.jpg)
ആര്‍എസ്എസ് മേധാവി 'വോക്ക്' ബുജിയായി മാറുമ്പോള്‍
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍എസ്എസ്) മേധാവി മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രഭാഷണം ദേശീയ മാധ്യമങ്ങളെന്നു സ്വയം മനി നടിക്കുന്നവയിലും, കേരളത്തിലെ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായില്ല. അമിത് ഷാ-അംബേദ്ക്കര്‍ വിവാദത്തിലും, പാര്‍ലമെന്റ് വളപ്പില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തല്ലുമാലയിലും സര്‍സംഗ്ചാലകിന്റെ വെളിപാടുകള്‍ മുങ്ങിപ്പോയെന്നാണ് അനുമാനിക്കാനാവുക. ബാബ്റി മസ്ജിദ് പൊളിച്ചടുക്കി രാമക്ഷേത്രം നിര്‍മ്മിച്ചത് ഒരു കീഴ്വഴക്കമായി സ്വീകരിക്കാനാവില്ലെന്നു മാത്രമല്ല, അയോധ്യ മാതൃക മറ്റിടങ്ങളില്‍ ആവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ഭഗവത് പറഞ്ഞതിന്റെ രത്നച്ചുരുക്കം. പൂനയില്‍ നടന്ന ഒരു പ്രഭാഷണ പരമ്പരയില്‍ വ്യാഴാഴ്ച്ച (ഡിസംബര്‍ 19, 2024) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ വിശ്വഗുരുവായി ഉയരേണ്ടതിന്റെ ആവശ്യകതയായിരുന്നു ആര്‍എസ്എസ് മേധാവിയുടെ പ്രഭാഷണ വിഷയം. പ്രഭാഷണത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നതോടെ ഭഗവത് അങ്ങനെ പറയുമോയെന്നു മൂക്കത്തു വിരല്‍വയ്ക്കുന്നവര്‍ സംഘ പരിവാറിന്റെ സ്ഥിരം വിമര്‍ശകരോ, 'കപട മതേതര'വാദികളോ' അല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അവരാരും ഇക്കാര്യം ഇതുവരെ അറിഞ്ഞതായി നടിച്ചിട്ടില്ല.
മാധ്യമ പ്രവര്‍ത്തകനായ ശേഖര്‍ ഗുപ്തയുടെ അഭിപ്രായത്തില്‍ ഭഗവതിന്റെ വീക്ഷണങ്ങള്‍ക്ക് എതിരായ പ്രതികരണങ്ങള്‍ പരിവാരത്തിനുള്ളില്‍ നിന്നാണ് വന്നിട്ടുള്ളത്. അതിലേക്ക് കടക്കുന്നതിനു മുമ്പ് ഭഗവതിന്റെ പ്രഭാഷണത്തിലെ പ്രധാന വാദങ്ങള്‍ എന്താണെന്ന് പരിശോധിക്കാം. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ മറ്റുള്ള സ്ഥലങ്ങളില്‍ വിദ്വേഷങ്ങളും, തര്‍ക്കങ്ങളും സൃഷ്ടിക്കുന്നതിനോട് യോജിപ്പില്ലെന്നു മാത്രമല്ല അത്തരമൊരു നിലപാടിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന സമീപനങ്ങളാണ് അദ്ദേഹം മുന്നോട്ടു വച്ചത്. അമ്പലം-പള്ളി എന്ന കുറ്റിയില്‍ ചുറ്റിത്തിരിഞ്ഞതുകൊണ്ട് ആര്‍ക്കും ഹിന്ദു നേതാവാകന്‍ പറ്റില്ലെന്ന സന്ദേശം ആര്‍എസ്എസ് മേധാവി മുന്നോട്ടു വച്ചതായി ശേഖര്‍ ഗുപ്ത വ്യാഖ്യാനിക്കുന്നു. `ക്ഷേത്രനെറുകയില്‍ വന്നിരുന്നതുകൊണ്ടു മാത്രം കാക്ക കഴുകാനാവില്ലെന്ന' അദ്ദേഹത്തിന്റെ വിലയിരുത്തല്‍ നല്‍കുന്ന സന്ദേശം അതാണെന്നാണ് ഗുപ്തയുടെ അഭിപ്രായം.മോഹന്‍ ഭഗവത് | PHOTO : WIKI COMMONS
പഴയ സംശയങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതും, ശത്രുത സൃഷ്ടിക്കുന്നതുമായ എല്ലാറ്റിനെയും വര്‍ജ്ജിക്കുന്ന ഒരു ചെറിയ പരീക്ഷണം ഇന്ത്യ നടത്തണം. നമുക്കെല്ലാവര്‍ക്കും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന ചെറിയ പരീക്ഷണം ലോകത്തിനെ ബോധ്യപ്പെടുത്തണം. അത് ലോകത്തിനോട് തെളിയിക്കുമ്പോഴാണ് നാം സ്വാഭാവികമായും വിശ്വഗുരു ആയിത്തീരുക', ഭഗവത് പറയുന്നു. മാത്രമല്ല. 'നാനാത്വത്തില്‍ ഏകത്വമെന്നായിരുന്നു നമ്മള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ നാനാത്വമാണ് നമ്മുടെ ഐക്യമെന്ന് നാം വിശ്വസിക്കാന്‍ തുടങ്ങണം'. ഇന്ത്യയിലെ മുസ്ലീം ഭരണകാലത്തെ പരാമര്‍ശിക്കവെ ഹിന്ദു-മുസ്ലീം ജനതകള്‍ തമ്മിലുള്ള സ്വാംശീകരണത്തിന്റെ പ്രക്രിയ ഇല്ലാതായത് ഔറംഗസീബിന്റെ വരവോടെയാണന്ന നിഗമനം മുന്നോട്ടുവച്ച അദ്ദേഹം വളരെ വിശദമായ വിലയിരുത്തലുകള്‍ നടത്തിയതായി ഗുപ്ത രേഖപ്പെടുത്തുന്നു. ഒരു മൗലാനയും, ഒരു സന്ന്യാസിയും ചേര്‍ന്ന് 1857-ല്‍ രാമജന്മ ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചുവെന്നു മാത്രമല്ല ഗോവധം അവസാനിപ്പിക്കുവാനും തീരുമാനമായി. അതില്‍ വിറളി പൂണ്ട ബ്രട്ടീഷ് ഭരണാധികാരികള്‍ നമ്മളെ വീണ്ടും ഭിന്നിപ്പിച്ചു.`അതാണ് പാകിസ്ഥാന്റെ സൃഷ്ടിയില്‍ എത്തിയത്. ഒരിക്കല്‍ കൂടി സമാനമായ കുഴപ്പമുണ്ടാക്കാന്‍ ആരെയും നമുക്ക് അനുവദിക്കാനാവില്ല, എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഒറ്റനോട്ടത്തില്‍ ഏതെങ്കിലും വോക്ക് (Woke) ബുദ്ധിജീവിയുടേതാണ് ഈ വാക്കുകളെന്നു സംശയിച്ചേക്കും. ഇന്ത്യയിലടക്കം ലോകമെമ്പാടുമുള്ള വലതുപക്ഷത്തിന്റെ പദകോശത്തിലെ ഇപ്പോഴത്തെ ഏറ്റവും പ്രചാരമേറിയ ശകാര വാക്കാണല്ലോ വോക്ക്. ജോര്‍ജ് സോറോസില്‍ നിന്നും ഫണ്ട് വാങ്ങുന്നവര്‍ എന്നുകൂടി പറഞ്ഞാല്‍ കൃത്യമായി! പക്ഷെ മോഹന്‍ ഭഗവതിന്റെ വാക്കുകളാണ് മേല്‍പ്പറഞ്ഞവ.
ഭഗവതിന്റെ അഭിപ്രായങ്ങള്‍ സംഘബന്ധുക്കള്‍ക്ക് തീരെ പിടിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാവുന്നതെന്ന് ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ആര്‍എസ്എസ് മേധാവി അത്തും പിത്തും പറയുന്ന അവസ്ഥയിലായെന്നതു മുതല്‍ മൊത്തം ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വരെ പോകുന്നു സംഘബന്ധുക്കളുടെ പ്രതികരണങ്ങള്‍. ആര്‍എസ്എസ് മേധാവി പറഞ്ഞതുകൊണ്ടു മാത്രം അമ്പല-പള്ളി തര്‍ക്കങ്ങള്‍ ജനങ്ങള്‍ അവസാനിപ്പിക്കില്ലെന്നും 'വിവിധ മുസ്ലീം ഭരണകാലങ്ങളില്‍ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക്` പകരമായി നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചിലര്‍ അവകാശപ്പെട്ടു.ശേഖര്‍ ഗുപ്ത | PHOTO : WIKI COMMONS
ഭഗവത് ലിബറലിസത്തിന്റെ കാണാപ്പുറങ്ങള്‍
ഇത്രയും 'ലിബറലായി' ഭഗവത് സംസാരിക്കുന്നതിനുള്ള കാരണം എന്താണെന്ന ചോദ്യം സ്വാഭാവികമാണ്. ഡല്‍ഹിയിലെ അധികാര രാഷ്ട്രീയത്തിന്റെ ഗതിവിഗതികളില്‍ പരിണിതപ്രജ്ഞനായ ഗുപ്ത ഇക്കാര്യത്തില്‍ ഒരു മറുചോദ്യം ഉന്നയിക്കുന്നു. എത്ര സംബലുകളാണ് ഇന്ത്യക്കു മാത്രമല്ല ബിജെപി സര്‍ക്കാരിനും താങ്ങാനാവുക. ഉത്തര്‍പ്രദേശിലെ സംബലെന്ന പട്ടണത്തിലെ ജുമാമസ്ജിദ് ഹിന്ദു അമ്പലം കയ്യേറി നിര്‍മ്മിച്ചതാണെന്ന ആക്ഷേപം ഖനനം നടത്തി പരിശോധിക്കുന്നതിന് പ്രാദേശിക കോടതി അനുമതി നല്‍കിയതും അതിനെ തുടര്‍ന്ന് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷവും അടുത്തകാലത്ത് വാര്‍ത്തയായിരുന്നു. അജ്മീറിലെ സുപ്രസിദ്ധമായ സൂഫി ദര്‍ഗയും അമ്പലം പൊളിച്ചുണ്ടാക്കിയതാണെന്ന അവകാശവാദങ്ങളും അടുത്തിടെ ഉയര്‍ന്നു. ഉത്തര്‍ പ്രദേശിലും, രാജസ്ഥാനിലും സമാനമായ നിരവധി അവകാശവാദങ്ങള്‍ ഉയരുന്നതും പ്രദേശിക കോടതികള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഉത്തരവുകള്‍ നല്‍കുന്നതും നിത്യസംഭവമായ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് മേധാവിയുടെ പ്രഭാഷണത്തെ വിലയിരുത്താനാവുക. 1991-ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമായ ഈ നടപടികള്‍ സുപ്രീം കോടതി താല്‍ക്കാലികമായി തടയുകയും, ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്റെ പരിഗണനയിലാണ് 91-ലെ നിയമത്തിന്റെ സാധുതയെന്ന കാര്യവും ഭഗവതിന്റെ പ്രഭാഷണത്തെ ശ്രദ്ധേയമാക്കുന്നു.
കോടതിക്കുള്ള ഒരു സൂചനയായും അതിനെ കണക്കാക്കുന്നതിനൊപ്പം രാജ്യത്തുടനീളമുള്ള മുസ്ലീം-ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ അമ്പലങ്ങള്‍ കയ്യേറി നിര്‍മ്മിച്ചതാണെന്ന ലക്കും ലഗാനുമില്ലാത്ത ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പുറപ്പെട്ടാല്‍ ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങളും, സാമൂഹ്യ പ്രത്യാഘാതങ്ങളും ഒരു സര്‍ക്കാരിനും താങ്ങാനാവുന്നതല്ല. ബിജെപിയുടെ ഭരണം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത മറ്റാരെക്കാളും നന്നായി അറിയാവുന്ന ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു സാഹചര്യം അഭിലഷണീയമല്ലെന്നും അതൊഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഭഗവതിന്റെ പ്രഭാഷണമെന്നുമുള്ള ഗുപ്തയുടെ നിഗമനം കൂടുതല്‍ സൂക്ഷമമായ വിലയിരുത്തലുകള്‍ ആവശ്യപ്പെടുന്നു. പോയകാലത്തെ തെറ്റുകളെ നിയമത്തെ ഉപയോഗിച്ച് 'ശരിയാക്കാന്‍' കച്ചകെട്ടിയിറങ്ങിയ പുതിയ തരത്തിലുള്ള ഹിന്ദുത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനവും കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്നു. പാര്‍ട്ടി ഓഫീസുകളുടെ ചുമരുകള്‍ക്കുള്ളില്‍ നിന്നും തെരുവിലേക്ക് ഇറങ്ങുന്ന ഇക്കൂട്ടര്‍ പ്രാദേശിക മാധ്യമങ്ങളും, യൂട്യൂബ് ചാനലുകളും, സോഷ്യല്‍ മീഡിയകളും ആയുധമാക്കി പ്രാദേശിക കോടതികളെ സമീപിക്കുന്നുവെന്നും, മുഖ്യധാര ചാനലുകള്‍ അത് പിന്നീട് ഏറ്റെടുക്കുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. പക്ഷെ, ഇത്തരമൊരു പ്രവര്‍ത്തനരീതി പുതുതല്ലെന്നതാണ് പ്രശ്നം. തെരുവുകളും, മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നതിലുള്ള അസാധാരണമായ വൈഭവം രാമജന്മ ഭൂമി പ്രക്ഷോഭം മുതല്‍ ഹിന്ദുത്വത്തിന്റെ മുതല്‍ക്കൂട്ടാണ്. ഓഡിയോ കാസറ്റുകളും, വീഡിയോ ടേപ്പുകളും യൂട്യൂബിനും, സോഷ്യല്‍ മീഡിയക്കും വഴിമാറിയതൊഴിച്ചാല്‍ ഹിന്ദുത്വത്തിന്റെ ടെംപ്ലേറ്റുകളില്‍ വലിയ പുതുമയൊന്നും കാണാനാവില്ല. അതേ സമയം, ആര്‍എസ്എസ് മേധാവിയോടു പോലും അസഹിഷ്ണുത പുലര്‍ത്തുന്ന ഹിന്ദുത്വം രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഭീതിദമാണ്.നരേന്ദ്ര മോഡി | PHOTO : WIKI COMMONS
ആര്‍എസ്എസിനെ നോക്കുകുത്തിയാക്കുന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവം പടര്‍ന്നു പന്തലിച്ചതില്‍ സര്‍സംഗ്ചാലകടക്കമുള്ള സംഘ നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നുവെന്നും അതിന്റെ പ്രതിഫലനം 2024-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നുവെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലും ഭഗവതിന്റെ അഭിപ്രായങ്ങളെ കാണാനാവും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ ചില നിര്‍ണ്ണായക സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ലോകസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നിരുന്നുവെന്ന വാര്‍ത്തകള്‍ മേല്‍പ്പറഞ്ഞ നീരസത്തിന്റെ ഫലമായിരുന്നുവെന്ന വിലയിരുത്തലുകളും കുറവല്ല. ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം ഭഗവത് നടത്തിയ പല പ്രസ്താവനകളും മോഡിയുടെ അമാനുഷിക പരിവേഷത്തെ തള്ളിക്കളയുന്നതായിരുന്നു. ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അതിന്റെ പ്രതിഫലനം ഏതാണ്ട് വ്യക്തമായിരുന്നു. പ്രത്യേകിച്ചും ഹരിയാന, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മോഡിയുടെ അപ്രമാദിത്വത്തിന്റെ ആടയാഭാരണങ്ങളെല്ലാം അഴിച്ചുമാറ്റുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പു പ്രചാരണങ്ങളാണ് അരങ്ങേറിയത്. പോസ്റ്റ്-മോഡി രാഷ്ട്രീയത്തിന്റെ ചേരുവകള്‍ പരീക്ഷിക്കുവാന്‍ ആര്‍എസ്എസ് തുടക്കമിട്ടുവെന്ന ശക്തമായ സൂചനകളായിരുന്നു മേല്‍പ്പറഞ്ഞ തിരഞ്ഞെടുപ്പുകള്‍.
പോസ്റ്റ്-മോഡി രാഷ്ട്രീയത്തിന്റെ ദിശയിലേക്കുള്ള മാറ്റൊരു ചുവടുവയ്പ്പായി ഭഗവതിന്റെ പൂന പ്രഭാഷണത്തെ കാണാനാവും. വിശ്വഗുരു എന്നത് ഇന്ത്യയെന്ന ആശയമാണെന്ന സന്ദേശത്തിലൂടെ മോഡിക്ക് നേരെ മറ്റൊരു ഒളിയമ്പും അദ്ദേഹം തൊടുക്കുന്നു. മോഡിയുടെ ആരാധകര്‍ വിശ്വഗുരുവിന്റെ പദവിയില്‍ അദ്ദേഹത്തെ വളരെക്കാലമായി പ്രതിഷ്ഠിക്കുന്ന കാര്യം ആര്‍എസ്എസ് മേധാവി അറിയാതിരിക്കില്ലെന്നു പറയേണ്ടതില്ലല്ലോ. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭരണ നീതീകരണത്തിനുള്ള ആശയപരമായ അടിത്തറയൊരുക്കുന്ന പരിവാരത്തിനുള്ളിലെ വിവിധ അധികാര ബ്ലോക്കുകള്‍ക്കിടയിലുള്ള വൈരുദ്ധ്യങ്ങളുടെ ആവിഷ്‌ക്കാരമായി ഭഗവതിന്റെ വെളിപാടുകളെ പരിശോധിക്കുന്നതായിരിക്കും വരാനിരിക്കുന്ന നാളുകളിലെ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ മനസ്സിലാക്കുവാന്‍ കൂടുതല്‍ പ്രയോജനകരമാവുക.
(ഭഗവതിന്റെ പ്രഭാഷണത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ക്ക് ശേഖര്‍ ഗുപ്തയുടെ ഡിസംബര്‍ 21-ലെ ദി പ്രിന്റിലെ കോളത്തിനോട് കടപ്പാട്)