TMJ
searchnav-menu
post-thumbnail

Outlook

മാർക്സിനെ വീണ്ടും ഓർമ്മിക്കുമ്പോൾ

05 May 2025   |   5 min Read
കെ എൻ ഗണേശ്

മേയ് 5 കാൾ മാർക്സിന്റെ ജന്മദിനമാണ്. ആധുനികകാലത്ത് ഇത്രയുമധികം വാഴ്ത്തപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു വ്യക്തി ഉണ്ടായിക്കാണില്ല. ഇന്ന് മാർക്സ് ഓർമ്മിക്കപ്പെടുന്നത് അദ്ദേഹം ശാസ്ത്രീയമായും നിശിതമായും വിമർശിച്ച മൂലധനവ്യവസ്ഥ ഇപ്പോഴും തുടരുന്നത് കൊണ്ടാണ്. അതിനെതിരായ പ്രസ്ഥാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ടാണ്.മൂന്നു ദശകങ്ങൾക്ക് മുമ്പ് മാർക്സും മാർക്സിസവും പൂർണമായി കാലഹരണപ്പട്ടു എന്ന വാദം ഉയർന്ന് വന്നിരുന്നു. തൊണ്ണൂറുകളുടെ ആദ്യം സോവിയറ്റ് യൂണിയനിലും കിഴക്കെ യൂറോപ്യൻ രാജ്യങ്ങളിലും നിലനിന്ന സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയായിരുന്നു മുഖ്യകാരണം. മുതലാളിത്തം ശാശ്വതമായ ആഗോള സമ്പദ് വ്യവസ്ഥയായി വളർന്ന് വരുന്നുവെന്നും അതിനൊരു ബദലില്ലെന്നുമുള്ള വാദം ശക്തിപ്പെട്ടു. ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ മുതലാളിത്ത പാത അംഗീകരിക്കുന്നുവെന്നും വാദിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ദൂർഭൂതം വേട്ടയാടാത്ത സ്വതന്ത്ര ലോകത്തെ കുറിച്ചുള്ള ഉദാത്തസങ്കല്പങ്ങൾ വ്യാപിച്ചു.

ഈ സ്വപ്നലോകം അധികകാലം നീണ്ടുനിന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ കുമിളകൾ എന്നും വിളിക്കുന്ന ധനമേഖലയിലെ തകർച്ചകൾ വൻ രാഷ്ട്രങ്ങളെ ബാധിച്ചു. 2008ൽ വൻകിട ബാങ്കുകൾ തന്നെ തകർന്നതും മറ്റു ചിലരെ അമേരിക്കൻ ഫെഡറൽ റിസർവിലെ പണം ഉപയോഗിച്ച് നിലനിർത്തേണ്ടി വന്നതും വൻ രാഷ്ട്രങ്ങളിലെ സാമ്പത്തികഭദ്രതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു. മുതലാളിത്തലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി. ഇതിൽ നിന്ന് കരകയറാനായി  ചെലവുകൾ വെട്ടിച്ചുരുക്കാൻ ആരംഭിച്ചു. തൊഴിലാളികളുടെ യഥാർത്ഥ വേതനം മുരടിച്ചു. തൊഴിലില്ലായ്മ പെരുകുകയും അസ്ഥിരതൊഴിലാളികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. ധനമൂലധനത്തിന്റെ വ്യാപന സാധ്യതകൾ ഉപയോഗിച്ച് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടന്നു. അതേസമയം സ്വന്തം നിലയിൽ ചൈന വികസിക്കുകയും ആഗോളവിപണിയിൽ പ്രധാനസാന്നിദ്ധ്യമായി തീരുകയും ചെയ്തതോടെ സാമ്രാജ്യത്വത്തിന് കടുത്ത വെല്ലുവിളികൾ നേരിട്ടു. റഷ്യയെ പോലുള്ള രാജ്യങ്ങളും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും സാമ്രാജ്യത്വരാജ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തി.

Great Depression: Black Thursday, Facts & EffectsREPRESENTATIVE IMAGE | WIKI COMMONS
നൂറ്റാണ്ടിന്റെ രണ്ടാം ദശകം മാന്ദ്യത്തിൽ നിന്നുള്ള തിരിച്ചുവരവിന്റെ ചില സൂചനകൾ നൽകിയെങ്കിലും കോവിഡ് മഹാമാരി സ്ഥിതി ആകെ മാറ്റിമറിച്ചു. മഹാമാരി ഉൽപാദന വിപണന പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചു. ലോകം വീണ്ടും മാന്ദ്യത്തിലേക്കു നീങ്ങി. അതിൽ നിന്നും അതിവേഗം തിരിച്ചുവന്നത്  ചൈനയെയും വിയറ്റ്നാമിനെയും പോലുള്ള രാഷ്ട്രങ്ങളും ന്യൂസീലാന്റുമായിരുന്നു. മഹാമാരി കഴിഞ്ഞ് വർഷങ്ങളായെങ്കിലും വൻ രാഷ്ട്രങ്ങൾ മാന്ദ്യത്തിൽ നിന്ന് കരകയറിയിട്ടില്ല.ഇവയുടെയൊക്കെ ഫലമായി സാമ്പത്തിക ഉദാരീകരണത്തിന്റെ മന്ത്രോച്ചാരണം അവസാനിച്ച മട്ടാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങൾ പോലും സങ്കുചിത ദേശീയവാദത്തിലേക്ക് ചുരുങ്ങുന്നു. വിവിധയൂറോപ്യൻ രാഷ്ട്രങ്ങളിൽ തീവ്ര വലതുപക്ഷം ശക്തി പ്രാപിക്കുകയോ അധികാരത്തിൽ വരികയോ ചെയ്തിരിക്കുന്നു. സങ്കുചിത ദേശീയതയും വംശീയതയും വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെ പോലും മുഖമുദ്ര ആയിരിക്കുന്നു.

ഈ പ്രവണതകൾ പൂർണകായരൂപത്തിൽ എത്തിയ അവസ്ഥയാണ് ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം നാം കാണുന്നത്. ട്രംപ് ഏതെങ്കിലും പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയിട്ടില്ല. സാമ്പ്രദായിക രീതിയിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പ്രസിഡന്റായ ആളാണ്. ഒരു തവണ പ്രസിഡന്റായപ്പോൾ തന്നെ അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളും യുദ്ധവെറിയും പ്രകടമായിരുന്നു. രണ്ടാമത്തെ തവണ വന്നപ്പോൾ ആദ്യം അദ്ദേഹം ചെയ്തത് രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന വിദേശികളെയെല്ലാം പറഞ്ഞയയ്ക്കുകയായിരുന്നു. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിൻവാങ്ങിയത് ട്രംപിന് അന്താരാഷ്ട്ര കരാറുകളോടുള്ള അവജ്ഞ പുറത്തു കൊണ്ടു വന്നു. ഇസ്രയേലിന്റെ ഗാസാ വംശഹത്യയെ പിന്തുണയ്ക്കുകയും ഗാസയെ ഒരു ടൂറിസ്ററ് കേന്ദ്രമാക്കുമെന്ന് വരെ പ്രഖ്യാപിക്കുകയും ചെയ്തു. യുക്രെയ്ൻ യുദ്ധത്തെ അമേരിക്കയ്ക്ക് ഗുണകരമായ വിധത്തിൽ തീർക്കാനുള്ള ശ്രമവും നടത്തുകയാണ്.

ഡൊണാൾഡ് ട്രംപ് | REPRESENTATIVE IMAGE : WIKI COMMONS
ഇവയ്ക്കെല്ലാം പുറമെയാണ് ഇപ്പോൾ ട്രംപ് തുടങ്ങിവെച്ചിരിക്കുന്ന താരിഫ് നിബന്ധനകൾ. ചൈനയും യൂറോപ്യൻ യൂണിയനുമടക്കം അമേരിക്കയ്ക്ക് വ്യാപാരബന്ധങ്ങളുള്ള എല്ലാ രാജ്യങ്ങളിൽ നീന്നുമുള്ള ഇറക്കുമതി തീരുവകൾ വൻതോതീൽ വർദ്ധിപ്പിച്ചിരിക്കുന്നു. ചൈനയുടെ തീരുവ ഇരുപത് ശതമാനത്തിൽ നിന്ന് 125 ശതമാനമാണ് വർദ്ധിപ്പിച്ചത്. സുഹൃദ് രാജ്യമായ ഇന്ത്യയെയും വെറുതെ വിട്ടിട്ടില്ല. തൽക്കാലം തൊണ്ണൂറ് ദിവസത്തേക്ക് നീട്ടിവെച്ചിട്ടുണ്ടെങ്കിലും ഈ പ്രഖ്യാപനങ്ങൾ ഫലത്തിൽ നവലിബറലിസത്തിന്റെ അന്ത്യം കൂറിക്കുകയാണ്. ഏറ്റവും ശക്തമായ സാമ്രാജ്യത്വരാഷ്ട്രം ഇങ്ങനെ സങ്കുചിത ദേശീയതയിലേക്ക് നീങ്ങുകയാണ് എങ്കിൽ മറ്റു രാഷ്ട്രങ്ങൾക്കും അതേ വഴി പിന്തുടരേണ്ടി വരും. ഇപ്പോൾ തന്നെ യുക്രെയ്ൻ യുദ്ധം തന്നിഷ്ടം വഴി തീർക്കാനുള്ള ട്രംപിന്റെ ശ്രമം യുറോപ്യൻ രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നു. ട്രംപിന്റെ വാണിജ്യ യുദ്ധം ചൈനയെയും ജപ്പാനെയും കൊറിയയെയും ഒന്നിപ്പിക്കുന്നു. മിക്കവാറും എല്ലാ വൻകരകളും സമുദ്രങ്ങളും യുദ്ധമേഖലകളായി മാറുകയാണ്. ലിബറൽ സ്വപ്നങ്ങളല്ല, ഭീതിദവും കലുഷിതവുമായ യാഥാർത്ഥ്യങ്ങളാണ് നമ്മെ വലയം ചെയ്യുന്നത്.

ഇവ എന്തു കൊണ്ട് സംഭവിക്കുന്നു? സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ലിബറലുകൾ സ്വപ്നം കണ്ട നവലോകത്തിന് എന്തു സംഭവിച്ചു? ഇതിനുള്ള ഉത്തരം തേടിയുള്ള യാത്ര നമ്മെ കൊണ്ടെത്തിക്കുന്നത് വീണ്ടും മാർക്സിലേക്കാണ്. മുതലാളിത്ത കുഴപ്പങ്ങളെ കുറിച്ചുള്ള ഏറ്റവും കൃത്യമായ വിശദീകരണം നമുക്ക് ലഭിക്കുന്നത് മാർക്സിന്റെ മൂലധനത്തിൽ ആണ്. സാധാരണ സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്നത് പോലെ ലഭ്യതയും വാങ്ങൽ ശേഷിയും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ നിന്നല്ല മാർക്സ് സമ്പദ്ഘടനയെ കാണുന്നത്, ഉൽപാദനവും ഉപഭോഗവും തമ്മിലുള്ള വൈരുദ്ധ്യങ്ങളിൽ നിന്നാണ്. കുഴപ്പങ്ങൾ സന്തുലിതാവസ്ഥ തകരുമ്പോൾ അല്ല ഉണ്ടാകുന്നത്. ഉപഭോഗാവശ്യങ്ങൾക്ക് അപ്പുറം ഉൽപാദനം നടക്കുമ്പോഴോ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരില്ലാതെ വരുമ്പൊഴോ ആണ്.ഈ രണ്ടു സ്ഥിതി വിശേഷങ്ങളും സൃഷ്ടിക്കപ്പെടുന്നത് മൂതലാളിത്തമൽസരത്തിന്റെ ഫലമായാണ്. 

മൂലധനം | PHOTO : WIKI COMMONS
മുതലാളിത്തം ഇത്തരം കുഴപ്പങ്ങളെ മറികടക്കുന്നത് അവയുടെ ഭാരം തൊഴിലാളികളുടെ മേൽ അടിച്ചേൽപിച്ചാണ്. കൂലി വെട്ടിക്കുറച്ചും ലോക്ക് ഔട്ടുകൾ പ്രഖ്യാപിച്ചും കുറഞ്ഞ കൂലിക്ക് കരാർതൊഴിലാളികളെ നിയമിച്ചും പ്രശ്നം മറികടക്കുന്നു. പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗവും ഉൽപാദനരീതികളിലെ മാറ്റവും മറ്റൊരു വഴിയാണ്. ഇത്തരം മാർഗങ്ങൾ ഉപയോഗിച്ച് കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന മുതലാളിമാർ മറ്റുള്ളവരെ വിഴുങ്ങുന്നു. കേന്ദ്രീകരണവും കുത്തകവൽക്കരണവും നടക്കുന്നു. ലാഭം വഴി വരുന്നതും തൽക്കാലം ഉൽപാദനത്തിലേക്കോ ഉപഭോഗത്തിലേക്കോ പോകാത്തതും ആയ പണം ബാങ്കുകളിലെത്തുന്നു. പുതിയ സംരംഭങ്ങൾക്ക് വേണ്ടിയോ പഴയവ നിലനിർത്തുന്നതിന് വേണ്ടിയോ ബാങ്കിലെ പണം വീണ്ടും മൂലധന നിക്ഷേപങ്ങളായി മാറുന്നു. കൂഴപ്പങ്ങൾ മുതലാളിത്തത്തിന്റെ എന്തെങ്കിലും ബാലാരിഷ്ടതയോ കണക്കുകൂട്ടലിലെ പിശകോ അല്ല, മുതലാളിത്തത്തെ നിലനിർത്തുന്ന അടിസ്ഥാനപ്രക്രിയയാണ്. അവയുടെ ഫലമായി തൊഴിലാളികൾ നേരീടുന്ന  ദുരിതങ്ങളും മൂതലാളിത്ത രീതിയുടെ ഭാഗമാണ്.

മാർക്സ് മറ്റൊന്നും കൂടി സൂചിപ്പിച്ചു. മുതലാളിത്തം മൽസരവും കുഴപ്പങ്ങളും മറികടക്കാൻ മുതലാളിമാർ ശ്രമിക്കുന്നത് സാമ്പത്തികമായി മാത്രമല്ല, രാഷ്ട്രീയമായി കൂടിയാണ്. ഇവിടെയാണ് വർഗസമരം പ്രത്യക്ഷപ്പെടുന്നത്. തൊഴിലാളികളെ അടിച്ചമർത്തുമ്പോഴും തൊഴിൽഭാരം വർദ്ധിപ്പിക്കുമ്പോഴും ചെറുത്തുനിൽപ് ഉണ്ടാകുമെന്ന് മുതലാളിക്കറിയാം. അയാൾ ഭരണകൂടത്തെയും നീതിന്യായവ്യവസ്ഥയെയും ഉപയോഗിക്കുന്നത് ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്താനും പ്രക്ഷോഭ സാധ്യതകളെ ഇല്ലാതാക്കാനുമാണ്. കോളനിവൽക്കരണവും യുദ്ധങ്ങളും നടത്തുന്നത് കമ്പോളങ്ങൾ പിടിച്ചെടുക്കാനും തൊഴിൽ സേനയെ സ്വന്തം കുടക്കീഴിൽ കൊണ്ടുവരാനുമാണ്. ഈ ആശയങ്ങളാണ് ലെനിൻ സ്വന്തം രചനകളിൽ വികസിപ്പിച്ചത്. മുതലാളിത്തത്തിന്റെ അന്ത്യത്തിലൂടെ മാത്രമാണ് തൊഴിലെടുക്കുന്നവരുടെ മോചനം സാധ്യമാകുക എന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.

കാൾ മാർക്സ്‌ | PHOTO : WIKI COMMONS
മാർക്സിന്റെ നിരീക്ഷണങ്ങളുടെ കൃത്യത പിന്നീട് വളർന്ന് വന്ന സംഭവങ്ങൾ തന്നെ തെളിയിച്ചു. മാർക്സിന്റെ ജീവിതകാലത്തിന്റെ അന്ത്യത്തിൽ തന്നെ യൂറോപ്പ് വൻസാമ്പത്തിക കുഴപ്പത്തിലേക്ക് നീങ്ങി. കുഴപ്പം തോഴിലാളിജീവിതത്തെ സാരമായി ബാധിക്കുകയും എല്ലാ രാഷ്ട്രങ്ങളിലും തൊഴിലാളിപ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റ് പാർട്ടികളൂം വളർന്നു വരികയും ചെയ്തു. സാമ്പത്തിക കുഴപ്പം മുതലാളിമാർ തമ്മിലുള്ള മത്സരത്തിലേക്കും കുത്തകവൽക്കരണത്തിലേക്കും നയിച്ചു. കോളനികൾക്കും വിഭവമേഖലകൾക്കും വേണ്ടിയുള്ള മൽസരം സംഘർഷങ്ങളിലേക്കും ഒരു ലോകമഹായുദ്ധത്തിലേക്കും നയിച്ചു. യുദ്ധത്തിന് ശേഷവും കുഴപ്പവും സംഘർഷവും അവസാനിച്ചില്ല. മുതലാളിത്ത മൽസരം തീവ്രദേശീയവാദമായി മാറുകയും ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിലൂടെ വളരാൻ ശ്രമിക്കുകയും ചെയ്തു.1929-33ൽ മുതലാളിത്തം മറ്റൊരു സാമ്പത്തിക കുഴപ്പത്തിലൂടെ കടന്ന് പോയപ്പോൾ അതിനെ മറികടക്കാൻ എല്ലാ രാഷ്ട്രങ്ങളും ഭരണകൂടനിയന്ത്രണം കൊണ്ടു വന്നു. തൊഴിലാളിവർഗം അവരുടെ പോരാട്ടവീര്യം തെളിയിക്കുകയും റഷ്യയിൽ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. മറ്റ് രാഷ്ട്രങ്ങളിലും തൊഴിലാളിവർഗം രാഷ്ട്രീയമായി അവഗണിക്കാനാവാത്ത ശക്തിയായി.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫാസിസം നിലംപതിച്ചു. കൂടുതൽ രാഷ്ട്രങ്ങൾ സോഷ്യലിസത്തിലേക്കു നീങ്ങി. ഏതാണ്ട് എല്ലാ കോളനികളും സ്വതന്ത്രമായി. ഈ അവസ്ഥയിലാണ് 1970കളിൽ മുതലാളിത്തം മറ്റൊരു സാമ്പത്തിക കുഴപ്പത്തിലേക്ക് നീങ്ങിയതും നവലിബറലിസവും ഐടി അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം വഴി പുതിയ ലോകക്രമം സൃഷ്ടിക്കാനുള്ള ശ്രമം നടന്നതും. അത് നേരീടുന്ന പ്രതിസന്ധിയാണ് നാം ഇപ്പോൾ കാണുന്നത്.

മേലെ പറഞ്ഞ കഴിഞ്ഞ നൂറ്റാണ്ടിലൂടെയുള്ള ഓട്ടപ്രദക്ഷിണം ഒന്ന് വ്യക്തമാക്കുന്നു. ലിബറൽ ബുദ്ധിജീവീകൾ കരുതുന്നത് പോലെ സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കുമുള്ള അനുസ്യൂതമായുള്ള പുരോഗതിയല്ല കണ്ടത്, ഉയർച്ചയിൽ നിന്ന് തകർച്ചയിലേക്കും വീണ്ടും ഉയർച്ചയിലേക്കുമുള്ള വർത്തുളമായ പ്രയാണമാണ്. ഇത് ജനജീവിതത്തെ മെച്ചപ്പെടുത്തുന്നില്ല. മുതലാളിത്തത്തിന്റെ പങ്കുപറ്റുന്ന ഒരു ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ, മറ്റുള്ള തൊഴിലെടുക്കുന്നവരുടെ ജീവിതം മുരടിക്കുകയോ തകരുകയോ ആണ്. മാർക്സിന്റെ ഈ അടിസ്ഥാന ഉൾകാഴ്ച അക്ഷരം പ്രതി ശരിയാണെന്ന് കാണാൻ വിഷമമില്ല. ട്രംപിസം നവലിബറൽ സ്വപ്നങ്ങളുടെ തകർച്ചയുടെ സൂചനയാണ്. ട്രംപിന്റെ സംവിധാനത്തിൽ സ്വന്തം തട്ടകമുണ്ടാക്കിയിരിക്കുന്ന ഇലോൺ മസ്ക്, ഇവർ കാണുന്ന മറ്റൊരു സ്വപ്നത്തെ കുറിച്ചുള്ള സൂചനയാണ് നൽകുന്നത്. നിർമിതബുദ്ധിയുടെ പൂർണ നിയന്ത്രണത്തിൽ മനുഷ്യരുടെയും വിഭവങ്ങളുടെയും മേലുള്ള സർവേലൻസിന്റെ അടിസ്ഥാനത്തിൽ വളരുന്ന മറ്റൊരു മുതലാളിത്തം. സ്വാതന്ത്ര്യം, സമത്വം, സഹവർത്തിത്വം, ജനാധിപത്യം, സാമൂഹ്യനീതി തുടങ്ങിയവയ്ക്ക് ഒരു പ്രധാന്യവുമില്ലാത്ത യന്ത്രവൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെ ആനന്ദോൽസവം.

As Karl Marx Turns 200, Visitors Pay Respect — And A Fee — At Tomb Site :  The Two-Way : NPRREPRESENTATIVE IMAGE | WIKI COMMONS
മാർക്സ് ഇതുംകൂടി പറയുകയുണ്ടായി. തൊഴിലാളി വർഗം അധികാരം സ്ഥാപിച്ച് സോഷ്യലിസം സൃഷ്ടിച്ചില്ല എങ്കിൽ മുതലാളിത്തം കാടത്തമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. നാം ഇപ്പോൾ  ഈ ദശാസന്ധിയിലാണ് എത്തിനിൽക്കുന്നത്. മാർക്സിനെ ഓർമ്മിക്കേണ്ടത്  ഈ ദശാസന്ധിയിൽ എത്തിനിൽക്കുന്നവരുടെ കാഴ്ചയുടെ രീതി കൂടിയാണ്.






#outlook
Leave a comment