TMJ
searchnav-menu
post-thumbnail

TMJ Art

കാളി-ദാരിക പുരാവൃത്തത്തില്‍ അധിഷ്ഠിതമായ അനുഷ്ഠാനരൂപങ്ങള്‍

18 Aug 2023   |   17 min Read
രമേശന്‍ മുല്ലശ്ശേരി

കാളി-ദാരിക പുരാവൃത്തവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം വിവിധയിനം അനുഷ്ഠാനകലാരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സമൂഹത്തിലെ കീഴാള വിഭാഗക്കാര്‍ കാളീ പ്രീതിക്കായി നടത്തുന്ന 'പൂതക്കളി' യെന്ന പേരിലും തൃശൂര്‍ ജില്ലയിലെ കാട്ടകാമ്പാല്‍, പഴയന്നൂര്‍, ചേലക്കര എന്നിവിടങ്ങളില്‍ 'കാളിയും ദാരികനു'മെന്ന പേരിലും, പത്തനംതിട്ട ജില്ലയിലെ മണ്ണടിക്കാവില്‍ 
'മുടിപ്പേച്ച്' എന്ന പേരിലും മലബാറില്‍ 'ഉതിരക്കോല'മെന്ന പേരിലും തെക്കന്‍ തിരുവിതാംകൂറില്‍ പറണേറ്റ് എന്ന പേരിലും അറിയപ്പെടുന്ന കാളി-ദാരിക സംഘട്ടനത്തിന്റെ ഏറ്റവും ഉച്ചമായരൂപം നമുക്ക് ദര്‍ശിക്കാനാവുന്നത് കൊരട്ടി, മൂവാറ്റുപുഴ, പാഴൂര്‍, തിരുമറയൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രമാക്കി കാലാകാലങ്ങളായി ഭഗവതിക്കാവുകളില്‍ നടത്തിവരുന്ന മുടിയേറ്റിലാണ്.

ഭഗവതിക്കാവുകളിലെ അനുഷ്ഠാനരൂപങ്ങള്‍ പ്രധാനമായും പടയണി, കാളിയൂട്ട്, മുടിപ്പേച്ച് (തെക്കന്‍ കേരളം), തിറയാട്ടം (ഉത്തരകേരളം) മുടിയേറ്റ് (മധ്യകേരളം), തീയ്യാട്ട്, പൂതന്‍ തിറ എന്നിങ്ങനെ വിഭജിക്കാം. കണ്യാര്‍കളി, തിറ ചില തെയ്യങ്ങള്‍, കോലം തുള്ളല്‍ തുടങ്ങിയവയും കാളീ പുരാവൃത്തവുമായി ബന്ധപ്പെട്ടതാണ്.

അമ്മ ദൈവസങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ആചാരങ്ങള്‍ക്കനുസൃതമായ മുടിയേറ്റ്, പടയണി, തെയ്യം, കാളി-ദാരികന്‍, മുടിയെടുപ്പ്, തീയാട്ട്, കാളിയൂട്ട്, നിണബലി, മുടിപ്പേച്ച്, പതിനെട്ടാം ബലി തുടങ്ങിയവ കേരളീയമായ അഭിനയരീതി വികസിപ്പിച്ചെടുക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ അനുഷ്ഠാന കലകളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനമാണ് മുടിയേറ്റിനുള്ളത്. മുന്‍പറഞ്ഞ പല കലാരൂപങ്ങള്‍ക്കും മുടിയേറ്റുപോലെ കൃത്യമായ ചടങ്ങുകളോ, വ്യക്തമായ അനുഷ്ഠാന കര്‍മങ്ങളോ, അടിയുറച്ച പുരാവൃത്തഘടനയോ ഇല്ല.

അനുഷ്ഠാന കലകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ മനുഷ്യരാശിയുടെ വളര്‍ച്ചപോലെ ആദിമ മനുഷ്യന്റെ ഭയത്തില്‍ നിന്ന് തുടങ്ങിയ ദേവസങ്കല്‍പ്പം പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളായി കടന്ന് കൃത്യമായ പദ്ധതികളോടു കൂടിയ ഒരു ആചാരമായി രൂപപ്പെട്ടതെങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.

കാളി-ദാരിക പുരാവൃത്തത്തെ അധിഷ്ഠിതമായ അനുഷ്ഠാന നാടകങ്ങള്‍/ചടങ്ങുകള്‍ ചിലത് പരിചയപ്പെടാം. ഇവകൂടാതെ ശ്രദ്ധയില്‍ പെടാതെ പോയതോ, അന്യംനിന്നു പോയതോ ആയ കാളീ നാടകങ്ങള്‍ വേറെയും ഉണ്ടാകാം. 

പടയണി | PHOTO: WIKI COMMONS
1. ഉതിരക്കോലം

മധ്യമലബാര്‍ ഭാഗങ്ങളില്‍ തെയ്യംപാടി കുറുപ്പന്മാര്‍ നടത്തിവന്ന അനുഷ്ഠാന കലയായ രുധിരക്കോലത്തിലെ അഥവാ ഉതിരക്കോലത്തിലെ ഇതിവൃത്തം കാളിയുടെ ദാരികവധം തന്നെയാണ്. ഇപ്പോള്‍ ഈ കലാരൂപം കോഴിക്കോട്, വയനാട് ജില്ലകളില്‍ വളരെ കുറച്ചു കാവുകളില്‍ മാത്രമാണ് നടക്കുന്നത്. ഉതിരക്കോലത്തില്‍ വേഷംകെട്ടാനുള്ള അവകാശം പാരമ്പര്യമായി ബാലുശ്ശേരി കോട്ടയില്‍ കുറുപ്പന്മാര്‍ക്കും നടുവണ്ണൂര്‍ കോട്ടയില്‍ കുറുപ്പന്മാര്‍ക്കുമാണ്. ഉതിരക്കോലത്തിന് കോലംവെട്ട്, കോലം കൊറ എന്ന പേരുകള്‍ കൂടിയുണ്ട്.

ഭദ്രകാളിയുടെയും ദാരികന്റെയും വേഷങ്ങള്‍ മാത്രമാണ് ഉതിരക്കോലത്തിലുള്ളത്. ഉതിരക്കോലം അവതരിപ്പിക്കുന്നതിന്റെ തലേദിവസം കളമെഴുത്തുപാട്ട് നടത്തും. ഇതേ പന്തലിലാണ് പിറ്റേദിവസം ഉതിരക്കോലം അവതരിപ്പിക്കുന്നത്. വേഷം കെട്ടുന്നതിന് മുമ്പ് രുധിരക്കോലപ്പാട്ട് എന്ന ചടങ്ങുണ്ട്. കാളിയുടെ വേഷത്തിനുള്ള വസ്ത്രങ്ങള്‍ക്കു മുകളില്‍ ദേവിയുടെ ആയുധങ്ങള്‍ വച്ച് പൂജ നടത്തുമ്പോള്‍ കുറുപ്പന്മാര്‍ താളംകൊട്ടി പാട്ടുപാടുന്ന ചടങ്ങാണിത്. തുടര്‍ന്ന് കുറുപ്പന്മാര്‍ ക്ഷേത്രത്തില്‍ വന്ന് പ്രസാദം കൈപ്പറ്റി മാല തലയില്‍ കെട്ടുന്നതോടെ വേഷംകെട്ടല്‍ തുടങ്ങുകയായി. കളമെഴുത്തു പാട്ട് നടത്തിയ പന്തലില്‍വച്ച് കാളിയും ദാരികനും വേഷംകെട്ടുന്നു. ദാരികന്‍ മഞ്ഞള്‍പ്പൊടിയും അരിപ്പൊടിയും ചേര്‍ത്ത് മുഖത്തുതേച്ച് മഷികൊണ്ട് കണ്ണെഴുതി കിരീടവും മീശയും താടിയും വയ്ക്കുന്നു. ഉടുത്തുകെട്ടിന് വെള്ള വസ്ത്രമാണ് ഉപയോഗിക്കുന്നത്. കിരീടത്തിന് വീതി കുറവും നീളം കൂടുതലുമാണ്. കഴുത്തിന് താഴേക്ക് മഞ്ഞപ്പൊടിയും അരിപ്പൊടിയും ചേര്‍ത്ത് തേച്ച് വേഷം പൂര്‍ത്തിയാക്കുന്നു.

കാളി വേഷത്തിന് മുഖം മുഴുവന്‍ മഷി തേച്ച് തലയില്‍ വെള്ള കെട്ടും. സ്ത്രീകളെപ്പോലെ മുടി പിന്നി മുന്നിലേക്ക് കെട്ടിയിട്ട് വകഞ്ഞു മാറ്റി മഷികൊണ്ട് വരയ്ക്കും. കറുത്ത കുപ്പായം, മാല, മുലച്ചട്ട, വേതാളത്തിന്റെ മുഖമുള്ള കച്ച, മുഖത്ത് വസൂരി കലകള്‍, ദംഷ്ട്രകള്‍ എന്നിവ അണിയുന്നു. കാളിക്ക് ചെറിയ കിരീടമാണ്. 

രണ്ട് ഇരുമ്പ് ദണ്ഡുകളുമായി രംഗത്തെത്തുന്ന ദാരികനും കാളിയുമായി യുദ്ധം നടക്കുന്നു. കാളിയുടെ വെട്ട് ഇരുമ്പു ദണ്ഡുകള്‍കൊണ്ട് ദാരികന്‍ തടുക്കുന്നു. യുദ്ധാവസാനം ദാരികന്‍ ഓടി ഒളിക്കുമ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ വിശ്രമിക്കുന്ന കാളി പിന്നീട് രൗദ്ര രൂപിണിയായി വീണ്ടും യുദ്ധത്തിന് പുറപ്പെടുന്നു. ഈ സമയത്തുള്ള ഭാവങ്ങളെ 'ഗണപതിയാട്ടം' എന്നു പറയും.

പിന്നീടുള്ള രംഗം അവതരിപ്പിക്കുന്നത് ക്ഷേത്രത്തിന് പുറത്താണ്. രണ്ടുപേര്‍ക്കും വാഴപ്പോളകൊണ്ടുള്ള മാടങ്ങള്‍ ഉണ്ടാക്കും. ഇവിടെയിരുന്നാണ് കാളിയും ദാരികനും തര്‍പ്പണം എന്ന ചടങ്ങ് നടത്തുന്നത്. അതിനുശേഷം ക്ഷേത്രനടയ്ക്ക് മുന്നില്‍വച്ച് കാളി ദാരികനെ വെട്ടുകയും മൂന്നാമത്തെ വെട്ടില്‍ ദാരികന്റെ ശിരസ്സറുത്ത് മുടി എടുക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുകയും ചെയ്യും.

മുടിയേറ്റ് | PHOTO: FACEBOOK
2. കാളിയും ദാരികനും

തൃശ്ശൂര്‍ കാട്ടകാമ്പാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കാളിയും ദാരികനും ഡോ: സി.ആര്‍. രാജഗോപാലനെപ്പോലെയുള്ളവര്‍ മുടിയേറ്റ് എന്ന ഗണത്തില്‍പ്പെടുത്തിക്കാണുന്ന ചടങ്ങാണ്.

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത കാട്ടകാമ്പാലില്‍ രണ്ടു ദിവസമായി നടക്കുന്ന ചടങ്ങ് നടത്തുന്നത് കല്ലാട്ടു കുറുപ്പന്മാരാണ്. ഇവിടെ മധ്യകേരളത്തില്‍ നിന്നുള്ള മുടിയേറ്റില്‍ നിന്ന് വ്യത്യസ്തമായി കാളിയും ദാരികനുമായി രണ്ട് വേഷങ്ങള്‍ മാത്രമേയുള്ളു. ദാരികന് കത്തി വേഷമാണ്. കാളിക്ക് മുഖത്ത് വസൂരിക്കലകള്‍ വരച്ചുചേര്‍ക്കുന്നു. ഉടുത്തുകെട്ടുകള്‍ ഏതാണ്ട് കഥകളിക്ക് സമാനമാണ്. വഴിപാടായി ചെറിയ ദാരികന്‍മാര്‍ ഉണ്ടാവുമെന്നുമാത്രം. രക്താബീജാസുരന്‍മാര്‍ എന്ന സങ്കല്‍പ്പത്തിലാവാം ചെറിയ ദാരികന്‍മാര്‍ എന്ന് കരുതാവുന്നതാണ്. താഴെ വീഴുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും വീണ്ടും അസുരന്മാര്‍ ജനിക്കുമെന്നുള്ള വരം ദാരികന് ലഭിച്ചിട്ടുള്ളതാണ്. 

മേടമാസത്തിലെ പൂരത്തിനാണ് കാട്ടകാമ്പാലില്‍ ഈ ചടങ്ങ് നടത്തുന്നത്. മുടിയേറ്റില്‍ നിന്ന് വ്യത്യസ്തമായി രണ്ടു തട്ടുകളിലായി തേരില്‍ കയറി നിന്നാണ് കാളി ദാരികന്‍മാര്‍ തമ്മില്‍ യുദ്ധം ചെയ്യുന്നത്. രണ്ടു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങില്‍ കാളിയും ദാരികന്‍മാരും തമ്മില്‍ വായ്‌പ്പോര് നടത്തുകയും മുളവാരി കൊണ്ടുണ്ടാക്കിയ തട്ടിന്റെ അലകുകള്‍ വലിച്ചെടുത്ത് പരസ്പരം എറിയുകയും ചെയ്യും. ഇതിന് പെശക്കം എന്നാണ് പറയുക. ഒടുക്കം ദാരികന്‍ പരാജിതനായി യുദ്ധക്കളത്തില്‍ നിന്നും ഓടിപ്പോകുന്നു. 

പിറ്റേന്നാണ് ബാക്കിഭാഗം അവതരിപ്പിക്കുന്നത്. യുദ്ധത്തിനിടയില്‍ അമ്പലത്തിന്റെ കിഴക്കു തെക്കുദിക്കില്‍ ഒളിക്കുന്ന ദാരികന്‍ കാളിയുടെ കാലുപിടിച്ച് ജീവനുവേണ്ടി നിലവിളിക്കുന്നു. 'പന്ത്രണ്ടാദിത്യനാണെ കൊല്ലരുതേ തമ്പുരാട്ടി' എന്നു തുടങ്ങി 'അടകിഴില്‍ പൊടിയായി കിടപ്പോം വിട്ടുകള തമ്പുരാട്ടി 'എന്ന് ജീവനു വേണ്ടി യാചിക്കുന്നു. ദാരികന്റെ തലയറുക്കുന്നതിന്റെ പ്രതീകമായി കിരീടമെടുത്ത് തിരികെ പോകുന്ന കാളി ചോര കുടിച്ചു മതിയാകാതെ വന്നതിന്റെ പ്രതീകാത്മകമായി അമ്പലത്തില്‍ എഴുന്നെള്ളിച്ചു നില്‍ക്കുന്ന ആനയുടെ മസ്തകത്തില്‍ വാളിന്റെ പുറംഭാഗംകൊണ്ട് ഒരു വര വരയ്ക്കുന്നു. ഇത് നടക്കുന്നത് ഉത്രം നാളിലാണ്.

3. കാളിയും ദാരികനും പഴയന്നൂര്‍ 

പഴയന്നൂരില്‍ കാളീപൂജയുമായി ബന്ധപ്പെട്ട് നടന്നിരുന്ന ചടങ്ങുകള്‍ കാട്ടകാമ്പാലിലെപ്പോലെ വിപുലമായ തോതിലല്ല. മീന മാസത്തില്‍ പൂരം കൊടികയറി എട്ടുദിവസം കളമെഴുത്തും പാട്ടും നടത്തും. പൂരത്തിന്റെ തലേദിവസം ദാരികന്റെയും ദാനവേന്ദ്രന്റെയും പുറപ്പാടുണ്ട്. പൂരത്തിന്റെ അന്ന് കാളിയും ദാരികനും തമ്മില്‍ കാണുന്നു. ഇവിടെയും കല്ലാറ്റ് കുറുപ്പന്മാരാണ് അവകാശികള്‍.

4. ചേലക്കര അന്തിമഹാകാളന്‍ കാവ്

ചേലക്കര അന്തിമഹാകാളന്‍ കാവില്‍ക്കാരുടെ കൂട്ടായ്മയായി നടക്കുന്നതാണ് ഈ ചടങ്ങ്. പങ്ങാരപ്പിള്ളി, കുറുമല, തോനൂര്‍ക്കര എന്നീ ദേശക്കാര്‍ തെക്കുനമ്പിടിയും ചേലക്കര വെള്ളാങ്ങല്ലൂര്‍ ദേശക്കാര്‍ ചേര്‍ന്ന് വടക്കുനമ്പിടിയുമായി തെക്കുംകൂര്‍വേലയെന്നും വടക്കുംകൂര്‍വേലയെന്നും ഉള്ള പേരില്‍ ഓരോ വര്‍ഷവും മാറിമാറി വേല നടത്തുന്നു. ഇവിടെയും കാളി-ദാരിക വേഷംകെട്ടുന്നത് കല്ലാറ്റ് കുറുപ്പന്മാരാണ്. കുന്നംപള്ളി തെക്കേ കല്ലാറ്റ് കുറുപ്പന്മാര്‍ക്ക് വേല അവകാശമുണ്ട്.

കുംഭമാസത്തില്‍ വേല മഹോത്സവത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. തെക്കുംകൂര്‍ വേലയ്ക്ക് മല്ലിശ്ശേരിക്കാവിലും വടക്കുംകൂര്‍ വേലയ്ക്ക് കടുകാശ്ശേരി ക്ഷേത്രത്തിലുമാണ് പന്തലിടുന്നത്. മീനമാസത്തിലെ ആദ്യ ശനിയാഴ്ച കൂറയിടല്‍ എന്ന ചടങ്ങ് നടക്കുന്നു, തുടര്‍ന്ന് ഏഴ് ദിവസം കളമെഴുത്തും പാട്ടും ഉണ്ട്. ഏഴാം ദിവസം ദാരികനെ വധിക്കുന്നതിന് കാളിയുടെ മടിയില്‍ കിടത്തിയ രൂപത്തില്‍ പതിനാറ് കൈകളോടുകൂടിയ വലിയ കളം വരയ്ക്കുന്നു. ഈ കളത്തില്‍ അന്തിമഹാകാളനെയും വരയ്ക്കും.

കുരുത്തോലകൊണ്ട് ഭദ്രകാളി വേഷം കെട്ടിയ ആള്‍ ഏഴാംദിവസം രാത്രി 'നാല്‍പ്പത്തൊന്നുതല ദാരികന്‍' എന്ന ചടങ്ങു നടത്തുന്നു. തലക്കെട്ട് 41 പ്രാവശ്യം അഴിക്കുകയും കെട്ടുകയും ചെയ്യും.
കൂറയിട്ട് എട്ടാം ദിവസമാണ് വേല എന്ന ചടങ്ങ്. കാളി, ദാരികന്‍, കോയ്മ എന്നീ വേഷങ്ങള്‍ പോര്‍വിളിക്കുശേഷം ക്ഷേത്രത്തിന്റെ അടുത്തുള്ള കാളി കണ്ടത്തില്‍ എത്തും. ഒമ്പതാം ദിവസമാണ് കാളിയും ദാരികനും തമ്മിലുള്ള പെശക്കം നടക്കുന്നത്.

പെശക്കം കഴിഞ്ഞ് രണ്ടുപേരുംകൂടി ഊട്ടുകുളങ്ങരയ്ക്ക് നടക്കുന്നു. അവിടെവച്ച് പെശക്കം വീണ്ടും ആവര്‍ത്തിക്കുന്നു. യുദ്ധത്തില്‍ രണ്ടുപേരും പരസ്പരം തേരുകള്‍ നശിപ്പിക്കുന്നു. ഒടുവില്‍ കാളിയുടെ കാലുപിടിച്ച് ജീവനുവേണ്ടി അപേക്ഷിക്കുന്ന ദാരികന്റെ കരച്ചില്‍ കേട്ട് മനസ്സലിയുന്നുണ്ടെങ്കിലും ഒടുവില്‍ കാളി ദാരികനെ പിന്തുടര്‍ന്ന് മുടി എടുക്കുന്നതോടുകൂടി ചടങ്ങുകള്‍ അവസാനിക്കുന്നു.

ചേലക്കര അന്തിമഹാകാളന്‍ കാവ് | PHOTO: FACEBOOK
5. മുടിപ്പേച്ച്

മണ്ണടി ക്ഷേത്രത്തിലെ പരമ്പരാഗത ചടങ്ങാണ് മുടിപ്പേച്ച്. കുംഭമാസത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് മണ്ണടിയില്‍ മുടിപ്പേച്ച് നടത്തുന്നത്. ഏഴു ദിവസത്തെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളില്‍ കാളിയും ദാരികനും തന്നെയാണ് മുഖ്യകഥാപാത്രങ്ങള്‍. പാട്ട്, മുടിപ്പൂജ, വഴിയൂട്ട്, ചൂട്ടുതാളം, ഭൈരവന്റെ കൂടിയാട്ടം, വലിയ കൂടിയാട്ടം എന്നിങ്ങനെ വിപുലമായ ചടങ്ങുകളുണ്ട്. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ഈ ചടങ്ങില്‍ പ്രധാനമായും പേശല്‍ അല്ലെങ്കില്‍ പേച്ച് ആണ് നടക്കുന്നത്. ആദ്യദിവസം മുതല്‍ തുടങ്ങുന്ന പാട്ടും മുടിപൂജയും, വഴിയൂട്ടും, ചൂട്ട് താളവുമെല്ലാം തുടര്‍ച്ചയായി ആറുദിവസം നടക്കുന്നു.

ചൂട്ടുതാളം എന്നു പറയുന്നത് ഉണങ്ങിയ തെങ്ങോലകൊണ്ട് കെട്ടിയുണ്ടാക്കുന്ന ചൂട്ട് കത്തിച്ച് അതിനു മുകളിലൂടെ ദാരിക വേഷംകെട്ടുന്ന ആള്‍ വേഷമില്ലാതെ നടക്കുന്ന ക്രിയയാണ്. ഭൈരവന്‍ വേഷം മുടിവച്ച് അഞ്ചാംദിവസം ദാരികനെ തിരക്കി ഇറങ്ങുന്നു. ആറാം ദിവസത്തെ വലിയ കൂടിയാട്ടത്തിനുശേഷം ഏഴാം ദിവസം മുടിപ്പേച്ച് നടക്കുന്നു. ക്ഷേത്രമുറ്റത്തുള്ള വേതാളക്കല്ലില്‍ നൂറ്റിഒന്നു തവണ താളം ചവിട്ടിയാണ് മുടിപ്പേച്ച് നടത്തുന്നത്. മണ്ണടിയിലെപോലെ തന്നെ പട്ടാഴി ക്ഷേത്രത്തിലും മുടിപ്പേച്ച് പതിവുണ്ട്. രണ്ട് ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

6. പറണേറ്റ്

പറണേറ്റ് അഥവാ കാളിയൂട്ട് എന്ന ചടങ്ങ് പ്രധാനമായും തെക്കന്‍ തിരുവിതാംകൂറില്‍ നടത്തിവന്നിരുന്ന ചടങ്ങാണ്. ദാരികവധം തന്നെയാണ് മുഖ്യവിഷയം. വലിയ പണച്ചിലവുള്ള വഴിപാടായതിനാല്‍ അപൂര്‍വമായേ നടത്താറുള്ളു. പ്രധാനമായും ഈ വഴിപാട് നടന്നുവന്നിരുന്നത് ശാര്‍ക്കര ദേവീക്ഷേത്രം, വെള്ളായണി ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ്. വെള്ളായണിയിലെ കാളിയൂട്ട് മാര്‍ത്താണ്ഡവര്‍മ്മ രാജാവ് തുടങ്ങിവച്ചതാണെന്ന് കരുതുന്നു (*പത്മകുമാര്‍ 6.) ഇവിടുത്തെ കാളീവേഷം കെട്ടാനുള്ള അവകാശം ആറ്റിങ്ങല്‍ പൊന്നറ കുടുംബക്കാര്‍ക്കാണ്. ഇരുപത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് കാളീവേഷം കെട്ടുന്നത്.

കുറികുറിപ്പ്, വെള്ളാട്ടംകളി, കുരുത്തോലച്ചാട്ടം, നാരദന്‍പുറപ്പാട്, കാവലുടനായര്‍ പുറപ്പാട്, ഐരാണി പുറപ്പാട്, കണിയാര്‍ കുറുപ്പ്, പുലയര്‍പുറപ്പാട്, സുബ്രഹ്‌മണ്യ വള്ളി പരിണയം, മുടിയുഴിച്ചില്‍, നിരത്തില്‍ പോര് എന്നിങ്ങനെ ഒമ്പതുദിവസത്തെ ആചാരങ്ങളാണ് ശാര്‍ക്കര കാളിയൂട്ടിലുള്ളത്.

കാളിയൂട്ട് | PHOTO: FACEBOOK
ആറ്റിങ്ങല്‍ പൊന്നറ കുടുംബത്തിന് ക്ഷേത്രപൂജാരി നടത്താന്‍ സമ്മതം നല്‍കുന്ന ചടങ്ങാണ് കുറികുറിപ്പ്. അന്ന് രാത്രിയില്‍ രണ്ടുപേര്‍ ചേര്‍ന്ന് ദേവിയുടെ കഥ വിസ്തരിച്ചു പറയുന്ന ചടങ്ങാണ് വെള്ളാട്ടം. തുടര്‍ന്ന് കരടികയും ചേങ്ങിലയും ഉപയോഗിച്ച് താളംകൊട്ടി വെള്ള വസ്ത്രം അണിഞ്ഞ എട്ടുപേര്‍ ചേര്‍ന്ന് ദേവി സ്തുതികള്‍ ആലപിച്ച് ചുവടുകള്‍വയ്ക്കുന്നു. വെള്ളാട്ടം നടത്തിയവര്‍ കുരുത്തോലയാഭരണങ്ങള്‍ അണിഞ്ഞ് പഴങ്കഥകള്‍ പറയുന്ന ചടങ്ങാണ് കുരുത്തോലച്ചാട്ടം. മൂന്നാംദിനം ഒരാള്‍ നാരദവേഷം കെട്ടി മറ്റേയാള്‍ ചോദിക്കുന്നതിന് മറുപടി പറയുന്ന ചടങ്ങാണ് നാരദന്‍ പുറപ്പാട്. കാളിയൂട്ട് പുരയില്‍ കാവ് നില്‍ക്കുന്ന ആളിന്റെ പുറപ്പാടിനെ കാവല്‍ നായര്‍ പുറപ്പാട് എന്ന് പറയുന്നു. ഈ ചടങ്ങ് നടക്കുന്നത് നാലാംദിവസമാണ്.

ഐരാണി പുറപ്പാട് നടക്കുന്നത് അഞ്ചാംദിവസമാണ്. ഓലമ്പള്ളി, ഉഗ്രം പള്ളി എന്നീ കഥാപാത്രങ്ങളായി വന്നു വഴിപാട് പണം എണ്ണിത്തിട്ടപ്പെടുത്തി ഏല്‍പ്പിക്കുന്ന ചടങ്ങ് നടത്തുന്നത് ഐരാണിപ്പറ മൂത്തതും ഇളയതും കൂടിയാണ്. അഞ്ചാംദിനം ക്ഷേത്രത്തിന്റെ അശുദ്ധി പരിഹരിക്കുന്നതിനുവേണ്ടി കുറുപ്പ് കണിയാരെ വിളിച്ച് പ്രശ്‌നം വെക്കുകയും പരിഹാരാര്‍ത്ഥം മല വേലന്മാര്‍ എത്തി ശുചീകരണക്രിയ നടത്തുകയും ചെയ്യുന്നു. ഈ ചടങ്ങാണ് കണിയാര് കുറുപ്പ്. കണിയാന്റെയും കുറുപ്പിന്റെയും പേരുകള്‍ ഈ ചടങ്ങില്‍ 'നനയരും കാന്തരും' എന്നാണ് ഉപയോഗിക്കുന്നത്. 

അടുത്തത് പുലയര്‍ പുറപ്പാട് എന്ന ചടങ്ങാണ്. വില്വമംഗലം സ്വാമിയാര്‍ വരുന്നത് കണ്ടപ്പോള്‍ പുലയരുടെ കൂടെ കളിച്ചുകൊണ്ടിരുന്ന ഇശങ്കോ എന്ന ദേവിയെ കാണാതായി. ഒപ്പമുണ്ടായിരുന്നവര്‍ കൂട്ടം ചേര്‍ന്ന് ഇശങ്കോ ഇങ്ങ് വായോ എന്ന് വിളിച്ചുവെന്നാണ് ഐതിഹ്യം. പുലയ സമുദായത്തില്‍പെട്ടവര്‍ കൂട്ടമായി വന്ന് ഇങ്ങു വായോ എന്ന് വിളിച്ച് തുള്ളല്‍ പുരയില്‍ കടക്കുന്നു. പുലയരുടെ തുള്ളല്‍ കഴിഞ്ഞ് മുകുന്ദന്‍ എന്നൊരു വേഷമുണ്ട്. അതിനുശേഷമാണ് പാട്ടും കളിയുമായി ഹാസ്യരസപ്രധാനമായ വേഷവുമായി കള്ളുകുടിയന്‍ വരുന്നത്. പിന്നീട് പാണ്ഡ്യബ്രാഹ്‌മണന്റെ വേഷത്തില്‍ ഒരാള്‍ വരുന്നു. വേദശാസ്ത്രങ്ങളും മരുന്നു കച്ചവടവും പറഞ്ഞു അയാള്‍ പോയശേഷം സുബ്രഹ്‌മണ്യന്റെയും വള്ളിയുടെയും പരിണയം അവതരിപ്പിക്കുന്നതിനുവേണ്ടി കുറവനും കുറത്തിയും കൂടി മാല നിര്‍മിക്കുന്നു. ഈ ചടങ്ങളെല്ലാം രാത്രിയാണ് നടക്കുന്നത്.

എട്ടാംദിവസം മുടി ഉഴിച്ചില്‍ ആണ്. രണ്ടുപേര്‍ ഭദ്രകാളിയുടെ വേഷംകെട്ടി എല്ലാ വീടുകളിലും പോയി ഭക്തരെ അനുഗ്രഹിച്ച് തിരിച്ചെത്തുന്നു. വീട്ടുകാര്‍ കാളി വേഷങ്ങളെ ഭക്തിയോടെ സ്വീകരിക്കും. ഈ ചടങ്ങുകള്‍ക്കുശേഷം ദാരികന്‍ പീഠത്തില്‍ ഇരുന്ന് ശിവനെ വെന്നിപ്പറയടിച്ച് വിജയം അറിയിക്കുന്നു.

ഒമ്പതാംദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ പൊങ്കാല അര്‍പ്പിച്ചതിനുശേഷം വൈകുന്നേരം ആണ് കാളിയൂട്ടു തുടങ്ങുന്നത്. മുടിയേറ്റ്, പറണേറ്റ്, നിലത്തില്‍ പോര്, ദാരികവധം, മുടിത്താളം എന്നീ ക്രമത്തില്‍ ചടങ്ങുകള്‍ നടത്തുന്നു.

അവകാശികളായ പൊന്നറ കുടുംബാംഗങ്ങള്‍ ആയ രണ്ടുപേര്‍ കാളി-ദാരിക വേഷങ്ങള്‍കെട്ടി രംഗത്തുവരുന്നു. ആദ്യം ദാരികവേഷധാരിയാണ് ക്ഷേത്രത്തിനകത്തേക്ക് വരുന്നത്. പിന്നാലെ വരുന്ന കാളിയെ ആളുകള്‍ ഭക്ത്യാദരപൂര്‍വം സ്വീകരിക്കുന്നു. തുടര്‍ന്ന് ദേവി തിരുമുടി തലയിലേറ്റുന്നു. അതിനുശേഷം നിലത്തില്‍ പോര് നടക്കുന്ന സ്ഥലത്തേക്ക് എത്തുന്ന കാളി പോര്‍ക്കളത്തില്‍ വലംവച്ച് ദാരികനുമായി യുദ്ധം ചെയ്യുന്നു. ദാരികന്‍ ഭയന്ന് ഓടിപ്പോകുമ്പോള്‍ ചെറിയ മുടി ശിരസ്സില്‍ അണിയുന്ന ദേവി പറണേറ്റില്‍ ഇരിക്കുന്നു. പോര്‍ നിലത്തിന്റെ വടക്കുഭാഗത്ത് ഭദ്രകാളിക്കായി നാല്‍പത്തിരണ്ടുകോല്‍ ഉയരത്തിലും, തെക്കുഭാഗത്ത് അവിടെ നിന്നും അമ്പത്തിരണ്ട് കോല്‍ മാറി ദാരികനു വേണ്ടി ഇരുപത്തി ഏഴ് കോല്‍ ഉയരത്തിലും കവുങ്ങ്‌കൊണ്ട് ഉണ്ടാക്കുന്ന പീഠമാണ് പറണ്. ദാരികന്‍ എതിര്‍വശത്തുള്ള ചെറിയ പറണേറ്റില്‍ ഇരിക്കും. തമ്മിലുള്ള വാക്ക് പോരിന് പറണി തോറ്റം പറയുന്നു.

പിന്നീടാണ് നിലത്തുപോര്. കോപം ബാധിച്ച കാളി കുലവാഴ വെട്ടി കുരുതി നടത്തും. പ്രതീകാത്മകമായ ആവിഷ്‌കാരമാണിത്. ദാരികന്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ കാളി തുള്ളല്‍ പുരയിലെത്തി ആനന്ദത്തോടെ മുടിത്താളം തുള്ളുന്നതോടെ കാളിയൂട്ട് അവസാനിക്കുന്നു. വെള്ളാട്ട്, കുരുത്തോലച്ചാട്ടം എന്നീ ചടങ്ങുകള്‍ എല്ലാ ദിവസവുമുണ്ട്.

ഉച്ചബലി | PHOTO: FACEBOOK
7. പറണേറ് അഥവാ കാളിയൂട്ട്

വെള്ളായണി ദേവീക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാളിയൂട്ടിന് പറണേറ് എന്നു പറയുന്നു. ഇവിടെ നട തുറക്കുന്നത് ഉച്ചയ്ക്ക് 12 മണിക്കാണ്. മധുപൂജ പ്രധാനമായ ഈ ക്ഷേത്രത്തില്‍ മഞ്ഞളും വറപൊടിയും ചേര്‍ത്ത മിശ്രിതമാണ് വഴിപാട് പ്രസാദം. ഇവിടെ കാളിയൂട്ടിന് ഉച്ചബലി, ദിക്കുബലി, കളംകാവല്‍, പറണേറ്, പോരിനുവിളി, നിലത്തില്‍ പോര് എന്നീ ചടങ്ങുകള്‍ ഉണ്ട്. കളം കാവലിനുശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന സമയത്ത് മുത്തവാത്തി ശൂലവും ഇളയവാത്തി തിരുമുടിയുമായി എഴുന്നള്ളുന്നു. കായലില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ദേവീചൈതന്യം ആവാഹിച്ചെടുത്തു എന്ന് കരുതുന്ന കേളന്‍ കുലശേഖരവാത്തിയുടെ പിന്‍മുറക്കാരാണ്, മൂത്തവാത്തിയും ഇളയവാത്തിയും. പിന്നീട് ഉച്ചബലി, ദിക്കുബലി, നിറപറ എന്നീ പൂജകള്‍ നടത്തുന്നു. അതിനുശേഷം ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം ദിക്കുബലിക്കുശേഷം കളങ്കാവല്‍ നടത്തുന്നു. കളങ്കാവലിനെ തുടര്‍ന്നാണ് നിറപറപൂജ. അതിനുശേഷം നടക്കുന്ന കച്ചേരിനട എഴുന്നള്ളിപ്പ് വിശേഷമാണ്.

തുടര്‍ന്ന് പറണേറ്, പോരിനുവിളി, ഏഴ് പോരുകളടങ്ങിയ നിലത്തില്‍ പോര് എന്നിവയുണ്ടാവും. ആറാമത്തെ പോരു കഴിഞ്ഞ് മനോദരിയുടെ മന്ത്രം കൈക്കലാക്കിയ ദേവി ഏഴാമത്തെ ദിനം ചുവന്ന വേഷങ്ങള്‍ അണിഞ്ഞ് ദാരികാ നിഗ്രഹത്തിനൊരുങ്ങുന്നു. പത്താമുദയ ദിവസം ഉച്ചയ്ക്ക് ദാരികനെ നിഗ്രഹിക്കുന്നതായി സങ്കല്‍പ്പിച്ച് ദാരികന്റെ കിരീടം വാളില്‍ കോര്‍ത്തെടുത്ത മൂന്നു മുളങ്കൂമ്പുകളില്‍ സ്ഥാപിക്കുന്നു. പിന്നീട് ഗുരുതര്‍പ്പണമാണ്. അതിനുശേഷം ആറാട്ടുകടവില്‍ എഴുന്നള്ളി നൂറ്റിയൊന്ന് കലം വെള്ളംകൊണ്ട് സ്‌നാനം ചെയ്യുന്നു. തിരിച്ചെത്തുന്ന തിരുമുടി തിരിച്ചെഴുന്നള്ളിക്കുന്നു.

8. കാളകളി 

ദാരികവധത്തിന്റെ ഇതിവൃത്തവുമായി ബന്ധപ്പെട്ട് പുലയ-പറയ സമുദായത്തില്‍പ്പെട്ടവര്‍ നടത്തുന്ന ചടങ്ങാണിത്. തൃശൂര്‍ ജില്ലയിലെ പൊഞ്ഞനം ക്ഷേത്രത്തിലാണ് ഇത് നടക്കാറ്.


കാളകളി | PHOTO: FACEBOOK
9. പടയണി

മദ്ധ്യതിരുവിതാംകൂറില്‍ പ്രത്യേകിച്ച് പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നടക്കുന്നതും കാളി-ദാരിക യുദ്ധം പ്രമേയമായി വരുന്നതുമായ അനുഷ്ഠാനകലയാണ് പടേണി എന്ന പടയണി. പ്രധാന കളരികള്‍ എഴുമറ്റൂര്‍, ഓതറ, കടമ്മനിട്ട, കദളിമംഗലം, കോട്ടാങ്ങല്‍, പോര്‍ട്ടൂകാവ്, പുല്ലാട്, കുന്നന്താനം, കല്ലുപ്പാറ എന്നിവയാണ്. കടമ്മനിട്ട പടയണി ഏറെ പ്രശസ്തവുമാണ്. ദാരികാനിഗ്രഹം കഴിഞ്ഞ് കൈലാസത്തിലേക്ക് പുറപ്പെട്ട കാളിയെ ശാന്തയാക്കാന്‍ വിവിധ വേഷങ്ങള്‍ കെട്ടിയാടിയതിന്റെ ഓര്‍മയ്ക്കായി പാളക്കോലങ്ങള്‍ കെട്ടിയാടുന്നു. താളമായി തപ്പ് ഉപയോഗിക്കുന്നു. ചൂട്ടുകറ്റകളുടെ സാന്നിധ്യത്തിലുള്ള പടയണി ചൂട്ടുപടയണി എന്നും പറയാറുണ്ട്. യക്ഷിക്കോലം, പക്ഷിക്കോലം, മറുതക്കോലം, കാലന്‍കോലം എന്നിവയുണ്ടെങ്കിലും ഏറ്റവും വലുത് നൂറ്റിയൊന്ന് പാളകള്‍ കൊണ്ടുണ്ടാക്കിയ ഭൈരവിക്കോലമാണ്. ധനുമാസം അഞ്ചിന് തെള്ളിയൂര്‍ക്കാവില്‍ തുടങ്ങുന്ന പടയണി മേടം 24ന് കുന്നന്താനം മഠത്തില്‍കാവില്‍ പടയണിയോടുകൂടി സമാപിക്കുന്നു.

ദാരികാനുഗ്രഹം കഴിഞ്ഞ് ശിവസന്നിധിയിലേക്ക് പോകുമ്പോള്‍ മുടിയേറ്റ് തീരുന്നു. ശേഷമുള്ള ഭാഗങ്ങള്‍ അവതരിപ്പിക്കുന്ന അനുഷ്ഠാനകലാരൂപമാണ് പടയണി. കാളിയുടെ കോപം ശമിപ്പിക്കാന്‍ ശിവന്റെ നിര്‍ദേശപ്രകാരം പിശാച്, യക്ഷി, പക്ഷി, നാടന്‍, മറുത എന്നീ പഞ്ചകോലങ്ങള്‍ കെട്ടിയാടുന്നു. എന്നിട്ടും കോപം മടങ്ങാതെ വന്നപ്പോള്‍ സുബ്രഹ്‌മണ്യന്‍ കാളിയുടെ രൂപം പച്ചപ്പാളയില്‍ എഴുതി തുള്ളി വരുന്നതുകണ്ട് കാളി ശാന്തയായി. ഈ കോലത്തെ ഭൈരവിക്കോലം എന്ന് പറയുന്നു.

ആദ്യ ചടങ്ങ് കൊടിമരം നാട്ടലാണ് പതിനെട്ട് ദിവസങ്ങളിലായാണ് ചടങ്ങ് ആദ്യദിവസം ചൂട്ട്‌വയ്ക്കുന്നു. രാത്രി പച്ചത്തപ്പില്‍ മേളം കൊട്ടുമ്പോള്‍ ശ്രീകോവിലില്‍ നിന്ന് ചൂട്ടു കത്തിച്ച് പുറത്തുകൊണ്ടുവരും. മാടമ്പി വിളക്ക് കത്തിച്ചുവച്ച് മേളം അവസാനിപ്പിക്കുന്നു. ശേഷം നാല് നടയിലും പച്ചത്തപ്പു മേളമുണ്ട്. രണ്ടാം ദിവസം പച്ചത്തപ്പും കൈപ്പത്തിയും ചേര്‍ന്നുള്ള മേളമാണ്. മറ്റു ചടങ്ങുകള്‍ ആദ്യ ദിവസത്തെ പോലെ തന്നെയാണ്. മൂന്നാം ദിവസമാണ് പിശാചും മറുതയും ഗണപതിയാടുന്ന ചടങ്ങ്. മേളക്കാര്‍ വട്ടത്തിലിരുന്ന് തപ്പ് ചൂടാക്കി മാറിമാറി കൊട്ടി ഒടുക്കം ചെമ്പട കൊട്ടി പിരിയുന്നു. നാലാം ദിവസമാണ് പഞ്ചകോലങ്ങള്‍ കെട്ടിയാടുന്നത്. അഞ്ചാംദിവസം വലിയ പടയണിയാണ്. കുതിര, ഭൈരവി, യക്ഷി, കാലന്‍, കരിമറുത, കാലമാടന്‍, കാലയക്ഷി, ഗന്ധര്‍വന്‍ എന്നിവയാണ് അന്ന് ആടുന്നത്. ആളുകള്‍ പുലയരുടെ വേഷംകെട്ടി പുലവൃത്തമാടുന്നത് അന്നാണ്. രാത്രി ഒരു മണിയോടുകൂടിയാണ് ഭൈരവിക്കോലമാടുന്നത്. ഒപ്പംതന്നെ വഴിപാട് കോലങ്ങളുണ്ട്. ആറാംദിവസം ഇടപടേനിയാണ്. ഏഴാം ദിവസമാണ് വിഷുപ്പടേനി അഥവാ നിര്‍ത്തുപടേനി. ഇതിന് വലിയ പടേനിയെന്നും പേരുണ്ട്. ഏറ്റവും ഒടുവില്‍ മംഗളഭൈരവിത്താളം കൊട്ടിപ്പാടി കഴിഞ്ഞ് കോലങ്ങള്‍ പ്രദക്ഷിണം വച്ച് നാലുതാളങ്ങളില്‍ കൊട്ടിയാടുന്നതോടുകൂടി ചടങ്ങുകള്‍ അവസാനിക്കും.

ഗണപതി, കാലന്‍, യക്ഷി, പിശാച്, മാടന്‍, മറുത, ഭൈരവി, കാലാരി, കുതിര, പക്ഷി തുടങ്ങിയവരും മറുതക്കോലങ്ങളില്‍ കാലകേശി, നീലകേശി, കരിമറുത, പണ്ടാരമറുത, ഈശാന്തമറുത എന്നിവയും യക്ഷിക്കോലങ്ങളില്‍ അന്തര, സുന്ദര, അമ്പര, അരക്കി, മായ തുടങ്ങിയ കോലങ്ങളും ഉണ്ട്. ഏറ്റവും വലിയകോലം കാളിയുടെ പ്രതിരൂപമായ ഭൈരവിക്കോലമാണ്. കോലങ്ങള്‍ കവുങ്ങു പാളയും കുരുത്തോലയും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ചെത്തി മിനുക്കിയ പാളയില്‍ മഞ്ഞ, കറുപ്പ്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍കൊണ്ട് വരച്ചാണ് കോലമുണ്ടാക്കുന്നത്. തലയില്‍ കയറ്റിവയ്ക്കുന്നത് അഞ്ചാറു പേര്‍ കൂടിയാണ്. മനോദരിയുടെ കോലമാണ് മറുതക്കോലം. അഞ്ചുമുഖമുള്ള കോലമാണ് കാലന്‍ കോലം. ഏറ്റവും അവസാനമേറ്റുന്ന കോലം മംഗളകോലമാണ്.

പടയണി | PHOTO: WIKI COMMONS
10. കോലംകളി 

തൃശ്ശൂര്‍ ജില്ലയിലെ ചില ക്ഷേത്രങ്ങളില്‍ പറയ സമുദായങ്ങള്‍ അവതരിപ്പിക്കുന്ന അനുഷ്ഠാന നാടകമാണ് കോലംകളി. ഇതിലും കാളി-ദാരിക പുരാവൃത്തമാണ് ഇതിവൃത്തം. കുടിയിരുത്തപ്പെട്ട ദേവി പറയനെ വിളിച്ചുവരുത്തി ജീവിതകഥ പാടിക്കളിക്കുവാനുള്ള അവകാശം അവര്‍ക്ക് നല്‍കിയെന്നാണ് വിശ്വാസം. 

പ്രധാന കഥാപാത്രങ്ങള്‍ കാളിയും കൂളിയുമാണ്. മുക്കാന്‍ ചാത്തന്‍ എന്ന പേരിലാണ് ഹാസ്യകഥാപാത്രമായ കൂളി അറിയപ്പെടുന്നത്. വെള്ളമുണ്ട് ഞൊറിഞ്ഞുടുത്ത് മുകളില്‍ ചുവന്ന കച്ചകെട്ടി അരയില്‍ ചുവന്ന പട്ടയും കെട്ടി മാര്‍ത്താലി, ചെട്യാന്‍, ചെകറ്, വെഞ്ചീമ്പീലി തുടങ്ങിയ പരമ്പര്യ ആഭരണങ്ങളണിയുന്നു. തലയില്‍ മുളകൊണ്ടുള്ള തൊണ്ണൂറ്റാറ് കള്ളികള്‍ ഉള്ള കിരീടവുമുണ്ട്. വേഷമിട്ട് കഴിഞ്ഞ് നടത്തുന്ന ചടങ്ങാണ് തറ തീണ്ടല്‍. പാട്ടുകാരന്‍ മരത്തില്‍ കൊട്ടിയാണ് പാടുന്നത്. ഒപ്പം വേഷക്കാര്‍ ആടിക്കളിക്കുന്നു.

11. ദാരിക വധം 

പാലക്കാട് ജില്ലയിലെ പടിഞ്ഞാറ് പ്രദേശങ്ങളിലാണ് ഈ ചടങ്ങ് നടക്കുന്നത്. കാളിദാരിക പുരാവൃത്തം തന്നെയാണ് ദാരികാവധത്തിലുമുള്ളത്. വെളളമുണ്ട്, അരമണി, ചിലമ്പ്, കിരീടം, മെയ്യാഭരണങ്ങള്‍, ഓടുകൊണ്ടുള്ള മുലകള്‍ എന്നിവയാണ് കാളിയുടെ വേഷം. ഗദ, വാള്‍, കിരീടം, കിങ്ങിണികള്‍, കവച കുണ്ഡലങ്ങള്‍ എന്നിവയാണ് ദാരികന്റെ വേഷം. കൂടാതെ ശിവനും അരങ്ങത്ത് വരുന്നു. ഭദ്രകാളിക്കും ദാരികനും വേറെ കളങ്ങള്‍ എഴുതി കളംപൂജ പൂര്‍ത്തിയാകുമ്പോള്‍ രണ്ടുവേഷങ്ങളും രംഗത്ത് എത്തുന്നു. നൃത്തത്തിന്റെ അവസാനം യുദ്ധം നടക്കുന്നു, ഇടയ്ക്ക് ശിവന്‍ പ്രത്യക്ഷപ്പെട്ട് ദാരികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദാരികാ നിഗ്രഹത്തോടെ ചടങ്ങ് അവസാനിക്കുന്നു. ഉപയോഗിക്കുന്ന വാദ്യങ്ങള്‍ ചെണ്ടയും തപ്പും ഇലത്താളവുമാണ്.

12. പതിനെട്ടാം ബലി

മറ്റാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഇത്തരമൊരു ചടങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയത് മുടിയേറ്റ് കലാകാരനായ 8*കീഴില്ലം ഉണ്ണികൃഷ്ണനാണ്. മണ്ണാന്‍ (വേലന്‍) സമുദായത്തില്‍ പെട്ടവര്‍ നടത്തിയിരുന്നതും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിന്നുപോയതുമായ ഈ ചടങ്ങ് നടന്നിരുന്നത് പറവൂര്‍ കോട്ടുവള്ളിക്കാവിലാണ്. പഴയകാലത്ത് കോട്ടുവള്ളി തറവാട്ടുകാരാണ് ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്.
കുംഭഭരണി ദിവസം കലാകാരന്മാര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. അവിടെനിന്നും മുടിയും വാളും ഏറ്റുവാങ്ങുന്നു. തുടര്‍ന്ന് അടുത്തുള്ള പനക്കപ്പറമ്പ് എന്ന കാട്ടിലേക്ക് പോകുന്നു. അവിടെ നിന്നാണ് പതിനെട്ടാം ബലിയുടെ ചടങ്ങുകള്‍ തുടങ്ങുന്നത്. കാളി, ദാരികന്‍, ദാനവേന്ദ്രന്‍ എന്നിവര്‍ കൂടാതെ മറ്റൊരു കാളീ നാടക സങ്കേതങ്ങളിലും കാണാത്ത വടിയാള്‍ എന്ന ഒരു കഥാപാത്രം കൂടി പതിനെട്ടാം ബലിയില്‍ ഉണ്ട്. ഒപ്പം മേളക്കാരും പന്തം പിടിക്കുന്നവരും അകമ്പടി സേവിക്കുന്നു. കാളി-ദാരിക യുദ്ധത്തിനിടയില്‍ യുദ്ധം നിയന്ത്രിക്കുന്നയാളാണ് ആധുനിക ഓര്‍ക്കസ്ട്രയിലെ കണ്ടക്റ്ററെപോലെ കൈയില്‍ വടിയുമായി നില്‍ക്കുന്ന വടിയാള്‍ എന്ന കഥാപാത്രം. കാളിയും ദാരികനും ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നു. കാളിക്ക് കലി ബാധിക്കുമ്പോള്‍ വടിയാള്‍ ദാരികന്റെ കിരീടം എടുത്ത് കുരുതിക്കളത്തില്‍ ഇടുന്നു. കാളി ഈ കിരീടം വെട്ടിനുറുക്കുന്നു. വടിയാള്‍ കാളിയുടെ മുടി എടുത്ത് ആയുധം വാങ്ങി കലിശമിപ്പിക്കുന്നു. ഗുരുതിയോടുകൂടി ചടങ്ങുകള്‍ അവസാനിക്കുന്നു. ഈ കലാരൂപം അവസാനമായി അവതരിപ്പിച്ചത് പനക്ക പറമ്പില്‍ വൈദ്യനാണ്. അന്യംനിന്നുപോയ പതിനെട്ടാം ബലിയില്‍ കാളി വേഷത്തിന് ഉപയോഗിച്ചിരുന്ന കിരീടം കോട്ടുവള്ളിക്കാവ് ദേവസ്വത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

തീയാട്ട് | PHOTO: WIKI COMMONS
13. തീയാട്ട് 

കളമെഴുത്തും പാട്ടും കഴിഞ്ഞശേഷം അമ്പലവാസി സമുദായക്കാരായ തീയാട്ടുണ്ണിമാര്‍ കാളീവേഷം കെട്ടി രംഗത്തുവരുന്നു. മുടിയേറ്റിനെ അപേക്ഷിച്ച് ആംഗികാഭിനയത്തിന് തീയാട്ടില്‍ കുറച്ചുകൂടി പ്രാധാന്യമുണ്ട്. കത്തിച്ചുവച്ച വിളക്കിന് അഭിമുഖമായി നിന്ന് ശ്ലോകം ചൊല്ലി കൈമുദ്രകള്‍ കാട്ടി ദാരികവധം കഥ പറയുന്ന തീയാട്ട് കൂടിയാട്ടത്തിന്റെ പൂര്‍വരൂപമായി കണക്കാക്കാവുന്നതാണ്.
പടയണിയെപോലെ ഇതും മുടിയേറ്റിനു ശേഷമുള്ള ഭദ്രകാളിയുടെ പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ചടങ്ങാണ്. പന്തലിടിയില്‍ ഉച്ചപ്പാട്ട്, കളമെഴുത്ത്, വെച്ചൊരുക്ക്, സന്ധ്യക്കൊട്ട്, എതിരേല്‍പ്പ്, കളംപൂജ, തിരിയുഴിച്ചില്‍, കളംപാട്ട്, കളംമായ്ക്കല്‍, വേഷംകെട്ടല്‍, തീയാട്ട്, പന്തംഉഴിച്ചില്‍, മുടിയുഴിച്ചില്‍ എന്ന ക്രമത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്. മുടിയേറ്റിനെ അപേക്ഷിച്ചു തീയാട്ടില്‍ ഒട്ടുംതന്നെ പ്രേക്ഷക പങ്കാളിത്തമില്ല.

14. നിണബലി

മുടിയേറ്റിന്റെ രീതിയില്‍ അവതരിപ്പിക്കുന്ന അനുഷ്ഠാന നൃത്തനാടകമാണ് നിണബലി. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിലെ നാടന്‍ കലാവിഭാഗമാണ് അവഗണിക്കപ്പെട്ടു കിടന്ന നിണബലി എന്ന കലാരൂപത്തെ കൈപിടിച്ചുയര്‍ത്തിയത്. കണ്ണൂരുള്ള ഇ.കെ.രാമനും കുടുംബവുമാണ് ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിച്ചത്.

ബാധോച്ചാടനത്തിന്റെ ഭാഗമായി ദാരികാസുരവധം കഥയാണ് അരങ്ങേറുന്നത്. ബാധയൊഴിപ്പിക്കല്‍ കര്‍മം നടക്കുന്ന വീടുകളിലാണ് നിണബലി അനുഷ്ഠിക്കപ്പെടുന്നത്. ഇത് ശാക്തേയ ആരാധനയുടെ ഭാഗമാണ്. നിണബലി കൂടാതെ ഉച്ചബലി, മാടബലി, ശരകൂടബലി, രാവണബലി, കുക്കുടബലി, കുഴുബലി, ഈഞ്ചബലി തുടങ്ങിയ കര്‍മങ്ങള്‍ നിലവിലുണ്ട്.

മെഴുകി ശുദ്ധി വരുത്തിയ മുറ്റത്ത് പന്തലിട്ട് അലങ്കരിക്കും. പാലക്കൊമ്പും, കാഞ്ഞിരക്കൊമ്പും, കിഴക്കോട്ട് കുലയുമായി വാഴയും പന്തലിലെ തൂണുകളോടു ചേര്‍ത്തുകെട്ടിയിരിക്കും. നാക്കിലയില്‍ അവല്‍, മലര്‍, ശര്‍ക്കര, ഇളനീര്‍, തേന്‍, മദ്യം, തേങ്ങ തുടങ്ങിയ ഒരുക്കുകള്‍ വയ്ക്കും.

വീടിന്റെ മുന്നിലായി പിണിയാളിനെ ഇരുത്തി തുകലുഴിച്ചില്‍ എന്ന കര്‍മത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കും. മലയ സ്ത്രീകള്‍ ചെണ്ടയുടേയും, അരിപ്പറയുടേയും ഇലത്താളത്തിന്റേയും പശ്ചാത്തലത്തില്‍ പാടുന്ന പാട്ടാണ് ഇതിന്റെ പ്രത്യേകത. ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന തുകലുഴിച്ചില്‍ ഉണ്ടാകും.

വൈകുന്നേരമാണ് നിണബലി ആരംഭിക്കുന്നത്. അണിയറയ്ക്ക് അഭിമുഖമായി നിന്ന് വേഷക്കാരും, ചെണ്ടക്കാരും, പാട്ടുകാരും തൊഴുത് നമസ്‌കരിക്കും. ഈ ചടങ്ങ് ഗുരുപൂജ എന്നാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് ചെണ്ടയും, അരിപ്പറയും, ഇലത്താളവും ഉപയോഗിച്ച് നിണബലി ഉണ്ടെന്ന് കൊട്ടിയറിയിക്കുന്ന ചടങ്ങാണ്. ഈ സമയത്ത് ദാരികന്റെ നിണം പുരട്ടിയ ശരീരത്തില്‍ ചോളപ്പൊരി തേച്ചുപിടിപ്പിക്കാന്‍ തുടങ്ങും.

നിണബലി | PHOTO: WIKI COMMONS
വീക്കന്‍ ചെണ്ടയുടെ പശ്ചാത്തലത്തില്‍ അലര്‍ച്ചയോടെയാകും ദാരികന്റെ രംഗപ്രവേശം. തിരശ്ശീല മുന്നില്‍പിടിച്ച് ഇരുവശത്തും ആള്‍ക്കാരുമായാണ് ദാരികന്റെ വരവ്. ചെണ്ടയും, ഇലത്താളവും നിലയ്ക്കുന്നതോടെ തിരശ്ശീലമാറ്റി ദാരികന്‍ നിണബലി കളത്തിലേക്ക് പ്രത്യേക ചലനങ്ങളോടെ കടന്നുവരുന്നു. കൈയിലുള്ള പന്തം പീഠത്തില്‍ വച്ച് എല്ലാ ദിക്കിലേക്കും ദൃഷ്ടി പായിച്ചതിനുശേഷം ദാരികന്‍ പൂജ ആരംഭിക്കും. ചെണ്ടയും, അരിപ്പറയും, ഇലത്താളവും ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ദാരികന്‍ പിണിയാളുടെ ഭവനത്തിലേക്ക് മുന്‍വാതിലിലൂടെ ഓടിക്കയറുന്നു. പിന്നീട് തിരിച്ച് ക്രോധ ഭാവത്തോടെ തിരികെ കളത്തില്‍ വന്ന് ചില ചുവടുകളും, മുദ്രകളും കാണിച്ചതിനുശേഷം വീണ്ടും പൂജ തുടങ്ങും. ഏകദേശം അഞ്ചുമിനിറ്റ് നേരത്തെ പൂജയ്ക്കുശേഷം പൂര്‍വാധികം ശക്തിയോടെ ഭവനത്തിലേക്ക് തൊഴുത് എഴുന്നേറ്റു കഴിഞ്ഞാല്‍ പിന്നീടുള്ള ദാരികന്റെ ചലനങ്ങള്‍ കളരിമുറകളേയും, ചുവടുകളേയും അനുസ്മരിപ്പിക്കുന്ന രീതിയിലാണ്. ഓരോ ദിക്കിലേക്കും ചുവടുകള്‍ ചവുട്ടി മുദ്രകള്‍ കാണിച്ച് അട്ടഹസിച്ചുകൊണ്ട് മുദ്രകളിലൂടെ കാളിയെ പോരിനു വിളിക്കും. അട്ടഹസിക്കുമ്പോഴും, പോരുവിളിക്കുമ്പോഴും ദാരികന്റെ ദംഷ്ട്രകള്‍ പുറത്തേക്കുവരും. ഉദ്ദേശം ഒരു മണിക്കൂര്‍കൊണ്ടാണ് ദാരികന്റെ രംഗപ്രവേശം അവസാനിക്കുന്നത്.
 
ദാരികന്‍ അരങ്ങ് വിടുന്നതോടെയാണ് തിരശ്ശീലയ്ക്ക് പിന്നില്‍ കാളി രംഗത്തുവരുന്നത്. പതിഞ്ഞ ചലനത്തിലുള്ള തിരനോട്ടം ക്രമേണ രൗദ്രഭാവം കൈക്കൊള്ളും. വീക്കന്‍ ചെണ്ട മാത്രമാണ് ഈ സമയത്തുള്ള വാദ്യം. രംഗത്തു നിന്നും വീടിന് അകത്തേക്ക് ഓടിക്കയറുന്ന കാളിയുടെ പിന്നാലെ പിണിയാളുടെ പരികര്‍മിയും ഓടിക്കയറും. വീടിന് അകത്ത് കുലദേവതയെ വന്ദിച്ച് കലാശങ്ങളും, മുദ്രകളും കാണിച്ച് നിണബലി കളത്തിലേക്ക് കാളി മടങ്ങിവരും.

കാളി പതുക്കെ കളം വിടുന്നതോടെയാണ് ദാരികന്‍ വീണ്ടും രംഗത്തുവരുന്നത്. മേളം ഉയരുന്നതിന് അനുസരിച്ച് ദാരികന്‍ മുദ്രകള്‍ കാണിച്ച് അലറിവിളിക്കുന്നു. അതോടെ കാണികളുടെ ഇടയില്‍ നിന്നും വാളേന്തി കാളി രംഗത്തേക്ക് ചാടിവീഴുകയായി.

കാളിയെ കാണുന്നതോടെ അസുരന്‍ ശൗര്യത്തോടെ ചുവടുകള്‍ ചവിട്ടുന്ന മട്ടിലുള്ള അഭിനയമാണ്. ഇലത്താളത്തിന്റേയും, ചെണ്ടയുടേയും താളംമുറുകുന്നതിന് അനുസരിച്ച് കാളിയും, ദാരികനും അഭിമുഖമായി യുദ്ധച്ചുവടുകള്‍ വയ്ക്കുകയും ഇടവിട്ട് മുദ്രകള്‍ കാട്ടി പോരുവിളി നടത്തുകയും ചെയ്യും.

ഇതിനിടെ പെട്ടെന്ന് ദാരികന്‍ വാഴപ്പോളകൊണ്ട് ഉണ്ടാക്കിയ മാടത്തില്‍ മറയും. നാലു ദിക്കിലും അസുരനെ തെരയുന്ന കാളി ഏറെ തിരച്ചിലിനുശേഷം ഒടുവില്‍ ദാരികനെ കണ്ടുപിടിക്കും. വീണ്ടും യുദ്ധം ആരംഭിക്കുകയായി. ഭയന്നുവിറച്ച് ദാരികന്‍ കളംവിട്ട് പുറത്തേക്ക് ഓടുമ്പോള്‍ പിന്തുടര്‍ന്ന് കാളിയും പിറകെ ഓടിച്ചെല്ലുന്നു. ഈ ചടങ്ങ് 'പാഞ്ഞുപിടിത്തം' എന്നാണ് അറിയപ്പെടുന്നത്.

കാളി കാട്ടുവൃക്ഷ കൊമ്പുകള്‍ക്ക് ഇടയില്‍ ഒളിച്ചിരുന്ന ദാരികനെ പിടികൂടി രംഗത്തേക്കു വരുന്നതാണ് പിന്നീട്. കാളിയുടെ മുമ്പില്‍ താണുവീണ് മാപ്പ് അപേക്ഷിക്കുന്ന ദാരികനെ കാളി നിഷ്‌കരുണം ഭൂമിയില്‍ വീഴ്ത്തി വയര്‍ നഖംകൊണ്ട് പിളര്‍ന്ന് കുടല്‍മാലകള്‍ വാരി കഴുത്തില്‍ അണിഞ്ഞ് അട്ടഹസിച്ചുകൊണ്ട് ചുവടുകള്‍ വയ്ക്കുന്നതോടെ അവസാനിക്കുകയാണ് നിണബലി ചടങ്ങുകള്‍. മുന്‍ കാലങ്ങളില്‍ മണ്ണില്‍ കിടക്കുന്ന ദാരിക ശരീരത്തില്‍ കോടിപുതപ്പിക്കുന്ന ചടങ്ങും, തുടര്‍ന്ന് ദാരികന്‍ പുനര്‍ജനിക്കുന്ന ചടങ്ങും നിലനിന്നിരുന്നു. ഈ ചടങ്ങുകള്‍ 'കുഴിബലി' എന്നാണ് അറിയപ്പെട്ടിരുന്നത്.

ദാരിക വേഷത്തിന് അടി മുതല്‍ മുടിയോളം നിണം തേച്ച് പിടിപ്പിച്ചിരിക്കും. നിണം തേച്ച ശരീരത്തില്‍ ചോളപ്പൊരി വാരിവിതറും. മൂന്നുമീറ്റര്‍ നീളമുള്ള പരുത്തിത്തുണി തലയ്ക്കു പിറകിലൂടെ മുന്‍ഭാഗത്ത് കുടുമപോലെ കെട്ടിവയ്ക്കും. ഇതിലും നിണം തേച്ച് ചോളം പിടിപ്പിക്കും. വായില്‍ കൃത്രിമ ദംഷ്ട്രകള്‍ വച്ചാണ് ദാരികന്റെ വരവ്. ചോളപ്പൊരി വസൂരി ബാധയെ ആണ് സൂചിപ്പിക്കുന്നത്.

കാളിയുടെ രൂപം കഥകളിയിലെ സ്ത്രീ വേഷവുമായി സമാനത പുലര്‍ത്തുന്നുണ്ട്. കൊണ്ടകെട്ടി പട്ട് പിന്നിലേക്ക് താഴ്ത്തിയിട്ടിരിക്കുന്നത് കഥകളി വേഷവുമായി സാമ്യമുള്ള രീതിയിലാണ്. മനയോലയില്‍ ചായില്യം ചേര്‍ത്ത് മുഖത്ത് തേപ്പും, കുറിയും നടത്തും. കരിമഷികൊണ്ട് പുരികവും, കടക്കണ്ണും എഴുതി നെറ്റിയില്‍ രസമണികളും, കാതില്‍ പൊന്‍തകിടു മണിയും. പതക്കങ്ങളുള്ള കഴുത്താരത്തോടു കൂടിയ ചുവന്നകുപ്പായം ധരിച്ച് അതിനുമേലെ 'മൊലമാര്‍' എന്ന് വിളിക്കുന്ന മുലക്കുരളാരം ഇടും.

അരയില്‍ കാണികെട്ടി അതിന് മുകളില്‍ ചുവന്ന പട്ടുടുത്ത് പട്ടിനു മുകളിലായി ഉറുക്കും, പടിയും വശങ്ങളില്‍ കച്ചയും അണിയും. മുന്‍ഭാഗത്ത് ധരിക്കുന്ന മുന്‍നാക്കില്‍ സ്വര്‍ണവര്‍ണത്തില്‍ ഉള്ള തൊങ്ങലുകള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഇരുവശങ്ങളിലും തെയ്യത്തില്‍ കാണുന്നതുപോലെയുള്ള വാലും ദൃശ്യമാകും. കണങ്കാലില്‍ കണിക്കയലും, കാലില്‍ കവിടി കോര്‍ത്ത് ഉണ്ടാക്കുന്ന 'പറ്റും പാടവും', തോളില്‍ തണ്ട വളകളും, കൈയില്‍ 'ചമ്പടത്തണ്ടയും' കെട്ടി വാളും ഏന്തിയാണ് കാളി അരങ്ങില്‍ എത്തുക.

മുടിയെടുപ്പ് | PHOTO: WIKI COMMONS
15. മുടിയെടുപ്പ് 

മുടിയെടുപ്പ് കാര്‍ത്തികപ്പള്ളി താലൂക്കിലെ ചില ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഈഴവാത്തി വിഭാഗത്തില്‍പ്പെട്ട കലാകാരന്‍മാരാണ് അവതരിപ്പിക്കുന്നത്. കാളിവേഷം കെട്ടുന്നയാളെ മുടിപ്പണിക്കന്‍ എന്ന് വിളിക്കുന്നു. പാട്ടുപാടുന്നത് കണിയാന്‍ അഥവാ ഗണകന്‍ വിഭാഗത്തില്‍ പെട്ടവരാണ്. മുടിയെടുപ്പ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത് ചങ്ങനാശ്ശേരി വാഴപ്പിള്ളി കല്‍ക്കുളത്തുകാവിലാണ്. പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ നടന്നുവരുന്ന മുടിയെടുപ്പിലും കാളിയും ദാരികനും തന്നെയാണ് മുഖ്യകഥാപാത്രങ്ങള്‍. ചടങ്ങുകള്‍ വിപുലമാണ്. ഇതിവൃത്തം കാളിദാരിക യുദ്ധം തന്നെയാണ്. കല്‍ക്കുളത്തുകാവില്‍ കാളീവേഷം കെട്ടുന്നയാള്‍ മുടിയെടുപ്പിന് 41 ദിവസം മുന്‍പുതന്നെ വ്രതം നോക്കുന്നു. മുടിയെടുപ്പിനുള്ള പരിശീലനത്തിന് താളംചവിട്ട് എന്ന് പറയുന്നു. കാലത്തിനനുസരിച്ച് ചവിട്ടുന്ന പരിശീലന സമയത്ത് ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്. എലത്താളം, കരടിക, ശംഖ് എന്നിവയാണ് വാദ്യഉപകരണങ്ങള്‍.

മുടിയെടുപ്പ് തുടങ്ങുന്ന ദിവസം നാലു ദേശക്കാരെയും ശംഖുവിളിച്ച് വിവരമറിയിക്കുന്ന ചടങ്ങിന് പുറംകളം അറിയിക്കല്‍ എന്ന് പറയുന്നു. അതിനുശേഷം പതിവ് പൂജകള്‍ കഴിഞ്ഞ് ദേവിക്ക് മധു കൊണ്ടുവരുന്ന ചടങ്ങാണ്. പിന്നീടാണ് പാട്ടമ്പലത്തിലെ ഗുരുതി. അതിനുശേഷമാണ് ഭൈരവികൈളത്തില്‍ കുലവാഴ സ്ഥാപിക്കുന്ന ചടങ്ങ്. ഇങ്ങനെ സ്ഥാപിക്കുന്നതിനുള്ള കുലവാഴ പഞ്ചവാദ്യവും താലപ്പൊലിയും അകമ്പടിയായി അറുകൊലയുടെ പ്രതിനിധിക്കൊപ്പം കാവിലേക്ക് കൊണ്ടുവരുന്നു. കുലവാഴ സ്ഥാപിച്ചതിനുശേഷം മുടിയുടെ ഘോഷയാത്രയാണ്. ഈ ചടങ്ങില്‍ എല്ലാ കരക്കാരും പങ്കെടുക്കും. കരക്കാരുടെ അനുവാദത്തോടെ മുടിയില്‍ ദൃഷ്ടിയിടും. അതിനുശേഷമാണ് മുടി ശിരസ്സില്‍ ഏറ്റുന്ന ചടങ്ങ്. മുടിക്കൊപ്പം വാളും ഏറ്റുവാങ്ങി പ്രദക്ഷിണവും എഴുന്നള്ളിപ്പും നടത്തുന്നു. കാളീവേഷം അഥവാ ഭൈരവീവേഷം കെട്ടിയ ആളെ കുറുപ്പന്മാരും മറ്റുള്ളവരും ഭൂതഗണങ്ങള്‍ എന്ന സങ്കല്പത്തില്‍ അനുഗമിച്ചു എല്ലാവരും കൂടി കാവില്‍ എത്തിച്ചേരുന്നു.

പാട്ടമ്പലത്തില്‍ പത്മമിട്ട് പീഠത്തില്‍ മുടി ഇറക്കിവച്ച് മുടിയിലേക്ക് ആവാഹിച്ച് നടക്കും. മുടി പൂജയ്ക്കുശേഷം കളത്തില്‍ ഗുരുതി നടത്തുന്നു. കഥകളി വേഷത്തിന് അനുസ്മരിപ്പിക്കുന്ന വേഷമാണ് ഭൈരവിയുടേത്. പന്തങ്ങളില്‍ തെള്ളി എറിയുന്ന ആളുകളുടെ അകമ്പടിയും ആയി പുറപ്പാട് നടത്തുന്ന ഭൈരവിക്ക് താളം കരടിക വാദ്യമാണ്. ഗുരുതി കഴിയുമ്പോള്‍ കളത്തില്‍ നിറഞ്ഞു കിടക്കുന്ന അരത്തവെള്ളം കണ്ട് കലിയിളകുന്ന കാളി ഭൈരവികളത്തിലെ കൊലവാഴ ഒറ്റവെട്ടിന് മുറിക്കുന്നു. മുറിഞ്ഞാലും താഴെവീഴാതെ നില്‍ക്കുന്ന രീതിയിലാണ് വെട്ടുന്നത്. വാഴവെട്ടി
കോപാകുലയായി നില്‍ക്കുന്ന ഭൈരവിയുടെ കയ്യില്‍ നിന്നും വാള് പിടിച്ചു വാങ്ങുന്ന ചടങ്ങിന് കാവുകോതല്‍ എന്ന് പറയുന്നു.

ഭൈരവി കളത്തില്‍ നിന്നും നടയില്‍ വന്നു മുടി ശിരസ്സിലേറ്റി അമ്പലത്തിന് വലംവച്ച് തിരിച്ചു വീണ്ടും നടയില്‍ വരുന്നു. മുടിയെടുത്ത് പീഠത്തില്‍ വച്ചശേഷമാണ് പോരിനുവിളി നടക്കുന്നത്. പോര് വിളിക്കുന്നത് പിന്നണിക്കാരാണ്. യുദ്ധത്തിന്റെ അവസാനം ദാരികന്‍ ഓടി രക്ഷപ്പെടുന്നു. ശീവേലി പ്രദക്ഷിണ സമയത്ത് പിതാവായ മഹാദേവനെകണ്ട് ഭൈരവിയുടെ കോപം ശമിക്കുന്നു. എന്നാല്‍ വീണ്ടും കോപാകുലയായ കാളി ദാരികനെ അന്വേഷിച്ച് പുറപ്പെടുന്നു. തൊട്ടടുത്ത ചെങ്ങഴി മുറ്റത്തുമഠം ക്ഷേത്രത്തില്‍ എത്തി അനുഗ്രഹങ്ങള്‍ വാങ്ങി ഓരോ വീടും കയറി ഇറങ്ങി ഭക്തരെ അനുഗ്രഹിക്കും. പിറ്റേന്ന് കാവില്‍ തിരിച്ചെത്തുന്ന കാളി പീഠത്തിലെ ദാരിക ശിരസ്സുകണ്ട് കോപം ശമിക്കുന്നതോടെ ചടങ്ങുകള്‍ തീരുന്നു. മുടിയേറ്റ് പോലെ തന്നെ വരിക്കപ്ലാവിന്റെ കാതലില്‍ തീര്‍ത്ത മുടിയാണ് മുടിയെടുപ്പിനും ഉപയോഗിക്കുന്നത്. പത്തു പറ നെല്ലിന്റെ ഭാരത്തിനു തുല്യമായ മുടിയില്‍ ഭദ്രകാളി മുഖവും പാമ്പും കൊത്തിയിട്ടുണ്ടാവും.

16. കാളികെട്ട്

തൃശ്ശൂര്‍ ജില്ലയില്‍ പറയ സമുദായക്കാരുടെ ഇടയില്‍ പ്രചാരമുണ്ടായിരുന്ന ചടങ്ങാണ് കാളികെട്ട് കളമെഴുത്തും പാട്ടിനുശേഷം കരിങ്കാളി, മോഹിനി തുടങ്ങിയവര്‍ വെളിച്ചപ്പാടിനൊപ്പം അരങ്ങില്‍ വന്ന് മേളക്കാരുടെ മേളത്തിനൊപ്പം ചുവടുവയ്ക്കുന്നു. ചടങ്ങുകള്‍ക്ക് ഒടുക്കം കോഴിയെ അറുത്ത് കുരുതി നടത്തുന്നതോടുകൂടി ചടങ്ങ് അവസാനിക്കും.

17. വടയാര്‍ ആറ്റുവേല

കോട്ടയം ജില്ലയിലെ വൈക്കം ഇളങ്കാവ് ക്ഷേത്രത്തില്‍ നടത്തുന്ന ആറ്റുവേല വടയാര്‍ വേല എന്നറിയപ്പെടുന്നു. ആറ്റുവേലകടവില്‍ നിന്നും മൂവാറ്റുപുഴയാറിലൂടെ രണ്ടുകിലോമീറ്ററോളം ദൂരത്തിലാണ് വേല കടന്നുപോകുന്നത്. ദാരികന്റെ നിഗ്രഹശേഷം കാളി ദാരിക രാജധാനി ഇളക്കി കൊണ്ടുപോരുകയാണ് എന്നാണ് സങ്കല്പം. ഒപ്പം ഗരുഡന്മാരും അനുഗമിക്കും. മീനമാസത്തിലെ അശ്വതി നാളിലാണ് ചടങ്ങ് നടക്കുന്നത്. പുഴയിലൂടെ ഒഴുകിവരുന്ന ആറ്റുവേല ആട്ടില്‍ ഗരുഡന്മാരും മേളക്കാരും ഉണ്ടാവും. ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കം പുലര്‍ച്ചയാണ് നടക്കുന്നത്.

18. കരിങ്കാളി

കരിങ്കാളി കെട്ടിയാടുന്നത് തെക്കേ മലബാറിലുളള കാവുകളിലെ വേല പൂരം തുടങ്ങിയ ചടങ്ങുകളോടനുബന്ധിച്ചാണ്. പറയസമുദായത്തില്‍ പെട്ടവരാണ് വേഷംകെട്ടുന്നത്. വേഷം കെട്ടുന്നതിന് വ്രതം ആവശ്യമാണ്. ചെണ്ടയാണ് പ്രധാന പിന്നണി മേളം. കരിങ്കാളികള്‍ ക്ഷേത്രത്തില്‍ നിന്ന് അകലെ താല്കാലികമായി നിര്‍മിച്ച കുരുത്തോലമണ്ഡപത്തിലേക്കാണ് ചെല്ലുന്നത്. കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ളതാണ് ഉടയാട.

കാല്‍ ചിലമ്പ്, പള്ളിവാള്‍, കുരുത്തോലകൊണ്ടുള്ള ഗദ, പിച്ചളകൊണ്ട് ഉണ്ടാക്കിയ കൃത്രിമമുലകള്‍ തലയില്‍ കിരീടം എന്നിവയുണ്ട്. ചരടുകള്‍ കൊണ്ടുള്ള കൃത്രിമക്കണ്ണടയും കുരുത്തോല കൊണ്ടുള്ള കൃത്രിമമൂക്കും ഈ വേഷത്തിന്റെ പ്രത്യേകതയാണ്. കരിങ്കാളി കെട്ടിനോടനുബന്ധിച്ച് കോഴികളെ പരസ്യമായി ബലി നല്കിയിരുന്നു. മൂക്കുതലയിലെ കണ്ണേങ്കാവ് വേല പാലുവായിലെ കോതകുളങ്ങര വേലയും പ്രധാനമാണ്. 

കരിങ്കാളി | PHOTO: WIKI COMMONS
ഇവ കൂടാതെ ശ്രദ്ധയില്‍ പെടാതെ പോയിട്ടുള്ളതും ഏറെ ജനശ്രദ്ധ ആകര്‍ഷിക്കാത്തതും അന്യംനിന്നു പോയിട്ടുള്ളതുമായ കാളി നാടകങ്ങള്‍ ഉണ്ടാകാം. നിണബലി പോലെയുള്ള പല കലകളും യാദൃശ്ചികത കൊണ്ടുമാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. പതിനെട്ടാം ബലി പോലെയുള്ള കലാരൂപങ്ങള്‍ ഇനി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയില്ല എന്ന് കരുതാവുന്നതാണ്. ഇക്കാര്യത്തില്‍ അക്കാദമിക് തലത്തില്‍ കൂടുതലായി അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.

കേരളത്തില്‍ വൃക്ഷാരാധനയുടെയും, നാഗാരാധനയുടെയും, കാവുകളുടെയും ആവിര്‍ഭാവത്തെ തുടര്‍ന്ന് ഉദയം ചെയ്ത അമ്മ ദൈവസങ്കല്‍പ്പത്തിന്റെ ഒടുവിലത്തെ കണ്ണിയായ കാളീ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട് ഉണ്ടായി വന്ന പടയണി, കാളികെട്ട്, കാളിയൂട്ട്, കാളി ദാരികന്‍ തുടങ്ങിയ അനുഷ്ഠാന കലകളില്‍ പാരമ്പര്യ അനുഷ്ഠാന നാടകം എന്ന നിര്‍വചനത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന കാളീ നാടകരൂപമാണ് മുടിയേറ്റ്. ഒരര്‍ത്ഥത്തില്‍ കേരളീയ പാരമ്പര്യ കലകളുടെ ചരിത്രവഴിയില്‍ കൂടിയുള്ള പദയാത്രയാണ് മുടിയേറ്റിനെ കുറിച്ചുള്ള പഠനം.

മുടിയേറ്റില്‍ മുഖ്യ പ്രതിപാദ്യവിഷയമായി വരുന്നത് കാളീ ദാരിക യുദ്ധമാണ്. ആര്യ പുരാണങ്ങളിലൊന്നും ഉള്‍പ്പെടാതെ പോയ ദാരികന്‍ എന്ന അസുര കഥാപാത്രം കേരളത്തിലെ കാളീകഥകളില്‍ ഏറെ വ്യാപകമായി പ്രതിപാദിക്കപ്പെട്ടിട്ടുള്ളതാണ്. കേരളീയ ഹൈന്ദവ പാരമ്പര്യത്തില്‍പ്പെട്ട അനുഷ്ഠാന നാടകങ്ങള്‍ക്ക് പ്രചോദകമായി നിലനില്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പുരാവൃത്തം കാളീ നാടകമാണെന്ന് ഡോ ബി.രവികുമാറിനെ പോലെയുളളവര്‍ അഭിപ്രായപ്പെടുന്നു.

പ്രാദേശികമായ ചെറിയ ശൈലീ വ്യത്യാസങ്ങളോടു കൂടി കേരളത്തില്‍ വ്യാപകമായിട്ടുള്ള ദാരികവധംകഥ കാളി, ദാരികന്‍, ദാനവേന്ദ്രന്‍, ശിവന്‍, നാരദന്‍, കൂളി, കോയിമ്പടനായര്‍ എന്നീ കഥാപാത്രങ്ങളുടെ സഹായത്തോടെ ഏഴു രംഗങ്ങളായി പാഴൂര്‍, കൊരട്ടി തുടങ്ങിയ പ്രാദേശികമായ ശൈലീ വ്യതിയാനങ്ങളോടെ അവതരിപ്പിക്കുന്ന മുടിയേറ്റ് മറ്റ് അനുഷ്ഠാന രൂപങ്ങളില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഡോക്ടര്‍ ലാലിമോള്‍ കാളിനാടകങ്ങളെക്കുറിച്ചും വ്യത്യസ്തമായ ശൈലിയില്‍ മുടിയേറ്റ് നടത്തുന്ന ചന്ദനശ്ശേരികാവിലെ മുടിയേറ്റിനെകുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അനുഷ്ഠാനകല എന്ന നിര്‍വചനത്തില്‍ ഒതുങ്ങാത്ത അവതരണ ശൈലിയാണ് മുടിയേറ്റിന്. Ritualistic Dance ആയിട്ടാണ് പലരും മുടിയേറ്റിനെ കാണുന്നത്. ഡോ. എസ്‌കെ നായരെപ്പോലെ ചിലര്‍ അനുഷ്ഠാന നാടകമെന്നും വിശേഷിപ്പിച്ചു കാണുന്നുണ്ട്. പറണേറ്റ്, കാളിയൂട്ട്, മുടിയെടുപ്പ്, പടയണി തുടങ്ങിയ പ്രാചീന കലകളുടെയും കഥകളി, കൂടിയാട്ടം തുടങ്ങിയ ക്ലാസിക് കലകളുടെയും മധ്യത്തില്‍ നില്‍ക്കുന്ന മുടിയേറ്റ് സംഘകാല ദ്രാവിഡ സമ്പ്രദായങ്ങളില്‍ നിന്ന് ആര്യവല്‍ക്കരണം സംഭവിച്ച അനുഷ്ഠാന കലകളില്‍ അന്യംനില്‍ക്കാതെ പോയ അപൂര്‍വ ചാരുതയുള്ള കലാരൂപമാണ്.

കൂടിയാട്ടത്തിനുശേഷം യൂനസ്‌കോ മുടിയേറ്റിനെ, ആഗോളതലത്തില്‍ അന്യംനിന്നു പോകാന്‍ സാധ്യതയുള്ള കലാരൂപങ്ങളുടെ പൈതൃക പട്ടികയില്‍ പെടുത്തി. ലോക വ്യാപകമായി അന്യംനിന്ന് പോകാന്‍ സാധ്യതയുള്ളതും പാരമ്പര്യ രീതികള്‍ അനുവര്‍ത്തിച്ചു വരുന്നതുമായ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇങ്ങനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഈ നടപടി പലരും കരുതുന്നതുപോലെ ധനസഹായ പദ്ധതിയല്ല.

കഥകളി, കൂടിയാട്ടം തുടങ്ങിയ കലകള്‍ പല സംഗതികളും മുടിയേറ്റില്‍ നിന്ന് കടംകൊണ്ടിട്ടുള്ളതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്. തിരനോട്ടം, കത്തി, പച്ച വേഷങ്ങള്‍, പിന്നണിപ്പാട്ട്, മേളം ഉടുത്തു കെട്ട് തുടങ്ങി പല കാര്യങ്ങളിലും മുടിയേറ്റിന്റെ സ്വാധീനം വ്യക്തമാണ്. ഇന്ന് കഥകളിയില്‍ വന്ന പല സംഗതികളും മുടിയേറ്റ് കലാകാരന്മാര്‍ അനുകരിക്കുന്നു എന്ന ആക്ഷേപമുണ്ട്.

ചിത്രവടിവ്, ശില്പ വടിവ്, ഭൂതവടിവ് എന്നീ ഘടകങ്ങള്‍ ചേര്‍ന്ന കേരളീയ സൗന്ദര്യ സങ്കല്പത്തിന്റെ കൊടി അടയാളമായി മുടിയേറ്റിനെ ഡോ. സിആര്‍ രാജഗോപാലനെ പോലെയുള്ളവര്‍ കാണുന്നു. കളമെഴുത്ത് (ചിത്രം) അണിയലം (ശില്പം) കോലം (ഭൂതം) എന്നീ മൂന്ന് സങ്കല്പങ്ങളുടെ സജീവമായ രംഗാവതരണം മുടിയേറ്റില്‍ കാണാം.

ക്ലാസിക് കലകളായി കണക്കാക്കപ്പെടുന്ന കൂടിയാട്ടത്തിനും, കൂത്തിനും, കഥകളിക്കും മുന്‍പുതന്നെ ഉണ്ടായിരുന്നതും എന്നാല്‍ ദ്രാവിഡ സത്ത ഉള്‍കൊള്ളുന്ന തിറ, തെയ്യം തുടങ്ങിയ കലാരൂപങ്ങളുടെ അവസാനഘട്ടത്തില്‍ വികസിച്ചു വന്നതുമായ അനുഷ്ഠാന രൂപമാണ് മുടിയേറ്റ്. കേരളത്തില്‍ ഇന്ന് കാണുന്ന പല ക്ലാസിക് കലാരൂപങ്ങളുടെയും ആദിമരൂപമാണ് മുടിയേറ്റ്. കാളിനാടകങ്ങളില്‍ ഏറ്റവും ഉച്ചമായ രൂപം ദര്‍ശിക്കാനാവുന്നത് മുടിയേറ്റിലാണ്.

റെഫറന്‍സ്:

1. സാറാ കാഡ് വെല്‍; Oh terrifying mother.Sexuality, Violence and Worship of the Goddess Kali.
2. ഡോ.സി.ആര്‍ രാജഗോപാലന്‍; മുടിയേറ്റ് നാടോടി നേരരങ്ങ്, അസന്റ് പബ്‌ളിക്കേഷന്‍സ് കോട്ടയം.
3. എ.കെ. നമ്പ്യാര്‍; അവതാരിക. മുടിയേറ്റ് ആചാരവും അനുഷ്ഠാനവും. (വി.എന്‍ നാരായണക്കുറുപ്പ്, കിഴക്കേ വാരണാട്ട് മുടിയേറ്റ് കലാസംഘ, കൊരട്ടി)
4. ഡോ. ചുമ്മാര്‍ ചൂണ്ടല്‍; മുടിയേറ്റ്. (നാടോടി നാടക പഠനം) കേരള ഫോക് ലോര്‍ അക്കാദമി, തൃശൂര്‍
5.എം ജി ശശിഭൂഷണ്‍; കേരളത്തിലെ ദേവതാ സങ്കല്‍പ്പങ്ങള്‍, ഡിസി ബുക്ക്‌സ്,കോട്ടയം.
6. ബി.രവികുമാര്‍; കാളീ നാടക പുരാവൃത്താധിഷ്ഠിതമായ രംഗാവതരണങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം .
7.പത്മകുമാര്‍, ഷീജ; ശാര്‍ക്കര കാളിയൂട്ട്, ചരിത്രവും ഐതിഹ്യവും, സന്നിധാനം, പു. 28 ലക്കം 7 മാര്‍ച്ച് 2009.
8. ഡോ.ബി.രവികുമാര്‍; അനുഷ്ഠാന കല രംഗാവതരണങ്ങളും ഫോക് ലോറും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
9 കീഴില്ലം ഉണ്ണികൃഷ്ണന്‍; നാമാവശേഷമാകുന്ന നാടന്‍ കലകള്‍, ബ്ലൂ മാംഗോ ബുക്‌സ്
10.ഡോ.ബി.രവികുമാര്‍; കാളീ നാടക പുരാവൃത്താധിഷ്ഠിതമായ രംഗാവതരണങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
11. എംവി .വിഷ്ണു നമ്പൂതിരി; ഫോക്ലോര്‍ നിഘണ്ടു, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
12. ചേലനാട്ട് അച്യുതമേനോന്‍; കേരളത്തിലെ കാളി സേവ, മദ്രാസ് യൂണിവേഴ്‌സിറ്റി മദ്രാസ്.
13. ഗുണ്ടര്‍ട്ട്; ഗുണ്ടര്‍ട്ട് നിഘണ്ടു, ഡി.സി ബുക്‌സ്, കോട്ടയം.
14. ഡോ. എസ് ലാലി മോള്‍; ചന്ദന ശ്ശേരിക്കാവിലെ മുടിയേറ്റ്, പി.എച്ച് ഡി തിസീസ്, മഹാത്മാ ഗാന്ധി സര്‍വകലാശാല, കോട്ടയം.
15. ഡോ.എസ് കെ നായര്‍; കേരളത്തിലെ നാടോടി നാടകങ്ങള്‍, മദിരാശി സര്‍വകലാശാല, മദ്രാസ്.

Leave a comment