രാഹുലിന്റെ അയോഗ്യതയും പിന്നിലെ കളികളും
മാനനഷ്ട കേസിൽ പരമാവധി ശിക്ഷ. ശിക്ഷ വിധിച്ച് ഇരുപത്തിനാല് മണിക്കൂർ തികയും മുമ്പ് എം.പി സ്ഥാനത്തിന് അയോഗ്യത. അതും ശിക്ഷ വിധിച്ച കോടതി തന്നെ മേൽകോടതിയിൽ അപ്പീൽ പോകാൻ ഒരു മാസത്തെ സാവകാശം നൽകി വിധി സ്റ്റേ ചെയ്തതിന് പിന്നാലെ. ചില കണക്ക് തീർത്ത രാഷ്ട്രീയ നീക്കമാണ് ഈ നടപടിയെന്ന് ആരും കുറ്റപ്പെടുത്തുന്ന സാഹചര്യമാണ് രാഹുൽ ഗാന്ധിയ്‌ക്കെതിരെയുള്ള സൂറത്ത് കോടതിവിധിക്ക് പിന്നാലെയുണ്ടായ നടപടികൾ. ഒരു സംശയവും ഇല്ല. കോടതി വിധി തന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴാണ് അതിന് പിന്നാലെയുള്ള രാഷ്ട്രീയ നടപടി. 2019ൽ കർണാടകത്തിലെ കോളാറിൽ രാഹുൽ നടത്തിയ പ്രസംഗം മറ്റു പിന്നാക്ക വിഭാഗങ്ങളെ ആകെ മോശക്കാരാക്കുന്നതാണെന്ന് ബിജെപി നേതാക്കളുടെ കുറ്റപ്പെടുത്തൽ അപഹാസ്യമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്ന നേതാക്കൾ പോലും ഇങ്ങനെ വിശ്വസിക്കാൻ ഇടയില്ല എന്നതാണ് വസ്തുത. രാഹുൽ ഗാന്ധി പരിഹാസമായി ആരോപണം ഉന്നയിച്ച മോദിമാരിൽ ലളിത് മോദിയും, നീരവ് മോദിയും മറ്റ് പിന്നാക്ക വിഭാഗത്തിൽപെട്ടവരല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് ഈ വിഭാഗത്തിൽ വരുന്ന നേതാവ്. നരേന്ദ്രമോദിക്കെതിരെ ഇതിലും കടുത്ത ആരോപണം പലതവണ രാഹുൽ ഉന്നയിച്ചിട്ടുള്ളതാണ്. റഫാൽ ആയുധ അഴിമതി ആരോപണത്തിന് പിന്നാലെ രാഹുൽ നടത്തിയ 'കാവൽക്കാരൻ കള്ളനാണെന്ന' പ്രയോഗം തന്നെ ഉദാഹരണം. രാജ്യത്താകെ ഈ പരിഹാസം പ്രചരിക്കുക പോലും ചെയ്തു. അതിന് തെരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് ബിജെപിയും മോദിയും മറുപടി നൽകിയത്. രാഹുൽ പ്രസംഗിച്ച കോളാറിനപ്പുറത്തേക്ക് ചർച്ചയാകാത്ത ''കളളകൂട്ടങ്ങളുടെ മോദി'' പ്രയോഗത്തിനെതിരെ മൂന്ന് സംസ്ഥാനത്തെങ്കിലും മാനനഷ്ട കേസുണ്ട്. സൂറത്ത് കോടതി നടപടി കടുപ്പിച്ചില്ലായിരുന്നെങ്കിലും ഇതൊക്കെ തന്നെ സംഭവിക്കാനുള്ള സാധ്യത നിലനിറുത്തിയുള്ള ആലോചന തന്നെയാണത്.
കേസും തിരിച്ചടിയും
ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് 2013ൽ സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് രണ്ട് വർഷമോ അതിൽ കൂടുതലോ കാലത്തേക്ക് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾ അയോഗ്യരാകുന്നതിൽ നിന്നുള്ള സംരക്ഷണം ഇല്ലാതായത്. മുമ്പ് മൂന്ന് മാസം വരെ സാവകാശം ലഭിച്ചിരുന്നു. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ അഴിമതി കേസിൽ ശിക്ഷിച്ചപ്പോൾ ഉടൻ അയോഗ്യത വരുന്ന വകുപ്പിൽ വെള്ളം ചേർക്കാൻ അന്നത്തെ യുപിഎ സർക്കാർ ശ്രമിച്ചതാണ്. ഇതിനെതിരെ ഓർഡിനൻസ് കൊണ്ട് വന്ന് മന്ത്രിസഭ പാസാക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധി സ്വന്തം സർക്കാരിനെ നാണക്കേടിലാക്കി പരസ്യമായി ആ ഓർഡിനൻസ് കീറിയെറിഞ്ഞു. ഡെൽഹി പ്രസ് ക്‌ളബിൽ കോൺഗ്രസ് നടത്തിയ വാർത്താസമ്മേളനത്തിനിടെ രാഹുൽ നാടകീയമായിട്ടാണ് ഓർഡിനൻസ് കീറിയെറിഞ്ഞത്.( അന്ന് ആ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത് കൊണ്ടാണ് അത് നാടകമായിരുന്നു എന്ന് ഉറപ്പിച്ച് തന്നെ പറഞ്ഞത്). പാർട്ടിയിൽ ചർച്ച ചെയ്ത് തിരുത്താമായിരുന്ന നടപടി പരസ്യമായി സ്വന്തം സർക്കാരിനെ വെല്ലുവിളിച്ച് കീറിയെറിഞ്ഞപ്പോൾ ഒരു പതിറ്റാണ്ടിനിപ്പുറം ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടാകുമെന്ന് രാഹുൽ ഗാന്ധിയും അന്ന് ആ നാടകത്തിന്റെ തിരക്കഥ എഴുതിയ അടുക്കള ക്യാബിനറ്റിലെ അംഗങ്ങളും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല.
PHOTO: TWITTER
പക്ഷെ ബിജെപി നേതാക്കൾ പരിഹസിക്കുന്നത് പോലെ രാഹുൽ ഗാന്ധി ഇപ്പോൾ നേരിടുന്നത് ആ കർമ്മത്തിന്റെ ഫലമല്ല. യുപിഎ സർക്കാർ അന്ന് കൊണ്ട് വന്നത് ഒഴിവാക്കപ്പെടേണ്ട നിയമ ഭേദഗതി തന്നെയായിരുന്നു. അഴിമതിക്കെതിരായ രാഷ്ട്രീയക്കാരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നടപടി തന്നെയായിരുന്നു അത്. പക്ഷെ അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്ന് രാജ്യത്തുള്ളത്. അഴിമതിക്കാരെ സംരക്ഷിക്കാൻ കൊണ്ട് വന്ന ഓർഡിൻസിനെതിരെ അൽപം പരുഷമായിട്ടാണെങ്കിലും പ്രതിഷേധിച്ചതിന്റെ കർമഫലം എങ്ങനെ മാനനഷ്ട കേസിലെ ധൃതിപിടിച്ച സംശയകരമായ നടപടിയാകും. സൂറത്ത് കോടതി വിധിക്കെതിരെ മാത്രമല്ല കേസിന്റെ വിസ്താരണത്തിനിടെ നടന്ന ചില നടപടികളിലും നിയമവൃത്തങ്ങൾക്കിടയിൽ ഭിന്ന അഭിപ്രായമുണ്ട്. ആദ്യം വാദം കേട്ട ജഡ്ജിമാർ രാഹുലിന് അനുകൂലമായിരുന്നുവെന്നതാണ് ഇവർ ചൂണ്ടികാണിക്കുന്നത്. ഇതോടെ വാദി തന്നെ സുപ്രീംകോടതിയിൽ എത്തി വിചാരണയിൽ സാവകാശം നേടിയിരുന്നു. പിന്നീട് പുതിയ ജഡ്ജിമാർ എത്തിയപ്പോൾ കേസിന് എക്‌സ്പ്രസ് വേഗം കൈവരുകയും ചെയ്തു.
അയോഗ്യത തിരിച്ചടിയോ?
രാഹുൽ ഗാന്ധി പാർലമെന്റ് അംഗമല്ലാതായി എന്നതാണ് മാനനഷ്ട കേസിലെ സൂറത്ത് കോടതി വിധിക്ക് പിന്നാലെ കോൺഗ്രസിനും രാഹുലിനും ലഭിച്ച തിരിച്ചടി. രണ്ട് വർഷത്തെ ജയിൽ ശിക്ഷ എന്നത് മറികടക്കാൻ സാവകാശമുണ്ട്. മുട്ടാൻ സെഷൻസ് മുതൽ സുപ്രീംകോടതി വരെയുള്ള വാതിലുകളുമുണ്ട്. മാനനഷ്ട കേസിലെ പരമാവധി ശിക്ഷ നൽകിയതാണ് രാഹുലിന്റെ എംപി സ്ഥാനം നഷ്ടപ്പെടാൻ കാരണം. സുപ്രീംകോടതി ഗുണദോഷിച്ചിട്ടും രാഹുൽ നന്നായില്ല എന്നാണ് പരമാവധി ശിക്ഷ നൽകാൻ കാരണമായി സൂറത്തിലെ വിചാരണ കോടതി ചൂണ്ടികാട്ടിയത്. ഈ അയോഗ്യത രാഹുലിന് തിരിച്ചടിയാണോ? രാഹുലും കോൺഗ്രസ് പാർട്ടിയും കച്ചമുറുക്കി ഇറങ്ങിയാൽ ഇതിൽ നിന്ന് നൂറുമേനി കൊയ്യാം. എഴുതി തയ്യാറാക്കി നടത്തുന്ന പ്രസംഗങ്ങൾക്കപ്പുറം രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രകടനം തീർത്തും നിരാശയുണ്ടാക്കുന്നതാണ്. രാഹുൽ ഗാന്ധി സ്വന്തം നിലയ്ക്ക് ഇടപെട്ട് സർക്കാർ പ്രതിരോധത്തിലായ ഒരു അവസരം പോലും ഇക്കാലയളവിൽ ഉണ്ടായിട്ടില്ല. ചില വിഷയങ്ങളിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചിട്ടുണ്ട്. പക്ഷെ അതിനെല്ലാം അപ്പോൾ തന്നെ അതിലും ഭംഗിയായി പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടുമുണ്ട്. രാഹുൽ ഗാന്ധി ഒരു മികച്ച പാർലമെന്റേറിയനല്ല പക്ഷെ, പാർലമെന്റിന് പുറത്ത് ആളെ കൂട്ടാൻ രാഹുലിന് കഴിയും. പ്രതിപക്ഷത്തെ നേതാക്കളിൽ അതിന് ഏറ്റവും നന്നായികഴിയുന്ന നേതാവ് രാഹുൽ ഗാന്ധി തന്നെയാണ്. രാഹുൽ ഗാന്ധിക്കുള്ളത്ര ജനസ്വാധീനം പ്രതിപക്ഷ നിരയിലെ ഒരു നേതാവിനും ഇല്ല. ജോഡോ യാത്രയിലൂടെ രാഹുൽ അത് തെളിയിച്ചതുമാണ്. ഇപ്പോഴുണ്ടായിട്ടുള്ള നടപടികൾ രാഹുലിനെ ഇഷ്ടപ്പെടുന്ന ഈ വിഭാഗങ്ങൾക്കിടയിൽ അനുകൂല തരംഗമുണ്ടാക്കിയിട്ടുണ്ട്. അത് മുതലെടുക്കാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കും കഴിഞ്ഞാൽ സൂറത്ത് കോടതി വിധിയും തുടർന്നുണ്ടായ നടപടികളും തിരിച്ചടി അല്ലാതാക്കാമെന്ന് മാത്രമല്ല അനുകൂലമാക്കാനും കഴിയും.
BHARATH JODO YATRA | PHOTO: INC.IN
അയോഗ്യതയും പ്രതിപക്ഷ ഐക്യവും
പ്രതിപക്ഷ നിരയിലുണ്ടായ ഐക്യമാണ് ഈ നടപടിയിലൂടെ ഉണ്ടായ മറ്റൊരു നേട്ടം. രാഹുൽ ഗാന്ധിക്കെതിരെയുള്ള ധൃതിപിടിച്ച നടപടിയെ ചോദ്യം ചെയ്യാത്ത ഒരു പ്രതിപക്ഷ പാർട്ടിയും പാർലമെന്റിലും പുറത്തുമില്ല. രാഹുലിനെ അംഗീകരിക്കാനും കോൺഗ്രസിനെ ഒപ്പം കൂട്ടാനും മടിച്ചു നിന്ന മമത ബാനർജിയും, അരവിന്ദ് കെജ്രിവാളും, ചന്ദ്രശേഖര റാവും അടക്കമുള്ള പ്രാദേശിക പാർട്ടി നേതാക്കൾ ഈ വിഷയത്തിൽ രാഹുലിനൊപ്പം നിന്നു. കോടതി വിധിയേയും കേന്ദ്രസർക്കാരിനേയും വിമർശിക്കാൻ അവർ ഒരു മടിയും കാണിച്ചില്ല. പക്ഷെ ഈ ഐക്യം ബിജെപിക്കെതിരെ തെരഞ്ഞെടുപ്പിൽ ഐക്യ പ്രതിപക്ഷം എന്ന തലത്തിലേക്ക് എത്തുമോ? ഐക്യ പ്രതിപക്ഷമായി തെരഞ്ഞെടുപ്പിന് ഇറങ്ങാനുള്ള സാധ്യതയെക്കാൾ അതുണ്ടാകാതിരിക്കാനുള്ള സാധ്യതയാണ് കൂടുതൽ. തൽക്കാലം, കൈകോർത്തെങ്കിലും വരും ദിവസങ്ങളിൽ പഴയ ഭിന്നതയിലേക്ക് തന്നെ പ്രതിപക്ഷ നിരയിലെ പാർട്ടികൾ എത്തും. കോൺഗ്രസ് തന്നെ അതിനുള്ള വഴി ഒരുക്കുകയും ചെയ്യും. രാഹുൽ ഗാന്ധി തന്നെ കാരണവുമാകും. മോദിക്ക് പ്രതിയോഗി രാഹുൽ എന്ന നിലയിലുള്ള പ്രചാരണവും പ്രവർത്തനവുമാണ് കോൺഗ്രസ് ഇക്കാലമത്രയും സ്വീകരിച്ച് പോന്നത്. ഇപ്പോഴത്തെ നടപടികളിൽ രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന സഹതാപം കോൺഗ്രസിന്റെ ഈ നിലപാടിന് ശക്തി കൂട്ടും. പ്രതിപക്ഷത്തെ പ്രാദേശിക പാർട്ടികൾക്ക് ഇത് അംഗീകരിക്കാനാകില്ല. അവിടെ അവസാനിക്കും ഇപ്പോഴത്തെ ഐക്യം. പരിമിതികൾ മനസിലാക്കി കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും മുന്നോട്ട് പോയാൽ എല്ലായിടത്തുമല്ലെങ്കിലും പല സംസ്ഥാനങ്ങളിലും പ്രതിപക്ഷഐക്യം സാധ്യമാകും. സോണിയ ഗാന്ധിക്കുള്ള സ്വാധീനം രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ പാർട്ടികൾക്കിടയിലില്ല. ജോഡോ യാത്ര അതിൽ ചില മാറ്റം കൊണ്ട് വന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യം കൂടി മുതലാക്കി ആ വിശ്വാസം ഉറപ്പിക്കുകയാണ് രാഹുലും കോൺഗ്രസും ചെയ്യേണ്ടത്. സോണിയ ഗാന്ധിക്ക് പ്രതിപക്ഷ നിരയിൽ ലഭിച്ചിരുന്ന സ്വീകാര്യത വ്യക്തിപരം മാത്രമായിരുന്നില്ല. അവർക്കൊപ്പം നിന്നിരുന്ന നേതാക്കൾക്ക് ലഭിച്ചിരുന്ന സ്വീകാര്യത കൂടിയായിരുന്നു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന് ഇക്കാര്യത്തിൽ വലിയ പങ്കുണ്ടായിരുന്നു. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിക്ക് ചുറ്റും കൂടിയിരിക്കുന്ന നേതാക്കൾക്ക് സ്വന്തം പാർട്ടിയിൽ പോലും സ്വാധീനമില്ലെന്നതാണ് വസ്തുത. ഇതിലും മാറ്റം വരണം.
PHOTO: INC.IN
സർക്കാർ ലക്ഷ്യം
രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതി വിധിയിൽ രാഷ്ട്രീയ ഇടപെടൽ ആക്ഷേപം കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും ഉന്നയിക്കുന്നുണ്ട്. കേസിന്റെ നാൾവഴിയിലുണ്ടായ ചില മലക്കം മറിച്ചിലുകളിൽ ചൂണ്ടിയാണ് ഈ ആരോപണം. ആരോപണങ്ങൾ എന്തായാലും കോടതി വിധിക്ക് പിന്നാലെയുണ്ടായ അയോഗ്യത നടപടി സർക്കാർ ആലോചിച്ച് എടുത്ത തീരുമാനം തന്നെയാണ്. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ അതുണ്ടായി. മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം ജയിൽ എന്ന വിധിയുണ്ടാക്കിയ ഞെട്ടലിൽ നിന്ന് കോൺഗ്രസ് ഉണരും മുമ്പ് അയോഗ്യത എത്തിയെന്നത് തന്നെ ഈ ആലോചനയുടെ തെളിവാണ്. സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സാവകാശം പോലും നൽകാതെയാണ് സർക്കാർ കരുനീക്കിയത്. ഇതേ വിഷയത്തിൽ തന്നെ മറ്റ് രണ്ട് സംസ്ഥാനങ്ങളിൽകൂടി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസുണ്ട്. സൂറത്ത് കോടതി വിധിയിൽ മേൽകോടതിയിൽ രാഹുലിന് അനുകൂല വിധിയുണ്ടായാലും സർക്കാരിന്റെ മുന്നിൽ അവസരങ്ങൾ തുറന്ന് കിടക്കുകയാണ്. “മോദിയും കള്ളക്കൂട്ടങ്ങളും“ എന്ന പ്രയോഗത്തിന് മാത്രമല്ല രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസുള്ളത്. ആർഎസ്എസിനെതിരെ അടക്കം മറ്റു ചില പരാമർശങ്ങൾ ചൂണ്ടികാട്ടി എട്ടോളം കേസുകൾ വേറെയുമുണ്ട്. മോദി കേസ് അവസാനിച്ചാലും മറ്റു കേസുകൾ തുടരുമെന്നർത്ഥം.
ഇനി എന്തുകൊണ്ട് മോദി മാനനഷ്ട കേസിന് ഇപ്പോൾ വേഗം വച്ചു എന്ന ചോദ്യത്തിന് രാഹുൽ ആരോപിക്കുന്നത് പോലെ അദാനി ആക്രമണം കാരണമായിട്ടുണ്ട്. അദാനിയെ കൂട്ടികെട്ടിയുള്ള ചെറു ആരോപണം പോലും പ്രധാനമന്ത്രിയേയും പാർട്ടിയേയും അസ്വസ്ഥമാക്കുന്നുണ്ട്. അതിൽ നിന്ന് മറികടക്കാൻ എത്ര കടുത്ത നടപടിക്കും മടിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് മോദി മാനനഷ്ട കേസിന് അടുത്തിടെയുണ്ടായ വേഗം. രാഹുൽ ഗാന്ധിയെ തന്നെ ലക്ഷ്യമിട്ടാൽ പ്രതിപക്ഷത്തെ മറ്റു നേതാക്കൾ ആക്രമണം മയപ്പെടുത്തുമെന്ന കണക്ക് കൂട്ടലും ഈ നീക്കത്തിന് പിന്നിലുണ്ട്. പ്രതിപക്ഷനിരയിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവായ രാഹുൽ ഗാന്ധിക്കെതിരെ നടപടിയുണ്ടായിട്ട് ദേശീയതലത്തിൽ കടുത്ത പ്രതിഷേധങ്ങളുണ്ടായില്ല എന്ന് പ്രാദേശിക പാർട്ടി നേതാക്കളെ ഓർമ്മിപ്പിക്കുന്നത് കൂടിയാണ് നടപടി.
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് നീളുന്ന ആലോചനയും ഈ നടപടിയുടെ ഭാഗമായി സർക്കാരിനുണ്ട്. അതിൽ പ്രധാനം പ്രതിപക്ഷ ഐക്യത്തിന് തടയിടുക എന്നത് തന്നെ. മോദിക്ക് എതിരാളി രാഹുൽ ഗാന്ധിയെന്ന പ്രചാരണം ശക്തിപ്പെട്ടാൽ മൂന്നാം മുന്നണിക്കോ ബദൽ മുന്നണിക്കോ ഉള്ള സാധ്യതകൾ അടയും. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയുള്ള പ്രചാരണത്തിന് പല പ്രമുഖ പ്രാദേശിക പാർട്ടികളും ഇപ്പോ തന്നെ തയ്യാറല്ല. രാഹുലിന്റെ നേതൃത്വം അംഗീകരിക്കാത്ത പ്രാദേശിക പാർട്ടികളുമായി സഹകരിക്കാൻ കോൺഗ്രസും തയ്യാറാകില്ല. ഇത് പതിവ് പോലെ സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കും. സർക്കാരിന്റെ തന്ത്രം വിജയിക്കാതിരിക്കണമെങ്കിൽ കോൺഗ്രസ് പാർട്ടി തന്നെ ശ്രമിക്കണം. പ്രതിസന്ധിഘട്ടത്തിൽ പിന്തുണയുമായി എത്തിയ നേതാക്കൾക്ക് നന്ദി പറഞ്ഞ് വഴി പിരിയാതെ അവരെ കൂടി ഒപ്പം കൂട്ടാനും അംഗീകരിക്കാനും രാഹുൽ ഗാന്ധിയും കോൺഗ്രസും തീരുമാനിച്ചാൽ സർക്കാരിന്റെ തന്ത്രം പരാജയപ്പെടും. അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറാകുമോ? സാധ്യത തുലോം കുറവ്.
ഉപസംഹാരം
പാർട്ടിയിൽ ഏറ്റവും ജനസ്വാധീനമുള്ള നേതാവിനൊരു പ്രതിസന്ധി വരുമ്പോഴെങ്കിലും കോൺഗ്രസ് നേതാക്കൾ ഒന്നിച്ച് നിൽക്കണം. അദ്ദേഹത്തിനൊപ്പം നിന്ന് ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തണം. അല്ലാതെ ടിവി ക്യാമറകൾക്ക് മുന്നിൽ മുഖം കാണിക്കൽ സമരമാകരുത്. രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രതിപക്ഷനിരയിലെ മറ്റ് പാർട്ടി എംപിമാർ പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള അര ഡസനിലേറെ കോൺഗ്രസ് എംപിമാർ തലയിൽ മുണ്ടിട്ട് സ്ഥലം വിട്ടത് നാണക്കേട് തന്നെയാണ്. നാട്ടിലെ പരിപാടികളുടെ പേര് പറഞ്ഞാലൊന്നും അത് മാറില്ല. പാർലമെന്റിന് മുന്നിൽ മാത്രമല്ല ഇങ്ങ് സംസ്ഥാനത്തുമുണ്ടായി അത്തരം ചില നടപടികൾ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ദിവസവും മുഖ്യമന്ത്രിക്കെതിരെ ഒരു ഡസൻ ചോദ്യവുമായി പ്രതിപക്ഷ ധർമ്മം പുലർത്തുന്നതിൽ തെറ്റില്ല. പക്ഷെ സ്വന്തം നേതാവിനെതിരെയുള്ള കടന്നാക്രമണം ചെറുക്കാനുള്ള പോരാട്ടത്തിൽ മുന്നിൽ നിറുത്താൻ പ്രതിപക്ഷത്തിന് അധികം മുഖ്യമന്ത്രിമാരില്ലെന്ന കാര്യമെങ്കിലും മറക്കരുത്.