TMJ
searchnav-menu
post-thumbnail

Outlook

ധര്‍മധീരതയുടെ പ്രതിരോധമില്ലാത്ത മതനേതൃത്വം

18 Apr 2023   |   5 min Read
ഡോ. പോള്‍ തേലക്കാട്ട്

രിസ്റ്റോട്ടില്‍ പൊളിറ്റിക്സിനെ മനസ്സിലാക്കുന്നതു മനുഷ്യന്റെ എത്തിക്സിന്റെ സാമൂഹ്യവ്യാപനമായിട്ടാണ്, ചരിത്രത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ ചരിത്രവുമായി ആഴമാര്‍ന്ന ബന്ധത്തിലാണ്. ചരിത്രത്തില്‍ ഒഴുകുകയല്ല ചരിത്രം സൃഷ്ടിക്കുന്നതിലും മനുഷ്യന് പങ്കുണ്ട്. ആരും ഈ ചരിത്രത്തില്‍നിന്ന് ഒഴിവാക്കപ്പെടാനാവില്ല. കാരണം ചരിത്രം പലമ (Plurality) ഒരുമയാക്കുന്ന വിധമാണ്. നമ്മുടെ രാജ്യം പല ജാതി മതഗോത്രങ്ങളുടെ കൂട്ടായ്മയാകുന്നതിലാണ്. വ്യത്യാസം അതില്‍തന്നെ ശത്രുതയുളവാക്കേണ്ടതില്ല. വ്യത്യാസങ്ങള്‍ക്കും എങ്ങനെ ആതിഥ്യം നല്കുന്നു എന്നതിലാണ് ഒരു നാടിന്റെ സംസ്‌കാരവും അതിന്റെ തനിമയും സൃഷ്ടിക്കപ്പെടുന്നത്.

പലമ ആദരിക്കാതെ ജനാധിപത്യം സാധ്യമല്ല. ജനാധിപത്യ ഇന്ത്യയില്‍ നാം നേരിടുന്ന വലിയ പ്രതിസന്ധി പലമയുടെ തന്നെയാണ്. ജനാധിപത്യത്തില്‍ പല പ്രത്യയശാസ്ത്രങ്ങള്‍ പിന്‍തുടരുന്ന പാര്‍ട്ടികള്‍ ഉണ്ടാകാം. ആരു ഭരിക്കണം എന്നതു ജനങ്ങളാണ് നിശ്ചയിക്കുന്നതും ജനങ്ങളാണ് പരോക്ഷമായി ഭരിക്കുന്നതും. എന്നാല്‍ ജനാധിപത്യം ആള്‍ക്കൂട്ടാധിപത്യമല്ല. അതു ഭൂരിപക്ഷാധിപത്യവുമല്ല. ഭൂരിപക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കും പൗരബോധത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. ഭരണഘടനയനുസരിച്ചാണ് പാര്‍ട്ടികള്‍ ഭരിക്കേണ്ടത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സാര്‍വലൗകികമാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ മൂന്നു മൂല്യങ്ങളിലാണ് ഭരണഘടന നിലകൊള്ളുന്നത്.

ഇന്ത്യയുടെ ഭരണഘടന മതരാഷ്ട്രീയത്തിന്റെയോ മതവിരുദ്ധ രാഷ്ട്രീയത്തിന്റെയോ അല്ല. മതങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്ന ഭരണസംവിധാനം എല്ലാ മതങ്ങള്‍ക്കും മതമില്ലാത്തവര്‍ക്കും തുല്യസ്വാതന്ത്ര്യമാണ്, സ്വന്തം മതമനുസരിച്ചല്ല രാഷ്ട്രീയ നേതാക്കള്‍ രാജ്യം ഭരിക്കേണ്ടത്. സെക്കുലര്‍ പരിപ്രേക്ഷ്യം ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ട്.


Representational Image: Wiki Commons
മതനേതാക്കളും മതപുരോഹിതരും പൗരന്മാരെന്ന നിലയില്‍ രാഷ്ട്രീയം പറയാന്‍ അവകാശമുള്ളവരാണ്. പക്ഷേ, ഈ മണ്ഡലത്തില്‍ വ്യാപരിക്കുന്നവര്‍ അവകാശം ഉപയോഗിക്കുമ്പോള്‍ പക്വമായ ചില നിയന്ത്രണങ്ങള്‍ക്കും അവര്‍ വിധേയരാകും. എല്ലാ മതക്കാരുമായി പാരസ്പര്യത്തിന്റെ പാലം തകര്‍ക്കാന്‍ ഇടയാകുന്ന ഭാഷണങ്ങള്‍ ഒഴിവാക്കണം. അനാവശ്യമായി മതം രാഷ്ട്രീയത്തില്‍ ഇടപെടരുത്. കോടിക്കണക്കിന് ആളുകളുടെ വൈവിധ്യമേറിയ ആയിത്തീരലിന്റെ ചരിത്രവേദിയിലാണ് നാം. അവിടെ മതനേതാക്കന്മാര്‍ കക്ഷിരാഷ്ട്രീയം പറയുന്നതു വളരെ സൂക്ഷ്മതയോടെ വേണം. പറയുന്നതു മാനവികതയുടെ പൊതുധാരയിലും പൊതുധര്‍മത്തിലുമാകണം. മനുഷ്യനുവേണ്ടിയാണ് ഇടപെടേണ്ടത്. ക്രൈസ്തവ നേതാവ് ക്രൈസ്തവര്‍ക്കുവേണ്ടി മാത്രം ഇടപെടുന്നവനാകരുത് എന്നതു ക്രൈസ്തവസഭയുടെ തന്നെ പ്രബോധനമാണ്. മനുഷ്യന്‍ എവിടെ അനീതി അനുഭവിക്കുന്നുവോ അവിടെ മനുഷ്യനുവേണ്ടി സംസാരിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്.

1987 മേയ് മാസത്തിലാണ് ആധുനിക കേരളത്തില്‍ ക്രൈസ്തവരും ഹിന്ദുക്കളും തമ്മില്‍ നിലയ്ക്കല്‍ പ്രതിസന്ധി കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായി, ആ കുരിശുവിവാദത്തില്‍ കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ കരുണാകരനുമായി ഉണ്ടാക്കിയ സൗഹൃദപൂര്‍ണമായതും സത്യത്തിന്റെയും നീതിയുടെയും പക്ഷം ചേര്‍ന്നതുമായിരുന്നു. ആ പ്രശ്നം സൗഹാര്‍ദമായി പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മതനേതാക്കള്‍ മനുഷ്യന്റെ പക്ഷത്തുനില്‍ക്കണം. ശരിയും തെറ്റും തിരിച്ചറിഞ്ഞ് അംഗീകരിക്കാന്‍ തയ്യാറാകണം. നീതിസാമുദായികമല്ല, സാര്‍വത്രികമാണ്. തെറ്റ് അംഗീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. 2021 ജൂലൈ മാസത്തില്‍ സീറോ മലബാര്‍ സിനഡ് ലൗ ജിഹാദിനെക്കുറിച്ചു പ്രസ്താവനയിറക്കി. 2009 ല്‍ കേരള പോലീസ് ഡിജിപി ജേക്കബ് പുന്നൂസ് അങ്ങനെ സംഘടിത പരിപാടിയോ പദ്ധതിയോ ഇല്ല എന്നാണ് വ്യക്തമാക്കിയത്. 2018 ല്‍ ഹാദിയ കേസില്‍ എന്‍ഐഎ നല്കിയ റിപ്പോര്‍ട്ടും ഇങ്ങനെ ലൗ ജിഹാദ് ഉണ്ട് എന്നല്ല. ഇതൊന്നും ശ്രദ്ധിക്കാതെ മെത്രാന്മാര്‍ പ്രസ്താവനയിറക്കിയതു ദുഃഖകരമായിപ്പോയി. അതിനുശേഷവും നാര്‍കോട്ടിക് ജിഹാദിനെക്കുറിച്ച് ഒരു മെത്രാന്‍ പള്ളിയില്‍ പ്രസംഗിച്ചു. കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കള്‍ മതമൈത്രിയും സമുദായസൗഹൃദവും കാത്തുപാലിച്ച ചരിത്രത്തില്‍ നിന്നുള്ള വിഘടനമായി ഇതൊക്കെ നിലകൊള്ളുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു എംപിയെ ഉണ്ടാക്കിക്കൊടുക്കാം റബ്ബറിന് 300 രൂപയാക്കിയാല്‍ മതി എന്നതു തീര്‍ത്തും അപക്വമായ പ്രസ്താവനയായിപ്പോയി. അതു ന്യായീകരിച്ച് മറ്റൊരു മെത്രാന്‍ നടത്തിയ അഭിമുഖവും ആദരണീയമായി തോന്നിയില്ല. ഒളിച്ചുവെച്ചും വെള്ളപൂശിയും നടത്തുന്ന പ്രതികരണങ്ങളുടെ സത്യം ജനങ്ങള്‍ക്കു മനസ്സിലാകില്ല എന്നു ചിലര്‍ കരുതുന്നു.

മേജര്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ആലഞ്ചേരി ഒരു ദിനപത്രത്തിനു കൊടുത്ത അഭിമുഖത്തില്‍ ''ഞങ്ങള്‍ ആരുടേയും വോട്ട് ബാങ്കല്ല'' എന്നു വ്യക്തമാക്കിയതില്‍ സന്തോഷം തോന്നി. വോട്ട് കച്ചവടത്തെക്കുറിച്ചു ''വ്യക്തിപരമായ അഭിപ്രായ'' മാണെന്നും അദ്ദേഹം വ്യക്തമാക്കി, 'കാസ' പോലെയുള്ള തീവ്രവാദസംഘത്തെ തള്ളിപ്പറഞ്ഞതു ശ്രദ്ധിക്കപ്പെടണം. എങ്കിലും ''ക്രൈസ്തവര്‍ ഇന്ത്യയില്‍ അരക്ഷിതബോധം അനുഭവിക്കുന്നില്ല'' എന്നു പറഞ്ഞുപോയി. അതു പറയാന്‍ ആഗ്രഹിച്ചതല്ല എന്നാണ് മനസ്സിലാക്കുന്നത്. കാരണം ഉത്തരേന്ത്യയിലും മറ്റു പലയിടങ്ങളിലും യാഥാര്‍ത്ഥ്യം അതല്ല. ക്രൈസ്തവ വിഭാഗങ്ങള്‍ പലയിടങ്ങളില്‍ അരക്ഷിതരാണ്.


കർദിനാൾ മാർ ജോർജ് ആലഞ്ചേരി | Photo: Wiki Commons
ഇങ്ങനെ ബിജെപി അനുഭാവം കേരളത്തിലെ സുറിയാനി ക്രൈസ്തവ മെത്രാന്മാരില്‍ ചിലര്‍ കാണിക്കുന്നു എന്നു തോന്നിയിട്ടുണ്ട്. കേരളത്തിലെ ചില പ്രദേശങ്ങളിലെ വൈദികരിലും ഈ മനോഭാവമുണ്ട് എന്നു വേണം കരുതുവാന്‍. ചില പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ക്ക് മുസ്ലീം വിരോധമുണ്ടോ എന്ന സംശയവും ജനിപ്പിക്കുന്നുണ്ട്. ഇതിനു പല കാരണങ്ങളുമുണ്ടാകാം. ഭാരതത്തില്‍ വളരെ സംഘടിതമായി ഇസ്ലാമിക വിരോധം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതോടൊപ്പം സ്വാഭാവികമായി ചില സാമുദായിക സ്പര്‍ദയുടെ പ്രതിസന്ധികളുമുണ്ടാകാം. ഈ പ്രശ്‌നം ഗൗരവമായി പഠിക്കാതെ വളരെ അപകടകരമായ വിധത്തില്‍ ചിലര്‍ സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു. റെനെ ജിരാര്‍ദ് (Rene Girard) അനുകരണ ജനകമായ സ്പര്‍ദ (Mimetic Rivalry) ഇവിടെയും സാര്‍ത്ഥകമാകയല്ലേ എന്നു പഠിക്കേണ്ടതാണ്. രണ്ടു സമുദായങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ അതിനു ആക്കംകൂട്ടുന്നു.

ഇരുപതാം നൂറ്റാണ്ട് ശീതസമരത്തിന്റെയും പ്രബുദ്ധതയുടെയും ഒരു പരിധിവരെ മതനിരാസത്തിന്റെയും കാലമായിരുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ട് മതങ്ങളുടെ രാഷ്ട്രീയവത്ക്കരണത്തിന്റെയായി കാണുന്നു. മതമൗലികവാദങ്ങള്‍ വളരെ പ്രകടമായി അറബിരാജ്യങ്ങളില്‍ മാത്രമല്ല മറ്റു ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളിലും ചില യൂറോപ്പ്യന്‍ രാജ്യങ്ങളിലും പ്രകടമായി. മതം രാഷ്ട്രീയ സ്വഭാവം സ്വീകരിക്കുന്നു. ഈ പ്രതിസന്ധിയിലാണ് ഭാരതവും; അതിന്റെ സെക്കുലര്‍ സ്വഭാവം വെല്ലുവിളിക്കപ്പെടുകയാണ്. നാഗരികതയുടെ സംഘട്ടനത്തെ കുറിച്ചാണ് സാമുവല്‍ ഹന്റിംഗ്ടണ്‍ പ്രവചിക്കുന്നത്. മൗലികവാദത്തിന്റെ തിരിച്ചുവരവ് കേരളത്തിലും പ്രകടമാണ്. ക്രൈസ്തവസഭകളിലും ഈ പ്രവണതകള്‍ ഇല്ല എന്നു പറയാനാവില്ല.

ഇരുപതാം നൂറ്റാണ്ട് മതവിരുദ്ധമായിരുന്നു, പക്ഷേ, അതു മനുഷ്യത്വത്തിന്റെ നെല്ലിപ്പലകകളേയും ഭേദിച്ച് മനുഷ്യനെ കൊല്ലുന്ന ഫാക്ടറികള്‍ ഉണ്ടായതു ജര്‍മനിയിലാണ്. ആര്യവര്‍ഗാധിപത്യത്തിന്റെ പേരില്‍ അവിടെ ജനാധിപത്യത്തില്‍ വളര്‍ന്ന നാസ്സിസം മനുഷ്യവര്‍ഗത്തിന്റെ ഭാവിപോലും അപകടത്തിലാക്കിയ സമഗ്രാധിപത്യമായിരുന്നു. ജര്‍മനിയില്‍ ഭൂരിപക്ഷവും ക്രൈസ്തവരായിരുന്നു. അവിടെയാണ് 60 ലക്ഷം യഹൂദര്‍ കൊല്ലപ്പെട്ടത്. ഇത് എന്തുകൊണ്ട് നടന്നു എന്ന ചോദ്യം ജര്‍മന്‍ ജനതയുടെ ധാര്‍മികമായ മരവിപ്പിന്റെ കഥയായി മാറി. ജര്‍മനിയിലെ ലൂഥറന്‍ സഭയില്‍ 60,000 പാസ്റ്റര്‍മാര്‍ ഉണ്ടായിരുന്നതില്‍ 60% പേരും നാസ്സി അനുഭാവികളായിരുന്നു. നാസ്സിസത്തെ എതിര്‍ത്തവരെ നേരിട്ടത് ഈ നാസ്സി ക്രിസ്ത്യാനികളായിരുന്നു. യഹൂദര്‍ ജര്‍മനിയില്‍ ഡേവിഡിന്റെ നക്ഷത്ര അടയാളം ധരിച്ചു നടക്കണമെന്ന നിയമം ഉണ്ടാക്കിയപ്പോള്‍ അതിനെ ജര്‍മന്‍കാര്‍ എതിര്‍ത്തില്ല. ഷേക്സ്പിയറിന്റെ ഷൈലോക്കിനെപ്പോലെ യഹൂദര്‍ വെറുക്കപ്പെട്ടവരായിരുന്നു. അവരെ അറസ്റ്റു ചെയ്തു കൊണ്ടുപോയപ്പോഴും അവര്‍ തിരിച്ചുവരാതായപ്പോഴും അവര്‍ നിശ്ശബ്ദരായി. ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു. എതിര്‍പ്പില്ലാതെ ബര്‍ലിനില്‍ നിന്നു സകല യഹൂദരേയും കൊന്നു ശുദ്ധമാക്കാന്‍ ശ്രമിച്ച നേതാവാണ് ജോസഫ് ഗ്ലോബല്‍സ്. അതിന്റെ അവസാന നടപടിയായി ജര്‍മന്‍ സ്ത്രീകളെ കല്യാണം കഴിച്ച 2,000 യഹൂദരെ അറസ്റ്റു ചെയ്തു റോസ് സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലടച്ചു.


Representational Image: Pexels
പക്ഷേ, അവരുടെ ഭാര്യമാര്‍ സംഘടിച്ച് ആ തെരുവില്‍ 1947 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 6 വരെ സമരം നടത്തി. പല തവണകളില്‍ അവരെ പട്ടാളം അടിച്ചോടിച്ചു, അവര്‍ തല്ലുകൊണ്ടു തിരിച്ചെത്തി തങ്ങളുടെ ഭര്‍ത്താക്കന്മാരെ മോചിപ്പിക്കാന്‍ സമരം ചെയ്തു. അവസാനം നാസ്സികള്‍ക്ക് അവരെ വിട്ടുകൊടുക്കേണ്ടിവന്നു. നാട്ടിലെ പൊതുവായ നിസ്സംഗതയില്‍ നടന്ന ഒരു സമരം ഫലം കണ്ട ചരിത്രമാണിത്. നാസ്സിസത്തില്‍ ജര്‍മന്‍ ജനതയ്ക്ക് ഉണ്ടായ മരവിപ്പ് നമ്മുടെ നാട്ടില്‍ വ്യാപിക്കുന്നുണ്ടോ? പണ്ട് എന്‍ വി കൃഷ്ണവാര്യര്‍ മനുഷ്യനെക്കുറിച്ച് എഴുതി: ''ചിന്തതന്നുറവിടം വറ്റിയ മൃഗങ്ങളേ.'' നമ്മുടെ കാലഘട്ടത്തിന്റെ ദുര്‍ഗതി ചിന്തയുടെ പ്രതിസന്ധിതന്നെയാണ്. നമുക്കു സാങ്കേതികവിദ്യകളും ശാസ്ത്രബുദ്ധിജീവികളുമുണ്ട്. പക്ഷേ, നമ്മുടെ ധര്‍മബോധം നിരന്തരം ശോഷിക്കുകയാണോ? ജര്‍മനിയില്‍ ആളുകളെ കൊല്ലാന്‍ ആയിരത്തിലേറെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുണ്ടായിരുന്നു. അവിടെയെല്ലാം പണി ചെയ്തതു ജര്‍മന്‍ ക്രിസ്ത്യാനികളായിരുന്നു. അവര്‍ കൊല്ലുന്ന ഫാക്ടറികളിലെ തൊഴിലാളികളായിരുന്നു. അവര്‍ക്ക് എന്താണ് പറ്റിയത്? 60 ലക്ഷം യഹൂദരെ പിടികൂടി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെത്തിക്കേണ്ട ഉത്തരവാദിത്തം പേറിയതു നാസ്സി നേതാവായിരുന്ന അഡോള്‍ഫ് ഐക്മാന്‍, അദ്ദേഹം യുദ്ധാനന്തരം അപ്രത്യക്ഷനായി.1960 ല്‍ ആണ് ഇസ്രായേലിന്റെ ചാരസംഘടനയായ മൊസ്സാദ് ഐക്മാനെ അര്‍ജന്റീനയില്‍നിന്നു പിടികൂടി ജറുസലേമില്‍ എത്തിച്ചത്. ഐക്മാനെ വിസ്തരിച്ചപ്പോള്‍ അതു റിപ്പോര്‍ട്ട് ചെയ്യാനാണ് ഹന്ന അറന്റ് എന്ന യഹൂദ വനിത അമേരിക്കയില്‍ നിന്നു ജറുസലേമില്‍ എത്തിയത്. 60 ലക്ഷത്തിന്റെ കൊലപാതകിയായ ഒരു ഭീകരസത്വത്തെയാണ് അവര്‍ പ്രതീക്ഷിച്ചത്. പക്ഷേ, ജറുസലേമിലെ കോടതിയില്‍ പ്രതിക്കൂട്ടില്‍ നിന്നത് ഒരു സാധാരണ മനുഷ്യനായിരുന്നു. എങ്ങനെ ഒരു സാധാരണക്കാരന് ഇത്ര വലിയ ഭീകരതകള്‍ സൃഷ്ടിക്കാനായി? അവര്‍ എഴുതി ''തിന്മയുടെ സാധാരണത്വം.'' ചിന്തയില്ലാതായാല്‍ ഏതു സാധാരണക്കാരനും ഭീകരനാകും. മനുഷ്യബോധം വിലമതിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വിമര്‍ശനബോധമാണ്. അതു പ്രവര്‍ത്തിക്കാതിരിക്കയും സ്വന്തം അധികാരത്തിന്റെ ആര്‍ത്തി ഭരിക്കുകയും ചെയ്താല്‍ ഏതു ഭീകരതയും ചെയ്തുപോകും.

നാസ്സിസത്തെ അതിജീവിക്കുകയും അതില്‍ സ്വന്തം കുടുംബം മുഴുവന്‍ കൊല്ലപ്പെടുകയും ചെയ്ത യഹൂദ ധര്‍മചിന്തകനാണ് എമ്മാനുവേല്‍ ലെവിനാസ്. അദ്ദേഹത്തിന്റെ ഭാര്യയും മകളും ജീവനോടെ നാസ്സിസത്തെ അതിജീവിച്ചതു ഫ്രാന്‍സില്‍ ഒരു കത്തോലിക്കാ മിണ്ടാമഠത്തില്‍ ഒളിച്ചുതാമസിച്ചതുകൊണ്ടാണ്. യുദ്ധാവസാനം അദ്ദേഹം ഒരിക്കല്‍ പ്രസംഗിച്ചു, ''നാസ്സി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ജോലി ചെയ്തിരുന്ന ക്രൈസ്തവര്‍ വേദപാഠം പഠിച്ചവരായിരുന്നു, എന്റെ ഭാര്യയേയും മകളേയും സംരക്ഷിച്ച കന്യാസ്ത്രീകളും വേദപാഠം പഠിച്ചവരായിരുന്നു'' ആ കന്യാസ്ത്രീ മഠത്തിലാണ് അത്ഭുതം നടന്നത്. അതാണ് ലോകത്തില്‍ മനുഷ്യത്വത്തിന്റെ അര്‍ത്ഥപ്രസക്തികള്‍ ഉണ്ടാക്കുന്നത്.


 

#outlook
Leave a comment