
സിപിഎം വിരുദ്ധതയുടെ പുതിയ കോൺഗ്രസ് മുഖം
'കേരളം പോലൊരിടത്ത് ഹിന്ദുവിനും, മുസ്ലീംമിനും, ക്രിസ്ത്യാനിക്കും പരസ്പരം ഉപരോധിച്ച് ജീവിക്കാൻ കഴിയില്ല എന്ന് സമൂഹമാധ്യമത്തിൽ എഴുതിയതിന് പാർട്ടിയിൽ നിന്നും അച്ചടക്ക നടപടി നേരിട്ടവനാണ് ഞാൻ'. കോൺഗ്രസിൽ ചേർന്ന് കൊണ്ട് സന്ദീപ് വാര്യർ പറഞ്ഞ വാചകമാണിത്. കോൺഗ്രസ് പോലൊരു ലിബറൽ ജനാധിപത്യ പാർട്ടിയിൽ ചേരുമ്പോൾ എന്താണ് പറയേണ്ടതെന്ന് സന്ദീപ് വാര്യർക്ക് നന്നായി അറിയാം. സന്ദീപ് വാര്യർക്ക് യോജിക്കുന്ന പാർട്ടി കോൺഗ്രസ് തന്നെയാണ്. കാരണം സിപിഎമ്മിനെപ്പോലെ അസ്തിത്വ പ്രതിസന്ധി നേരിടുന്ന പാർട്ടിയല്ല അത്. കോൺഗ്രസിൽ നിന്നുകൊണ്ട് തന്നെ നിങ്ങൾക്ക് പലതായി മാറാം. എൻഎസ്എസിലോ, എസ്എൻഡിപിയിലോ, വാര്യർ സമാജത്തിലോ നേതാക്കളാകാം. യുക്തിവാദിയാകാം. സ്വന്തമായി ക്ഷേത്രങ്ങൾ നടത്താം. പള്ളിക്കമ്മിറ്റികളുടെ ഭാരവാഹികളാകാം. ജുമാ പ്രാർത്ഥനക്ക് നേതൃത്വം കൊടുക്കാം. നിങ്ങൾ എന്താണോ അതായി തന്നെ കോൺഗ്രസിൽ തുടരാം. ഒരു പക്ഷെ ലോകത്ത് ഒരു രാഷ്ട്രീയ പാർട്ടിയിലും ഇത്തരമൊരു സാധ്യത തുറന്നുകിടക്കുന്നില്ല. കോൺഗ്രസ് അധ്യക്ഷനായിരുന്ന മദൻമോഹൻമാളവ്യ ഹിന്ദുമഹാസഭയുടെയും അധ്യക്ഷനായിരുന്നു. കേരളാ ഗാന്ധി എന്ന പരനാമധേയത്തിൽ അറിയപ്പെടുന്ന കെ കേളപ്പൻ ആണ് നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്. അതുകൊണ്ടുതന്നെ സന്ദീപ് വാര്യർക്ക് യാതൊരു മനസാക്ഷികുത്തുമില്ലാതെ കോൺഗ്രസിൽ തുടരാം പ്രവർത്തിക്കാം, നാളെ വേണമെങ്കിൽ എംഎൽഎയോ മന്ത്രിയോ ആകാം.
കോൺഗ്രസിലൊരു ബിജെപിക്കാരനായി തുടരാനും വാര്യർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രായോഗികമതിയായിരുന്ന നേതാവായിരുന്നു പി പി മുകുന്ദൻ. അദ്ദേഹമൊരിക്കലും കേരളത്തിലൊരു ബിജെപി ഭരണം സ്വപ്‌നം കണ്ടിരുന്നില്ല. അതൊരു അനാവശ്യ സങ്കൽപ്പമാണെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതിനുപകരം എല്ലാ പാർട്ടിയിലും ബിജെപിക്കാരെ ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ കോൺഗ്രസിലും സിപിഎമ്മിലുമൊക്കെ സംഘപരിവാറുകാരുണ്ടായി. എന്തിന് മുസ്‌ലിം ലീഗ് നേതാവിന്റെ സ്‌കൂൾ പോലും ആർഎസ്എസിന്റെ ക്യാമ്പ് നടത്താൻ അദ്ദേഹം വാങ്ങിക്കുമായിരുന്നു. കായംകുളത്തെ ശാഖയിലെ മുഖ്യശിക്ഷകായിരുന്ന പതിനഞ്ചുകാരൻ പീന്നീട് വളർന്നു വലുതായി സിപിഎം പൊളിറ്റ്ബ്യുറോ അംഗമായ എസ് രാമചന്ദ്രൻപിള്ളയായി മാറിയതും നമുക്കറിയാമല്ലോ. 'ആർഎസ്എസ് മൈൻഡ് സെറ്റ്' കേരളത്തിൽ ആരുടെയും കുത്തകയല്ലന്നർത്ഥം.
സന്ദീപ് വാര്യർ | PHOTO: WIKI COMMONS
കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എന്നതായിരുന്നു കഴിഞ്ഞ് മൂന്ന് നാല് വർഷമായുള്ള കേരളത്തിലെയും രാജ്യത്തെയും ട്രെൻഡ്. കോൺഗ്രസ് നേതാക്കളായ ജി രാമൻനായർ, കോൺഗ്രസ് ബുദ്ധിജീവികളിൽ പ്രമുഖനും മുൻ വിസിയും മുൻ പിഎസ്എസി ചെയർമാനുമായ ഡോ. കെ എസ് രാധാകൃഷ്ണൻ, തമ്പാനൂർ സതീശിനെപ്പോലുള്ള ചില പ്രമുഖ പ്രാദേശിക നേതാക്കൾ ഇവരൊക്കെയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയത്. എന്നാൽ ബിജെപിയിൽ നിന്നും വിടപറയുന്ന നേതാക്കൾ സിപിഎമ്മിലേക്കാണ് പൊതുവെ ചേക്കാറാറുള്ളത്. ഒ കെ വാസുവിനെപ്പോലുള്ള നേതാക്കൾ ബിജെപി വിട്ടു സിപിഎമ്മിലെത്തിയതോടെ ഉയർന്ന പദവികളിൽ അവരോധിക്കപ്പെടുകയും ചെയ്തു.
സന്ദീപ് വാര്യർ കോൺഗ്രസിലെത്തുന്നത് കൊണ്ട് എന്താണ് ആ പാർട്ടിക്കുള്ള രാഷ്ട്രീയം നേട്ടം? എം വി രാഘവനെ കരുണാകരൻ നന്നായി ഉപയോഗിച്ചത് പോലെ സന്ദീപ് വാര്യരെ ഉപയോഗിക്കാൻ സതീശനും സുധാകരനും കഴിഞ്ഞാൽ കോൺഗ്രസിന് ഈ വരവ് വലിയൊരു രാഷ്ട്രീയ നേട്ടം തന്നെയായിരിക്കും. കാരണം പിണറായി വിജയനും, ബിജെപിക്കും കേരളത്തിലെ കോൺഗ്രസിന്റെ കാര്യത്തിൽ സമാനമായ അജണ്ടയാണുള്ളത്. പ്രതിപക്ഷത്ത് കോൺഗ്രസിന് പകരം ബിജെപിയെ അവരോധിക്കുക എന്ന തന്ത്രമാണ് 2016 മുതൽ പിണറായി സ്വീകരിച്ചുവരുന്നത്. ഇതു കൃത്യമായ അടവുനയം തന്നെയായിരുന്നു. ശബരിമല വിഷയം കത്തിനിൽക്കുമ്പോൾ അന്നത്തെ ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞില്ലേ, ' നമ്മളും അവരും മാത്രമാകുന്ന' ആ സുവർണ്ണാകാലത്തേക്കുറിച്ച്. അതു ബിജെപിയുടെ മാത്രം സ്വപ്‌നമായിരുന്നില്ല. സിപിഎമ്മും ആ സുവർണ്ണകാലം ഉള്ളിൽ താലോലിച്ചിരുന്നു.
REPRESENTATIVE IMAGE | WIKI COMMONS
സിപിഎം വിട്ടു പുറത്തുവന്ന എം വി രാഘവൻ വളരെക്കാലം അവർക്ക് തലവേദനയായിരുന്നു. ഏതാണ്ട് അതേ അവസ്ഥയാണ് സന്ദീപ് വാര്യറിലൂടെ ബിജെപിക്കുണ്ടാവാൻ പോവുക. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സിപിഎമ്മിനും ബിജെപിക്കുമെതിരെയുള്ള മികച്ച ആയുധമാണ് സന്ദീപ് വാര്യർ. ഇനി സന്ദീപിന്റെ വാക്കുകളും പ്രസംഗങ്ങളും ' കരിവന്നൂർ- കൊടകര' സഖ്യത്തെ തുറന്ന് കാട്ടാൻ വേണ്ടിയായിരിക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിനറിയാം. ഇത്രയും നാൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ബിജെപി-സിപിഎം ബന്ധം തുറന്ന് കാണിക്കുക എന്നത് രാഷ്ട്രീയമായി വളരെ ക്ലേശകരമായിരുന്നു. ഇനി സന്ദീപ് വാര്യറിലൂടെ വിശ്വസനീയവും ആധികാരികവുമായി അവർക്ക് അതെക്കുറിച്ച് പ്രചാരണം നടത്താം. അതിനുള്ള അസ്ത്രങ്ങൾ ആവനാഴിയിൽ നിറച്ചാണ് സന്ദീപ് വാര്യർ ബിജെപിയിൽ നിന്നറിങ്ങിയത്.
സിപിഎമ്മിൽ നിന്നും പുറത്തായ എം വി രാഘവനെ സംരക്ഷിക്കാൻ കോൺഗ്രസ് എന്നുവച്ചാൽ കെ കരുണാകരൻ അക്കാലത്ത് എടുത്ത തീരുമാനം കേരളരാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി. അത്രയും വരില്ലെങ്കിലും സിപിഎമ്മിനും ബിജെപിക്കുമെതിരെയുള്ള നല്ലൊരായുധമായി സന്ദീപ് വാര്യരെ ഉപയോഗിക്കാൻ കോൺഗ്രസിന് കഴിയും. നീണ്ട പത്തുവർഷം അധികാരത്തിനു പുറത്തായത് കോൺഗ്രസിനെ ചില വീണ്ടുവിചാരങ്ങൾക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. സിപിഎം വിരുദ്ധത കോൺഗ്രസ് യുഡിഎഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. മുസ്‌ലീം ലീഗ് പോലും തങ്ങളുടെ പഴയ സ്‌നേഹ പ്രകടനങ്ങളൊക്കെ മാറ്റിവച്ച് സിപിഎം വിരുദ്ധരായി മാറിക്കഴിഞ്ഞു. അതുകൊണ്ട് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം കേരളത്തിലെ സിപിഎം വിരുദ്ധ രാഷ്ട്രീയത്തിന് പുതിയ മുഖം നൽകുമെന്നുറപ്പാണ്. സിപിഎമ്മിന്റെ ബിജെപി വിരുദ്ധത വെറും തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് കഴിഞ്ഞാൽ അത് ആ പാർട്ടിക്ക് നൽകുന്നത് വലിയ ആത്മവിശ്വാസമായിരിക്കും. പി വി അൻവർ തുടങ്ങിവച്ചത് സന്ദീപ് വാര്യറിലൂടെ പൂർത്തിയാവുകയാണെങ്കിൽ കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും ഇനി ശുക്രദശയായിരിക്കും.


