
പ്രിയപ്പെട്ട സാനുമാഷിനെ ഓർക്കുമ്പോൾ
പ്രൊഫ. എം കെ സാനു മാഷിനെ ഞാൻ ആദ്യമായി കാണുന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എംഎ മലയാളം ക്ലാസിൽ വച്ചാണ്. ഞാനന്ന് അവിടെ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം അന്ന് പാശ്ചാത്യ സാഹിത്യത്തെക്കുറിച്ചാണ് സംസാരിച്ചതെന്നാണ് എന്റെ ഓർമ്മ. ഒരു കണ്ണട അദ്ദേഹം കയ്യിൽ പിടിച്ചുകൊണ്ടാണ് സംസാരിച്ചത്. അത് ഞാൻ വ്യക്തമായി ഓർക്കുന്നുണ്ട്. അന്ന് അദ്ദേഹം ഒരു യുവാവായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അത്രമാത്രം ചുറുചുറുക്ക് ആ പ്രസംഗത്തിന് ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞ ഒരു വാക്കുപോലും ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ 'ചങ്ങമ്പുഴ കൃഷ്ണപിള്ള - നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന പുസ്തകം വായിച്ചത് ഞാൻ ഓർക്കുകയാണ്. ചങ്ങമ്പുഴയുടെ ജീവചരിത്രമാണ് ആ കൃതി. അദ്ദേഹം ചങ്ങമ്പുഴയെയും അതുപോലെ ബഷീറിനെയും വൈലോപ്പിള്ളിയെയും ഒക്കെ അടുത്തറിയാവുന്ന ആളായിരുന്നു. ചങ്ങമ്പുഴയെക്കുറിച്ച്, അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സാനുമാഷ് തുറന്ന് എഴുതുകയുണ്ടായി. ആ എഴുത്തിലെ ധീരത എന്നെ ഞെട്ടിച്ചു. ചങ്ങമ്പുഴയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് 'ചങ്ങമ്പുഴ കൃഷ്ണപിള്ള - നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന കൃതി.
2005ൽ ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി എത്തുമ്പോൾ അദ്ദേഹം സർവീസിൽ നിന്ന് പിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഒരു ദിവസം അദ്ദേഹം കോളേജിൽ വന്നപ്പോൾ ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടു. എന്റെ പതിനഞ്ചിൽ അധികം വർഷങ്ങൾ നീണ്ട മഹാരാജാസിലെ അധ്യാപന ജീവിതത്തിൽ പലപ്പോഴായി അദ്ദേഹം കോളേജിൽ വന്നിട്ടുണ്ട്. ഇതിനിടയിൽ വൈലോപ്പിള്ളിയുടെ സ്വകാര്യ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചില ലേഖനങ്ങൾ അദ്ദേഹം എഴുതിയിരുന്നു. 'കാക്ക' എന്ന വൈലോപ്പിള്ളിക്കവിതയുടെ പ്രസക്തി അങ്ങനെയാണ് എനിക്ക് കൂടുതലായി മനസിലായത്.
എം കെ സാനു | PHOTO: WIKI COMMONS
അതുപോലെ ബഷീറിനെക്കുറിച്ചുള്ള പുസ്തകവും, കേസരി, സി ജെ തോമസ്, എം ഗോവിന്ദൻ, നാരായണ ഗുരു എന്നിവരെക്കുറിച്ചെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. തനിക്ക് ഈ കാലഘട്ടത്തിലെ പുതിയ കവിതയെക്കുറിച്ച്, പുതിയ സാഹിത്യത്തെക്കുറിച്ച് അറിയില്ല എന്ന് അദ്ദേഹം എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും അദ്ദേഹം എന്റെ പേര് ഓർത്തുവച്ചിരുന്നു. ഇതിനിടയിൽ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ രണ്ടുമൂന്നു വട്ടം പോയിട്ടുണ്ട്. അതെപ്പോഴൊക്കെയാണ് എന്ന് കൃത്യമായി ഓർക്കുന്നില്ല. എറണാകുളം അദ്ദേഹത്തിന്റെ ഒരു വീടായിരുന്നു എന്ന് പറയാം. സൗത്ത് റെയിൽവേ സ്റ്റേഷൻ കാരിക്കാമുറി റോഡിൽ യോഗനാദം ഓഫീസിന്റെ അടുത്താണ് അദ്ദേഹത്തിന്റെ വീട്. ഞാനാ ഭാഗത്ത് സകുടുംബം രണ്ടു കൊല്ലം താമസിച്ചിട്ടുണ്ട്. എറണാകുളത്ത് അദ്ദേഹം വർഷങ്ങളോളം സജീവമായിരുന്നു.
എന്ത് പരിപാടി ഉണ്ടെങ്കിലും അവിടെ സാനു മാഷിന്റെ സാന്നിധ്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൃത്യമായ ലോക വീക്ഷണം അദ്ദേഹം പുലർത്തിയിരുന്നു. ഏറ്റവും പുതിയ ആശയങ്ങൾ അദ്ദേഹം സ്വാംശീകരിച്ചിരുന്നു. രാഷ്ട്രീയമായി അദ്ദേഹം സ്വതന്ത്രനായിരുന്നു. എങ്കിലും കൂടുതൽ ചേർന്നു നിന്നത് അദ്ദേഹം ഇടതുപക്ഷത്തോടായിരുന്നു എന്നാണ് എന്റെ ധാരണ. പക്ഷേ അദ്ദേഹം മാർക്സിസത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അസാധാരണമായ ഓർമ്മശക്തി അദ്ദേഹത്തിന് ഉണ്ടായിരുന്നു. പല ചരിത്ര സംഭവങ്ങളും അദ്ദേഹം പറയുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. പ്രൊഫ. എം കൃഷ്ണൻ നായർ സാർ മഹാരാജാസിൽ നിന്ന് പിരിഞ്ഞുപോയ സന്ദർഭത്തെപ്പറ്റിയും അദ്ദേഹം വീട്ടിലെത്തിയിട്ട് എഴുതിയ പരിഭവം നിറഞ്ഞ കത്തിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത് ഓർക്കുന്നു.
എം കെ സാനു | REPRESENTATIVE IMAGE
സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സംഭാവന കനപ്പെട്ടതു തന്നെ. ഒരുപക്ഷേ മലയാളത്തിലെ ഏറ്റവും വലിയ ജീവചരിത്രകാരൻ ആയിട്ടായിരിക്കും അദ്ദേഹം പിൽക്കാലത്ത് അറിയപ്പെടുക. അതിമനോഹരമായ ഒരു ഭാഷ അദ്ദേഹത്തിനുണ്ടായിരുന്നു; ആർദ്രമായ ഒരു മനസ്സും. വളരെ ലളിതമായി ജീവിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മഹാരാജാസിലെ മുൻകാല അധ്യാപകരിൽ പലരെയും ഞാൻ കണ്ടിട്ടുണ്ട്. എം തോമസ് മാത്യു സാർ പലപ്പോഴും കോളേജിൽ വരുമായിരുന്നു. അതുപോലെ എന്റെ പ്രിയ സുഹൃത്തായിരുന്നു സി ആർ ഓമനക്കുട്ടൻ സാർ. അദ്ദേഹം വരുമ്പോൾ ഞാൻ മദ്യം വാങ്ങിക്കൊടുത്തിട്ടുണ്ട്. കോട്ടയത്തെ രാജധാനി ബാറിലും അദ്ദേഹത്തോടൊപ്പം ഇരുന്നിട്ടുണ്ട്. സി അയ്യപ്പൻ മാഷ്, ശിങ്കാരപ്പണിക്കർ സാർ എന്നിവരെ ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ ജോർജ് ഇരുമ്പയം സാർ എനിക്കൊരു കത്ത് എഴുതിയിട്ടുണ്ട്. എം ലീലാവതി ടീച്ചർ എന്റെ കവിതകൾക്ക് പഠനം എഴുതിയിട്ടുണ്ട്.
ഞാൻ അധ്യാപകനായി ചെല്ലുന്നതിന് മുമ്പ് ഉണ്ടായിരുന്ന മഹാരഥന്മാരുടെ ഒരു കാലം, ഞങ്ങളുടെ കാലം ആയപ്പോൾ ഏതാണ്ട് അവസാനിച്ചിരുന്നു. എഴുത്തുകാർ പൊതുവേ കുറവായി വന്നു. എന്നാൽ ഡോക്ടറേറ്റ് ഉള്ളവർ ധാരാളമായി വന്നു. മറ്റൊരു ഘട്ടം തുടങ്ങുകയായി. മഹാരാജാസിന്റെ വലിയൊരു പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു എം കെ സാനു മാഷും മറ്റുള്ളവരും. കെ.ജി ശങ്കരപ്പിള്ള സാറും മലയാളത്തിൽ ഉണ്ടായിരുന്നു. സാനു മാഷ് കുറേക്കാലം കുങ്കുമം മാസികയുടെ എഡിറ്ററായിരുന്നു. അതുപോലെ എംഎൽഎയുമായിരുന്നു. അദ്ദേഹവുമായിട്ട് വളരെയധികം അടുത്തിടപഴകാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം ഒരു തടസ്സമായിരിക്കണം. അദ്ദേഹം സാത്വികമായ ഒരു ജീവിതമാണ് നയിച്ചത്. ഞാൻ ആകട്ടെ ഒരു അരാജക ജീവിതവും. എന്റെ കവിതകൾ ഒന്നും അദ്ദേഹം വായിച്ചതായിട്ട് എനിക്ക് തോന്നുന്നില്ല, ഉണ്ടായിരിക്കാം. പക്ഷേ അദ്ദേഹം അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കാണുമ്പോൾ ജോസഫ് എന്ന് അദ്ദേഹം വിളിച്ചിരുന്നു. ഞാൻ വിരമിച്ചപ്പോൾ അദ്ദേഹം കോളേജിൽ വന്നിരുന്നു. ആരോഗ്യത്തോടെ ചുറുചുറുക്കോട് തന്റെ ജീവിതാവസാനം വരെയും അദ്ദേഹം ജീവിച്ചു. എറണാകുളത്തുള്ളവരുടെ കണ്ണിലുണ്ണി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതും ഒക്കെ ജീവിതത്തിലെ വലിയ അനുഭവമായിട്ട് ഞാൻ കാണുന്നു. പൂർവ്വഘട്ടത്തിലെ പല അധ്യാപകരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഏതാണ്ട് എല്ലാവരും തന്നെ വിശ്രമ ജീവിതത്തിലാണ്. ഞാനും വൈകാതെ വിശ്രമ ജീവിതത്തിലാകും.

