TMJ
searchnav-menu
post-thumbnail

Outlook

പുനരധിവാസം അതിജീവിച്ചവരുടെ അവകാശം

16 Aug 2024   |   5 min Read
ഹൃദ്യ ഇ

കേരളം ഇതുവരെ നേരിട്ടിട്ടുള്ള പ്രകൃതി ദുരന്തങ്ങളെ അപേക്ഷിച്ച് ഏറ്റവും വിനാശകരവും ആഘാതമേറിയതുമായ ദുരന്തത്തെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം എന്നീ മൂന്ന് മേഖലകളെയും തുടച്ചുനീക്കികൊണ്ട് കടന്നുപോയ ഉരുള്‍പൊട്ടലിന്റെ ആകെയുള്ള അവശേഷിപ്പ് ജീവിതത്തിന്റെ ഒഴുക്ക് പകുതിയില്‍ വച്ച് നിന്ന് പോയ ആയിരകണക്കിന് മനുഷ്യരാണ്. ദുരന്തത്തിന്റെ പെട്ടെന്നുള്ള ആഘാതത്തില്‍ നിന്ന് കരകയറാന്‍ വലിയ രീതിയിലുള്ള മാനുഷിക സഹായങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒഴുകിയെത്തിയ കാഴ്ച കണ്ടതാണ്. ആ കൈകോര്‍ക്കലിനൊപ്പം തന്നെ ഇനി ചിന്തിക്കേണ്ടത് ദുരന്തത്തില്‍ വീടും നാടും നഷ്ടപ്പെട്ടുപോയ ഈ മനുഷ്യരുടെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചാണ്. ഒരോ ദുരന്തം കഴിയുമ്പോഴും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പുനരധിവാസ മാതൃകകളും ഇടപെടലുകളും എത്രമാത്രം മുണ്ടക്കൈ ദുരന്തത്തില്‍ പ്രായോഗികമാകുമെന്നും ഒരു ബദല്‍ സമീപനം എത്രമാത്രം ആവശ്യകരമാണെന്നതും ഈ അവസരത്തില്‍ പരിശോധിക്കേണ്ട വിഷയമാണ്.

ഒരു ദുരന്തത്തെ അതിജീവിച്ചവരെ സംബന്ധിച്ച് അവരുടെ നഷ്ടം വീട് മാത്രമല്ല, വര്‍ഷങ്ങളായി അവര്‍ ഇടപഴകികൊണ്ടിരുന്ന സാമൂഹിക ചുറ്റുപാടിന്റെയും പ്രദേശത്തിന്റെയും ഉപജീവനമാര്‍ഗത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റെയും നഷ്ടമാണ്. അതുകൊണ്ട് തന്നെ പുനരധിവാസ പ്രക്രിയയെ ആ സമഗ്ര അര്‍ത്ഥത്തില്‍ തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്. നിലവിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ആവശ്യം പുനരധിവാസത്തിനായുള്ള നിയമനിര്‍മ്മാണമാണ്. ഇതുമായി ബന്ധപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലയില്‍ നടത്തിയ ഉപവാസ സമരം പുനരധിവാസത്തിന്റെ സമഗ്രമായൊരു തലത്തിലേക്ക് സര്‍ക്കാര്‍ ശ്രദ്ധയെ ക്ഷണിക്കുന്നുണ്ട്. അതിജീവിതര്‍ക്കുള്ള പുനരധിവാസം അവരുടെ അവകാശമാണെന്ന് ഉറപ്പാക്കുന്ന നിയമനിര്‍മ്മാണവും സമയബന്ധിതമായും സുതാര്യമായും അഴിമതിരഹിതമായും ഈ പ്രക്രിയ നടപ്പിലാക്കാന്‍ സ്റ്റാറ്റിയൂട്ടറി അധികാരമുള്ള അതോറിറ്റിയോ മിഷനോ രൂപീകരിക്കുകയും വേണമെന്ന ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചിട്ടുള്ളത്. ദുരന്തത്തെ തുടര്‍ന്ന് ഭൂമിയും വീടും തൊഴിലും സമ്പത്തും സാമൂഹിക ചുറ്റുപാടുമെല്ലാം നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കേണ്ടത് അവരുടെ ഭരണഘടനാപരമായ അവകാശമെന്ന നിലയിലാകേണ്ടതിന്റെ ആവശ്യകത ഇവിടെ ഉയര്‍ത്തികാണിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അനുകമ്പയുടെ മുഖം അതിനുണ്ടാവില്ലെന്നും പുനരധിവാസ പ്രക്രിയകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്നുമുള്ള കാഴ്ചപ്പാടാണ് ഇവിടെ പ്രതിഫലിക്കുന്നത്. നിയമനടപടികളിലൂടെ തന്നെ അത് നേടിയെടുക്കാന്‍ ദുരിതബാധിതര്‍ക്ക് സാധിക്കുമെന്ന ഈ നിരീക്ഷണം ഒരു സമഗ്ര അര്‍ത്ഥത്തില്‍ പുനരധിവാസം സാധ്യമാക്കുന്നതിനായി സര്‍ക്കാര്‍ ചെവിക്കൊള്ളേണ്ടതുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
വയനാട് ദുരന്തത്തില്‍ മാത്രമല്ല, കേരളത്തില്‍ തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ തരത്തിലുമുള്ള ദുരന്തങ്ങളുടെ പുനരധിവാസ പ്രക്രിയ ഇത്തരത്തിലൊരു മാറ്റത്തിന് വിധേയമാകേണ്ടതുണ്ട്. സുരക്ഷിതത്വത്തോടെയും അന്തസോടെയുമുള്ള ജീവിതം ഭരണഘടന നല്‍കുന്ന അവകാശമായി നിലനില്‍ക്കെ ദുരന്തനിവാരണ പ്രക്രിയയുടെ ഏറ്റവും സുപ്രധാനമായ പുനരധിവാസ പ്രക്രിയയും അതേ ആശയത്തെ ഉള്‍കൊള്ളേണ്ടതുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും മുന്നോട്ടുവയ്ക്കുന്ന പുനരധിവാസ നിയമനിര്‍മ്മാണത്തിനായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേക്കും ചര്‍ച്ചകളിലേക്കും സംസ്ഥാനം കടക്കേണ്ടതുണ്ട്. ഇക്കോ സെന്‍സിറ്റീവ് സോണുകള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകള്‍ അല്ലെങ്കില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുടിയിറക്കപ്പെട്ടേക്കാവുന്ന ആളുകള്‍ക്ക് ശരിയായ നഷ്ടപരിഹാരം നല്‍കാനും പുനരധിവസിപ്പിക്കാനും അത്തരമൊരു നിയമം ആവശ്യമാണ്. ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള വ്യവസ്ഥകള്‍ ഈ നിയമത്തില്‍ ഉണ്ടാകണമെന്നതും നിര്‍ണായകമാണ്. ദുരന്തത്തിന് ശേഷമുള്ള പ്രക്രിയ എന്നതിലുപരിയായി ദുരന്തത്തെ ലഘൂകരിക്കുന്നതിലേക്ക് കൂടി ലക്ഷ്യം വയ്ക്കുന്ന പുനരധിവാസ മാതൃക ഇതിലൂടെ മുന്നോട്ടുവയ്ക്കാന്‍ സാധിക്കും. സംസ്ഥാനതലത്തില്‍ മാത്രമല്ല, രാജ്യവ്യാപകമായി തന്നെ അധികാരികളുടെ ഭാഗത്ത് നിന്നും അത്തരമൊരു സമീപനം ഉണ്ടാകേണ്ടത് അനിവാര്യമാണ്.

മുണ്ടക്കൈയ്ക്ക് മുന്‍പ് കേരളത്തെ നടുക്കിയ കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങളുടെ പുനരധിവാസം പൂര്‍ണ അര്‍ത്ഥത്തില്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതിന്റെ ദുരിതത്തില്‍ നിന്നും ഇപ്പോഴും കരകയറാത്ത മനുഷ്യരുണ്ട്. ആ ദുരന്തങ്ങളില്‍ സംഭവിച്ചതിനേക്കാള്‍ വലിയ നാശനഷ്ടങ്ങളും ജീവഹാനിയുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമായ കാര്യമാണ്. വാടക വീടുകള്‍ ക്രമീകരിച്ചുകൊണ്ടുള്ള താല്‍ക്കാലിക പുനരധിവാസ പ്രക്രിയകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആദ്യഘട്ട നടപടിയായി ചെയ്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുമാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ദുരന്തത്തിന്റ വ്യാപ്തി മനസിലാക്കികൊണ്ടുള്ള സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ദുരന്തത്തിന്റെ വ്യാപ്തിയും , എന്തെല്ലാം ആവശ്യങ്ങളാണ് വീണ്ടെടുക്കല്‍ പ്രക്രിയക്കായി വേണ്ടതെന്നും, പുനരധിവാസത്തിന്റെ വിവിധ തലങ്ങളും ബോധ്യപ്പെടുത്തികൊണ്ടുള്ള സമഗ്ര റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും വേണം. നടപടിക്രമങ്ങള്‍ അങ്ങനെ ഓരോന്നും പൂര്‍ത്തിയാക്കിയ ശേഷമാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

REPRESENTATIVE IMAGE | WIKI COMMONS
നിലവില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. 2000 കോടി രൂപ കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്ന പുനരധിവാസ പദ്ധതിക്ക് രൂപം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  ദുരന്തത്തില്‍ 352 വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായും 122 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായുമാണ് സര്‍ക്കാര്‍ പ്രസ്താവന. നിലവിലെ വാഗ്ദാനങ്ങള്‍ക്കിടയിലും മുന്‍കാലങ്ങളിലെ ദുരന്തങ്ങളെ അതിജീവിച്ചവരെ പുനരധിവസിപ്പിച്ചതില്‍ നിലനില്‍ക്കുന്ന അപര്യാപ്തതകള്‍ വ്യക്തമാണ്. ഓഖി ചുഴലികാറ്റ് മുതല്‍ അഞ്ച് വര്‍ഷം മുന്‍പുണ്ടായ പെട്ടിമുടി, കവളപ്പാറ, പുത്തുമല ഉരുള്‍പൊട്ടലുകള്‍ വരെയുള്ള സമീപകാല ദുരന്തങ്ങളില്‍ വാഗ്ദാനങ്ങളും പൂര്‍ണ അര്‍ത്ഥത്തിലുള്ള പുനരധിവാസവും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2019 ആഗസ്റ്റ് മാസത്തിലാണ് കവളപ്പാറ ദുരന്തം സംഭവിക്കുന്നത്. 59 പേരാണ് അന്നത്തെ ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നല്‍കി.  186 കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കൃഷിഭൂമിയുടെ കാര്യത്തില്‍ ഇപ്പോഴും അവിടെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ദുരന്തത്തില്‍ ഇരുപത് സെന്റ് മുതല്‍ 3 ഏക്കര്‍ വരെ നഷ്ടപ്പെട്ടവര്‍ ഉണ്ടായിരുന്നു. ഈ ഭൂമിയില്‍ കൃഷി പുനരാരംഭിക്കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ ഭൂമി ഈട് വച്ച് വായ്പ്പയെടുത്തവര്‍ ഇപ്പോഴും നിയമകുരുക്കുകളില്‍ ആണ്. പുത്തുമല ദുരന്തത്തില്‍ 17 പേരാണ് മരിച്ചത്. 57 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് വച്ചുനല്‍കി. എന്നാല്‍ പുനരധിവാസപ്രക്രിയയില്‍ ഉള്‍പ്പെടാതെ പോയ പതിനേഴ് കുടുംബങ്ങള്‍ ഇപ്പോഴും സമരങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. വയനാട് ദുരന്തത്തിന് മുന്‍പ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ദുരന്തമായിരുന്നു ഇടുക്കി പെട്ടിമുടിയിലേത്. എഴുപത് പേര്‍ മരിച്ച ഈ ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച എട്ട് കുടുംബങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇപ്പോഴും ദുരിതബാധിതര്‍ക്ക് ലഭിച്ചിട്ടില്ല. ഓഖി ദുരന്തത്തിലും പരാതികള്‍ ബാക്കിയാണ്.  ഭാഗികമായി വീട് തകര്‍ന്ന 458 കുടുംബങ്ങളുടെ കാര്യത്തില്‍ പരാതികള്‍ ഇപ്പോഴും തുടരുകയാണ്. സമീപകാലത്തായി ഉണ്ടായിട്ടുള്ള ഈ ദുരന്തങ്ങളില്‍ ധനസഹായവും പുനര്‍നിര്‍മ്മാണങ്ങളും പൂര്‍ത്തിയാകാത്ത സാഹചര്യവും ദുരന്തബാധിതരായ എല്ലാ മനുഷ്യര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയതും വ്യക്തമാണ്.

REPRESENTATIVE IMAGE | WIKI COMMONS
ദുരന്തത്തില്‍ നിന്നുള്ള പുനരധിവാസം എന്നതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത് അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പുനര്‍നിര്‍മ്മിക്കുക എന്നാണ്. ദി റിനൈസന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് കവളപ്പാറ ഉരുള്‍പൊട്ടലിന്റെ പുനരധിവാസത്തിലെ അപര്യാപ്തതകള്‍ രേഖപ്പെടുത്തുന്നുണ്ട്. ജിവനോപാധിയുമായി ബന്ധപ്പെട്ട ആസ്തി നഷ്ടത്തിന് 34.38 ശതമാനം ആളുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിച്ചെങ്കിലും 65.63 ശതമാനം ആളുകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കൃഷിഭൂമി പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ഹൈക്കോടതി സർക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കൃഷിയും കന്നുകാലി വളര്‍ത്തലുമെല്ലാം ഉപജിവനമാര്‍ഗമാക്കിയ മനുഷ്യര്‍ക്ക് ഇത് ദുരിതമായി. പുനരധിവാസത്തിന്റെ ഒരു തലം മാത്രമായ ഭവന നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതെന്നും ജീവനോപാധി വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു പ്രധാന കാര്യം കവളപ്പാറ ദുരന്തം വലിയ രീതിയില്‍ ബാധിച്ച നിലമ്പൂര്‍ ആദിവാസി മേഖലയിലെ കാട്ടുപണിയ സമുദായത്തെക്കുറിച്ചാണ്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ ദുരന്തത്തിന്റെ ആഘാതത്തോടെ കൂടുതല്‍ ദുരിതത്തിലേക്ക് എത്തുന്ന സ്ഥിതി ഉണ്ടായെന്ന് പഠനത്തില്‍ പറയുന്നു. കവളപ്പാറ, ഇരുളിക്കുന്ന്, അമ്പുമല തുടങ്ങി വിവിധ ജനവാസകേന്ദ്രങ്ങളിലായാണ് കാട്ടുപണിയര്‍ താമസിച്ചിരുന്നത്. 2023 ലെ ഈ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് വര്‍ഷമായി പോത്തുകല്‍ പഞ്ചായത്തിലെ പുനരധിവാസ കേന്ദ്രത്തിലാണ് ഇവര്‍ കഴിയുന്നത്. 14 കാട്ടുപണിയ കുടുംബങ്ങള്‍ അടങ്ങിയതാണ് ഈ പുനരധിവാസ കേന്ദ്രം. ദുരന്തം ഇവരുടെ ഉപജീവനമാര്‍ഗ്ഗത്തെയും സാമൂഹിക ബന്ധങ്ങളെയും സാംസ്‌കാരിക ആചാരങ്ങളെയും ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുനരധിവാസം സാധ്യമാക്കുമ്പോള്‍ അതില്‍ സംഭവിക്കുന്ന വിടവുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട് ഇത്തരം ഘടകങ്ങള്‍. ദുരന്തനിവാരണത്തിന്റെ ദൈര്‍ഘ്യമേറിയ, ചെലവേറിയ ഘട്ടമാണ് പുനരധിവാസം. അത് പൂര്‍ണമായി നടപ്പിലാക്കുക മാത്രമല്ല, അതിജീവിച്ച മനുഷ്യരെയും അവരുടെ സാമൂഹിക ജീവിതത്തെയും ഉള്‍ക്കൊള്ളുന്നതുമായിരിക്കണം പദ്ധതി. പുനരധിവാസവും അതിനായുള്ള പ്രവര്‍ത്തനങ്ങളും ദുരന്ത ബാധിത സമൂഹത്തിന്റെ പ്രത്യേകതകളെ പരിഗണിച്ചുകൊണ്ടും ഉള്‍കൊണ്ടും ആയിരിക്കണം. കേവലം കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണത്തേക്കാള്‍ ഭൗതികവും സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ വീണ്ടെടുക്കല്‍ എന്ന സമഗ്ര സ്വഭാവത്തോടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. മാത്രമല്ല സമ്പൂര്‍ണ്ണവും നീതിയുക്തവുമായ നഷ്ടപരിഹാരവും പുനരധിവാസവും അവകാശമാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ പരിഗണിച്ചുകൊണ്ടുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതുമുണ്ട്. ദുരന്തലഘൂകരണത്തിനായി കേരളത്തിന്റെ അപകടമേഖലകളില്‍ താമസിക്കുന്നവരെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണം.

കവളപ്പാറ ദുരന്തം | PHOTO: FACEBOOK
പലപ്പോഴും മരണങ്ങളും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വര്‍ദ്ധിക്കുമ്പോഴാണ് ധനസഹായവും പുനരധിവാസവുമെല്ലാം ചര്‍ച്ചാ വിഷയം ആവുന്നത്. സമീപകാലത്തായി കേരളം കണ്ടുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ നിരവധി ചെറുതും വലുതുമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2018 ല്‍ കേരളത്തിന്റെ പശ്ചിമഘട്ട മലനിരകള്‍ വിനാശകരമായ ദുരന്തത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ 2018 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ചെറുതും വലുതുമായി 5000 ത്തിലധികം ഉരുള്‍പൊട്ടലുകളാണ് 2018 ല്‍ മാത്രം ഉണ്ടായിട്ടുള്ളത്. മുവ്വായിരത്തോളം സംഭവിച്ചിരിക്കുന്നത് ഇടുക്കി, വയനാട് ജില്ലകളിലാണ്. ശക്തമായ മഴ കാരണമുള്ള അപകടങ്ങളെ തുടര്‍ന്ന് 6,85,000 കുടുംബങ്ങൾക്കാണ് സ്വത്തുക്കള്‍ നഷ്ടപ്പെട്ട് താല്‍ക്കാലിക ക്യാമ്പുകളിലേക്ക് മടങ്ങേണ്ടി വന്നത്. ഒട്ടേറെ മനുഷ്യരുടെ ജിവനോപാധിയും പാര്‍പ്പിടവും ഇക്കാലയളവില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.  മുണ്ടക്കൈ ദുരന്തം നടക്കുന്ന സമയത്ത് തന്നെയാണ് കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടുന്നത്. വിലങ്ങാടുണ്ടായ അപകടത്തില്‍ 14 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായും 150 ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായും കൃഷി നശിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഇക്കാലയളവില്‍ കേരളത്തിന്റെ മലയോരമേഖലകളില്‍ ഉണ്ടായ അപകടങ്ങള്‍ക്കും ഭൂപ്രകൃതിയുടെ നാശത്തിനും ദുരന്തബാധിതരായ മനുഷ്യരുടെ ദുരിതത്തിനും വളരെ വിശാലമായ മുഖമുണ്ട്. വിശാല അര്‍ത്ഥത്തില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അത് പരിഗണിക്കേണ്ടതുമുണ്ട്.


#outlook
Leave a comment