TMJ
searchnav-menu
post-thumbnail

Outlook

ക്രൂശിത'രുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

19 Nov 2024   |   3 min Read
അതുല്‍ സച്ചു

ദുഃഖവും മാനസാന്തരവും ഒന്നല്ല ദുഃഖം അതിന്റെ പ്രവൃത്തി തികയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഫലമാണ് മാനസാന്തരം. മാനസാന്തരത്തിന്റെ ഫലമാണ് രക്ഷ. ദുഃഖം, മാനസാന്തരം, രക്ഷ എന്നിങ്ങനെ ഒരനുക്രമ വികാസം ഈ പ്രക്രിയയില്‍ കാണാം. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മനസ്സിലുണ്ടാകുന്ന പൂര്‍ണ്ണമായ പരിവര്‍ത്തനവും ഭാവവ്യതിയാനവുമാണ് മാനസാന്തരം എന്നാണ് ബൈബിള്‍ പണ്ഡിതര്‍ പറയുന്നത്. ഉപതിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോള്‍  ബൈബിളും പാലക്കാടും തമ്മിലെന്ത് എന്ന് ചോദിച്ചാല്‍, പറയാന്‍ ചില കാര്യങ്ങള്‍ മാത്രം. തിരഞ്ഞെടുപ്പ് ആവേശത്തേക്കാള്‍ മാനസാന്തരപ്പെട്ടവരുടെ സാക്ഷ്യം പറച്ചിലുകളാണ് അവിടെ ഉയര്‍ന്നത്.  അവരെ തള്ളിപ്പറയുന്നവരുടെ ആക്രോശമാണ് പാലക്കാട് നിറഞ്ഞുനിന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ മൂന്നും സംസാരിക്കുന്നത് രാഷ്ട്രീയമോ ജനകീയ വിഷയങ്ങളോ അല്ല. കൂറുമാറ്റത്തിനുള്ള ന്യായീകരണവും കൂറുമാറിയവര്‍ക്കെതിരെ ആരോപണവുമാണ് മൂന്ന് മുന്നണികളുടെയും കൈമുതല്‍. കൂറുമാറിയവരുടെ കാര്യവും അങ്ങന്നെ തന്നെ. മാനസാന്തരം എന്നത് ഒരുതരം കൂറുമാറ്റം ആണല്ലോ. അതുകൊണ്ട് കൂറുമാറ്റമെന്നോ മാനസാന്തരമെന്നോ തരാംതരം സൗകര്യം പോലെ ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വായിക്കാം. അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മളുടേതെന്നും പറയുന്ന ലൈനില്‍. കൂറുമാറ്റമെന്ന് ശത്രുക്കള്‍ക്കും മാനസാന്തരമെന്ന് മിത്രങ്ങള്‍ക്കും വിശേഷിപ്പിക്കാം. തങ്ങള്‍ ഇന്നലെ വരെ സ്തുതി പാടിയ പാര്‍ട്ടികള്‍ക്ക് നേരെ അവരും അവര്‍ക്കു നേരെ അവരില്ലാത്ത പാര്‍ട്ടിയും തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞു മാനസാന്തരപ്പെട്ടു.

ഹിരണ്യ നാട്ടില്‍ ചെന്നാല്‍ ഹിരണ്യായ നമഃ എന്ന ചൊല്ല് പോലെയാണ് പി സരിനും സന്ദീപ് വാര്യരും പുതിയ പാര്‍ട്ടികളുടെ ഉമ്മറേത്തക്ക് കയറിയപ്പോള്‍ പഴയവാക്കുകള്‍ വിഴുങ്ങി പുതിയ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചത്.'അവന്റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവനെ സ്തുതിപ്പിന്‍; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിന്‍.'എന്നതായി സരിനും സന്ദീപും ചെന്നു കയറിയ പാര്‍ട്ടി അണികളുടെ അവസ്ഥ. ഇന്നലെ വരെ പരസ്പരം പോരടിച്ചു നിന്നവര്‍ ഇന്ന് മാലയിലെ മുത്തുപോലെയായി. വിളക്കു കത്തിച്ചു പറയിന്‍കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു എന്ന മത്തായി വചനത്തെ ഓര്‍മ്മിപ്പിക്കും വിധം ഇരുപാര്‍ട്ടികളും കൈവിട്ടുവന്നയാളിനെയും കൈപിടിച്ചു വന്നയാളിനെയും തണ്ടില്‍ വച്ചു. .
തണ്ടിലിരുന്നു പ്രകാശിക്കുന്നവരെ വാഴ്ത്തിപ്പാടുന്ന അണികളെയും ഇരുവരെയും ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുന്ന നേതാക്കളെയും അണികളെയും കാണുമ്പോള്‍ എംവി ജയരാജന്‍ നടത്തിയ പ്രകാശിക്കുന്നവര്‍ എന്ന  ഉപമ എല്ലാവര്‍ക്കും എത്രയനുയോജ്യം.

സന്ദീപ് വാര്യര്‍ | PHOTO: FACEBOOK
കൂടുവിട്ടുകൂടുമാറുന്ന മാന്ത്രികവിദ്യ  കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസിന് മാത്രമാണ് സ്വന്തമായിട്ടുണ്ടായിരുന്നത്. ബിജെപി അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസുകാരുടെ ശരണാലയമായി മാറിയതായിരുന്ന ബിജെപിയുടെ സ്ഥിതി. കേരളത്തിന് പുറത്തുനിന്നാണെങ്കിലും തെക്ക് നിന്ന് പോയ വടക്കന്‍ മുതല്‍ അനില്‍ ആന്റണിയും പദ്മജയും വരെ അഭയം പ്രാപിച്ചത് ബിജെപിയിലായിരുന്നു. ബിജെപിയില്‍ നിന്നൊരു ആവാഹനം നടത്തിയ കോണ്‍ഗ്രസുകാര്‍ അതിന്റെ ആവേശജ്വരത്തിലാണ്.

തങ്ങളില്‍ നിന്നും വേര്‍പെട്ടുപോയ സരിനെ കോണ്‍ഗ്രസുകാര്‍ പറഞ്ഞതൊക്കെ വാക്കുകളില്‍ മാത്രം മാറ്റം വരുത്തി കോണ്‍ഗ്രസിനൊപ്പം പോയ സന്ദീപ് വാര്യരെ കുറിച്ച് ബിജെപിക്കാരും പറയുന്നു. വന്ന സരിനെ ന്യായീകരിക്കുന്ന സിപിഎം, സന്ദീപിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസും മൂവര്‍ക്കം ഒരേ സ്വരം. ശരിക്കും ഒറ്റയ്‌ക്കൊറ്റയ്ക്ക് പാടുന്ന 'സമൂഹ' ഗാനം പോലെ തരാതരം അവര്‍ അവരെ സ്തുതിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു.

സരിനും സന്ദീപും തങ്ങളുടെ സോഷ്യല്‍ മീഡിയാ ആക്ടിവിസത്തിലൂടെ അതത് പാര്‍ട്ടികള്‍ക്ക് വേണ്ടി  പോരടിച്ചവരാണ്. അന്നവര്‍ പറഞ്ഞതൊക്കെ ഇന്ന് അവരുടെ പഴയ ശത്രുക്കള്‍ പൊറുത്തിരിക്കുന്നു. പഴയ മിത്രങ്ങളതൊക്കെയെടുത്ത് പോരിനിറങ്ങുന്നു. രണ്ടുകൂട്ടരും പല്ലിടകുത്തി മണപ്പിക്കുന്നു. നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിലിടാം എന്ന ചിന്ത പാര്‍ട്ടിക്കും യുവനേതാക്കള്‍ക്കും ഒരു പോലെ ചേരുന്നതാണിത്.

'ഞാന്‍ പറഞ്ഞു: എനിക്കു കഷ്ടം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവായരാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു.'എന്ന വചനം സന്ദീപിനും സരിനും ആദര്‍ശത്തോടെ തന്നെ പറയാം.

ഇരുവരും അവരവരുടെ ഇടങ്ങളില്‍ നിന്ന് പുതിയ മാളങ്ങളിലേക്ക് ചേക്കേറിയതിന് അവരുടേതായ കാരണങ്ങളുണ്ട്. മകന്‍ അപ്പം ചോദിച്ചാല്‍ അവന് കല്ലു കൊടുക്കുമോ? മീന്‍ ചോദിച്ചാല്‍ അവന് പാമ്പിനെ കൊടുക്കുമോ? എന്ന ചോദ്യമാണ് ഇരുവര്‍ക്കും സ്വന്തം മുന്‍ പാര്‍ട്ടികളോട് ചോദിക്കാനുള്ളത്. സ്വന്തം പാര്‍ട്ടികളില്‍ ക്രൂശിക്കപ്പെട്ടവരാണ് തങ്ങളെന്ന് അവര്‍ ആദ്യന്ത്യം പറയുന്നുണ്ട്. കസേര നല്‍കാതെ അപമാനിച്ചതും സീറ്റ് നല്‍കാതെ അപമാനിച്ചതുമൊക്കെ അവരുടെ അവഗണനയുടെ പെരുക്കപ്പട്ടികയിലെ കാരണങ്ങളായി. സങ്കടമോചനത്തിനായി അവര്‍ നീട്ടിയ കൈകളില്‍ പുണരാന്‍ ആശയങ്ങളോ ആദര്‍ശങ്ങളോ ആര്‍ക്കും തടസ്സമായില്ല. അതുവഴി ക്രൂശിതരായ തങ്ങള്‍ക്കൊരു ഉയിര്‍ത്തെഴുത്തേല്‍പ്പുണ്ടാകുമെന്ന് അവരും അവര്‍ വരുന്നതിലൂടെ ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊരു എഴുന്നേറ്റമുണ്ടാകുമെന്ന് പാര്‍ട്ടികളും കരുതുന്നുണ്ടാകും.

കോണ്‍ഗ്രസില്‍ നിന്നും കൂട്ടംതെറ്റി ഇടതുപക്ഷത്തായി കാല്‍നൂറ്റാണ്ടോളം തുടര്‍ന്ന ചെറിയാന്‍ ഫിലിപ്പ് മടങ്ങിപ്പോയിട്ട് അധികം നാളായില്ല. താന്‍ എഴുതിയ കാല്‍നൂറ്റാണ്ട് എന്ന പുസ്തകം പോലെ സിപിഎമ്മിനൊപ്പമുള്ള കാല്‍നൂറ്റാണ്ടെഴുതുമോ എന്ന് കണ്ടറിയാം. അങ്ങനെയൊരു സാഹചര്യത്തിലാണ് കല്ലിനെയും പാമ്പിനെയും കിട്ടിയ രണ്ട് 'മക്കള്‍' തങ്ങളുടെ മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്ക്കുമെന്ന വിശ്വാസത്തില്‍ കാറും കോളും കണ്ട് ഭയപ്പെടാതെ അക്കരയ്ക്ക് സഞ്ചരിച്ചെത്തിയത്.

പി.സരിന്‍ | PHOTO: FACEBOOK
അങ്ങനെ വിശ്വാസപൂര്‍വ്വം കൈ വിട്ട് ചെങ്കൊടി പിടിച്ചപ്പോള്‍, തണ്ടൊടിഞ്ഞ താമരയുമായി വന്ന സന്ദീപ് വാര്യരുടെ കൈപിടിക്കാന്‍ കാലമായെന്ന് കോണ്‍ഗ്രസുകാര്‍ക്കും മനസ്സിലായി. അങ്ങനെ രണ്ടുപേരും സ്‌നാനം ചെയ്യപ്പെട്ടുകഴിഞ്ഞപ്പോള്‍  ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും വചനവുമുണ്ടായി. ഒന്ന് ആദിയില്‍ ആയിരുന്നുവെങ്കില്‍ മറ്റേത് അന്ത്യത്തിലുമായിരുന്നുവെന്ന് വ്യത്യാസം മാത്രമേയുള്ളൂ.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയേക്ക് പോകാനൊരുങ്ങിയ സരിന്‍ സിപിഎമ്മിനൊപ്പവും ബിജെപിയില്‍ നിന്നിറങ്ങി സിപിഎമ്മിലെക്ക് പോകാനിറങ്ങിയ സന്ദീപ് കോണ്‍ഗ്രസിനൊപ്പവും പോയി എന്നൊരു പാലക്കാടന്‍ കാറ്റ് പറഞ്ഞതിലുള്ളത് പൊരുളോ പൊള്ളോ എന്ന് രാഷ്ട്രീയചരിത്രകാരന്മാരുടെ ഗവേഷണ പടുത്വം തെളിയിക്കട്ടേ.

എന്തായാലും ചെറിയാന്‍ ഫിലിപ്പും ജയാഡാലിയുമൊന്നും കോണ്‍ഗ്രസ് വിട്ടു സിപിഎമ്മില്‍ പോയതുപോലെയോ ശെല്‍വരാജ് സിപിഎം വിട്ടു കോണ്‍ഗ്രസില്‍ പോയതുപോലെയോ അബ്ദുള്ളക്കുട്ടിയെ പോലെ ഇരിപ്പുറയ്ക്കാതെ സിപിഎം വിട്ട് കോണ്‍ഗ്രസിലേക്കും അവിടുന്ന് ബിജെപിയിലേക്കും കാലവസ്ഥ നോക്കി പറക്കുന്ന ദേശാടപക്ഷിയെ പോലെയോ അല്ല സോഷ്യല്‍ മീഡിയാ കാലത്ത്  കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സോഷ്യല്‍ മീഡിയാതാരങ്ങളുടെ കൊടിമാറ്റം. 'കൊങ്കി'യില്‍ നിന്ന് 'കമ്മി'യിലേക്കും 'സങ്കി'യില്‍ നിന്ന് 'കൊങ്കി'യിലേക്കുമുള്ള അവരുടെ രൂപാന്തരം കാഫ്കയുടെ ഗ്രിഗര്‍സാംസയുടെ വ്യഖ്യാതാക്കള്‍ പോലും സ്വപ്നം കണ്ടുകാണില്ല. സോഷ്യല്‍മീഡിയയില്‍ അവരെഴുതിയതും പറഞ്ഞതുമൊക്കെ ഇന്നവരെ തിരഞ്ഞുകുത്തുന്നുണ്ട്. മാനസാന്തരം വന്നവരുടെ വഴിയില്‍ അവര്‍ക്കുള്ള ആശ്വാസം 'കഴിഞ്ഞതൊന്നും ആരും ഓര്‍ക്കുന്നില്ല. വരാനിരിക്കുന്നവയെ അവയ്ക്കുശേഷം വരാനിരിക്കുന്നവര്‍ ഓര്‍മിക്കുകയില്ല.'എന്ന പഴയനിയമത്തിലെ വചനം തന്നെയാകും.

പാപത്തിന്റെ ശമ്പളം മരണമത്രേ എന്നത് ചുവരുകളില്‍ പോലും കാണാന്‍ കഴിയുന്ന  ബൈബിള്‍ വാചകമാണ്. മാനസാന്തരപ്പെട്ടവരോട് 23 കഴിഞ്ഞാല്‍  പഴയ മിത്രങ്ങള്‍ക്ക് പറയാനുള്ളതും അതാകാം. 
20 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാം ദിനം മാനസാന്തരപ്പെട്ടവര്‍ എങ്ങനെയാകും ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നതാണ് കേരളം കാത്തിരിക്കുന്നത്.




#outlook
Leave a comment