TMJ
searchnav-menu
post-thumbnail

Outlook

റിവ്യൂ ബോംബ്: വിവാദങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ

28 Oct 2023   |   5 min Read
രാഹുല്‍രാജ് പി വി

ഹോളിവുഡില്‍ എഴുത്തുകാര്‍ സമരം നടത്തി... ജനറേറ്റീവ് എ ഐ യുടെ സാധ്യതകള്‍ സിനിമാ രംഗത്തേക്കും.... തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചു  കൊണ്ട് സ്റ്റോറി ബോര്‍ഡ് നിര്‍മ്മിച്ചു.... മിക്ക ഇടത്തും സിനിമാ പ്രവര്‍ത്തകര്‍ ഇതേ പറ്റി ചൂടേറിയ ചര്‍ച്ചകള്‍ നടത്തുകയാണ്. എന്നാല്‍ ഇതൊന്നും അല്ല നിലവില്‍ മലയാള സിനിമാ പ്രേമികള്‍ക്കിടയില്‍ ചൂട് പിടിപ്പിക്കുന്ന ചര്‍ച്ച ! സംഗതി ഇത്തിരി വയലന്‍സ് ആണ് !.....ബോംബ് ! റിവ്യൂ ബോംബ്...? 

നിങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വേള്‍ഡ് കപ്പ് ക്രിക്കറ്റ് കാണാന്‍ സ്പീഡ് എന്ന യൂട്യൂബര്‍ ഇന്ത്യയില്‍ വന്നത് ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു, ഒപ്പം ഈയടുത്തായി വിദേശ രാജ്യങ്ങളിലുള്ള യൂട്യുബര്‍മാരുടെ ഒരുപാട് ഇന്ത്യന്‍ സിനിമകളുടെ റിയാക്ഷന്‍ വിഡിയോകളും മറ്റും കൂടി വരുന്നതായും കണ്ടിട്ടുണ്ടാകും. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ വീഡിയോ ചെയ്യുന്നുണ്ടാവുക എന്നാലോചിച്ചിട്ടുണ്ടോ ?? ഉത്തരം ലളിതമാണ്. ഗൂഗിള്‍ ഡാറ്റ റിപ്പോര്‍ട്ടിന്റെ 2023 ലെ കണക്കു പ്രകാരം 462 മില്യണ്‍ യൂട്യൂബ് ഓഡിയന്‍സ് ഇന്ത്യയിലുണ്ട്. തൊട്ട് പിറകിലുള്ള അമേരിക്കയിലും ബ്രസീലിലും യഥാക്രമം 239 മില്യണ്‍, 144 മില്യണ്‍ മാത്രവും. അപ്പോള്‍ ഉത്തരം മനസ്സിലായി കാണുമല്ലോ !

ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഒംഡിയ നടത്തിയ പഠന പ്രകാരം 2020 നും 2025 നും ഇടയില്‍ 429.7 % ഇന്ത്യന്‍ എന്റര്‍ടൈന്‍മെന്റ് രംഗത്തു വരുമാന വര്‍ദ്ധനവ് ഉണ്ടാകും എന്നാണ് പറയുന്നത്. ഒരു വര്‍ഷം ഏകദേശം 1500 ലധികം സിനിമകള്‍ ഇന്ത്യയില്‍ ഇറങ്ങുന്നുണ്ട് (താല്പര്യമുള്ളവര്‍ക്ക് ഇന്ത്യയെ ഭാരതം എന്ന് തിരുത്തി വായിക്കാവുന്നതാണ്). അതില്‍ മലയാളത്തില്‍ മാത്രം 150-250 സിനിമകള്‍ ! അതില്‍ തന്നെ സാമ്പത്തിക ലാഭം നേടുന്നതാകട്ടെ വിരലില്‍ എണ്ണാവുന്നവ ! 5% മുതല്‍ 8% ത്തില്‍ താഴെ വിജയ സാധ്യത ഉള്ള, ഇത്രയും റിസ്‌ക് ഉള്ള ഒരു ബിസിനസ് രംഗത്ത് കോടികള്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് ഇത്രയും ആളുകള്‍ തയ്യാറാകുന്നു എന്നത് ഒരു ചോദ്യമാണ്. 'സിനിമ പരാജയപ്പെടും' എന്ന് അറിഞ്ഞു കൊണ്ട് സിനിമ എടുക്കുന്ന ചില വിശാല മനസ്‌കരായ പ്രൊഡ്യൂസര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ സത്യത്തില്‍ എല്ലാവരും സിനിമ എടുക്കുന്നത് പണ്ട് തൊട്ടേ പറയുന്നതുപോലെ, '100 ദിവസം ഓടാന്‍' തന്നെയാണ്. ഉള്ളിന്റെ ഉള്ളില്‍ ഇതാഗ്രഹിക്കാത്ത ഏത് പ്രൊഡ്യൂസര്‍ ആണ് ഉണ്ടാവുക?


REPRESENTATIONAL IAMGE: PTI
ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം, കഴിഞ്ഞ കുറച്ചു കാലമായി സിനിമാ ടിക്കെറ്റെടുത്ത് തീയേറ്ററില്‍ പോകുന്ന ഒരാളെന്ന നിലയില്‍ പ്രധാന റിലീസ് സിനിമകള്‍ ഒഴികെയുള്ള സിനിമകള്‍ എല്ലാം വിശ്വസനീയം എന്ന് തോന്നുന്ന യൂട്യൂബ്, ഫേസ്ബുക്ക് റിവ്യൂവേഴ്സിന്റെ അഭിപ്രായം, തിയേറ്റര്‍ റെസ്‌പോണ്‍സ് അറിഞ്ഞുതന്നെയാണ് പോകുന്നത്. കാരണം മറ്റൊന്നുമല്ല, കുടുംബമായി തിയേറ്ററില്‍ പോയി സിനിമ കാണുക എന്നത് നല്ല പണച്ചിലവുള്ള ഒന്നായി മാറിയിരിക്കുന്നു (കണക്കുകള്‍ പ്രകാരം മിക്ക തിയേറ്ററുകളുടെയും വരുമാന സ്രോതസ്സ് അവിടുത്തെ പോപ്പ്‌കോണ്‍ അടക്കമുള്ള ഭക്ഷണ സാധനങ്ങളുടെ വില്‍പ്പനയാണ് എന്നത് മറ്റൊരു വസ്തുത). അതുകൊണ്ട് തന്നെ പ്രൊഡ്യൂസര്‍മാര്‍ക്ക് അവര്‍ മുടക്കുന്ന ഓരോ നാണയത്തിനും വിലയുള്ള പോലെ സിനിമാ പ്രേമികള്‍ക്കും അവര്‍ മുടക്കുന്ന പണത്തിന് വിലയുണ്ടെന്ന് ഓര്‍ക്കുന്നത് നന്ന്.

ആദ്യം തന്നെ പറയട്ടെ സിനിമ റിവ്യൂ സിനിമയുടെ സാമ്പത്തികവിജയത്തെ ബാധിക്കില്ല എന്നത് തീര്‍ത്തും തെറ്റായ ചിന്താഗതിയാണ്. ഗൂഗിള്‍ ട്രെന്‍ഡ്സിന്റെ പോപ്പുലാരിറ്റി ഇന്‍ഡക്‌സ് പ്രകാരം കോവിഡിന് ശേഷം 'മലയാളം മൂവി റിവ്യൂ' , 'തീയേറ്റര്‍ റെസ്‌പോണ്‍സ്' എന്നീ കീവേര്‍ഡുകള്‍ക്ക് യൂട്യൂബില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതായത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍, സിനിമ റിവ്യൂ അല്ലെങ്കില്‍ തീയേറ്റര്‍ റെസ്‌പോണ്‍സ് വിഡിയോകള്‍ കാണുന്ന ആളുകള്‍ വളരെ അധികം വര്‍ധിച്ചിട്ടുണ്ട് എന്ന് സാരം. സിനിമ റിവ്യൂ എന്നത് ഒരൊറ്റ വ്യക്തിയുടെ സിനിമയോടുള്ള കാഴ്ചപ്പാടാണ്. അയാളുടെ സിനിമയോടുള്ള സമീപനം, മുമ്പ് കണ്ട സിനിമകള്‍, വ്യക്തിപരമായ രാഷ്ട്രീയ-മത-സാംസ്‌കാരിക നിലപാടുകള്‍ എല്ലാം തന്നെ അതിനെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് തന്നെ ഓരോ റിവ്യൂവറിനും ഉള്ള ഓഡിയന്‍സും വ്യത്യസ്തമാണെന്ന് കാണാന്‍ സാധിക്കും.

പക്ഷെ നിങ്ങളുടെ അഭിപ്രായവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന യൂട്യൂബറിന്റെ അഭിപ്രായവും എപ്പോഴും യോജിക്കണം എന്നുണ്ടോ ? ഉദാഹരണത്തിന് കോള്‍ മി ഷസാം, അദ്ദേഹത്തിന്റെ മിക്ക റിവ്യൂകളും ഈയടുത്ത് യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ആദ്യ മൂന്നില്‍ വരുന്നത് കാണാറുണ്ട്. എന്നാല്‍ ജനപ്രിയ സിനിമ ആയിരുന്ന മിന്നല്‍ മുരളിയെ കുറിച്ച് 'നെഗറ്റീവ്' റിവ്യൂ പറഞ്ഞപ്പോള്‍ എത്രയോ പേരാണ്, അദ്ദേഹത്തിന്റെ വീഡിയോയുടെ താഴെ അസഭ്യവര്‍ഷം ചൊരിഞ്ഞത്. എന്നാല്‍ ഇത് സിനിമയെ ബാധിച്ചിരുന്നോ? മറ്റൊരുദാഹരണം, ലോകേഷ് കനകരാജിന്റെ 'ലിയോ' ആണ്. ലിയോയെക്കുറിച്ച് ഒരു മിക്‌സഡ് / നെഗറ്റീവ് റിവ്യൂവാണ് പ്രമുഖ സിനിമ റിവ്യൂ യൂട്യൂബര്‍ ആയ അശ്വന്ത് കോക്, നടത്തിയത്. ഈ റിവ്യൂ ഏതെങ്കിലും രീതിയില്‍ സിനിമയെ ബാധിച്ചതായി തോന്നിയിട്ടില്ല.ഇതുവരെ ചര്‍ച്ച ചെയ്തതെല്ലാം നല്ല ഹൈപ്പില്‍ വന്ന സിനിമകളാണ്. എന്നാല്‍ ലോ ബഡ്ജറ്റില്‍ നിര്‍മിക്കപ്പെട്ട വലിയ താരനിര ഇല്ലാത്ത സിനിമകള്‍ക്കാണ് ഈ കാര്യത്തില്‍ പ്രശ്‌നം ഉണ്ടാകുന്നത് എന്നാണ് നിങ്ങളുടെ സംശയം എങ്കില്‍ രണ്ടുതരം സിനിമകള്‍ നമുക്ക് പരിഗണിക്കാം:

1. ബഡ്ജറ്റ് കുറഞ്ഞ അല്ലെങ്കില്‍ കൂടിയ, നല്ല നിലവാരം ഉള്ള സിനിമ.
2. ബഡ്ജറ്റ് കുറഞ്ഞ അല്ലെങ്കില്‍ കൂടിയ, നിലവാരം ഇല്ലാത്ത സിനിമ.

ഈ രണ്ടുതരം സിനിമകളെയും റിവ്യൂകള്‍ എങ്ങിനെയാണ് ബാധിക്കുക എന്ന് നോക്കാം. ആദ്യത്തെ തരം സിനിമകളുടെ കാര്യത്തില്‍ 10 യൂട്യൂബ് റിവ്യൂവര്‍ ഉണ്ടെന്നിരിക്കട്ടെ. പത്തില്‍ പത്ത് പേരും സിനിമ മോശമായി പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല (തീര്‍ത്തും വ്യക്തിപരമായ അഭിപ്രായം). ഈ സാഹചര്യത്തില്‍ സിനിമയെ പോസിറ്റീവായായിരിക്കും റിവ്യൂകള്‍ ബാധിക്കുക. ജാന്‍-എ-മന്‍, രോമാഞ്ചം എന്നീ സിനിമകള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഇനി രണ്ടാമത്തെ തരം സിനിമകളുടെ കാര്യത്തില്‍, പത്തില്‍ ഭൂരിപക്ഷം പേരും സിനിമയെപറ്റി നെഗറ്റിവ് റിവ്യൂ ആകും പറഞ്ഞേക്കുക (തീര്‍ത്തും വ്യക്തിപരമായ അഭിപ്രായം). ഈ സാഹചര്യത്തില്‍ സിനിമയെ നെഗറ്റീവായായിരിക്കും റിവ്യൂകള്‍ ബാധിക്കുക. നിരവധി സിനിമകള്‍ നമുക്ക് മുമ്പില്‍ ഉദാഹരണങ്ങളായുണ്ട്. 

അതായത് സിനിമയുടെ 'കണ്ടന്റ്' ലാണ് കാര്യം. നിങ്ങളുടെ സിനിമ ലോ ബഡ്ജറ്റ് ആണെങ്കിലും പ്രൊമോഷന്‍ കുറവാണെങ്കിലും 'കണ്ടന്റ്' നല്ലതാണെങ്കില്‍ അത്ര പേടിക്കേണ്ടാത്ത ഒരു നവ സോഷ്യല്‍ മീഡിയ ലോകത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത് ( 'ഗപ്പി' യുടെ അവസ്ഥ ഇനി ആവര്‍ത്തിക്കാനുള്ള സാധ്യത കുറഞ്ഞു എന്ന് പറയാം). മൗത്ത് പബ്ലിസിറ്റി വഴി ഹിറ്റായ ഒരുപാട് സിനിമകള്‍ നമ്മുടെ മുമ്പിലുണ്ട്. അതായത് ഇത്തരം റിവ്യൂകള്‍ അതിന്റെ വേഗത വര്‍ധിപ്പിക്കുന്ന ഉല്‍പ്രേരകങ്ങള്‍ ആയി വര്‍ത്തിക്കാനാണ് സാധ്യത. ഈ അവസരത്തില്‍ പറയേണ്ടുന്ന മറ്റൊന്ന് പെയ്ഡ് റിവ്യൂസിനെ കുറിച്ചാണ്. നിങ്ങള്‍ മുഖ്യധാരാ യൂട്യൂബ് റിവ്യൂവേഴ്സിനെ ശ്രദ്ധിച്ചിട്ടുണ്ടോ ? മിക്കവരും വളരാന്‍ പ്രധാന കാരണം, അവരുടെ റിവ്യൂകളില്‍ പ്രേക്ഷകര്‍ക്കുള്ള വിശ്വാസമാണ്. ഇത് കേവലം ഒരു ദിവസം ഉണ്ടാക്കി എടുക്കാവുന്ന ഒന്നല്ല, ഒരുപാട് കാലംകൊണ്ട് ഉണ്ടാക്കി എടുത്ത ഒന്നാണ്. 

മിന്നല്‍ മുരളിക്കും ഭീഷ്മ പര്‍വ്വത്തിനും നെഗറ്റീവ് റിവ്യൂ വരുമ്പോള്‍ കമന്റ് ബോക്‌സുകളില്‍ അസഭ്യ വര്‍ഷം നിറയാന്‍ കാരണം വ്യൂവേഴ്‌സ് പ്രതീക്ഷിക്കാത്തത് റിവ്യൂവില്‍ വന്നതുകൊണ്ട് തന്നെയാണ്. ഒരു റിവ്യൂവറിന് എത്ര തവണ പെയ്ഡ് റിവ്യൂ ചെയ്യാന്‍ സാധിക്കും? എല്ലാ റിവ്യൂവും പെയ്ഡ് റിവ്യൂ ചെയ്താല്‍ അയാള്‍ നഷ്ടപ്പെടുത്തുന്നത് ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ്...! പ്രേക്ഷകര്‍ക്ക് അയാളിലുള്ള വിശ്വാസം...! അതവരുടെ നിലനില്പ്പിനെ ബാധിക്കുമെന്നതിനാല്‍ മുഖ്യധാരാ റിവ്യൂവേഴ്‌സ് അങ്ങനെ ഒരു മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ല.

ഈയടുത്ത കാലത്ത് പ്രത്യേകിച്ച് കോവിഡ് കാലത്തിനു ശേഷം, മലയാളികളുടെ സിനിമാസ്വാദനത്തിനും, സിനിമ റിവ്യൂകളോടും ഉള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി കാണാന്‍ സാധിക്കും. നിലവില്‍ ട്രെയിലറും പോസ്റ്ററും മാത്രം കണ്ടു തന്നെ ഒരു സിനിമ തിയേറ്ററില്‍ കാണണോ ഒ ടി ടി യില്‍ കാണണോ എന്ന് തീരുമാനിക്കുന്ന ഒരു വലിയ വിഭാഗം തന്നെ നമുക്കിടയിലുണ്ട്. അതുപോലെ മുമ്പ് നന്നായി അച്ചടി ഭാഷയില്‍ കാച്ചിക്കുറുക്കി പറയുന്നവര്‍ക്കായിരുന്നു കാണികള്‍ കൂടുതല്‍ ഉണ്ടായിരുന്നത് എങ്കില്‍, ഇന്ന് വ്യൂ കൂടുതല്‍ കിട്ടുന്നത് കുറെക്കൂടെ വിനോദപരമായി അവതരിപ്പിക്കുന്നവര്‍ക്കാണ്. എന്നിരുന്നാലും ആളുകളെ കൂടുതല്‍ എന്റര്‍റ്റൈന്‍ ചെയ്യാന്‍ കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ചിലപ്പോഴൊക്കെ പരിധിവിട്ടു പോകുന്നുമുണ്ട്. വ്യക്തിപരമായ കളിയാക്കലുകളും, പേരിടല്‍ ചടങ്ങും, അവാര്‍ഡുകളും, ചിലപ്പോഴൊക്കെ അതിരു വിടുന്നതായി തോന്നാറുണ്ട്. കുറച്ചുകൂടെ മാന്യമായി, അത് കാണേണ്ടിവരുന്ന വ്യക്തിയുടെ മാനസിക നില കൂടെ പരിഗണിക്കുന്നത് ശ്രദ്ധിച്ചാല്‍ നന്നായിരിക്കുമെന്ന് പറയാതെ 'വയ്യ'  അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ. അമിതമായി സിനിമ പൊളിറ്റിക്കലി കറക്ട് ആണോ എന്ന് ചികയുന്ന ഒരു കൂട്ടം യൂട്യൂബര്‍മാരും  ഉണ്ടിവിടെ ! യഥാര്‍ത്ഥത്തില്‍ എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെമേലുള്ള കൈകടത്തലുകള്‍ ആയി മാറാന്‍ തുടങ്ങിയിട്ടുണ്ട് ഇത്തരം വീഡിയോകള്‍. നിങ്ങളെ തേടിവരുന്ന കഥയെയും കഥാപാത്രങ്ങളെയും ചിലര്‍ക്കുവേണ്ടി തിരുത്തുക എന്നത് എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കൈവിലങ്ങുകള്‍ തന്നെയാണ്. അതിനാല്‍ അമിതമായ പൊളിറ്റിക്കല്‍ കറക്ട്‌നെസ് നമുക്ക് ആവശ്യമാണോ എന്നത് റിവ്യൂവേഴ്‌സ് തന്നെ സ്വയം ഒന്ന് റിവ്യൂ ചെയ്യുന്നതും ഈ അവസരത്തില്‍ നന്നായിരിക്കും.

ഈ അടുത്ത കാലത്ത് കണ്ടു വരുന്ന മറ്റൊരു പ്രവണതയാണ് ഒട്ടും ക്വാളിറ്റി ഇല്ലാത്ത സിനിമ, പ്രൊമോഷന്‍സ് ഒട്ടുമില്ല, ഒടുക്കം സിനിമ റിലീസ് ആകുമ്പോള്‍ 'റിവ്യൂവേഴ്സാണ് സിനിമ പരാജയപ്പെടാന്‍ കാരണം' എന്ന്  പറഞ്ഞു പത്ര സമ്മേളനം നടത്തുന്നത്. നിങ്ങള്‍ ആദ്യം നല്ല ക്വാളിറ്റി ഉള്ള സിനിമ ചെയ്യൂ, സിനിമ ചെയ്യുന്നത് മാത്രമല്ല സിനിമ നന്നായി മാര്‍ക്കറ്റ് ചെയ്ത് ആളുകളിലേക്ക് എത്തിക്കുക എന്നതും നിങ്ങളുടെ തന്നെ ചുമതലയാണ്. നിങ്ങളും നിങ്ങളുടെ വീട്ടുകാരും സുഹൃത്തുക്കളും മാത്രം കാണാന്‍ ആണ് സിനിമ എടുക്കുന്നതെങ്കില്‍ ഹോം തിയേറ്ററില്‍ ഇട്ടു കണ്ടാല്‍ പോരെ ?

'പ്രിയ സുഹൃത്തേ, ഇതൊരു കൊച്ചു സിനിമയാണ്, പ്രൊമോഷന്‍ കുറവാണ് ....! ' ഈയിടെയായി സ്ഥിരം കേള്‍ക്കുന്ന മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ തുടക്കമാണിത്. ആരാണ് ഇതിനു കുറ്റക്കാര്‍ ? കോടികള്‍ മുടക്കി സിനിമ എടുക്കുമ്പോള്‍ അതില്‍ ഒരു വിഹിതം പ്രൊമോഷനുവേണ്ടി ഇറക്കാത്തതിന് കുറ്റക്കാര്‍ പ്രേക്ഷകരാണോ ? ഇത് നിങ്ങളുടെ സിനിമയാണ്, കൃത്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്.

മുമ്പും പലരും പറഞ്ഞപോലെ സിനിമ 'ഇന്‍ഡസ്ട്രി ' ആയി മാറിക്കഴിഞ്ഞു. ആ വാക്കിലുണ്ട് എല്ലാം. നല്ല പ്രൊഡക്ട് ഉണ്ടാക്കി, അത് നന്നായി മാര്‍ക്കറ്റ് ചെയ്ത്,  ഉപഭോക്താക്കളില്‍ എത്തിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുക എന്നത് പ്രധാനമാണ്. അല്ലാതെ അതിനു ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതല്ല ശാശ്വത പരിഹാരം ! 

പ്രിയപ്പെട്ട സിനിമാക്കാരെ, നിങ്ങളോട് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ ആദ്യം നല്ല കണ്ടന്റുള്ള സിനിമകള്‍ നിര്‍മിക്കൂ, അത് നന്നായി പ്രൊമോട്ട് ചെയ്യൂ... കൂടുതല്‍ സിനിമാ പ്രേമികളിലേക്കും പ്രേക്ഷകരിലേക്കും അത് എത്തിക്കൂ, റിലീസ് ചെയ്യൂ, അത് കണ്ട് അഭിപ്രായം പറയുന്നവര്‍ പറയട്ടെ ! നിങ്ങള്‍ ആരെയാണ് ഭയക്കുന്നത് ? നിങ്ങളുടെ സിനിമ നല്ലതാണെങ്കില്‍, അത് വിജയിക്കുക തന്നെ ചെയ്യും. കാലം മാറിയിരിക്കുന്നു സുഹൃത്തേ. താരങ്ങളല്ല  താരം, കണ്ടന്റ് ആണ്.....! 

വിവാ ലെ സിനിമ  !


#outlook
Leave a comment