
മതേതരാനന്തര (പോസ്റ്റ് സെക്കുലര്‍) കാലത്തെ മതം
മതത്തിന് സ്ഥായിയായൊരു ഉണ്മാബോധ്യം ഇല്ല. മനുഷ്യ സംസ്‌കൃതിയുടെ ഓരോ കുടമാറ്റങ്ങളിലും അത് വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ടിരിക്കും. ആധുനികതയും അതിന്റെ സാംസ്‌കാരിക ബോധ്യമായ ലിബറലിസവും മതത്തിന് സ്വകാര്യ വ്യാവഹാരിക ഇടമാണ് കല്പിച്ച് നല്കിയതെങ്കില്‍, ആധുനികാനന്തര/ ഉത്തരാധുനിക കാലത്ത് പൊതുവ്യവഹാരിക ഇടങ്ങളിലേക്ക് മതം പൂര്‍വ്വാധികം ശക്തിയോടുകൂടി പുനര്‍പ്രവേശനം ചെയ്യുന്നതാണ് കാണുന്നത്. മതേതരാനന്തരത അഥവാ പോസ്റ്റ് സെക്കുലറിസം എന്ന് വിളിക്കുന്ന ഈ പ്രതിഭാസം പക്ഷേ, മനുഷ്യജീവിതത്തിന്റെ ചരക്കുവത്കരണത്തിന്റെ ഈ പുത്തന്‍ മൂലധനാധിഷ്ഠിത യുഗത്തില്‍ പ്രത്യേകിച്ചും അത് പോത്സാഹിപ്പിക്കുന്ന മത മൗലികവാദത്തിന്റെയും മത വര്‍ഗീയതയുടെയും പശ്ചാത്തലത്തില്‍ ഏതുതരം മതബോധമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ചിന്തിക്കേണ്ടത് ഏറ്റവും അനിവാര്യമായ ഒന്നാണ്.
ആധുനികത, സെക്കുലറിസം, ലിബറലിസം
Saeculum എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് സെക്കുലറിസം രൂപപ്പെടുന്നത്. ആദിമ ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്മാരാണ് ഇത് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചത്. വിശുദ്ധ അഗസ്തിന്റെ ചിന്തകളില്‍ ദൈവ നഗരത്തിലേക്ക് (City of God) എത്തുന്നതിന് മുന്‍പായുള്ള മനുഷ്യനഗര ജീവിതം (City of Man) എന്നാണിതിന് അര്‍ത്ഥം കൊടുത്തത്. അല്ലെങ്കില്‍ മൊണാസ്റ്റിക് ജീവിതത്തില്‍ നിന്നുള്ള നിയമപരമായ മാറ്റം എന്നും അന്ന് അര്‍ത്ഥം കൊടുത്തിരുന്നു. സഭാപരമായ സ്വത്തുകള്‍ അത്മായര്‍ക്കു നല്‍കുന്നതിനെ secularization എന്ന് പതിനാറാം നൂറ്റാണ്ടില്‍ സഭാ നവീകരണകാലത്ത് വിളിച്ചിരുന്നു. പൊതുവെ മതപരമായ (ecclesistical) ജീവിതത്തിന് പുറത്തുള്ള ഭൗതിക - ലോകജീവിതം എന്നുള്ള അര്‍ത്ഥമാണ് ക്രൈസ്തവ ചിന്താലോകം സെക്കുലറിസത്തിന് നല്‍കിയിരുന്നത്.
ഇവിടെ മനസ്സിലാകുന്ന ശ്രദ്ധേയമായ ഒരു കാര്യം, മതത്തെയും സെക്കുലര്‍ വ്യവഹാര ലോകത്തെയും വിരുദ്ധ അപരത്വങ്ങളില്‍ നിലനിര്‍ത്തുമ്പോഴും രാഷ്ട്രത്തിനും മതത്തിനും (സഭയ്ക്കും) ഇടയിലുള്ള ശ്രേണീബദ്ധമായ ബന്ധം കൃത്യമായി സൂക്ഷിച്ചിരുന്നുവെന്നതാണ്. രാഷ്ട്രത്തിനുമേലുള്ള/ ലോകത്തിനുമേലുള്ള മതത്തിന്റെ മേല്‍ക്കൈ തുടരുന്നതിന് പ്‌ളേറ്റോണിസം പോലുള്ള സമഗ്ര മെറ്റാഫിസിക്കല്‍ ചിന്താഗതികളെയും ഇക്കാലത്ത് സഭ കൂട്ടുപിടിച്ചിരുന്നു. ഇതിനുപിന്നില്‍ ചില സാമ്രാജ്യത്വ താല്പര്യങ്ങളും ഉണ്ടായിരുന്നുവെന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം പരിശോധിച്ചാല്‍ മനസ്സിലാകും. ഈ മതാധിഷ്ഠിത രാഷ്ട്രീയ ബോധമാണ് വാസ്തവത്തില്‍ ആധുനികത വെല്ലുവിളിച്ചതെങ്കില്‍ മതവും സാമ്രാജ്യവും തമ്മിലുള്ള പുതിയ ബന്ധങ്ങളാണ് ആധുനികാനന്തര കാലത്ത് സൃഷ്ടിക്കപ്പെട്ടതെന്ന വാദമാണ് ചില സമകാലിക ഭൗതികവാദ ചിന്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ആധുനിക ജ്ഞാന ബോധ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട മതേതരത്വം അഥവാ സെക്കുലറിസം മതത്തെ രാഷ്ട്രത്തില്‍/ രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തിയത് മതരാഷ്ട്ര ചിന്തയില്‍ നിന്നും ജനാധിപത്യ ബോധത്തിലേക്കുള്ള മാറ്റമാണ് അടയാളപ്പെടുത്തിയത്. എന്നാല്‍ റെനെ ഡെകാര്‍ട്ടും ഇമ്മാനുവേല്‍ കാന്റും ഡേവിഡ് ഹ്യൂമും തുടങ്ങിവച്ച ആധുനിക ദര്‍ശനം അതിഭൗതികതയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തു. അത് മതത്തിന്റെ സ്വകാര്യവത്കരണത്തിനും മനുഷ്യയുക്തിയില്‍ അധിഷ്ഠിതമായ മതേതര പൊതുയിടത്തിന്റെ നിര്‍മിതിക്കും കാരണമായി. പക്ഷേ, ഈ മതേതര പൊതുയിടവും മതത്തിന്റെ യുക്തിയില്‍ നിന്നും പുറത്തുകടക്കുന്നതായിരുന്നില്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന്, Sovereign State എന്ന ആശയം Sovereign God എന്ന ക്രിസ്ത്യന്‍ ആശയത്തില്‍ നിന്നാണ് എടുത്തിട്ടുള്ളതെന്ന് തോമസ് ഹോബ്‌സ് തന്നെ സമ്മതിച്ചിട്ടുണ്ട്. രാഷ്ട്രീയ ആശയങ്ങളെല്ലാം തന്നെ secularized theological ആശയങ്ങളാണ് എന്ന് Carl Schmitt സമ്മതിച്ചിട്ടുണ്ട്. ആധിപത്യ ഭരണകൂടവും കേന്ദ്രീകൃത ജനാധിപത്യവും കേവലം സെക്കുലര്‍ പദ്ധതികള്‍ മാത്രമല്ല എന്ന് സാരം. സെക്കുലറിസത്തിന്റെ ഈ മതാത്മക അന്തര്‍ധാര മനസ്സിലാക്കാതെയാണ് പലപ്പോഴും ചിലര്‍ മതേതരാനന്തരത അഥവാ പോസ്റ്റ് സെക്കുലറിസം മതത്തിന്റെ കേവലമായ തിരിച്ചുവരവാണ് എന്ന് പറയുന്നത്.
സെക്കുലറിസത്തിന്റെ ഈ മതാത്മക മൂല്യം തിരിച്ചറിയണമെങ്കില്‍ ക്യാപിറ്റലിസവും പ്രൊട്ടസ്റ്റന്റിസവും തമ്മിലുള്ള അന്തര്‍ധാര മനസ്സിലാക്കിയാല്‍ മതി. ആധുനികാനന്തര പൊതുസമൂഹത്തില്‍ (public space) മതത്തിന്റെ ഇടപെടല്‍ യൂട്ടിലിറ്റേറിയനായി മാത്രം നിലനിര്‍ത്തേണ്ട ആവശ്യം ക്യാപിറ്റലിസത്തിന് ഉണ്ടായിരുന്നു. മതവും അതിന്റെ ആചാരങ്ങളും ഒരുഭാഗത്ത് അഭംഗുരം മുന്നേറുമ്പോള്‍ മറുഭാഗത്ത് കമ്പോളം ലാഭം കൊയ്തുകൊണ്ടിരുന്നു. പ്രൊട്ടസ്റ്റന്റിസവും ക്യാപിറ്റലിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കമ്പോളം നിര്‍മ്മിച്ചെടുത്ത മതവും രാഷ്ട്രീയവും മനുഷ്യ യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കുന്ന കപട ബോധങ്ങളാണ് എന്ന ബോധവും പോസ്റ്റ് സെക്കുലറിസത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പോസ്റ്റ് സെക്കുലറിസം മതത്തിന്റെ വിമര്‍ശനരഹിതമായ തിരിച്ചുവരവല്ല വിവക്ഷിക്കുന്നത്, പ്രത്യുത പുനര്‍നിര്‍വചിക്കപ്പെട്ട പൊതുവ്യവഹാരിക (സെക്കുലര്‍) ഇടത്തിന്റെ പശ്ചാത്തലത്തില്‍ മതത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് മതേതരാനന്തരത പ്രതിപാദിക്കുന്നത്.
ആധുനിക ജ്ഞാനപരിസരത്തില്‍ രൂപപ്പെട്ട സെക്കുലറൈസേഷന്‍ സാര്‍വ്വ ലൗകിക യുക്തിക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ മതചിന്ത ഒരു സ്വകാര്യ ബോധമായോ പൊതുഇടത്തില്‍ അനിവാര്യമല്ലാത്തതോ ആയ ഒന്നായി മാറി. എന്നാല്‍ സാര്‍വ്വ ലൗകിക യുക്തിബോധം യൂറോപ്യന്‍ സാംസ്‌കാരിക അധിനിവേശത്തിനും രാഷ്ട്രീയ-സാമ്പത്തിക ക്രമത്തിന്റെ ആധിപത്യത്തിനും നീതിമത്കരണം നല്‍കിയപ്പോള്‍ പാശ്ചാത്യേതര മതസമൂഹങ്ങള്‍ മതപരവും സാസ്‌കാരികവും രാഷ്ട്രീയപരവുമായ അപരവത്കരണത്തിനും വിധേയത്വത്തിനും ഇരയാക്കപ്പെട്ടു. എന്നാല്‍ ഇവിടെ ക്രിസ്തുമതം സാര്‍വ്വ ലൗകിക മതമായി നിലനിര്‍ത്തപ്പെടുന്നതും കാണാന്‍ സാധിക്കും. പാശ്ചാത്യേതര മതസമൂഹങ്ങള്‍ അപരിഷ്‌കൃതവും അനാചാരപരവുമായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായത്. മൂലധനാധിഷ്ഠിത സാമ്പത്തിക ക്രമത്തിന്റെ ചുമലിലേറി ക്രിസ്തുമതം ആഗോള മതമായി രൂപംപ്രാപിക്കുകയും ചെയ്തു. പലപ്പോഴും ക്രൈസ്തവമതം സെക്കുലറൈസേഷനെ ഒരു ഭീഷണിയായി കണ്ടിരുന്നതില്‍ പ്രസ്തുത സാംസ്‌കാരിക-രാഷ്ട്രീയ കാരണവും ഉണ്ടായിരുന്നു. മതേതരാനന്തരത സെക്കുലറൈസേഷനെ പാടെ നിഷേധിക്കുകയോ അതേപടി ആശ്ലേഷിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍, ആധുനികാനന്തര കാലത്ത് മതത്തിനുണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിക്കുകയും പൊതുഇടത്തിന് അനുഗുണമായ തരത്തില്‍ പുനരാഖ്യാനം ചെയ്യുകയും ചെയ്യുന്നു. REPRESENTATIVE IMAGE | WIKI COMMONS
പോസ്റ്റ് സെക്കുലറിസം, നവഭൗതികവാദം, നീതിക്കായുള്ള ധാര്‍മിക-രാഷ്ട്രീയ പ്രയോഗം
1990 കളിലാണ് പോസ്റ്റ് സെക്കുലറിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് യുര്‍ഗന്‍ ഹാബെര്‍മാസിന്റെ പഠനങ്ങളാണ്. ആധുനിക ലിബറല്‍ ബോധ്യത്തെ പാടെ തള്ളിപ്പറയാതെ അതിനുള്ളില്‍ മതത്തിന്റെ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. പൊതുഇടത്തെ യുക്തിപരമായി / ജനാധിപത്യപരമായി പുനര്‍ നിര്‍മ്മിക്കുന്നതില്‍ മതങ്ങളുടെ സ്ഥാനം അദ്ദേഹം ഉയത്തിപ്പിടിച്ചു. ആധുനിക സെക്കുലറൈസേഷന്‍ പ്രക്രിയ, ആധുനികാനന്തര പൊതുഇട നിര്‍മ്മിതിയില്‍ മതങ്ങളുടെ സ്ഥാനം നിരാകരിക്കുന്നതായി ഹാബെര്‍മാസ് വിലയിരുത്തി. രണ്ട് തരത്തിലുള്ള പ്രശ്‌നങ്ങളാണിത് സൃഷ്ടിക്കുന്നത്. ഒന്ന്, പൊതുയിടം (public space) മതരഹിതമായൊരു ന്യൂട്രല്‍ സ്‌പേസ് ആണെന്നുള്ള ചിന്ത. രണ്ട്, മതനിഷേധം അജണ്ട ആകുമ്പോള്‍ ആ ശൂന്യതയിലേക്ക് കടന്നുവരുന്ന മതമൗലിക/ വര്‍ഗീയ ശക്തികള്‍. സാര്‍വദേശീയ യുക്തിബോധം സ്വയംഭൂ അല്ലെന്നും അത് മതം, സംസ്‌കാരം ഉള്‍പ്പെടെയുള്ള ചിഹ്നവ്യവസ്ഥയില്‍ രൂപപ്പെടുത്തപ്പെടുന്നതാണെന്നുമുള്ള ഹാബെര്‍മാസിന്റെ പഠനങ്ങള്‍ പൊതുഇടത്തെക്കുറിച്ചുള്ള നവ്യമായ ചിന്താപദ്ധതിക്കാണ് രൂപംകൊടുത്തത്. മാത്രമല്ല, പൊതുഇടത്തെ സ്വകാര്യ ഇടമായി വ്യാഖ്യാനിക്കുന്ന പൊളിറ്റിക്കല്‍ എക്കണോമിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണം എന്നും ഹാബെര്‍മാസ് പറഞ്ഞുവച്ചു. ക്യാപിറ്റലിസം മെറ്റീരിയല്‍ പ്രൊഡക്ഷനും റീപ്രൊഡക്ഷനും മീതെ വ്യാപരിക്കുന്ന അതിഭൗതിക യാഥാര്‍ഥ്യമായി സ്വയം അവതരിപ്പിക്കപ്പെടുന്ന കാലത്ത് വിഭവപങ്കാളിത്തത്തിനും തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശത്തിനുമുള്ള സംവാദാത്മക പ്രയോഗം (Communicative Action) ആരംഭിക്കണമെന്നും അത്തരം ജനാധിപത്യ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക ക്രമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മത-ധാര്‍മിക പ്രയോഗങ്ങള്‍ക്കും സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹാബെര്‍മാസിന്റെ ചിന്തകളില്‍, മതേതരാനന്തരത അഥവാ പോസ്റ്റ് സെക്കുലറിസം പ്രധാനമായും മതവും പൊതുയിടവും തമ്മില്‍ ഉണ്ട് എന്ന് പറയുന്ന വിടവിനെ നിഷേധിക്കുന്നു. ഒന്ന് മറ്റൊന്നിന് വിരുദ്ധമാണെന്ന സങ്കല്പത്തെ അത് അംഗീകരിക്കുന്നില്ല. മറിച്ച് അവ പരസ്പരം പൂരകങ്ങളാണ്. സെക്കുലറിസം ലോകത്തിലെ നമ്മുടെ അതിജീവനത്തിന്റെ ഭൗതിക ബന്ധുത്വം വെളിപ്പെടുത്തുന്നു. ഭൂമിജീവികളാകാനുള്ള ആഹ്വാനമാണ് ബദല്‍ സെക്കുലറിസം അഥവാ പോസ്റ്റ് സെക്കുലറിസം നല്‍കുന്നതെങ്കില്‍ ഈ പ്രക്രിയയില്‍ നിന്നും മാറി മതങ്ങള്‍ക്കും ഒരു അസ്തിത്വമില്ല. നവഭൗതികവാദ ചിന്തയിലേക്കാണിത് നമ്മെ നയിക്കുന്നത്. മനുഷ്യ-ഭൂമി-വിഭവ ബന്ധങ്ങളെ നീതിയുക്തമായി പരിവര്‍ത്തിക്കുന്നതില്‍ നിന്നുമാറി അതിഭൗതിക ജ്ഞാന മണ്ഡലത്തില്‍ മാത്രമായി മതങ്ങള്‍ക്ക് നില്‍ക്കാനാവില്ല. മതമൗലികവാദവും മതവര്‍ഗീയതയും ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അവ പ്രോത്സാഹിപ്പിക്കുന്നത് മൂലധന വ്യവസ്ഥിതി മുന്നോട്ടുവയ്ക്കുന്ന സ്വകാര്യ സ്വത്തുടമസ്ഥതയും മതരാഷ്ട്ര വാദവുമാണ്. അതുകൊണ്ട്, മതേതരാനന്തരത അഥവാ പോസ്റ്റ് സെക്കുലറിസം മതത്തെ അതിന്റെ സ്വകാര്യ-സ്വാര്‍ത്ഥ-അതിഭൗതിക ജ്ഞാന മണ്ഡലത്തില്‍ നിന്നും താഴേക്കിറക്കി ഭൗമ യാഥാര്‍ഥ്യത്തെ പരിവര്‍ത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നിര്‍ബന്ധിക്കുന്നു. ഇത് മതബോധത്തിന്റെ കേവലമായ തിരുച്ചുവരവല്ല, പ്രത്യുത, പൊതുഇടങ്ങളെ നീതിപൂര്‍വ്വമായി പുനര്‍നിര്‍മ്മിക്കാനായി മതബോധം സ്വയം തിരിച്ചറിയുകയാണ്. യുര്‍ഗന്‍ ഹാബെര്‍മാസ് | PHOTO: FACEBOOK
ചരുക്കത്തില്‍
മതേതരാനന്തരത അഥവാ പോസ്റ്റ് സെക്കുലറിസം, ഉത്തരാധുനികമായൊരു ചിന്താപദ്ധതിയാണ്. പോസ്റ്റ് സെക്കുലറിസം പ്രധാനമായും മതവും പൊതുസമൂഹവും തമ്മിലുള്ള വിരുദ്ധ ബന്ധത്തെക്കുറിച്ചുള്ള ആധുനിക - ലിബറല്‍ ചിന്താപദ്ധതി നിര്‍മ്മിച്ചുവച്ച പരിപ്രേക്ഷ്യത്തോട് കലഹിക്കുന്നു. സെക്കുലറിസം എന്ന ആധുനിക ഭാവന, മതത്തെ സ്വകാര്യവത്കരിച്ചുവെന്ന് മാത്രമല്ല അത് ആധുനിക ലിബറല്‍ സാമൂഹ്യ ഇടത്തിനും സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായൊരു ജ്ഞാനമണ്ഡലം കല്പിച്ചുകൊടുത്തു. അതേസമയം, പോസ്റ്റ് സെക്കുലറിസം, മതത്തിന്റെ കേവലമായ തിരിച്ചുവരവല്ല. ആധുനിക സെക്കുലറിസം മതത്തെ നിരാകരിച്ചത് കൊണ്ട് പോസ്റ്റ് സെക്കുലറിസം മതത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുപിടിക്കുന്നു എന്ന ഈ വാദം വാസ്തവത്തില്‍ മുന്നോട്ടുവയ്ക്കുന്നത് പലപ്പോഴും മതമൗലിക വാദികളോ മതരാഷ്ട്ര വാദികളോ ആണ് എന്നതാണ് ശ്രദ്ധേയം. പോസ്റ്റ് സെക്കുലറിസം മതവും പൊതു രാഷ്ട്രീയ ഇടവും തമ്മിലുള്ള പരസ്പര പൂരക ബന്ധത്തെ പുനര്‍നിര്‍വചിക്കുന്നു. നവലിബറല്‍ ക്യാപിറ്റലിസത്തിന്റെ ചുവടുപറ്റി തഴച്ചുവളരുന്ന മത വര്‍ഗീയതയുടെയും മത മൗലികവാദത്തിന്റെയും സമകാലിക പശ്ചാത്തലത്തില്‍ പോസ്റ്റ് സെക്കുലറിസം മുന്നോട്ടുവയ്ക്കുന്ന ബദല്‍ മതവും രാഷ്ട്രീയവും മനുഷ്യ-ഭൂമി-വിഭവ ബന്ധങ്ങളെ നീതിപൂര്‍വ്വമായി പുനരാഖ്യാനം ചെയ്യുകയും മതത്തിന് ഭൗതിക-രാഷ്ട്രീയ പരിപ്രേക്ഷ്യം നല്‍കുകയും ചെയ്യുന്നു.