നവോത്ഥാനത്തിന്റെ എഴുത്തുവഴികള്‍
പത്തൊമ്പതാം നൂറ്റാണ്ട് ലോകമെമ്പാടും വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കാലഘട്ടമാണ്. ഇന്ത്യയിലും അതിന്റെ ഭാഗമായി കേരളത്തിലും സമൂഹത്തിലെ ജാതിവ്യവസ്ഥയ്ക്കെതിരെ വലിയ പോരാട്ടങ്ങള്‍ നടന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവും ഊര്‍ജവുമായി മാറിയ ചില എഴുത്തുവഴികള്‍ ഉണ്ടായിരുന്നു. അതിലേറ്റവും പ്രധാനമായ വഴികളിലൊന്ന് വെട്ടിത്തെളിച്ചത് മഹാകവി കുമാരനാശാനായിരുന്നു. കേരളീയ നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ജനകീയത വരുത്തിയതില്‍ ആശാന്‍ കൃതികള്‍ വലിയ പങ്കുവഹിച്ചു. സാഹിത്യകാരന്‍ എന്ന നിലയില്‍ മാത്രമല്ല സമുദായ പ്രവര്‍ത്തകന്‍, നിയമസഭാംഗം എന്നീ നിലകളിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലേക്ക് നയിച്ചു.
ജീവിതം
തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍ 1873 ഏപ്രില്‍ 12 ന് ജനിച്ച കുമാരനാശാന്‍ 1924 ജനുവരി 16ന് വെളുപ്പിന് മൂന്നുമണിക്കാണ് റെഡീമര്‍ എന്ന ബോട്ട് മുങ്ങി മരിക്കുന്നത്. കൊല്ലത്തു നിന്ന് ആലപ്പുഴയ്ക്കുപോയ ആ ബോട്ടില്‍ ഉണ്ടായിരുന്ന 145 യാത്രക്കാരില്‍ ആശാന്‍ ഉള്‍പ്പെടെ ഏകദേശം 35 പേര്‍ മരിക്കുകയുണ്ടായി. കുട്ടിക്കാലത്ത് കുമാരു എന്ന് വിളിക്കപ്പെട്ട അദ്ദേഹത്തിന് കവിതയില്‍ ഗുരുസ്ഥാനീയന്‍ മണമ്പൂര്‍ ഗോവിന്ദനാശാനായിരുന്നു. പറവൂര്‍ കേശവനാശാന്റെ സുജന നന്ദിനിയിലാണ് അദ്ദേഹത്തിന്റെ ആദ്യ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 1891 ല്‍ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ശേഷം ബാംഗ്ളൂരിലും ചെന്നൈയിലും കല്‍ക്കത്തയിലും ഉന്നത പഠനം നടത്തി. ശ്രീനാരായണ ഗുരുവിന്റെ നിര്‍ദേശപ്രകാരം നാട്ടിലെത്തിയ കുമാരനാശാന്‍ അരുവിപ്പുറം ആശ്രമത്തില്‍ അന്തേവാസിയായി. 1903 ല്‍ എസ്എന്‍ഡിപി യോഗം രൂപീകരിച്ചപ്പോള്‍ ആദ്യ സെക്രട്ടറിയായ അദ്ദേഹം 1919 വരെ ആ പദവിയില്‍ തുടര്‍ന്നു. 1920ല്‍ തിരുവിതാംകൂര്‍ പ്രജാസഭയിലംഗമായി 1922ല്‍ മദ്രാസ് സര്‍വകലാശാലയില്‍ വച്ച് വെയില്‍സ് രാജകുമാരന്‍ പട്ടും വളയും നല്‍കി ആശാനെ ആദരിച്ചു.
കൃതികള്‍
തന്റെ രചനകളിലൂടെ സാമൂഹികമാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് കുമാരനാശാനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ കൃത്യമായ സാമൂഹിക അന്തരീക്ഷം തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിക്കാനും അതുവഴി സാമൂഹികമാറ്റം ഉണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഹിന്ദുക്കളെ സവര്‍ണര്‍ എന്നും അവര്‍ണര്‍ എന്നും വിഭജിച്ചുകൊണ്ട് മാത്രമല്ല നിരവധി ജാതി-ഉപജാതികളായും വേര്‍തിരിച്ചു നിര്‍ത്തിയിരുന്നു. ജാതികള്‍ തമ്മില്‍ പാലിക്കേണ്ട ശാരീരിക അകലം കര്‍ക്കശമായിരുന്നു. ഇതിന്റെ കേന്ദ്രബിന്ദു നമ്പൂതിരിയായിരുന്നു. നമ്പൂതിരിയില്‍ നിന്ന് രണ്ടടി അകലെ മാത്രമായിരുന്നു ക്ഷത്രിയന്റെ സ്ഥാനം. നമ്പൂതിരിയില്‍ നിന്ന് 16 അടി ആണ് നായരുടെ സ്ഥാനമെങ്കില്‍ ഈഴവരുടെത് 32 അടിയായിരുന്നു. പുലയര്‍ 64 അടി അകലം പാലിക്കണമായിരുന്നു എങ്കില്‍ ഉള്ളാടന്‍, നായാടി തുടങ്ങിയ വനവാസികള്‍ ദൃഷ്ടിയില്‍ പെട്ടുകൂടാത്തവരുമായിരുന്നു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ദൃഷ്ടിയില്‍ പെട്ടുകൂടായ്മ എന്നിവ അക്കാലത്തെ നാട്ടുനടപ്പു മാത്രമായിരുന്നില്ല അലംഘനീയ നിയമങ്ങള്‍ തന്നെയായിരുന്നു. താഴ്ന്ന ജാതിയില്‍ പിറന്നവര്‍ക്ക് നല്ല ഭക്ഷണം, നല്ല വസ്ത്രം, കെട്ടുറപ്പുള്ള വീട്, ആഭരണങ്ങള്‍, ആരാധനാ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സര്‍ക്കാര്‍ ജോലി എന്നിവ നിഷേധിക്കപ്പെട്ടിരുന്നു.
കുമാരനാശാൻ (പിറകിൽ വലത്) ശ്രീ നാരായണ ഗുരുവിനോടൊപ്പം
ഈ സാമൂഹിക അന്തരീക്ഷം കൃത്യമായി തന്റെ രചനകളില്‍ പ്രതിഫലിപ്പിക്കാന്‍ കുമാരനാശാന് കഴിഞ്ഞിരുന്നു. ഒരു സിംഹപ്രസവം, കരുണ, ഗ്രാമവൃക്ഷത്തിലെ കുയില്‍, ചണ്ഡാലഭിക്ഷുകി, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, നളിനി, പുഷ്പവാടി, പ്രരോദനം, ബാലരാമായണം, മണിമാല, ലീല, വീണപൂവ് എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളായിരുന്നു.
കേരളീയ സാമൂഹികജീവിതത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തിയ വീണപൂവ്, ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്ഥ എന്നീ രചനകള്‍ക്ക് സവിശേഷ സ്ഥാനമാണുള്ളത്. 1907 ഡിസംബറില്‍ രോഗാവസ്ഥയിലായിരുന്ന ശ്രീനാരായണ ഗുരുവിന്റെ അവസ്ഥ മനസ്സില്‍ വച്ചുകൊണ്ടാണ് വീണപൂവ് എന്ന കൃതിയിലെ ആദ്യവരികള്‍ എഴുതിയത്.
മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ ഏറ്റവും മുകളിലുള്ള സാവിത്രി അന്തര്‍ജനവും അധഃസ്ഥിതനും ഏറ്റവും താഴത്തെ ശ്രേണിയില്‍ പെട്ടയാളുമായിരുന്ന ചാത്തനുമാണ് ഇതിലെ നായികയും നായകനും. ജാതിവ്യവസ്ഥയ്ക്ക് കേരളീയ സമൂഹത്തില്‍ അന്ത്യം കുറിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയാണദ്ദേഹം ഇതിലൂടെ ചെയ്യുന്നത്.
കവിതകള്‍ മാത്രമല്ല ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങിയ വിവര്‍ത്തനങ്ങളും, മൂന്നുവാള്യങ്ങളായി സമാഹരിക്കപ്പെട്ട ഗദ്യ ലേഖനങ്ങളും ആശാന്റെ സംഭാവനകളാണ്.
നിയമസഭാംഗം
തന്റെ പ്രവര്‍ത്തനത്തിലൂടെയും എഴുത്തിലൂടെയും സൃഷ്ടിച്ച ഉന്നതമായ സാമൂഹികബോധം പ്രതിഫലിപ്പിക്കാന്‍ നിയമസഭാംഗമായ കുമാരനാശാന് കഴിഞ്ഞു. ജാതിവ്യവസ്ഥയ്ക്കെതിരെ ഒത്തുതീര്‍പ്പുകളില്ലാത്ത പോരാട്ടം നിയമസഭയ്ക്ക് പുറത്ത് തന്റെ രചനകളിലൂടെയും എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളിലൂടെയും നടത്തിയതുപോലെ, നിയമസഭയ്ക്ക് അകത്തും സംഘടിപ്പിച്ചത് കുമാരനാശാനെ മറ്റ് സാമാജികരില്‍ നിന്ന് വ്യതിരിക്തനാക്കി മാറ്റി.
അക്കാലത്ത് തീണ്ടല്‍ പലകകള്‍ തിരുവിതാംകൂറില്‍ സര്‍വസാധാരണമായ കാഴ്ചയായിരുന്നു. 'തീണ്ടല്‍ ജാതിക്കാരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്ന് എഴുതിയ പലകകളായിരുന്നു തീണ്ടല്‍ പലകകള്‍. ഇവ സ്ഥാപിക്കപ്പെട്ടതിനെ പറ്റി കുമാരനാശാന്‍ തിരുവിതാംകൂര്‍ പ്രജാസഭയില്‍ ഉന്നയിച്ച ചോദ്യങ്ങളും അതിനു ലഭിച്ച ഉത്തരങ്ങളും സൂചിപ്പിക്കുന്നത് നിയമസഭയ്ക്കകത്ത് അദ്ദേഹം സ്വീകരിച്ച ഒത്തുതീര്‍പ്പില്ലാത്ത നിലപാടുതറ തന്നെയായിരുന്നു.
ചോദ്യം: 'തിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളുടെയും സമീപത്തുള്ള പൊതുനിരത്തുകളില്‍ അവര്‍ണ ഹിന്ദുക്കള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് തീണ്ടല്‍ പലകകള്‍ സ്ഥാപിച്ചിട്ടുള്ളതും, ഇതില്‍ പ്രതിഷേധിച്ച് ഈഴവരുള്‍പ്പെടെയുള്ള സമുദായങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?'
ഉത്തരം: 'ഇല്ല '
ചോദ്യം: 'ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യുമോ?'
ഉത്തരം: 'പ്രത്യേക ദൃഷ്ടാന്തങ്ങള്‍ പറഞ്ഞാല്‍ ആലോചിക്കാം'
ഇതിനെ തുടര്‍ന്ന് തിരുവിതാംകൂറിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന തീണ്ടല്‍ പലകകളുടെ വിശദവിവരം അവതരിപ്പിച്ചപ്പോള്‍ ' അന്വേഷിക്കാം' എന്ന മറുപടിയാണ് ലഭിച്ചത്. ചുരുക്കത്തില്‍ തീണ്ടല്‍ പലകകള്‍ മാറ്റാനുള്ള ഒരു നടപടിയും തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.
തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരകം | Photo: Wiki Commons
വൈക്കം സത്യഗ്രഹത്തിലേക്ക്
1924 ല്‍ പല്ലനയാറ്റില്‍ ബോട്ടപകടത്തെ തുടര്‍ന്ന് അതിദാരുണമായ രീതിയില്‍ ആ ദീപം അണഞ്ഞെങ്കിലും അതേവര്‍ഷം വൈക്കം ക്ഷേത്രനടയില്‍ തുടങ്ങി, 603 ദിവസങ്ങള്‍ നീണ്ടുനിന്ന വൈക്കം സത്യഗ്രഹം കുമാരനാശാന്‍ ഉയര്‍ത്തിയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനായി നടന്ന വൈക്കം സത്യഗ്രഹത്തിന്റെ പ്രചോദനം കുമാരനാശാന്‍ എന്ന സാഹിത്യകാരനില്‍ നിന്നും നിയമസഭാംഗത്തില്‍ നിന്നും തന്നെയായിരുന്നു എന്നത് അവിതര്‍ക്കിതമായ കാര്യം തന്നെയാണ്.
ജാതിചിന്തയ്ക്കും ജാതിവ്യവസ്ഥയ്ക്കും എതിരെ ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ശിഷ്യനായ കുമാരനാശാനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നത് സാമൂഹികപുരോഗതി ആഗ്രഹിക്കുന്നവരെ വിഷമിപ്പിക്കുന്നതു തന്നെയാണ്. അന്ധവിശ്വാസങ്ങള്‍ തിരിച്ചു വരുന്ന അവസ്ഥ, ശാസ്ത്ര ബോധമില്ലാതാകുന്ന അവസ്ഥ, യുക്തിചിന്ത നശിക്കുന്ന അവസ്ഥ, മയക്കുമരുന്നിനടിമയാകുന്ന പുതുതലമുറ, കേരളം വിട്ട് വിദേശങ്ങളിലേക്ക് കുടിയേറ്റം നടത്താനും അവിടുത്തെ പൗരത്വം സ്വീകരിക്കാനും വെമ്പല്‍ കൊള്ളുന്ന യുവത, സാമൂഹിക നേതൃത്വത്തില്‍ വ്യാപകമാകുന്ന അഴിമതി, അരാഷ്ട്രീയത... ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായെങ്കില്‍ മാത്രമേ കൂടുതല്‍ മാതൃകയായ ഒരു കേരളീയ സമൂഹം രൂപപ്പെടുകയുള്ളൂ. അതുതന്നെയാണ് കുമാരനാശാനും അദ്ദേഹം സൃഷ്ടിച്ച ആശയ പ്രപഞ്ചത്തില്‍ നിന്നുയിര്‍ക്കൊണ്ട വൈക്കം സത്യഗ്രഹവും നമ്മോട് പറയുന്നത്. ജാതിവ്യവസ്ഥയെ മാത്രമല്ല ജാതിചിന്തയെ പോലും എതിര്‍ത്തിരുന്ന സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും ഭരണാധികാരികളുടെയും സ്ഥാനത്ത് ''ആചാരങ്ങളാണ് നവോത്ഥാനം' എന്ന് വിശ്വസിക്കുകയും വോട്ട് ബാങ്കില്‍ മാത്രം കണ്ണുംനട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ നേതൃത്വത്തിന് കേരളീയ സമൂഹം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യുവാനും കഴിയുമോ എന്ന ചോദ്യമാണ് നാം ഉറ്റുനോക്കുന്നത്.