TMJ
searchnav-menu
post-thumbnail

Outlook

ഹിന്ദുത്വത്തിന്റെ കാലത്തെ റിപ്പബ്ലിക്ക് ദിനം

26 Jan 2024   |   2 min Read
കെ ടി കുഞ്ഞിക്കണ്ണൻ

ഇന്ത്യന്‍ റിപ്പബ്ലിക്ക് 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഹിന്ദുത്വ ഭീകരതയില്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും വെല്ലുവിളിക്കപ്പെടുന്നു.
1950 ജനുവരി 26-നാണ് ഭരണഘടനയെ അംഗീകരിച്ച് ഇന്ത്യ റിപ്പബ്ലിക്കായത്. ജനാധിപത്യ മതനിരപേക്ഷ ഫെഡറല്‍ മൂല്യങ്ങളിലധിഷ്ഠിതമായ മഹത്തായ ആശയങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ച സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന മുദ്രാവാക്യത്തിന്റെ സോവിയറ്റ് യൂണിയന്‍ മുന്നോട്ടുവെച്ച ആസൂത്രണത്തിലധിഷ്ഠിതമായ സോഷ്യലിസ്റ്റ് നിര്‍മ്മാണവും അമേരിക്കന്‍ ഭരണഘടനയുടെ ആമുഖം മുന്നോട്ടുവെച്ച നമ്മള്‍ ജനങ്ങളെന്ന ആശയവും സ്വീകരിച്ച ഇന്ത്യന്‍ ഭരണഘടന ഇന്ത്യയുടെ പാരമ്പര്യത്തെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ്.

ഒരു ആധുനിക ജനാധിപത്യ സോഷ്യലിസ്റ്റ് സമൂഹമായി ഇന്ത്യയെ കെട്ടിപ്പടുക്കുകയെന്നതാണ് ഭരണഘടനയുടെ ലക്ഷ്യമായിരിക്കുന്നത്. എന്നാല്‍ ഭരണഘടന അംഗീകരിച്ച ചരിത്രസന്ദര്‍ഭത്തില്‍തന്നെ അതിനെതിരായി മനുവാദമുയര്‍ത്തി രംഗത്തുവന്നവരാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത്. ഭരണഘടനയുടെ സാമൂഹ്യനീതി തത്വങ്ങള്‍ക്കും തുല്യാവകാശങ്ങള്‍ക്കും മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങള്‍ക്കുമെതിരായി പ്രാചീനതയുടെ അധീശത്വമൂല്യങ്ങള്‍ സ്ഥാപിക്കണമെന്ന് ശഠിക്കുന്നവരാണ് ഹിന്ദുത്വവാദികള്‍. അവര്‍ ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന് വാദിക്കുന്നവരാണ്. രാഷ്ട്രത്തിന് മതവും ദൈവവുമാണ് അടിസ്ഥാനമായിരിക്കുന്നതെന്ന് വാദിച്ച ഫാസിസ്റ്റ് താത്വികാചാര്യനായ ബ്ലെന്‍ചിലിയുടെ ആശയങ്ങളെ പിന്‍പറ്റുന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പിന്‍ഗാമികളായ ഹിന്ദുത്വവാദികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. രാഷ്ട്രത്തിന്റെ മതമായി ഹിന്ദുമതത്തെയും രാഷ്ട്രത്തിന്റെ ദൈവമായി രാമനെയും പ്രതിഷ്ഠിച്ചെടുക്കാനുള്ള വിധ്വംസകമായ കടന്നാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് നമ്മള്‍ നമ്മുടെ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികം ആചരിക്കുന്നത്.

1949 നവംബര്‍ 26-ന് ഭരണഘടനാ അസംബ്ലി ഭരണഘടനയ്ക്ക് അന്തിമരൂപം നല്‍കി അംഗീകാരം നല്‍കിയതില്‍ അത്യന്തം പ്രകോപിതരായവരാണ് ഹിന്ദുമഹാസഭക്കാരും ആര്‍.എസ്.എസുകാരും. 1949 ജനുവരി 30-ന്റെ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലില്‍ ദി കോൺസ്റ്റിസ്റ്റ്യുഷൻ എന്ന തലക്കെട്ടില്‍ അവരെഴുതിയത് ഈ ഭരണഘടനയെ ഒരിക്കലും അംഗീകരിക്കില്ലെന്നാണ്. മനുവിന്റെ നിയമങ്ങളെ അവലംബമാക്കാത്ത ഒരു ഭരണഘടനയും അംഗീകരിക്കുന്ന പ്രശ്നമില്ലെന്നാണ്. ഭരണഘടനാവഴികളിലൂടെ ഇന്ന് ഇന്ത്യയുടെ ദേശീയാധികാരത്തിലെത്തിയ ബി.ജെ.പി ഇപ്പോഴും അതേ നിലപാടുകളില്‍ തന്നെയാണ് നിലകൊള്ളുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

PHOTO: FACEBOOK
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാനങ്ങളായ എല്ലാ ആശയങ്ങളുടെയും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നവരാണ് ഹിന്ദുത്വവാദികള്‍. നമ്മുടെ ഭരണഘടനയ്ക്കും റിപ്പബ്ലിക്കിനും മരണംവിധിച്ച് നടക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പി സര്‍ക്കാരെന്ന കാര്യം ജനാധിപത്യവിശ്വാസികള്‍ ഗൗരവപൂര്‍വ്വംതന്നെ തിരിച്ചറിയേണ്ടതുണ്ട്. തങ്ങളുടെ ഹിന്ദുരാഷ്ട്ര അജണ്ടക്കാവശ്യമായ രീതിയില്‍ ഭരണഘടനയെതന്നെ പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് സംഘപരിവാര്‍ തങ്ങള്‍ക്ക് ലഭ്യമായ ദേശീയാധികാരം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. 1998-ലെ വാജ്പേയ്സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാനും തങ്ങളുടെ മതരാഷ്ട്ര അജണ്ട നടപ്പാക്കാനുമായി ഒരു ഭരണഘടനാകമ്മീഷനെതന്നെ നിയമിക്കുകയുണ്ടായി. ഭരണഘടന പൊളിച്ചെഴുതാനുള്ള വാജ്പേയ് സര്‍ക്കാരിന്റെ നീക്കങ്ങളെ ശാസിച്ചുകൊണ്ട് അന്നത്തെ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ഇന്ത്യയുടെ സമകാലീന ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.

2000-ലെ റിപ്പബ്ലിക് ദിനത്തിന്റെ സുവര്‍ണജൂബിലി സന്ദേശത്തിലാണ് കെ.ആര്‍.നാരായണന്‍ ഭരണഘടന പൊളിച്ചെഴുതാനുള്ള സംഘപരിവാര്‍ നീക്കത്തെ ശാസിച്ചത്. ഭരണഘടനയോടൊപ്പം നിലവില്‍വന്ന പരിമിതമായ ജനാധിപത്യ അവകാശങ്ങളെയും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കനുകൂലമായ സാമൂഹ്യനീതി തത്വങ്ങളെയും എടുത്തുകളയാനുള്ള ഏതു നീക്കവും അപകടകരമാണെന്ന് അദ്ദേഹം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനുള്ള സംഘപരിവാര്‍ അജണ്ടയെ താക്കീത് ചെയ്തുകൊണ്ട് കെ.ആര്‍.നാരായണന്‍ പറഞ്ഞത്; ഭരണസ്ഥിരതയല്ല ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്നാണ്.

കെ.ആര്‍.നാരായണന്‍ | PHOTO: WIKI COMMONS
രാജ്യത്തിന്റെ വൈവിധ്യവും സാമൂഹ്യവികസനരംഗത്തെ പ്രശ്നങ്ങളും അഭിസംബോധനചെയ്യാനാവശ്യമായ സമീപനമാണ് ഇന്നാവശ്യം. അല്ലാതെ രാജ്യത്തിന്റെ ബഹുസ്വരതയെയും ഭരണഘടനയുടെ ഫെഡറലിസത്തെയും തൃണവല്‍ഗണിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനമല്ല. അത് ഏകാധിപത്യത്തിലേക്ക് വഴിവെക്കുമെന്നും രാജ്യത്തെ ശിഥിലീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. 
വാജ്പേയിക്ക് നടപ്പിലാക്കാന്‍ കഴിയാതെപോയ ഭരണഘടനയുടെ പൊളിച്ചെഴുത്തിനാണ് മോഡിയും അമിത്ഷായും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഏകരാജ്യ സിദ്ധാന്തവും ഏകനിയമ സിദ്ധാന്തവുമൊക്കെ തട്ടിവിട്ട് അവര്‍ സ്വേച്ഛാധികാരത്തിലേക്ക് രാജ്യത്തെ നയിക്കാനും ഭരണഘടനയെ പൊളിച്ചെഴുതാനുമുള്ള കുത്സിതശ്രമങ്ങളിലാണ്. രണ്ടാം മോഡിസര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങളുടെ ഗതിവേഗം കൂടിയിരിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന ഹിന്ദുത്വവാദികള്‍ ഇന്ത്യന്‍ ഭരണഘടനയെതന്നെ കുഴിച്ചുമൂടാനുള്ള അത്യന്തം പ്രതിഷേധജനകമായ ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും പൗരത്വ നിയമം, മുത്തലാഖ്, എന്‍.ഐ.എ-യു.എ.പി.എ നിയമഭേദഗതികള്‍ ചെയ്തതും ഇന്ത്യന്‍ ഭരണഘടനയെതന്നെ ലക്ഷ്യംവെച്ചുള്ള ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന കാര്യം ജനാധിപത്യവാദികള്‍ തിരിച്ചറിയാതെ പോകരുത്. മതരാഷ്ട്രവാദികള്‍ നമ്മുടെ റിപ്പബ്ലിക്കിനെ തകര്‍ത്ത് ആര്യാവര്‍ത്തത്തിന്റെ വരേണ്യസ്മൃതികളിലേക്കുള്ള തിരിച്ചു നടത്തത്തിലാണ്.

#outlook
Leave a comment