നിൽക്കും. ഇനി മാനേജ്മെന്റിന് പ്രത്യേകിച്ച് പങ്കൊന്നുമില്ലെങ്കിലും സ്ഥാപനത്തിന്റെ സൽപ്പേര് സംരക്ഷണാർത്ഥവും അവർ ഇരയെ കൈയ്യൊഴിയും.
കൊച്ചിയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ മിഹിർ റാഗിങ്ങിനു വിധേയനായി, മനം മടുത്ത് ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് ഈ സംഭവങ്ങളിൽ ഏറ്റവും പുതിയത്. പതിനെട്ടു വയസിനു താഴെയുള്ള ഒരാൾ ആത്മഹത്യ ചെയ്‌താൽ, അതു ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന സിദ്ധാന്തം പലയിടത്തും പലരും കൊട്ടിഘോഷിക്കുന്നതല്ലാതെ അതിനു തടയിടാനായി ഇവിടെയൊരു ഫലപ്രദമായ സംവിധാനം നിലവിലുള്ളതായി അറിവിലില്ല. REPRESENTATIVE IMAGE | PHOTO :WIKI COMMONS
മിഹിറിനെ പോലെയുള്ളവർ, വിടരുന്നതിന് മുൻപേ, ബഹുനില കെട്ടിടങ്ങളിൽ നിന്നും കൊഴിഞ്ഞു വീഴുമ്പോൾ അതിനു പിന്നിലുള്ള കാരണങ്ങളെ ചെറുതായെങ്കിലും ന്യായീകരിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് തേടിപ്പോകുന്നവർ അറിഞ്ഞോ അറിയാതെയോ ഇരയെ വീണ്ടും ആക്രമിക്കുകയാണ്.
അടുത്ത കാലത്തായി കേരളത്തിൽ വലിയ രീതിയിൽ ചർച്ചയായ ഒരു റാഗിങ്ങ് കേസാണ് വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയുടെ മരണം. കേരള മനഃസാക്ഷിയെ ഞെട്ടിച്ചതെന്ന നിലയിലാണ് അന്ന് ആ വാർത്ത ഇവിടുത്തെ മാധ്യമങ്ങളും സമൂഹവും രാഷ്ട്രീയ പാർട്ടികളും കൊണ്ടാടിയത്. എന്നാൽ ആ വാർത്തക്ക് പ്രാധാന്യം ലഭിക്കാൻ അതിൽ രാഷ്ട്രീയ കാരണങ്ങളും ഉൾപ്പെട്ടിരുന്നു എന്നതും വിസ്മരിച്ചു കൂടാ. സ്ത്രീ പീഡന കേസുകൾ ആയിക്കോട്ടെ, റാഗിങ്ങ് കേസുകൾ ആയിക്കോട്ടെ, അവയ്ക്കെല്ലാം മേമ്പൊടി ചാലിക്കാൻ മറ്റെന്തെങ്കിലും കൂടിയുണ്ടെങ്കിൽ മാത്രമേ മാധ്യമങ്ങളിൽ രാപ്പകൽ ചർച്ച നടത്തേണ്ടതുള്ളൂ എന്ന എഡിറ്റോറിയൽ പോളിസി കൂടിയാണ് ഇവിടെ വിമർശന വിധേയമാക്കേണ്ടത്. കേവലം ഒരു റാഗിങ്ങ് പ്രശ്നം മാത്രമാണെങ്കിൽ അതിനു വാർത്താ പ്രാധാന്യം നൽകേണ്ടതില്ലെന്നുമുള്ള തരത്തിൽ ഇത്തരമൊരു ക്രൂര കൃത്യം സാമാന്യവൽക്കരിക്കപ്പെടുന്നിടത്താണ് മാധ്യമങ്ങളുടെ സ്വഭാവസവിശേഷത പരിശോധിക്കപ്പെടേണ്ടത്. മാധ്യമങ്ങൾ ആഘോഷിക്കുന്നില്ലെങ്കിൽ അതിൽ അത്രയൊക്കെയേ കഴമ്പുള്ളൂ എന്ന് ജനവും കരുതി തുടങ്ങുന്ന അപകടകരമായ വ്യവസ്ഥിതിയിലൂടെയാണ് നമ്മുടെ പോക്ക്. സ്ഥാപന കൊലപാതകങ്ങൾ അഥവാ institutional murders ആണ് സംഭവിക്കുന്നതെങ്കിൽ, മനഃപൂർവമോ യാദൃശ്ചികമോ ആയി ആ വിദ്യാർത്ഥിയുടെ ഭാഗത്തുള്ള തെറ്റുകൾ തിരഞ്ഞു പോകാനുള്ള മാധ്യമങ്ങളുടെയും, അതു വഴി സമൂഹത്തിന്റെയും ത്വര വർഷങ്ങൾക്ക് മുൻപേ ജിഷ്ണു പ്രണോയി വിഷയത്തിൽ കണ്ടതാണ്.സിദ്ധാർത്ഥ് | PHOTO : WIKI COMMONS
എന്തെല്ലാം പിഴവുകൾ ഒരു വിദ്യാർത്ഥിയിൽ നിന്നുണ്ടായെന്ന് പറഞ്ഞാലും, കുട്ടികളെ പഠന വിഷയങ്ങൾക്കൊപ്പം അച്ചടക്കവും മര്യാദയും പരിഷ്കാരവുമെല്ലാം പഠിപ്പിക്കുന്നു എന്ന് പറയപ്പെടുന്ന വിദ്യാലയ അധികൃതർ തന്നെ, അപരിഷ്കൃത സമൂഹം പോലും ലജ്ജിക്കുന്ന തരത്തിൽ, അറിവിന്റെ വെളിച്ചത്തിനു പകരം കൂരിരുൾ നിറഞ്ഞ ഇടിമുറിയിലേക്ക് അവനെ ബലം പ്രയോഗിച്ച് കൊണ്ടു പോയി ഭേദ്യം ചെയ്യുക എന്നതിനെ ഒരു അധ്യാപക മാനുവൽ കൊണ്ടും നീതീകരിക്കാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല.
"ഞാൻ ജീവിച്ചിരിക്കുന്നതിനേക്കാൾ സന്തോഷം എന്റെ മരണത്തിൽ കാണുന്നു" എന്ന് രോഹിത് വെമുല എന്ന വിദ്യാർത്ഥി ഒരിക്കലും ഉള്ളിൽ സന്തോഷം നിറഞ്ഞു തുളുമ്പി പറഞ്ഞതല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ജാതിയുടെ പേരിൽ സ്വന്തം കലാലയത്തിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ വിവേചനത്തിൽ മനം മടുത്താണ് നമ്മെ ഇരുത്തി ചിന്തിക്കാൻ തക്ക പ്രാപ്തിയുള്ള ചില വാചകങ്ങൾ ലോകം മുഴുവൻ വായിക്കണമെന്ന ഉദ്ദേശത്തിൽ കുറിച്ചിട്ട്, ജീവിതം അവസാനിപ്പിക്കാൻ പ്രതിഭാധനനായ ആ വിദ്യാർത്ഥി തയ്യാറായത്.
അങ്ങനെ, എത്രയോ ജിഷ്ണു പ്രണോയ്മാർ, എത്രയോ രോഹിത് വെമുലമാർ നമ്മുടെ വിദ്യാലയ മുറ്റങ്ങളിൽ ജീവിതം ഹോമിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ തന്നെ മാധ്യമങ്ങൾ ആഘോഷമാക്കാതിരുന്ന എത്രയോ 'ചെറു' മരണങ്ങൾ.രോഹിത് വെമുല | PHOTO : WIKI COMMONS
ഇന്നത്തെ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ തലമുറയിൽപ്പെട്ട ഭൂരിഭാഗം പേരോടും ചോദിച്ചാൽ, അവരെല്ലാം ക്യാമ്പസ് രാഷ്ട്രീയത്തിന് എതിരാണ് എന്ന തരത്തിലുള്ള അഭിപ്രായമാണ് ലഭിക്കുക. അതിനു കാരണമായി അവർ തന്നെ പറയുന്നത്, പഠിക്കാൻ വിട്ടാൽ പഠിക്കുന്നതിനു പകരം രാഷ്ട്രീയം കളിച്ചും സമരം ചെയ്തും നടന്നിട്ടെന്തിനാണ് എന്നതാണ്. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഗുണ ദോഷങ്ങളെ പറ്റി ഈ വിഷയത്തിൽ സംസാരിക്കേണ്ടതില്ലെന്നാലും ഈ ചിന്താഗതിയുള്ളവർ മനസിലാക്കേണ്ടുന്ന ഒരു കാര്യം, ക്യാമ്പസ് രാഷ്ട്രീയം ഉണ്ടാക്കുന്നു എന്ന് നിങ്ങൾ പറയുന്ന അപകടങ്ങളെക്കാൾ ഏറെ തീവ്രയതയുള്ളതാണ് ഇത്തരത്തിൽ സ്ഥാപന സംബന്ധിയായി ഓരോ കലാലയങ്ങളിൽ, പ്രത്യേകിച്ചും സ്വാശ്രയ സ്ഥാപനങ്ങളിൽ നടക്കുന്ന നീചകൃത്യങ്ങൾ. അവ സംഭവിക്കുമ്പോൾ, അതിനു ഇരയാകുന്ന, അല്ലെങ്കിൽ ആക്കപ്പെടുന്ന ആ വിദ്യാർത്ഥിയുടെ ദുര്യോഗം ആലോചിച്ചു രണ്ടിറ്റ് മുതലക്കണ്ണീർ പൊഴിക്കുന്നതല്ലാതെ, ക്യാമ്പസ് രാഷ്ട്രീയത്തെ തള്ളിപ്പറയാൻ നിങ്ങൾ കാണിക്കുന്ന ആർജ്ജവം ഇവിടെ നിലനിൽക്കുന്ന ഇത്തരം ദുർവ്യവസ്ഥിതികളെ ചോദ്യം ചെയ്യാൻ കാണിക്കുന്നില്ല.
2009 ൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ആന്റി റാഗിങ്ങ് ഹെല്പ് ലൈൻ നമ്പറുണ്ട്. കൂടാതെ, ഓരോ സംസ്ഥാനങ്ങളും ഈ വിഷയത്തിൽ സ്വന്തമായി നിയമ നിർമാണങ്ങൾ നടത്തിയിട്ടുണ്ട്. 1998 കാലത്ത് തന്നെ കേരളം റാഗിങ്ങിനെതിരെയുള്ള നിയമം കൊണ്ടു വന്നിട്ടുള്ളതാണ്. അതു പ്രകാരം റാഗിങ്ങ് കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കുകയും ഒപ്പം, പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ നിന്നും പുറത്താക്കപ്പെടുകയും മൂന്ന് കൊല്ലത്തേക്ക് വേറെയൊരിടത്തും ചേർന്നു പഠിക്കാൻ കഴിയാത്ത തരത്തിലുള്ള വിലക്കും അവരെ കാത്തിരിക്കുന്നുണ്ട്. സാമാന്യം ശക്തമെന്ന് തന്നെ പറയാവുന്ന വകുപ്പുകൾ. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം, അവന്റെ ജീവിതത്തിലെ ഏറ്റവും ഉപയോഗപ്പെടുത്തേണ്ട ഏതാനും വർഷങ്ങൾ കോടതി വരാന്തകളിലും അഴിക്കുള്ളിലുമായി ചെലവഴിക്കേണ്ടതായി വരും. റാഗിങ്ങ് പരാതി കിട്ടിയാൽ, അതിൽ കൃത്യമായ പ്രാഥമിക അന്വേഷണം നടത്തി, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അതു പൊലീസിന് കൈമാറേണ്ട ഉത്തരവാദിത്തം വിദ്യാലയ അധികൃതർക്കുമുള്ളതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം നേരത്തെ പറഞ്ഞ ശിക്ഷാവിധി അധികൃതർക്കും ബാധകമാകുമെന്നാണ് നിയമം പറയുന്നത്. റാഗിങ്ങ് വിഷയത്തിൽ സുപ്രീം കോടതിയും വലിയ രീതിയിൽ ഇടപെടലുകൾ നടത്തിയിട്ടുള്ളതാണ്. 2001 ൽ റാഗിങ്ങ് തടയുന്നതിനായി കോടതി തന്നെ ചില നിർദേശങ്ങൾ പൊതുവായി മുന്നോട്ടു വച്ചിരുന്നതും 2006 ൽ സുപ്രീം കോടതിയുടെ ഉപദേശ പ്രകാരം, ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം കയ്യാളുന്ന മാനവ വിഭവ ശേഷി വകുപ്പ്, റാഗിങ്ങ് തടയാൻ ഒരു ടാസ്ക് ഗ്രൂപ്പിന് രൂപം നൽകിയിട്ടുള്ളതും, പിന്നീട് ഡോ. രാഘവന്റെ അധ്യക്ഷതയിൽ റാഗിങ്ങിനെ പറ്റി പഠിക്കാൻ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുള്ളതും ആന്റി റാഗിങ്ങ് രംഗത്ത് പുതു ചലനങ്ങൾ ഉണ്ടാക്കിയിട്ടുള്ളതാണ്.സുപ്രീം കോടതി | PHOTO : WIKI COMMONS
ഡോ. രാഘവൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം, 2001 ലെ സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല, അതിനാൽ തന്നെ റാഗിങ്ങ് കേസുകളിൽ കുറവ് വന്നിട്ടില്ല എന്നുമാണ് പുറത്തു വന്ന വിവരം. 2007 ൽ എല്ലാ കോളേജുകളോടും അവിടെ സംഭവിച്ചിട്ടുള്ള റാഗിങ്ങുകളെ പറ്റിയുള്ള കണക്കുകൾ അവരുടെ അഡ്മിഷൻ ബ്രോഷറിൽ ഉൾപ്പെടുത്തണമെന്നും നിയമം വന്നു. രാഘവൻ കമ്മിറ്റി പ്രകാരം, വിദ്യാലയങ്ങളിൽ റാഗിങ്ങ് സെല്ലുകൾ രൂപീകരിക്കപ്പെട്ടു. റാഗിങ്ങ് പരാതി ഉയർന്നാൽ, അതിൽ നിരപരാധിയെന്ന് തെളിയിക്കേണ്ടതായ ഉത്തരവാദിത്തം കുറ്റാരോപിതനിലേക്ക് നിക്ഷിപ്തമായി. എസ് സി ഇ ആർ ടി , എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ റാഗിങ്ങുമായി ബന്ധപ്പെട്ടുള്ള പാഠ ഭാഗങ്ങൾ ഉൾപ്പെടുത്തി. 2009 ൽ യു ജി സി തന്നെ, രാജ്യത്തെ കലാലയങ്ങളിൽ റാഗിങ് എന്ന വിപത്ത് നിരോധിക്കപ്പെടുന്നതിനായുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇത്തരം നിയമങ്ങളുടെ ബാക്കി പത്രമായാണ് ഇന്ന് മിക്ക സ്ഥാപനങ്ങളിലും നാം കണ്ടു വരുന്ന ഫ്രഷേഴ്സ് ഡേ ആഘോഷങ്ങൾ. സീനിയർ കുട്ടികൾക്ക് ജൂനിയർ കുട്ടികളോട് കാണിക്കാവുന്ന കളി തമാശകൾ പൂർണമായി ഒഴിവാക്കാതെ, അതിനു പരിധി നിശ്ചയിച്ച്, അത്തരം പരിപാടികൾ കലാലയത്തിലെ അധ്യാപകരുടെ മേൽനോട്ടത്തിൽ മാത്രം നടത്താൻ അനുമതി നൽകി തുടങ്ങി. അത്തരത്തിൽ നിയമ നിർമാണങ്ങളും അനന്തര പ്രവർത്തനങ്ങളും മോശമല്ലാത്ത രീതിയിൽ തന്നെ വിഭാവനം ചെയ്തയിടത്ത് തന്നെയാണ് ഇതെല്ലാം പിന്നെയും പിന്നെയും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് സംഗതികൾ കൂടുതൽ സങ്കീർണമാക്കുന്നത്.
ഇതേ നിയമങ്ങൾ കടലാസുതുണ്ടുകളായി മാത്രം അവശേഷിച്ച്, അവയ്ക്ക് നിരോധിച്ച നോട്ടുകളുടെ പോലും വിലയില്ലാതായി തീരുന്നിടത്താണ് കാര്യങ്ങൾ വഷളാകുന്നത്. ഈ കാര്യത്തിൽ സർക്കാരുകളുടെയും അലംഭാവം നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. സർക്കാരുകൾക്ക് സ്വാശ്രയ സ്ഥാപന മുതലാളിമാരെ പിണക്കി നിലനിൽക്കാൻ കഴിയില്ലെന്ന ഭയം കൊണ്ടും മറ്റു സ്ഥാപിത താൽപ്പര്യങ്ങൾ കൊണ്ടും ഇവിടുത്തെ നിയമങ്ങൾ നേർത്തതായി തീരുന്ന അപകടകരമായ സ്ഥിതിവിശേഷത്തിനു പരവതാനി വിരിക്കുന്നു. ജനാധിപത്യ സർക്കാരുകൾ ജനങ്ങളോടുള്ള എന്തു പ്രതിജ്ഞാബദ്ധതയാണ് നിറവേറ്റുന്നത് എന്ന വലിയൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്.
നിയമം കൊണ്ട് മാത്രം നീതി നടപ്പാക്കാൻ കഴിയില്ലെന്ന ബോധ്യം കൂടി ഇത് വ്യക്തമാക്കുന്നുണ്ട്. നിയമം നീതിപൂർവ്വകമായി നടപ്പാക്കപ്പെടണമെങ്കിൽ വ്യവസ്ഥയും സ്ഥാപനങ്ങളും സമൂഹവും അതിനൊപ്പം നിൽക്കേണ്ടതുണ്ട്. അസന്തുലിതമായ സാമൂഹിക അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, അധികാരവും സമ്പത്തും ഉൾപ്പടെയുള്ള പ്രിവിലേജ് ഉള്ളവർ സംരക്ഷിക്കപ്പെടുകയും പലനിലകളിൽ പാർശ്വവൽക്കൃതാരയവർ ആക്രമിക്കപ്പെടുകയും നീതി കിട്ടാതെ ഇരകളാക്കപ്പെടുകയോ അതിജീവിതരാകുകയോ ചെയ്യും. ആ സാഹചര്യത്തെ മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സമൂഹമാകാത്തിടത്തോളം നമ്മൾ ഇത്തരം അനീതികളുടെ മുന്നിൽ നിസ്സംഗതയോടെ ജീവിച്ചു മരിക്കുന്ന സമൂഹമായി തുടരുമെന്ന് അടിവരയിടുന്നതാണ് മിഹിർ എന്ന വിദ്യാർത്ഥിയുടെ മരണവും അതേതുടർന്നുള്ള സംഭവങ്ങളും.