TMJ
searchnav-menu
post-thumbnail

Outlook

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രാമന്‍ എഫക്ട് 

23 Jan 2024   |   7 min Read
ജുനൈദ് ടി പി തെന്നല

രു നൂറ്റാണ്ടിനോടടുക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്യാമ്പയിന്റെ വിജയാരവങ്ങള്‍ക്കിടയിലാണ് രാജ്യംഅതിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയെയും നേരിടേണ്ടി വരുന്നത്. മതേതരം എന്ന് ഭരണഘടന അടയാളം വെക്കുന്ന രാഷ്ട്ര സ്വഭാവത്തെ അടിമുടി ഹിന്ദുത്വയുടെ ഫ്രെയ്മിലേക്ക് ഭരണകൂട കാര്‍മികത്വത്തില്‍ തന്നെ രാമരാജ്യം എന്ന തലക്കെട്ടോടെ ആനയിച്ചു നടത്തുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സെക്കുലറിസം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ജോര്‍ജ് ജേക്കബ് ഹോളിയോക്കിന്റെ മരണദിവസത്തില്‍ കൂടിയാണ് എന്നത് യാദൃച്ഛികം മാത്രമായിരിക്കാനിടയില്ല. നാളിതുവരെ നാം കണ്ടുശീലിച്ച ഹിന്ദുത്വയുടെ പ്രത്യയശാസ്ത്ര-പ്രവര്‍ത്തന പദ്ധതികളുടെ രൂപവും ഭാവവും ഭീകരമായ സംഹാരശക്തിയോടെ വെളിപ്പെടുന്ന ദിവസം മാത്രമായിട്ടായിരിക്കില്ല ചരിത്രത്തില്‍ ജനുവരി 22 ഓര്‍മിക്കപ്പെടുക. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലേക്ക് രാമക്ഷേത്ര പ്രസ്ഥാനത്തിന് മുമ്പും ശേഷവും എന്ന തരത്തില്‍ വേര്‍തിരിച്ച് വായിക്കാന്‍ പാകത്തില്‍ ഒരു അധ്യായത്തിന്റെ ആമുഖം കൂടി പൂര്‍ണ്ണതയോടെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഈ ദിവസം കടന്നുപോകുക. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ ക്ഷേത്രം കൂടിയായിട്ടാവും അയോധ്യയിലെ രാമക്ഷേത്രം ഇനിമുതല്‍ അറിയപ്പെടുക. നാലര നൂറ്റാണ്ട് കാലം ഒരു ജനവിഭാഗം അവരുടെ ആരാധനാകേന്ദ്രമായി സംരക്ഷിച്ചുപോന്ന ബാബരി പള്ളിയെ തച്ചുതകര്‍ത്ത് കൊണ്ട് അതേ സ്ഥലത്ത് മറ്റൊരു ദൈവത്തെ പ്രതിഷ്ഠിക്കുന്നതിലെ രാഷ്ട്രീയ യുക്തിയോ മത യുക്തിയോ നൈതികതയോ ഒന്നുപോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ രാമക്ഷേത്ര നിര്‍മാണത്തില്‍ ഒരു പ്രശ്‌നവും കാണാത്ത ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വചനത്തോടെ തന്നെ ഭക്തിപൂര്‍വ്വം ആശീര്‍വാദമര്‍പ്പിക്കാന്‍ വരിനില്‍കുന്ന നിഷ്‌കളങ്കരായ ഒരു വലിയ ജനവിഭാഗത്തെ പരുവപ്പെടുത്തിയെടുത്തു എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ പ്രത്യയശാസ്ത്ര ശക്തിയില്‍ ഒരു നൂറ്റാണ്ട് കൊണ്ട് മാത്രം കെട്ടിയുയര്‍ത്തിയ ഏറ്റവും വലിയ മൂലധന സ്രോതസ്സ്. 

മുഗള്‍ നിര്‍മിതി ക്ഷേത്രമാക്കിയത് എങ്ങനെ? 

രാമന്റെ ജന്മസ്ഥലത്തെ ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ കമാന്‍ഡറായ മിര്‍ ബാഖി 1527-29 കാലത്ത് പള്ളി നിര്‍മിച്ചത് എന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ നാളിതുവരെ അതിനെ സാധൂകരിക്കുന്നതായ ഒരു തെളിവും ഇന്ത്യന്‍ നീതിപീഠത്തിന് മുന്നില്‍ തെളിയിക്കാന്‍ ഇന്ത്യയിലെ ആർക്കിയോളജി വിഭാഗത്തിനോ ഹിന്ദുത്വ സംഘടനകള്‍ക്കോ ഒന്നും സാധിച്ചിരുന്നില്ല. മിത്തുകളുടെ പിന്‍ബലത്തില്‍ ഉണ്ടാക്കിയെടുത്ത കെട്ടുകഥകളിലാണ് നാളിതുവരെയും ഹിന്ദുത്വ സംഘടനകള്‍ അവരുടെ വാദങ്ങള്‍ ഉയര്‍ത്തിയത്. മലയാളികള്‍ക്ക് എഴുത്തച്ഛന്റെ രാമായണം പോലെ ഹിന്ദി ബെല്‍റ്റിലെ ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ അടിത്തറകെട്ടിയ ഭക്ത കാവ്യമാണ് മുഗള്‍ കാലഘട്ടത്തെ ഭക്ത കവിയായി അറിയപ്പെടുന്ന തുളസീദാസിന്റെ രാമചരിതമാനസം. ഈ ഗ്രന്ഥത്തില്‍ പോലും ഹിന്ദുത്വ വാദങ്ങളെ ശരിവെക്കുന്നതോ സൂചന നല്‍കുന്നതോ ആയ ഒന്നും തന്നെയില്ല. മാത്രവുമല്ല അയോധ്യയില്‍ രാമന്‍ ജനിച്ച സ്ഥലമാണെന്ന് കരുതപ്പെടുന്ന അനേകം ക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ ആരാധിച്ചു വന്നിരുന്നു. എന്നാല്‍ ഇന്ത്യ ബ്രട്ടീഷ് ഭരണത്തിന് കീഴിലായ 1800 കളുടെ അവസാനത്തിലാണ് രാമന്‍ ജനിച്ചത് പള്ളി നില്‍ക്കുന്ന സ്ഥലത്താണെന്ന വാദം അയോധ്യയിലെ ചില പ്രാദേശിക ഗ്രൂപ്പുകള്‍ഉയര്‍ത്തുന്നത്. 1880 കളില്‍ പലതവണ പ്രശ്‌നം കോടതി കയറിയെങ്കിലും തര്‍ക്ക മന്ദിരം മസ്ജിദ് തന്നെയായി നിലകൊണ്ടു. സ്വാതന്ത്ര്യത്തിന് ശേഷം 1949 ഡിസംബര്‍ 22 നാണ് അര്‍ദ്ധരാത്രി പള്ളിയില്‍ ഹിന്ദുത്വ സംഘടനകള്‍ വിഗ്രഹം കൊണ്ടുവെച്ചത് തൊട്ടടുത്ത ദിവസം രാമന്‍ സ്വയം പ്രത്യക്ഷപ്പെട്ടതാണെന്ന വാദവും അന്തരീക്ഷത്തില്‍ ഉയര്‍ന്നതോടെ ഭക്തര്‍ കുട്ടത്തോടെ മസ്ജിദിലെത്തി. അതോടെ ഇതൊരു രാഷ്ട്രീയ പ്രശ്‌നം കൂടിയായി മാറുകയായിരുന്നു. പ്രശ്‌നം ക്രമസമാധാനപാലനത്തിനു തടസ്സമായപ്പോള്‍ വിഷയം അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലബ് പന്ത് പ്രധാനമന്ത്രി നെഹ്‌റുവിന്റെ സമക്ഷത്തിലെത്തിച്ചു. പ്രധാനമന്ത്രി വിഗ്രഹം എടുത്ത് സമീപത്തുളള സരയൂ നദിയില്‍ ഒഴുക്കാന്‍ പറഞ്ഞു എന്നതാണ് പ്രചരിക്കുന്ന ചരിത്രം. എന്നാല്‍ നിര്‍ദ്ദേശത്തെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കെ കെ നായര്‍ നടപ്പാക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല ബാബറി മസ്ജിദ് ഏറ്റെടുത്ത് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇക്കാരണങ്ങളാല്‍ പിന്നീട് സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ കെ നായരും ഭാര്യയും ഹിന്ദുമഹാസഭയുടെയും ജനസംഘത്തിന്റെയും ഒക്കെ ടിക്കറ്റുകളില്‍ മത്സരിച്ച് ലോകസഭയിലും നിയമസഭയിലുമെത്തി മരണംവരെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന നായരാണ് രാമജന്മഭൂമി വാദത്തിന് ഏറ്റവും ശക്തിയേറിയ അയുധം നല്‍കിയത്. 

ബാബറി മസ്ജിദ് | PHOTO: WIKI COMMONS
രാമജന്മഭൂമി പ്രസ്ഥാനവും ബാബരി ധ്വംസനവും 

1980 കളില്‍ വിശ്വഹിന്ദു പരിഷത്തും മറ്റ് ഹിന്ദുത്വ ഗ്രൂപ്പുകളും ചേര്‍ന്നാണ് രാമജന്മഭൂമി മൂവ്‌മെന്റ് ആരംഭിക്കുന്നത്. ആയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നതായിരുന്നു ലക്ഷ്യം. ബിജെപിയുടെ തീപ്പൊരി നേതാവ് അദ്വാനിയായിരുന്നു അതിന്റെ മുന്നണിപ്പോരാളി. ശിവസേന അടക്കമുള്ള എല്ലാ ഹിന്ദുത്വ ഗ്രൂപ്പുകളും അന്ന് മൂവ്‌മെന്റിനൊപ്പം ചേര്‍ന്നു. ബിജെപിയില്‍ അദ്വാനിക്കൊപ്പം മുരളി മനോഹര്‍ ജോഷിയും നരേന്ദ്ര മോദിയും ഉമാഭാരതിയും പ്രമോദ് മഹാജനും അടങ്ങുന്ന വലിയൊരു സംഘം തന്നെയുണ്ടായിരുന്നു. ശിവസേനയില്‍ നിന്ന് ബാല്‍താക്കറെയും വിഎച്ച്പിയില്‍ നിന്ന് സിംഗാളും അന്ന് രാമക്ഷേത്രത്തിന് വേണ്ടി കളം നിറഞ്ഞു കളിച്ചു. അതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കലാപങ്ങളും സംഘര്‍ഷങ്ങളും പൊട്ടിപ്പുറപ്പെട്ടു. ബിഹാറില്‍ 1989 ല്‍ പൊട്ടിപ്പുറപ്പെട്ട ഭഗല്‍പുര്‍ കലാപമായിരുന്നു ഏറ്റവും ദയനീയം സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും ഭീകരമായ കലാപമായി അത് മാറി. 1500-ഓളം പേര്‍ കൊല്ലപ്പെടുകയും 50,000 ത്തോളം പേര്‍ പലായനം ചെയ്യുകയും ഉണ്ടായ കലാപം ആരംഭിച്ചത് രാമക്ഷേത്ര പ്രചാരണത്തിന്റെ ഭാഗമായിവിശ്വഹിന്ദു പരിഷത്ത് ഭഗല്‍പൂരില്‍ സംഘടിപ്പിച്ച 'രാമശില' ഘോഷയാത്രയില്‍ നിന്നാണ്.അയോധ്യയിലെ നിര്‍ദിഷ്ട രാമക്ഷേത്രത്തിനായി ഇഷ്ടികകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഘോഷയാത്ര. ഫത്തേപൂര്‍ ഗ്രാമത്തിലൂടെ കടന്നുപോകുന്ന അത്തരമൊരു ഘോഷയാത്ര ഒക്ടോബര്‍ 22 ന് കലാപത്തിലെത്തി. ഹിന്ദു വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയെന്ന തെറ്റായ കിംവദന്തികളായിരുന്നു കലാപത്തിന്റെ കാരണം. 'ബാബറിന്റെ ആള്‍ക്കാര്‍ പാകിസ്ഥാനില്‍ പോട്ടെ' എന്നായിരുന്നു വിഎച്ച്പിയുടെ മുദ്രാവാക്യം. 1990 കളുടെ തുടക്കത്തില്‍ നടന്ന ബോംബെ കലാപവും സമാനമായ അന്തരീക്ഷത്തില്‍ നിന്നും ഉണ്ടായതായിരുന്നു. അയോധ്യയിലെ ഹിന്ദു കര്‍സേവ കര്‍ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെ മുസ്ലീങ്ങള്‍ നടത്തിയ വലിയ തോതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള ശത്രുത രൂക്ഷമായതാണ് കലാപങ്ങള്‍ക്ക് മുഖ്യകാരണം. ശിവസേനയായിരുന്നു കലാപത്തില്‍ ആസൂത്രിതമായി ഇടപെട്ടത്. 

1990 ലാണ് അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നത്. രാമജന്മഭൂമി പ്രശ്‌നത്തെ മുന്‍നിര്‍ത്തി പുണ്യനഗരമായ ഗുജറാത്തിലെ സോമനാഥില്‍ നിന്ന് ആരംഭിച്ച യാത്ര ചെന്നെത്തിയ നാടുകളിലെല്ലാം വിഷവിത്തുകള്‍ പാകിയാണ് മുന്നോട്ട് പോയത്. അവിടെ നിന്നെല്ലാം കൂട്ടം കൂട്ടമായി ആയുധങ്ങളുമായി അയോധ്യയിലേക്ക് കര്‍സേവകര്‍ സഞ്ചാരം തുടങ്ങി. 1990 ഒക്ടോബര്‍ 30ന് 
യുപിയില്‍ മുലായം കര്‍സേവകര്‍ക്ക് നേരെ പോലീസിനോട് വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടു. 1991 ലെ തിരഞ്ഞെടുപ്പില്‍ മുലായത്തിന് അധികാരം നഷ്ടപ്പെടുന്നതില്‍ ഈ വെടിവെപ്പും ഒരു കാരണമായി. പക്ഷേ ഇതോടെ യുപിയിലെ മുസ്ലീങ്ങളുടെ സംരക്ഷകനായി മുലായം അറിയപ്പെട്ടു. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വീണിരുന്ന മുസ്ലീം വോട്ട് ബാങ്ക് മുലായം ചോര്‍ത്തിത്തുടങ്ങി. അതേ സമയം ബിഹാറില്‍ 1989 ലെ ഭഗല്‍പൂര്‍ കലാപത്തിന് ശേഷം മുസ്ലീങ്ങള്‍ക്ക് വലിയ സുരക്ഷിതത്വബോധം നല്‍കിയത് പിന്നീട് അധികാരത്തിലെത്തിയ ലാലുപ്രസാദ് യാദവായിരുന്നു. അദ്വാനിയുടെ യാത്ര വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മനസ്സിലാക്കിയ ലാലു യാത്ര ബിഹാറിലെത്തിയപ്പോള്‍ സമസ്തിപൂരില്‍ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്തു,അതോടെ ലാലു പ്രസാദും മുസ്ലീങ്ങള്‍ക്ക് രക്ഷകനായി മാറി. യാത്രക്കെതിരെ ഒന്നും ചെയ്യാതിരുന്ന നരസിംഹ റാവുവിന്റെ കോണ്‍ഗ്രസിനെതിരെ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടായി. ഇതിന് ശേഷമാണ് ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വലിയ വിള്ളലുണ്ടായിത്തുടങ്ങിയത്. അതിന്റെ അനുരണനങ്ങള്‍ കേരളത്തിലുമുണ്ടായി. കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് പുറത്തു പോകാതിരുന്ന മുസ്ലീം ലീഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് പാര്‍ട്ടി വിട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചു. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് മുസ്ലീം മതപ്രഭാഷകനായിരുന്നഅബ്ദുള്‍ നാസര്‍ മദനി രാഷ്ട്രീയ പ്രവേശനം നടത്തുന്നതും ഇസ്ലാമിക് സേവാ സംഘും പിന്നീട് പിഡിപിയുടെ രൂപീകരണവും ബാബരി മസ്ജിദിന്റെ തകര്‍ച്ചയും, പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടും കാരണമായി.

ലാൽ കൃഷ്ണ അദ്വാനി | PHOTO: FACEBOOK
രാമായണവും ദൂരദര്‍ശനും 

ഇന്ത്യയില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിനൊപ്പമോ ഒരുപക്ഷേ അതിനേക്കാള്‍ വലിയ അളവിലോ ബാബരി തകര്‍ച്ചയ്ക്ക് വഴി ഒരുക്കുന്നതില്‍ 1987 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട രാമനന്ദ് സാഗറിന്റെ രാമായണം സീരിയലിന് വലിയ പങ്കുണ്ട്. 78 എപ്പിസോഡുകളുള്ള അതിന്റെ പ്രയാണത്തിനും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ചരിത്രത്തോളം പ്രധാന്യമുണ്ടെന്ന് 'പൊളിറ്റിക്‌സ് ആഫ്റ്റര്‍ ടെലിവിഷന്‍: ഹിന്ദു നാഷണലിസം ആന്‍ഡ് ദ റീഷേപ്പിങ് ഓഫ് ദ പബ്ലിക്ക് ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തില്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം പ്രൊഫസറായ അരവിന്ദ് രാജഗോപാല്‍ നിരീക്ഷിക്കുന്നുണ്ട്. ഒരേ മതവിഭാഗത്തില്‍പ്പെട്ട ഒരു വലിയ സമൂഹത്തെ അദൃശ്യമായ ഒരു ചരടിനാല്‍ ബന്ധിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും ലോക്ഡൗണിന് സമാനമായ ഒരു സാമൂഹ്യ അന്തരീക്ഷത്തില്‍ ആളുകളെ ടെലിവിഷനു മുന്നില്‍ ഇരുത്താന്‍ സഹായിച്ചതും ഈ സീരിയലായിരുന്നു. ഇവര്‍ തമ്മില്‍ രൂപപ്പെട്ട ആദൃശ്യവും സംഘടിതവുമായ മാനസിക ഐക്യമാണ് ബാബരി പള്ളിയുടെ ശിലയിളക്കിയത് എന്നും അരവിന്ദ് രാജഗോപാല്‍ നിരീക്ഷിക്കുന്നുണ്ട്. ഷോയുടെ ജനപ്രീതിക്കൊപ്പം അഭിനേതാക്കളോടുള്ള ആദരവും വര്‍ദ്ധിച്ചു. രാമനായി വേഷമിട്ട അരുണ്‍ ഗോവിലിനെ ഉത്തരേന്ത്യയിലെ ജനങ്ങള്‍ രാമനെപ്പോലെ കണ്ടു. ഇത് ആദ്യം മുതലെടുത്തത് രാജീവ് ഗാന്ധിയായിരുന്നു. 1989 ലെ തിരഞ്ഞെടുപ്പില്‍ വി പി സിങിനെതിരെ മത്സരിക്കാന്‍ ഗോവിലിനെ ക്ഷണിച്ചു. ക്ഷണം നിരസിച്ച ഗോവില്‍ പക്ഷേ കോണ്‍ഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിലിറങ്ങിയിരുന്നു. സീതയായി അഭിനയിച്ച ദീപികയെ 1991 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബറോഡയില്‍ നിന്നും രാവണനായി അഭിനയിച്ച അരവിന്ദ് ത്രിവേദിയെ സബര്‍കാന്തില്‍ നിന്നും ബിജെപി ലോകസഭയിലെത്തിച്ചു ഹനുമാനായി അഭിനയിച്ച ധാര സിങിനെ 2003 ലും ബിജെപി രാജ്യസഭയിലേക്ക് കൊണ്ടുപോയി. ഇന്ത്യയില്‍ ദൂരദര്‍ശനെ മതപ്രചാരണ വേദിയാക്കുന്നതിലേക്ക് അനുവാദം നല്‍കിയ പ്രധാനമന്ത്രി എന്ന പേരില്‍ കൂടി രാജീവ് ഗാന്ധി ക്രൂശിക്കപ്പെടുമ്പോള്‍ അതിന്റെ നേട്ടം കൊണ്ടുപോയത് ബിജെപിയുമായിരുന്നു എന്നതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ ദയനീയതയായി മാറുന്നത്. രാം ലല്ലയുടെ പ്രതിഷ്ഠ ചടങ്ങും ദൂരദര്‍ശന്‍ ജനങ്ങളെ കാണിക്കുന്നുണ്ട്. 40 ക്യാമറകളില്‍ 4K ദൃശ്യഭംഗിയില്‍ ചടങ്ങുകള്‍ സംപ്രേക്ഷണം ചെയ്യപ്പെടുമ്പോള്‍ ദൂരദര്‍ശനും അവരുടെ ദൗത്യം പൂർത്തീകരിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാവും. 

കോണ്‍ഗ്രസിന്റെ പങ്ക് 

1949 ല്‍ വിഗ്രഹം നീക്കം ചെയ്യാനുള്ള നെഹ്‌റുവിന്റെ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ അന്നത്തെ മുഖ്യമന്ത്രി ജി വി പന്തിന് മുന്നിലുണ്ടായിരുന്ന തടസ്സം കെ കെ നായര്‍ മാത്രമായിരുന്നില്ല. ഫൈസാബാദിലെ കോണ്‍ഗ്രസ് എംഎല്‍എ ബാബ രാഘവ് ദാസായിരുന്നു പന്തിന് മുന്നിലെ വലിയ വെല്ലുവിളി. വിഗ്രഹം നീക്കം ചെയ്താല്‍ നിയമസഭയില്‍ നിന്നും പാര്‍ട്ടിയില്‍ താന്‍ രാജിവെക്കുമെന്നും സാന്യാസി കൂടിയായ ദാസ് ഭീഷണി മുഴക്കിയിരുന്നു. അയോധ്യ, കാശി, മഥുര എന്നീ നഗരങ്ങള്‍ ഹിന്ദുക്കള്‍ക്ക് പുനഃസ്ഥാപിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 1983 മെയ് മാസത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയ ആദ്യത്തെ രാഷ്ട്രീയക്കാരന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ യുപി മന്ത്രിയുമായ ദയാല്‍ ഖന്നയാണ്. യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ് മുതിര്‍ന്ന കേന്ദ്രമന്ത്രി കമലാപതി ത്രിപാഠി ഖന്ന വെടിമരുന്ന് ഉപയോഗിച്ച് കളിക്കുകയാണെന്നും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ കോണ്‍ഗ്രസ് നയം നശിപ്പിക്കുകയാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ കോണ്‍ഗ്രസില്‍ ഖന്ന തനിച്ചായിരുന്നില്ല.മുതിര്‍ന്ന കോണ്‍ഗ്രസുകാരനും മുന്‍ ഇടക്കാല പ്രധാനമന്ത്രിയുമായ ഗുല്‍സാരിലാല്‍ നന്ദ 1983-ല്‍ രാമനവമി ദിനത്തില്‍ ശ്രീരാമ ജന്മോത്സവ സമിതി സ്ഥാപിക്കുകയും ആ അവസരത്തില്‍ അദ്ദേഹം നടത്തിയ വിരുന്നില്‍ ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിക്കുകയും ചെയ്തു. 1983-ല്‍ പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍നഗറില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തില്‍ ഖന്നയായിരുന്നു മുഖ്യ പ്രഭാഷകന്‍ എന്നും ഗുല്‍സാരിലാല്‍ നന്ദയും പരിപാടിയില്‍ പങ്കെടുത്തതായും വിനയ് സീതാപതി തന്റെ 2020-ലെ ജുഗല്‍ബന്ദി: ദി ബിജെപി ബിഫോര്‍ മോദി എന്ന പുസ്തകത്തില്‍ എഴുതുന്നുണ്ട്. 

ദിഗ്വ്‌വിജയ് സിങ് | PHOTO: FACEBOOK
ദിഗ്വ്‌വിജയ് സിങ് അടക്കമുള്ള നേതാക്കള്‍ രാമക്ഷേത്രത്തിന് കാരണം രാജീവ് ഗാന്ധിയാണെന്ന് അഭിമാനത്തൊടെ വിളിച്ചു പറയുന്നത് ചില ചരിത്ര സന്ദര്‍ഭങ്ങള്‍ ഓര്‍മിച്ചെടുത്തു കൊണ്ടാണ്. ഷാബാനു കേസോടെ രാജീവ് ഗാന്ധി മുസ്ലീം പ്രീണനം നടത്തുന്നു എന്ന ആക്ഷേപം കേട്ടുകൊണ്ടിരിക്കെ ഹിന്ദുക്കളിലേക്ക് എത്താനായിരുന്നു ബാബരി പള്ളിയുടെ പൂട്ട് 1985 ല്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് തുറന്ന് കൊടുക്കാന്‍ രാജീവ് ഗാന്ധി അനുവാദം നല്‍കുന്നത്. 1992 ല്‍ കര്‍സേവകര്‍ ക്ഷേത്രം തകര്‍ത്തതിനെ തുടര്‍ന്ന് നിയോഗിക്കപ്പെട്ട ലിബര്‍ഹാന്‍ കമ്മീഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ അന്വേഷണ കമ്മീഷനായിരുന്നു. 17 വര്‍ഷം കേസ് പഠിച്ചിട്ട് കുറ്റവാളിയാണെന്ന് കണ്ടെത്തി ഒരു പ്രതിക്കും ശിക്ഷവാങ്ങി നല്‍കാന്‍ കോണ്‍ഗ്രസിനായില്ല എന്നതും കോണ്‍ഗ്രസ് രാമക്ഷേത്ര വാദങ്ങളോട് കാണിച്ച ഉദാരസമീപനത്തിന്റെ മാഞ്ഞുപോകാത്ത അടയാളമാണ്. 

തിരഞ്ഞെടുപ്പ് ചീട്ടായി മാറിയ രാമന്‍ 

ബിജെപിയുടെ രൂപീകരണം മുതല്‍ തിരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും വലിയ പ്രചാരണായുധമായിരുന്നു രാമക്ഷേത്രം. 1984 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റില്‍ നിന്ന് തുടങ്ങിയ യാത്ര രാമക്ഷേത്ര രഥയാത്ര ആരംഭിച്ചതോടെ 120 ലെത്തി. ബാബരി മസ്ജിദ് തകര്‍ത്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ 161 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ തന്നെ ദേശീയ ജനാധിപത്യ സഖ്യം രൂപീകരിച്ച് വാജ്‌പേയി പ്രധാനമന്ത്രിയുമായി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചു. പിന്നീട് പത്തുവര്‍ഷത്തെ ഇടവേള ഉണ്ടായെങ്കിലും തിരിച്ചുവരവില്‍ കോണ്‍ഗ്രസിനെ പാടെ അപ്രത്യക്ഷമാക്കിയാണ് മോദിയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചതും ഭരണം നിലനിര്‍ത്തിയതും. രാമജന്മഭൂമി പ്രസ്ഥാനത്തിലുടെയാണ് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേക്ക് വേരുറപ്പിച്ചത്. തുടങ്ങിയത് 1990 ല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചുകൊണ്ട്. 1991 ല്‍ ഉത്തര്‍പ്രദേശ് 1995 ല്‍ ഗുജറാത്ത് അതേ വര്‍ഷം തന്നെ ശിവസേനയ്‌ക്കൊപ്പം മഹാരാഷ്ട്ര. സംസ്ഥാനങ്ങളിലെ വിജയത്തിലും രാമജന്മഭൂമി വലിയ മൂലധനമായി പ്രവര്‍ത്തിച്ചു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലും മോദിയുടെ തുറുപ്പ് ചീട്ടായി മാറാനിരിക്കുന്നത് അയോധ്യയിലെ ക്ഷേത്രം തന്നെയാവും. പക്ഷേ 2024 ന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലേക്ക് മതധ്രുവീകരണത്തിന് ബിജെപി എന്ത് ആയുധമാണ് ഒരുക്കി വെക്കുക എന്ന ചോദ്യമാണ് ആശങ്കയോടെ നോക്കികാണേണ്ടത്. 

രാമക്ഷേത്രം | PHOTO: WIKI COMMONS
മൂല്യം ഇടിയുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് 

2019 ല്‍ പള്ളി പൊളിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് പറഞ്ഞുകൊണ്ട് തന്നെ ആള്‍കൂട്ട മനഃശ്ശാസ്ത്രത്തെ സ്വാധീനിച്ച് വിധി പറഞ്ഞ ഇന്ത്യന്‍ നീതിപീഠത്തിന്റെ കാപട്യങ്ങളെ ചൂണ്ടിക്കാണിക്കുന്നതിലും ഇന്ത്യയിലെ വലതുപക്ഷ മാധ്യമങ്ങള്‍ പുലര്‍ത്തിയ സമീപനത്തേക്കാള്‍ അപകടകരമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ഭരണകൂടത്തോട് കാണിക്കുന്ന വിധേയത്വം. ബാബരി പള്ളിയെ മറക്കുകയും അയോധ്യയിലെ രാമക്ഷേത്രത്തെ മാത്രം ചര്‍ച്ച ചെയ്യുകയും ദൃശ്യവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ ഗാന്ധിയുടെ രാമനും മോദിയുടെ രാമനും ഒരാളായി മാറുകയാണ്. ഈ അപകടകരമായ നരേറ്റീവിലേക്കാണ് ഇന്ത്യന്‍ പൊതുസാമാന്യത്തെ മാധ്യമങ്ങള്‍ കൂട്ടികൊണ്ടുപോകുന്നത്. അതാണ് നമ്മുടെ മതേതര മൂല്യങ്ങളുടെ മേല്‍ ഇപ്പോള്‍ വന്നുപതിച്ച ഏറ്റവും വലിയ മുറിപ്പാടായി മാറുന്നതും. 
അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ച നാലാം ദിനം രാജ്യം എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുക കുടി ചെയ്യും. ഒരുപക്ഷേ ഹിന്ദു രാഷ്ട്രത്തിന്റെ പ്രഖ്യാപനം നടക്കുന്ന വേദികൂടിയായി ചെങ്കോട്ടയിലെ മോദിയുടെ പ്രസംഗം മാറിയാലും അത്ഭുതപ്പെടാനില്ല എന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ദയനീയത. 

പ്രതിപക്ഷത്തിന് അഗ്‌നിപരീക്ഷ 

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് പോകുന്നില്ലെന്ന് പത്രകുറിപ്പ് ഇറക്കിയെങ്കിലും പ്രാണ പ്രതിഷ്ഠയ്ക്ക് അവധി പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസും തങ്ങള്‍ക്കാണ് രാമക്ഷേത്രത്തിന്റെ യഥാര്‍ത്ഥ ക്രെഡിറ്റ് നല്‍കേണ്ടതെന്ന് വാദിക്കുന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസുകാര്‍ മുതല്‍ ദിഗ്വ്‌വിജയ് സിങ്, കമല്‍നാഥ്, ഡികെ ശിവകുമാര്‍ തുടങ്ങി തിരഞ്ഞെടുപ്പിന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് പറയുന്ന ശശി തരൂരിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ വരെ കോണ്‍ഗ്രസിന് മാത്രമാവില്ല ബാധ്യതയാവാനിരിക്കുന്നത്. ഇന്ത്യ സഖ്യം മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്ര അടിത്തറയുടെ കല്ലുപൊളിക്കാന്‍ പാകത്തില്‍ തിരഞ്ഞെടുപ്പ് റാലികളിലും ഈ നേതാക്കള്‍ ബിജെപിയേക്കാള്‍ മികച്ച ഹിന്ദുക്കള്‍ തങ്ങളാണെന്ന് കാണിക്കാന്‍ ശ്രമങ്ങള്‍ നടത്തും. കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യത്തെയും ഈ നേതാക്കള്‍ ഒരുപോലെ തകര്‍ച്ചയിലേക്ക് നയിക്കും. ബാബരി തകര്‍ച്ചയുടെ പാപഭാരം ചുമക്കുന്ന ശിവസേനയ്്ക്കും രാമക്ഷേത്രം പണി പൂര്‍ത്തിയായാല്‍ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞുവെച്ച ശരത് പവാറിലുമൊക്കെ എന്ത് പ്രതീക്ഷയാണ് കരുതിവെക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതാവുന്നിടത്താണ് ബിജെപി ഏകപക്ഷീയമായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും അധികാരം പിടിക്കും എന്ന് തീര്‍ച്ചപ്പെടുത്തുന്നത്.


 

#outlook
Leave a comment