TMJ
searchnav-menu
post-thumbnail

Outlook

ആശാ സമരം ഒത്തുതീർപ്പാവാതെ നീണ്ടുപോകുന്നതിന് പിന്നിലെ കാരണങ്ങൾ

01 Apr 2025   |   7 min Read
അരവിന്ദ് വി എസ്

ലസ്ഥാനത്ത് ആശമാർ നടത്തുന്ന സമരം 50  ദിവസം പിന്നിടുന്നു. അവരിപ്പോൾ നിരാഹാര സമരത്തിലാണ്. പലരെയും ആരോഗ്യ സ്ഥിതി വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 2025 മാർച്ച് 17 നു ആശമാർ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ നിരവധി ആശമാർ പങ്കെടുത്തു. ഓണറേറിയം 21,000 രൂപയാക്കി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ചു ലക്ഷം രൂപ പ്രഖ്യാപിക്കുക എന്നിവയായിരുന്നു അവരുടെ പ്രധാന ആവശ്യം. തങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്ന 10 മാനദണ്ഡങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉണ്ടായിരുന്നു. നിലവിലെ ഭരണ പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് അവർ നടപ്പാക്കാൻ ആവശ്യപ്പെടുന്നത്. ദിവസം 700 രൂപ എന്ന തോതിൽ പ്രതിമാസം 21,000 രൂപയാക്കി ഓണറേറിയം വർധിപ്പിക്കും എന്ന് പ്രകടന പത്രികയിൽ ഉണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഹരിയാനയിൽ അടക്കം 26,000 രൂപയാക്കി ഓണറേറിയം ഉയർത്തണം എന്ന ആവശ്യം ഇടതുപക്ഷ തൊഴിലാളി യൂണിയനുകൾ ഉയർത്തിയിരുന്നു.

ആശ പ്രവർത്തകരുടെ പ്രാധാന്യം എന്ത്?

ആശ (ASHA - ACCREDITED SOCIAL HEALTH ACTIVIST) എന്ന പദവി ദേശീയ തലത്തിൽ ആരോഗ്യ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് നാഷണൽ റൂറൽ മിഷന്റെ കീഴിൽ 2005 ൽ രൂപപ്പടുത്തിയെടുത്ത ഒന്നാണ്. സ്ത്രീകളായ സാമൂഹിക  പ്രവർത്തകരെ ത്രിതല പഞ്ചായത്ത് മേഖലയിൽ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ് ആയി ശാക്തീകരിച്ച്  ഗ്രാമ പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. നിലവിൽ ഇന്ത്യയ്ക്കകത്ത് 10.04 ലക്ഷത്തോളം ആശ പ്രവർത്തകർ ഉണ്ട്. നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ സംയുക്തമായി 60:40 എന്ന അനുപാതത്തിലാണ് അവരുടെ വേതനം നൽകാൻ ആദ്യകാലത്തു നയം രൂപീകരിച്ചത്. നിലവിൽ പല സംസ്ഥാനങ്ങളിലും പല തോതുകളിലാണ് ഈ ഓണറേറിയം വിതരണം ചെയ്യപ്പെടുന്നത്. 2025 മാർച്ച് 26നു പോണ്ടിച്ചേരിയിലെ ആശ വർക്കർമാരുടെ  ഓണറേറിയം മുഖ്യമന്ത്രി എൻ രംഗസ്വാമി 18,000 ആക്കി ഉയർത്തി. ഇത് നടപ്പായാൽ രാജ്യത്ത് ഏറ്റവും ഉയർന്ന ഓണറേറിയം ലഭിക്കുന്ന ആശ പ്രവർത്തകർ പോണ്ടിച്ചേരിയിൽ നിന്നുള്ളവരാകും. ആശമാരുടെ വേതനം 5,000 രൂപ മുതൽ 15,000 രൂപ വരെ പല രീതിയിലാണ് രാജ്യത്തുടനീളം ലഭ്യമാകുന്നത്.

ഭരണകൂടത്തിന്റെ ആരോഗ്യ മേഖല സംവിധാനത്തിനും സമൂഹത്തിനും ഇടയിലുള്ള നിർണായക കണ്ണിയായി പ്രവർത്തിക്കുക, മാതൃ-ശിശു ആരോഗ്യം, രോഗപ്രതിരോധം, ശുചിത്വം എന്നിവയുൾപ്പെടെ വിവിധ പ്രാഥമിക ആരോഗ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് അവരുടെ പ്രാഥമിക പ്രവർത്തനം. ഇന്ത്യയിലുടനീളമുള്ള ഗ്രാമപ്രദേശങ്ങളിലും സേവനങ്ങൾ കുറഞ്ഞ നഗരപ്രദേശങ്ങളിലുമാണ് ആശാ പ്രവർത്തകർ പ്രധാനമായും സജീവമായി പ്രവർത്തിക്കുന്നത്, അവിടെ അവർ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിലും ബോധവൽക്കരണം നൽകുന്നതിന് സഹായിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

REPRESENTATIVE IMAGE | WIKI COMMONS
അതുകൂടാതെ പൊതു ആരോഗ്യമേഖല വഴിയുള്ള പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗർഭകാല, പ്രസവാനന്തര പരിചരണം നൽകുക, ആരോഗ്യ വിദ്യാഭ്യാസ ബോധവത്കരണം നടത്തുക, അതുവഴി ജനങ്ങളുടെ പ്രത്യേക ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുക തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളിലും അവർ ഏർപ്പെടുന്നു. പ്രകൃതി ദുരന്തങ്ങളും പ്രതിസന്ധിഘട്ടങ്ങളിലും ഇവരുടെ സേവനങ്ങൾ അത്യന്താപേക്ഷിതമാണ്. കോവിഡ് പകർച്ചവ്യാധിയുടെ സമയത്തും പ്രളയ കാലത്തുമടക്കം ആശമാരുടെ സേവനം അനിവാര്യമായിരുന്നു.

എന്താണ് ആശമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ?

ആഗോള തലത്തിൽ ആശമാർക്ക് സമാനമായി സാമൂഹിക ആരോഗ്യ പ്രവർത്തകരെ പല രാജ്യങ്ങളിലും നിയോഗിച്ചിട്ടുണ്ട്. അമേരിക്കയിലെ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ്, ചൈനയിലെ ബെയർ ഫൂട്ട് ഡോക്ടേഴ്സ്, എത്യോപ്യയിലെ ഹെൽത് എക്സ്റ്റൻഷൻ വർക്കേഴ്സ്, ബ്രസീലിലെ കമ്യൂണിറ്റി ഹെൽത്ത് ഏജന്റ്സ്, തായ്ലൻഡിലെ വില്ലേജ് ഹെൽത്ത് വർക്കേഴ്സ് എന്നീ പദവികൾ ഇന്ത്യക്കകത്തെ ആശ പ്രവർത്തകർക്ക് സമാനമാണ്. ആഗോളമായി ഇത്തരം പ്രവർത്തകർ അനുഭവിക്കുന്ന പൊതു പ്രശ്നങ്ങളാണ് കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ ഇല്ലായ്മ, അംഗീകാരമില്ലായ്മ, ചൂഷണപരമായ അധിക ജോലി സമയം, സുരക്ഷാ ഉപകരണങ്ങൾ അടക്കം ജോലി ചെയ്യാനാവശ്യമായ വിഭവങ്ങളുടെ ലഭ്യതക്കുറവ്, കൃത്യമായ പരിശീലങ്ങളുടെ കുറവ് എന്നിവ. 

ഇവയുടെ പൊതു സവിശേഷത അധികാരമില്ലാത്ത സമുദായങ്ങളിലും സ്വത്വ വിഭാഗങ്ങളിലും പെട്ട സ്ത്രീകളെയാണ് പൊതുവിൽ ഇത്തരം സേവന മേഖലകളിൽ പ്രവർത്തകരായി ഭരണകൂടങ്ങൾ നിയമിക്കുന്നത് എന്നതാണ്. സ്ത്രീകൾ സേവനം ചെയേണ്ടവരാണ് എന്ന പൊതു സങ്കൽപം അവരുടെ സേവനപരമായ അധ്വാനത്തിന്റെ മൂല്യം കുറച്ച്‌ വേതനരഹിതമായ അധ്വാനം ഉല്പാദിപ്പിക്കുന്നതിൽ ഇത്തരം പദവികൾ പങ്കുവഹിക്കുന്നു. ഉദാരവത്കരണ നയങ്ങൾ തുടരുന്ന പല ഭാണകൂടങ്ങളും ഈ രീതി തുടരുന്നതുകൊണ്ട് ഇത് വലിയ മനുഷ്യാവകാശ ലംഘനവും ചൂഷണവും ആഗോള തലത്തിൽ സൃഷ്ടിച്ചു.

REPRESENTATIVE IMAGE | WIKI COMMONS
അമേരിക്കയിൽ നാഷണൽ അസോസിയേഷൻ ഫോർ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ് എന്ന സംഘടന അമേരിക്കയിൽ ഇത്തരം ചൂഷണങ്ങൾക്കെതിരെ സമരം ചെയ്തിരുന്നു. ബ്രസീലിലെ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കേഴ്സ് സമാനമായ സമരം നടത്തിയിരുന്നു. ബ്രസീലിലെ സർക്കാർ അംഗീകാരവും പൊതു ജനാരോഗ്യ മേഖലയിലെ സ്ഥിര നിയമനവുമായിരുന്നു അവരുടെ ആവശ്യങ്ങൾ. സൗത്ത് ആഫ്രിക്കയിൽ കമ്യൂണിറ്റി ഹെൽത്ത് വർക്കർമാരുടെ സംഘടനയും ഉയർന്ന വേതനത്തിനും സ്ഥിരം തൊഴിലിനുമായി ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്തിരുന്നു. ആഗോളമായി ആരോഗ്യ മേഖലയിലെ കമ്മ്യൂണിറ്റി പ്രവർത്തകരുടെ ജീവിത നിലവാരവും തൊഴിൽ സുരക്ഷിത്വത്വവും ഉയരുവാനും കൂടുതൽ മെച്ചപ്പെട്ട മാറ്റങ്ങൾ ഉണ്ടാകുവാനും ഈ സമരങ്ങൾ കാരണമായി.

ഇന്ത്യയ്ക്കകത്തും ആശാവർക്കർമാരുടെ തൊഴിൽ സാഹചര്യങ്ങൾ മാറുവാനും അവരുടെ സമരങ്ങൾ കാരണമായിട്ടുണ്ട്. ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, ഒറീസ, ജാർഖണ്ഡ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ അടക്കം രാജ്യത്തുടനീളം ആശമാർ ഈ ചൂഷണ വ്യവസ്ഥക്കെതിരെ സമരം നയിച്ചിരുന്നു. 2008 മുതൽ 2012 വരെ നീണ്ടു നിന്ന ആദ്യഘട്ട സമരങ്ങളിൽ പല ആവശ്യങ്ങൾ ആണ് ഉന്നയിക്കപ്പെട്ടത്. പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ്സ് മാറ്റി സ്ഥിരമായ വേതനം നൽകുക. മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും തൊഴിൽ സുരക്ഷയും നൽകുക എന്നതായിരുന്നു ആദ്യകാല ആവശ്യങ്ങൾ. തുടർച്ചയായ സമരങ്ങൾ പല സംസ്ഥാനത്തും ആകെ ഓണറേറിയം പതിനായിരം രൂപ ആക്കുന്നതിൽ വിജയിച്ചു. 2016 മുതൽ 2019വരെയുള്ള കാലഘട്ടത്തിൽ പ്രധാനമായും കോവിഡ് മഹാമാരിയുടെ കാലത്തെ തൊഴിൽ സമ്മർദ്ദം അടിച്ചേൽപ്പിച്ച ആഘാതങ്ങളുടെ പ്രതികരണമായിരുന്നു. ആശമാരുടെ ആരോഗ്യ സുരക്ഷിതത്വം അക്കാലത്ത് ഭീഷണി നേരിടുകയും ജോലിഭാരം വർധിക്കുകയും ചെയ്തു. നിരവധി സമരങ്ങളാണ് തുടർന്ന് രാജ്യമൊട്ടാകെ അവർ നടത്തിയത്. റിസ്ക് അലവൻസ് പ്രഖ്യാപിക്കുക, സ്ഥിര നിയമനം നൽകുക, അവശ്യ സേവനമായി അംഗീകാരം നൽകുക, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (PPE Kit) ലഭ്യമാക്കുക, ആരോഗ്യ സുരക്ഷിതത്വം സംരക്ഷിക്കുക, ജോലി ഭാരം കുറയ്ക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. തുടർന്ന് 1,000 രൂപ റിസ്ക് അലവൻസ് ആയി പ്രഖ്യാപിക്കുകയും കൂടുതൽ പി പി ഇ കിറ്റുകൾ വിതരണം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ ഇക്കാലയളവിൽ രാജ്യത്തൊട്ടാകെ അവർ സമരം ചെയ്യുന്നത് പ്രധാനമായും സ്ഥിര നിയമനത്തിനും വേതന വർദ്ധനവിനും വേണ്ടിയാണ്. പല സംസ്ഥാനങ്ങളിലും പല രീതിയിലാണ് വേതനം ആവശ്യപ്പെടുന്നതെങ്കിലും സ്ഥിര  നിയമനം ഈ മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാന ആവശ്യമാണ്. സന്നദ്ധ പ്രവർത്തകർ എന്നതിൽ നിന്നും സ്ഥിര നിയമനം ലഭ്യമാകുന്ന പദവി അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അവരുടെ പ്രകടനത്തെ ഉയർത്തുവാനും സഹായിക്കുന്നതാണ്.

കേരളത്തിന്റെ സവിശേഷ സാഹചര്യം

വികസന സൂചികകൾ പ്രകാരം ആഗോള തലത്തിൽ കേരളത്തിലെ ആരോഗ്യ മേഖല സ്വീഡനോട് കിടപിടിക്കാവുന്നതാണ് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. യൂറോപ്പ്യൻ സാഹചര്യങ്ങൾ പരിഗണിച്ചാൽ അത് ഒരേ സമയം സ്പെയിനിനോടും, പോർച്ചുഗലിനോടും സമാനമാണ്. അവിടത്തെ സർക്കാർ സബ്സിഡിയോടെ പ്രവർത്തിക്കുന്ന ശക്തമായ പൊതുജനാരോഗ്യ മേഖലയാണ് കേരളത്തിലേതുമായി അതിനെ സമാനമാക്കുന്നത്. സ്പെയിനിലെയും പോർച്ചുഗലിലെയും പൊതുജനാരോഗ്യ മേഖലയും കേരളത്തെപ്പോലെ ക്ഷേമ രാഷ്ട്ര സങ്കല്പങ്ങളിൽ കേന്ദ്രീകരിച്ചു ഗുണമേന്മ ഏറിയതും എന്നാൽ ചെലവ് കുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കുന്നു. അവിടെയും 75 വയസുവരെ ഉള്ള ഉയർന്ന ആയുർദൈർഘ്യവും, വളരെ താഴ്ന്ന ശിശു മരണ നിരക്കുമുണ്ട്. സ്പെയിൻ (1,000 ന് 2.5), പോർച്ചുഗൽ (1,000 ന് 2.4) കേരളത്തിൽ ഇത് 1,000 നു 6 ആണ്.

REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ വികേന്ദ്രീകൃതവും സമൂഹാധിഷ്ഠിതവുമായ ആരോഗ്യ സംരക്ഷണ സംവിധാനം സ്പെയിനിന്റെ പ്രാഥമിക ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് സമാനമാണ്. അവിടെയും പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളാണ് ആദ്യ സമ്പർക്ക കേന്ദ്രമായി പ്രവർത്തിക്കുന്നത്. പോർച്ചുഗലിനെപ്പോലെ, കേരളവും പ്രതിരോധ പരിചരണത്തിലും വാക്സിനേഷനുകൾ, മാതൃ പരിചരണം തുടങ്ങിയ പൊതുജനാരോഗ്യ ഇടപെടലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേരളത്തിന്റെ മനുഷ്യ വികസന സൂചിക (0.782) പോർച്ചുഗലിനും (0.866) സ്പെയിനിനും (0.905) അടുത്താണ്.

ഈ നിലയ്ക്ക് കേരളത്തിന്റെ സാഹചര്യത്തെ ഉയർത്തി നിർത്തുന്നതിൽ കേരളത്തിലെ പൊതു ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവർത്തകരായ ആശമാരുടെ സംഭാവന വളരെ വലുതാണ്. ഇനി മുൻപ് സൂചിപ്പിച്ച രാജ്യങ്ങളിലെ സമനരായ സാമൂഹിക പ്രവർത്തകരുടെ വരുമാനവുമായി കേരളത്തിലെ വരുമാനം താരതമ്യം ചെയ്യുകയാണെങ്കിൽ ഞെട്ടിക്കുന്ന വ്യത്യാസം കാണാനാകും. കേരളത്തിലെ ആരോഗ്യ മേഖല യൂറോപ്യൻ രാജ്യങ്ങൾക്ക് തുല്യമാണെങ്കിൽ അവിടെയും ഇവിടെയും പ്രവർത്തിക്കുന്നവരുടെ വരുമാനം കൂടി താരതമ്യം ചെയ്യേണ്ടതുണ്ട്.കാലിഫോർണിയയിലെ ഇക്കണോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങൾ പ്രകാരം സ്വീഡനിൽ സാമൂഹിക പ്രവർത്തകരുടെ ശരാശരി വാർഷിക വരുമാനം 37,500 യു എസ് ഡോളറാണ്. ഇത് ഏകദേശം 32,08,451.25 രൂപ വരും. മണിക്കൂറിൽ 1,540 രൂപ. സ്പെയിനിലെ പൊതു മേഖല സ്ഥാപനങ്ങളിലെ ശമ്പള നിലവാരം അനുസരിച്ചു താരതമ്യപ്പെടുത്തി നോക്കുമ്പോൾ അവിടത്തെ സാമൂഹിക പ്രവർത്തകരുടെ വാർഷിക വേതനം 32500 യു എസ് ഡോളറാണ്. അത് ഏകദേശം 27,80,657.75 രൂപ വരും. മണിക്കൂറിൽ 1,112.26 മുതൽ 1,411.72 രൂപ വരെ. സാലറി എക്സ്പെർട്ട് എന്ന വെബ്സൈറ്റിന്റെ കണക്കു പ്രകാരം 22,24,526.20 രൂപയാണ് പോർച്ചുഗലിൽ സമാനമായ സാമൂഹിക പ്രവർത്തകർക്ക് ലഭിക്കുന്നത്. മണിക്കൂറിൽ 1,112.26 രൂപ വരെ.

ഇത് സാധിക്കുന്നത് അവിടത്തെ സർക്കാരിന്റെ പൊതുമേഖലയുടെ വികസന നയങ്ങൾ ക്ഷേമരാഷ്ട്ര സങ്കല്പങ്ങളിൽ കേന്ദ്രീകരിച്ചതുകൊണ്ടും സർക്കാർ പണം മുടക്കുന്നതുകൊണ്ട് കൂടിയാണ്.

REPRESENTATIVE IMAGE | WIKI COMMONS
കേന്ദ്ര സർക്കാരിന്റെ നിലപാട്

സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നവ ലിബറൽ നയങ്ങൾ ശക്തമായി തുടരുന്ന നിലവിലെ കേന്ദ്ര സർക്കാർ പൊതുജനാരോഗ്യ മേഖലയെ നിലനിർത്താനും ശക്തിപ്പെടുത്തുവാനും ഉതകുന്ന നയങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്. അവർ പൊതുവിൽ ആശമാർ ഉയർത്തിക്കൊണ്ടുവന്ന പ്രശ്നങ്ങളിൽ ഒന്നിലും അനുകൂലമായ നിലപാടുകൾ എടുത്തിട്ടില്ല. പലപ്പോഴും സംസ്ഥാന സർക്കാരുകളുടെ വർധനകളാണ് പല സംസ്ഥാനങ്ങളിലും ആശമാരുടെ ഓണറേറിയത്തിൽ നാമമാത്രമായ മാറ്റങ്ങൾ കൊണ്ടുവന്നത്.

കർഷകരും വിദ്യാർത്ഥികളും റെയിൽവേ, ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും തൊഴിലാളികളും, സൈനിക ഉദ്യോഗാർത്ഥികളും അടക്കം പൊതുമേഖലയെ നിലനിർത്തുവാൻ വേണ്ടി രാജ്യത്ത് സമരങ്ങൾ നയിച്ചപ്പോൾ എല്ലാം അതിനെ ആക്രമിക്കുകയും വിമർശിക്കുകയും അദൃശ്യമാക്കുകയും ചെയ്യുന്ന നിലപാടുകളാണ് കേന്ദ്ര സർക്കാർ കൈകൊണ്ടത്. അതിന്റെ തുടർച്ച തന്നെയാണ് പലപ്പോഴും ആശമാരോടും അവരുടെ സമരത്തോടും കേന്ദ്ര സർക്കാർ ചെയ്തുപോരുന്നത്. ആശമാർ പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുകയും വികേന്ദ്രീകൃത ഭരണവ്യവസ്ഥയെ നിലനിർത്തുകയും തുടർന്ന് പോരുകയും ചെയ്യുന്ന ഒന്നാണ് എന്നതും നിലവിലെ സംഘപരിവാർ സർക്കാരിന്റെ താല്പര്യം അകന്നു പോകുന്നതിന് കാരണമാണ്. അവരുടെ നയങ്ങൾ എപ്പോഴും ഫെഡറലിസത്തെയും വികേന്ദ്രീകരണ ഭരണ സംവിധാനത്തെ വിമർശിക്കുന്നതുമാണ് കേന്ദ്രവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.

സംസ്ഥാന സർക്കാരുകൾക്ക് എന്ത് ചെയ്യാനാകും?

പ്രാദേശിക ആവശ്യങ്ങളും വ്യവസ്ഥകളും അടിസ്ഥാനമാക്കി, ആശമാരെ സന്നദ്ധ സേവകർ എന്ന നിലയിൽ നിന്നും തൊഴിലാളികളായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും. ദേശീയ മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനു തടസമല്ല. സംസ്ഥാന സർക്കാരുകൾ ഇത്തരം മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ, അവ ഇപ്പോഴും ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ദേശീയ മാർഗ്ഗനിർദ്ദേശങ്ങളുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണം എന്ന നിബന്ധന മാത്രമേയുള്ളൂ. ആശമാരുടെ തൊഴിൽസ്ഥാനത്തിലെ മാറ്റങ്ങൾ ഈ നയങ്ങളുമായി സമഗ്രമായി പൊരുത്തപ്പെടേണ്ടതുണ്ട്. സ്ഥിരം തൊഴിലാളികളായി ആശമാരെ പ്രഖ്യാപിക്കുന്ന പക്ഷം അവരുടെ വേതനത്തിലും അംഗീകാരത്തിലും അധികാരത്തിലും മാറ്റങ്ങൾ വരുത്തേണ്ടി വരും. ഇതിന് ജില്ലാ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള വിവിധ പങ്കാളികളുമായി ഏകോപനം ആവശ്യമാണ്. ഈ രീതിയിൽ തന്നെയാണ് പല സംസ്ഥാനങ്ങളും ആശമാരുടെ ഓണറേറിയം ഇതുവരെ വർധിപ്പിച്ചത്.

REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലെ സവിശേഷ സാഹചര്യം

കേരളത്തിൽ ആശമാരുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടാതിരിക്കാൻ രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന് ഇടതുപക്ഷ രാഷ്ട്രീയ മുന്നണിക്ക് കേരളത്തിൽ നയപരമായി സംഭവിച്ച മാറ്റം, രണ്ട് സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ കയ്യിലുള്ള വിഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം.

ആദ്യത്തേതിനെക്കുറിച്ചു വ്യക്തമാക്കിയാൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ സംഘപരിവാറിന് സമാനമായി ക്ഷേമരാഷ്ട്ര സങ്കല്പങ്ങളിൽ നിന്ന് പിന്നോട്ടു പോകുകയും വലിയ തോതിൽ നവ ലിബറൽ നയങ്ങൾ തുടരുകയും ചെയുന്നു. ആശമാരുടെ ന്യായമായ സമരങ്ങൾ ഇപ്പോഴും തുടർന്ന് പോകുന്നത് അതുകൊണ്ടാണ്. അനേക കോടികൾ മുടക്കി വിപണിക്കായി അടിസ്ഥാന സൗകര്യ വികസനത്തിനായി ഹൈവേകൾക്കും, വിഴിഞ്ഞം തുറമുഖം പദ്ധതിക്കും, ഗെയിൽ പദ്ധതിക്കും അനുമതികൾ കൊടുക്കുകയും സിൽവർ ലൈൻ പദ്ധതിക്കു ശ്രമങ്ങൾ നടത്തുമ്പോഴും ഇല്ലാതിരുന്ന സർക്കാരിന്റെ ചെലവ് ചുരുക്കൽ നയം ആരോഗ്യ മേഖലയിലെ ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങൾക്ക് വേണ്ടി നയം മാറ്റേണ്ടി വരുമ്പോൾ ഉണ്ടാകുന്നത് ഇതുകൊണ്ടുകൂടിയാണ്.

രണ്ടാമത്തേത് സിപിഎം എന്ന പാർട്ടിയുടെ കൈവശമുള്ള വിഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമാണ്. സിപിഎം കൈവശം വച്ചിരിക്കുന്ന അനേകം സൊസൈറ്റികളും ബാങ്കുകളും പ്രസുകളും ക്ലബ്ബുകളും ഉണ്ട്. ഈ സ്ഥാപങ്ങളെയും അതിനകത്തേക്കുള്ള തൊഴിൽ അവസരങ്ങളെയുമാണ് വിഭവങ്ങൾ എന്ന് ഉദ്ദേശിക്കുന്നത്. ഈ തൊഴിലവസരങ്ങൾ വിതരണം ചെയ്യുന്നതിലൂടെ പാർട്ടി വലിയ തോതിൽ അണികളെ ഉത്പാദിപ്പിക്കുന്നുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല ഈ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകുന്നതിനും പാർട്ടിക്ക് നിയന്ത്രണങ്ങൾ ഉണ്ട്. 

ഈ വിഭവങ്ങൾക്ക് സമാനമാണ് ആശ വർക്കർ എന്ന പദവി. പലപ്പോഴും ആശ വർക്കർമാർ നിയമിക്കുന്നത് ലോക്കൽ ബ്രാഞ്ച് തലങ്ങളിലുള്ള പാർട്ടി നേതാക്കളാണ്. പാർട്ടി വർഷങ്ങളായി രൂപപ്പെടുത്തിയെടുത്ത വിഭവങ്ങളുടെ വിതരണ ശൃംഖല പൊട്ടിപ്പോകും എന്ന ഭയമാണ് സത്യത്തിൽ ആശവർക്കർ സമരത്തെ തകർക്കുന്നതിൽ സർക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം.

ആശമാർ ദേശീയ തലത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്നാണ് സ്ഥിര നിയമനം. നിലവിലെ കേരളത്തിലെ ആശ വർക്കർമാരുടെ സമരം വിജയിച്ചാൽ ഭാവിയിലെങ്കിലും സ്ഥിര നിയമനം എന്ന ആവശ്യം അവർ ഉന്നയിക്കുകയും നിയമനത്തിനായി സർക്കാർ ഇടപെടൽ ഉണ്ടാകുകയും ചെയ്യും. അത് സിപിഎം എന്ന പാർട്ടിയുടെ കയ്യിൽ ജനങ്ങളുമായി വിലപേശാൻ ഉള്ള അവസരങ്ങൾ കുറയ്ക്കുന്നതിന് കാരണമാകുകയും ചെയ്യും. ഈ ചരിത്ര സാധ്യതയെ മുളയിലേ നുള്ളുവാനാണ് നിലവിൽ ആശ സമരത്തെ സർക്കാരും സിപിഎമ്മും ആക്രമിക്കുന്നത്.

References

01.    https://www.thenewsminute.com/kerala/workers-not-volunteers-ashas-in-india-need-formal-status-better-pay

02.    https://www.asianetnews.com/india-news/asha-worker-honorarium-raised-to-18k-rupee-in-puducherry-stqpg0

03.    https://www.reporterlive.com/topnews/kerala/2025/03/26/asha-workers-strikes-up-to-one-and-half-month?fbclid=IwY2xjawJSAcxleHRuA2FlbQIxMQABHYM3kd1IPNXJiAnKruaCs4jiQtMHKResM9Xc0u62Ex5Rd-fgbSPzHggI6Q_aem_zmyJN8aDr-JRcy1A2RIpkQ#google_vignette

04.    https://www.mathrubhumi.com/news/kerala/poet-sachidanandan-supports-asha-workers-strike-1.10457046?fbclid=IwY2xjawJSAdBleHRuA2FlbQIxMQABHaUs4bcWAyEocscDT0aOSA-DiFRpFj4f-tkoZOcAIwYEZ3uPrIYYR-AuBw_aem_SpHXp_ewuKhivBHxSxq04Q

05.    https://www.youtube.com/watch?v=nhEfvvnpc7I

06.    Kalra, A., Raghunath, D., Sakalle, S., & Dixit, S. (2024). Study of functionality of Mahila Arogya Samitis in Strengthening Health Systems under National Urban Health Mission, Indore city, Madhya Pradesh. Indian Journal of Community Health

07.    Devnath, R., & Sharma, K. (2024). Government's bold initiatives: tackling cervical cancer in India with determination and commitment. Current Medical Research and Opinion

08.    https://www.thehindu.com/opinion/editorial/warriors-of-hope-on-indias-ashas-inadequate-compensation/article69294359.ece

09.    https://www.thehindu.com/news/national/kerala/outpouring-support-for-ashas-as-agitation-enters-23rd-day/article69290934.ece

10.    National Health Systems Resource Centre (NHSRC) - ASHA Worker Status.

11.    Ministry of Health and Family Welfare (MoHFW), Government of India - NHM ASHA Guidelines.



#outlook
Leave a comment