.jpg)
മോഡി യുഗത്തിനു ശേഷമുള്ള രാഷ്ട്രീയത്തിന്റെ അടവുകളും തന്ത്രങ്ങളുമായി സംഘപരിവാർ
നരേന്ദ്ര മോഡിയും, അദ്ദേഹത്തിന്റെ ഹനുമാനായ അമിത് ഷായിലും മാത്രമായി രാഷ്ട്രീയത്തെ കേന്ദ്രീകരിക്കുന്ന തിരഞ്ഞെടുപ്പു തന്ത്രത്തില്‍ നിന്നും ബിജെപിയും, സംഘപരിവാരവും വഴിമാറുന്നതിന്റെ വ്യക്തമായ സൂചനയാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം. ഒക്ടോബറില്‍ നടന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലും അതിന്റെ സൂചനകള്‍ ലഭ്യമായിരുന്നുവെങ്കിലും മഹാരാഷ്ട്രയില്‍ അത് കുറച്ചുകൂടി വ്യക്തമായ നിലയില്‍ പ്രകടമായി.
സംഘപരിവാരത്തിനുള്ളിലെ വിവിധ അധികാര ബ്ലോക്കുകള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പരസ്‌പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെ ഒതുക്കിതീര്‍ക്കുന്നതിന്റെ ഉദാഹരണമായും ഈ മാറ്റത്തെ കാണാനാവും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഈ വൈരുദ്ധ്യം പ്രകടമാവുന്നതിന്റെ ചില സൂചനകള്‍ ലഭിച്ചിരുന്നു. സംഘപരിവാരത്തിന്റെ ഭ്രമണകേന്ദ്രമായ ആര്‍എസ്‌എസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അത്ര സജീവമല്ലെന്ന റിപ്പോര്‍ട്ടുകള്‍ അതിന്റെ ഭാഗമായിരുന്നു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ഈ നിസ്സംഗത ഏറ്റവുമധികം പ്രകടമായിരുന്ന പ്രദേശങ്ങളെന്നതും ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വിശ്വസ്‌തനായ അമിത് ഷായും പാര്‍ട്ടിയുടെയും, ഭരണത്തിന്റെയും എല്ലാ തലങ്ങളിലും തങ്ങളുടെ അപ്രമാദിത്വം സ്ഥാപിച്ചുവെന്ന അടക്കം പറച്ചിലുകളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വേണ്ടതുപോലെ സജീവമല്ലെന്ന വാര്‍ത്തകള്‍ വന്നത്. ബിജെപി സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള ഒന്നായി മാറിയെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി അധ്യക്ഷനായ ജെപി നദ്ദ അഭിപ്രായപ്പെട്ടതും മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ക്ക് വിശ്വാസത്യ നല്‍കി. ലോക സഭ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതോടെ കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമായി. ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത് ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ പല അഭിപ്രായങ്ങളും മോഡിയെ ചുറ്റിപ്പറ്റിയുള്ള ബിംബാരാധനയെ വിമര്‍ശിക്കുന്നതായിരുന്നു.നരേന്ദ്ര മോഡി | PHOTO: WIKI COMMONS
ഹരിയാന മുതല്‍ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരെ നല്‍കുന്ന സന്ദേശം മോഡിയെന്ന ഏകധ്രുവ ലോകത്തില്‍ മാത്രമായി കേന്ദ്രീകരിക്കുന്ന രാഷ്ട്രീയത്തില്‍ നിന്നും സംഘപരിവാരം വഴി മാറുന്നുവെന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പോസ്‌റ്റ് -മോഡി രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള യാത്രക്ക് ആര്‍എസ്‌എസ് തുടക്കമിട്ടു. മഹാരാഷ്ട്രയിലെ നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സജീവമായതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ അതിന്റെ ലക്ഷണമാണ്.
ശിവസേനയെ പിന്നിലാക്കി 132 എംഎല്‍എ മാരുമായി മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയെന്ന സ്ഥാനം നേടുന്ന തരത്തിലുള്ള വിജയം കൈവരിച്ചതോടെ മഹാരാഷ്ട്രയിലെ പ്രധാനകക്ഷിയായി ബിജെപി മാറി. ഇരു ശിവസേനകളും ചേര്‍ന്നാലും 77 എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ അര്‍ത്ഥം മോഡി പ്രഭാവം ഇല്ലാതായെന്നോ, മോഡിയെ ഒതുക്കി മൂലക്കിരുത്തുമോ എന്നല്ല. മോഡി എന്ന ഒറ്റ വ്യക്തിയില്‍ മാത്രമായി തങ്ങളുടെ രാഷ്ട്രീയത്തെ കേന്ദ്രീകരിക്കുന്ന പ്രവണതയ്ക്ക് സംഘപരിവാരത്തിനുള്ളില്‍ നിന്നു തന്നെ മാറ്റം വരുന്നുവെന്നതാണ് കാതലായ കാര്യം.
മോഡിയെ മുന്നില്‍ നിര്‍ത്തിയുള്ള കണ്ണഞ്ചിക്കുന്ന റോഡ് ഷോകളും, മറ്റുള്ള പ്രചാരണ കോലഹലങ്ങളും മഹാരാഷ്ട്രയില്‍ താരതമ്യേന കുറവായിരുന്നു. എങ്കിലും മഹാരാഷ്ട്രയിലെ വോട്ടര്‍മാരില്‍ അഞ്ചില്‍ ഒരാള്‍ മോഡിയാണ് തങ്ങള്‍ ബിജെപി-ശിവസേന-എന്‍സിപി (അജിത് പവാര്‍) ചേര്‍ന്ന മഹായുതി സഖ്യത്തെ പിന്തുണക്കുന്നതിനുള്ള കാരണമെന്ന് സിഎസ്‌ഡിഎസ്-ലോകനീതി സര്‍വേ വെളിപ്പെടുത്തുന്നു. അതായത് എഴുതിത്തള്ളാവുന്ന ഒരു വ്യക്തിത്വമല്ല മോഡി. സംഘപരിവാരത്തെ സംബന്ധിച്ചിടത്തോളം ഈ തിരിച്ചറിവ് നിര്‍ണ്ണായകമാണ്. ഉള്ളിലുള്ള വൈരുദ്ധ്യങ്ങള്‍ വളരെ ഭംഗിയായും, ഗോപ്യമായും ഒതുക്കി വയ്‌ക്കുന്നത് ഒരു കലയാക്കി മാറ്റിയ സംഘടനാപാടവം കൈമുതലായ ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യം ആരും പഠിപ്പിക്കേണ്ടതില്ല. ലോക സഭ തിരഞ്ഞെടുപ്പില്‍ മോഡി-ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തെ ഫലപ്രദമായി പിടിച്ചുകെട്ടുകയും അതേ സമയം അതൊരു സ്ഥായിയായ രാഷ്ട്രീയ തിരിച്ചടിയായി മാറാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുകയെന്ന വെല്ലുവിളിയാണ് ആര്‍എസ്‌എസ് അഭിമുഖീകരിക്കുന്നത്. മോഡി യുഗത്തില്‍ നിന്നുള്ള ഈ പരിവര്‍ത്തനഘട്ടത്തെ നേരിടുന്നതിനുള്ള അടവുകളും, തന്ത്രങ്ങളും ആവിഷ്‌ക്കരിക്കുന്നതിന് സംഘപരിവാരം തുടക്കമിട്ടതിന്റെ ഉദാഹരണങ്ങളായി ഹരിയാന മുതല്‍ മഹാരാഷ്ട്ര വരെയുള്ള തിരഞ്ഞെടുപ്പുകളെ വീക്ഷിക്കാനാവും.നരേന്ദ്ര മോഡിയും അമിത് ഷായും | PHOTO: FACEBOOK
ഈയൊരു വീക്ഷണം പൊതുവായി പങ്കു വയ്‌ക്കുമ്പോഴും മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന-എന്‍സിപി (അജിത് പവാര്‍) ചേര്‍ന്ന മഹായുതി സഖ്യം കൈവരിച്ച ഭൂരിപക്ഷം അപ്രതീക്ഷിതമായിരുന്നു. ശരദ് പവാറിന്റെ എന്‍സിപിയും, കോണ്‍ഗ്രസ്സും, ഉദ്ധവ് താക്കറെയുടെ ശിവസേനയും ചേര്‍ന്ന മഹാ വികാസ് അഘാടി (എംവിഎ) സഖ്യവും, മഹായുതി സഖ്യവും തമ്മില്‍ കടുത്ത മത്സരമായിരിക്കുമെന്ന വിലയിരുത്തലുകളെ നിഷ്‌പ്രഭമാക്കുന്ന തരത്തിലായിരുന്നു മഹായുതിയുടെ വിജയം. ഈ വിജയത്തിന്റെ സൂക്ഷ്‌മതലത്തിലുള്ള വിശകലനങ്ങള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ വെളിപ്പെടും. പക്ഷെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മഹായുതി സഖ്യം തിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം മേഖലകളിലും മേല്‍ക്കൈ പുലര്‍ത്തിയെന്നു കാണാവുന്നതാണ്. ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, ക്ഷേമ പദ്ധതികള്‍, സഖ്യത്തിന്റെ കെട്ടുറപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം മഹായുതി സഖ്യം എംവിഎ മുന്നണിയെക്കാള്‍ മുന്നിലായിരുന്നുവെന്ന കാര്യം സിഎസ്‌ഡിഎസ്-ലോകനീതി സര്‍വെ വെളിപ്പെടുത്തുന്നു.
ദര്‍ശന്‍ മോണ്‍ഡികറെ പോലുള്ള പ്രഖ്യാപിത മോഡി വിരുദ്ധര്‍ ഇക്കാര്യങ്ങള്‍ നേരത്തെ പങ്കു വച്ചിരുന്നു. ഒക്ടോബര്‍ 10-ന് പങ്കു വച്ച ഒരു പോസ്‌റ്റില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയിരുന്നു. ശരദ് പവാര്‍ ഒഴികെ മുന്നണിയിലെ മറ്റുള്ള ഘടകകക്ഷികള്‍ ഒക്ടോബര്‍ രണ്ടാം വാരത്തിലും ഏറെക്കൂറെ നിഷ്‌ക്രിയരായ നിലയിലായിരുന്നു വെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.REPRESENTATIVE IMAGE | WIKI COMMONS
മഹാരാഷ്ട്ര ഫലം വന്നയുടനെ തിരഞ്ഞെടുപ്പു കമ്മീഷനെയും വോട്ടിംഗ് മെഷിനെയും കുറിച്ചുള്ള സംശയങ്ങള്‍ വീണ്ടും സജീവമായിട്ടുണ്ട്. വോട്ടിംഗ് ശതമാനത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനയാണ് ഇപ്പോള്‍ ഏറ്റവുമധികം പ്രചാരം നേടുന്ന ഒരു വാര്‍ത്ത. പോളിംഗ് അവസാനിച്ച നവംബര്‍ 20-ന് അഞ്ചു മണിക്ക് പോളിംഗ്
58.22 ശതമാനമായിരുന്നു. അന്നേ ദിവസം രാത്രി 11.30 ഓടെ പോളിംഗ് 65.02 ശതമാനമായി ഉയര്‍ന്നു. വോട്ടെണ്ണല്‍ ദിവസത്തോടെ പോളിംഗ് ഉയര്‍ന്ന് 66.05 ശതമാനമായി ഉയര്‍ന്നു. അതായത് വൈകുന്നേരം 5 മണിക്ക് രേഖപ്പെടുത്തിയതില്‍ നിന്നും 7.83 ശതമാനം വര്‍ദ്ധന. ഇത് അസ്വാഭാവികമാണെന്നു വിലയിരുത്തുകയാണ് പറക്കാല പ്രഭാകറിനെ പോലെയുള്ള രാഷ്ട്രീയ നിരീക്ഷകര്‍. തിരഞ്ഞെടുപ്പില്‍ സംഭവിക്കാനിടയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള ഇത്തരം സംശയങ്ങള്‍ ചില ഗൂഢാലോചന സിദ്ധാന്തങ്ങളുടെ തലത്തിലല്ലാതെ ഇതുവരെ വളര്‍ന്നിട്ടില്ലെന്ന വസ്‌തുതയെ അവഗണിക്കാനാവില്ല. അത്തരമൊരു വീക്ഷണത്തില്‍ നോക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ നേരിട്ട പരാജയത്തെ രാഷ്ട്രീയമായി വിലയിരുത്തേണ്ടി വരും.
സംഘപരിവാര്‍ രാഷ്ട്രീയത്തിനുള്ള ഫലപ്രദമായ ബദല്‍ എന്ന നിലയില്‍ ഇന്ത്യ മുന്നണി എത്രത്തോളം ഉരുത്തിരിഞ്ഞുവെന്ന ചോദ്യമാണ് അപ്പോള്‍ നാം അഭിമുഖീകരിക്കുക. ഇന്ത്യ മുന്നണി നേരിടുന്ന സുപ്രധാന ചോദ്യവും അതാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം തേടലാകും ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയപ്രസക്തിയെ നിര്‍ണ്ണയിക്കുക. മോഡി-കേന്ദ്രിത രാഷ്ട്രീയത്തില്‍ നിന്നും സംഘപരിവാരം വിടുതല്‍ നേടുമ്പോഴും ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയം മോഡിയില്‍ മാത്രമായി കേന്ദ്രീകരിക്കുന്നതിന്റെ ദൗര്‍ബല്യങ്ങള്‍ ഹരിയാന മുതല്‍ മഹാരാഷ്ട്ര വരെയുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രകടമായിരുന്നുവെന്ന നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഈ ചോദ്യത്തിനുള്ള ഉത്തരം തേടലും.